Sunday, 6 December 2015

സ്ത്രീവിരുദ്ധ നിയമം പുരുഷൻ ഉണ്ടാക്കിയതാണ്...

ആകാശത്തുടെ പറക്കുന്ന ഒരു വീമാനം... നാല് പേരാണ് സഞ്ചരിക്കുന്നത്... അമേരിക്കക്കാരൻ, റഷ്യക്കാരൻ, പാകിസ്ഥാനി പിന്നെയുള്ളത് ഇന്ത്യക്കാരൻ... വീമാനം അപടത്തിലാണ്... മൂന്ന് യാത്രക്കാർ ചാടി വീമാനത്തിന്റെ ഭാരം കുറച്ചില്ലെങ്കിൽ, വീമാനം തകർന്ന് വീഴുമെന്ന് പൈലറ്റിന്റെ സന്ദേശം... ഉടനെ ജയ് അമേരിക്ക എന്ന് പറഞ്ഞ് അമേരിക്കക്കാരൻ ചാടി... റഷ്യക്കാരൻ വിടുമോ, ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണ്... അമേരിക്ക ഒരു റോക്കറ്റ് വിട്ടാൽ, ഉടനെ റഷ്യയും മറ്റൊരു റോക്കറ്റ് വിടുന്ന കാലമാണ്... ജയ് റഷ്യ എന്ന് പറഞ്ഞ് റഷ്യക്കാരനും പുറത്തേക്ക് ചാടി... പിന്നെയുള്ളത് ജന്മശത്രക്കളായ ഇന്ത്യക്കാരനും പാകിസ്ഥാനിയും... രണ്ട് പേരും വീമാനത്തിന്റെ വാതിൽപടിയിൽ കാത്ത് നിൽക്കുന്നു... ചാടാൻ രണ്ട് പേർക്കും പേടിയുണ്ട്... ചാടുന്നത് മരണത്തിലേക്കാണല്ലോ... പക്ഷേ രാജ്യത്തിന്റെ മാനം രക്ഷിക്കുകയും വേണം... ഒരു പാകിസ്ഥാനിയുടെ മുന്നിൽ മരണഭയമൊന്നും പ്രശ്നമല്ലായെന്ന നിലയിൽ ഇന്ത്യക്കാരൻ, രണ്ടും കല്പിച്ച് ജയ് ഹിന്ദ് എന്ന് പറയുകയും അടുത്ത് നിന്നിരുന്ന പാകിസ്ഥാനിയെ തള്ളി താഴെയിടുകയും ചെയ്തു...

ആ ഇന്ത്യക്കാരൻ *മലയാളിയായിരുന്നു*... 

ഈ കഥയിൽ തമിഴ്‌നാട്ടുകാരനോ ഗുജറാത്തിയോ അല്ല... ഇന്ത്യക്കാരൻ മലയാളിയാണ്... അതാണ് പഞ്ച് ഡയലോഗ്... മലയാളികൾ പ്രചരിപ്പിക്കുന്ന കഥയിൽ, മലയാളിയാണല്ലോ ഹീറോ, അവിടെ മറ്റ് സംസ്ഥാനക്കാരുണ്ടാകില്ല... അതേ കഥ ഗുജറാത്തിലോ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് പ്രചരിക്കുമ്പോൾ, ആ ഇന്ത്യക്കാരൻ *അതാത് സംസ്ഥാനക്കാരനാകും*... കഥ എഴുതുന്നവൻ സ്വന്തം മേൽക്കോയ്മ എഴുതി ചേർക്കും...

ഇതെന്താ സംഭവം... 

ഓ... അങ്ങനെ വലിയ സംഭവമൊന്നുമില്ല... പൗരോഹിത്യം പുരുഷന് മാത്രം കടന്നുവരാവുന്ന തരത്തിൽ വേലി കെട്ടിയിട്ടിരിക്കുന്നു... ആരാധന നടത്താൻ സ്ത്രീക്ക് അർഹതയില്ല, ആരാധനയിൽ പങ്കെടുക്കാൻ പോലും സ്ത്രീകൾക്ക് അനുമതിയില്ല... സ്ത്രീകൾ പുരുഷന് വിധേയനായിരിക്കണം... ഇതൊക്കെ ഇങ്ങനെ വരാൻ കാരണം... ഇതൊക്കെ എഴുതിയതും പ്രചരിപ്പിച്ചതും നില‌നിർത്തിയതും പുരുഷന്മാരായിരുന്നു... അതുതന്നെ...

ഇതൊക്കെ ഇപ്പോൾ പറയുന്നത്... 

ഓ... അതോ... ബി.ജെ.പി.യുടെ എം.പി. ഹേമമാലിനി... ഇന്ന് നല്ലൊരു അഭിപ്രായം പറഞ്ഞു... സ്ത്രീകളെ അമ്പലങ്ങളിൽ നിന്ന് അകറ്റുന്ന നിയമം പുരുഷൻ ഉണ്ടാക്കിയതാണ്... അത്രതന്നെ...

