Thursday, 27 May 2010

എല്ലാ റോഡുകളും റോമിലേക്ക്‌, കേരളത്തിലോ?“എല്ലാ റോഡുകളും റോമിലേക്ക്‌” എന്ന ചൊല്ലിന്റെ പാരഡിയാണോ “എല്ലാ റോഡുകളും വിവാദത്തിൽ”? ആയിരിക്കുമല്ലേ?

വളരെ പണ്ടുമുതൽ ഒരു മനുഷ്യന്റെ ആവശ്യഘടകങ്ങളായി കണക്കാക്കിയിരുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നു ഭക്ഷണം, വസ്ത്രം, പാർപ്പിടം. അതിനെ പിൻതുടർന്ന്‌ ആരോഗ്യവും വിദ്യഭ്യാസവും ആവശ്യഘടമായി ആധുനിക സമൂഹം കണക്കാക്കി. പഞ്ചേന്ദ്രിയങ്ങൾ പോലെ ഈ ഘടകങ്ങളും ഒരു വ്യക്തിയുടെയും അതിലുടെ ഒരു സമൂഹത്തിന്റേയും വളർച്ചയുടെ അളവുകോലായി നാം കാണക്കാക്കുന്നു. ഇവിടെയാണ്‌ കേരളം യുറോപ്പുമായി താരതമ്യം ചെയ്യപ്പെടുന്നത്‌. ഇന്ത്യയിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നത്‌, ഇതാണ്‌ കേരള മോഡൽ പക്ഷെ അവിടെ തീർന്നു കേരള മോഡൽ. ഇതിനപ്പുറത്ത്‌ കേരളം വളരെ പിന്നിലാണ്‌, ആ സത്യം നാം മറച്ചുവെയ്ക്കുന്നു, അല്ലെങ്ങിൽ വിവാദത്തിൽ എല്ലാം മുക്കികളയുന്നു.

കാലം മാറി, കോലം മാറണം എന്നതുകൊണ്ടല്ല, കോലം മാറിയേ തീരു, നാളെയുടെ ആവശ്യങ്ങളെ അഭിമുഖികരിച്ചേ മതിയാകു. ഇന്നിന്റെ ആവശ്യങ്ങൾ പോലും നാം തമസ്കരിക്കുന്നു! ഒരു വ്യക്തിയുടെ അല്ലെങ്ങിൽ സമൂഹത്തിന്റെ പുരോഗതിയുടെ ജീവവായു, മേല്പറഞ്ഞ പഞ്ചേന്ദ്രിയങ്ങളെ മാറ്റി നിറുത്തിയാൽ, ഇന്നിന്റെ ഇന്ദ്രീയമായി പരിഗണിക്കേണ്ടത്‌ ഗതാഗതസംവിധാനത്തെയാണ്‌. ഗതാഗതസൗകര്യത്തിന്റെ കാര്യത്തിൽ ദൈവത്തിന്റെ സ്വന്തം നാട്‌ എവിടെ നിൽക്കുന്നു, എന്തിന്‌ എവിടെ നിൽക്കണമെന്ന്‌ പോലും ഒരു തിരുമാനമായിട്ടില്ല. ദീർഘവീക്ഷണം കവിഞ്ഞൊഴുകുകയാണ്‌ മലയാളനാട്ടിൽ!

ദേശീയപാതക്കെതിരെ സമരം ചെയ്യുകയും സർവകഷിയോഗം വിളിച്ച്‌ 60 മീറ്റർ വീതിയുള്ള റോഡ്‌ 45 മീറ്ററിൽ നിന്നുമിറങ്ങി 30 മീറ്ററിൽ ചുരുക്കിക്കെട്ടുന്നു. ജനപക്ഷത്ത്‌ നിൽക്കുന്നു എന്ന വ്യാജേന എല്ലാവരും കൂടി ഡൽഹിയിൽ ചുറ്റിയടിച്ച്‌ അപേക്ഷയും കൊടുത്ത്‌ തിരിച്ചിറങ്ങിയിട്ട്‌ അധികസമയമായില്ല. ഇടതുപക്ഷക്കാർക്കും വലതുപക്ഷക്കാർക്കും ഒരുപോലെ മനമാറ്റം. വി.എസ്സിന്‌ മനമാറ്റമുണ്ടാകില്ല, അദ്ധേഹം ഇടതുമല്ല വലതുമല്ല “ജനപക്ഷ” നേതാവല്ലെ? ജനപക്ഷമാകുമ്പോൾ, 15 മീറ്റർ തന്നെ ധാരാളം!

കേരളം പോലെ നീണ്ടുനിവർന്ന്‌ കിടക്കുന്ന ഒരു സംസ്ഥാനത്തിന്‌ ഏറ്റവും അനുയോജ്യമായത്‌ തിരുവനന്തപുരം മുതൽ കാസ്സർഗോഡ്‌ വരെ 60 മീറ്റർ വീതിയിൽ ഒരു നട്ടെല്ലും പിന്നെ ഈ നട്ടെല്ലിനെ ബദ്ധിപ്പിക്കുന്ന കുറെ വാരിയെല്ലുകളുമാണ്‌. അതൊക്കെ മലയാളിക്ക്‌ സ്വപ്നപദ്ധതികളായി അവശേഷിക്കുമ്പോൾ ദേശീയ പാതയെങ്ങിലും 60 മീറ്ററിലോ 45 മീറ്ററിലോ വീതിയിൽ വികസ്സിപ്പിക്കാൻ നമ്മുടെ നാട്ടാരും രാഷ്ട്രീയക്കാരും സഹകരിക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. നല്ല റോഡുകൾക്ക്‌ ടോൾ നൽകുവാൻ കാക്കരയും തയ്യാർ.

