Sunday 20 October 2013

ജനസമ്പർക്കം ജനാധിപത്യവിരുദ്ധമാണ്...

രാഷ്ട്രീയക്കാരുടേയും ഭരണാധികാരികളുടേയും മനസിലുള്ള തമ്പ്രാൻ വാഴ്ചയുടെ അവശേഷിപ്പുകളാണ് ജനസമ്പർക്കമെന്ന പൊറാട്ടുനാടകത്തിലൂടെ അരങ്ങേറുന്നത്... ജനസമ്പർക്കത്തിന്റെ തിരക്കഥയും സംവിധാനവും ഉമ്മൻ ചാണ്ടിയുടെ കരവിരുതാണെങ്കിലും, ഇതേ നാടകങ്ങൾ എല്ലാ വേദികളിലും തകർത്താടുന്നതാണ് നിലവിലെ നമ്മുടെ രാഷ്ട്രീയം... പോലിസ് സ്റ്റേഷൻ മുതൽ സെക്രട്ടറിയേറ്റ് വരെ സ്വാധീനം ചെലുത്തുന്നവർക്കാണല്ലോ രാഷ്ട്രീയത്തിലെ ജനകീയത... സർക്കാർ ആപ്പീസുകളിൽ നിന്ന് അവകാശമായി ലഭിക്കേണ്ട കാര്യങ്ങൾ നടത്തി കിട്ടുന്നതിന് നേതാവിന്റെ ശുപാർശ കത്തിനായി അല്ലെങ്കിൽ ഒരു ഫോൺ വിളിക്കായി നേതാക്കളുടെ വീട്ടുപടിക്കലെത്തുന്ന ജനക്കൂട്ടത്തെ ഔദ്യോഗികമായി വിളിച്ചുചേർത്ത് പ്രശ്നങ്ങളൊക്കെ പരിഹരിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിൽ കവിഞ്ഞ് ജനസമ്പർക്കത്തിനെന്ത് പ്രാധാന്യമാണുള്ളത്... അല്ലെങ്കിലെന്ത് ന്യൂനതയാണുള്ളത്...

എന്ത് വില്ലേജാപ്പിസർ സർട്ടിഫിക്കറ്റ് തരുന്നില്ലേ... 
ഇല്ല സാറെ... കുറെയായി നടക്കുന്നെ...
എങ്കിൽ നമുക്ക് എം.എൽ.എ യെ കണ്ട് പരാതി ബോധിച്ചേക്കാം...
അങ്ങനെ കക്ഷത്ത് ഡയറിയുമായി വരുന്ന ചോട്ടാ നേതാവിന്റെ കൂടെ എം.എൽ.എ. യേയോ മന്ത്രിയേയോ കണ്ട് പ്രശ്നം പരിഹരിക്കുന്നതാണ്... നമ്മുടെ നാട്ടിലെ "രാഷ്ട്രീയപരിഹാരങ്ങൾ"...
പരിഹരിച്ച് കിട്ടിയവന് ഈ എം.എൽ.എ തമ്പ്രാനും ഡയറിക്കാരൻ കാര്യസ്ഥനുമാണ്... പരിഹരിക്കുന്നതിന് പലപ്പോഴും കൃത്യമായ നിരക്കുകളുമുണ്ട്... അത് വൻകിടസേവനങ്ങൾക്ക്... ചെറുകിട സേവനങ്ങൾ സൗജന്യമാണ്... ജനസേവകനെന്ന ഖ്യാതി തൊപ്പിയിലണിയിച്ച് കിട്ടുകയും ചെയ്യും...  അത്തരം സൗജന്യസേവനങ്ങളുടെ കുത്തകവത്‌ക്കരണമാണ് ജനസമ്പർക്കം... അതിൽക്കൂടുതൽ അഭിനന്ദിക്കാനോ ചീത്തവിളിക്കാനോ ജനസമ്പർക്കത്തിൽ എന്തെങ്കിലുമുള്ളതായി എനിക്ക് തോന്നുന്നില്ല...

പണ്ടൊരു ടി.വി പരിപാടിയുണ്ടായിരുന്നു... ഹിറ്റായതാണ്... ജനസമ്പർക്കം പോലെ മെഗാഹിറ്റൊന്നുമായിട്ടില്ല... കോമഡിയിൽ മുക്കി നായനാരുടെ ഫോൺ ഇൻ പരിപാടി... നായനാരുടെ ഹാസ്യത്തിന്റെ മേമ്പൊടിയുള്ളതുകൊണ്ട് ടി.വി.ക്കാർക്കും പ്രേക്ഷകരെ കിട്ടിയിരുന്നു... അത്തരം പരാതി പരിഹാര ലൊട്ടുലൊടുക്ക് പണി ഹൈജാക്ക് ചെയ്ത് ലക്ഷങ്ങൾ മുടക്കി ഉമ്മൻ ചാണ്ടി വലിയ തമ്പ്രാനാകുന്ന കെട്ടുകാഴ്ച്ചയാണ് ജനസമ്പർക്കം... 

