Tuesday, 26 April 2011

എൻഡോസൾഫാനും നിലപാടുകളും!

എൻഡൊസൾഫാൻ നിരോധിക്കണം എന്ന കാര്യത്തിൽ  മന്മോഹൻ സിംഗിനോ സോണിയ ഗാന്ധിക്കോ ശരദ് പവാറിനോ കേന്ദ്രസർക്കാരിനോ കോൺഗ്രസ്സിന് തന്നെയോ ഒരു താല്പര്യവും ഇല്ല... അതിനെതിരെ ശക്തമായി, എന്നാൽ ലഭിക്കാവുന്ന എല്ലാ പിന്തുണയും നേടിക്കൊണ്ട് ഒരു സമരം നയിച്ചാൽ മാത്രമെ വിജയം എളുപ്പമാകുകയുള്ളൂ...

എൻഡൊസൾഫാൻ നിരോധിക്കണം  എന്ന് ആവശ്യപ്പെടുന്ന പലരും ഇത് ഒരു ഫാഷനായി കൊണ്ടുനടക്കുകയാണ്...

നിരോധിക്കണം എന്ന്  ചുമ്മാ പറഞ്ഞാൽ പോരെ? അത് ഭംഗിയായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും  ചെയ്തു...  പ്രധാനമന്ത്രിയെ കണ്ട് മറ്റൊരു നാടകം  കളിച്ചു... എന്തൊരു ധീരനിലപാട്, അല്ലേ?

മൗനംകൊണ്ട് കേന്ദ്രമന്ത്രിമാർ  എൻഡോസൾഫാന് കുട പിടിക്കുന്നു... എന്നിട്ട് എപ്പോഴെങ്ങിലും മന്ത്രിസഭയിൽ എൻഡോസൾഫാൻ നിരോധിക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു എന്ന് പത്രത്തിൽ  ഒരു വാർത്ത വന്നാൽ പോരേ... കൂട്ടത്തി ൽ എൻഡൊസൾഫാൻ വിതച്ച നാശത്തിന് നികുതിപണത്തിൽ നിന്ന് കുറച്ച് കോടികൾ നൽകി, ദുരിതബാധിതരുടെ മുന്നിൽ മറ്റൊരു നാടകം കളിച്ചാൽ മതിയല്ലോ... ഇവർ പ്രതികരിക്കേണ്ടത്  ഇപ്പോഴാണ്... പ്രതികരണം മന്ത്രിസഭയിലും പൊതുസമൂഹത്തിലും  വേണം... പൊതുസമൂഹത്തി ലെ പ്രതികരണത്തിന് ശക്തമായ ഒരു പ്രഷർ ഉണ്ടാക്കുവാൻ സാധിക്കും... അതുവരെയുള്ള മൗനം കുറ്റകരമാണ്...

എൻഡോസൾഫാനെതിരെയുള്ള പ്രതിക്ഷേധം കോൺഗ്രസ്സിലെ  ഭൂരിഭാഗം പേരും ഒരു ചടങ്ങ് തീർക്കൽ മാത്രമായി ചുരുക്കുകയാണ്...

ഇടതുപക്ഷത്തിനാണെങ്ങിൽ എല്ലാം രാഷ്ട്രീയം ആണല്ലോ... ആ ഭാഗം അവർ കളിക്കുന്നു...

എൻഡോസൾഫാൻ വിഷയത്തിൽ ആത്മാർത്ഥ മായി വികാരം കൊള്ളുന്നവരോട് ഒരു വാക്ക്...

നമ്മുടെ കൂടെ സമരം ചെയ്യുന്നവരിൽ / തെറി പറയുന്നവരിൽ ഭൂരിഭാഗം പേരും ഒരു ഫാഷനായി തുടരുകയാണ്... രാഷ്ട്രീയപൊറാട്ട് നാടകം കളിക്കുകയാണ്...