നമ്മുടെയൊക്കെ മനസ്സിൽ നല്ല റോഡുകൾ പണക്കാർക്ക്‌ വേണ്ടിയാണ്‌ പണിയുന്നത്‌, വികസനം കൊണ്ടുവരുന്നത്‌ ഭുമാഫിയക്കുവേണ്ടിയാണ്‌, ഇതുമല്ലെങ്ങിൽ രാഷ്ട്രീയ കണക്കുകൾ തീർക്കുവാൻ വികസനത്തിനെതിരെ സമരം ചെയുക അല്ലെങ്ങിൽ സമരക്കാരെ നേരിടാതെ (അടിച്ചൊതുക്കലല്ല) വികസനം തന്നെ വേണ്ടെന്ന്‌ വെയ്ക്കുക. വാചക കസ്സർത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുക. എത്ര നാൾ നാം ഇങ്ങനെ മുന്നോട്ട് പോകും. മുംബൈയിൽ വീമാനമിറങ്ങി രണ്ട്‌ നാൾ കഴിഞ്ഞ്‌ നാട്ടിൽ കാൽ കുത്തിയിരുന്ന പഴയകാല പ്രവാസികളോട്‌ ചോദിച്ച്‌ നോക്കുക, നെടുമ്പാശ്ശേരി എയർപ്പോർട്ട്‌ ശരിയോ തെറ്റോ? കരുണാകരനിൽ നിന്ന്‌ ശർമ്മ വല്ലതു പഠിച്ചുവോ?

എക്സ്പ്രസ്സ്‌വെയുമായി മുനീർ വന്നപ്പോൾ, മുനീർ കള്ളന്‌ കഞ്ഞിവെച്ചവൻ! എക്സ്പ്രസ്സ് വെയ്ക്കെതിരായി ഉയർന്ന്‌ കേട്ട ഏറ്റവും വലിയ ആരോപണം കേരളത്തെ വെട്ടിമുറിച്ച്‌ പോകുന്ന പാത! ഒരു ടി.വി ചർച്ചയിൽ പി.സി. ജോർജ്‌ വിലപിക്കുന്നത്‌ കേട്ടപ്പോൽ കാക്കരയും ശരിക്കും ഞെട്ടിപോയി. 50 സെന്റ് ഭുമി സ്വന്തമായുള്ള ഒരു വൃദ്ധയുടെ ഭുമിയെ രണ്ടായി പകുത്തുകൊണ്ട്‌ റോഡ്‌ കടന്നുപോയാൽ, ആ വൃദ്ധ പശുവിനെ റോഡിന്‌ അപ്പുറത്തുള്ള പറമ്പിലേക്ക്‌ എങ്ങനെ പുല്ല്‌ തിന്നുവാൻ കൊണ്ടുപോകും? എക്സ്സ്പ്രസ്സ്‌വേ ഗോപിയായി. ഈ വിവാദത്തിൽ നിന്ന്‌ ഇപ്പോൾ വലതുപക്ഷക്കാരനായി കളം മാറിയ പി.സി. ജോർജും കിനാലുരിലെ നാലുവരിപാത, വികസനം കൊണ്ടുവരുമെന്ന്‌ ആണയിടുന്ന കരീമിനും രാഷ്ട്രീയ നിലപാടുകൾക്കപ്പുറത്ത്‌ വികസനനിലപാടുകളുണ്ടോ?

കിനാലുരിനെ മറന്നുകൊണ്ടല്ല, ഏത്‌ വികസനവുംകൊണ്ടുവരുമ്പോൾ കുടിയൊഴിപ്പിക്കുന്നവർക്ക്‌ ന്യായമായ നഷ്ടപരിഹാരവും വരുന്ന പദ്ധതിയുടെ ലാഭവും നല്കണം, എങ്ങിൽ മാത്രമെ കേരളംപോലെയുള്ള ഒരു സംസ്ഥാനത്ത്‌ കുടിയൊഴുപ്പിക്കൽ സാധ്യമാകു. മുഖ്യധാര രാഷ്ട്രീയപാർട്ടികളെ മാത്രം വിശ്വാസത്തിലെടുത്ത്‌ അല്ലെങ്ങിൽ വിലക്കെടുത്ത്‌ കാര്യങ്ങൾ നടപ്പിലാക്കമെന്ന ധാർഷ്ട്യം ഭരണാധികാരികൾ ഉപേക്ഷിക്കണം, അല്ലെങ്ങിൽ കിനാലുരും ദേശീയപാത ഉപരോധവുമായി നാം സമയം നഷ്ടപ്പെടുത്തും, തമിഴ്നാടും പഞ്ചാബും എന്തിന്‌ ബീഹാറും ഒറീസ്സയും മുന്നിലെത്തും... അപ്പൊഴും നാം തപ്പിനോക്കും, ചന്തിയിൽ വല്ല തഴമ്പും... പിന്നേയും നാണമില്ലാതെ വിളിച്ചുപറയും, കേരളമോഡൽ...