സ്ത്രീ-പുരുഷ സമത്വത്തിനെതിരെ നിൽക്കുന്ന കാര്യത്തിൽ ഹിന്ദു-മുസ്ലീം-കൃസ്ത്യൻ അച്ചുതണ്ട് ശക്തമാണ്... എല്ലാവരും ഒന്നിനൊന്ന് മെച്ചം... ഈ വിഷയത്തിലെങ്കിലും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന മതങ്ങൾ, ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും പ്രവർത്തികളിലും മാറ്റം വരുത്തിയേ പറ്റൂ...

കത്തോലിക്കസഭയിൽ ഒരു വനിത പോപ്പുണ്ടാകുന്ന കിനാശ്ശേരിയാണ് എന്റെ സ്വപ്നം...

Wednesday, 2 December 2015

ദേശീയഗാനവും ജനാധിപത്യബോധവും...

തോക്ക് ചൂണ്ടി ആരേയും ദേശസ്നേഹികളാക്കരുത്... പ്ലീസ്... ദേശസ്നേഹത്തിന്റേയും ദേശബോധത്തിന്റേയും അതിർവരമ്പുകൾ, അതിനുള്ളിൽ നിന്നില്ലെങ്കിൽ, ലവരെ പിടിച്ച് ദേശവിരുദ്ധരാക്കുന്ന ദേശീയതയുടെ വക്താക്കളോട് (സംഘികൾ മാത്രമല്ല), ഒന്നേ പറയാനുള്ളൂ, നിങ്ങളുടെ മനസിൽ ജനാധിപത്യബോധത്തിൽ അടിയുറച്ച ദേശസ്നേഹമില്ല... ഒരു തരിമ്പുപോലും...

ദേശീയ ഗാനം ആലപിക്കുമ്പോൾ, ഇഷ്ടമുള്ളവർ അറ്റൻഷനിൽ നിൽക്കുകയോ എഴുന്നേറ്റ് നിൽക്കുകയോ, പാടുകയോ പാടാതിരിക്കുകയോ ചെയ്യട്ടെ... നിങ്ങളിരുന്നാലും നിങ്ങൾ പാടിയില്ലെങ്കിലും "നമ്മുടെ ദേശീയഗാനം" ഏറ്റവും വലിയ ബഹുമാനം നൽകി, ഞങ്ങൾ അറ്റൻഷനിൽ നിന്ന് ഉച്ചത്തിൽ പാടുന്നു... അതായിരിക്കണം ഇന്ത്യൻ ജനാധിപത്യം ഉയർത്തിപിടിക്കേണ്ട ജനാധിപത്യ മൂല്യം... അല്ലാതെ തിണ്ണബലം കൊണ്ട് ഒരു കുടുംബത്തെ തിയറ്ററിൽ നിന്ന് ഇറക്കിവിടുകയും അതിന് കൈയ്യടിക്കുകയും ചെയ്യുന്നത് നാം പോലുമറിയാതെ നമ്മുടെ മനസിൽ വളർന്നിരിക്കുന്ന ദേശീയതയുടെ വിത്തുകൾ മരമായികൊണ്ടിരിക്കുന്നതാണ്...

നമ്മുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ എന്തായാലും നിയമങ്ങളും മാർഗ്ഗനിർദേശങ്ങളും അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ... അല്ലെങ്കിൽ ദേശബോധവും ദേശസ്നേഹവുമൊക്കെ അടിച്ചേൽപ്പിക്കുന്ന രാഷ്ട്രീയം ഫാസിസത്തിലേക്ക് കൂപ്പുകുത്തുന്ന ഈ കാലത്ത്, കഞ്ഞികുടി മുട്ടുക മാത്രമല്ല  ദേശവിരുദ്ധരാകുകയും ചെയ്യും... മാത്രമല്ല ഇതാണ് നിയമം അവർ കുറ്റക്കാരെന്ന് നിങ്ങൾ വിധിക്കുന്നത് തെറ്റുകയും ചെയ്യരുതല്ലോ...

1971-ൽ പാസാക്കിയതും 2005-ൽ അമന്റെമെന്റ് നടത്തിയതുമായ ദി പ്രിവൻഷൻ ഒഫ് ഇൽസൾട്സ് ടു നാഷണൽ ഹോണർ ആക്ട്, 1971 നിയമ പ്രകാരം ദേശീയഗാനം ആലപിക്കുമ്പോൾ മനഃപൂർവ്വം തടസ്സപ്പെടുത്തുന്നതും ശല്ല്യമുണ്ടാക്കുന്നതും മൂന്ന് വർഷം വരെ തടവ് കിട്ടാവുന്നതും ഫൈൻ ലഭിക്കാവുന്നതും, രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ്...

നിയമം ഏത് ഭാഷയിൽ എഴുതിയാലും, ഇന്ത്യയിൽ ഇംഗ്ലീഷിൽ നിർബദ്ധമാണല്ലോ, അതാണ്ട് ചട്ടം... നിയമം നേരിട്ട് വായിച്ച് ബോധ്യപ്പെടുക...

"3. PREVENTION OF SINGING OF NATIONAL ANTHEM Whoever intentionally prevents the singing of the Indian National Anthem or causes disturbances to any assembly engaged in such singing shall be punished with imprisonment for a term, which may extend to three years, or with fine, or with both."

