Monday 12 December 2011

ജനാധിപത്യവും ഹസാരയുടെ സമരവും...

മൂന്ന് മാസം മുൻപ് "ഇ-വാർത്ത" യിൽ പ്രസിദ്ധീകരിച്ച കാക്കരയുടെ ഒരു ലേഖനം... ബ്ലോഗിലൂടെ നിങ്ങളുമായി പങ്കുവെയ്ക്കുന്നു... അതിപ്പോൾ പങ്കുവെയ്ക്കുവാനുള്ള കാരണം... ഓൺലൈനിലൂടെ അണ്ണാ ഹസാരയുടെ സമരത്തെ "അരാഷ്ട്രീയം, പാർലമെന്റിനെ ദുർബലപ്പെടുത്തും, മധ്യവർഗ്ഗസമരം, ജനാധിപത്യവിരുദ്ധം, അണ്ണാ ഫാൻസ്, ഏകാധിപതി, അഴിമതിക്കാർ, ഒളി അജണ്ട" തുടങ്ങിയ ആരോപങ്ങൾ നടാത്തിയവരുടെയൊക്കെ മുഖത്തടിച്ചുകൊണ്ടാണ്  ഇന്നലെ സി.പി.എമ്മിന്റേയും സി.പി.ഐയുടേയും ദേശീയനേതാക്കൾ
അണ്ണാ ഹസാരയുമായി വേദി പങ്കിട്ടത്, അതും ബി.ജെ.പി യുടെ കൂടെ...

http://www.evartha.in/news-special/democracy-and-anna-hazare/793

കഴിഞ്ഞ 40 വർഷത്തോളമായി 8 തവണ പാർലമെന്റ് ചർച്ച ചെയ്തെങ്ങിലും ഫലപ്രാപ്തിലെത്താത്ത ഒരു ബില്ലിനായി സ്വന്തം ഭേദഗതികൾ അല്ലെങ്ങിൽ ഒരു കൂട്ടം വ്യക്തികളൂടെ ചിന്തകൾക്കനുസരിച്ച് കുറെ ഭേദഗതികൾ വരുത്തി വളരെ ശക്തമായ ജനലോക്പാൽ ബില്ലിനായി 13 ദിവസം നീണ്ടുനിന്ന നിരാഹാരസമരം ഇന്ത്യൻ ജനതയെ ഇളക്കിമറിച്ചു... ഭരണകൂടയടിച്ചമർത്തലിൽ തുടങ്ങി ഒത്തുതീർപ്പ് ചർച്ചകളിലൂടെ പാർലമെന്റിലെ പ്രമേയവുമൊക്കെയായി നിരാഹാരസമരം അവസാനിച്ചു...

ഇപ്പോൾ രംഗമൊന്ന് ശാന്തമായിട്ടുണ്ട്... ശാന്തമായ അന്തരീക്ഷത്തിൽ ഈ സമരത്തെ എതിർത്തിരുന്നവരുടെ പ്രധാനാരോപണങ്ങൾ എന്തെല്ലാമായിരുന്നുവെന്ന് പരിശോധിക്കുന്നത് അഭികാമ്യമായിരിക്കുമല്ലോ... ജനലോക്പാൽ ബില്ലിനായുള്ള സമരം അരാഷ്ട്രീയവും ജനാധിപത്യവിരുദ്ധവും മധ്യവർഗ്ഗസമരവും പാർലമെന്റിനെ തകർക്കുകയും ചെയ്യുന്ന ഒന്നാണെന്നാണ് ഒരു കൂട്ടർ വാദിച്ചിരുന്നത്... ജനാധിപത്യമെന്നാൽ കക്ഷിരാഷ്ട്രീയവും തിരഞ്ഞെടുപ്പുരാഷ്ട്രീയവും മാത്രമാണെന്ന് കരുതുന്ന ഒരു വിഭാഗമാണ് ഈ വാദത്തിന് പിന്നിലുള്ളത്... ഇവരുടെ ആരോപണത്തിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് നമുക്ക് പരിശോധിക്കാമല്ലോ...