ഇതിലെ ആശയം പൂർണ്ണമാകണമെങ്ങിൽ “വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും...” എന്ന പോസ്റ്റും കൂടി വായിക്കുക. ലിങ്ക് താഴെ.

http://georos.blogspot.com/2010/05/blog-post_11.html

വാൽകഷ്ണം.

കോടതി ഉത്തരവ്‌ പ്രകാരം കോഴിക്കോട് കളക്‌ട്രറ്റിൽ ഇന്നലെ ജപ്തി നോട്ടിസ്‌ പതിച്ചിരിക്കുന്നു. 10 വർഷം മുൻപ്‌ IIM-K കോഴിക്കോടിന്‌ വേണ്ടിയെടുത്ത ഭുമിയാണ്‌ കേസ്സിനാധാരം. 7 പേർക്ക്‌ ആകെ 53 ലക്ഷം രൂപ. ഇങ്ങനെയാണ്‌ നമ്മുടെ കുടിയൊഴുപ്പിക്കൽ. ഭരണകൂടം ചങ്ങലയുമായി വരും, ജനങ്ങൾ മാറി നിൽക്കുക, പ്രതിക്ഷേധിക്കുന്നവരെ ചങ്ങലക്കിടും. ഇതും കേരള മോഡലാണ്‌...

Saturday, 15 May 2010

യൂസ്സേർസ്സ് ഫീ തിരുവനന്തപുരത്തും...

എയർപോർട്ടിലെ മരതണലിൽ ഒരു വീമാനം കൊണ്ടുവന്ന്‌ നിറുത്തി ആളെ കയറ്റിപോകുന്നതിന്‌ വീമാനമുതലാളിമാരിൽ നിന്ന്‌ കണക്ക്‌ പറഞ്ഞ്‌ എയർപ്പോർട്ടുകാർ കാശ്‌ വാങ്ങുന്നുണ്ട്‌. പിന്നെ എന്തിനാ യൂസ്സേർസ്സ്‌ ഫീ നേരിട്ട്‌ വാങ്ങുന്നതെന്ന്‌ കാക്കര ആരോട്‌ ചോദിക്കാൻ? പ്രത്യേകിച്ച്‌ ചോദിക്കാനും പറയാനുമില്ലാത്ത വർഗ്ഗത്തേയാണല്ലൊ യൂസ്സേർസ്സ്‌ ഫീ ബാധിക്കുക. ഒരു യാത്രക്കാരൻ ടിക്കറ്റ് വാങ്ങുമ്പോൾ എയർപ്പോർട്ട്‌ നികുതിയടക്കം എടുത്താൽ പൊങ്ങാത്ത ഒരു വലിയ തുക കൊടുത്തതിന്‌ പുറമെ ചുമ്മാ നൽകേണ്ടി വരുന്ന ഒരു തുകയല്ലെ യൂസ്സേർസ്സ്‌ ഫീ? ചോദിക്കാനും പറയാനും അവകാശമില്ലത്താവരുടെ കയ്യിൽ നിന്ന്‌ എളുപ്പത്തിൽ അടിച്ച്‌ മറ്റാവുന്ന തുക! 755 ഉലുവ കൊടുത്താലെങ്ങിലും പ്രത്യേകിച്ച് വല്ല ഗുണമുണ്ടാകുമോ?

ബസ് ടിക്കറ്റ് എടുത്തവർ ബസ് സ്റ്റാന്റിൽ വന്ന്‌ ബസ്സിൽ കയറുന്നതിന്‌ യൂസ്സേർസ്സ്‌ ഫീ നല്കുന്നുണ്ടോ? ട്രെയിൻ യാത്രക്കാർ യൂസ്സേർസ്സ്‌ ഫീ നൽകുന്നുണ്ടോ? ചുമ്മാ ചോദിച്ചതാണ്‌. വീമാനത്തിൽ കയറണോ യുസ്സേർസ്സ്‌ ഫീ നൽകണം, അത്ര തന്നെ... എണ്ണപണം തേടി പോകുന്നവർ അല്ലേ, അല്ലെങ്ങിൽ അമേരിക്കയിലേയും യൂറോപ്പിലേയും സമൃദ്ധിയുടെ നടുവിലേക്കുള്ള ആകാശനൗകയിലെ യാത്രയല്ലെ, നാടിനുവേണ്ടി വല്ലതും കൊടുത്തിട്ട്‌പോടെ, ഇതാണോ നമ്മുടെ ചിന്ത?

