Thursday, 25 November 2010

ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും

ണിം... ണിം... ണിം...

ഹല്ലോ...

ങാ...

ഇത്‌ കല്ലുമുക്കിലെ....

പറയു കാക്കരെ... ആളെ മനസ്സിലായി...

സാറെ... ഞാനിന്നലെ പറഞ്ഞ കാര്യം എന്തായി... കോണ്ട്രാക്‌റ്റർ വിളിച്ചിരുന്നു... ആൾക്ക്‌ താല്പര്യമുള്ള കേസ്സാ...

ഒന്നും ആയിട്ടില്ല... അവിടന്ന്‌ കുറെ പേരുകൾ വരുന്നുണ്ട്‌... നിലവിലെ അംഗം ഗീതയും സീറ്റ്‌ ചോദിച്ചിട്ടുണ്ട്... പിന്നെ അവിടത്തെ യൂണിറ്റ്‌ പ്രസിഡന്റിനും ഭൂരിഭാഗം ഭാരവാഹികൾക്കും താല്പര്യം ഗീതയോടാണ്‌... ചെറുപ്പം മുതലെ പാർട്ടിക്ക്‌ വേണ്ടി കൊടി പിടിച്ച്... അച്ചന്റെ കൂടെ...

പിന്നെ... കൊടിയല്ലെ പിടിച്ചുള്ളു... കോടിയൊന്നും പിരിച്ചില്ലല്ലോ... ഗീത ശരിയാവില്ല... സാറിനറിയാമല്ലോ ത്രിതലം വന്നതിൽപ്പിന്നെ ചുമ്മാ അംഗമായാലും കുറെയേറെ പണിയൊക്കെ ഒപ്പിക്കാം... തിന്നൂല്ല തീറ്റിക്കൂല എന്ന്‌ വെച്ചാൽ... കാണേണ്ടവരെ കണ്ട് ഒപ്പിച്ചെടുത്ത കല്ലുമുക്കിലെ റോഡ്‌ ടാറിട്ടപ്പോൾ... ടാർ പോരാ എന്നുംപറഞ്ഞ്‌ കൂറെയെണ്ണത്തിനെ കൊണ്ടുവന്ന്‌ കൊടി പിടിച്ചു... മീറ്റിങ്ങിലും കച്ചടയുണ്ടാക്കി... 100 വീപ്പ ടാറിറക്കിയിട്ടാണ്‌ പണ്ടാറടങ്ങിയത്‌...

ങും... അറിയാം... ബസ്‌സ്റ്റാന്റിലെ കടകളുടെ ലേലത്തിൽ എന്റെ പേര്‌ വലിച്ചിട്ടതും... ഞാനും മറന്നിട്ടില്ല...

അതാ... പറഞ്ഞത്‌ ഗീത നമുക്കൊരു തടസ്സമാണ്‌...

പകരം മേരിക്കുട്ടിയാണെങ്ങിൽ നമ്മുടെ കാര്യങ്ങൾ എളുപ്പമാണ്‌... അവൾക്ക്‌ മൂന്ന്‌ പെൺമക്കളാ.. എല്ലാം പഠിച്ചോണ്ടിരിക്കയാ... വീടുപണിയും നടന്നിട്ടില്ല... അഞ്ചുകൊല്ലം... അതിനപ്പുറത്തേക്ക്‌ നോക്കേണ്ട... കെട്ടിയവൻ... ഇപ്പോൾ ഷാപ്പിലാണ്‌... നമുക്കത്‌ ബാറിലാക്കാം...

അറിയാമെടാ... പക്ഷെ എങ്ങനെ സീറ്റ്‌ ശരിയാക്കിയെടുക്കും... ഇപ്രാവശ്യവും ഭൂരിപക്ഷം നമുക്ക് കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ട്... തരംഗമുണ്ട്‌... എന്നാലും ഒരു ഏഴാംകൂലിയെ നിറുത്തി... പണി പാളുമൊ?

