Monday, 22 February 2010

ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും

നാല്‌ ബൾബ്‌ കത്തിക്കാനുള്ള വൈദ്യുതിക്ക്‌ വേണ്ടി “ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച്‌” ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം (80 അടി) അടിച്ച്‌മാറ്റാനുള്ള ബാലന്റെ ബാലത്തരങ്ങൾ, ഞങ്ങളുടെ കൺകണ്ട കേന്ദ്ര മന്ത്രി ജയറാം രമേഷ്‌ മടക്കതപാലിൽ മടക്കിയതിലുള്ള സന്തോഷം കാക്കരയും കുപ്പി പൊട്ടിച്ച്‌ ചാലക്കുടി പുഴയുടെ തീരത്തിരുന്ന്‌ ആഘോഷിച്ച വിവരം ഈ ബൂലോകരെ ഇതിനാൽ അറിയിക്കുന്നു. ഡം ഡം ഡം... നിങ്ങളില്ലാതെ എനിക്കെന്താഘോഷം!!!


ഉണ്ണി പിറന്നാലും വർഷം പിറന്നാലും കോരന്‌ കഞ്ഞിയും ചാലക്കുടിക്കാർക്ക്‌ കുപ്പിയും, അതാണ്‌ നാട്ടുപ്രമാണം. ഇച്ചിരി എനർജിയ്‌ക്ക്‌ വേണ്ടി ഇച്ചിരി വെള്ളം അടിച്ച്‌മാറ്റിയാൽ വരും തലമുറ ഇച്ചിരി വെള്ളം “മിക്സ്” ചെയ്യാൻ വെള്ളത്തിന്‌ എവിടെ പോകും. വെള്ളത്തിലെ എനർജി മാറ്റിയാൽ വെള്ളം തനി വെള്ളമാവില്ലെ? അത്‌ ആരെങ്ങിലും കുടിക്കുമൊ? വെള്ളം ഏത്?

ആതിരപ്പള്ളിയുടെ ഗർഭപാത്രം കീഴിമുറിച്ച്‌ അണക്കെട്ടിയാൽ, പിന്നെവിടെ ആതിരപ്പള്ളി വെള്ളച്ചാട്ടം? വരും തലമുറയ്‌ക്കായി ഒരു വെള്ളചാട്ടം പോലും മാറ്റിവെയ്‌ക്കാത്ത കഠിന ഹൃദയനായ ബാലാ ചെവിയിൽ നുള്ളിക്കൊ, നിന്നെ പിന്നെ കണ്ടോളാം!

ആദിവാസികളുടെ ക്ഷേമ മന്ത്രി, സാറിനെ മാത്രം വിശ്വസിച്ച്‌ കാട്ടുതേനും കാട്ടുപഴങ്ങളും തിന്ന്‌ കഴിയുന്ന “ലക്ഷക്കണക്കിന്‌” ആദിവാസികളെ കാട്ടിൽ നിന്നിറക്കി ചാലക്കുടി പട്ടണത്തിൽ ഒരു ഏക്കറൊ മറ്റൊ ഭൂമി നല്കി കുടിയിരുത്തിയാൽ പിന്നെ നാട്ടുവാസിയായ കാക്കരയും പട്ടണവാസികളായ ആദിവാസി സംരക്ഷകരും ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ? ഈ ആദിവാസികൾ കാട്ടിലെ “പുല്ലും” തിന്ന്‌ കാട്ടുവാസിയായി തന്നെ ജീവിച്ചാൽ മതി, ആദിവാസി ക്ഷേമനിധി, നാട്ടുവാസികളും സംരക്ഷകരും കയ്യിട്ട്‌വാരട്ടെ!

വയറ്റിപിഴപ്പിന്‌ നാട്‌ വിട്ട മലയാളിയുടെ ഗതിയെ പറ്റി ഒന്ന്‌ ആലോചിച്ച്‌ നോക്കു, താക്കറെയുടെ ആട്ടും അറബിയുടെ തുപ്പും, രണ്ടും സഹിക്കാം, അങ്ങനെ സഹിക്കാവുന്ന വല്ലതുമായിരിക്കുമോ നയാഗ്ര കാണുവാൻ പോകുന്ന വരും തലമുറയുടെ വായിൽ സാമ്രാജത്വഭീകരന്മാർ വയാഗ്ര കുത്തിക്കേറ്റിയാൽ. അതിനാൽ തന്നെ, ഈ തലമുറക്കൊ അടുത്ത തലമുറക്കൊ ഒരു യൂണിറ്റ് വൈദ്യുതി ഇല്ലെങ്ങിലും വേണ്ടില്ല, ആതിരപ്പള്ളി വെള്ളച്ചാട്ടവും ചാലക്കുടിപുഴയും അറബിക്കടലും വറ്റിക്കാതെ അതിന്റെ സ്വാഭാവിക ജീവൻ ബാക്കിവെയ്ക്കണം, അത്രയെങ്ങിലും...