കണക്കുകൾ പ്രകാരം തിരുവനന്തപുരം എയർപ്പോർട്ടിൽ നിന്നുമുള്ള യാത്രക്കാരിൽ 75 ശതമാനം അന്തരാഷ്ട്രയാത്രക്കാരും ബാക്കി 25 ശതമാനം ആഭ്യന്തരയാത്രക്കാരും. രണ്ടുകൂട്ടരും എയർപോർട്ട് ഉപയോഗിക്കുന്നു പക്ഷെ പണം നല്കേണ്ടത്‌ വിദേശയാത്രക്കാർ മാത്രം. അതെന്തൊരു നീതി? സാമ്പത്തികാടിസ്ഥാനത്തിലാണെങ്ങിൽ വിദേശയാത്രക്കാരിൽ ഭുരിഭാഗം പാവങ്ങളും മധ്യവർഗ്ഗവുമല്ലേ? മറിച്ച്‌ ആഭ്യന്തരയാത്രക്കാരിൽ ഭുരിഭാഗം ഉപരിവർഗ്ഗവും മധ്യവർഗ്ഗവും! അപ്പോൾ ആഭ്യന്തരയാത്രക്കാരെ എന്തുകൊണ്ട്‌ ഒഴുവാക്കുന്നു... എല്ലാവിധ യാത്രക്കാരേയും ഉൾപ്പെടുത്തി ടിക്കട്ട്‌ നിരക്കിന്റെ 2% യൂസ്സേർസ്സ്‌ ഫീസ്സായി ടിക്കറ്റിന്റെ കൂടെ പിരിച്ചാൽ ബിസ്സിനസ്സ്‌ ക്ലാസ്സുകാരിൽ നിന്ന്‌ കൂടുതലും “കന്നുകാലി ക്ലാസുകാരിൽ” നിന്ന്‌ കുറവുമെന്ന സാമൂഹ്യനീതി നടപ്പിലാവില്ലേ? അല്ലെങ്ങിൽ ഇതൊക്കെ തീരുമാനിക്കുന്ന ഉപരിവർഗ്ഗം സ്വന്തം താല്പര്യം സംരക്ഷിക്കുകയാണോ? അതിന്‌ എല്ലാവരും അറിയാതെ ചൂട്ട് പിടിക്കുകയാണോ?

പ്രാവാസികളെ പിഴിയാൻ വരുന്ന രാഷ്ട്രിയക്കാരെ, ഈ അസബദ്ധനാടകം നിങ്ങൾ കാണുന്നില്ലെ? പതിവ്‌പോലെ തീരുമാനം വന്നുകഴിയുമ്പോൾ പ്രതിക്ഷേധിക്കുന്ന കലാപരിപാടികൾ നടന്നുകാണുന്നുണ്ട്. ട്രാവൽ ഏജന്റ്സ് അസ്സോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നപോലെ എയർപോർട്ട്‌ റഗുലേറ്ററി അതോറിറ്റി വളരെ രഹസ്യമായാണോ കേരള ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയത്‌? സംസ്ഥാന സർക്കാർ മറിച്ചൊരു വാദഗതിയും നടത്തിയില്ലേ? എന്തായാലും ഇപ്പോൾ തീരുമാനം പിൻവലിക്കണമെന്ന ആവശ്യമറിയിച്ച്‌ എം. വിജയകുമാർ പ്രധാനമന്ത്രിക്കും വ്യോമയാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്‌. തിരുവനന്തപുരം എം.പി, ശശി തരൂരും ഈ പ്രശ്നത്തിൽ ഇടപ്പെട്ടതും അതോറിറ്റിയുടെ തീരുമാനം വന്നതിനുശേഷവും. ഒരു നിമിഷം വൈകിയില്ല, തീരുമാനം പിൻവലിക്കണമെന്ന്‌ ശശി തരൂരും ആവശ്യപ്പെട്ടിട്ടുണ്ട്‌.

താഴെയുള്ള മാതൃഭുമി ലിങ്കിൽ നിന്ന്‌ കേരള സർക്കാരിന്റെ കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാം. ചെറുവിവരണം ഇവിടെ കൊടുക്കുന്നു.

"അഞ്ചുകാരണങ്ങളാല്‍ തിരുവനന്തപുരത്ത് യൂസര്‍ഫീ പാടില്ലെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. തിരുവനന്തപുരം വിമാനത്താവളം പുതുതായി നിര്‍മിച്ചതോ പൊതുസ്വകാര്യ പങ്കാളിത്തമോ ഉള്ളതല്ല. ബി.ഒ.ടി. മാതൃകയിലല്ല ഇത് നിര്‍മിച്ചതും. വിമാനത്താവളത്തിന്റെ വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാനിലുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടില്ല. പുതിയ ടെര്‍മിനലിനും ഇതിലേക്കുള്ള റോഡിനും പാലത്തിനുംവേണ്ട സ്ഥലം സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായാണ് വിട്ടുകൊടുത്തത്. ഇതിനായി 81 കോടി സംസ്ഥാനം ചെലവിട്ടുകഴിഞ്ഞു.ഇതിനുപുറമെ, മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് സ്ഥലം ഏറ്റെടുക്കാന്‍ 100 മുതല്‍ 150 കോടിവരെ സംസ്ഥാനം ചെലവിടേണ്ടിവരും. ഈ ഘട്ടത്തില്‍ യൂസര്‍ഫീ അടിച്ചേല്‍പ്പിക്കുന്നതിന് ന്യായീകരണമില്ല. ഭാവിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഇത് തടസ്സമാകും."

http://www.mathrubhumi.com/nri/gulf/article_%20100428/

ഇനി പ്രസ്ഥാവനയുദ്ധത്തിന്റെ സമയമാണ്‌, ഇവിടെയും പാർട്ടി തിരിഞ്ഞ്‌ അഭിപ്രായം രേഖപ്പെടുത്താം. നമ്മുടെ മലയാളത്വം കളയരുതല്ലോ....

