Saturday, 15 May 2010

യൂസ്സേർസ്സ് ഫീ തിരുവനന്തപുരത്തും...

എയർപോർട്ടിലെ മരതണലിൽ ഒരു വീമാനം കൊണ്ടുവന്ന്‌ നിറുത്തി ആളെ കയറ്റിപോകുന്നതിന്‌ വീമാനമുതലാളിമാരിൽ നിന്ന്‌ കണക്ക്‌ പറഞ്ഞ്‌ എയർപ്പോർട്ടുകാർ കാശ്‌ വാങ്ങുന്നുണ്ട്‌. പിന്നെ എന്തിനാ യൂസ്സേർസ്സ്‌ ഫീ നേരിട്ട്‌ വാങ്ങുന്നതെന്ന്‌ കാക്കര ആരോട്‌ ചോദിക്കാൻ? പ്രത്യേകിച്ച്‌ ചോദിക്കാനും പറയാനുമില്ലാത്ത വർഗ്ഗത്തേയാണല്ലൊ യൂസ്സേർസ്സ്‌ ഫീ ബാധിക്കുക. ഒരു യാത്രക്കാരൻ ടിക്കറ്റ് വാങ്ങുമ്പോൾ എയർപ്പോർട്ട്‌ നികുതിയടക്കം എടുത്താൽ പൊങ്ങാത്ത ഒരു വലിയ തുക കൊടുത്തതിന്‌ പുറമെ ചുമ്മാ നൽകേണ്ടി വരുന്ന ഒരു തുകയല്ലെ യൂസ്സേർസ്സ്‌ ഫീ? ചോദിക്കാനും പറയാനും അവകാശമില്ലത്താവരുടെ കയ്യിൽ നിന്ന്‌ എളുപ്പത്തിൽ അടിച്ച്‌ മറ്റാവുന്ന തുക! 755 ഉലുവ കൊടുത്താലെങ്ങിലും പ്രത്യേകിച്ച് വല്ല ഗുണമുണ്ടാകുമോ?

ബസ് ടിക്കറ്റ് എടുത്തവർ ബസ് സ്റ്റാന്റിൽ വന്ന്‌ ബസ്സിൽ കയറുന്നതിന്‌ യൂസ്സേർസ്സ്‌ ഫീ നല്കുന്നുണ്ടോ? ട്രെയിൻ യാത്രക്കാർ യൂസ്സേർസ്സ്‌ ഫീ നൽകുന്നുണ്ടോ? ചുമ്മാ ചോദിച്ചതാണ്‌. വീമാനത്തിൽ കയറണോ യുസ്സേർസ്സ്‌ ഫീ നൽകണം, അത്ര തന്നെ... എണ്ണപണം തേടി പോകുന്നവർ അല്ലേ, അല്ലെങ്ങിൽ അമേരിക്കയിലേയും യൂറോപ്പിലേയും സമൃദ്ധിയുടെ നടുവിലേക്കുള്ള ആകാശനൗകയിലെ യാത്രയല്ലെ, നാടിനുവേണ്ടി വല്ലതും കൊടുത്തിട്ട്‌പോടെ, ഇതാണോ നമ്മുടെ ചിന്ത?

കണക്കുകൾ പ്രകാരം തിരുവനന്തപുരം എയർപ്പോർട്ടിൽ നിന്നുമുള്ള യാത്രക്കാരിൽ 75 ശതമാനം അന്തരാഷ്ട്രയാത്രക്കാരും ബാക്കി 25 ശതമാനം ആഭ്യന്തരയാത്രക്കാരും. രണ്ടുകൂട്ടരും എയർപോർട്ട് ഉപയോഗിക്കുന്നു പക്ഷെ പണം നല്കേണ്ടത്‌ വിദേശയാത്രക്കാർ മാത്രം. അതെന്തൊരു നീതി? സാമ്പത്തികാടിസ്ഥാനത്തിലാണെങ്ങിൽ വിദേശയാത്രക്കാരിൽ ഭുരിഭാഗം പാവങ്ങളും മധ്യവർഗ്ഗവുമല്ലേ? മറിച്ച്‌ ആഭ്യന്തരയാത്രക്കാരിൽ ഭുരിഭാഗം ഉപരിവർഗ്ഗവും മധ്യവർഗ്ഗവും! അപ്പോൾ ആഭ്യന്തരയാത്രക്കാരെ എന്തുകൊണ്ട്‌ ഒഴുവാക്കുന്നു... എല്ലാവിധ യാത്രക്കാരേയും ഉൾപ്പെടുത്തി ടിക്കട്ട്‌ നിരക്കിന്റെ 2% യൂസ്സേർസ്സ്‌ ഫീസ്സായി ടിക്കറ്റിന്റെ കൂടെ പിരിച്ചാൽ ബിസ്സിനസ്സ്‌ ക്ലാസ്സുകാരിൽ നിന്ന്‌ കൂടുതലും “കന്നുകാലി ക്ലാസുകാരിൽ” നിന്ന്‌ കുറവുമെന്ന സാമൂഹ്യനീതി നടപ്പിലാവില്ലേ? അല്ലെങ്ങിൽ ഇതൊക്കെ തീരുമാനിക്കുന്ന ഉപരിവർഗ്ഗം സ്വന്തം താല്പര്യം സംരക്ഷിക്കുകയാണോ? അതിന്‌ എല്ലാവരും അറിയാതെ ചൂട്ട് പിടിക്കുകയാണോ?

