മാതൃഭാഷയിൽ സയൻസ്സും കണക്കും കൂടെ മാതൃഭാഷയും ലോകഭാഷയും ഭരണഭാഷയും ചേരുപടി ചേർത്ത് നല്ല പഠന നിലവാരത്തിലും ഭൗതീകസൗകര്യത്തോടുകൂടിയ ഒരു വിദ്യാലയത്തിൽ ഹിന്ദുവും മുസ്ലീമും കൃസ്താനിയും നിരീശ്വരവാദിയും പാവപ്പെട്ടവനും പണക്കാരനും ആൺകുട്ടിയും പെൺകുട്ടിയും സമാധാനത്തോടെ ജീവിച്ചുപഠിക്കുവാനുള്ള അവസരം... അതാണ് നമ്മുടെ കുട്ടികൾക്ക് നൽകേണ്ടത്... പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും സുഗമമായി കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന മാതൃഭാഷയിലാണ് നമ്മുടെ വിദ്യഭ്യാസരീതിയെങ്ങിൽ, അഭിരുചി വികസനത്തിനും ആഴത്തിലുള്ള പഠനത്തിനും സഹായിക്കും... കുട്ടികളേയുംകൊണ്ട് ശാസ്ത്രവിഷയങ്ങളിലൂടെ ഊളിയിട്ട് യാത്രചെയ്യുവാൻ പ്രാവീണ്യമുള്ള ഒരു അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ ഭാഷയിൽ പ്രാവിണ്യമില്ലെങ്ങിൽ തഥൈവ! വിദ്യാർത്ഥികൾക്ക് ഭാഷയിൽ പ്രാവീണ്യമില്ലെങ്ങിൽ വിഷയം ഗ്രഹിക്കുന്നതിന് അത് ഒരു പരിമിതിയാവില്ലേ? അതിനാൽ തന്നെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന് തന്നെയാണ് കാക്കരയുടെ മുൻഗണന...
ഇങ്ങനെയൊക്കെയാണെങ്ങിലും മലയാളമീഡിയത്തെ മൊഴിചൊല്ലി ഇംഗ്ലീഷ് മീഡിയത്തെ വേൾക്കുന്നവരെ കാക്കര നിരുൽസാഹപ്പെടുത്തുകയില്ല... കാരണം അനുഭവത്തിൽ നിന്ന് പാഠം പഠിച്ചവരുടെ വാക്കുകൾക്ക് വില കൽപ്പിക്കണമല്ലോ? കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം ഇംഗ്ലീഷ്മീഡിയത്തിന് കരുത്തു നൽകുന്നു... പ്രസംഗത്തിലും എഴുത്തിലും മലയാളം വേണം പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ ഇംഗ്ലീഷ് വേണം... അതാണ് കേരളം....
കുട്ടികൾ ജീവിച്ചുപഠിക്കുവാൻ ഏറ്റവും നല്ല വിദ്യാലയം സർക്കാർ വിദ്യലയങ്ങൾ തന്നെ (ഇന്നത്തെ?)... പക്ഷെ അവിടെ പഠിപ്പിക്കുന്നവർപോലും സ്വന്തം കുട്ടികളെ അവിടെ പഠിപ്പിക്കുന്നില്ല... സ്വന്തം മക്കൾ അങ്ങനെ ജീവിച്ച് പഠിക്കണ്ട! ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിട്ട് ജീവിച്ചാൽ മതി... മൂന്ന് നേരത്തെ അന്നത്തിന് ബുദ്ധിമുട്ടുള്ളവർ സർക്കാർ വിദ്യാലയത്തിൽ ചേർന്ന് ജീവിച്ച് പഠിക്കട്ടെ... അദ്ധ്യാപകർക്ക് മുടക്കമില്ലാതെ ശബളവും കിട്ടട്ടെ...
അടുത്ത കഥ ആരംഭിക്കുന്നത് മലയാള മീഡിയമാണോ ഇംഗ്ലീഷ് മീഡിയമാണോ നല്ലത്? അങ്ങനെയൊരു സംശയത്തിന്റെ ആവശ്യം തന്നെയില്ല... മലയാളം മീഡിയം തന്നെ (ഇന്നത്തെ രീതി?)... പക്ഷെ കൂണ് പോലെ ഇംഗ്ലീഷ് മീഡിയം തഴച്ചു വളരുന്നു മലയാള നാട്ടിൽ... മലയാളമാധ്യമ വിദ്യാലയത്തിൽ ഒരു ഡിവിഷൻ സായിപ്പിന്റെ ഭാഷയിൽ വിദ്യ പകർന്നുനൽകുന്നു... മലയാളമാധ്യമത്തിൽ പഠിപ്പിക്കുന്നവരിൽ കൂടുതലും അവരുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നു...