കേന്ദ്രആഭ്യന്തര വകുപ്പ് ഒരു ഉത്തരവിലൂടെ ചില മാർഗ്ഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്...  ആ ഉത്തരവിന്റെ പൊതുവിഭാഗത്തിൽ പറയുന്നത്... ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും അറ്റൻഷനിൽ എഴുന്നേറ്റ് നിൽക്കണമെന്നാണ്... അതേസമയം ഇത് ലംഘിക്കുന്നവർക്ക് എന്തെങ്കിലും ശിക്ഷ നൽകുന്ന കാര്യം ഉത്തരവിൽ പറയുന്നുമില്ല... അതേ സമയം സിനിമ തിയറ്ററിൽ സിനിമയുടെ ഭാഗമായ ന്യൂസ് റിലിലോ ഡോക്യുമെന്ററിയിലോ ദേശീയ ഗാനം ആലപിക്കുകയാണെങ്കിൽ, സിനിമയുടെ പ്രദർശനത്തെ തടസ്സപ്പെടുത്തുന്നതുകൊണ്ട് എഴുന്നേറ്റ് നിൽക്കുന്നത് പ്രതീക്ഷിക്കുന്നില്ല എന്ന് കൃത്യമായും നിർദേശിക്കുന്നുണ്ട്... എഴുന്നേറ്റ് നിൽക്കേണ്ടതില്ല എന്ന് തന്നെ വായിക്കാം...

"Whenever the Anthem is sung or played, the audience shall stand to attention. However, when in the course of a newsreel or documentary the Anthem is played as a part of the film, it is not expected of the audience to stand as standing is bound to interrupt the exhibition of the film and would create disorder and confusion rather than add to the dignity of the Anthem."
http://mha.nic.in/sites/upload_files/mha/files/pdf/NationalAnthem(E).pdf

ഇന്ത്യയിലെ പലയിടങ്ങളിലും പ്രാദേശികമായ നിയമത്തിന്റെ ഫലമായും മറ്റ് ചിലയിടങ്ങളിൽ നടത്തിപ്പുകാരുടെ താല്പര്യം മൂലവും സിനിമ തിയറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയഗാനം ആലപിക്കുന്നത് പതിവാണ്... അത് സിനിമയുടെ ഭാഗമല്ലല്ലോ... ആ സമയങ്ങളിൽ എഴുന്നേറ്റ് നിൽക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാം... പക്ഷേ അങ്ങനെ എഴുന്നേറ്റ് നിന്നില്ലെങ്കിൽ, അത് കുറ്റകരമാണെന്നോ, അതിനുള്ള ശിക്ഷ എന്താണെന്നോ ഒരു നിയമ പുസ്തകത്തിലും എഴുതി വെച്ചിട്ടുമില്ല... അതേ സമയം ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തത് കുറ്റകരമല്ലായെന്ന് ഇൻഡോറിലെ കോടതി 2005-ൽ വിധി പ്രഖ്യാപിക്കുകയുണ്ടായി. ലല്ലു പ്രസാദ് യാദവും റാബ്രി ദേവിയും ദേശീയ ഗാനം ആലപിക്കുമ്പോൾ ഇരുന്നുവെന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം...

"It is the moral duty of a person to stand in the attention position when the national anthem is played. But if they do not do so, then, prima facie, it is not a crime under the 1971 Act."
http://in.rediff.com/news/2005/feb/04anthem.htm

ഇതിൽ നിന്ന് മനസിലാകുന്നത്, ദേശീയഗാനം ആലപിക്കുമ്പോൾ ഇരിക്കുന്നത് കുറ്റകരമല്ല... തിയറ്ററിൽ നിന്ന് എന്നല്ല ഒരു സ്ഥലത്ത് നിന്നും ആരേയും തല്ലിപുറത്താക്കാൻ ആർക്കും അവകാശമില്ല, നിയമപരമായി ഒരു കുറ്റവും ചെയ്തിട്ടുമില്ല... കേന്ദ്രആഭ്യന്തര വകുപ്പിന്റെ അറ്റൻഷനിൽ എഴുന്നേറ്റ് നിൽക്കണമെന്നത്, നിർബദ്ധപൂർവ്വം ചെയ്യേണ്ടതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല...

നിയമങ്ങൾക്ക് വ്യക്തതയുണ്ടാകണം... അതില്ലാത്തതുകൊണ്ടാണ്, ദേശീയഗാനം ആലപിക്കാത്തതിന് കേരളത്തിലെ രണ്ട് കുട്ടികളെ സ്കൂൾ അധികൃതർ പുറത്താക്കിയതും ഹൈക്കോടതി ആ വിധി ശരി വെച്ചതും... അതേ സമയം കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ, ദേശീയഗാനം പാടിയില്ല എന്നത് കുറ്റകരമായി കാണാനാകില്ലായെന്നും അത് ദേശീയഗാനത്തെ അപമാനിച്ചതായി കാണുന്നില്ലെന്ന് പറഞ്ഞ് കുട്ടികൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്... അതിൽ കോടതി എടുത്ത് പറഞ്ഞത്, ആ കുട്ടികൾ എഴുന്നേറ്റ് നിൽക്കുകയും, ദേശീയഗാനാലപനത്തെ തടസ്സപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്തില്ല എന്നതാണ്...

