Sunday 30 January 2011

റൗഫേ... നീയാടാ പുലി...

റൗഫേ... നീയാടാ പുലി... പുലിക്കുട്ടിയെ കെണിയിൽ വീഴ്ത്തിയ ചാവേർ പുലി, കൂടെ കുറെ ചാവാലി പട്ടികളേയും...

ഉമ്മൻചാണ്ടി പറഞ്ഞതാണ്‌ അതിന്റെയൊരു ശരി... പുതിയതായി ഒന്നുമില്ല... വാർത്താസമ്മേളനത്തിലൂടെയും ചാനലിലുടേയും മറ്റും പുറത്തുവരുന്ന കാര്യങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിനും ചെന്നിത്തലക്കും വയലാർ രവിക്കും അറിയാമായിരുന്നു... അതുകൊണ്ടാണല്ലോ, അവർ പറഞ്ഞത്‌, പുതിയതായി ഒന്നുമില്ല... ഇതൊക്കെതന്നെയാണ്‌ അണിയറയിൽ നടക്കുന്നത്‌... പാവം അണികൾ... ഒന്നും മനസ്സിലാകാതെ... പാർട്ടിക്കൊടി എയർപ്പോർട്ടിന്‌ മുകളിലും കെട്ടി ശൗര്യം കാണിക്കുന്നു...

കുഞ്ഞാലിക്കുട്ടി ഒരു മുഴം മുന്നേ ജാമ്യം എടുത്തു... റൗഫിന്റെ ട്രാക്‌ റെകോർഡ്‌ അത്ര പന്തിയുള്ളതല്ല... എന്നുവെച്ച്‌ വിശ്വാസിക്കാതിരിക്കാൻ കാരണം ഒന്നുമില്ല... രാഷ്ട്രീയകളികൾ ഉണ്ട്‌... ഉണ്ടാകണമല്ലോ... എന്നാലല്ലേ, അണിയറയിൽ നടന്ന കൂട്ടികൊടുപ്പുകൾ, നാലാൾ അറിയുകയുള്ളു... സംഭാവന കൂടുന്നതിനനുസരിച്ച്‌ കളികൾ ഗമ്പീരമാകും എന്ന്‌ വിളിച്ചു പറയുന്ന സൈക്കിൾ ചവിട്ട്‌ സംഘത്തെയാണ്‌ ഓർമ വരുന്നത്‌... "വലിയ കളികൾ" കാണാൻ പലരും അവരുടേതായ "സംഭാവന" നൽകും...
 
നിയമസഭാസാമാജികർ മദ്യപിച്ച്‌ നിയമസഭയിൽ വരുന്നു എന്ന ശ്രീമതി ടീച്ചറുടെ അഭിപ്രായം കക്ഷിരാഷ്ട്രീയഭേദമെന്യെ സ്പീക്കർ മുതൽ പ്രതിപക്ഷനേതാവ്‌ വരെ എല്ലാവരും കൂടി തല്ലിക്കെടുത്തി... അതെ മനോഭാവം പുലർത്തുന്ന നിയമസഭാകമ്മിറ്റി അതിനേക്കാൾ മാരകമായ, അതും ഇടതും വലതും വേരുകൾ ആഴ്ത്തിയിട്ടുള്ള കുഞ്ഞാലിക്കുട്ടിക്കെതിരെ സത്യസന്ധമായി എങ്ങനെ ഒരു അന്വേഷണം നടത്തും... മീനാക്ഷിതമ്പാൻ വെടിപൊട്ടിച്ച്‌ കഴിഞ്ഞിരിക്കുന്നു...

എന്തായാലും ബുജികൾ കുഞ്ഞാലിക്കുട്ടിയെ ക്രൂശിക്കാൻ മുൻകൈ എടുക്കില്ല... അവർ അങ്ങനെയാ... പാപത്തിന്റെ അളവ്‌ പ്രശ്നമാക്കുകയില്ല... നീതിമാന്മാരാണ്‌... മദനിയെ പഴയകാല ചെയ്തികളുടെ പേരിൽ ഇപ്പോഴും വേട്ടയാടുന്നതിൽ മദനിക്ക്‌പോലും ഇത്രയും അസഹിഷ്ണത ഉണ്ടാവുകയില്ല... മാത്രമല്ല മദനിയെപോലെ തന്നെ കുഞ്ഞാലിക്കുട്ടിയും "ചെയ്ത പാപങ്ങൾ" ഏറ്റുപറഞ്ഞു... പാശ്ചാതപിച്ചു... പുതിയ മനുഷ്യനായി... തെളിവില്ലാത്തതിനാൽ രണ്ടുപേരേയും കോടതികൾ വെറുതെ വിട്ടു... ശിക്ഷ രണ്ടുപേരും ഏറ്റുവാങ്ങി... ഒരാൾ നിയമത്തിന്റെ കോടതിയിലും മറ്റൊരാൾ ജനത്തിന്റെ കോടതിയിലും...

