Wednesday, 30 December 2009

കാക്കരയുടെ ഹർത്താൽ ചിന്തകൾ

ബൂലോകം ഹർത്താലുമായി കടിപിടി കൂടുമ്പോൾ കാക്കര മാത്രം കുലം കുത്തിയായി മാറി നിൽക്കരുതല്ലോ. അതിനാൽ തന്നെ കാക്കരയുടെ ഹർത്താൽ ചിന്തകൾ ഇവിടെ പോസ്റ്റട്ടെ. ഹർത്താൽ മുത്തപ്പാ, കമന്റിയാലും!
 
ഹർത്താൽ എന്റെ ജന്മാവകാശമാണ്‌, എല്ലാ ഹർത്താലുകളും ജീവൻ കൊടുത്തും നിലനിർത്തും. സത്യം സത്യം സത്യം!

ഹർത്താൽ വിരുദ്ധരെ നിങ്ങൾ സ്വപ്നലോകത്തെ ബാലഭാസ്കരൻമാർ. നിങ്ങൾ അരാഷ്ട്രീയവാദികൾ, പിൻതിരിപ്പൻമാർ.. ഇനി എന്തെല്ലാം വിശേഷണങ്ങൾ നിനക്കായി, ഒനക്കായി, വെടക്കായി സംവരണം ചെയ്‌തിരിക്കുന്നു.

മധ്യപ്രദേശ്‌ മുഖ്യനെ പോലിസ്‌ പ്രോട്ടെക്ഷനിൽ കായൽ യാത്ര നടത്തിയ് ബി.എം.എസ്‌.-ന്റെ ഇരട്ടതാപ്പായി കാണുന്ന ഹർത്താൽ വിരുദ്ധരെ, അതല്ലേ നമ്മുടെ ആദിഥ്യ മര്യാദ!! . ഏത്‌ അഥിതികളേയും സീകരിച്ച പാരമ്പര്യമല്ലേ നമ്മുക്കുള്ളത്‌. അതും ബി.എം.എസ്‌ എന്നു വെച്ചാൽ ആർഷഭാരതക്കാരുടെ ശിങ്കിടികളും. എയർ കുത്തികളയാൻ ബോട്ടിന്‌ ടയറുമില്ല!

തൊലി വെള്ളുത്തവരെ റോഡിലൂടെ നടത്തിയത്‌ എന്തായാലും നന്നായി, പണ്ട്‌ ഇവരുടെ കുലത്തിൽ പിറന്നവർ നമ്മുടെ ഗാന്ധി അപ്പൂപ്പനെ ദണ്ഡി യാത്ര നടത്തിച്ചതു എനിക്ക്‌ അത്ര പെട്ടെന്ന്‌ മറക്കാൻ പറ്റുമോ. മറക്കണൊ -- എയർപോർട്ടിൽ നിന്നുള്ള തൊലി വെളുത്തവരുടെ "തെണ്ടി" യാത്ര കണ്ട്‌ ഗാന്ധി അപ്പൂപ്പൻ കുളിര്‌ കോരട്ടെ! വെള്ളം കോരികൾ...

ഹർത്താൽ വാഹന നിയമ പ്രകാരം ചക്രം ഘടിപ്പിച്ച ബാഗ്‌ (ട്രോളി ബാഗ്‌) കൈവണ്ടി എന്ന ഗണത്തിൽപ്പെടുന്നതിനാൽ, അടുത്ത ഹർത്താൽ വർഷത്തിൽ ട്രോളി ബാഗ്‌ റോഡിലൂടെ വലിച്ച്‌ കൊണ്ടുപോകാൻ അനുവദിക്കുന്നതല്ല എന്ന്‌ അഖില കേരള ഹർത്താൽ മുന്നണിക്ക്‌ വേണ്ടി കാക്കര പ്രസ്താവിക്കുന്നു. തലചുമടായി കോണ്ടുപോകാൻ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്‌ കാരും സമ്മതിക്കൂല, അതവരുടെ ജന്മവകാശം! പാവം ജനങ്ങൾ, ജന്മവകാശമില്ലാത്ത ജന്മങ്ങൾ...