കേന്ദ്രആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ദേശീയഗാനം ആലപിക്കുമ്പോൾ, അവിടെ കൂടിയിരിക്കുന്നവർ എല്ലാവരും പാടുന്നതാണ് അഭികാമ്യമെന്ന് പറയുന്നുണ്ട്... പാടിയില്ലെങ്കിൽ അത് കുറ്റമാണെന്ന് പറയാത്തിടത്തോളം, അവർക്കെതിരെ ഒരു നിയമ നടപടിയും എടുക്കാൻ ആർക്കും അവകാശമില്ല... സുപ്രീം കോടതി വിധി നമ്മുടെ മുന്നിലുണ്ട്...

എവിടെയൊക്കെ ദേശീയഗാനം ഉണ്ടാകണമെന്ന് നിർദേശം കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്... അതിൽ സിനിമ തിയറ്ററുകൾ ഉൾപ്പെടുത്തിയിട്ടില്ല... പക്ഷേ പ്രാദേശിക സർക്കാരുകൾക്കോ പൊതുജനങ്ങൾക്കോ താല്പര്യമുണ്ടെങ്കിൽ, അവിടെയൊക്കെ ദേശീയഗാനം ആലപിക്കാം... അപ്പോഴൊക്കെ ദേശീയ ഗാനം ആലപിക്കുമ്പോൾ പുലർത്തേണ്ട രീതികൾക്ക് മാറ്റമില്ലാതെയിരിക്കുന്നുണ്ട്...

കുറിപ്പ്... ജനഗണമന പാടി കഴിയുമ്പോൾ ജയ് ഹിന്ദ് എന്ന് കൈ ഉയർത്തി പറയുന്നുണ്ടല്ലോ... അത് ദേശീയഗാനത്തിന്റെ ഭാഗമല്ല... സ്കൂളീൽ അങ്ങനെ ശീലിച്ചതുകൊണ്ട്, അതും ദേശീയഗാനമാണെന്ന് കരുതുന്നവർ കുറവല്ല...

അവലംബം...
1. http://www.caravanmagazine.in/vantage/are-we-legally-bound-stand-during-national-anthem
2. http://indiankanoon.org/doc/1508089/

Wednesday, 4 November 2015

ഭൂമി കയ്യടയ്ക്കുന്ന ന്യൂനപക്ഷങ്ങൾ... സംഘി നുണ...

ഹിന്ദുക്കളിൽ അനാവശ്യ ഭീതിയും, അവരിൽ ചിലരെ കൃസ്ത്യൻ-മുസ്ലീം വിരുദ്ധരാക്കാനും സംഘികൾ പടച്ചുവിടുന്ന അനേകം നുണകളിൽ ഒന്നാണ് ന്യൂനപക്ഷങ്ങൾ കേരളത്തിലെ ഭൂമി കയ്യടയ്ക്കുന്നുവെന്നത്... നിയമപ്രകാരം കയ്യടക്കുന്ന ഭൂമിയാണെങ്കിൽ അതിൽ പ്രശ്നമൊന്നുമില്ലല്ലോ... അല്ലേ... പക്ഷേ അതിലേക്ക് കപ്പലിൽ പണം വന്നതും പാകിസ്ഥാൻ-ഗൾഫ് വഴിയും അമേരിക്കൻ-യൂറോപ്യൻ വഴിയും വരുന്ന കള്ളപ്പണം / ഹവാല പണം ഭൂമി വാങ്ങാൻ ഉപയോഗിക്കുന്നുവെന്നൊക്കെ മസാല ചേർത്ത് പ്രചരിപ്പിക്കുന്നു... നിയമപരമായതും അല്ലാത്തതുമൊക്കെ സർക്കാർ അന്വേഷിക്കട്ടെ... വിദേശ പണമൊക്കെയല്ലേ, സംഘി സർക്കാരും അന്വേഷിക്കട്ടെ... എന്റെ കൈയ്യിൽ ഡാറ്റയില്ല... അതേസമയം നമ്മുടെ കൺമുന്നിൽ കണ്ട ഭൂമി കച്ചവടം എഴുതട്ടെ... മനസിൽ തോന്നിയത്... അതുകൊണ്ട് ഡാറ്റയുമില്ല...

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജന്മിമാർ ഹിന്ദുക്കളായിരുന്നു... ഹിന്ദുക്കളെന്ന് മാത്രം പറഞ്ഞാൽ അങ്ങട് കൃത്യമാകില്ല... സവർണ്ണ ഹിന്ദുക്കൾ... അവരുടെ കൈയ്യിലിരുന്ന കുറെ ഭൂമികൾ എങ്ങനെ മറ്റുള്ളവരുടെ കൈയ്യിലെത്തിയെന്ന് ശാഖയിൽ പഠിപ്പിക്കുന്നില്ല, അതുകൊണ്ട് എഴുതട്ടെ... 