സാറങ്ങനെ പേടിക്കാതെ... തിരഞ്ഞെടുപ്പിന്‌ കോണ്ട്രാക്റ്റർ കാശ്‌ വലിച്ചെറിയും... പിന്നെ തരംഗവും... സമുദായവും...

പക്ഷെ, ഇതെങ്ങനെ പാർട്ടിയിൽ അവതരിപ്പിക്കും... മറ്റെ ഗ്രൂപ്പുകാരൻ...

അടിത്തറ കാക്കരയുടെ പണിയല്ലെ.... നാളെ തന്നെ ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും വരും... ചുമ്മാതാണോ ഷർട്ടിൽ പേനയും കുത്തി...

“കല്ലുമുക്കിലും സീറ്റ്‌ തർക്കം...


നിലവിലെ അംഗം ഗീതക്ക്‌ രണ്ടാവട്ടം സീറ്റ് കൊടുക്കുന്നതിൽ പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും താല്പര്യമില്ല... പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കുടിവെള്ളപ്രശ്‌നവും യാത്രപ്രശ്‌നവും പലതവണ മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും... ഇതുവരെ ഒരു പരിഹാരമുണ്ടാക്കിയിട്ടില്ല എന്നത്‌ ജനങ്ങളിൽ പ്രതിക്ഷേധമുണ്ടാക്കിയിട്ടുണ്ട്... മാത്രവുമല്ല കല്ലുമുക്ക്‌ ബസ്‌ സ്റ്റാന്റിൽ പണിതിരിക്കുന്ന കടകളുടെ ലേലവുമായി ബദ്ധപ്പെട്ട് പറഞ്ഞു കേൾക്കുന്ന ക്രമക്കേടിൽ ഗീതയും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്...


പകരം സ്ഥാനാർത്ഥിയായി ചൂണ്ടിക്കാണിക്കുന്ന മേരിക്കുട്ടിയാണെങ്ങിൽ പ്രബല സമുദായത്തിലെ അംഗവും... പ്രദേശത്തെ മതസാമൂഹ്യസാംസ്കാരികരാഷ്ട്രീയ കാര്യങ്ങളിൽ നിറസാനിധ്യമായ... പള്ളിക്കും പ്രത്യേക താല്പര്യമുള്ള മേരിക്കുട്ടിക്ക്‌ നറുക്ക്‌ വീഴാനാണ്‌ സാധ്യത. ഇവിടെ കൃസ്ത്യൻ വോട്ടുകൾ നിർണ്ണായകവുമാണ്‌... സംസ്ഥാനതലത്തിലുണ്ടാക്കിയ ഗ്രൂപ്പ്‌ സമവാക്യവും മേരിക്കുട്ടിക്ക്‌ അനുകൂലവുമാണ്‌...“

ഓ ഓ... അതുമതി... അപ്പോൾ കാക്കരെ, ഉറപ്പിച്ചോ... മേരിക്കുട്ടി തന്നെ സ്ഥാനാർത്ഥി... പിന്നെ കോണ്ട്രാക്കറ്റരോട് ഒന്ന്‌ പറയണം... ബസ് സ്റ്റാന്റിലെ കടകളിൽ നിന്ന്‌ ഞാനും രണ്ടുമൂന്ന്‌ കട ഒപ്പിച്ചിട്ടുണ്ട്... ബിസിനസ്സ്‌ ഒന്നും തുടങ്ങാൻ പറ്റിയിട്ടില്ല... സാവധാനം മതി... പുതിയ സമിതി നിലവിൽ വന്നിട്ട്‌... പുതിയ കോണ്ട്രാക്റ്റ്‌ പണി കിട്ടുമ്പോൾ മതി...

അത്‌ പിന്നെ പ്രത്യേകം പറയണോ.... അതൊക്കെ ശരിയാക്കാം... അപ്പോ പറഞ്ഞപോലെ... പിന്നെ ഞാൻ മറ്റേ ഗ്രുപ്പുകാരനെ ഇന്ന്‌ തന്നെ കാണുന്നുണ്ട്... അവൻ നമ്മുടെ കോണ്ട്രാക്‌റ്റരുടെ ആളാണ്‌... അവനെകൊണ്ട് സാറിന്‌ പ്രശ്‌നമുണ്ടാകില്ല...