എന്തുകൊണ്ട് മലയാളികൾ ഇംഗ്ലീഷ് മീഡിയം തിരഞ്ഞെടുക്കുന്നു... എല്ലാത്തിനും ഒറ്റ ഉത്തരം - പൊങ്കച്ചം!!! ഇനിയും കാരണം വേണോ? എങ്ങിൽ സായിപ്പിനോടുള്ള അടിമത്വം... മണ്ണാങ്കട്ട... ജയറാം രമേഷിന്റെ “ഔദാര്യത്താൽ” ചാലക്കുടി പുഴ പിന്നേയും ഒഴുകി... മലയാളമീഡിയത്തിൽ പഠിച്ചവർ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരോട് ഇംഗ്ലീഷിൽ മൽസരിക്കുമ്പോൾ പിന്തള്ളപ്പെടുന്നത് കാണുന്നില്ലേ? L.K.G മുതൽ ഇംഗ്ലീഷ് പഠിക്കണമെന്നോന്നും ഒരു നിർബദ്ധവുമില്ല പക്ഷെ മലയാളമീഡിയത്തിൽ പഠിക്കുന്നവർ പിന്തള്ളപ്പെടുന്ന എല്ലാ സാഹചര്യങ്ങളും കേരളത്തിൽ മാറ്റിമറിക്കണം... സാധിക്കുമോ? ഇല്ലെങ്ങിൽ ഇംഗ്ലീഷ് മീഡിയത്തിൽ പോകുന്നവരെ പരിഹസിക്കരുത്...
കഴിഞ്ഞയാഴ്ച്ചയിൽ ഒരു പഞ്ചായത്ത് അധീനതയിലുള്ള വിദ്യാലയത്തിൽ രണ്ട് ക്ലാസുകളിലെ പഠനം നിറുത്തിവെച്ച് ഗ്രാമസഭ കൂടി!!! ഇവിടെ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾ പഠിച്ചിട്ടെന്ത് കാര്യം!!! 1987 -ൽ ഇംഗ്ലീഷ് മീഡിയത്തിനെതിരെയുള്ള സമരം നടന്ന കാലം ഓർമ്മയുണ്ടല്ലോ? പണക്കാർ പഠിച്ചിരുന്ന ഇംഗ്ലീഷ്മീഡിയം സുഗമമായി നടന്നപ്പോൾ “ഒരു തെറ്റും” ചെയ്യാത്ത പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന മലയാളമീഡിയം വിദ്യാലയങ്ങളിൽ സമരാഭാസം... ഇതിന്റെ പിന്നാലെ 10 ദിവസം നീളുന്ന അദ്ധ്യാപക സമരവും... ഇതും ഇംഗ്ലീഷ് മീഡിയത്തെ ബാധിച്ചില്ല... ഇതിന് പുറമെ അദ്ധ്യാപകർക്ക് നൽകുന്ന വിദ്യഭ്യാസേതര ജോലികൾ... ഇംഗ്ലീഷ് മീഡിയത്തിൽ ഈവക പൊല്ലാപ്പുകളൊന്നുമില്ല!