1... ഭൂപരിഷ്കരണം - എല്ലാ മതത്തിലുമുള്ള ജന്മിമാരുടേയും മിച്ച ഭൂമി സർക്കാർ പിടിച്ചടക്കി വിതരണം നടത്തിയിട്ടുണ്ട്... അതിലും ഏറ്റവും കൂടുതൽ ഭൂമി കിട്ടിയത് ഈഴവർക്കാണ്... അവരും ഹിന്ദുക്കളാണ്... അല്ലേ... 

2... മലയോര മേഖലയിലേക്കൂള്ള കുടിയേറ്റം... കണ്ണെത്താത്ത ദൂരത്തിലുള്ള ഭൂമിയുടെ ജന്മിമാർ, ദേ ആ കാണുന്ന വലിയ ആഞ്ഞിലി മുതൽ ആ കാണുന്ന കുന്ന് വരെ... അഞ്ച് ഏക്കർ കാണും... പിന്നെ കാര്യസ്ഥനാണ് അതിര് കാണിക്കാൻ പോകുക... വില നൽകി ജന്മിമാരുടെ കൈയ്യിൽ നിന്ന് വാങ്ങിയതാണ്... പണിയെടുക്കാതെ തിന്ന് നടന്ന ജന്മിമാരിൽ നിന്ന് ഭൂമി വാങ്ങി, ആ ഭൂമിയിൽ പണിയെടുത്താണ് ഇന്ന് കാണുന്ന കൃഷി തോട്ടമാക്കിയത്... മലമ്പനിയും കാട്ടുജീവികളുമായി മല്ലിട്ട് തന്നെ... അർഹതപ്പെട്ട വിജയമാണ്... ശാഖയിലിരുന്ന് കുശുമ്പ് പറയുന്ന നേരം മഠിയന്മാരായ ജന്മിമാരെ പള്ള് വിളിക്ക്... ഹിന്ദുസമൂഹത്തിൽ നിന്ന് കുടിയേറ്റം നടത്തുന്നതിന് വിലക്കൊന്നുമുണ്ടായിരുന്നില്ലല്ലോ...

3... ഗൾഫ് പണം... നാട്ടിൽ അഷ്ടിക്ക് വകയുണ്ടായിരുന്ന സമൂഹങ്ങൾ കടൽ കടന്ന് മരുഭൂമിയിലെത്തിയിരുന്നില്ല... ആദ്യകാലങ്ങളിൽ ഉരുകളിൽ എത്തുകയായിരുന്നു... അങ്ങനെ എത്തിയവരിൽ ഭൂരിഭാഗവും മുസ്ലീം സമൂഹവും കൃസ്ത്യൻ സമൂഹമായിരുന്നു... അതും വിദ്യഭ്യാസമില്ലാത്തവർ / ചെറിയ വിദ്യഭ്യാസമുള്ളവർ... അവരൊക്കെ നാട്ടിൽ ഭൂമി വാങ്ങുകയും വീട് വെയ്ക്കുകയും ചെയ്തു... വിദ്യഭ്യാസമുള്ള സവർണ്ണ ജാതിയിൽപ്പെട്ടവരൊക്കെ ഗൾഫിലേക്ക് വന്ന് തുടങ്ങിയത്, 90 കൾക്ക് ശേഷമാണ്... അതുവരെ നാട്ടിൽ തന്നെ ജോലി എന്ന മനോഭാവമായിരുന്നു... അതിന് മുൻപേ ഈഴവർ ഗൾഫിലേക്ക് വന്ന് തുടങ്ങിയിരുന്നു... അവരും ഭൂമി ഉടമകളായിട്ടുണ്ട്...

4... യൂറോപ്യൻ-അമേരിക്കൻ പ്രവാസം കൃസ്ത്യാനികളെ ഭൂവുടമകളാക്കുന്നതിൽ ഗണ്യമായി സഹായിച്ചിട്ടുണ്ട്... അവരിൽ ബഹുഭൂരിപക്ഷവും അവിടെ എത്തിയത് നേഴ്സിംഗ് മേഖലയിലൂടെയാണ്... അവഗണനയും പരിഹാസവും നില‌നിൽക്കുന്ന തൊഴിൽമേഖലയായിരുന്നു... അതിലൂടെ മുന്നേറിയ ജനവിഭാഗം ലോകം മുഴുവൻ സഞ്ചരിച്ച്, ജോലി ചെയ്ത് നാട്ടിൽ കുറച്ച് ഭൂമി വാങ്ങുന്നതിൽ എന്താണ് ശരികേട്... ശാഖയിലിരുന്ന് കുശുമ്പ് പറയുമ്പോൾ, എന്തുകൊണ്ട് നമ്മുടെ ഹിന്ദുക്കൾ ആ തൊഴിൽ മേഖലയെ അവഗണിച്ചു എന്നന്വേഷിക്കൂ... 

5... 2000-ന് ശേഷമാണ് ഇന്ന് കാണുന്ന രീതിയിലുള്ള റിയൽ എസ്റ്റേറ്റ് ഭൂമി വാങ്ങലുകൾ സാധാരണക്കാരുടെയിടയിലേക്കെത്തിയത്... അതുവരെ കൃഷി ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ഭൂമി വാങ്ങുന്ന കർഷകരായിരുന്നു നമുക്ക് ചുറ്റും... കൃഷി ചെയ്യുന്നത് കുറ്റകരവുമല്ല...