”മേരിക്കുട്ടി സിന്ദാബാദ്...
ധീരതയോടെ നയിച്ചോള്ളു
ലക്ഷം ലക്ഷം പിന്നാലെ...“

അതിലൊരു ലക്ഷം കാക്കരയ്ക്കും...

വാൽകക്ഷണം...

നീരയും ബർഖയും രാജയും കോർപ്പൊറേറ്റുകളും വാണരുള്ളുന്ന ഡൽഹിയുടെ വർത്തമാന ചരിത്രം ആരേയും നാണിപ്പിക്കും... ഈ കോക്കസ്സുകൾ വാർഡ്‌ തലത്തിൽ നിന്ന്‌ ആരംഭിക്കുന്നില്ലെ... ചുറ്റും ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയെ...

പാർട്ടി സ്ഥാനാർത്ഥികളെ അതാത്‌ യൂണിറ്റുകൾ യോഗം കൂടി തീരുമാനിക്കുക... അല്ലെങ്ങിൽ... കോർപ്പൊറേറ്റ്‌ സ്ഥാനാർത്ഥികൾക്ക്‌ ജെയ് വിളിച്ച്‌... നാട്‌ നന്നാവില്ലായെന്ന്‌ വിലപിച്ച്‌...

ജനാധിപത്യത്തിന്റെ വിജയത്തിന്‌ ഒറ്റമൂലിയില്ല... ഓരൊ കല്ലും ചെത്തിമിനുക്കി അടുക്കി വെയ്ക്കണം...

Monday, 22 November 2010

മാർപ്പാപ്പയെ കുരിശ്ശു വരയ്ക്കാൻ പഠിപ്പിക്കരുത്‌ മക്കളെ...

കുറെ നാളുകളായി കത്തോലിക്കസഭയിൽ നിന്ന്‌ നല്ല വാർത്തയൊന്നും കേൾക്കാതെ വിഷണ്ണനായി ഇരിക്കുമ്പോഴാണ്‌ വത്തിക്കാനിൽ നിന്ന്‌ ഒരു ശുഭവാർത്ത...

കോണ്ടം ഉപയോഗിക്കുന്നതിൽ തെറ്റില്ല... “നിരോധ്‌” ഉപയോഗിക്കുന്നതിൽ തെറ്റില്ല... (മലയാളിക്ക്‌ കോണ്ടം ഇപ്പൊഴും നിരോധ്‌ തന്നെയല്ലെ!)

പോപ്പ്‌ ബെനഡിക്റ്റ്‌ XVI ൻ ജർമൻ പത്രപ്രവർത്തകൻ പീറ്റർ സീവാൽഡിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌...

കോണ്ടം എല്ലാവർക്കും ഉപയോഗിക്കാമെന്ന്‌ പറഞ്ഞിട്ടില്ല... പോപ്പിന്റെ വ്യക്തിപരമായ അഭിപ്രായമായിട്ടാണ്‌ പുറത്ത്‌ വന്നിരിക്കുന്നതും... പക്ഷെ ഇത്‌ കത്തോലിക്ക വിശ്വാസത്തിലെ ലൈംഗീകതയിൽ ഉണ്ടാക്കിയേക്കാവുന്ന തിരുത്തലുകൾ വളരെ വലുതാണ്‌... ദമ്പതികളുടെ ലൈംഗീകതയിൽ ഇന്നുവരെ യാതൊരുവിധ കൃത്രിമ ജനന നിയന്ത്രണ മാർഗ്ഗങ്ങൾ അനുവദിക്കാതിരുന്ന കത്തോലിക്കസഭയുടെ ഒരു മനമാറ്റാം... ഔദോഗികമല്ല... എന്നാലും പ്രതീക്ഷ നൽകുന്ന വാക്കുകൾ... ഒരു പക്ഷെ... ഒരു തെറ്റു തിരുത്തൽ... ജനനനിയന്ത്രണമാർഗ്ഗമായിട്ടല്ല പോപ്പും അഭിപ്രായപ്പെട്ടത്‌... AIDS വ്യാപനം തടയുക തന്നെയാണ്‌ ലക്ഷ്യം... പക്ഷെ ഭാവിയിൽ ജനനനിയന്ത്രണത്തിനും ആകാമല്ലോ...

