Saturday, 31 December 2011

സുതാര്യതയായിരിക്കട്ടെ 2012 ലെ നമ്മുടെ ലക്ഷ്യം...


പൊതുസമൂഹത്തെ പ്രതിനിധികരിക്കുന്നവർ ചോദ്യംചെയ്യപ്പെടും... ചോദ്യം ചെയ്യപ്പെടണം... അതവരുടെ മാറ്റ് കൂട്ടുകയേയുള്ളൂ... ചോദ്യം ചെയ്യപ്പെടാതെപോകുന്ന ഏതൊരു പ്രസ്ഥാനവും ചെളിക്കുണ്ടിലേക്ക് ഇറങ്ങിയ ചരിത്രമേയുള്ളൂ... ഏതൊരു പ്രസ്ഥാനത്തിന്റേയും പ്രവർത്തനങ്ങൾ സുതാര്യമായിരിക്കണം... വരവും ചിലവും പൊതുസമൂഹവും അറിഞ്ഞിരിക്കണം... പ്രവർത്തനറിപ്പോർട്ടും വരവുചിലവ് കണക്കുകളും അംഗങ്ങൾ മാത്രം അറിഞ്ഞാൽ മതി... അത് ന്യായം... പക്ഷേ ആ ന്യായം ഇടുങ്ങിയ ചിന്തയുടെ ഭാഗം മാത്രമാണ്...  സത്യത്തിൽ ഇന്നത്തെ നിലയിൽ അതുതന്നെ വലിയ കാര്യമാണ്... കാരണം ഭൂരിഭാഗം പ്രസ്ഥാനങ്ങളും അംഗങ്ങളെ പോലും കാര്യങ്ങൾ അറിയിക്കുന്നില്ലല്ലോ, അല്ലേ...

സുതാര്യമായ ഇന്നത്തെ പ്രവർത്തനറിപ്പോർട്ടും കണക്കുകളും കണ്ട് ഒരു പ്രസ്ഥാനത്തെ വിലയിരുത്തുന്നവരായിരിക്കും മറ്റൊരുവസരത്തിൽ ഇതേ പ്രസ്ഥാനത്തിന്റെ ഭാഗമാകുകയുള്ളൂ... ഇനി പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് അവരുടെ പ്രവർത്തനറിപ്പോർട്ടും കണക്കുകളും പരസ്യമാക്കുവാൻ താല്പര്യമില്ലെങ്ങിൽ നിയമപരമായി അത് വെളിപ്പെടുത്തുവാൻ നമുക്ക് സാധ്യമല്ലായിരിക്കാം, പക്ഷേ പ്രസ്ഥാനങ്ങളുടെ പരാജയം അവിടെ തുടങ്ങുന്നു... പ്രസ്ഥാനത്തെ മുന്നിൽ നിറുത്തി, പലരും കളിക്കുന്നു...

സംഭാവനകൾ നൽകിയവർ പേർ വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെടുന്ന സന്ദർഭം ഉണ്ടാകാം... അപ്പോഴും പേർ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർ എന്ന് ഉൾപ്പെടുത്തി വരവുചിലവുകൾ പരസ്യപ്പെടുത്തുന്നതിൽ വൈക്ലബ്യം കാണേണ്ടതില്ല... എന്റെ അഭിപ്രായത്തിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർ ഏതെങ്ങിലും ഒരു അപരനാമത്തില്ലെങ്ങിലും സംഭാവനകൾ നൽകുകയെന്നതാണ് അഭികാമ്യം... സ്വന്തമായെങ്ങിലും ഒരു നിരീക്ഷണത്തിന് അതുപകരിക്കും... സ്വന്തം പണത്തേക്കാൾ നാമൊക്കെ സ്വപ്നം കാണുന്ന സ്വന്തം പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കതുപകരിക്കും...