അത് വ്യക്തമായി അറിയുന്ന കേന്ദ്രസർക്കാർ ജനവിരുദ്ധനയം തുടരുന്നു... എൻഡോസൾഫാനെ പിന്തുണയ്ക്കുന്നു...

ദുരിതബാധിതരെ, നഷ്ടപ്പെട്ടത് നിങ്ങൾക്ക് മാത്രം... ബാക്കിയെല്ലാവരും (ഭൂരിഭാഗം) കൊയ്യുകയാണ്..

...
ചില ലിങ്കുകൾ...
https://profiles.google.com/shijangeorge/posts/iYVxivHUpGb

http://georos.blogspot.com/2010/11/blog-post_11.html
 

Sunday, 24 April 2011

മോഡി വർഗ്ഗീയവാദി, വികസനവാദി...

മോഡി വർഗ്ഗീയവാദിയാണ് ഗുജറാത്ത് കലാപത്തിന് പിന്തുണ നൽകി... ഇതൊക്കെ ഒരു ഭാഗം... മറ്റൊരു ഭാഗം മോഡീയടെ നിലപാട് വികസനത്തിന് അനുകൂലമാണ്... മോഡിയാണ് നാണയം...  മോഡി വർഗ്ഗിയവാദിയല്ല  എന്ന് പറയുന്നതുപോലെ മഠയത്തരമല്ലേ വികസനവാദിയല്ല എന്ന് പറയുന്നതും...

വർഗ്ഗീയവാദിയും വികസനവാദിയും ആയ മോഡിയെ വേണോ എന്നാണ് ചോദ്യമെങ്ങിൽ... വേണ്ടായെന്ന് ഒറ്റ ശ്വാസത്തിൽ പറയും...
 
ഗുജറാത്തിലെ വികസനത്തിന് മോഡി നന്ദി പറയേണ്ടത് ശരിക്കും ബാൽ താക്കറെയോടും കൂടിയല്ലെ... മഹാരാഷ്ട്രയിലെ കമ്പനികളിൽ ശിവസേന നടത്തിയ കടന്നകയറ്റം ഗുജറാത്തികളെ കമ്പനികളുമായി ഒരു തിരിച്ച്പോക്കിന് ഇടവരുത്തി... മുമ്പെയിലെ ഓഫീസ് നില നിർത്തിയാൽ  പോലും ഫാക്റ്റ റി ഗുജറാത്തിലേക്ക് പറിച്ചു നട്ടു... ഇതിന്റെ കൂടെ മുമ്പെയിലെ ജനവാസകേന്ദ്രങ്ങളിലുള്ള  മിക്ക കമ്പനികളും നിയമപരമായി ഇൻഡസ്റ്റ്രിയൽ ഏരിയയിലേക്ക് മറ്റേണ്ടത് ഉണ്ടായിരുന്നു... അതിലെ പല കമ്പനികളും പോയത്... സില്‌വാസയിലേക്ക്, കേന്ദ്രഭരണ പ്രദേശമാണേങ്ങീലും ഗുണം ഗുജറാത്തികൾക്ക് ആണല്ലോ...

80 കളുടെ അവസാനം തുടങ്ങിയ ഗുജറാത്തിന്റെ വൻ‌വികസനത്തിന്റെ ഗുണം മോഡി കൊയ്യുന്നു... മീഡീയയെ കൈകാര്യം ചെയ്യാൻ മോഡിയെ ആരും പഠിപ്പിക്കേണ്ട... അതുകൊണ്ട് തന്നെ ഹിന്ദുത്വ വാദിയെന്ന ലേബൽ നിലനിറുത്തികൊണ്ട് തന്നെ വികസനവാദിയും ആയി  തിളങ്ങുന്നു...

റ്റാറ്റയുടെ കാർ ഫാക്റ്ററി ഗുജറാത്തിലേക്ക് മാറ്റാൻ ഒരു മണിക്കൂർ പോലും വേണ്ടീവന്നില്ല... കാര്യങ്ങൾ അണീയറയിൽ നീങ്ങീയിരുന്നു... സ്മാർറ്റ്സിറ്റി നാം ചർച്ച ചെയ്തത് ഏഴ് വർഷമായിരുന്നു...