Tuesday, 11 May 2010

വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും

നമ്മുടെ വികസനപദ്ധതികൾ പലതും തട്ടിവീഴുന്നത്‌ കുടിയൊഴുപ്പിക്കൽ എന്ന കഠിനമായ പ്രകൃയയിൽ തന്നെയാണ്‌. ഏതൊരു കുടിയൊഴുപ്പിക്കലും പാവങ്ങളുടെമേലുള്ള ഭരണഭീകരതയുടെ കുതിരകയറ്റത്തിലെ അവസാനിക്കു! അങ്ങനെയേ അവസാനിക്കാവു! അല്ലെങ്ങിൽ പിന്നെ പോലിസ്‌ എന്തിന്‌? അതിനിടയിൽ നൂറുക്കണക്കിന്‌ സ്വപ്‌നപദ്ധതികളും അഞ്ചു വർഷവും സ്വാഹ....

വികസനം വരണമെന്ന കാര്യത്തിൽ നാമെല്ലാവരും ഒരേ അഭിപ്രായക്കാരാണ്‌ പക്ഷെ...

ആരുടെ വികസനം?
വികസനം എങ്ങനെ?
പദ്ധതികൾ സുതാര്യമായാണോ അവതരിപ്പിക്കുന്നത്‌?
ഭുമാഫിയ ഇവിടെയും അവരുടെ തന്ത്രങ്ങൾ നെയ്തെടുക്കുന്നുണ്ടോ?
ഭരിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യമെന്താണ്‌?
വികസനത്തിന്റെ ദോഷങ്ങൾ നേരിട്ട്‌ അനുഭവിക്കുന്ന ജനങ്ങളെ ഭരണവർഗ്ഗം വിശ്വാസത്തിലെടുക്കുന്നുണ്ടോ?
ഇതിന്‌ മുൻപ്‌ സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങൾ ഇതിനകം ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ?
കുടിയൊഴുപ്പിക്കപ്പെട്ടവർക്ക്‌ അർഹമായ അവകാശങ്ങൾ ലഭിച്ചിട്ടുണ്ടോ?
പണക്കാരുടെ മേഖലയിൽ ഒരു കുടിയൊഴുപ്പിക്കൽ നടക്കുന്നുണ്ടോ? ഇല്ലെങ്ങിൽ എന്തുകൊണ്ട്?

ഇങ്ങനെ നൂറായിരം വിഷയങ്ങളിൽ നാം തർക്കിക്കുന്നു, കൂടുതലും പാർട്ടി തിരിഞ്ഞ്‌ ശണ്ഠകൂടുന്നു, പക്ഷെ ഫലം വല്ലതും?

തർക്കിക്കുന്നതിന്‌ മുൻപ്‌ നാം ആദ്യമെ മനസിലാക്കേണ്ട ഒരു കാര്യം, സാധാരണഗതിയിൽ നമ്മളിൽ ഒരാൾ പോലും ജനിച്ച്‌ കളിച്ച്‌ വളർന്ന മണ്ണ്‌ വിട്ട് മറ്റൊരു സ്ഥലത്തേക്ക്‌ കൂട്‌ മാറുന്നതിൽ താല്പര്യം കാണിക്കുന്നവരല്ല, പ്രത്യേകിച്ച്‌ താഴെക്കിടയിലും ഗ്രാമാന്തരിക്ഷത്തിലും താമസിച്ച്‌ വളർന്നുവന്നവർ. പറിച്ച്‌ നടൽ ഒരു തരം വേരോടെ പിഴുതെറിയലാണ്‌. ഇങ്ങനെ പിഴുതെറിയപ്പെടുന്ന പല കുടുംബങ്ങളും നിത്യ ദുരിതത്തിലേക്കാണ്‌ ചെന്ന്‌ വീഴുന്നത്‌. പലവിധ സാഹചര്യങ്ങൾ മൂലം നമ്മളിൽ പലരും താൽകാലികമായും സ്ഥിരമായും താമസസ്ഥലം മാറുന്നുണ്ടെങ്ങിലും കുടിയൊഴുപ്പിക്കൽ പോലുള്ള ഏതെങ്ങിലും നിർബദ്ധംമൂലം വീട്‌ മാറേണ്ടി വന്നാൽ നമ്മളിൽ എത്രപേർ സന്തോഷത്തോടെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും? സ്വന്തം മനസാക്ഷിയോട്‌ ചോദിക്കുക! കാക്കരയ്ക്കാവില്ല....