നാട്ടാരുടെ ജീവൽമരണ പ്രശ്നങ്ങളൊക്കെ മുഖ്യമന്ത്രിയുടെ ജനസമ്പർക്കത്തിലൂടെ മാത്രമെ പരിഹരിക്കാനാകൂയെന്നയവസ്ഥ ജനാധിപത്യത്തിന് ഗുണകരമല്ല... പ്രശ്നങ്ങൾ പരിഹരിച്ച് കിട്ടാനായി ജനസമ്പർക്കമെങ്കിൽ ജനസമ്പർക്കം എന്ന നിലയിലെത്തുന്ന സാധാരണക്കാർക്ക് ഒരു കച്ചിതുരുമ്പ്... അവരുടെ മുന്നിൽ രാഷ്ട്രീയമായി ശരിയും തെറ്റും... കക്ഷിരാഷ്ട്രീയ വിഴുപ്പലക്കുകളും വില പോകില്ലല്ലോ... അതുകൊണ്ട് തന്നെ അവരെ കുറ്റപ്പെടുത്തുകയോ നിരുൽസാഹപ്പെടുത്തുകയോ ചെയ്യുന്നില്ല...  

അതേ സമയം എന്തുകൊണ്ട് ജനസമ്പർക്കത്തിലേക്ക് ജനം ഇടിച്ചുകയറുന്നു... അതിന് പരിഹാരമുണ്ടാക്കേണ്ട മുഖ്യമന്ത്രി അത്തരം വിഷയങ്ങളിൽ ശ്രദ്ധിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്... ജനസമ്പർക്കത്തിൽ ലഭിക്കുന്ന പരാതികൾ പരിഹരിക്കേണ്ട അധികാരികൾ ഇന്നുവരെ എന്തുചെയ്യുകയായിരുന്നു, ഇപ്പോഴും എന്തു ചെയ്യുന്നു...അവർക്കെതിരെ നടപടികളുണ്ടോ? ചില പരാതികൾക്കടിസ്ഥാനമായ വിഷയത്തിൽ നിയമങ്ങളിലും ചട്ടങ്ങളിലും വ്യക്തതയുണ്ടാകില്ല... അതിന് ഭരണതലത്തിൽ വ്യക്തത വരുത്തുകയെന്ന ഗുണപരമായ മാറ്റവും ഉണ്ടാക്കണം... വളരെക്കാലമായി വില്ലേജ് തലത്തിൽ പരിഹരിക്കാതെ  കെട്ടികിടക്കുന്ന വിഷയങ്ങളുടെ പട്ടിക  തഹസിൽദാർക്ക് വില്ലേജാപ്പിസർ എത്തിക്കണമെന്ന നിയമമാണ് ഉണ്ടാകേണ്ടത്... അവിടേയും പരിഹരിക്കാൻ പറ്റിയില്ലെങ്കിൽ, ജില്ലാ കളക്‌ടർക്ക് തഹസിൽദാർ കാരണസഹിതം ബോധിപ്പിക്കണം... അങ്ങനെ ഉന്നതങ്ങളിലേക്കെത്തുന്ന ഒരു ഭരണവ്യവസ്ഥയുണ്ടാക്കുകയാണ് ജനകീയനായ മുഖ്യമന്ത്രി ചെയ്യേണ്ടത്... ഭരണത്തിന്റെ താഴെ തട്ടിൽ ലഭിക്കുന്ന ഒരു അപേക്ഷ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് തീർപ്പ് കൽപ്പിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാകണം... അപേക്ഷ നൽകി ജനം വീട്ടിലിരുന്നാൽ മതിയെന്ന അവസ്ഥയാണ് ജനകീയജനാധിപത്യത്തിന്റെ ലക്ഷണം... ആ ലക്ഷണമൊന്നും കാണുന്നുമില്ല...

അണിയറയിൽ നടന്നിരുന്ന ജനസേവനങ്ങളുടെ കച്ചിതുരുമ്പുകൾ ഒരു ബ്രാൻഡ് നെയിമിൽ വില്പനക്ക് വെച്ചതാണ് ജനസമ്പർക്കം... ജനാധിപത്യവിരുദ്ധമാണെങ്കിലും... ഒരു കാര്യത്തിൽ ആശ്വാസമുണ്ട്... അണിയറയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകാത്തവർക്ക് ജനസമ്പർക്കത്തിലൂടെയെങ്കിലും നടന്നാലോ... അല്ല ബിരിയാണി കിട്ടിയാലോ...