Friday, 22 April 2011

ഇന്ത്യൻ വെജിറ്റേറിയനിസവും പെസഹാ കുരിശും...

കാക്കര ഇന്ത്യൻ ആണ്‌, അതിനാൽ തന്നെ ബീഫ് ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റിയാൽ ബർഗ്ഗർ സന്തോഷത്തോടെ കഴിച്ചിരിക്കണം... അതിനിടയിൽ പുരികം ഒന്ന്‌ ചുളിഞ്ഞാൽ... പകരം വേറൊരു ബർഗ്ഗർ ചോദിച്ചാൽ... അതാണ്‌ തൊട്ടുകൂടയ്മയുടെ അവതാരം... ഭക്ഷണ ശീലമോ എല്ലാ മനുഷ്യരിലും പലവിധത്തിൽ കാണുന്ന ഇഷ്ടക്കേട്, ഇതൊന്നും തന്നെ ഒരു ഇന്ത്യക്കാരനെ സഹായിക്കില്ല... ഒരു ഇന്ത്യൻ ആയതിന്റെ ഗതികേട്... അയിത്തം എന്നത്‌ ഇന്ത്യയിൽ മാത്രമല്ല... ഈ അറപ്പ്‌ വ്യക്തിപരമാണ്‌, വ്യക്തിപരമായ വിശ്വാസം ഒരു പക്ഷെ അന്ധവിശ്വാസം... ഇതൊന്നും ഇടതുചിന്തകളെ സ്വാധിനിച്ചില്ല... കാരണം ബീഫ് ബർഗ്ഗറെ അയിത്തവുമായി കൂട്ടികെട്ടിയിരിക്കുന്നു... അയിത്തവും സവർണവും... ഇടതുചിന്തകൾ കൊടുങ്കാറ്റായി... കൊടുങ്കാറ്റിനിടയിൽ യുക്തി കൈമോശം വന്നു... അതാണല്ലോ വേണ്ടതും, അല്ലേ?

ശാന്തമായ ഒരു അന്തരീക്ഷത്തിൽ ചിന്തിച്ചാൽ യുക്തി കടന്നുവരും... മനസ്സ്‌ ശാന്തമായാൽ അകകണ്ണിന്‌ പലതും ദർശിക്കുവാൻ സാധിക്കും... ശാന്തമായ ഒരു ദേവാലയത്തിൽ കടക്കുമ്പോൾ ഈശ്വരസാനിധ്യം അനുഭവപ്പെടും എന്ന്‌ കേട്ടിട്ടുണ്ട്...

നമുക്ക്‌ ബീഫിലേക്ക്‌ തിരിച്ചു വരാം... വേണ്ട, ബീഫ്‌ തിന്ന്‌ മടുത്തു... മാത്രവുമല്ല, സ്ഥിരമായി ബീഫ് പാറ്റി തിന്നാൽ ശരീരത്തിൽ കൊളസ്റ്റ്രോൾ അടിഞ്ഞുകൂടുമെന്ന്‌ പ്രശസ്ത “ബീഫോളജിസ്റ്റുകൾ” സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്... അപ്പോൾ ബീഫിനെ മാറ്റി പട്ടിയെ ഇറക്കിയാലോ... പട്ടിയാകുമ്പോൾ, അതിന്റെ പിന്നിൽ ആർഷഭാരതവും ഇല്ല... പട്ടി ബർഗ്ഗറിൽ നിന്ന്‌ പട്ടിയിറച്ചി മാറ്റിയാൽ നമ്മളിൽ എത്ര പേർ പിന്നെ ബർഗ്ഗർ മാത്രം തിന്നും... ഇതും അയിത്തമാണോ... അല്ലേ അല്ല... കാരണം അതിന്റെ പിന്നിൽ ഇന്ത്യൻ സവർണ്ണതയില്ല... പക്ഷെ സായിപ്പ്‌ ഉണ്ട്... ഇടതുചിന്തകൾ തണുത്തുറഞ്ഞു... മലയാളിക്ക്‌ പട്ടിയിറച്ചി ശില്ലമില്ല, അല്ലേ? പട്ടിക്ക്‌ പകരം പന്നിയായാലും ഇടതുപരിപ്രേക്ഷ്യത്തിലിട്ട്‌ ചുട്ട്‌ എടുക്കുകയില്ല... കാരണം പന്നിയിലും സവർണ്ണതയില്ല...