ദമ്പതികളുടെ ലൈംഗീകതയിൽ ദൈവം ഇടപ്പെടുന്നു... സ്നേഹത്തിൽ അധിഷ്ടിതമായ ലൈഗീകവേഴ്ചയാണ്‌ പങ്കാളികൾ നടത്തുന്നത്‌... അവിടെ യാതൊരുവിധ ഗർഭനിരോധനമാർഗ്ഗങ്ങളും ഉപയോഗിക്കുന്നത്‌ ശരിയുമല്ല... ഇതൊക്കെയാണ്‌ എന്റെ തലമണ്ടയിൽ കയറിയിരിക്കുന്ന കത്തോലിക്കസഭ പഠനങ്ങൾ... പക്ഷെ എന്റെ യുക്തിയിൽ ഇതങ്ങട്‌ ശരിയാവുന്നുമില്ല... അണ്ഢവും ബീജവും ചേർന്നാലെ ജീവൻ ഉൽഭവിക്കു... അങ്ങനെയൊരു കൂടിചേരൽ ഒഴുവാക്കുന്നത്‌ എങ്ങനെ ദൈവഹിതത്തിനെതിരാകും... ഇത്‌ തന്നെയല്ലെ പ്രകൃതി നിയമങ്ങൾക്കനുസരിച്ച്‌ (ഗർഭം ധരിക്കുവാൻ സാധ്യത കുറവുള്ള ദിവസങ്ങളീൽ മാത്രം) ലൈംഗീക വേഴ്ച്ച നടത്തിയാലും സംഭവിക്കുകയുള്ളു... ലൈംഗീകവേഴ്ച്ച നടത്തിയാലും ഇല്ലെങ്ങിലും ശരീരത്തിൽ ഉല്പാദിപ്പിക്കുന്നത്‌ ഉല്പാദിപ്പിക്കും... പ്രകൃതി നിയമങ്ങൾക്കനുസരിച്ച്‌ പുറത്തേക്ക്‌ പോകും... എങ്ങിൽ പിന്നെ ദമ്പതികൾ ഒന്ന്‌ സുഖിക്കുമ്പോൾ കോണ്ടം ഉപയോഗിക്കുന്നതിൽ എന്താണ്‌ ഒരു ശരികേട്‌...

ഗർഭഛിദ്രത്തെ നമുക്ക്‌ നിരോധിക്കം പക്ഷെ ഗർഭനിരോധന മാർഗ്ഗത്തെ എന്തിന്‌ നിരോധിക്കണം... കോണ്ടത്തിന്റെ ഉപയോഗംകോണ്ട്‌ ഗുണമുണ്ടെന്ന്‌ ഈ വൈകിയ വേളയിലെങ്ങിലും മനസ്സിലാകുന്നുവെങ്ങിൽ... നിലപാടുകൾ തിരുത്തുക... ജനലക്ഷങ്ങളെ തെറ്റിന്‌ പ്രേരിപ്പക്കരുത്‌... നിർമ്മലമായ സ്നേഹത്തിന്റെ പുർത്തികരണസമയത്ത്‌ ഒരു മനസാക്ഷിക്കുത്ത്‌... അതിനിടയാവരുത്‌ സഭയുടെ തെറ്റിദ്ധാരണകൾ...