ഇംഗ്ലീഷ്മീഡിയത്തിൽ പഠിച്ചവർ പത്താംക്ലാസ് കഴിഞ്ഞാലും ഇംഗ്ലീഷ് സംസാരിക്കുന്നില്ല എന്ന ആരോപണം ഒരു പരിധി വരെ ശരി തന്നെയാണ്... അവരും സിലബസ്സിൽ നിന്നുകൊണ്ടാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്... അതേ കുട്ടികൾക്ക് ഇംഗ്ലീഷിൽ വായിച്ച് കാര്യം ഗ്രഹിച്ച് ഉത്തരം എഴുതുവാൻ സാധിക്കുന്നു! മറിച്ച് മലയാള മീഡിയത്തിൽ പഠിക്കുന്ന കുട്ടികളോ? നമ്മുടെ ഏത് സിലബസ്സാണ് സംസാരം ഒരു പരീക്ഷയുടെ ഭാഗമായി കണക്കാക്കുന്നത്? ഭാഷാപഠനം എന്നാൽ വായനയും എഴുതും സംസാരവും പഠിക്കലാണ്, അതുപോലും മനസ്സിലാകാതെ ഏതെങ്ങിലും ഒരു വിഖ്യാത എഴുത്തുകാരന്റെ ലേഖനമൊ അല്ലെങ്ങിൽ ഒരു മഹത് വ്യക്തിയുടെ ജീവചരിത്രത്തിൽ നിന്ന് ഒരു ഭാഗം അടർത്തിയെടുത്തോ പഠിപ്പിക്കുന്നു... ഫലമോ കുട്ടികൾ എഴുത്തുകാരനെ പറ്റി പഠിക്കുകയും ഭാഷ പഠിക്കാതെയിരിക്കുകയും ചെയ്യുന്നു... വ്യാകരണം പഠിച്ചിട്ട് വാചകങ്ങളിൽ എഴുതുവാൻ ശീലിച്ചില്ലെങ്ങിൽ അതും വിസ്മൃതിയിൽ...
മലയാളികൾ അടിമത്വംകൊണ്ടല്ല ഇംഗ്ലീഷ് പഠിക്കുന്നത് എന്ന് ഉറച്ച് വിശ്വസിക്കുന്നു... തിരിച്ചറിവ് കൊണ്ടാണ്, കൂട്ടത്തിൽ കുറച്ച് ഗതികേടും... വിദേശത്തെ സമ്പൽസമൃതിയിലേക്കാണല്ലോ നമ്മുടെ വിദ്യഭ്യാസം... ജപ്പാനിലെ കുഞ്ഞുങ്ങൾ ജപ്പാൻ ഭാഷയിൽ പ്രാഥമിക വിദ്യഭ്യാസം നടത്തി ജപ്പാൻ ഭാഷയിൽ തന്നെ ഉപരി പഠനം നടത്തി ജപ്പാൻ ഭാഷയിൽ ജോലി ചെയ്ത് ജപ്പാനിൽ മരിക്കുന്നു... എല്ലാ മൽസരവും ഒരേ പ്രതലത്തിൽ... കേരളത്തിലോ? മലയാളത്തിൽ പഠിച്ചവർ ഇംഗ്ലീഷിൽ പഠിച്ചവരോട് ഇംഗ്ലീഷിൽ മൽസരിക്കണം... രണ്ട് പ്രതലം... ഈ മൽസരത്തിൽ വിഷയത്തിൽ പ്രാവീണ്യം കുറഞ്ഞാലും ഭാഷയിൽ നേടിയ പ്രാവീണ്യം മുതലാക്കി സായിപ്പിന്റെ കുട്ടികൾ അവസരങ്ങൾ വെട്ടിപ്പിടിക്കുന്നു...
വീണ്ടും ഇംഗ്ലീഷ് മീഡിയത്തിലേക്ക്... വെറും പൊങ്കച്ചത്തിന് വേണ്ടി “മാത്രമല്ല” മാതാപിതാക്കൾ ഇംഗ്ലീഷ്മീഡിയം തേടിപോകുന്നത്... സ്വന്തം അനുഭവത്തിൽ നിന്ന് പാഠം പഠിച്ചിട്ട് തന്നെയാണ്... “നല്ല രീതിയിൽ” ഇംഗ്ളീഷ് ഒരു ഭാഷയായി മലയാളമീഡിയത്തിൽ പഠിപ്പിച്ചിരുന്നുവെങ്ങിൽ കൂണ് മുളച്ചുവരുന്നപോലെ ഇംഗ്ല്ലിഷ്മീഡിയം വരുമായിരുന്നില്ല... സയൻസിലും മറ്റും ബിരുദം നേടിയവരായിരുന്നു ഇംഗ്ളീഷ് ഭാഷ “കാണാപാഠം” കുട്ടികളെ പഠിപ്പിച്ചിരുന്നത്... അതും മറക്കേണ്ട... ബാക്കിയെല്ലാ വിഷയും പഠിപ്പിക്കണമെങ്ങിൽ അതാത് വിഷയങ്ങളിൽ പ്രാവീണ്യം വേണമായിരുന്നു, പക്ഷെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കണമെങ്ങിൽ അതിൽ ഒരു ചുക്കും ചുണ്ണാമ്പും അറിയേണ്ടതില്ല... 7 വർഷം ഇംഗ്ലീഷ് പഠിച്ചിട്ട് 10 വാചകം simple sentence ൽ എഴുതുവാൻ പറ്റുന്നില്ലെങ്ങിൽ ആ പഠനത്തിന് എന്തോ തകരാറില്ലേ? ആ തകരാർ തീർക്കുവാൻ ബാധ്യതയുള്ള 140 M.L.A മാരുണ്ട്, അതിൽ എത്രപേരുടെ കുട്ടികളും പേരക്കുട്ടികളൂം മലയാളമീഡിയത്തിൽ പഠിക്കുന്നുണ്ട്? സർക്കാർ അല്ലെങ്ങിൽ സർക്കാർ സഹായ മലയാളമീഡിയം വിദ്യാലയത്തിൽ പഠിപ്പിക്കുന്ന ആധ്യപകരുടെ മക്കളും പേരക്കുട്ടികളും എവിടെയാണ് പഠിക്കുന്നത്? പൊതുജനം “ബഹുമാനത്തോടെ” സാർ എന്ന് വിളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ പഠിക്കുന്നത് കൂടുതലും അടിമത്ത ഭാഷയിൽ തന്നെ, ഇതൊക്കെ കാണുന്ന കോരനും ചക്കിയും പട്ടിണി കിടന്നിട്ടായാലും സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട് പഠിപ്പിച്ചാൽ പൊങ്കച്ചമെന്ന് പറഞ്ഞ് പുച്ഛിക്കല്ലേ?
വാൽകക്ഷണം... സൗജന്യയാത്ര, ഉച്ചഭക്ഷണം, പാല്... ഇതിലും വലിയ കോർപ്പൊറേറ്റ് പരസ്യം എവിടെ കിട്ടും പക്ഷെ കുട്ടികളെ മാത്രം കിട്ടുന്നില്ല! പണ്ടത്തെപോലെ പട്ടിണിയില്ല... അല്ലേ?
ഓഫ്... പല പോസ്റ്റുകളിൽ നടന്ന ചർച്ചകളിൽ ഇട്ട കമന്റുകളുടെ ആകതുക ഒരു പോസ്റ്റായി ഇവിടേയും...
Sunday, 18 July 2010
മാതൃഭാഷയും ഇംഗ്ലീഷ്‌മീഡിയവും...
Labels:
chalakudy,
Education,
english medium,
georos,
jayram ramesh,
kaakkara,
kerala,
malayalam,
Politics,
sandstorm,
shijangeorge,
Social
Subscribe to:
Post Comments (Atom)
15 comments:
സൗജന്യയാത്ര, ഉച്ചഭക്ഷണം, പാല്... ഇതിലും വലിയ കോർപോറേറ്റ് പരസ്യം എവിടെ കിട്ടും പക്ഷെ കുട്ടികളെ മാത്രം കിട്ടുന്നില്ല! പണ്ടത്തെപോലെ പട്ടിണിയില്ല... അല്ലേ?
പൊങ്ങച്ചം മാത്രമല്ല കാക്കരേ, എല്ലാവരും പഠിക്കുന്നത് ജോലി നേടാനാ, അല്ലാതെ അറിവുണ്ടാക്കാനല്ല, ജീവിതമ പഠിക്കാനുമല്ല.
അതിനെ ഇംഗ്ലീഷ് തന്നെ വേണം എന്നു നാം കരുതുന്നു.
പിന്നെ ഡിഗ്നിറ്റി.
മാതൃഭാഷ പഠിക്കാതെ എത്ര ഉയർന്ന ഡിഗ്രി വരെയും എടുക്കാൻ നമുക്കു കഴിയുമല്ലോ.
തമിഴന്റെ വികാരം കണ്ടിട്ടില്ലേ, അവിടെ സർക്കാർ ഉദ്യോഗം കിട്ടണമെങ്കിൽ തമിഴ് പഠിക്കണം. ഇവിടെയോ.
എല്ലാം കുഴഞ്ഞുമറിഞ്ഞിടത്ത് ....?