ഇന്നലെ പെസഹ... കൃസ്താനികൾ പെസഹ അപ്പം ഉണ്ടാക്കി അതിന്‌ മുകളിൽ ഓശാനക്ക്‌ പള്ളികളിൽ നിന്ന്‌ കൊണ്ടുവന്ന തെങ്ങിൻ ഓല കുരിശ്ശിന്റെ ആകൃതിയിൽ വെയ്‌ക്കുന്നു, ഓല മാറ്റി അപ്പം മുറിച്ച് കഴിക്കുന്നു... അപ്പം പൂർണ്ണമായും വെജ്... ഓലയാണെങ്ങിൽ കേരവൃഷത്തിന്റെ, അതും പ്രശ്നമല്ല... പക്ഷെ വിശ്വാസം... കുരിശ് തൊട്ട അപ്പം എനിക്ക്‌ വേണ്ടാ... അത് വിശ്വാസം മാത്രമാണ്‌... ഒരു പക്ഷെ അന്ധവിശ്വാസം... അതിൽ കൂടുതൽ ഒന്നുമില്ല... തൊട്ടുകൂടായ്മയല്ല എന്നത്‌ മാത്രമാണ്‌ ശരി...

അപ്പത്തിൽ നിന്ന്‌ കുരിശ്‌ മാറ്റിയെടുത്താൽ ആർക്കും അപ്പം കഴിക്കാമല്ലോ... അല്ലേ? ബീഫ്‌ ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റി കഴിക്കുന്നപോലെ... ബീഫിന്റെ പിന്നിൽ ഒരു വിശ്വാസം ഉണ്ട്... അതുകൊണ്ട്‌ തന്നെയാണ്‌ ബീഫും പന്നിയും കുരിശ്ശും കലർന്ന ഭക്ഷണം പലർക്കും ഭക്ഷിക്കാൻ കൂടുതൽ വിമുഖത...

ബീഫ് ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റി ബർഗ്ഗർ തിന്ന്‌ കാക്കര അയിത്തത്തിനെതിരെ കുരിശ്ശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു... പല്ലിയിറച്ചി മാറ്റി ബർഗ്ഗർ തിന്ന്‌ അയിത്തോച്ഛാടനം നടത്തുവാൻ ആരെങ്ങിലും വരുമായിരിക്കും...

വിശ്വാസം, അതല്ലേ എല്ലാം...


വാൽകക്ഷണം...

കണ്ണിൽ കണ്ടതെല്ലാം വിശുദ്ധഗ്രന്ഥത്തിലുടെ വ്യാഖ്യാനിക്കുന്നപോലെ എല്ലാം “ചെങ്കൽചൂളയിൽ” ചുട്ട്‌ എടുക്കണം എന്ന്‌ വാശി പിടിക്കരുത്‌...

Tuesday, 12 April 2011

കൊട്ടികലാശവും അമേരിക്കൻ ജനാധിപത്യവും...

എന്തുകൊണ്ട്‌ രാഷ്ട്രീയത്തിൽ അക്രമ മനോഭാവമുള്ള നേതാക്കൾ ഉയർന്നു വരുന്നു... ഇന്നലത്തെ കൊട്ടികലാശം മാത്രം ശ്രദ്ധിക്കുക...

കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നതായിരുന്നില്ലേ കൊട്ടികലാശത്തിലെ നീതി... അക്രമ പരമ്പരകൾ... എതിരാളികളെ കായികമായി നേരിടുക എന്നതായിരുന്നില്ലോ പദ്ധതികൾ... കൈയൂക്കിൽ വോട്ട് തേടുന്നത്‌ ഗുണ്ടായിസം തന്നെയല്ലേ... രാഷ്ട്രീയ ലേബലിൽ കാണിക്കുന്ന ഗുണ്ടായിസത്തിനെ മലയാളി സമൂഹം തള്ളികളയാത്തത്‌ നമ്മുടെ ജീർണ്ണിച്ച രാഷ്ട്രീയബോധമല്ലേ വെളിവാക്കുന്നത്‌...

മന്ത്രിക്കും എം.എൽ.എക്കും പരിക്ക്‌... പോലീസുകാർക്കും പരിക്ക്‌... പലയിടങ്ങളിൽ ലാത്തിചാർജ്... വാഹനങ്ങൾ തല്ലി തകർക്കുക... ഇതായിരുന്നില്ലേ കൊട്ടികലാശത്തിന്റെ സാമ്പിളുകൾ...

ഇതാണോ രാഷ്ട്രീയബോധം... ഇത്‌ മാത്രമാണ്‌ രാഷ്ട്രീയപ്രവർത്തനം... എന്ന്‌ ധരിച്ചിരിക്കുന്ന കുറെ ആഘോഷക്കാർ ഇന്നലെ തെരുവിൽ ഇറങ്ങി... എല്ലാ കവലകളും അവർ കയ്യടിക്കിയിരുന്നു... ഇവരിൽ നിന്ന്‌ ഉയർന്നുവരുന്ന നേതാക്കൾ തെരുവിനെ പ്രക്ഷുബ്ദമാക്കികൊണ്ടേയിരിക്കും... സാധാരണകാരന്റെ അവകാശങ്ങൾ ചവിട്ടിമെതിച്ചുകൊണ്ടേയിരിക്കും... രാഷ്ട്രീയത്തിൽ മുഴുനീളം തുടരുന്ന ഇത്തരം കൊട്ടികലാശങ്ങൾ രാഷ്ട്രീയബോധമുള്ള നേതാക്കളെ രാഷ്ട്രീയത്തിൽ നിന്ന്‌ അകറ്റിനിർത്തുന്നു... രാഷ്ട്രീയ ജീർണ്ണതക്കെതിരെ ശബ്ദമുയർത്തിയാൽ, അവരെ അരാഷ്ട്രീയവാദികൾ എന്ന ലേബലിൽ തളച്ചിടുന്നു...

ഇതിനൊരു മാറ്റം നമ്മുക്കെന്ന്‌... ഉണ്ടാകും, ഉണ്ടാകണമല്ലോ...

പഴയ ഒരു ഓർമ്മ...

ജോർജ്‌ ബുഷും അൽ ഗോറും തമ്മിൽ നടന്ന മൽസരം കോടതിയിൽ തീർപ്പ്‌ കല്പിക്കുന്നു... കോടതിയിൽ നിന്ന്‌ ഇറങ്ങി വരുന്ന ജോർജ്‌ ബുഷ്‌ പുറത്ത്‌ കാത്ത്‌ നില്കുന്ന വളരെ ചെറിയ ഒരു കൂട്ടം അണികൾക്ക്‌ കൈ കൊടുക്കുന്നു... അവരുടെയിടയിൽ “അൽ ഗോറിന്‌” പിന്തുണയുമായി ഒരു വൃദ്ധ ഒരു ചെറിയ പ്ലക്കാർഡുമായി നിൽക്കുന്നു... വൃദ്ധയുടെ ചുമലിൽ തട്ടി ഒരു ചിരിയും നല്കി ജോർജ്‌ ബുഷ്‌ നടന്നു പോകുന്നു...