ഒരു നിമിക്ഷത്തെ അശ്രദ്ധകൊണ്ടോ കണക്കുകളുടെ അഭാവം മൂലമോ ആഗ്രഹിക്കാതെ ഒരു ഗർഭധാരണം നടന്ന്‌... ഗർഭചിദ്രം നടത്തുന്നതിനേക്കാൽ എത്രയോ നല്ലതാണ്‌ ഗർഭധാരണം തടയുന്ന കോണ്ടം... AIDS ന്റെ വ്യാപനം മാത്രമല്ല... ഗർഭഛിദ്രവും തടയാമല്ലോ...

പുരുഷവേശ്യകൾ കോണ്ടം ഉപയോഗിക്കുന്നത്‌ അവരുടെ ധാർമികതയിലേക്കുള്ള ആദ്യ പടിയായാണ്‌ പോപ്പ്‌ വിലയിരുത്തുന്നത്‌... അതൊക്കെ ഒരു വലിയ നിലപാട്‌ മാറ്റത്തിന്റെ കൊച്ചുകൊച്ചു ന്യായികരണങ്ങളായി മാത്രമെ കാക്കര കാണുന്നുള്ളു... മാർപ്പാപ്പയെ കുരിശ്ശു വരയ്ക്കാൻ പഠിപ്പിക്കരുത്‌ മക്കളെ...

വാൽകക്ഷണം... കത്തോലിക്കരെല്ലാവരും കത്തോലിക്കസഭയുടെ പഠനം നോക്കിയിട്ടൊന്നുമല്ല വാതിലടച്ച്‌ കുറ്റിയിടുന്നത്‌... സ്റ്റോക്കിരിപ്പുണ്ടോ... എങ്ങിൽ വാ...

Thursday, 11 November 2010

എൻഡൊസൾഫാൻ ജീവൻ രക്ഷാമരുന്നൊന്നും അല്ലല്ലോ...

ജനങ്ങളുടെയിടയിൽ ഭീതിയും കൂറെ പഠനങ്ങൾ അപകടകാരിയുമാണെന്ന്‌ കണ്ടെത്തുകയും ചില രാജ്യങ്ങൾ നിരോധിക്കുകയും ചെയ്ത ഒരു കീടനാശിനി... അതാണ്‌ എൻഡൊസൾഫാൻ.... എന്നാൽ പിന്നെ അതങ്ങ്‌ നിരോധിക്കുക... അതിന്‌ ശേഷവും പഠനങ്ങൾ നടത്താമല്ലോ... പഠനം അവസാനിപ്പിക്കേണ്ട... പഠനം പഠനത്തിന്റെ വഴിക്ക്‌ പോകട്ടെ... നിയമം നിയമത്തിന്റെ വഴിയെന്നാണല്ലോ... ഇനിയിപ്പോൾ എൻഡൊസൾഫാൻ പുണ്യാഹമാണെന്നൊ അന്നാവെള്ളമാണെന്നോ സംസം വെള്ളമാണെന്നൊ ശാസ്ത്രീയമായി തെളിയിക്കുകയാണെങ്ങിൽ നമ്മുക്ക്‌ പിന്നേയും തളിക്കാമല്ലോ... കശുമാവും ജനവും ബാക്കിയാവണമല്ലോ... അതുവരെ കേന്ദ്രസർക്കാരും കമ്പനിയും കുമ്പളങ്ങി മാഷും ക്ഷമി...

ഇനിയിപ്പോൾ എൻഡൊസൾഫാനല്ല മാറാരോഗങ്ങളുടെ വില്ലൻ എന്ന്‌ തെളിവുകൾ “ഉണ്ടാക്കിയെടുത്താലും” തളിക്കാൻ വരട്ടെ... ഈ രോഗങ്ങളുടെ കാരണക്കാരനെ കണ്ടെത്തുക... എന്നാൽ മാത്രമെ ജനങ്ങളുടെ മനസ്സിലുള്ള ഭീതിയകലുകയുള്ളു... അതുവരേയും എൻഡൊസൾഫാൻ മൂർദാബാദ്... തോമസ് മാഷ്‌ വായടയ്‌ക്കുക...

