Sunday, 8 January 2012

അടിയന്തിരാവസ്ഥയിലെ കൂട്ടുപ്രതികൾ...

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 352 പ്രകാരം മൂന്ന് അടിയന്തിരാവസ്ഥകൾ പ്രഖ്യാപിച്ചിട്ടുണ്ട്... ഇന്ത്യ-ചൈന യുദ്ധസമയത്തും ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്തും... പിന്നെ 1975 ൽ ആഭ്യന്തരപ്രശ്നങ്ങളുടെ പേരിൽ ഇന്ദിരാഗാന്ധി മന്ത്രിസഭയുടെ ശുപാർശയിൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ 1977 വരെ നീണ്ടു നിന്നിരുന്നു... ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത കാലഘട്ടമെന്ന് തന്നെ നമ്മുക്ക് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു ഇത്... ഇന്ത്യൻ പൗരന്മാരുടെ മൗലീകാവകാശങ്ങൾ എല്ലാം തന്നെ നിഷേധിക്കുന്നതായിരുന്നു അടിയന്തിരാവസ്ഥ...  അഭിപ്രായസ്വാതന്ത്ര്യം, യാത്രാസ്വാതന്ത്ര്യം, സംഘം ചേരാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനപരമായി നമുക്ക് ലഭിച്ചിരുന്ന ആറ് സ്വാത്രന്ത്രാവകാശങ്ങളും മരവിപ്പിച്ചിരുന്നു... ചായക്കട ചർച്ചകൾ പോലും നിഷേധിക്കപ്പെട്ടിരുന്നു... ഇന്നായിരുന്നുവെങ്ങിൽ ഓൺലൈൻ സംവാദവും...

ദേശീയതലത്തിൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥയുടെ പഴി തീർച്ചയായും ഇന്ദിരാഗാന്ധി, കോൺഗ്രസ്സ്, ഇന്ത്യൻ പ്രസിഡന്റ്, അടുക്കളമന്ത്രിസഭാംഗങ്ങൾ, സഞ്ജയ്ഗാന്ധി തുടങ്ങി ആരോക്കെ പരസ്യമായും രഹസ്യമായും പിന്തുണ നൽകിയോ, അവരിൽ നിക്ഷിപ്തമാണ്... അടിയന്തിരാവസ്ഥ നടപ്പിലാക്കിയവരും അതിന്റെ ഗുണം ലഭിച്ചവരുമാണല്ലോ ഉത്തരവാദിത്വവും പേറേണ്ടത്...

കേരളത്തിൽ നടപ്പിലാക്കിയ അടിയന്തിരാവസ്ഥയുടെ പഴിയും പങ്കും ഉത്തരവാദിത്വവും കരുണാകരനിലും കോൺഗ്രസ്സിലും മാത്രമായി അടിച്ചേല്പിച്ചു... ശക്തനായ കരുണാകരനായിരുന്നു ആഭ്യന്തരം ഭരിച്ചിരുന്നത്, പോലിസിന്റെമേൽ നേരിട്ട് നിയന്ത്രണമുണ്ടായിരുന്നതും കരുണാകരന്... അതിനാൽ തന്നെ അടിയന്തിരാവസ്ഥയുടെ എല്ലാംവിധ ജനാധിപത്യ-മനുഷ്യവകാശ ധ്വംസനങ്ങളിലും കരുണാകരൻ ഉത്തരം പറഞ്ഞേ മതിയാകു... ഒന്നാം പ്രതിയായി നമ്മുടെ മുന്നിൽ കരുണാകരൻ ഉണ്ട്... അതിൽ ആർക്കും തർക്കമുണ്ടാകാനും തരമില്ല... പക്ഷേ തർക്കം ഉടലെടുക്കുന്നത്, ആരൊക്കെയായിരുന്നു കൂട്ടുപ്രതികൾ എന്ന തലത്തിലാണ്...

