Thursday, 27 May 2010

എല്ലാ റോഡുകളും റോമിലേക്ക്‌, കേരളത്തിലോ?“എല്ലാ റോഡുകളും റോമിലേക്ക്‌” എന്ന ചൊല്ലിന്റെ പാരഡിയാണോ “എല്ലാ റോഡുകളും വിവാദത്തിൽ”? ആയിരിക്കുമല്ലേ?

വളരെ പണ്ടുമുതൽ ഒരു മനുഷ്യന്റെ ആവശ്യഘടകങ്ങളായി കണക്കാക്കിയിരുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നു ഭക്ഷണം, വസ്ത്രം, പാർപ്പിടം. അതിനെ പിൻതുടർന്ന്‌ ആരോഗ്യവും വിദ്യഭ്യാസവും ആവശ്യഘടമായി ആധുനിക സമൂഹം കണക്കാക്കി. പഞ്ചേന്ദ്രിയങ്ങൾ പോലെ ഈ ഘടകങ്ങളും ഒരു വ്യക്തിയുടെയും അതിലുടെ ഒരു സമൂഹത്തിന്റേയും വളർച്ചയുടെ അളവുകോലായി നാം കാണക്കാക്കുന്നു. ഇവിടെയാണ്‌ കേരളം യുറോപ്പുമായി താരതമ്യം ചെയ്യപ്പെടുന്നത്‌. ഇന്ത്യയിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നത്‌, ഇതാണ്‌ കേരള മോഡൽ പക്ഷെ അവിടെ തീർന്നു കേരള മോഡൽ. ഇതിനപ്പുറത്ത്‌ കേരളം വളരെ പിന്നിലാണ്‌, ആ സത്യം നാം മറച്ചുവെയ്ക്കുന്നു, അല്ലെങ്ങിൽ വിവാദത്തിൽ എല്ലാം മുക്കികളയുന്നു.

കാലം മാറി, കോലം മാറണം എന്നതുകൊണ്ടല്ല, കോലം മാറിയേ തീരു, നാളെയുടെ ആവശ്യങ്ങളെ അഭിമുഖികരിച്ചേ മതിയാകു. ഇന്നിന്റെ ആവശ്യങ്ങൾ പോലും നാം തമസ്കരിക്കുന്നു! ഒരു വ്യക്തിയുടെ അല്ലെങ്ങിൽ സമൂഹത്തിന്റെ പുരോഗതിയുടെ ജീവവായു, മേല്പറഞ്ഞ പഞ്ചേന്ദ്രിയങ്ങളെ മാറ്റി നിറുത്തിയാൽ, ഇന്നിന്റെ ഇന്ദ്രീയമായി പരിഗണിക്കേണ്ടത്‌ ഗതാഗതസംവിധാനത്തെയാണ്‌. ഗതാഗതസൗകര്യത്തിന്റെ കാര്യത്തിൽ ദൈവത്തിന്റെ സ്വന്തം നാട്‌ എവിടെ നിൽക്കുന്നു, എന്തിന്‌ എവിടെ നിൽക്കണമെന്ന്‌ പോലും ഒരു തിരുമാനമായിട്ടില്ല. ദീർഘവീക്ഷണം കവിഞ്ഞൊഴുകുകയാണ്‌ മലയാളനാട്ടിൽ!

ദേശീയപാതക്കെതിരെ സമരം ചെയ്യുകയും സർവകഷിയോഗം വിളിച്ച്‌ 60 മീറ്റർ വീതിയുള്ള റോഡ്‌ 45 മീറ്ററിൽ നിന്നുമിറങ്ങി 30 മീറ്ററിൽ ചുരുക്കിക്കെട്ടുന്നു. ജനപക്ഷത്ത്‌ നിൽക്കുന്നു എന്ന വ്യാജേന എല്ലാവരും കൂടി ഡൽഹിയിൽ ചുറ്റിയടിച്ച്‌ അപേക്ഷയും കൊടുത്ത്‌ തിരിച്ചിറങ്ങിയിട്ട്‌ അധികസമയമായില്ല. ഇടതുപക്ഷക്കാർക്കും വലതുപക്ഷക്കാർക്കും ഒരുപോലെ മനമാറ്റം. വി.എസ്സിന്‌ മനമാറ്റമുണ്ടാകില്ല, അദ്ധേഹം ഇടതുമല്ല വലതുമല്ല “ജനപക്ഷ” നേതാവല്ലെ? ജനപക്ഷമാകുമ്പോൾ, 15 മീറ്റർ തന്നെ ധാരാളം!