ഇങ്ങനെയൊരു അവസ്ഥ ഇന്ത്യൻ സാഹചര്യത്തിൽ, ചുരുങ്ങിയ പക്ഷം ഇന്നലത്തെ കലാശകൊട്ടിന്റെ സാഹചര്യത്തിൽ ഒന്ന്‌ സങ്കൽപ്പിച്ചു നോക്കു...

Monday, 11 April 2011

13-ന്റെ അപശകുനം ഇതോടെ തീരും...

13 അശുഭ സംഖ്യ ആയതിനാൽ വീമാനത്തിൽ പോലും സീറ്റ്‌ നമ്പർ 12 കഴിഞ്ഞാൽ സീറ്റ്‌ നമ്പർ 14 ആണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌... എല്ലാ വീമാനവും അങ്ങനെയാണോ? ആ അറിയില്ല... ഞാൻ ശ്രദ്ധിച്ച രണ്ട് വീമാനവും 13 എന്ന നമ്പർ ഇല്ലാതെയാണ്‌ പറന്നത്‌... എന്തായാലും 13 ഇല്ലാത്തതുകൊണ്ട്‌ ഒരു ക്രാഷ് ലാന്റിംഗ് ഒഴുവായിക്കിട്ടി എന്നതാണ്‌ എന്റെ യോഗം...

ഹോട്ടലുകളിൽ 13 എന്ന സംഖ്യ ഒഴുവാക്കുന്നതിനായി മുറിയുടെ നമ്പർ ആരംഭിക്കുന്നത്‌ 101 മുതൽ മുകളിലേക്ക്‌...

ഹൈക്കോടതിയോ മറ്റൊ മുറികൾക്ക്‌ നമ്പർ നല്കിയപ്പോൾ 13 ഒഴിവാക്കിയതായി കേട്ടിരുന്നു...

ഇതൊക്കെ അറിഞ്ഞുകൊണ്ടാണോ തിരഞ്ഞെടുപ്പ്‌ കമ്മീഷൻ 13 ന്‌ തന്നെ തിരഞ്ഞെടുപ്പ്‌ നടത്തുവാൻ തീരുമാനം എടുത്തത്‌... 13 ഒരു അശുഭ സംഖ്യ ആയതിനാൽ... നല്ല കാര്യങ്ങൾക്ക്‌ എങ്ങനെ തുടക്കമിടും... അതോ തിരഞ്ഞെടുപ്പ്‌ നല്ല കാര്യമല്ലയെന്നാണോ “ദ്വയാർത്ഥം”...

ഫലം പ്രഖ്യാപിക്കുന്നതോ... മെയ് 13 ന്‌... അത്‌ ഏതായാലും നന്നായി... 140 പേർക്ക്‌ മാത്രം നല്ല ദിവസവും ബാക്കിയുള്ള ആയിരക്കണക്കിന്‌ സ്ഥാനാർഥികൾക്കും അശുഭദിവസവും... ജനാധിപത്യമാണല്ലോ... കാവ്യനീതി...

13 ന്റെ അപശകുനം ഇതോടെ തീർന്ന്‌ കിട്ടിയാൽ, അത്രയും നന്ന്‌... 140 പേരും അവരെ പിൻതുണച്ചവരും പറയുമല്ലോ... 13 നല്ല ദിവസമാണെന്ന്‌...

അല്ലാ.. 13 ന്‌ വല്ല അപശകുനം ഉണ്ടോ? ഉണ്ടെങ്ങിൽ 13-ന്‌ വീമാനം പറത്തരുത്‌... 13 ന്‌ ഹോട്ടലുകൾ അടച്ചിടണം... അങ്ങനേയും അപശകുനം ആചരിക്കാമല്ലോ...