എല്ലാ സംഘടനകളും, അത് മതമാകാം, രാഷ്ട്രീയമാകാം, എൻ.ജി.ഒ.കളാകാം ഓൺലൈൻ കൂട്ടായ്മകളാകാം... അവരവരുടെ വരവുചിലവ് കണക്കുകൾ പരസ്യപ്പെടുത്തി സമൂഹത്തോട് പ്രതിബദ്ധത കാണിക്കണം... നാം കണക്കുകൾ വെളിപ്പെടുത്തി സുതാര്യമായി മുന്നേറുമ്പോൾ, സുതാര്യമായ പ്രവർത്തനത്തിനായി സമൂഹം പതുക്കെപതുക്കെ ശബ്ദം ഉയർത്തും... അത് മറ്റു സംഘടനകളെ സമർദ്ധത്തിലാഴ്ത്തും... സർക്കാരിൽ മാത്രം സുതാര്യത നില നിന്നാൽ പോരാ... സുതാര്യത താഴെതലം മുതൽ തുടങ്ങണം...

അതൊക്കെ പോട്ടെ... കോടികളിട്ട് അമ്മാനമാടുന്ന രാഷ്ട്രീയ-മതപ്രസ്ഥാനങ്ങളുടെ കണക്കുകൾ *ആരും* അറിയുന്നില്ല... (ഔദ്യോഗികമായി സർക്കാരിനെ അറിയിക്കുന്നുണ്ട്, അത് *കണക്കായിരിക്കും*)... കണക്കിൽ ആർക്കും സംശയം ഇല്ല... ഏല്ലാവർക്കും വിശ്വാസമാണ്... പക്ഷേ സത്യമതാണോ? അവരുടെ പ്രവർത്തനവും കണക്കും സുതാര്യമാകണമെന്ന് ആവശ്യപ്പെടുന്ന നമ്മുക്കുമില്ലേ ചില ധാർമികത...

ചെറിയതോ വലിയതോ ആകട്ടെ, എല്ലാ പ്രസ്ഥാനങ്ങളും പൊതുസ്വത്താണ്... പ്രസ്ഥാനങ്ങൾ അംഗങ്ങളുടെ സ്വകാര്യസ്വത്താണെന്ന ചിന്ത നമ്മളിൽ കുടികൊള്ളുന്നതുകൊണ്ടാണ്, പലപ്പോഴും പ്രവർത്തനറിപ്പോർട്ടും കണക്കുകളും അംഗങ്ങൾ മാത്രം അറിഞ്ഞാൽമതിയെന്ന നിലപാടിലേക്ക് നാം എത്തുന്നത്... എന്തിന് പ്രസ്ഥാനത്തെ വിമർശിക്കണമെങ്ങിൽ പോലും അംഗമാകണമെന്ന് ശഠിക്കുന്നവരെയാണ് നാം ചുറ്റും കാണുന്നത്...

സുതാര്യതയായിരിക്കട്ടെ 2012 ലെ നമ്മുടെ ലക്ഷ്യം...

Monday, 12 December 2011

ജനാധിപത്യവും ഹസാരയുടെ സമരവും...

മൂന്ന് മാസം മുൻപ് "ഇ-വാർത്ത" യിൽ പ്രസിദ്ധീകരിച്ച കാക്കരയുടെ ഒരു ലേഖനം... ബ്ലോഗിലൂടെ നിങ്ങളുമായി പങ്കുവെയ്ക്കുന്നു... അതിപ്പോൾ പങ്കുവെയ്ക്കുവാനുള്ള കാരണം... ഓൺലൈനിലൂടെ അണ്ണാ ഹസാരയുടെ സമരത്തെ "അരാഷ്ട്രീയം, പാർലമെന്റിനെ ദുർബലപ്പെടുത്തും, മധ്യവർഗ്ഗസമരം, ജനാധിപത്യവിരുദ്ധം, അണ്ണാ ഫാൻസ്, ഏകാധിപതി, അഴിമതിക്കാർ, ഒളി അജണ്ട" തുടങ്ങിയ ആരോപങ്ങൾ നടാത്തിയവരുടെയൊക്കെ മുഖത്തടിച്ചുകൊണ്ടാണ്  ഇന്നലെ സി.പി.എമ്മിന്റേയും സി.പി.ഐയുടേയും ദേശീയനേതാക്കൾ
അണ്ണാ ഹസാരയുമായി വേദി പങ്കിട്ടത്, അതും ബി.ജെ.പി യുടെ കൂടെ...