അഞ്ച്‌ വർഷം മുൻപ്‌ പിണറായി സഖാവ്‌ നടത്തിയ യാത്രപോലെയായി... ഉമ്മൻചാണ്ടിയുടെ കാര്യം... വലിയ യാത്രയൊന്നും നടത്താതെ കാര്യം സാധിക്കമായിരുന്നു... ഇനിയിപ്പോൾ ന്യുമോനിയ ഒക്കെ മാറി യാത്ര തുടർന്നാലും... ചോദ്യങ്ങൾക്ക്‌ ഉത്തരം പറഞ്ഞ്‌ ഒന്ന്‌ വലയും...

ഈ കോലാഹലങ്ങളുടെ ഒരു ഗുണം, വി.എസ്സ്‌ പറഞ്ഞത്‌ പോലെ രാഷ്ട്രീയത്തേയും ജനാധിപത്യത്തേയും ബാധിച്ചിരുന്ന ജീർണ്ണത മറനിക്കി പുറത്ത്‌ വരുന്നു... മലബാർ സിമന്റ്സ്‌ അഴിമതിയുടെ രക്തസാക്ഷിയായി നമ്മുടെ മുന്നിൽ ശശീന്ദ്രനും കുടുംബവും... ജഡ്ജിമാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ വിലക്കെടുക്കപ്പെട്ടിരിക്കുന്നു... ഇതുപോലെ എത്രപേരെ പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും നിശബ്ദരാക്കിയിരിക്കുന്നു... രാഷ്ട്രീയ അതിർത്തികൾ ഭേദിച്ച്‌, കൂട്ടികൊടുപ്പുകൾ... ഇതല്ലേ മാഫിയ... സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന മാഫിയ...


ഇതിൽ നിന്ന്‌ നാം വല്ലതും പഠിച്ചാൽ, നമുക്ക്‌ നല്ലത്‌...

വാൽകഷ്ണം... രക്തം രക്തത്തെ തിരിച്ചറിയും എന്ന്‌ പറയുന്നത്‌ എത്ര ശരി... അതല്ലേ ഇടത്ത്‌ നിന്ന്‌ ശശിയണ്ണൻ വലത്തിരിക്കുന്ന കുഞ്ഞാലിക്കൊരു സഹായഹസ്തം നായന്നാരുടേ മേശയുടെ അടിയിലൂടെ നീട്ടിയത്‌...

Tuesday 11 January 2011

കണ്ണൂർ എയർപ്പോർട്ടും ഓഹരിനിലവാരവും...

എല്ലാരും ചൊല്ലണ്‌
എല്ലാരും ചൊല്ലണ്‌
ഓഹരിയാണ്‌ നെഞ്ചിലെന്ന്‌...

ആകെ ഒരു എയർപ്പോർട്ടും... ഇച്ചിരി ഓഹരിയും... അഞ്ചപ്പവും രണ്ടു മീനും കൊണ്ട്‌ അയ്യായിരം വരുന്ന ജനത്തിന്റെ വിശപ്പടക്കിയ ഈശോമിശിഹായൊന്നും അല്ലല്ലോ ഓഹരി വിതരണം ചെയ്യുന്ന റ്റി. ബാലകൃഷ്ണൻ...  മാത്രവുമല്ല... വിഴുങ്ങാൻ വരുന്നവരുടെ ആർത്തിയാണെങ്ങിൽ 2000 വർഷം മുൻപത്തേതുമല്ല... കാക്കര ചക്കകൂട്ടാൻ കണ്ടപോലെയാണ്‌...