ദേശീയതലത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിപ്പെട്ട സമയത്ത് കേരളം ഭരിച്ചിരുന്നത് സി.പി.ഐ യുടെ പ്രതിനിധി സി. അച്യുതമേനോൻ ആയിരുന്നു... 1970 ൽ നിലവിൽവന്ന അച്യുതമേനോൻ മന്ത്രിസഭ അടിയന്തിരാവസ്ഥയുടെ  സഹായത്താൽ വീണ്ടും രണ്ടുവർഷം കൂടി ഭരണത്തിലിരുന്നു... കോൺഗ്രസ്സിലെ കെ. കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി... പോലിസ് രാജ് തന്നെയായിരുന്നു കേരളത്തിലും... അടിയന്തിരാവസ്ഥയുടെ ഒരു ഘട്ടത്തിലും സി.പി.ഐ അടിയന്തിരാവസ്ഥയെ തള്ളിപറഞ്ഞിരുന്നില്ല... സി. അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി... മുഖ്യമന്ത്രി പദത്തിൽ നിന്നൊഴിയാൻ പാർട്ടിയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നതും മറക്കുന്നില്ല... അടിയന്തിരാവസ്ഥയുടെ പേർ കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിവരുന്ന അടിയന്തിരാവസ്ഥയിലെ രക്തസാക്ഷി രാജനെ കാണാതായിട്ട് പിതാവ് ഈച്ചരവാര്യർ, സുഹൃത്തും മുഖ്യമന്ത്രിയുമായ അച്യുതമേനോനെ സമീപിക്കുന്നുണ്ട്... അച്യുതമേനോന്റെ മറുപടി " “ഞാനിനി ഒരു തോര്‍ത്തും തോളത്തിട്ട് തന്റെ മകനെ തപ്പി നാടായ പോലിസ് സ്റ്റേഷനൊക്കെ കയറിയിറങ്ങണമെന്നാണോ?”  എന്ത് തന്നെയായാലും അച്യുതമേനോൻ അധികാരരാഷ്ടീയം ഉപേക്ഷിച്ചു...

പിന്നെ തിരഞ്ഞെടുപ്പ് വരുന്നത് 1977 ൽ അപ്പോഴും സി.പി.ഐ കോൺഗ്രസ്സിന്റെ കൂടെയാണ്... ഇന്ത്യ മുഴുവനും കോൺഗ്രസ്സിനെതിരെ ഇന്ദിരാഗാന്ധിക്കെതിരെ വികാരം അലയടിച്ചു, കോൺഗ്രസ്സ് പരാജയപ്പെട്ടു പക്ഷേ കേരളത്തിൽ ഐക്യമുന്നണി 111 സീറ്റുമായി ഭരണത്തിലെത്തി... 16 സീറ്റുണ്ടായിരുന്ന സി.പി.ഐ 23 സീറ്റിലെത്തി... ഉത്തരേന്ത്യയിലുണ്ടായ രീതിയിലുള്ള കൊടുംക്രൂരതകൾ കേരളത്തിലുണ്ടായിരുന്നില്ല... പോലിസ് നടപടികൾക്കപ്പുറത്ത് അടിയന്തിരാവസ്ഥയുടെ ഗുണഗണമായി നക്സലേറ്റുകളെ അടിച്ചമർത്തിയതും തീവണ്ടികളും സർക്കാർ ജോലിക്കാരും കൃത്യസമയത്ത് എത്തിയതും വോട്ടായി മാറി... കേരള കോൺഗ്രസ്സ് കോൺഗ്രസ്സിന്റെ കൂടെ കൂടിയതും മറ്റൊരു വിജയഘടകമായി...

അങ്ങനെ 38 സീറ്റുള്ള കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കരുണാകരൻ മുഖ്യമന്ത്രിയായി... രാജൻ കേസിൽ കരുണാകരന് രാജി വെയ്ക്കേണ്ടിവന്നു... എ.കെ ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു...  അപ്പോഴും സി.പി.ഐ ഭരണത്തിലായിരുന്നു... അടിയന്തിരാവസ്ഥയുടെ ക്രൂരതകൾ അലട്ടിയിരുന്നില്ല... ചിക്മംഗ്ലൂരിലെ ഇന്ദിരാഗാന്ധിയുടെ മൽസരത്തിൽ പ്രതിക്ഷേധിച്ച് ആന്റണി രാജിവെച്ചപ്പോൾ പകരം സി.പി.ഐ യിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു...