http://www.evartha.in/news-special/democracy-and-anna-hazare/793

കഴിഞ്ഞ 40 വർഷത്തോളമായി 8 തവണ പാർലമെന്റ് ചർച്ച ചെയ്തെങ്ങിലും ഫലപ്രാപ്തിലെത്താത്ത ഒരു ബില്ലിനായി സ്വന്തം ഭേദഗതികൾ അല്ലെങ്ങിൽ ഒരു കൂട്ടം വ്യക്തികളൂടെ ചിന്തകൾക്കനുസരിച്ച് കുറെ ഭേദഗതികൾ വരുത്തി വളരെ ശക്തമായ ജനലോക്പാൽ ബില്ലിനായി 13 ദിവസം നീണ്ടുനിന്ന നിരാഹാരസമരം ഇന്ത്യൻ ജനതയെ ഇളക്കിമറിച്ചു... ഭരണകൂടയടിച്ചമർത്തലിൽ തുടങ്ങി ഒത്തുതീർപ്പ് ചർച്ചകളിലൂടെ പാർലമെന്റിലെ പ്രമേയവുമൊക്കെയായി നിരാഹാരസമരം അവസാനിച്ചു...

ഇപ്പോൾ രംഗമൊന്ന് ശാന്തമായിട്ടുണ്ട്... ശാന്തമായ അന്തരീക്ഷത്തിൽ ഈ സമരത്തെ എതിർത്തിരുന്നവരുടെ പ്രധാനാരോപണങ്ങൾ എന്തെല്ലാമായിരുന്നുവെന്ന് പരിശോധിക്കുന്നത് അഭികാമ്യമായിരിക്കുമല്ലോ... ജനലോക്പാൽ ബില്ലിനായുള്ള സമരം അരാഷ്ട്രീയവും ജനാധിപത്യവിരുദ്ധവും മധ്യവർഗ്ഗസമരവും പാർലമെന്റിനെ തകർക്കുകയും ചെയ്യുന്ന ഒന്നാണെന്നാണ് ഒരു കൂട്ടർ വാദിച്ചിരുന്നത്... ജനാധിപത്യമെന്നാൽ കക്ഷിരാഷ്ട്രീയവും തിരഞ്ഞെടുപ്പുരാഷ്ട്രീയവും മാത്രമാണെന്ന് കരുതുന്ന ഒരു വിഭാഗമാണ് ഈ വാദത്തിന് പിന്നിലുള്ളത്... ഇവരുടെ ആരോപണത്തിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് നമുക്ക് പരിശോധിക്കാമല്ലോ...

രാഷ്ട്രീയമെന്നാൽ രാഷ്ട്രബോധമാണ്‌ രാഷ്ട്രനിർമ്മാണമാണ്‌ സമൂഹപുനരുദ്ധാരണമാണ്‌, വ്യക്തിസംസ്കരണമാണ്‌, അതിന്‌ വേണ്ടി ഒരു ഇഷ്ടിക എടുത്തുവെച്ചാൽ അണ്ണാഹസാരയും  നിങ്ങളും രാഷ്ട്രീയക്കാരാണ്‌... രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ തന്റേതായ സംഭാവനകൾ നൽകുന്നവരെ വിശാലമായ അർത്ഥത്തിൽ രാഷ്ട്രബോധമുള്ളവർ എന്ന്‌ തന്നെ വിശേഷിക്കാം... അവരും രാഷ്ട്രീയക്കാരാണ്‌ പക്ഷെ അവർ നമ്മളിൽ പലരേയുംപോലെ “പക്കാ രാഷ്ട്രീയക്കാരല്ല”... കക്ഷിരാഷ്ട്രീയക്കാർ വരച്ചിരിക്കുന്ന ലക്ഷ്മണരേഖക്ക്‌ പുറത്തേക്ക്‌ സഞ്ചരിക്കുന്നവരെ അരാഷ്ട്രീയവാദികൾ എന്ന്‌ മുദ്രകുത്തി താറടിക്കാൻ ശ്രമിക്കുന്ന കാഴ്ച നാം നിരന്തരം കാണുന്നുണ്ട്... അണ്ണാഹസാരയുടെ രാഷ്ട്രീയസമരത്തെ അരാഷ്ട്രീയമെന്ന് മുദ്രകുത്തുന്നത് അതിലൊന്ന് മാത്രമാണ്...

ജനാധിപത്യത്തിൽ ജനപ്രതിധികളാണ് നിയമം നിർമ്മിക്കേണ്ടത്... അതിന് മുകളിൽ പരമാധികാരിയായി അണ്ണാ ഹസാരയെന്നല്ല ആരേയും വാഴുവാൻ അനുവദിക്കരുത്... പക്ഷെ ജനപ്രതിനിധികളെ സമർദ്ധംചെലുത്തി ഒരു നിയമം ഉണ്ടാക്കുവാൻ ഹസാരക്ക് അവകാശമുണ്ടല്ലോ... പാർട്ടി നയം നിയമമാക്കുവാൻ രാഷ്ട്രീയപാർട്ടികൾ സമർദ്ധം ചെലുത്താറുണ്ടല്ലോ... അന്നൊന്നും  ഇല്ലാത്ത ആശങ്ക ഇപ്പോഴെന്താണാവോ ഉയർന്നുവരുന്നത്... രാഷ്ട്രീയപാർട്ടികളുടെ ലേബലിൽ ആവശ്യപ്പെടുന്നതും ജനക്കൂട്ടത്തിന്റെ ലേബലിൽ ആവശ്യപ്പെടുന്നതും തമ്മിൽ എന്താണ് വിത്യാസം... ഹസാരക്ക് പിന്തുണയില്ലെങ്ങിൽ അവഗണിക്കണം... അതല്ലേ ജനാധിപത്യം... 

പാർലമെന്റിനെ ദുർബലപ്പെടുത്തുമെന്ന വാദവും അസ്ഥാനത്താണ്... പാർലമെന്റ് സ്വന്തം നിലയിൽ പരാജയപ്പെടുമ്പോൾ ജനം സമരങ്ങളിലൂടെ ചില ഓർമ്മപ്പെടുത്തലുകൾ നടത്തും, ആ വികാരം പാർലമെന്റ് ജനാധിപത്യപരമായി ഉൾക്കൊള്ളുമ്പോൾ ഇന്ത്യൻ ജനാധിപത്യവും പാർലമെന്റും ശക്തിപ്പെടുകയാണ്... ജനാഭിലാഷം പാർലമെന്റിലൂടെ... വനിതാബില്ലിനായി പാർലമെന്റിന് പുറത്തും സമരങ്ങൾ നടന്നിരുന്നു... വനിതാബില്ല് പാസായതുകൊണ്ട് പാർലമെന്റ് ശക്തിപ്പെടുകയാണോ ദുർബലപ്പെടുകയാണോ ഉണ്ടായത്...  ശക്തമായ ലോക്പാൽ ബില്ലിനായി പാർലമെന്റിന് പുറത്ത് ധർണ്ണ നടത്തുന്നവരും ഹസാരയുടെ സമരത്തെ ചൂണ്ടി പാർലമെന്റിനെ ദുർബലപ്പെടുത്തുമെന്നവാദം ഉയർത്തുന്നതാണ് വിരോധാഭാസം... കൊടിയുടെ കിഴിൽ വരുകയെന്ന് പറയാതെ പറയുന്നു...

