Saturday, 10 April 2010

ചരിത്രത്തിലേക്ക്‌ കുതിച്ചുയർന്ന ദന്തേവാഡ

26/08 ന്‌ ശേഷം ഇന്ത്യൻ ദേശീയത സടകുടഞ്ഞെഴുന്നേറ്റു. പരസ്പരം വിഴുപ്പലക്കുകളുണ്ടായെങ്ങിലും ഭീകരവാദത്തെ, അതിർത്തിക്കപ്പുറത്തുനിന്നായാലും ഇപ്പുറത്തുനിന്നായാലും, നമ്മുടെ മണ്ണിൽ നിന്ന്‌ തുടച്ച്‌ നീക്കണമെന്ന കാര്യത്തിൽ നാമെല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുന്നു. സ്വബോധമുള്ള ഒരാൾക്കും ഈ ഭീകരവാദത്തെ ഒരു വിധത്തിലും ന്യായികരിക്കാൻ പറ്റുന്നില്ല. കാരണം വളരെ ലളിതം, സ്വബോധമുള്ള ആരേയും പറഞ്ഞു മനസ്സിലാക്കാനുള്ള ഒരു കാരണവും മുംബൈ ഭീകരർക്കില്ല എന്നത്‌ തന്നെ.


ദന്തേവാഡയിലേക്ക്‌ വരു....

76 C.R.P.F ജവാന്മാരെ കൂട്ടക്കൊല ചെയ്ത ദന്തേവാഡ നമ്മുടെ കൺമുന്നിലുണ്ടായിട്ടും മാവോവാദികളെ ഉന്മൂലനം ചെയ്യണം അല്ലെങ്ങിൽ അവർക്ക്‌ വെള്ളവും വളവും നല്കുന്ന ആദിവാസികളെയും അതിദരിദ്രരേയും ഒരു പാഠം പഠിപ്പിക്കണമെന്ന ഒരു ചിന്തധാര ഇന്ത്യൻ പൊതു സമൂഹത്തിന്റെ മുന്നിലേക്ക്‌ വരുന്നില്ല. ജവാന്മാരെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റുകളുടെ നടപടി ക്രൂരമാണെന്ന്‌ പറയുന്ന അതേ ശ്വാസത്തിൽതന്നെ നമുക്ക്‌ പറയേണ്ടി വരുന്നില്ലേ ഈ മേഖലയിൽ മവോയിസ്റ്റുകൾ സമാന്തരഭരണം നടത്തുന്നുണ്ടെങ്ങിൽ അല്ലെങ്ങിൽ മാവോയിസ്റ്റുകൾക്ക്‌ സ്വാധീനം വർദ്ധിക്കുന്നുണ്ടെങ്ങിൽ അതിന്റെ മുഖ്യകാരണം അവിടത്തെ പിന്നോക്കാവസ്ഥയാണ്‌, ചൂക്ഷണമാണ്‌, അങ്ങനെ എന്തെല്ലാം കാരണങ്ങൾ... അത്‌ തന്നെയല്ലെ നമ്മുടെ കുറ്റസമ്മതം... മവോയിസ്റ്റുകൾക്കെതിരെയുള്ള നമ്മുടെ നീക്കമല്ല പിഴച്ചത്‌, ദരിദ്രവിഭാഗങ്ങളെ മവോയിസ്റ്റുകളുടെ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞ 62 വർഷങ്ങളാണ്‌ പിഴച്ചത്‌. ചിദംബരത്തിനല്ല പിഴച്ചത്‌, അതിനാൽ തന്നെ ചിദംബരം രാജി വെയ്‌ക്കേണ്ടതില്ല. ചിദംബരം രാജിവെച്ചാൽ മറ്റൊരു ചിദംബരം!

ഒരു വീരപ്പനെ കൊന്ന്‌ സത്യമംഗലം കാടുകളിൽ അധികാരം വീണ്ടെടുക്കുവാൻ അനേകം മനുഷ്യ ജീവനുകൾ നാം ബലി കൊടുത്തു. കോടികണക്കിന്‌ രൂപ കാട്ടിലെറിഞ്ഞു, എത്ര വർഷങ്ങൾ. അവസാനം നാം വിജയിച്ചു. അതെ നാം ശക്തർ തന്നെ നമ്മുടെ ശക്തിയിൽ നമുക്ക്‌ അഭിമാനിക്കാം പക്ഷെ ഇവിടെ ആർക്കെതിരെ? വീരപ്പന്റെ ലക്ഷ്യമല്ല മാവോയിസ്റ്റുകളുടെ. സത്യമംഗലം കാടുകളല്ല ചുവന്ന ഇടനാഴി, ഏകദേശം 40% ഇന്ത്യൻ പ്രദേശം. പല ജില്ലകളിലും ശക്തർ...

