Wednesday, 21 April 2010

“ശല്ല്യക്കാരനായ” നവാബിനെ ഓർക്കുമ്പോൾ....

1950-ഇൽ പയന്നൂരിൽ കുഞ്ഞിരാമ പൊതുവാളിന്റെയും ഭാർഗവിയമ്മയുടെയും മകനായി ജനിച്ച ടി.എ രാജേന്ദ്രൻ, നവാബ്‌ ദിനപത്രത്തിലൂടെ മലയാളികളുടെ നവാബായി വളർന്നു. മറ്റു ചിലർക്ക്‌ ശല്ല്യക്കാരനും!

“അടിയന്തരാവസ്ഥ ഫെയിം” കരുണാകരനും ജയറാം പടിക്കലും ചേർന്ന്‌ നവാബിന്റെ പത്രപ്രവർത്തന ജീവിതം തകർത്തുകളഞ്ഞു. പത്രം ഇല്ലാതാക്കിയെങ്ങിലും നവാബിനെ ഇല്ലാതാക്കുവാൻ “ലീഡർ”ക്കായില്ല എന്ന്‌ മാത്രമല്ല, നവാബ് പൊതു താല്പര്യ ഹർജിയിലൂടെ കേരളത്തിൽ മുഴുവനായും പ്രത്യേകിച്ച്‌ കോടതി വരാന്തകളിലും സ്ഥിരം സഞ്ചാരിയായി നിറഞ്ഞു നിന്നു. പ്രായം തികയാത്ത മകളെ വിവാഹം ചെയ്ത്‌ കൊടുത്ത എം.പി. ഗംഗാധരന്റെ മന്ത്രി പണി പോയതും നവാബിന്റെ പൊതു താല്പര്യ ഹർജിയിലൂടെയാണ്‌, സ്ഥിരമായി കരുണാകരനെ തോണ്ടുകയും ചെയ്തിരുന്നു.

കാൻസർ നവാബിനെ കീഴടക്കുകയും 2003 ഒക്‌ടോബർ 10 ന്‌ നമ്മുടെ സ്വന്തം നവാബ്‌ ഒരു കൊച്ചു സ്വപ്നം മാത്രം ബാക്കിവെച്ചിട്ട്‌ യാത്ര പറഞ്ഞു, എന്നന്നേയ്‌ക്കുമായി.......  കൂടിയാൽ ഒരു വർഷത്തിനുള്ളിൽ സഫലിക്കരിക്കാമായിരുന്ന ഒരു സ്വപ്നം പൂർത്തികരിക്കുന്നതിന്‌ നാം 10 വർഷം എടുത്തു. ഇതാണ്‌ യഥാർത്ഥ കേരള മോഡൽ! ഇടതു വലതു സർക്കാരുകൾ മാറി മാറി ഭരിച്ചു, പക്ഷെ സ്വപ്നം സ്വപ്നമാത്രമായി അവശേഷിച്ചു. അവസാനം സ്വപ്നം നാളെ യാഥാർത്ഥ്യമാകുന്നു. ഏപ്രിൽ 21, 2010 രാവിലെ 11 മണിക്ക്‌ എറുണാകുളം ജനറൽ ആശുപത്രിയിൽ, ജസ്റ്റീസ്‌ വി.ആർ. കൃഷ്ണയ്യർ ഉൽഘാടനം ചെയ്യുന്നു, ചടങ്ങിൽ എറുണാകുളം ജില്ലാ കളക്ടർ അദ്ധ്യക്ഷത വഹിക്കും.

മാനവസേവ പുരസ്കാരത്തിനോടൊപ്പം നവാബിന്‌ കിട്ടിയ രണ്ട് ലക്ഷം രൂപ അദ്ധേഹം തന്നെ ഒരു സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി നീക്കിവെയ്‌ക്കുകയായിരുന്നു. ഇതിനായി മാനവസേവാ സമിതി ഒരു ട്രസ്റ്റ്‌ രൂപികരിച്ച് 7.86 ലക്ഷം രൂപ സമാഹരിച്ച്‌ മുന്നോട്ട്‌പോയി. 21 ലക്ഷം രൂപ എം.പി ഫണ്ടിൽ നിന്ന്‌ സെബാസ്റ്റ്യൻ പോൾ നൽകുകയും റോട്ടറി ക്ലബ് (കൊച്ചി മിഡ് ടൗൺ) ഇന്റെ സഹായത്തോടെ നവാബിന്റെ സ്വപ്നം പൂർത്തികരിച്ചു. ഇതിൽ സഹകരിച്ച എല്ലാവർക്കും കാക്കരയുടെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. കൂടാതെ ഇതിന്റെ മുൻനിരയിൽ പ്രവർത്തിച്ച മാനവസേവ ട്രസ്റ്റ് ചെയർമാനും പത്രപ്രവർത്തകനുമായ കെ.എം.റോയിക്കും.