ഇതൊരു മധ്യവർഗ്ഗസമരമാണെന്നതാണ് മറ്റൊരു രസകരമായ ആരോപണം... മധ്യവർഗ്ഗജനവിഭാഗത്തിന് രാഷ്ട്രീയം ഉണ്ടാകരുതെന്നാണോ ഇവരുടെ ലക്ഷ്യം?
അവരും ഉൾപ്പെട്ടതല്ലേ ഇന്ത്യൻ ജനാധിപത്യം... അഴിമതിക്കെതിരെമാത്രമായി ഉയർന്നുവന്ന സമരത്തെ, ആ സമരം ഏറ്റവും കൂടൂതൽ ആകർഷിച്ചത് മധ്യവർഗ്ഗത്തെയാണെന്ന കാരണത്താൽ അധിക്ഷേപിക്കുന്നത് ജനാധിപത്യമാണോ...  ആദായനികുതിയിളവിനുവേണ്ടിയുള്ള ഒരു സമരമായിരുന്നു ഹസാരയുടേതെങ്ങിൽ, തീർച്ചയായും അതൊരു മധ്യവർഗ്ഗതാല്പര്യം സംരക്ഷിക്കാനുള്ള സമരമായി മുദ്രകുത്താമായിരുന്നു... പക്ഷേ ഈ സമരം കുമിഞ്ഞുകൂടിയ അഴിമതിക്കെതിരെയാണ്... അഴിമതി ഒരു ശതമാനമെങ്ങിലും കുറഞ്ഞാൽ, അതിന്റെ ഗുണം അടീസ്ഥാനവർഗ്ഗം മുതൽ ലഭ്യമാകുമെങ്ങിൽ,  ആ സമരമെങ്ങിനെ മധ്യവർഗ്ഗസമരമാകും...

ഹസാരയും കൂട്ടരും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ ശക്തി തെളിയിച്ച് നിയമം ഉണ്ടാക്കട്ടെയെന്ന് ആവശ്യപ്പെടുന്നവർ ഭരണാകൂടത്തിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷരാഷ്ട്രീയപാർട്ടികളോട് ഇതേ ആവശ്യം ഉന്നയിക്കാറില്ല... ഹസാരയോട് ആവശ്യപ്പെടുന്ന അതേ യുക്തി രാഷ്ട്രീയപാർട്ടികൾക്കും ബാധകമാണല്ലോ... സമരം ചെയ്യാനുള്ള ഹസാരയുടെ അവകാശം പോലും മാനിക്കാത്തവർ ഗാന്ധിജിയോടും ചോദിക്കുന്നത്, ഒന്ന് തന്നെയാണ്... ഒരു പഞ്ചായത്ത് അംഗം പോലും ആകാത്ത ഗാന്ധിജിയെങ്ങനെ ഒരു നിയമത്തിനായി സമരം ചെയ്യും... നിരാഹാരം കിടക്കാതെ തിരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കട്ടെയല്ലേ?

ജനലക്ഷങ്ങൾ പങ്കെടുത്ത അഴിമതിവിരുദ്ധ സമരം ആഴ്ചകൾ പിന്നിട്ടിട്ടും അക്രമരഹിതമായി പര്യവസാനിച്ചു... അതേസമയം പെൻഷൻപ്രായം ഉയർത്തുന്നതിനെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ സമരം കല്ലേറിലാണ്  ആരംഭിച്ചതുതന്നെ... ഏതാണ് ജനാധിപത്യസമരമാർഗ്ഗം...  ജനം പറയട്ടെ, അതല്ലേ ജനാധിപത്യം...

Thursday, 8 December 2011

നേഴ്സുമാർ കുടിയാന്മാരോ...

ഇന്നലെ മുംബൈയിൽ...
ഇന്ന് അമൃതയിൽ...
നാളെ മറ്റൊരിടത്ത്...

