Sunday 21 January 2018

സ്വയം സഹായ സഹകരണ സംഘം...

കഴുത്തഴപ്പൻ പലിശക്കാർക്ക് തല വെയ്ക്കാതേയും ഒരു നിക്ഷേപവും അതേ സമയം വായ്പ ലഭ്യമാകുകയും ചെയ്യുന്ന തരത്തിൽ ഒരു പദ്ധതി...  ചെറിയ രീതിയിൽ ചെയ്യാവുന്ന ഒന്നാണ്...പലയിടത്തും പല രീതിയിലും നടക്കുന്നുണ്ടാകും... ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവർക്കോ ഒരു പ്രദേശത്ത് താമസിക്കുന്നവർക്കോ ഒരു കവലയിലെ ഓട്ടോക്കാർക്കോ ചെറുകിട ബിസിനസുകാർക്കോ സാമുദായിക സംഘടനകൾക്ക് ക്ലബുകൾക്കോ ഒക്കെ തുടങ്ങാമെന്ന് തോന്നുന്നു...

ഒരു സാമ്പിൾ...

അമ്പത് പേരൊക്കെ ചേർത്ത് ഒരു നിക്ഷേപ പദ്ധതി... കൃത്യമായ ഇടവേളകളിൽ പണം നിക്ഷേപിക്കാം... ഉദാഹരണത്തിന് എല്ലാ ആഴ്ചയും അതല്ലെങ്കിൽ എല്ലാ മാസവും... ഓരോരുത്തർ, അവർക്ക് നിക്ഷേപിക്കാൻ സാധ്യമാകുന്ന തുകയും കാലവും അവർക്ക് തന്നെ നിശ്ചയിക്കാം... പക്ഷെ അത് സ്ഥിരമായി അതേ തുക അതേ കാലയളവിൽ തന്നെ നിക്ഷേപിക്കണം... ഉദാഹരണത്തിന് ഒരാൾക്ക് 500 രൂപ നിക്ഷേപിക്കാം മറ്റൊരാൾക്ക് 1000 ആകാം.... മാസ ശമ്പളക്കാരനാണെങ്കിൽ മാസത്തിൽ 2000 രൂപയോ 5000 രൂപയോ നിക്ഷേപിക്കാം... ആർക്കെങ്ങിലും പണം ആവശ്യമാണെങ്കിൽ, അടച്ച തുകയുടെ ഇരട്ടി ലഭ്യമാകുന്നതാണ് വായ്പ രീതി... നിക്ഷേപ കാലവും നിക്ഷേപ തുകയും എത്രയായിരുന്നോ അതേ കാലവും തുകയും തുടർന്നും അടച്ചാൽ മതി...

നിക്ഷേപം തുടങ്ങിയിട്ട് ആർക്കെങ്ങിലും അവർ അടയ്ക്കുന്ന തുകയിലോ കാലത്തിലോ മാറ്റം വരുത്തണമെങ്കിൽ, അടച്ച തുക പിൻവലിച്ച് പുതിയ തുകയും കാലവും നോക്കി അടച്ച് തുടങ്ങാം... പക്ഷേ വായ്പ തുക തിരിച്ചടയ്ക്കുമ്പോൾ തുകയിലോ കാലത്തിലോ മാറ്റം വരുത്താൻ അനുവാദമില്ല... പുതിയതായി ആർക്കും എപ്പോൾ വേണമെങ്കിലും ഈ പദ്ധതിയിൽ അംഗമാകാം... വായ്പ എടുത്ത തുക അടച്ച് തീർത്താൽ, ആർക്കും എപ്പോൾ വേണമെങ്കിലും ഈ പദ്ധതിയിൽ നിന്ന് പുറത്തുമാകാം...

വിവിധ സാമ്പത്തിക തട്ടിലുള്ള ഏതൊരാൾക്കും അവരുടെ സാമ്പത്തിക നിലക്കനുസരിച്ചുള്ള ആവശ്യങ്ങൾക്ക് ആവശ്യമായ തുക, ഇതിലൂടെ കണ്ടെത്താനാകും... തുടർച്ചയായി നിക്ഷേപിക്കുകയും അതേ തുകയുടെ ഇരട്ടി തുക വായ്പയായി ലഭിക്കുകയും ചെയ്യുമ്പോൾ, സ്വന്തം ബഡ്ജറ്റിന്റെ പരിധികളിൽ നിന്ന് സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാകുകയും ചെയ്യും... വായ്പ കിട്ടുന്നതുകൊണ്ട് വല്ലതും തുടങ്ങി, അതല്ലെങ്കിൽ ആർഭാടങ്ങൾക്ക് ചിലവഴിച്ച്, കടക്കെണിയിലാകില്ല... എന്തെങ്കിലും ചെയ്യാനുള്ള തുക ലഭ്യമാകുന്നതിന് വളരെ മുൻപേ തന്നെ ഇതിൽ അംഗമായാൽ മാത്രമെ വായ്പയും ലഭ്യമാകൂ... ആവശ്യമായ തുകയുടെ പകുതിയെങ്കിലും സ്വന്തമായി നിക്ഷേപിച്ചവർക്ക് മാത്രം... കൃത്യമായ നിക്ഷേപസ്വഭാവം ആർജിച്ചെടുത്തവർ, വായ്പയും കൃത്യമായി തിരിച്ചടയ്ക്കാനുള്ള സാധ്യതയും ഈ പദ്ധതിയെ വിജയിപ്പിക്കും... പലിശരഹിത വായ്പയായതിനാൽ, പലിശയടച്ച് തുലയുകയും ഇല്ല...