എ.കെ.ജി സെന്ററിലിരുന്നുണ്ടാക്കിയ വിവാദമല്ല ഇപ്പോഴത്തെ എൻഡൊസൾഫാൻ... അത്‌ അന്തരാഷ്ട്രതലത്തിൽ ഇന്ത്യയുടെ നിലപാടും (ഭരിക്കുന്നത്‌ കോൺഗ്രസ്സ്‌) അതിന്റെ കൂടെ തോമസ് മാഷ്‌ കേരളത്തിലെ കോൺഗ്രസ്സിന്റെ തലയിൽ അടിച്ച്‌ കേറ്റിയ ആണിയും... ഈ ആണി ഊരിപോകാതിരിക്കാൻ കോൺഗ്രസ്സ് വിരോധികൾ ശ്രമിക്കുമെന്ന്‌ തോമസ് മാഷിനും അറിയാം... അതിനാൽ തന്നെ എൻഡൊസൾഫാനിലെ രാഷ്ട്രീയം കോൺഗ്രസ്സിന്റെ തലയിൽ തന്നെയിരിക്കട്ടെ...

ഹെലിക്കോപ്റ്ററിലൂടെ തളിച്ചതും അധിക ഉപയോഗവും ഓരൊ കാരണങ്ങളായിരിക്കാം... ഒരു പക്ഷെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്‌ ജനവാസ കേന്ദ്രമായതുമാകം ദുരന്തം വർദ്ധിപ്പിച്ചത്‌... ഇതൊക്കെ നിയന്ത്രിക്കേണ്ട കേരളസർക്കാരുകളാണ്‌ ഒന്നാം പ്രതി... അവിടേയും തർക്കമില്ല... പക്ഷെ കാസർഗോഡ് ഒരു ദുരന്തമുണ്ട്‌... അതിന്‌ പരിഹാരമെന്ത്‌... അതിന്‌ എല്ലാവിധ മാർഗങ്ങളും സ്വീകരിക്കണം... എല്ലാവിധ പഠനങ്ങളും നടത്തിയതിന്‌ ശേഷം “മറ്റു മരുന്നുകളേക്കാൾ അപകടം പിടിച്ചതാണ്‌” എന്ന്‌ മനസ്സിലാക്കിയതിന്‌ ശേഷം നിരോധിക്കാം എന്നതല്ല ന്യായം... വലിയ ഒരു ജന വിഭാഗം ഭയപ്പാടോടെ കാണുന്ന എൻഡൊസൾഫാൻ തൽക്കാലം നിരോധിക്കുന്നു... അതല്ലെ ജനാധിപത്യ മര്യാദ...

കേന്ദ്ര സർക്കാർ എൻഡോസൾഫാനെ നിരോധിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക്‌ നൽകട്ടെ...

ഒരു മരുന്ന്‌ വാങ്ങിയാൽ അതിന്റെകൂടെ ഭൂത കണ്ണാടി വെച്ചാൽ പോലും വായിക്കാൻ പറ്റാത്ത വലിപ്പത്തിൽ പലതും എഴുതി വെയ്‌ക്കാറുണ്ട്‌... ഹെലിക്കോപ്റ്റരിലുടെ അടിച്ചാൽ മനുഷ്യരിൽ പ്രശ്നമാകുമെന്ന്‌ വല്ല കുറിപ്പും ഈ എൻഡ്സൾഫാൻ പാക്കറ്റിലുണ്ടോ? ലോകം മുഴുവനും എൻഡൊസൾഫാനെ പറ്റി ചർച്ച ചെയ്യുന്നു... എങ്ങിൽ എന്താണ്‌ പ്രശ്നമെന്ന്‌ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം എൻഡൊസൾഫാൻ കമ്പനിക്കില്ലേ...

ഓഫ്...

എന്റെ കൊച്ചിന്‌ മുട്ട അലർജിയാണെന്ന്‌ സംശയം തോന്നിയാൽ... ആദ്യം അതങ്ങ്‌ നിർത്തും പിന്നേയെ പഠനം നടത്തു... ഹല്ല പിന്നെ...