വാൽകക്ഷണം... നാട്ടിൽ തെണ്ടി തിരിഞ്ഞ് നടന്നവൻ, ഗൾഫിലെത്തി പത്ത് പുത്തനുണ്ടാക്കി... നാട്ടിൽ ഭൂമിയും വാങ്ങി വീട് വെച്ച് കഴിയുമ്പോൾ... ഓ, അതൊന്നും നേരായ മാർഗ്ഗത്തിലൊന്നുമല്ല, ഇവിടെ തേങ്ങ മോഷ്ടിച്ചതിന് പിടിച്ചിട്ടുള്ളതാണ്... അതുതന്നെയായിരിക്കും അവിടേയുമെന്ന് കലുങ്ങിലിരുന്ന് കുശുമ്പ് പറയുന്ന സമയം പണിയെടുക്കാൻ നോക്ക്... കുറെ കഴിയുമ്പോൾ എല്ലാവർക്കും ആവശ്യമുള്ള ഭൂമി വാങ്ങാം... അത് ഏത് സമുദായക്കാരാണെന്ന് അന്വേഷിക്കേണ്ടതുമില്ല...

Tuesday, 3 November 2015

സിഖ് വിരുദ്ധ കലാപം - വെറുപ്പും ഭയവും

പഞ്ചാബിലെ തുടർച്ചയായ ബോംബ് സ്പോടനങ്ങളും പോലിസ് ഏറ്റുമുട്ടലുകളുമായി, സിംഖുകാരൊക്കെ താടിയും തോക്കുമുള്ള ഇന്ത്യ വിരുദ്ധർ / തീവ്രവാദികളെന്ന എന്ന പ്രതിഛായ ഇന്ത്യ മുഴുവനും വ്യാപിച്ചിരുന്നു... ഖാലിസ്ഥാൻ തീവ്രവാദത്തെ അടിച്ചമർത്തി ദേശീയ ഐക്കണായി നിൽക്കുന്ന സമയത്താണ് സിഖ് അംഗരക്ഷകരാൽ ഇന്ത്യൻ പ്രധാനമന്ത്രി / "കോൺഗ്രസ് നേതാവ്" കൊല്ലപ്പെടുന്നത്... സിഖ് വിരുദ്ധ മനോഭാവം ഇന്ത്യ മുഴുവനും അലയടിച്ചിരുന്ന സമയമായതുകൊണ്ട് സിഖുകാർക്കെതിരെയുള്ള രോഷം കലാപത്തിലേക്ക് നയിക്കുമെന്നത് കൊച്ച് കുട്ടിക്കുപോലും മനസിലാകുമായിരുന്നു... സിഖുകാരാനായതുകൊണ്ട് ഇന്ത്യൻ പ്രസിഡന്റിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത് ഒരു അളവുകോലായി ഇന്ത്യൻ സർക്കാരും കോൺഗ്രസും ഏറ്റെടുത്തിരുന്നുവെങ്കിൽ, ഒറ്റപ്പെട്ട അക്രമം എന്നതിനപ്പുറത്തേക്ക് സിഖ് വിരുദ്ധ കലാപം വളരുമായിരുന്നില്ല... മതിയായ മുന്നറിയിപ്പുകൾ ഭരണക്കാർക്ക് ലഭിച്ചിരുന്നു... പോലിസിനേയും പട്ടാളത്തേയും വ്യന്യസിക്കാനുള്ള സമയം... ജനത്തെ ശാന്തരാക്കാനുള്ള ശ്രമങ്ങളൊന്നും നേതാക്കൾ ചെയ്തിരുന്നില്ല... പകരം ആളിക്കത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്... പോലിസ് നിസംഗത പുലർത്തി...

"ഒരു വന്മരം വീഴുമ്പോൾ ചുറ്റുമുള്ള സ്ഥലം കുലുങ്ങുന്നത് സ്വാഭാവികമാണെന്ന" രാജീവ് ഗാന്ധിയുടെ പ്രസംഗം കൊല്ലപ്പെട്ട ആയിരക്കണക്കിന് സിഖ് വംശജരുടെ നെഞ്ചിൽ കയറി നിന്നുകൊണ്ടായിരുന്നു... കോൺഗ്രസിനും രാജീവ് ഗാന്ധിക്കും ഈ കൂട്ടക്കൊലയുടെ കറ മായ്ച്ച് കളയാൻ ഇതുവരെയായിട്ടില്ല...