നെടുംബാശേരിയിൽ നിന്ന്‌ കണ്ണൂരിലേക്ക്‌ എത്തുമ്പോൾ... നെടുംബാശേരിയുടെ വിജയം, നാമെല്ലാവരേയും ശുഭാപ്തി വിശ്വാസിയാക്കുന്നുണ്ട്... പണം മുടക്കാൻ തയ്യാറായി നിൽക്കുന്നവരെ കാണുമ്പോൾ തീർച്ചയായും സന്തോഷമുണ്ട്... മലയാളിയുടെ കയ്യിൽ മൂലധനമുണ്ട്‌ കൂടെ കാറൽമാർക്സിന്റെ മൂലധനവും... മൂലധനത്തിന്‌ വേണ്ടി നമ്മുടെ മന്ത്രിമാർക്ക്‌ ലോകബാങ്കിന്റേയൊ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റേയൊ തിണ്ണ നിരങ്ങേണ്ട... അവരെ ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിക്കേണ്ട... കരി ഓയിലും വേണ്ട...

സർക്കാർ തലത്തിൽ രൂപികൃതമാകുന്ന ഒരു കമ്പനിയിൽ ആർക്ക്‌ ഷെയർ കൊടുക്കണമെന്നത്‌ സർക്കാർ തീരുമാനമാണ്‌... സ്വത്ത്‌ ഏതെങ്ങിലും കേന്ദ്രത്തിൽ കുമിഞ്ഞ്കൂടുന്നത്‌ നല്ലതുമല്ല... പരമാവധി ജനങ്ങളിലേക്ക്‌ ഓഹരികൾ എത്തുകയെന്നതല്ലെ കൂടുതൽ അഭികാമ്യം... അതല്ലെ ഒരു ഇടതുപക്ഷ സർക്കാർ ഒരു സോഷ്യലിസ്റ്റ് രാജ്യത്ത്‌ നടപ്പിലാക്കേണ്ടത്‌... മുഖ്യമന്ത്രി വി.എസ്സിന്റെ നിലപാടല്ലെ ഇവിടെ കൂടുതൽ ശരി... ഓഹരികൾ കൂടുതൽ പേരിലേക്ക്‌ എത്തിക്കുന്ന തീരുമാനങ്ങളായിരിക്കും എടുക്കുക... പാർട്ടിയും മന്ത്രിസഭയും കൂടി ആലോചിക്കട്ടെ.... പ്രതിപക്ഷവും സഹകരിക്കട്ടെ.... ഒരു നല്ല കാര്യം ചെയ്തിട്ട്‌ പടിയിറങ്ങാനായിരിക്കും വി.എസ്സിന്റെ ആലോചന... ദൈവം സഹായിക്കട്ടെ... (ദൈവം ഇല്ലാത്തവർ നായനാരെ സ്മരിച്ച്‌ പി.ബി. എന്ന്‌ വായിച്ചാലും കുഴപ്പമില്ല...)

കാശുള്ളവർ മാത്രം ഓഹരിവാങ്ങിയാൽ മതിയെന്ന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി റ്റി. ബാലകൃഷ്ണന്റെ നിലപാടിനോട്‌ പൂർണ്ണമായി യോജിക്കുന്നു... ഓഹരിയെന്താ അരിയും പഞ്ചാസാരയും മണെണ്ണയും പോലെ റേഷൻകട വഴി വിതരണം ചെയൂന്ന സാധനം ഒന്നും അല്ലല്ലോ...  കാശുള്ളവർ തന്നെ വാങ്ങിയാൽ മതി... ദരിദ്രനാരായണൻമാർ ഓഹരി ചുരുട്ടിയാണോ അടുപ്പിൽ തീ പുകയ്ക്കുന്നത്‌ (ഹർഷദ് മേത്ത പണ്ട്‌ കാളയും ബിയറും കളിച്ചപ്പോൾ കുറെ പേർ ഓഹരിപത്രങ്ങൾ കിട്ടിയ വിലയ്ക്ക്‌ തൂക്കി വിൽക്കേണ്ട അവസ്ഥയിലായിരുന്നു)...