കേരളം പോലെ നീണ്ടുനിവർന്ന്‌ കിടക്കുന്ന ഒരു സംസ്ഥാനത്തിന്‌ ഏറ്റവും അനുയോജ്യമായത്‌ തിരുവനന്തപുരം മുതൽ കാസ്സർഗോഡ്‌ വരെ 60 മീറ്റർ വീതിയിൽ ഒരു നട്ടെല്ലും പിന്നെ ഈ നട്ടെല്ലിനെ ബദ്ധിപ്പിക്കുന്ന കുറെ വാരിയെല്ലുകളുമാണ്‌. അതൊക്കെ മലയാളിക്ക്‌ സ്വപ്നപദ്ധതികളായി അവശേഷിക്കുമ്പോൾ ദേശീയ പാതയെങ്ങിലും 60 മീറ്ററിലോ 45 മീറ്ററിലോ വീതിയിൽ വികസ്സിപ്പിക്കാൻ നമ്മുടെ നാട്ടാരും രാഷ്ട്രീയക്കാരും സഹകരിക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. നല്ല റോഡുകൾക്ക്‌ ടോൾ നൽകുവാൻ കാക്കരയും തയ്യാർ.

നമ്മുടെയൊക്കെ മനസ്സിൽ നല്ല റോഡുകൾ പണക്കാർക്ക്‌ വേണ്ടിയാണ്‌ പണിയുന്നത്‌, വികസനം കൊണ്ടുവരുന്നത്‌ ഭുമാഫിയക്കുവേണ്ടിയാണ്‌, ഇതുമല്ലെങ്ങിൽ രാഷ്ട്രീയ കണക്കുകൾ തീർക്കുവാൻ വികസനത്തിനെതിരെ സമരം ചെയുക അല്ലെങ്ങിൽ സമരക്കാരെ നേരിടാതെ (അടിച്ചൊതുക്കലല്ല) വികസനം തന്നെ വേണ്ടെന്ന്‌ വെയ്ക്കുക. വാചക കസ്സർത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുക. എത്ര നാൾ നാം ഇങ്ങനെ മുന്നോട്ട് പോകും. മുംബൈയിൽ വീമാനമിറങ്ങി രണ്ട്‌ നാൾ കഴിഞ്ഞ്‌ നാട്ടിൽ കാൽ കുത്തിയിരുന്ന പഴയകാല പ്രവാസികളോട്‌ ചോദിച്ച്‌ നോക്കുക, നെടുമ്പാശ്ശേരി എയർപ്പോർട്ട്‌ ശരിയോ തെറ്റോ? കരുണാകരനിൽ നിന്ന്‌ ശർമ്മ വല്ലതു പഠിച്ചുവോ?