ബംഗാളിലെ മാവോയിസ്റ്റ് പ്രതിക്ഷേധത്തിനും അക്രമങ്ങൾക്കും മമതയെ പ്രതി സ്ഥാനത്ത്‌ നിറുത്താം പക്ഷെ ബംഗാളിന്‌ പുറത്തെ മാവോയിസ്റ്റുകളെ ഏത്‌ ഗണത്തിൽപ്പെടുത്തും? ലിങ്കുകൾ നേപ്പാളിലേക്കും ചൈനയിലേക്ക്‌ വരെ വലിച്ച്‌ നീട്ടാം? പക്ഷെ സത്യമെന്താണ്‌? ജനാധിപത്യത്തിലും മുഖ്യധാര ഇടതുപക്ഷപാർട്ടികളിലും വിശ്വാസം നഷ്ടപ്പെട്ട അതിതീവ്ര ഇടതുപക്ഷമല്ലെ മാവോയിസ്റ്റുകൾ?. മുഖ്യധാര ഇടതുപക്ഷത്തേക്കാൾ “ഇടതായ” ഇടതുപക്ഷം. വലതു പക്ഷത്തേക്ക്‌ കൂടുതൽ ചരിഞ്ഞിരിക്കുന്നതുകൊണ്ടാണോയെന്നറിയില്ല S.R.P യ്ക്ക്‌ മാവോയിസ്റ്റുകൾ ഇടതുപക്ഷമല്ലാതായത്‌! അതുകൊണ്ട്‌ തന്നെയാണ്‌ ആദിവാസികൾക്കും മാവോയിസ്റ്റുകൾക്കും കമ്യുണിസ്റ്റ്പാർട്ടികൾ വലതുപക്ഷമായത്‌.

വയനാടൻ കുന്നുകളിലെ വെടിയൊച്ചകൾ നിലച്ചു, ഗർജ്ജിച്ചവർ പ്രായത്തിന്റെ പക്വതയിലോ നിലനില്പ്പിന്റെ പ്രായോഗികതയിലോ കളം മാറി ചവിട്ടിയിരിക്കുന്നു. പുതിയ രക്ഷകർ ഉദയം ചെയ്തിരിക്കുന്നു. വയനാടൻ കുന്നുകളിലെ കണ്ണീരിന്റെ ഉപ്പുരസവും തളരാത്ത ആത്മവീര്യവും ബാക്കിയുള്ള പുതിയ പോരാളികൾ പുതിയ സംരക്ഷകരുടെ കീഴിൽ അവകാശപ്രഖ്യാപനം നടത്തുന്നു. ആദിവാസിമേഖലകളും മറ്റ്‌ പിന്നോക്കപ്രദേശങ്ങളും നിലനില്പ്പിന്റെ മറ്റൊരു യുദ്ധത്തിനായി കാതോർക്കുന്നു. ദന്തേവാഡയിൽ നിന്ന്‌ പാഠമുൾക്കൊണ്ട് ആദിവാസികൾക്ക്‌ നഷ്ടപ്പെട്ട ഭുമി ജൂലൈ 31 ന്‌ മുൻപ്‌ തിരിച്ച് നൽകാനുള്ള സുപ്രിംകോടതിയുടെ വിധിയെ സമീപിച്ചാൽ കേരളമോഡൽ പരിഹാരം ചിദംബരം കണ്ടുപഠിക്കും.

നമുക്ക്‌വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാർക്ക്‌ മുൻപിൽ കാക്കരയും തലകുനിക്കുന്നു...

വാൽ കഷണം...

വയനാടൻ കാടുകളിൽ കേട്ട നക്സൽ ഗാഥകളും പോലിസിന്റെ വേട്ടകളും കേരളം ഓർക്കാൻ ഇഷ്ടപ്പെടാത്ത കാലത്തിന്റെ ഏടുകൾ... കാലത്തിന്റെ നിശ്ച്ചയംപോലെ ദന്തേവാഡയിലെ ദുരന്തം മാധ്യമങ്ങളിൽ നിറയുന്ന സമയത്ത്‌ തന്നെ നക്സൽ വർഗീസിന്റെ മരണം ഏറ്റുമുട്ടലിലാണൊ അതോ രാമചന്ദ്രൻ നായർ പറയുന്നതുപോലെ ലക്ഷ്മണയുടെ ഭീക്ഷണിക്ക്‌ വഴങ്ങി നിറയൊഴിച്ചതാണോ? നമുക്ക്‌ അല്പം കാത്തിരിക്കം, സത്യം പുറത്ത്‌ വരട്ടെ. കേരളം കണ്ട “ഏറ്റവും നല്ല മുഖ്യമന്ത്രിയായി” അച്യുതമേനോൻ വിലസുമ്പോൽ അദ്ധേഹത്തിന്റെ കീഴിൽ എങ്ങനെ കരുണാകരൻ “ഭീകരനായ ആഭ്യന്തമന്ത്രിയായി”? ചരിത്രം ഒരിക്കലും പൂർണസത്യമല്ലായെന്ന്‌ ഒരിക്കൽകൂടി തെളിയിക്കുന്നു!
Post a Comment