ഇന്നലെ ടി.വി യിൽ ഇരുന്ന്‌ സാമൂഹ്യ പ്രവർത്തക പാർവതി ഈ ഹർത്താൽ ബി.എം.എസ്‌-ന്റെ ഒരു ലോഞ്ച്‌പാട്‌ ആണെന്നൊക്കെ ആരോപിക്കുന്നുണ്ടായിരുന്നു... സത്യം പാർവതി പറഞ്ഞാലും ശിവൻ പറഞ്ഞാലും സമ്മതിക്കണം. റോക്കറ്റ്‌പോലെ കുതിച്ചുയരുന്ന വിലകളെ കുറച്ചുകൂടി ഉയരത്തിൽ എത്തിക്കാൻ ഹർത്താലല്ലാതെ പിന്നെ ഞങ്ങൾ എന്ത്‌ സമരമാർഗ്ഗമാണ്‌ തിരഞ്ഞെടുക്കേണ്ടത്‌.

ഇന്നലെ വരെ എന്റെ കൂടെ നിന്ന്‌ ഹർത്താൽ പൂജയായി ബസ്സുകൾ തല്ലിതകർത്ത്‌ മുന്നേറിയവർ, ബി.എം.എസ്‌-നു ജനപിന്തുണയില്ല, ബി.ജെ.പി-യുടെ ബംഗലൂരിൽ അരി (ബസുമതി അരിയാണോ?) കിലോ 42 ഉലുവ തുടങ്ങിയ പിൻതിരിപ്പൻ കാരണങ്ങളിൽ കടിച്ചുതൂങ്ങി, ഹർത്താലിനെതിരെ അടിമയെപോലെ പല്ലിറുമുന്നത്‌ കാണുമ്പോൾ... കാക്കരയും അറിയാതെ വിളിച്ചുപോകുന്നു കുലം കുത്തികൾ കരിങ്കാലികൾ...

സാംസ്കാരിക നായകരെ, ഹർത്താലിനെതിരെ "കമാ" എന്നൊരക്ഷരം പറയരുത്‌, ഹർത്താൽ വിരുദ്ധരുടെ കയ്യിൽ നിങ്ങൾക്ക്‌ സമ്മാനിക്കാൻ ഒരു സാഹിത്യ അക്കാഡമിയില്ല, ഒരു സാഹിത്യ അവാർഡുമില്ല എന്തിന്‌ ഒരു ബ്ലോഗ്‌ അവാർഡെങ്ങിലും. സഹിത്യ അക്കാഡമി പ്രസിഡണ്ടാവനോ, സഹിത്യ സംഗമങ്ങളിൽ കസേരയും കൂലിയും വേണോ, പട്ടും വളയും ഊരി വെച്ച്‌ കിടക്കുമ്പോൾ, ആചാരവെടി മുഴക്കണോ, എങ്ങിൽ പിന്നെ മുൻപിൻ നോക്കാതെ "എന്റെ ജന്മവകാശത്തിന്‌" വേണ്ടി പടപൊരുതു. കുറഞ്ഞ പക്ഷം ഹർത്താൽ വരുമ്പോൾ "കമാ" യുരിയാടരുത്‌.

ബന്ദും ഹർത്താലും ജീവിതത്തിന്റെ ഭാഗമാണ്‌ എന്നു ഉണർത്തിച്ച ദിവാകര സഖാവെ, താങ്ങളെപോലെ ദാർശനികനായ ഒരു മന്ത്രി കേരളം ഭരിക്കുന്നു എന്നത്‌ തന്നെ എന്നെപോലെയുള്ളവർക്ക്‌ കുളിർമയേകുന്ന കാര്യമാണ്‌. ദിവാകരൻ സാർ നീണാൽ "വീഴട്ടെ".