കാക്കര പറഞ്ഞിതിനോടു ഞാനും യോജിക്കുന്നു. പക്ഷെ ഒരു കാര്യം അവിടെ ഭാഷാപഠനത്തിനു മാത്രമേ ഉള്ളോ ഈ പ്രശ്നം. എല്ലാം ഗൈഡ് ഉപ്യോഗിച്ച് കാണാതെ പഠിക്കുന്ന ഒരു തെറ്റായ വിദ്യാഭ്യാസ പദ്ധതിയാണ് അവിടുത്തേത്. മാത്രുഭാഷയും ലോകമമ്യൂണിക്കേഷന്‍ ഭാഷയും രണ്ടായി ഇരിക്കുന്നത് കേരളത്തില്‍ മാത്രമല്ല. ധാരാളം രാജ്യങ്ങളിലും ഈ അവസ്ഥ നിലനില്‍ക്കുന്നു. പക്ഷെ പാഠ്യരീതിയുടെ കഴപ്പമാണ് അവിടെ കൂടുതല്‍. മാതൃഭാഷ മറ്റൊരു ഭാഷ്ക്കു വെണ്ടി ഉപേക്ഷിക്കുന്ന വിദ്യാഭ്യാസരീതി മഹാപൊള്ളത്തരമാണ്.
ആകട്ടെ ഈ ഇംഗ്ലീഷ് മീഡിയത്തില്‍ പോകുന്ന സര്‍ക്കാര്‍ ജോലിക്കാരന്റെ മക്കള്‍ക്ക് ഒരു വ്ഷയം കൊടുക്ക് ഇംഗ്ലീഷില്‍ അഞ്ചുവാചകം അതിനേക്കുറിച്ച് ഒരു തെറ്റു കൂടാതെ സെന്‍സിബിള്‍ അയി സംസാരിക്കുമോ?ഇല്ല എന്നു കാക്കറ തന്നെ പറഞ്ഞതാണല്ലോ
കൂടുതല്‍ എഴുതുന്നില്ല ഇവിടെ. അരദ്ധ്യാപികയായിട്ടും ഇതുവരെ ഈ വിഷയത്തെക്കുറിച്ചെഴുതാന്‍ കഴിഞ്ഞില്ല്ലല്ലോ എന്നുള്ള കുറ്റ ബോധമുണ്ട്. പിന്നെ വേഴ്ഡ് കപ്പ് കഴിഞ്ഞു സ്ക്കൂള്‍ തുറന്നപ്പോള്‍ പിന്നെ നിന്നു തിരിയാന്‍ നേരോമില്ല:). പക്ഷ ഞാന്‍ കഠിനമായി ശ്രമിക്കുന്നുണ്ട് എന്നേ ഇപ്പോളും പറയാറായിട്ടൂള്ളു.
കാക്കര താങ്കള്‍ എല്ലാം വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു,അഭിനന്ദനങ്ങള്‍.
വിദ്യാഭ്യാസം കുട്ടിയെ മാന്യനാക്കാനല്ല മനുഷ്യനാക്കാനാണെന്ന് ഇവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ഇന്ന് എന്താണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ആത്യന്തികമായി പറഞ്ഞാല്‍ സുരേഷ് പറഞ്ഞതുപോലെ ഒരു ജോലി. അതില്‍ എത്താനുള്ള ഒരു മാര്‍ഗ്ഗം മാത്രം വിദ്യാഭ്യാസം എന്ന ഈ അഭ്യാസം. അതിനു നല്ലത് ഇംഗ്ലീഷ് വിദ്യാഭ്യാസം തന്നെ. സര്‍ക്കാര്‍ എയിഡഡ് സ്കൂള്‍ അദ്ധ്യാപികയായ അമ്മ ജോലി ചെയ്തിരുന്ന അതേ സ്കൂളില്‍ പഠിച്ച് പ്രീഡിഗ്രിക്കായി മഹാരാജാസില്‍ ചേര്‍ന്നപ്പോള്‍ അവിടെ പല അദ്ധ്യാപകരും ഇംഗ്ലീഷില്‍ ക്ലാസെടുക്കുമ്പോള്‍, ഇംഗ്ഗ്ലീഷ് മീഡിയത്തില്‍ പഠിച്ച പല സഹപാഠികളും പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുന്നത് കണ്ടപ്പോള്‍ പഠിച്ച പാഠം ഇംഗ്ലീഷ് തന്നെയാവണം ചെറിയ ക്ലാസുകളിലും അദ്ധ്യയന ഭാഷ,
""മാതൃഭാഷയിൽ സയൻസ്സും കണക്കും കൂടെ മാതൃഭാഷയും ലോകഭാഷയും ഭരണഭാഷയും ചേരുപടി ചേർത്ത് നല്ല പഠന നിലവാരത്തിലും ഭൗതീകസൗകര്യത്തോടുകൂടിയ ഒരു വിദ്യാലയത്തിൽ ഹിന്ദുവും മുസ്ലീമും കൃസ്താനിയും നിരീശ്വരവാദിയും പാവപ്പെട്ടവനും പണക്കാരനും ആൺകുട്ടിയും പെൺകുട്ടിയും സമാധാനത്തോടെ ജീവിച്ചുപഠിക്കുവാനുള്ള അവസരം... അതാണ് നമ്മുടെ കുട്ടികൾക്ക് നൽകേണ്ടത്...""