ഒന്നാം തീയതിക്കുമുണ്ട്‌ തരികിട പ്രശ്നങ്ങൾ... കടം കൊടുക്കില്ല... പക്ഷെ കൈനീട്ടം വാങ്ങും... ഒന്നാം തീയതി മദ്യശാലകൾ അടച്ചിട്ടാൽ ശമ്പളം ഒക്കെ നേരിട്ട് വീട്ടിൽ എത്തുമെന്ന്‌ കണ്ടുപിടിച്ചവർ ശരിക്കും കണക്കുകൂട്ടിയത്‌... ഒന്നാം തീയതി മദ്യപിച്ചാൽ ആ മാസം മുഴുവനും മദ്യപിക്കും എന്ന വിശ്വാസമാണോ... എല്ലാം വിശ്വാസം, അതല്ലെ എല്ലാം...

Thursday, 7 April 2011

വി.എസ്സും ഉണ്ണിത്താനും രമണിയെന്ന "പ്രസ്ഥാനവും"...

ഒരു ചായ... ബസ്സിറങ്ങി വന്ന ഒരു കാർന്നോര്‌...

ചായ എടുക്കുന്നതിനിടയിൽ, മത്തായിച്ചേട്ടന്റെ കുശലാന്വേഷണം....  അല്ല്ലാ, ചേട്ടനെ ഈ പരിസരത്ത്‌ ഒന്നും കണ്ടിട്ടില്ലല്ലോ...

ഇല്ല... ഇത്തിരി അകലേന്നാ... എന്റെ മോന്‌ ഒരു ആലോചന വന്നിട്ടുണ്ട്‌... ഇവിടെ അടുത്താ... പെണ്ണിനെക്കുറിച്ച്‌ ഒന്ന്‌ അന്വേഷിക്കാൻ വന്നതാ... ഒരു രമണി... മണൽക്കാറ്റിൽ രാമന്റെ മോളാ...

ഇതേതാ രമണി... കാക്കരേ... നീയറിയോടാ ഈ പറയുന്ന രമണിയെ... ചായക്കടക്കാരൻ തഞ്ചത്തിൽ ബാറ്റൻ കാക്കരയ്‌ക്ക്‌ കൈമാറി...

ചുമ്മാ കവലയിൽ സൊറ പറഞ്ഞിരിക്കുന്ന കാക്കര അറിയാത്ത പെണ്ണോ? അൽപം ഊറി ചിരിച്ച്‌... പിന്നെ ഗൗരവത്തിൽ... എന്നാ മത്തായി ചേട്ടാ, രമണിയെ അറിയില്ലേന്നോ... കോളേജിലവൾ ഒരു പ്രസ്ഥാനമായിരുന്നില്ലേ?

ഏന്തോന്നാ മോനേ... പ്രസ്ഥാനമെന്നൊക്കെ പറയുന്നേ... കാർന്നോര്‌ കാത്‌ കൂർപ്പിച്ചു...

ഓ, ആ കഥയൊന്നും പറയേണ്ട... നാറ്റകേസ്സാ... കാക്കരയുടെ നാവിന്‌ എല്ലില്ലല്ലോ...

എന്റേ കാക്കരേ... നീ ചായ കുടിച്ച്‌ ഒന്ന്‌ എഴുന്നേറ്റ്‌ പോയേ... മത്തായിച്ചേട്ടൻ ഇടയിൽ കയറി...

പകുതി കുടിച്ച ചായ ഗ്ലാസ്‌ അവിടെ വെച്ച്‌ പൈസയും കൊടുത്ത്‌ കാർന്നോര്‌ ബ്രോക്കറെ തേടി പോയി... ആത്മഗതം... ഒരു ചായകുടിക്കാൻ തോന്നിയത്‌ നന്നായി...

അല്ലാ കാക്കരെ, നീ എന്ത്‌ പണിയാ ചെയ്തത്‌... മുടക്കിയിട്ട്‌ നിനക്ക്‌ എന്ത്‌ കിട്ടാനാ... അല്ലാ, അവൾ ശരിക്കും വശപിശകായിരുന്നോ? മത്തായിച്ചേട്ടൻ ഒന്ന്‌ ചികഞ്ഞു...