മേൽപറഞ്ഞതെല്ലാം സഹിക്കാം, അറിഞ്ഞുകൊണ്ട്‌ ചെയ്യുന്നതല്ലേ, അങ്ങനെയാണോ അറിയാതെ പറയുന്നത്‌. നിയമവും നീതിയും ജനാധിപത്യവുമുള്ള കേരളത്തിൽ ഹർത്താൽ അവസാന ആയുധമാണെന്ന്‌ പറയുന്ന മിതവാദികളേ നിങ്ങൾ ഏത്‌ ലോകത്താ... വിലകയറ്റത്തിനെതിരെ ഒരു ദിവസം "സമാധാനമായി" ഹർത്താൽ നടത്തിയപ്പോൽതന്നെ 3000 കോടി രൂപ ആവിയായി എന്നാണ്‌ എന്റെ കണക്ക്‌ മാഷ്‌ ഗോപാലന്റെ ചായകടയിൽ അടിവരയിട്ട്‌ പൂട്ടിനോടൊപ്പം തട്ടിയത്‌. ഇനി ഇപ്പോൾ ഹർത്താലിന്‌ മുൻപ്‌ സൂചന സമരങ്ങൾ നടത്തി വേറെ ആയിരം കോടിയും കൂടി കളയണൊ?


ഏതു മൂത്ത ബന്തിലും പള്ളിയും അമ്പലവും ബന്തിന്റെ പരിതിയിൽ വരില്ല... പുരോഹിതവർഗ്ഗത്തിന്റെ വില അവർ തന്നെ കുറക്കുന്നത്‌ കൊണ്ടോ, മലയാളിക്ക്‌ സ്വന്തം ജീവനേക്കാൽ വലുത്‌ മത വിശ്വാസമായതോ?

ഹർത്താൽ മുത്തപ്പാ... കാത്തുകൊള്ളണെ..., 2010-ലും...

12 comments:

കാക്കര - kaakkara said...

സാംസ്കാരിക നായകരെ, ഹർത്താലിനെതിരെ "കമാ" എന്നൊരക്ഷരം പറയരുത്‌, ഹർത്താൽ വിരുദ്ധരുടെ കയ്യിൽ നിങ്ങൾക്ക്‌ സമ്മാനിക്കാൻ ഒരു സാഹിത്യ അക്കാഡമിയില്ല, ഒരു സാഹിത്യ അവാർഡുമില്ല എന്തിന്‌ ഒരു ബ്ലോഗ്‌ അവാർഡെങ്ങിലും. സഹിത്യ അക്കാഡമി പ്രസിഡണ്ടാവനോ, സഹിത്യ സംഗമങ്ങളിൽ കസേരയും കൂലിയും വേണോ, പട്ടും വളയും ഊരി വെച്ച്‌ കിടക്കുമ്പോൾ, ആചാരവെടി മുഴക്കണോ, എങ്ങിൽ പിന്നെ മുൻപിൻ നോക്കാതെ "എന്റെ ജന്മവകാശത്തിന്‌" വേണ്ടി പടപൊരുതു. കുറഞ്ഞ പക്ഷം ഹർത്താൽ വരുമ്പോൾ "കമാ" യുരിയാടരുത്‌.

Laiju Lazar said...

നമ്മുടെ നാട് നന്നാവില്ല മാഷേ. നമുക്ക് രോഷം കൊള്ളാനെ പറ്റു.

മുക്കുവന്‍ said...

wait...wait.. after two years you will have once a week :)

നന്ദന said...

നമുക്കൊന്നിചു പൊരാടാം
ആദ്യം നികുതിയടക്കൽ നിറുത്താം
അങിനെയൊർത്താൽ എന്താ!

കാക്കര - kaakkara said...