അതേസമയം സമൂഹത്തിന്റെ ആകമാനമുള്ള വികസനത്തിനുവേണ്ടി കുടിയൊഴുപ്പിക്കൽ അത്യാവശ്യമായി വരുന്ന സമയങ്ങളിൽ ജനങ്ങളെ കുടിയൊഴുപ്പിച്ചേ മതിയാവു എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു. പക്ഷെ അത്‌ എങ്ങനെ എന്നതാണ്‌ നാം ചിന്തിക്കേണ്ടത്‌ അല്ലാതെ എന്റെ പാർട്ടി എവിടെ നിൽക്കുന്നു എന്നതല്ല...

ഒരു കേസ്‌ സ്റ്റഡി എന്ന നിലയിൽ നമുക്ക്‌ കിനാലുരിലേക്ക്‌ യാത്ര ചെയ്യാം....

308 ഏക്കറിൽ വ്യാപിച്ച്‌ കിടക്കുന്ന കിനാലുർ എസ്റ്റേറ്റിനോടും (KSIDC) അതിനോട്‌ ചേർന്ന്‌ കിടക്കുന്ന രണ്ടായിരത്തലധികം ഏക്കറുകൾ ആരേയും ഒഴിപ്പിക്കാതേയും ഏറ്റെടുക്കാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. (ഈ ഭുമിയിലാണോ എല്ലാ താല്പര്യവും കിടക്കുന്നത്‌?) ഈ വ്യവസായ പാർക്കിലേക്ക്‌ വരുമെന്ന്‌ പറഞ്ഞ്‌ കേട്ടിരുന്ന മലേഷ്യൻ കമ്പനി വരുമോ? സ്മാർട്ട്‌സിറ്റിയില്ല പിന്നെയാണോ സാറ്റ്ലൈറ്റ്‌ സിറ്റി? 500 കോടി മുതൽ മുടക്കിയുള്ള അടിസ്ഥാന വികസനത്തിലൂടെ 2,500 കോടിയുടെ വ്യവസായിക നിക്ഷേപവും 25,000 പേർക്ക്‌ തൊഴിലും. ഇതിന്റെ ഗതിയെന്താണ്‌? ഈ പാർക്കിലേക്കുള്ള 26 km നീളമുള്ള നാല്‌ വരി പാതയാണ്‌ ഇപ്പോഴത്തെ വിഷയം. കുടിയൊഴുപ്പിക്കലല്ല കുടിയൊഴുപ്പിക്കുന്നതിന്‌ മുൻപുള്ള സർവെ മാത്രം. എല്ലം തീരുമാനിച്ചപോലെ! സർവെ നടന്നാൽ പിന്നെയുള്ള പ്രതിക്ഷേധത്തിന്റെ ശക്തി കുറയും എന്ന തിരിച്ചറിവിലാണോ നാട്ടുകാർ ഒരു മുഴം മുന്നെ ചാണകം തളിച്ച്‌ ശുദ്ധമാകിയത്‌?

പതിവ്‌ പോലെ റോഡ്‌ വികസനത്തിൽ കിടപാടം നഷ്ടപ്പെടുന്നവരും സ്ഥലം പൂർണ്ണമായും നഷ്ടപ്പെടുന്നവരും തീർച്ചയായും ഈ നാലുവരി പാതയെ എതിർക്കും. കാരണം വളരെ വ്യക്തമാണ്‌, കിനാലുരിൽ വ്യവസായം വന്നാൽ കിടപാടം നഷ്ടപ്പെടുന്നവർക്ക്‌ എന്ത് ലാഭം? സ്വന്തം സ്ഥലം നഷ്ടപെട്ടിട്ട്‌ വേറെ എവിടെയെങ്ങിലും ചുരുണ്ടുകൂടുമ്പോൾ പഴയ വീടിന്റെ മുന്നിലൂടെ നാല്‌ വരി റോഡ്‌ വന്നുവല്ലോ എന്ന്‌ നമുക്കാർക്കെങ്ങിലും ആശ്വസിക്കാൻ പറ്റുമൊ? എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന്‌ വേണ്ടി പാവങ്ങളായ നാട്ടുകാർ റോഡിനരികിൽ രണ്ട് സെന്റിലും അഞ്ച്‌ സെന്റിലും വീട്‌ വെച്ച്‌ താമസിക്കുന്നവർ ത്യാഗം ചെയ്യണമെന്ന്‌ പറയുന്നവർ ഏത്‌ മൂഢസ്വർഗ്ഗത്തിലാണ്‌ ജീവിക്കുന്നത്‌? ഇപ്പോൾ വികസനമെന്ന്‌ കേട്ടാൽ ജനം വിരണ്ടുപോകുന്ന അവസ്ഥയിലേക്ക്‌ നമ്മുടെ നേതാക്കൾ നമ്മളെ എത്തിച്ചുവോയെന്ന്‌ സംശയമുണ്ട്‌.