Saturday, 6 November 2010

ഒബാമക്ക്‌ സ്വാഗതം... വരവിന്റെ ലക്ഷ്യം?

ബരാക്ക്‌ ഒബാമ വരുന്നു... ഇന്ത്യയിലേക്ക്‌... വരട്ടെ... ശീത യുദ്ധം അവസാനിച്ചതിന്‌ ശേഷം... ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളരുമ്പോൾ? അമേരിക്കൻ പ്രസിഡണ്ടുമാർ ഇന്ത്യയിലേക്ക്‌ വരുന്നത് വലിയ കാര്യമല്ലാതായി... ക്ലിന്റൻ... ബുഷ്‌... ഇപ്പോളിതാ ഒബാമയും... കാരണം വളരെ ലളിതം... അമേരിക്കക്ക്‌ ഇന്ത്യയെ വേണം, ഇന്ത്യക്ക്‌ അമേരിക്കയെ വേണം...

എവിടെയൊക്കെയാണ്‌ പരസ്‌പരം വേണ്ടലുകൾ... അങ്ങനെയൊന്ന്‌ നാം അറിയുന്നുണ്ടോ? കാര്യമായ ചർച്ചകൾ നടക്കുന്നുണ്ടോ? ജനപ്രതിനിധികൾക്ക്‌ വല്ലതും അറിയുമോ? ഒബാമ ഇന്ത്യയിൽ വരുമ്പോൾ എവിടെ താമസിക്കുന്നു... എവിടെ ഭക്ഷണം കഴിക്കുന്നു... കൂടെ ആരൊക്കെ വരുന്നു... ഇത്തരം കാര്യങ്ങൾ നമ്മുടെ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ മറന്നു പോകുന്ന ഒരു കാര്യം ഒപ്പിടുന്ന കരാറുകൾ ഏതൊക്കെ... ആ കരാറുകളുടെ ഗുണങ്ങൾ എന്തൊക്കെ... ഗുണഭോക്താക്കൾ ഇന്ത്യയോ അമേരിക്കയോ? ഇതൊന്നും ചർച്ച ചെയ്യാത്ത മാധ്യമങ്ങൾ മഞ്ഞപത്ര നിലവാരത്തിൽ കാര്യങ്ങളെ കാണുന്നു... പൂർണ്ണമായും മാധ്യമങ്ങൾ അവഗണിച്ചു എന്ന്‌ പറയുന്നില്ല പക്ഷെ പ്രാധാന്യമില്ല... എല്ലാം A.I.C.C യോഗം പോലെ...

പതിവുപോലെ ഇടതുപക്ഷ പാർട്ടികൾ പ്രതിക്ഷേധവുമായി മുന്നിലുണ്ട്‌... ഭീകര വിരുദ്ധ പോരാട്ടത്തിൽ അമേരിക്ക ഇന്ത്യയെ സഹായിക്കുന്നില്ല... ഭോപ്പാൽ ദുരന്തം പൊക്കിപ്പിടിക്കുന്നു... കമ്യുണിസ്റ്റുകാരുടെ പ്രശ്‌നം... ഭോപ്പാലല്ല... ഭീകരരുമല്ല... സാമ്രാജത്വമാണ്‌... അമേരിക്കയാണ്‌... കോക്കോകോളയാണ്‌... അണികൾക്ക്‌ ഒരു പണിയാണ്‌... പാർലമെന്റിലെ ഒബാമയുടെ പ്രസംഗം ബഹിഷ്കരിക്കാത്ത സി.പി.എം.ഇന്റെ നിലപാടിന്‌ കാക്കരയുടെ പിൻതുണ... ചൈനീസ്‌ അണ്ണന്മാർ വരുമ്പോഴും നമുക്ക്‌ പ്രതിക്ഷേധിക്കണം... നമ്മുടെ കാഷ്മീരും അരുണാചലും അവർ അടിച്ചുമാറ്റിയിരിക്കയല്ലെ... ചുമ്മാ തോണ്ടിയതാണ്‌... കാര്യമാക്കേണ്ട...