അല്ലാ, ഞാനിപ്പോൾ എന്താ പറഞ്ഞേ, പ്രസ്ഥാനമാണെന്നല്ലേ പറഞ്ഞുള്ളു... കോളേജിൽ പഠിക്കുമ്പോൾ അവൾക്കൊരു "അടിച്ചുവാരൽ" പ്രസ്ഥാനമുണ്ടായിരുന്നു... കോളേജും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ഒരു ഗ്രൂപ്പ്‌... ചപ്പും ചവറും പിന്നെ മറ്റു മാല്യന്യവും അടിച്ചുവാരി കോളേജിന്റെ ഒരു മൂലയിൽ കൊണ്ടുവന്ന്‌ തള്ളുമായിരുന്നു... അവിടെ നിന്ന്‌ മുൻസിപ്പാലിറ്റിക്കാര്‌ വന്ന്‌ കൊണ്ടുപോകും... ഡിഗ്രി അവസാനവർഷം കോളേജിന്റെ വക ഒരു സമ്മാനം കൊടുത്തിരുന്നു... കോളേജ്‌ മാഗസിനിൽ അവളുടേ ഫോട്ടോയും ഗ്രൂപ്പിനെ അനുമോദിച്ച്‌ റിപ്പോർട്ടും ഒക്കെയുണ്ടായിരുന്നു... ഈ രമണിയല്ലേ അവരുടെ ടീം ലീഡർ... ഞാനോക്കെ ചുമ്മാ "പ്രസ്ഥാനം" എന്നൊക്കെ പറഞ്ഞ്‌ കളിയാക്കുമായിരുന്നു... ഇപ്പോൾ അതൊന്ന്‌ ഓർത്തതാ...

ഇത്രേയുള്ളു... പക്ഷെ നീ നാറ്റകേസ്സാണ്‌ എന്ന്‌ പറഞ്ഞല്ലോ... മത്തായിച്ചേട്ടനും സംശയമായി...

സമയാസമത്ത്‌ മുൻസിപ്പാലിറ്റിക്കാര്‌ മാലിന്യം കൊണ്ടുപോയില്ലെങ്ങിൽ നാറ്റം ഉണ്ടാകില്ലേ? സർക്കാർ കാര്യമല്ലേ... വണ്ടി വന്നാൽ വന്നു... അത്ര തന്നെ... പിന്നെ നാറ്റവും...

മറ്റേ കേസ്സല്ലല്ലേ... ഒരു കോള്‌ നഷ്ടപ്പെട്ട ദുഃഖത്തിൽ... മത്തായിച്ചേട്ടൻ...

ഛേ... അല്ലെങ്ങിലും നേർസറിയിൽ പഠിക്കുമ്പോൾ റഹീം എന്ന "ഒരുത്തൻ" ഈ രമണിയെ പെൻസിൽ കൊണ്ട്‌ കുത്തിയപ്പോൾ കരയേണ്ട എന്നും പറഞ്ഞ്‌ "സംരക്ഷിച്ച" ഞാൻ അങ്ങനെ വല്ലതും പറയുമോ?

വാൽകഷ്ണം... കഥകൾ ഉണ്ടാക്കാനും ദ്വയാർത്ഥപ്രയോഗം നടത്തുവാനും വളരെ എളുപ്പമാണ്‌... അത്‌ വി.എസ്സ്‌ ആയാലും ഉണ്ണിത്താൻ ആയാലും... അതിനാൽ മുഖ്യമന്ത്രി വി.എസ്സ്‌ മുതൽ സൊറ പറഞ്ഞിരിക്കുന്ന കാക്കര വരെ വാക്കുകൾ സൂക്ഷിച്ച്‌ ഉപയോഗിക്കുക... ആയിരക്കണക്കിന്‌ വനിതകൾ കടന്നുവരേണ്ട രാഷ്ട്രീയമേഖല അപവാദമേഖലയാവരുത്‌...