എക്സ്പ്രസ്സ്‌വെയുമായി മുനീർ വന്നപ്പോൾ, മുനീർ കള്ളന്‌ കഞ്ഞിവെച്ചവൻ! എക്സ്പ്രസ്സ് വെയ്ക്കെതിരായി ഉയർന്ന്‌ കേട്ട ഏറ്റവും വലിയ ആരോപണം കേരളത്തെ വെട്ടിമുറിച്ച്‌ പോകുന്ന പാത! ഒരു ടി.വി ചർച്ചയിൽ പി.സി. ജോർജ്‌ വിലപിക്കുന്നത്‌ കേട്ടപ്പോൽ കാക്കരയും ശരിക്കും ഞെട്ടിപോയി. 50 സെന്റ് ഭുമി സ്വന്തമായുള്ള ഒരു വൃദ്ധയുടെ ഭുമിയെ രണ്ടായി പകുത്തുകൊണ്ട്‌ റോഡ്‌ കടന്നുപോയാൽ, ആ വൃദ്ധ പശുവിനെ റോഡിന്‌ അപ്പുറത്തുള്ള പറമ്പിലേക്ക്‌ എങ്ങനെ പുല്ല്‌ തിന്നുവാൻ കൊണ്ടുപോകും? എക്സ്സ്പ്രസ്സ്‌വേ ഗോപിയായി. ഈ വിവാദത്തിൽ നിന്ന്‌ ഇപ്പോൾ വലതുപക്ഷക്കാരനായി കളം മാറിയ പി.സി. ജോർജും കിനാലുരിലെ നാലുവരിപാത, വികസനം കൊണ്ടുവരുമെന്ന്‌ ആണയിടുന്ന കരീമിനും രാഷ്ട്രീയ നിലപാടുകൾക്കപ്പുറത്ത്‌ വികസനനിലപാടുകളുണ്ടോ?

കിനാലുരിനെ മറന്നുകൊണ്ടല്ല, ഏത്‌ വികസനവുംകൊണ്ടുവരുമ്പോൾ കുടിയൊഴിപ്പിക്കുന്നവർക്ക്‌ ന്യായമായ നഷ്ടപരിഹാരവും വരുന്ന പദ്ധതിയുടെ ലാഭവും നല്കണം, എങ്ങിൽ മാത്രമെ കേരളംപോലെയുള്ള ഒരു സംസ്ഥാനത്ത്‌ കുടിയൊഴുപ്പിക്കൽ സാധ്യമാകു. മുഖ്യധാര രാഷ്ട്രീയപാർട്ടികളെ മാത്രം വിശ്വാസത്തിലെടുത്ത്‌ അല്ലെങ്ങിൽ വിലക്കെടുത്ത്‌ കാര്യങ്ങൾ നടപ്പിലാക്കമെന്ന ധാർഷ്ട്യം ഭരണാധികാരികൾ ഉപേക്ഷിക്കണം, അല്ലെങ്ങിൽ കിനാലുരും ദേശീയപാത ഉപരോധവുമായി നാം സമയം നഷ്ടപ്പെടുത്തും, തമിഴ്നാടും പഞ്ചാബും എന്തിന്‌ ബീഹാറും ഒറീസ്സയും മുന്നിലെത്തും... അപ്പൊഴും നാം തപ്പിനോക്കും, ചന്തിയിൽ വല്ല തഴമ്പും... പിന്നേയും നാണമില്ലാതെ വിളിച്ചുപറയും, കേരളമോഡൽ...

ഇതിലെ ആശയം പൂർണ്ണമാകണമെങ്ങിൽ “വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും...” എന്ന പോസ്റ്റും കൂടി വായിക്കുക. ലിങ്ക് താഴെ.

http://georos.blogspot.com/2010/05/blog-post_11.html

വാൽകഷ്ണം.

കോടതി ഉത്തരവ്‌ പ്രകാരം കോഴിക്കോട് കളക്‌ട്രറ്റിൽ ഇന്നലെ ജപ്തി നോട്ടിസ്‌ പതിച്ചിരിക്കുന്നു. 10 വർഷം മുൻപ്‌ IIM-K കോഴിക്കോടിന്‌ വേണ്ടിയെടുത്ത ഭുമിയാണ്‌ കേസ്സിനാധാരം. 7 പേർക്ക്‌ ആകെ 53 ലക്ഷം രൂപ. ഇങ്ങനെയാണ്‌ നമ്മുടെ കുടിയൊഴുപ്പിക്കൽ. ഭരണകൂടം ചങ്ങലയുമായി വരും, ജനങ്ങൾ മാറി നിൽക്കുക, പ്രതിക്ഷേധിക്കുന്നവരെ ചങ്ങലക്കിടും. ഇതും കേരള മോഡലാണ്‌...
Post a Comment