എല്ലായിപ്പോഴും പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്‌ മുതൽ ഒരു തരം ഒളിച്ച്‌ കളി നാം നടത്തുന്നുണ്ട്‌. ഇന്നത്തെ രീതിയിലുള്ള പൊന്നും വിലയ്ക്ക്‌ ഭൂമിയെടുത്ത്‌ കുടിയൊഴുപ്പിക്കുന്ന രീതി നാം മാറ്റിയെഴുതിയാൽ തന്നെ ഒരു പരിധി വരെ ഇതേ ജനങ്ങൾ മനസില്ലാമനസ്സോടെയാണെങ്ങിലും സ്വന്തം സ്ഥലവും കിടപ്പാടവും ഏത്‌ വികസനത്തിനും തീരെഴുതി തരും. പക്ഷെ പദ്ധതികൾക്ക്‌ സത്യസന്ധതയും സുതാര്യതയും വേണം. കാലാകാലങ്ങളായി ഒരു പ്രദേശത്ത്‌ ജീവിക്കുന്നതുമൂലം ആർജിക്കുന്ന അനുകൂല സാഹചര്യങ്ങളും ജീവിതോപാധികളും ഒരൊറ്റ ദിവസംകൊണ്ട്‌ ചിലർക്ക്‌ നഷ്ടപ്പെടുകയും ഒരു നഷ്ടവും സഹിക്കാതെ മറ്റു ചിലർ ഗുണഫലം അനുഭവിക്കുകയും ചെയ്യുന്നു. ഇത്‌ നീതിയാണോ?

പരിഹാരമായി കാക്കരയ്‌ക്ക്‌ നിർദേശിക്കാനുള്ളത്‌...

1. വളരെ അത്യാവശ്യമുണ്ടെങ്ങിൽ മാത്രം കുടിയൊഴുപ്പിക്കൽ നടപ്പിലാക്കുക.

2. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം വീട്‌ നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നൽകികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോട്ടിൽ സ്ഥലം നല്കി പുതിയ വീടിനുള്ള പൈസയും സമയവും നല്കുക.

3. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം പൂർണ്ണമായി സ്ഥലം നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നല്കികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോറ്റിൽ സ്ഥലം നല്കുക.

4. ഏറ്റെടുക്കുന്ന ഭുമിക്ക്‌ മാന്യമായ വില നല്കുക.

5. ഈ പദ്ധതികൾ വഴി ലഭ്യമാകുന്ന ജോലിയുടെ 10% ശതമാനം ജോലികൾ ഇങ്ങനെ കുടിയൊഴുപ്പിക്കുന്നവർക്കും സ്ഥലം നഷ്ടപ്പെടുന്നവർക്കുമായി 10 വർഷത്തേക്ക്‌ സംവരണം ചെയ്യുക.

6. പുനരധിവാസം നടത്തിയതിന്‌ ശേഷം മാത്രം നിലവിലുള്ള വീടുകളിൽ നിന്ന്‌ കുടിയൊഴിപ്പിക്കുക.

7. സുതാര്യവും വ്യക്തവുമായ പദ്ധതി രേഖയുമായി ജങ്ങളെ സമിപ്പിക്കുക.

8. പുതിയ പദ്ധതികൾക്കായി സർവേയും കുടിയൊഴുപ്പിക്കലുമായി വരുന്നതിന്‌ മുൻപ്‌ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന 308 ഏക്കറിൽ എന്തൊക്കെ വ്യവസായങ്ങൾ വന്നു, ഇനി ഏതൊക്കെ പദ്ധതികളാണ്‌ വരാൻ പോകുന്നത്‌, ഇതൊക്കെ ജനങ്ങൾക്കായി തുറന്നുവെയ്ക്കുക.

9. കേരളത്തിലെ മറ്റ്‌ സ്ഥലങ്ങളിൽ കുടിയൊഴുപ്പിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ പാവങ്ങൾക്ക്‌ വീടും മാന്യമായ നഷ്ടപരിഹാരവും നല്കി ഒരു മാതൃക കാണിക്കുക.

10. ഭരണകർത്താക്കൾ രഹസ്യ അജണ്ടയില്ലാതെ സംയമനത്തോടെ ഇടപെടുക. രഹസ്യ അജണ്ട ഇല്ലായെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.

കിനാലുർ പ്രൊജെക്റ്റിന്റെ ലിങ്കുകൾ താഴെ?

http://www.ksidc.org/kozhikod.php

http://www.skyscrapercity.com/showthread.php?t=719984

http://news.webindia123.com/news/Articles/India/20100506/1499689.html

http://www.thehindu.com/2009/12/06/stories/2009120653220300.htm


പാഠം ഒന്ന്‌
തെങ്ങിന്റെ മണ്ടയിൽ വികസനം വരില്ല....

പാഠം രണ്ട്‌
തെങ്ങിന്റെ മണ്ടയിൽ കിടന്നാൽ ഉറക്കവും വരില്ല...

ഒരു കാര്യത്തിൽ നമുക്കാശ്വാസിക്കം. കിനാലുർ തകർത്തതുകൊണ്ടൊന്നും പദ്ധതികൾ തകർക്കുന്നതിൽ കരീമിന്റെ പാർട്ടിക്കുള്ള സർവകാലറിക്കാർഡ്‌ തകർന്നിട്ടില്ല!!!