തീര്‍ത്തും ശരി.
മലയാളികൾ അടിമത്വംകൊണ്ടല്ല ഇംഗ്ലീഷ് പഠിക്കുന്നത് എന്ന് ഉറച്ച് വിശ്വസിക്കുന്നു... തിരിച്ചറിവ് കൊണ്ടാണ്, കൂട്ടത്തിൽ കുറച്ച് ഗതികേടും... വിദേശത്തെ സമ്പൽസമൃതിയിലേക്കാണല്ലോ നമ്മുടെ വിദ്യഭ്യാസം... ജപ്പാനിലെ കുഞ്ഞുങ്ങൾ ജപ്പാൻ ഭാഷയിൽ പ്രാഥമിക വിദ്യഭ്യാസം നടത്തി ജപ്പാൻ ഭാഷയിൽ തന്നെ ഉപരി പഠനം നടത്തി ജപ്പാൻ ഭാഷയിൽ ജോലി ചെയ്ത് ജപ്പാനിൽ മരിക്കുന്നു... എല്ലാ മൽസരവും ഒരേ പ്രതലത്തിൽ...
ജപ്പാൻ മാത്രമല്ല അനേകം രാജ്യക്കാരുടെ സ്ഥിതി ഇതുതന്നെഅയാണ്
കേരളത്തിലോ?
രണ്ട് പ്രതലം...
ഈ മൽസരത്തിൽ വിഷയത്തിൽ പ്രാവീണ്യം കുറഞ്ഞാലും ഭാഷയിൽ നേടിയ പ്രാവീണ്യം മുതലാക്കി സായിപ്പിന്റെ ഭാഷാ കുട്ടികൾ അവസരങ്ങൾ വെട്ടിപ്പിടിക്കുന്നു ....,മറ്റുരാജ്യങ്ങളിൽ ചേക്കേറുന്നു.....
സുരേഷ്... ജോലിയിലേക്കുള്ള പ്രധാന ചവിട്ടുപടിയാണ് വിദ്യഭ്യാസം... ബാക്കിയെല്ലാം ഉപഉൽപ്പന്നങ്ങളാണ്...
MKERALAM... സെൻസിബിളായി അഞ്ചു വാചകം സംസാരിക്കില്ല... പക്ഷെ ഇംഗ്ല്ലീഷ് മീഡിയത്തിലെ കുട്ടികൾക്ക് ഒരു പേജ് വായിച്ച് അർത്ഥം ഗ്രഹിക്കുവാനും അത് ഇംഗ്ലീഷിലും മലയാളത്തിലും എഴുതി ഫലിപ്പിക്കാനും സാധിക്കുന്നു...
പിന്നെ താങ്ങൾ പറഞ്ഞത് പോലെ ഗൈഡ് അല്ലെങ്ങിൽ അതിനേക്കാൽ വലിയ നോട്ട് തയ്യാറാക്കിയാണ് ഭാഷ അദ്ധ്യാപനംപോലും നടക്കുന്നത്...
ഷാജി... നന്ദി...
മണികണ്ഠൻ... നന്ദി...
അക്ബർ... നന്ദി...
ബിലാത്തിപട്ടണം... താങ്ങൾ പറഞ്ഞത് ശരി തന്നെ... മറ്റു രാജ്യങ്ങളിൽ ചേക്കേറുന്നതിൽ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഒരു മുതൽക്കുട്ടാവുന്നുണ്ട്...
---
സംസ്ഥാനത്തിന്റെ പേര് കേരളമാണോ (Keralam) അല്ലെങ്ങിൽ കേരളയാണോ (Kerala) എന്ന് ഇതുവരേയും തീരുമാനിച്ചിട്ടില്ല!!!