കോടിക്കണക്കിന്‌ രൂപ അടിച്ച്‌ നശിപ്പിച്ചിട്ട്‌, പോലിസ്കാർ നോക്കി നിന്നു. കോടതി സ്വമധേയ കേസെടുത്തില്ല. ഹർത്താലെന്ന വിശുദ്ധ പശുവിനെ പിണ്ണാക്ക്‌ കൊടുത്ത്‌ വളർത്താൻ, വി.എസും കോടിയേരിയും കൂട്ട്‌.

എവിടെ ഹർത്താൽ വിരുദ്ധർ?

അബ്ദുള്ളകുട്ടി ലാപ്‌ടോപും വാങ്ങി, ദുബായിയിൽ പൊങ്ങി.

തരൂർ തൂറ്റി തൂറ്റി ക്ഷീണിച്ചിരിക്കയാ, പിന്നെയാ ഹർത്താൽ.

പിന്നെ ബാക്കിയുള്ളത്‌ ഹസൻ, വായിൽ തോന്നിയത്‌ കോതക്ക്‌ പാട്ട്‌ എന്ന ശൈലിയും.

ലൈജു ലാസർ,
നമ്മുടെ നാടിനേയും നന്നാക്കിയെടുക്കണം.

മുക്കുവൻ,
പ്രതികരിച്ചിലെങ്ങിൽ, ഹർത്താലിന്റെ എണ്ണം കൂട്ടും.

നന്ദന
നികുതിയടവ്‌ (സാദ ജനം) നിറുത്തിയാൽ, അതിനെതിരെ അടുത്ത ഹർത്താൽ നടത്തും.


കമന്റിയ എല്ലാവർക്കും നന്ദി.

Areekkodan | അരീക്കോടന്‍ said...

അതാണ് കേരളം...പരശുരാമന്‍ മഴുവറിഞ്ഞ് നടുവൊടിഞ്ഞ കേരളം.

Akbar said...

ഓട്ടോ ടാക്സി ഹര്‍ത്താല്‍ ദിവസം സ്വന്തം അമ്മയെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന ഓട്ടോ തൊഴിലാളിയെയും അമ്മയയെയും അടിച്ചു പരിക്കേല്‍പിച്ചതു കണ്ടില്ലേ. ഹര്‍ത്താല്‍ തൊഴിലാളികളെപ്പോലെ ആത്മാര്‍ത്തത യുള്ളവരെ വേറെ എവിടെ കാണും. ഹര്‍ത്താല്‍ സിന്ധാ ബാദ്. പോസ്റ്റ്‌ നന്നായി.

കാക്കര - kaakkara said...

ഹർത്താൽപോലെയുള്ള സമരാഭാസങ്ങൾ കണ്ടുമടുത്ത ജനം വോട്ട്‌ ചെയ്യാതെ വീട്ടിലിരുന്നൽ മോഡിയുടെ ഫാസ്സിസ്റ്റ്‌ നിയമവുമായി വോട്ട്‌ ചെയ്യിക്കാൻ വരരുത്‌, അത്രക്കെങ്ങിലും കാരുണ്യം ജനത്തിനോട്‌ കാണിക്കണം.

"മോഡിയുടെ ജനാധിപത്യവും പൂജപുര സെന്ററൽ ജയിലും!" എന്ന എന്റെ പോസ്റ്റുംകൂടി വായിക്കുക

http://georos.blogspot.com/2009/12/blog-post_21.html


അരീക്കോടൻ, അക്‌ബർ,

നന്ദി, വീണ്ടും വരിക

Kunjipenne - കുഞ്ഞിപെണ്ണ് said...

കാക്കരെ കലക്കി

പാലക്കുഴി said...

അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നേര്‍ക്ക് .......അതിനു ഹര്‍ത്താല്‍ എന്ന് പറയാം .... കാക്കര ആശംസകള്‍

K.P.SUKUMARAN said...

ഹര്‍ത്താലില്ലാതെ എന്ത് കേരളം? ഹര്‍ത്താല്‍കേരളം സുന്ദരകേരളം എന്നല്ലെ ....