വായ്പ തുക നിർബദ്ധമായും തിരിച്ചെടുക്കുന്നതിന് എന്തൊക്കെ ജാമ്യമാണ് എടുക്കാനാകുക എന്നത് പരിശോധിക്കാവുന്നതാണ്... കൂടുതൽ ബുദ്ധിമുട്ട് ഏറിയതൊന്നും സാധ്യമല്ല... അതിന്റെ ആവശ്യമില്ല... അത് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യത്തെ തകിടം മറിക്കും... അംഗങ്ങളിൽ തന്നെയുള്ള ഒരാളുടെ ആൾ ജാമ്യം ഉപയോഗിക്കാം... വായ്പതുകയുടെ പകുതിയെങ്കിലും അടച്ചവർക്കേ ജാമ്യം നിൽക്കാനുള്ള അവകാശവും ഉള്ളൂ... പിന്നെ ഒരേ സ്ഥാപനത്തിലെ സഹപ്രവർത്തകർ സാമുദായിക സംഘടനയിലെ അംഗം തുടങ്ങിയവർക്കിടയിലാകുമ്പോൾ, സോഷ്യൽ പ്രഷറും തിരിച്ചടവിന് സഹായകമാകും...

സാമുഹികസേവനം എന്ന നിലയിൽ ഒരു സംഘം ഉണ്ടാക്കി അവർ തന്നെ പരിപാലിക്കുന്നതുകൊണ്ട് സേവനം എന്ന നിലയിൽ നടത്തേണ്ടതുണ്ട്...  വായ്പയ്ക്ക് ശേഷമുള്ള തുക ബാങ്കിൽ നിക്ഷേപിച്ച് ചെറിയ പലിശ ലഭിക്കുന്നതും ഏതെങ്കിലും ഒരു അംഗം ആഴ്ചയിൽ പണം കൃത്യമായി അടച്ചില്ലെങ്കിൽ, അടയ്ക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം പിഴയായി ഇടാക്കുകയും ചെയ്യാം... വായ്പ തുക തിരിച്ചടയ്ക്കുന്നതാണ് അറ്റയ്ക്കാത്തതെങ്കിൽ, പിഴ തുക കൂടുകയും ചെയ്യും... ഇത്തരം വരുമാനങ്ങൾ ഉപയോഗിച്ച് പദ്ധതിക്കാവശ്യമായ സ്റ്റേഷനറി ചിലവുകൾക്കൊക്കെ ഉപയോഗിക്കാം... ഇത് കൂടാതെ 100 രൂപയോ മറ്റോ വാർഷിക ഫീസായി ഈടാക്കുകയാണെങ്കിൽ, പദ്ധതി നടത്തിപ്പിന്റെ ചിലവുകൾക്ക് ഉപയോഗിക്കാനുമാകും...

പദ്ധതിയിൽ ലഭ്യമായ തുകയുടെ പരിധിയിൽ നിന്ന് മാത്രമേ വായ്പ തുകയും ലഭ്യമാകുയുള്ളൂ... ഒന്നിലധികം ആവശ്യക്കാർ ഉണ്ടാകുകയും ആവശ്യത്തിന് പണം ലഭ്യമല്ലാതെയിരിക്കുകയും ആണെങ്കിൽ, അടച്ച തുകയെങ്കിലും തിരിച്ച് നൽകുന്നതിനാണ് പരിഗണന... അതുകഴിഞ്ഞാൽ, വായ്പ തുക തിരിച്ചടച്ചിട്ട് ഏറ്റവും കൂടുതൽ കാലം ആയിട്ടുള്ള അംഗത്തിനാകും പരിഗണന... എന്തെങ്കിലും കാരണവശാൽ, പദ്ധതി പൂർണ്ണമായും പൂട്ടേണ്ടി വരുമ്പോൾ അടച്ച് തുകകൾ മാത്രമേ ലഭ്യമാകുകയുള്ളൂ...

ചുമ്മാ എഴുതിയിട്ടതാണ്... എന്റെ സുഹൃത്ത് സർക്കിളിൽ ആലോചനയ്ക്കായി ഇത് സമർപ്പിക്കുകയാണ്... നടന്നാൽ അവർക്കും എനിക്കും കൊള്ളാം... ഹല്ല പിന്നെ...