എന്റെ അഭിപ്രായത്തിൽ ഇന്ദിരഗാന്ധി കൊല്ലപ്പെട്ടതുകൊണ്ടോ അതല്ലെങ്കിൽ കോൺഗ്രസ് നേതാക്കൾ സിഖ് വിരുദ്ധ കലാപം ആളിക്കത്തിക്കാനിറങ്ങിയതുകൊണ്ടുമല്ല 3,000 സിഖുകാർ കൊല്ലപ്പെട്ടതും 20,000 ഓളം സിഖുകാർ ഡൽഹി വിട്ട് ഓടിപോയതും... അതിന് മുൻപെ അതിനുള്ള വഴിമരുന്നു ഉണ്ടായിരുന്നു... ഒരു സിഖ് വിരുദ്ധ മനോഭാവം... അതുതന്നെയാണ് ഗുജറാത്ത് കലാപത്തിന്റേയും ഇന്ധനം...വംശീയ തുടച്ച് നീക്കലുകളെല്ലാം തന്നെ അത്തരം വെറുപ്പിന്റേയും ഭയത്തിന്റേയും ഉൽപ്പന്നങ്ങളാണ്...

കൂട്ടക്കൊല / ഫാസിസം എന്നതിലൊക്കെ നമുക്ക് തർക്കിക്കാം... സമയം കിട്ടുമ്പോൾ അതിനിരയായ സമൂഹത്തിന്റെ ഷൂസിലൊന്ന് കയറി നിന്ന് നോക്ക്... നമുക്ക് മനസിലാകും... അതെത്ര ഭീകരമാണെന്ന്... 

https://ml.wikipedia.org/wiki/1984_anti-Sikh_riots

Wednesday, 11 February 2015

കമ്യൂണിസവും മാർക്സിസവും അലമാരയിൽ ഇരിക്കട്ടെ...

പ്രിയപ്പെട്ട കാരാട്ട് സഖാവെ...

ഡൽഹിയിൽ തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞപ്പോൾ... സി.പി.എം.-സി.പി.ഐ തുടങ്ങിയ വിപ്ലവ പാർട്ടികളുടെ വോട്ട് നില പരിശോധിച്ചു... നമ്മുടെ നില അത്ര മോശമല്ല... ചില മണ്ഡലങ്ങൾ ആയിരത്തിലധികം വോട്ടുകൾ പിടിച്ചിട്ടുണ്ട്... മറ്റ് ചിലയിടത്ത് 500 വോട്ടും... നമുക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ, നമ്മുടെ വോട്ട് ആപ്പിന് നൽകിയതുകൊണ്ട് ഒരു വോട്ട് കിട്ടി രണ്ട് വോട്ട് കിട്ടി എന്ന കണക്കൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസ്താവിക്കേണ്ടി വന്നില്ല... മാത്രമല്ല... അങ്ങനെ വല്ലതും സംഭവിച്ചിരുന്നുവെങ്കിൽ, ഓണലൈൻ ലോകത്ത് ഞങ്ങൾക്ക് താത്വികങ്ങളുമായി ജീവിക്കാനുമാകുമായിരുന്നില്ല... മാർക്സ് ദൈവം ഞങ്ങളെ കാത്തു...

കമ്യൂണിസവും മാർക്സിസവും ഇന്ത്യയിൽ വേര് പിടിക്കുന്നില്ല... പിന്നെ എവിടെയാണ് വേര് പിടിക്കുന്നതെന്ന് എന്നോട് ചോദിക്കണ്ട... ഗൂഗിളിൽ തിരഞ്ഞാൽ മതി... ഇല്ലെങ്കിൽ ഇല്ല... അത്രതന്നെ... ത്രിപുരയിലും ബംഗാളിലും കേരളത്തിലുമാണ് നമ്മുടെ ആശയങ്ങൾക്ക് അല്പമെങ്കിലും സ്വാധീനമുള്ളത്... അതുപോലും പ്രത്യേയശാസ്ത്ര താത്വികങ്ങൾ കണ്ട് പഠിച്ച് ഈ പാർട്ടിയിൽ നില നിൽക്കുന്നവരുമല്ല... പാവങ്ങൾക്കായുള്ള ഒരു പാർട്ടി... തൊഴിലാളികൾക്കായുള്ള ഒരു പാർട്ടി... ഒരു ഇടതുപക്ഷ പാർട്ടി... ജനങ്ങളിലിറങ്ങിയുള്ള രാഷ്ട്രീയപ്രവർത്തനം ഇതൊക്കെയായിരുന്നു സ്വധീനഘടകങ്ങൾ...

ലോകരാജ്യങ്ങളിൽ നിന്ന് കമ്യൂണിസം പാടെ തൂത്തെറിയപ്പെട്ടിട്ടുണ്ട്... ചൈനയിലൊക്കെ മുതലാളിത്തമാണ്... ഏയ്... അങ്ങനെയല്ല അവിടെ കമ്യൂണിസം ഉണ്ടെന്ന് കേരളത്തിലെ പാർട്ടിയിൽ നിന്ന് ചൈനയിൽ പോയി വരുന്നവർ പറയുന്നുണ്ട്... അതിന്റെ തെളിവായി ചുവന്ന കൊടിയുടെ പടവുമൊക്കെ ഞാനും കണ്ടിട്ടുണ്ട്...

