Wednesday, 13 January 2010

മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!

മാർക്സിസത്തിന്റെ മൂലഗ്രന്ഥത്തിൽ നിരീശ്വരവാദം ആവശ്യപ്പെടുന്നുണ്ടോ?

മാർക്സ്‌ ദൈവം ഇല്ല എന്ന്‌ സ്ഥാപിച്ചിരുന്നുവോ? അല്ലെങ്ങിൽ അങ്ങനെ ഒരു ലക്ഷ്യം ഉണ്ടായിരുന്നുവൊ?

സി.പി.എം. ന്റെ ഭരണഘടനയിൽ നിരീശ്വരവാദം കൽപ്പിക്കുന്നുണ്ടോ? ഈശ്വരവിശ്വാസികൾക്ക്‌ അംഗത്വം വിലക്കുമോ?

ഒന്നും ഇല്ല എന്നാണ്‌ എന്റെ അറിവ്‌.

ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ മാർക്സിസ്റ്റുകാരും കമ്മ്യുണിസ്റ്റ്കാരും മതങ്ങളും നാഴികക്ക്‌ നാൽപത്തിയൊന്ന്‌ വട്ടം വിളമ്പുന്നത്‌ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌ എന്ന മാർക്സിന്റെ ഒരു വാചകം മാത്രം. അതിനപ്പുറത്ത്‌ ഇരുട്ട്‌ മാത്രമല്ലേ? സന്ദർഭത്തിൽ നിന്ന്‌ അടർത്തി മാറ്റിയത്‌!

മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌ എന്ന്‌, മാർക്സ്‌ പറഞ്ഞത്‌ മൂല ഗ്രന്ഥത്തിലുണ്ടോ? ഇല്ല എന്നതല്ലേ ശരി.

വിശ്വാസികളുടെ അന്ധതയും മതാധികാരികളുടെ സ്റ്റേറ്റ്‌ ഭരണത്തിലുള്ള കൈ കടത്തലും കണ്ടതിലുള്ള ഒരു വികാരമല്ലേ, മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌ എന്ന്‌ ലേഖനത്തിൽ എഴുതിയത്‌. പിൻഗാമികൾ കാലന്തരത്തിൽ നെഞ്ചോട്‌ ചേർക്കുകയും അതിനെതിരെ യുറോപ്പിലെ സമ്പന്നർ, തീർച്ചയായും കാപിറ്റലിസ്റ്റുകൾ, എന്നും സമ്പന്നരോട്‌ ചേർന്ന്‌ നിന്നിരുന്ന മതാധികാരികൾ, മാർക്സിന്റെ സോഷ്യലിസത്തേയും സ്വകാര്യ സ്വത്ത്‌ നിർമ്മാജനത്തേയും ഭയപ്പെടുകയും ചെയ്‌തതിനാൽ , മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌ എന്ന ഒറ്റ വാചകത്തിന്‌ വേണ്ടതിലധികം പ്രാധാന്യം നൽകുകയും ചെയ്‌തു. കമ്മ്യുണിസ്റ്റുകൾ, അവരുടെ പിൻകാല പ്രവർത്തികൾ കൊണ്ടും കമ്മ്യുണിസത്തിൽ മതത്തിന്റെ സ്ഥാനം വ്യക്തമായി നിർവ്വചിക്കാതിരിക്കുകയും ചെയ്‌തു. ഇന്നും തുടരുന്നു.

മതം തീർത്തും വ്യക്ത്യാധിഷ്ടിതമാണ്‌. അത്‌ നിരാകരിക്കേണ്ട കാര്യം മാർക്സിസത്തിനില്ല, സ്റ്റേറ്റിനുമില്ല. ദൈവം ഉണ്ട്‌ എന്ന്‌ സ്ഥാപിക്കേണ്ടത്‌ ഈശ്വര വിശ്വാസികളും ദൈവം ഇല്ല എന്ന്‌ തെളിയിക്കേണ്ടത്‌ നിരീശ്വരവാദികളുമാണ്‌, അവിടെ സാമ്പത്തിക ശാസ്ത്രത്തിലൂന്നിയുള്ള കമ്മ്യുണിസ്റ്റ്കൾക്കൊ മാർക്സിസ്റ്റുകൾക്കൊ ഉത്തരവാദിത്തമുണ്ടൊ?

മാർക്സിസവും കമ്മ്യുണിസവും ഭൗതികതയിൽ അധിഷ്ഠിതമെന്നാൽ ആൽമിയതയെ നിരാകരിക്കലല്ല, ഇവിടെയാണ്‌ മാർക്സിസം വഴി തെറ്റിയത്‌.

1847 ലെ എങ്ങൽസിന്റെ "ഡ്രാഫ്റ്റ്‌ ഒഫ്‌ കമ്മ്യുണിസ്റ്റ്‌ കൺഫെഷൻ ഓഫ്‌ ഫെയ്‌ത്‌" എന്നതിലെ, നിലവിലുള്ള മതത്തിനെ തിരസ്കരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌, തിരസ്കരിക്കുന്നു എന്ന ഒരു ഒറ്റ വാക്കിൽ ഉത്തരം നൽകിയിട്ടില്ല. ചോദ്യവും ഉത്തരവും ആംഗ്‌ലേയത്തിൽ താഴെ.
-----
"Do Communists reject existing religions?


Answer: All religions which have existed hitherto were expressions of historical stages of development of individual peoples or groups of peoples. But communism is that stage of historical development which makes all existing religions superfluous and supersedes them."
----
ഇവിടെയും ദൈവം ഇല്ല എന്നോ മതങ്ങളെ നിരാകരിക്കണമെന്നോ പറഞ്ഞിട്ടീല്ല.

സെബാസ്റ്റ്യൻ പോളിന്റെ ലേഖനത്തിൽ നിന്നുള്ളത്‌ താഴെ.
----
"മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്‌സ് കണ്ടു. സന്ദര്‍ഭത്തില്‍നിന്നു ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്‌സിന്റെ ദര്‍ശനം അവ്യക്‌തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്കു യേശു വാഗ്‌ദാനം ചെയ്‌തതു സമാശ്വാസമാണ്‌. അധ്വാനിക്കുന്നവര്‍ക്കു മാര്‍ക്‌സിന്റെ വാഗ്‌ദാനം വിമോചനമാണ്‌. സമാശ്വാസത്തിനപ്പുറമാണു വിമോചനം. ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ്‌ മാര്‍ക്‌സ് ചിന്തിച്ചത്‌. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല."
----

ഇനി പറയു, ഒരു കമ്മ്യുണിസ്റ്റാവാൻ നിരിശ്വരവാദിയാകണൊ? ഉത്തരം സുവ്യക്തമായി പറയുക.


സീസറിനുള്ളത്‌ സീസറിനും ദൈവത്തിനുള്ളത്‌ ദൈവത്തിനും, അതല്ലേ സത്യവും ശരിയും...
.
Post a Comment