ഇപ്പോൾ അമൃതയെ ചുറ്റിപ്പറ്റി ചർച്ചകൾ... രണ്ട് ദിവസം കഴിയുമ്പോൾ എല്ലാം കെട്ടടങ്ങും... അമൃത വിഷയം കത്തി നിൽക്കുമ്പോൾ തന്നെ, നമുക്ക് അന്വേഷിക്കേണ്ടത്... കേരളത്തിലെയെങ്ങിലും ആശുപത്രിയിലെ പീഡനങ്ങളെ കുറിച്ചാണ്... ശങ്കറും അമൃതയും എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് കരുതരുത്... വലിയൊരു ചെയിനിന്റെ രണ്ട് കണ്ണികൾ മാത്രമാണ്...

ഏതൊക്കെ ആശുപത്രികൾ സർട്ടിഫിക്കറ്റുകൾ വാങ്ങിവെച്ചിട്ടുണ്ട്?
ഏതൊക്കെ ആശുപത്രികൾ ബോണ്ട് എഴുതി വാങ്ങിയിട്ടുണ്ട്?
ഏതൊക്കെ ആശുപത്രികൾ പരിചയ സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കുന്നു?
നേഴ്സുമാരുടെ ശമ്പളം എത്ര?
വിവാഹം കഴിയുന്നവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നവർ ഏതൊക്കെ ആശുപത്രികൾ?
ആൺ നേഴ്സുമാരെ നിയമിക്കാതെ വിവേചനം കാണിക്കുന്ന ആശുപത്രികൾ ഏതൊക്കെ?

ഇതൊക്കെ അന്വേഷിച്ചാൽ അറിയാം നമ്മുടെ സ്വന്തം കൺമുന്നിൽ നടക്കുന്ന അക്രമങ്ങൾ... ഗൾഫിലെ തൊഴിൽ ചൂക്ഷണം കേൾക്കുമ്പോൾ വികാരം കൊള്ളുന്ന നമ്മുക്ക് വിട്ടുമുറ്റത്തെ ചൂക്ഷണം ഒരു തൊഴിൽ തർക്കമോ മറ്റോ ആയി മാറുന്നത് ശുഭലക്ഷണമല്ല...

...
ഒരു ജന്മിയെ വിട്ട് മറ്റൊരു ജന്മിയുടെ കീഴിൽ ജോലി ചെയ്യാൻ സാധ്യമല്ലായിരുന്നു... ആദ്യത്തെ ജന്മിയെ ഉപേക്ഷിച്ചാൽ മറ്റൊരു ജന്മി ജോലി നൽകില്ല... വർഗ്ഗബോധം... ചുരുക്കത്തിൽ കുടിയാന് അജീവനാന്ത തൊഴിൽ കരാർ...

ഒരു വക കരാറും ഇല്ലാതെ ജന്മിമാർ എത്ര സുന്ദരമായിട്ടായിരുന്നു കുടിയാന്മാരെ ചൂക്ഷണം ചെയ്തിരുന്നത്... അതിന്റെ പുതിയ രൂപമാണ് ബോണ്ട്... പണ്ടു കാലത്തെ പോലെ തൊഴിലാളിയെ അജീവനാന്തം ഉപയോഗിക്കാൻ സാധ്യമല്ലാത്ത സാഹചര്യം നിലവിലുള്ളതുകൊണ്ട് ബോണ്ട് എന്ന ഓമനപേരിൽ ഒരു നിശ്ചിതകാലയളവിലേക്ക് കുടിയാന്മാരെ സ്രിഷ്ടിക്കുന്നു...

തൊഴിലാളികളെ അടിമകളാക്കുന്ന ബോണ്ട്, സർട്ടിഫിക്കറ്റ് സൂക്ഷിക്കൽ, പരിചയസർട്ടിഫിക്കറ്റ് നൽകാതിരിക്കൽ, റഫറൻസ് നൽകാതിരിക്കൽ, പാസ്പോർട്ട് തടഞ്ഞു വെയ്ക്കൽ തുടങ്ങിയ പ്രാകൃതനടപടികൾ ഗൾഫിൽ മാത്രമല്ല നമ്മുടെ സ്വന്തം കേരളത്തിലും നടക്കുന്നുവെന്നത് കാക്കരയെ രോഷാകുലനാക്കുന്നു...