രാഷ്ട്രീയമെന്നാൽ രാഷ്ട്രബോധമാണ്‌ രാഷ്ട്രനിർമ്മാണമാണ്‌ സമൂഹപുനരുദ്ധാരണമാണ്‌, വ്യക്തിസംസ്കരണമാണ്‌, അതിന്‌ വേണ്ടി ഒരു ഇഷ്ടിക എടുത്തുവെച്ചാൽ അണ്ണാഹസാരയും  നിങ്ങളും രാഷ്ട്രീയക്കാരാണ്‌... രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ തന്റേതായ സംഭാവനകൾ നൽകുന്നവരെ വിശാലമായ അർത്ഥത്തിൽ രാഷ്ട്രബോധമുള്ളവർ എന്ന്‌ തന്നെ വിശേഷിക്കാം... അവരും രാഷ്ട്രീയക്കാരാണ്‌ പക്ഷെ അവർ നമ്മളിൽ പലരേയുംപോലെ “പക്കാ രാഷ്ട്രീയക്കാരല്ല”... കക്ഷിരാഷ്ട്രീയക്കാർ വരച്ചിരിക്കുന്ന ലക്ഷ്മണരേഖക്ക്‌ പുറത്തേക്ക്‌ സഞ്ചരിക്കുന്നവരെ അരാഷ്ട്രീയവാദികൾ എന്ന്‌ മുദ്രകുത്തി താറടിക്കാൻ ശ്രമിക്കുന്ന കാഴ്ച നാം നിരന്തരം കാണുന്നുണ്ട്... അണ്ണാഹസാരയുടെ രാഷ്ട്രീയസമരത്തെ അരാഷ്ട്രീയമെന്ന് മുദ്രകുത്തുന്നത് അതിലൊന്ന് മാത്രമാണ്...

ജനാധിപത്യത്തിൽ ജനപ്രതിധികളാണ് നിയമം നിർമ്മിക്കേണ്ടത്... അതിന് മുകളിൽ പരമാധികാരിയായി അണ്ണാ ഹസാരയെന്നല്ല ആരേയും വാഴുവാൻ അനുവദിക്കരുത്... പക്ഷെ ജനപ്രതിനിധികളെ സമർദ്ധംചെലുത്തി ഒരു നിയമം ഉണ്ടാക്കുവാൻ ഹസാരക്ക് അവകാശമുണ്ടല്ലോ... പാർട്ടി നയം നിയമമാക്കുവാൻ രാഷ്ട്രീയപാർട്ടികൾ സമർദ്ധം ചെലുത്താറുണ്ടല്ലോ... അന്നൊന്നും  ഇല്ലാത്ത ആശങ്ക ഇപ്പോഴെന്താണാവോ ഉയർന്നുവരുന്നത്... രാഷ്ട്രീയപാർട്ടികളുടെ ലേബലിൽ ആവശ്യപ്പെടുന്നതും ജനക്കൂട്ടത്തിന്റെ ലേബലിൽ ആവശ്യപ്പെടുന്നതും തമ്മിൽ എന്താണ് വിത്യാസം... ഹസാരക്ക് പിന്തുണയില്ലെങ്ങിൽ അവഗണിക്കണം... അതല്ലേ ജനാധിപത്യം... 

പാർലമെന്റിനെ ദുർബലപ്പെടുത്തുമെന്ന വാദവും അസ്ഥാനത്താണ്... പാർലമെന്റ് സ്വന്തം നിലയിൽ പരാജയപ്പെടുമ്പോൾ ജനം സമരങ്ങളിലൂടെ ചില ഓർമ്മപ്പെടുത്തലുകൾ നടത്തും, ആ വികാരം പാർലമെന്റ് ജനാധിപത്യപരമായി ഉൾക്കൊള്ളുമ്പോൾ ഇന്ത്യൻ ജനാധിപത്യവും പാർലമെന്റും ശക്തിപ്പെടുകയാണ്... ജനാഭിലാഷം പാർലമെന്റിലൂടെ... വനിതാബില്ലിനായി പാർലമെന്റിന് പുറത്തും സമരങ്ങൾ നടന്നിരുന്നു... വനിതാബില്ല് പാസായതുകൊണ്ട് പാർലമെന്റ് ശക്തിപ്പെടുകയാണോ ദുർബലപ്പെടുകയാണോ ഉണ്ടായത്...  ശക്തമായ ലോക്പാൽ ബില്ലിനായി പാർലമെന്റിന് പുറത്ത് ധർണ്ണ നടത്തുന്നവരും ഹസാരയുടെ സമരത്തെ ചൂണ്ടി പാർലമെന്റിനെ ദുർബലപ്പെടുത്തുമെന്നവാദം ഉയർത്തുന്നതാണ് വിരോധാഭാസം... കൊടിയുടെ കിഴിൽ വരുകയെന്ന് പറയാതെ പറയുന്നു...