പക്ഷെ വിയോജിപ്പ്‌ തുടങ്ങുന്നത്‌... 100 രൂപ മുഖവിലയുള്ള 2000 ഓഹരികൾ (സുമാർ 2 ലക്ഷം രൂപ) വാങ്ങുവാൻ സാധിക്കുന്നവർ മാത്രം കണ്ണൂർ എയർപ്പോർട്ടിൽ പങ്കാളിത്തം നേടിയാൽ മതിയെന്ന്‌ പറഞ്ഞ്‌ ചിലർക്കൊക്കെ ചൂട്ട്‌ പിടിക്കുമ്പോഴാണ്‌... വ്യക്തികൾക്ക്‌ നേടാവുന്ന ഓഹരിക്ക്‌ ഉയർന്ന പരിധി വേണ്ട പക്ഷെ താഴ്ന്ന പരിധി വേണം... അതാണ്‌ ന്യായം... ഒടുക്കത്തെ ന്യായം... 100 ഉലുവ മുടക്കിയ വല്ലവനും കണ്ണൂർ എയർപ്പോർട്ടിന്റെ അവകാശവും പറഞ്ഞ്‌ നമ്മളെ ചോദ്യം ചെയ്യൂന്നത്‌ നമ്മള്‌ എങ്ങനെ സഹിക്കും... അല്ലേ?

താഴ്ന്ന നിക്ഷേപപരിധി 10,000 രൂപയായി (100 ഷെയർ) നിശ്ചയിക്കുക... (പല ചാനലുകാരും ഓഹരി സംഭരിച്ചത്‌ ഈ നിലവാരത്തിൽ തന്നെയല്ലെ...) ലാഭം കിട്ടുമെന്ന്‌ പ്രതീക്ഷയുള്ളപ്പോൾ എന്തിന്‌ ജനത്തിനെ ബുദ്ധിമുട്ടിക്കണം അല്ലേ... കൈരളി ചാനലിലും ഇന്ത്യവിഷൻ ചാനലിലും എങ്ങനെയായിരുന്നു ഓഹരി പരിപാടി... ഒന്നും മറക്കരുത്‌...

എയർപ്പോർട്ട്‌ വരുന്നത്‌ മൂലം വീട്‌, ഭൂമി നഷ്ടപ്പെടുന്നവർക്ക്‌ ഓഹരി വില്പനയിൽ മുൻഗണന നല്കുക... നാടിന്റെ പുരോഗതിയിൽ അവരേയും പങ്കാളിയാക്കുക...

എയർപ്പോർട്ട്‌ വന്നാൽ ഒരു പക്ഷെ 80% മുതൽ 90% ശതമാനം വരെ പ്രവാസികളായിരിക്കും പറന്നിറങ്ങുന്നത്‌...  ഓഹരി വിതരണത്തിൽ കൊടുക്കണം അവർക്കും മുൻഗണന... പ്രവാസി ക്ഷേമപദ്ധതിയും ഇൻഷുറൻസും എന്നൊക്ക്‌ പറഞ്ഞ്‌ കുറേ നാളായില്ലേ പ്രവാസികളെ പറ്റിക്കുന്നത്‌! അവരും പച്ചരി വാങ്ങട്ടെ...

ബാക്കി വല്ല ഓഹരിമുണ്ടെങ്ങിൽ നമ്മുടെ സ്വന്തം ക്യാപ്റ്റൻ കൃഷ്ണൻനായർക്കും കൊടുക്കാം അല്ലേ?

ഓഫ്... മൊണ്ടേഗ് ‌സിംഗ്‌ അലുവാലിയയുടെ പ്രകടനമാണ്‌ അടുത്തത്‌...

യൂസഫ്‌ അലി മുതൽ രവി പിള്ള വരെയുള്ള പാവം പ്രവാസികളെ ഇരുത്തികൊണ്ട്‌ തട്ടിയത്‌... ഇന്ത്യയിലുള്ള നിക്ഷേപത്തിന്റെ വെറും 5% നിക്ഷേപം മാത്രമെ, അങ്ങ്‌ അമേരിക്ക മുതൽ ഇങ്ങ്‌ ഗൾഫ്‌ വരേയുള്ള പ്രവസ്സികളില്‌ നിന്ന്‌ ഉള്ളു... ബാക്കിയെല്ലാം ഒറിജിനൽ ഇന്ത്യക്കാരുടെതാണ്‌... അദ്ദേഹം മനസ്സിൽ പറഞ്ഞത്‌ “ഇനിയെങ്ങിലും ഉത്തരംതാങ്ങികളായി കോട്ടും സ്യൂട്ടും ഇട്ട്‌ ഇങ്ങ്‌ വന്നേക്കരുത്‌!”