മലയാളം മീഡീയം കുട്ടികള്‍ ഡിഗ്രിക്ക് കോളേജിലെത്തുമ്പോള്‍ അവിടെയുള്ള അധ്യാപകരാലും കുട്ടികളാലും അപമാനിക്കപ്പെടുന്നുണ്ട്.
നല്ല നിരൂപണം...
അറിവ് നേടാനല്ലാതെ ജോലി നേടി പണം ഉണ്ടാക്കുക എന്ന കാഴ്ചയിലേക്ക് വിദ്യാഭ്യാസം മാറിയിരിക്കുന്നു,
അല്ലെങ്കില്‍ മാറ്റിയിരിക്കുന്നു.
കുമാരൻ... ഇംഗ്ലീഷ് മാധ്യമത്തിൽ ക്ലാസ്സെടുക്കുമ്പോൾ മലയാളം മീഡിയം വിദ്യാർത്ഥികൾ വാപൊളിച്ചിരിക്കും... ഏതെങ്ങിലും ഒരു അദ്ധ്യപകൻ മലയാളമീഡിയം കുട്ടികളുടെ നിലവാരത്തിലേക്ക് ഇറങ്ങി മംഗ്ലീഷിൽ ക്ലാസെടുത്താൽ ഈ അദ്ധ്യപകന്റെ “നിലവാരത്തെ” ആയിരിക്കും പരിഹസിക്കുക...
വഴിപോക്കൻ... നന്ദി...
പട്ടേപാടം റാംജി... അറിവ് നേടുകയും സാമൂഹ്യ ചുറ്റുപാടുകളോട് സമരസപ്പെട്ട് ജീവിച്ചുപഠിച്ച് “നല്ല പൗരന്മാരായി” മാതൃഭാഷയെ സ്നേഹിച്ച് വളർന്ന്‌വരുമ്പോൾ ഇംഗ്ലീഷ് മീഡിയത്തിലൂടെ പഠിച്ചു വരുന്നവർ ഭാവി ജീവിതത്തിൽ നേട്ടങ്ങൾ കൊയ്യുന്നു... അത് നാം കാണാതെ പോകരുത്...
മാതൃഭാഷയെ അവഗണിച്ച് കൊണ്ടുള്ള പഠനം അഭികാമ്യമല്ല. കാക്കര പറഞ്ഞത് പോലെ എഴുത്തിലും പ്രസംഗത്തിലും മലയാളം കാര്യത്തോടടുക്കുമ്പോൾ ഇംഗ്ഗ്ലീഷും എന്ന നിലതന്നെയാണിന്ന്. ചിലർക്ക് പൊങ്ങച്ചവും ചിലർക്കത് അനുഭവപാഠങ്ങളിൽ നിന്നുള്ള പ്രചോദനവുമാവാം.
വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യം വെക്കുന്ന സംസ്കരണം മാത്രം രണ്ട് മീഡിയങ്ങളിലും നടക്കുന്നുണ്ടോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.
നല്ല നിരീക്ഷണങ്ങൾ
പട്ടിണി ഇല്ലാങ്ങിട്ടാണോ കുട്ടികളെ മലയാളം മീഡിയത്തിലേക്ക് കിട്ടാത്തത് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. അതോ ഇനി പട്ടിണിയും പൊങ്ങച്ചം വിഴുങ്ങിയതായിരിക്കുമോ ?
രക്ഷപ്പെടണമെങ്കില്‍ ഇംഗ്ലീഷ് പഠിച്ചാലേ പറ്റൂ എന്ന അവസ്ഥ മാറാത്തിടത്തോളം ഇതൊക്കെ തന്നെയേ നടക്കൂ.
"കേരളത്തിലോ? മലയാളത്തിൽ പഠിച്ചവർ ഇംഗ്ലീഷിൽ പഠിച്ചവരോട് ഇംഗ്ലീഷിൽ മൽസരിക്കണം... രണ്ട് പ്രതലം... ഈ മൽസരത്തിൽ വിഷയത്തിൽ പ്രാവീണ്യം കുറഞ്ഞാലും ഭാഷയിൽ നേടിയ പ്രാവീണ്യം മുതലാക്കി സായിപ്പിന്റെ കുട്ടികൾ അവസരങ്ങൾ വെട്ടിപ്പിടിക്കുന്നു..."അത് സത്യം
Post a Comment