പ്രാവാസികളെ പിഴിയാൻ വരുന്ന രാഷ്ട്രിയക്കാരെ, ഈ അസബദ്ധനാടകം നിങ്ങൾ കാണുന്നില്ലെ? പതിവ്‌പോലെ തീരുമാനം വന്നുകഴിയുമ്പോൾ പ്രതിക്ഷേധിക്കുന്ന കലാപരിപാടികൾ നടന്നുകാണുന്നുണ്ട്. ട്രാവൽ ഏജന്റ്സ് അസ്സോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നപോലെ എയർപോർട്ട്‌ റഗുലേറ്ററി അതോറിറ്റി വളരെ രഹസ്യമായാണോ കേരള ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയത്‌? സംസ്ഥാന സർക്കാർ മറിച്ചൊരു വാദഗതിയും നടത്തിയില്ലേ? എന്തായാലും ഇപ്പോൾ തീരുമാനം പിൻവലിക്കണമെന്ന ആവശ്യമറിയിച്ച്‌ എം. വിജയകുമാർ പ്രധാനമന്ത്രിക്കും വ്യോമയാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്‌. തിരുവനന്തപുരം എം.പി, ശശി തരൂരും ഈ പ്രശ്നത്തിൽ ഇടപ്പെട്ടതും അതോറിറ്റിയുടെ തീരുമാനം വന്നതിനുശേഷവും. ഒരു നിമിഷം വൈകിയില്ല, തീരുമാനം പിൻവലിക്കണമെന്ന്‌ ശശി തരൂരും ആവശ്യപ്പെട്ടിട്ടുണ്ട്‌.

താഴെയുള്ള മാതൃഭുമി ലിങ്കിൽ നിന്ന്‌ കേരള സർക്കാരിന്റെ കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാം. ചെറുവിവരണം ഇവിടെ കൊടുക്കുന്നു.

"അഞ്ചുകാരണങ്ങളാല്‍ തിരുവനന്തപുരത്ത് യൂസര്‍ഫീ പാടില്ലെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. തിരുവനന്തപുരം വിമാനത്താവളം പുതുതായി നിര്‍മിച്ചതോ പൊതുസ്വകാര്യ പങ്കാളിത്തമോ ഉള്ളതല്ല. ബി.ഒ.ടി. മാതൃകയിലല്ല ഇത് നിര്‍മിച്ചതും. വിമാനത്താവളത്തിന്റെ വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാനിലുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടില്ല. പുതിയ ടെര്‍മിനലിനും ഇതിലേക്കുള്ള റോഡിനും പാലത്തിനുംവേണ്ട സ്ഥലം സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായാണ് വിട്ടുകൊടുത്തത്. ഇതിനായി 81 കോടി സംസ്ഥാനം ചെലവിട്ടുകഴിഞ്ഞു.ഇതിനുപുറമെ, മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് സ്ഥലം ഏറ്റെടുക്കാന്‍ 100 മുതല്‍ 150 കോടിവരെ സംസ്ഥാനം ചെലവിടേണ്ടിവരും. ഈ ഘട്ടത്തില്‍ യൂസര്‍ഫീ അടിച്ചേല്‍പ്പിക്കുന്നതിന് ന്യായീകരണമില്ല. ഭാവിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഇത് തടസ്സമാകും."

http://www.mathrubhumi.com/nri/gulf/article_%20100428/

ഇനി പ്രസ്ഥാവനയുദ്ധത്തിന്റെ സമയമാണ്‌, ഇവിടെയും പാർട്ടി തിരിഞ്ഞ്‌ അഭിപ്രായം രേഖപ്പെടുത്താം. നമ്മുടെ മലയാളത്വം കളയരുതല്ലോ....
Post a Comment