കാലം മാറികൊണ്ടിരുന്നു... ദേശീയതലത്തിൽ ഇടതുപക്ഷഐക്യം രൂപപ്പെടണം എന്ന രീതിയിലേക്ക് ഇന്ത്യയിലെ രാഷ്ട്രീയകാലാവസ്ഥയും മാറിയിരുന്നു... ഇടതുപക്ഷഐക്യം നടപ്പിലാക്കുന്നതിനായി 1979 ൽ സി.പി.ഐ ഭരണത്തിൽ നിന്ന് പിന്മാറുന്നു... 1980 ഓടെ സി.പി.ഐ അടിയന്തിരാവസ്ഥയെ തള്ളിപ്പറഞ്ഞു...

ധാർമികതയുടെ പുറത്ത് അച്യുതമേനോൻ അധികാരരാഷ്ട്രീയം ഉപേക്ഷിച്ചതും സംഖ്യം വിട്ടതിനുശേഷമാണെങ്ങിൽ കൂടി സി.പി.ഐ അടിയന്തിരാവസ്ഥയെ തള്ളിപ്പറഞ്ഞതും മുഖവിലയ്ക്കെടുക്കുമ്പോൾ തന്നെ കരുണാകരനും കോൺഗ്രസ്സും കേരളത്തിലെ അടിയന്തിരാവസ്ഥയിലെ ഒന്നാം പ്രതിയായി നമ്മുടെ മുന്നിലുണ്ടാകുമ്പോൾ, അടിയന്തിരാവസ്ഥയ്ക്ക് ചൂട്ടുപിടിച്ചുകൊണ്ട് സി.പി.ഐ യും അച്യുതമേനോനും ഉണ്ടായിരുന്നുവെന്ന് നാലാൾ അറിയുന്നത് ചരിത്രത്തോട് കാണിക്കുന്ന നീതിയാണ്... ഇന്നത്തെ രാഷ്ട്രീയ സഖ്യത്തിനനുസരിച്ച് ചരിത്രം മാറ്റിയെഴുതേണ്ടതില്ലല്ലോ അല്ലേ?

3 comments:

ഷൈജൻ കാക്കര said...

ധാർമികതയുടെ പുറത്ത് അച്യുതമേനോൻ അധികാരരാഷ്ട്രീയം ഉപേക്ഷിച്ചതും സംഖ്യം വിട്ടതിനുശേഷമാണെങ്ങിൽ കൂടി സി.പി.ഐ അടിയന്തിരാവസ്ഥയെ തള്ളിപ്പറഞ്ഞതും മുഖവിലയ്ക്കെടുക്കുമ്പോൾ തന്നെ കരുണാകരനും കോൺഗ്രസ്സും കേരളത്തിലെ അടിയന്തിരാവസ്ഥയിലെ ഒന്നാം പ്രതിയായി നമ്മുടെ മുന്നിലുണ്ടാകുമ്പോൾ, അടിയന്തിരാവസ്ഥയ്ക്ക് ചൂട്ടുപിടിച്ചുകൊണ്ട് സി.പി.ഐ യും അച്യുതമേനോനും ഉണ്ടായിരുന്നുവെന്ന് നാലാൾ അറിയുന്നത് ചരിത്രത്തോട് കാണിക്കുന്ന നീതിയാണ്... ഇന്നത്തെ രാഷ്ട്രീയ സംഖ്യത്തിനനുസരിച്ച് ചരിത്രം മാറ്റിയെഴുതേണ്ടതില്ലല്ലോ അല്ലേ?

Pheonix said...

തീര്‍ച്ചയായും ഇത്‌ ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

ചത്ത കുഞ്ഞിന്റെ ജാതകം വായിച്ചിട്ടെന്ത് കാര്യം അല്ലേ