നവാബിന്റെ സ്വപ്നം ഉൽഘാടനം ചെയ്യുന്നതിന്‌ വി.ആർ. കൃഷ്ണയ്യർ എന്തുകൊണ്ടും അനുയോജ്യനാണ്‌ എന്നതും ഇത്തരുണത്തിൽ ചൂണ്ടികാണിക്കട്ടെ. 1980 ന്‌ മുൻപ്‌ പൊതുതാല്പര്യ ഹർജികൾ സമർപ്പിക്കുവാൻ സാധിക്കുമായിരുന്നില്ല. സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു കാര്യത്തിന്‌ വേണ്ടി കേസിനാസ്പദമായ സംഭവം നേരിട്ട്‌ ബാധിക്കാത്ത ഏതൊരു വ്യക്തിക്കും കോടതിയെ സമിപിക്കാവുന്ന പൊതുതാല്പര്യ ഹർജികൽ സമർപ്പിക്കാം എന്ന നിയമം നടപ്പിലായതിന്‌ ശേഷം അങ്ങനെയുള്ള ഒരു ഹർജി ആദ്യമായി സ്വ​‍ീകരിച്ചത്‌ ജുസ്റ്റീസുമാരായ വി. ആർ. കൃഷ്ണയ്യരും പി. എൻ. ഭഗവതിയും കൂടിയായിരുന്നു.

നീണ്ട 10 വർഷം എടുത്ത്‌ പൂർത്തികരിച്ച നവാബിന്റെ സ്വപ്നമെന്തായിരുന്നു?

ഒരു മോർച്ചറി! അതും സർക്കാർ ആശുപത്രിയിൽ! എറുണാകുളം ജനറൽ ആശുപത്രിയിൽ.  മരിച്ചുകഴിഞ്ഞവരുടെ ശരീരം ചീഞ്ഞളിയാതെ പോസ്റ്റ്മോർട്ടം നടത്തി വേണ്ടപ്പെട്ടവർക്ക്‌ ശരീരം നൽകുവാനുള്ള ഒരു സംവിധാനമെങ്ങിലും ഒരു സ്വപ്നമായി കൊണ്ടുനടന്ന നവാബ്‌ നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ നേതാക്കളെക്കാൾ എത്രയോ ഉയരെയാണ്‌.

ജനാധിപത്യവും നിയമവ്യവസ്ഥയും അനുവദിച്ചിരുന്ന വഴികളിലൂടെ നമുക്ക്‌ വേണ്ടി പട പൊരുതിയ നവാബിന്റെ സ്വപ്നം സാക്ഷൽകരിക്കുന്നതിന്‌ 10 വർഷമെടുത്തു. ഇ.എം.സിന്റെയോ രാജിവ് ഗാന്ധിയുടെയോ പേരിലുള്ള ഒരു പദ്ധതിയായിരുന്നുവെങ്ങിൽ എത്ര ഉദാരമായിരിക്കും സർക്കാരുകളുടെ ഫണ്ട് വകയിരുത്തൽ! സിംഹാസനങ്ങളിൽ കയറിയവർക്ക്‌ നവാബ്‌ ഒരു ശല്യക്കാരനായിരുന്നു, ഒരു ശല്ല്യക്കാരന്റെ സ്വപ്നമോ, ആര്‌ ഗൗനിക്കുന്നു...

നവാബ് മൂലം എറുണാകുളം ജനറൽ ആശുപത്രിയിൽ ഒരേസമയം മൂന്ന്‌ ശവശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനും 20 ശവശരീരം സൂക്ഷിച്ചുവെയ്ക്കുവാനുമുള്ള സൗകര്യത്തോടെ ഒരു ആധുനിക മോർച്ചറി. നവാബിന്റെ സ്വപ്നം മാറ്റി നിറുത്തിയാൽ തന്നെ പ്രഥമ പരിഗണന നൽകി നടപ്പില്ലാക്കേണ്ട ആശുപത്രി വികസനം, പത്ത്‌ വർഷം കാലതാമസം! ഒരിക്കൽകൂടി പറയട്ടെ, ഇതാണ്‌ കേരള മോഡൽ വികസനം!

1980 കൾ മുതൽ പൊതുതാൽപര്യഹർജികളിലൂടെ നിരവധി പേർ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമാണിമാരെ പോസ്റ്റ്മോർട്ടം ചെയ്യുന്നു. അതെ, അത്‌ തന്നെയാണ്‌ നവാബ്‌ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള മോർച്ചറി നമുക്കായി തന്നിട്ട്‌ മൺമറഞ്ഞത്‌. നവാബ്‌ നിറുത്തിയിടത്തുനിന്ന്‌ നാം തുടങ്ങണം. നമുക്ക്‌ കൂട്ടിനായി 2005 ഇൽ നിലവിൽ വന്ന വിവരവകാശനിയമവുമുണ്ട്‌, നവാബിനില്ലാതിരുന്നത്‌....

വാൽകഷണം....

“ലീഡറുടെ” രാഷ്ട്രീയ ജീവിതത്തിന്‌ കരിനിഴൽ വീഴ്ത്താൻ നവാബിനായില്ല. മകനുള്ളപ്പോൾ കൊള്ളി വെയ്ക്കേണ്ടത്‌ മകനല്ലെ, അതെങ്ങനെ നവാബ് ചെയ്യും?
Post a Comment