കാക്കര - kaakkara said...

കുഞ്ഞിപെണ്ണ്‌, പാലക്കുഴി, കെ.പി.സുകുമാരൻ

നന്ദി, വീണ്ടു വരിക,


കെ.എം. റോയിയുടെ ലേഖനത്തിൽ നിന്ന്‌

http://mangalam.com/index.php?page=detail&nid=256675&lang=malayalam

ഖജനാവിനു കോടികളുടെ നഷ്‌ടമുണ്ടാക്കുന്ന, പാവപ്പെട്ടവര്‍ക്കു ദുരിതങ്ങള്‍ മാത്രം ഉണ്ടാക്കിവയ്‌ക്കുന്ന ഈ ബന്ദുകളില്‍ നിന്നു മോചനം നേടാന്‍ കേരളത്തിനു കഴിയില്ലേ? ജനങ്ങള്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും അതു സാധിക്കാം. പുല്ലുവഴിയുടെ പാഠം അതാണ്‌. എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴി ഗ്രാമത്തിലെ പ്രബുദ്ധരായ ജനങ്ങളാണു കക്ഷിരാഷ്‌ട്രീയം മറന്നു ബന്ദുകള്‍ക്കെതിരേ ആദ്യം തലയുയര്‍ത്തിയത്‌. പ്രഗത്ഭരായ സ്വാതന്ത്ര്യ സമര സേനാനികളേയും കമ്യൂണിസ്‌റ്റ് നേതാക്കളേയും സംഭാവന ചെയ്‌ത ഗ്രാമമാണു പുല്ലുവഴി.

പക്ഷേ, ബന്ദിന്റെ കാര്യത്തില്‍ പുല്ലുവഴിയിലെ ജനങ്ങള്‍ ദൃഢമായ ഒരു തീരുമാനമെടുത്തു. മനുഷ്യരും അവരുടെ ജീവിതവുമാണു വലുതെന്നു മനസിലാക്കിയ ജനങ്ങളുടെ തീരുമാനം. അതിനു നേതൃത്വം നല്‍കിയതാവട്ടെ ഗ്രാമത്തിലെ യുവജനങ്ങളും. ഏതു ബന്ദാഹ്വാനമുണ്ടായാലും പുല്ലുവഴിയിലെ കടകള്‍ തുറക്കും, തൊഴില്‍ശാലകള്‍ പ്രവര്‍ത്തിക്കും, വാഹനങ്ങള്‍ ഓടും. ബന്ദാഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ അനുയായികള്‍ പോലും പുല്ലുവഴിയിലെ ജനജീവിതം സ്‌തംഭിക്കാന്‍ സമ്മതിക്കുകയില്ല. അതുകൊണ്ട്‌ ബന്ദു വിമുക്‌ത ഗ്രാമമായി അതു മാറിയിരിക്കുന്നു.

പുല്ലുവഴിയിലെ യുവജനങ്ങളെ പോലെ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലുമുള്ള യുവജനങ്ങള്‍ സജീവമായി രംഗത്തിറങ്ങിയാല്‍ ബന്ദ്‌ എന്ന ക്രൂരമായ ചാട്ടവാറടിയില്‍ നിന്ന്‌ ആലംബഹീനരായ പാവപ്പെട്ട ജനങ്ങള്‍ക്കു മോചനം നല്‍കാന്‍ തീര്‍ച്ചയായും കഴിയും. കാലം മാറിയതറിയാത്ത കുറെ നേതാക്കളുടെ വെളിവില്ലായ്‌മയ്‌ക്കു കടിഞ്ഞാണിടാന്‍ ഇതല്ലാതെ മാര്‍ഗമില്ല. ഇതുനാളെ കേരളത്തില്‍ സംഭവിക്കുകയില്ലെെന്നാന്നും പറയാനാവില്ല.