സൈലന്റ് വാലിയെ രക്ഷിച്ച ഇന്ദിരാഗാന്ധിയോടാണ്‌ മലയാളനാട്ടിലെ അഭിനവ പ്രകൃതി സ്നേഹികൾ ജയറാം രമേഷിനെ ഉപമിക്കുന്നത്‌. വരും തലമുറയ്‌ക്ക്‌വേണ്ടി വെള്ളച്ചാട്ടത്തിന്റെയും പുഴയുടെയും രൗദ്രത നിലനിറുത്തണം എന്ന്‌ ആവശ്യപ്പെടുന്ന ചാലക്കുടി പുഴ സംരക്ഷണ സമിതിയോടും മറ്റു പ്രകൃതി സ്നേഹികളോടും എനിക്ക്‌ ഒന്നേ പറയാനുള്ളു, കഴിഞ്ഞ തലമുറ പുഴയെ “ചൂക്ഷണം” ചെയ്തത്‌കൊണ്ട്‌മാത്രമാണ്‌ ചാലക്കുടി പട്ടണവും കേരളവും കുറച്ചെങ്ങിലും തല ഉയർത്തി “കത്തി” നിൽക്കുന്നത്‌, അല്ലായിരുന്നുവെങ്ങിൽ പ്രതിഷേധിക്കാനുള്ള അറിവും ശക്തിയും നമുക്ക്‌ ലഭിക്കുമായിരിക്കില്ല.

ഇതിന്റെ കൂടെ കുറച്ച്‌ ഞഞ്ഞാപിഞ്ഞാ കണക്കുകളും കിടക്കട്ടെ.

കൂടുതൽ വൈദ്യുതി ഉപയോഗമുള്ള രാത്രികാലത്ത്‌ മാത്രമാണ്‌ വൈദ്യുതി ഉൽപാദനം നടക്കുന്നത്‌. വെള്ളച്ചാട്ടം തടസപ്പെടുന്ന രാത്രിസമയത്ത്‌ സഞ്ചാരികളുമില്ല! സഞ്ചാരികൾ വരുന്ന പകൽ സമയങ്ങളിൽ വെള്ളച്ചാട്ടം അതിന്റെ ഗതിയിൽ പതിക്കുകയും ചെയ്യും. 163 MW ചുമ്മാ ലഭിക്കുമോ?

run on the river project ആയതിനാൽ, സാധാരണയായി നിർമ്മിക്കുന്ന ഉയരം കൂടിയ അണകെട്ട്‌ ആവശ്യമില്ല. പരിസ്ഥിതി നാശനഷ്ടം തുലോം കുറവ്‌. ആതിരപ്പള്ളിയിൽ അണ കെട്ടി തടയുന്ന വെള്ളം ഈ അണക്കെട്ടിനു മുകളിൽ ഇപ്പോൾ നിലനിൽക്കുന്ന വൈദ്യുത പദ്ധതിയിൽ നിന്ന്‌ ഉപയോഗിച്ച്‌ തള്ളുന്ന വെള്ളംമാത്രമാണ്‌.


വാൽക്കക്ഷണം.

സാറിന്റെ ഗൂഢാലോചന ആരോപണം കേട്ടപ്പോൾ, ഒരു സംശയം ബാക്കിയായി. മറ്റു പദ്ധതികൾ തകർക്കുന്നതിന്റെ പിന്നിലും ഇതേ ഗൂഢാലോചന സംഘമുണ്ടോ? ഏയ്‌ ചുമ്മാ ചോദിച്ചതാ. നെടുമ്പാശ്ശേരി എയർപോർട്ട്‌ വന്നപ്പോഴും, എക്സ്പ്രസ്സ്‌ പദ്ധതി പ്ലാൻ ചെയ്‌തപ്പോഴും, കുറെ “ഗൂഢാലോചന” നമ്മൽ കണ്ടതാണ്‌. സഖാവ്‌ ശർമ്മയുടെ നെഞ്ചിലൂടെ വീമാനം കയറ്റാതെ തന്നെ ആകാശവണ്ടിയിറക്കാൻ നെടുമ്പാശ്ശേരിയിൽ സ്ഥലം കിട്ടി. കാലം മാറി, ശർമ്മ വീമാനത്താവള ഡയറക്ടർ ബോർഡിൽ അംഗവും. കാലം തെളിയിച്ച സത്യം!!!. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ, ഇന്നത്തെ പരിസ്ഥിതി മന്ത്രി ജയറാം രമേഷ്‌ നാളത്തെ വൈദ്യുതി മന്ത്രിയൊ മറ്റൊ ആയി ആതിരപ്പള്ളി പദ്ധതിക്ക്‌ തറക്കല്ല്‌ ഇടുവാൻ വരുമ്പോൾ സാറ്‌ “തറപണി” ചെയ്യരുത്‌!
Post a Comment