വാൽകക്ഷണം...
സ്ത്രീകളും കുട്ടികളും അടി ചോദിച്ച്‌ വാങ്ങിയതാണ്‌ - ജസ്റ്റീസ് ശ്രിദേവി

സ്ത്രീകളും കുട്ടികളും അടി ചോദിച്ച്‌ വാങ്ങുവാൻ വല്ല കാരണമുണ്ടോയെന്ന്‌ അന്വേഷിക്കുവാൻ എ.കെ.ജി സെന്ററിൽ നിന്ന്‌ വല്ല തിട്ടുരവും വേണ്ടിവരുമോ? അല്ലാ ചുമ്മാ ചോദിച്ചതാ...

Thursday, 6 May 2010

വാർത്ത - ബാലപീഢനം കേരളമോഡൽ...

വീട്ടുജോലിക്കാരി ബാലികയെ മൂന്നുവര്‍ഷംപീഡിപ്പിച്ചതിന് അഭിഭാഷകനും ഭാര്യയ്ക്കുമെതിരെ കേസ്


Mathrubhumi News - Posted on: 06 May 2010

http://www.mathrubhumi.com/online/malayalam/news/story/293963/2010-05-06/kerala


ആലുവ: ആയിരം രൂപ മാസക്കൂലി നിശ്ചയിച്ച് വീട്ടുജോലിക്കായി ഏറ്റെടുത്ത ബാലികയെ വീട്ടില്‍ പൂട്ടിയിട്ട് മൂന്നു വര്‍ഷത്തോളം ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവന്ന അഭിഭാഷകനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു. മുന്‍ ഹൈക്കോടതി ജഡ്ജി മുഹമ്മദ് ഷാഫിയുടെ മകന്‍ എറണാകുളത്ത് താമസിക്കുന്ന അഡ്വ. ഇംത്യാസിനും ഭാര്യ കമറുന്നീസയ്ക്കുമെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്.

ക്രൂരമായ പീഡനമേറ്റ തേനി സ്വദേശിയായ പതിനൊന്നുകാരി രാധയെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആലുവ ജനസേവാ ശിശുഭവനില്‍ ഏല്പിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: എട്ടാം വയസ്സിലാണ് രാധയെ ബ്രോക്കറില്‍ നിന്നും ഇംത്യാസ് വാങ്ങിയത്. ബാലികയെ എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ വീട്ടുജോലികള്‍ ചെയ്യിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ആലുവ എടത്തലയില്‍ പിതാവും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ ഇംത്യാസും കുടുംബവും രാധയും എത്തി. ഇവിടെ നടന്ന ആഘോഷ ചടങ്ങുകള്‍ക്കിടെ രാധ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് എടത്തല അംബേദ്കര്‍ കോളനിയിലെത്തി. കോളനിയിലെ ദാസന്‍ എന്നയാളുടെ വീട്ടിലെത്തിയ രാധ രക്ഷപ്പെടുത്തണമെന്ന് കരഞ്ഞപേക്ഷിച്ചതോടെ വീട്ടുകാര്‍ നാട്ടുകാരെയും പഞ്ചായത്ത് അധികൃതരേയും വിവരമറിയിച്ചു. ഇതിനിടെ, കുട്ടിയെ അന്വേഷിച്ച് ഇംത്യാസിന്റെ ആളുകളെത്തിയെങ്കിലും തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തെകണ്ട് തിരിച്ചുപോയി.

പിന്നീട് പോലീസ് സ്ഥലത്തെത്തി രാധയെ ആലുവ താലൂക്കാസ്​പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. എഎസ്​പി ജെ.ജയനാഥ് കുട്ടിയോട് സംസാരിച്ചപ്പോഴാണ് ക്രൂരമായ പീഡനങ്ങള്‍ രാധ തുറന്നു പറഞ്ഞത്.

നിസ്സാര കാര്യങ്ങള്‍ക്കുപോലും രാധയെ ഇംത്യാസിന്റെ ഭാര്യ ശാരീരികമായി പീഡിപ്പിക്കുമായിരുന്നുവെന്ന് പറയുന്നു. കളിപ്പാട്ടത്തില്‍ തട്ടി ഇംത്യാസിന്റെ ചെറിയ കുട്ടി വീണതിന് കമ്പി പഴുപ്പിച്ച് രാധയുടെ നെഞ്ചില്‍ വച്ചു പൊള്ളിപ്പിച്ചതിന്റെ വ്രണങ്ങള്‍ രാധ പോലീസിന് കാണിച്ചുകൊടുത്തു. തലമുടി പിടിച്ചുവലിക്കുന്നത് പതിവായിരുന്നതിനാല്‍ തലവേദനയുണ്ടെന്നും രാധ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇതേത്തുടര്‍ന്നാണ് ഇംത്യാസിനും ഭാര്യയ്ക്കുമെതിരെ ബാലപീഡനത്തിന് കേസെടുക്കാന്‍ എഎസ്​പി ജെ.ജയനാഥ് നിര്‍ദേശിച്ചത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പില്‍ ഹാജരാക്കിയ രാധയുടെ താത്കാലിക സംരക്ഷണച്ചുമതലയാണ് ജനസേവാ ശിശുഭവനെ ഏല്പിച്ചിരിക്കുന്നത്. കുട്ടിയുടെ തേനിയിലുള്ള ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് എഎസ്​പി ജയനാഥ് പറഞ്ഞു.