പറഞ്ഞുവന്നത്, മുതലാളിത്തവും ജനാധിപത്യവും നിലനിൽക്കുന്ന കാലത്തോളം ഇടതുപക്ഷ ആശയങ്ങൾക്ക് എന്നും പ്രസക്തിയുണ്ട്... ചില രാജ്യങ്ങളിൽ അത്തരം പാർട്ടികൾ വിജയിക്കുമ്പോൾ, ദേ... ഇടതുപക്ഷം തിരിച്ച് വരുന്നുവെന്ന് പറഞ്ഞ് ഓണലൈൻ പി.ബി.ക്കാർ ആശ്വാസം കണ്ടെത്തും... അങ്ങനെ എന്തുകൊണ്ട് ഇന്ത്യയിലായിക്കൂട... ഇന്ത്യയിൽ അതിന് പ്രസക്തി വർദ്ധിക്കുന്ന കാലമാണ് കടന്നുപോകുന്നത്... പട്ടിണി-പാവങ്ങളും മധ്യവർഗ്ഗം (രണ്ടായി തിരിച്ചാൽ, അതിലെ താഴെയുള്ള വർഗ്ഗം) അവരെയൊക്കെ അവരുടെ അടിസ്ഥാന പ്രശ്നമായ അഴിമതി-ഭക്ഷണം-വസ്ത്രം-പാർപ്പിടം-കക്കൂസ്-വെള്ളം-വെളിച്ചംഎന്നതിലൂടെ ഇടതുപക്ഷാശയത്തിന് സ്വാധിനിക്കാനാകും... അതായിരുന്നു ആപ്പിന്റെ തുറുപ്പ് ചീട്ട്... പക്ഷേ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സാധിക്കുന്നില്ലല്ലോ... നമ്മളും പാവങ്ങൾക്കായി വായിട്ടലയ്ക്കുന്നില്ലേ... അതുപറഞ്ഞ് ഒരു ഭാരത ഹർത്താൽ തന്നെ നടത്തിയേക്കാം... കലികാലം തന്നെ...

ഒരു ഡെമോക്രാറ്റിക്-സോഷ്യലിസ്റ്റ്-സെക്യുലർ പാർട്ടിക്ക് ഇന്ത്യയിൽ വളരെയധികം സ്പേസുണ്ട്... അതായിരിക്കണം ഇടതുപാർട്ടികൾ ലക്ഷ്യം വെയ്ക്കേണ്ടത്... ആദ്യം ചെയ്യേണ്ടത്, ഇന്ത്യൻ ഡെമോക്രാറ്റിക്- സോഷ്യലിസ്റ്റ്-സെക്യുലർ പാർട്ടിക്ക് രൂപം നൽകുകയാണ്... കമ്യൂണിസവും മാർക്സിസവും അലമാരയിൽ ഒരു റഫറൻസായി ഇരിക്കട്ടെ... പുതിയകാലത്ത് പുതിയ തന്ത്രങ്ങൾ... ലെനിനിസവും സ്റ്റാലിനിസവും സാധാരണ ജനത്തിന് മനസിലാകാത്ത പ്രത്യേയ‌ശാസ്ത്ര അധരവ്യായാമവും വഴി ജനാധിപത്യ ഇന്ത്യയിൽ വിപ്ലവം ഒന്നും കൊണ്ടുവരാനാകില്ലല്ലോ... വിപ്ലവം നമ്മളും മാറ്റി വെച്ചതല്ലേ... എന്നാൽ പിന്നെ അതിന്റെ കൂടെ പഴകി തേഞ്ഞ് മൂർച്ച പോയ ആ പേരുകൾ നമുക്കെന്തിനാണ്... ആത്യന്തികമായി നമുക്ക് പാവങ്ങളെ രക്ഷിച്ചാൽ പോരെ... അപ്പോൾ പിന്നെ അവരുടെ ഭാഷയിൽ നമുക്ക് സംസാരിക്കാം... പ്രത്യേയശാസ്ത്രത്തിന്റെ മുകളിൽ ഊർജ്ജം ചിലവാക്കേണ്ടതില്ലല്ലോ... ആയിരം വോട്ട് മാത്രം കിട്ടിയതുകൊണ്ട് നമുക്ക് അഹങ്കാരമൊന്നുമുണ്ടാകില്ല... എന്നാലും ഒരാഗ്രഹം... പതിനായിരമൊക്കെ...

എന്ന് 
ഡെമോക്രാറ്റിക്- സോഷ്യലിസ്റ്റ്-സെക്യുലർ വിശ്വാസികൾക്കു വേണ്ടി.
കാക്കര

വാൽകക്ഷണം... ഈ കത്ത് കിട്ടുമ്പോൾ... ആരടാ കാക്കര എന്ന് കാരാട്ട് സഖാവിന് സംശയമുണ്ടാകും... ബ്ലോഗിലോ-പ്ലസിലോ ഉള്ള പി.ബി. അംഗങ്ങളോട് ചോദിച്ചാൽ മതി... അവർ പറഞ്ഞുതരും... ഏയ് കാര്യമാക്കൊന്നും വേണ്ട... നമ്മളെ പോലെ വല്യേക്കാട്ടെ രാഷ്ട്രീയബോധമൊന്നുമില്ല... ദിനം പ്രതി കുറെ മണ്ടത്തരങ്ങൾ പോസ്റ്റുന്ന അരാഷ്ട്രീയനാണ്... വിട്ടേക്ക്...