അമേരിക്കൻ ശ്വാനന്മാർക്ക്‌ പഞ്ചനക്ഷത്ര സൗകര്യം... പട്ടികൾക്ക്‌ എന്തുകൊടുക്കുന്നു എന്നതല്ല കാക്കരയുടെ പ്രശ്‌നം... ഒബാമാ വന്നാൽ നമുക്കെന്ത് കിട്ടും... അതിന്‌ പകരമായി നമുക്കെന്ത് നഷ്ടപ്പെടും... ഒന്ന്‌ പറയു?

മംഗളം നല്കുന്ന ചെറിയ വിവരം താഴെ... തലവാചകം ശ്രദ്ധിക്കണം... ഇന്ത്യ “ആഗ്രഹിക്കുന്നു” പക്ഷെ അമേരിക്കക്ക്‌ “വേണ്ടത്‌”

ഇന്ത്യ ആഗ്രഹിക്കുന്നത്‌

*ദക്ഷിണേഷ്യന്‍ മേഖലയിലും അതിനപ്പുറത്തേക്കും ഇന്ത്യയുടെ സൈനികവും സുരക്ഷാപരവുമായ താല്‍പര്യങ്ങള്‍ക്കു പിന്തുണ
*യു.എന്‍. രക്ഷാസമിതി സ്‌ഥിരാംഗത്വത്തിന്‌ നിരുപാധിക പിന്തുണ
*ഡി.ആര്‍.ഡി.ഒ, ഐ.എസ്‌.ആര്‍.ഒ. എന്നിവയെ സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെ കരിമ്പട്ടികയില്‍നിന്ന്‌ ഒഴിവാക്കുക
*വിവിധോപയോഗ സാങ്കേതികവിദ്യാ കൈമാറ്റം
*അഫ്‌ഗാന്‍ പുനര്‍നിര്‍മാണത്തിലും ഭാവി ഭരണത്തിലും പ്രാമുഖ്യം
*പ്രൊഫഷണലുകള്‍ക്ക്‌ അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരം
*ആഫ്രിക്കയിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനു യു.എസ്‌. സഹകരണം
*ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും യു.എസ്‌. വിപണിയില്‍ വിപുലമായ അവസരം

അമേരിക്കയ്‌ക്കു വേണ്ടത്‌

*വന്‍ശക്‌തിയാകാന്‍ കുതിക്കുന്ന ചൈനയെ തടഞ്ഞ്‌ ഏഷ്യയില്‍ സന്തുലനം സൃഷ്‌ടിക്കുന്ന ശക്‌തിയായി ഇന്ത്യ മാറുക
*അഫ്‌ഗാനിലെ സമാധാനത്തിനും സ്‌ഥിരതയ്‌ക്കും ഇന്ത്യന്‍ സഹകരണം
*ഇന്ത്യയുടെ സൈനിക നവീകരണത്തിലും പ്രതിരോധ വിപണിയിലും അമേരിക്കന്‍ കമ്പനികള്‍ക്കു പ്രാമുഖ്യം
*ഭീകരവിരുദ്ധ പോരാട്ടത്തിലെ സഹകരണം
*യു.എസ്‌. കമ്പനികള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകിട്ടുക
*ആഗോളതാപനം ചെറുക്കുന്ന സാങ്കേതികവിദ്യകള്‍ ഇന്ത്യക്കു വില്‍ക്കുക
*നൂതന സാങ്കേതികവിദ്യയ്‌ക്കു വിപണി
*സൈനികേതര ആണവമേഖലയില്‍ പിടിമുറുക്കുക
*അമേരിക്കയില്‍ തൊഴിലവസരം സൃഷ്‌ടിക്കുന്ന നടപടികള്‍ക്ക്‌ ആക്കംകൂട്ടുക