ഇതൊരു മധ്യവർഗ്ഗസമരമാണെന്നതാണ് മറ്റൊരു രസകരമായ ആരോപണം... മധ്യവർഗ്ഗജനവിഭാഗത്തിന് രാഷ്ട്രീയം ഉണ്ടാകരുതെന്നാണോ ഇവരുടെ ലക്ഷ്യം?
അവരും ഉൾപ്പെട്ടതല്ലേ ഇന്ത്യൻ ജനാധിപത്യം... അഴിമതിക്കെതിരെമാത്രമായി ഉയർന്നുവന്ന സമരത്തെ, ആ സമരം ഏറ്റവും കൂടൂതൽ ആകർഷിച്ചത് മധ്യവർഗ്ഗത്തെയാണെന്ന കാരണത്താൽ അധിക്ഷേപിക്കുന്നത് ജനാധിപത്യമാണോ...  ആദായനികുതിയിളവിനുവേണ്ടിയുള്ള ഒരു സമരമായിരുന്നു ഹസാരയുടേതെങ്ങിൽ, തീർച്ചയായും അതൊരു മധ്യവർഗ്ഗതാല്പര്യം സംരക്ഷിക്കാനുള്ള സമരമായി മുദ്രകുത്താമായിരുന്നു... പക്ഷേ ഈ സമരം കുമിഞ്ഞുകൂടിയ അഴിമതിക്കെതിരെയാണ്... അഴിമതി ഒരു ശതമാനമെങ്ങിലും കുറഞ്ഞാൽ, അതിന്റെ ഗുണം അടീസ്ഥാനവർഗ്ഗം മുതൽ ലഭ്യമാകുമെങ്ങിൽ,  ആ സമരമെങ്ങിനെ മധ്യവർഗ്ഗസമരമാകും...

ഹസാരയും കൂട്ടരും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ ശക്തി തെളിയിച്ച് നിയമം ഉണ്ടാക്കട്ടെയെന്ന് ആവശ്യപ്പെടുന്നവർ ഭരണാകൂടത്തിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷരാഷ്ട്രീയപാർട്ടികളോട് ഇതേ ആവശ്യം ഉന്നയിക്കാറില്ല... ഹസാരയോട് ആവശ്യപ്പെടുന്ന അതേ യുക്തി രാഷ്ട്രീയപാർട്ടികൾക്കും ബാധകമാണല്ലോ... സമരം ചെയ്യാനുള്ള ഹസാരയുടെ അവകാശം പോലും മാനിക്കാത്തവർ ഗാന്ധിജിയോടും ചോദിക്കുന്നത്, ഒന്ന് തന്നെയാണ്... ഒരു പഞ്ചായത്ത് അംഗം പോലും ആകാത്ത ഗാന്ധിജിയെങ്ങനെ ഒരു നിയമത്തിനായി സമരം ചെയ്യും... നിരാഹാരം കിടക്കാതെ തിരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കട്ടെയല്ലേ?

ജനലക്ഷങ്ങൾ പങ്കെടുത്ത അഴിമതിവിരുദ്ധ സമരം ആഴ്ചകൾ പിന്നിട്ടിട്ടും അക്രമരഹിതമായി പര്യവസാനിച്ചു... അതേസമയം പെൻഷൻപ്രായം ഉയർത്തുന്നതിനെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ സമരം കല്ലേറിലാണ്  ആരംഭിച്ചതുതന്നെ... ഏതാണ് ജനാധിപത്യസമരമാർഗ്ഗം...  ജനം പറയട്ടെ, അതല്ലേ ജനാധിപത്യം...

2 comments:

ഷൈജൻ കാക്കര said...

ഓൺലൈനിലൂടെ അണ്ണാ ഹസാരയുടെ സമരത്തെ "അരാഷ്ട്രീയം, പാർലമെന്റിനെ ദുർബലപ്പെടുത്തും, മധ്യവർഗ്ഗസമരം, ജനാധിപത്യവിരുദ്ധം, അണ്ണാ ഫാൻസ്, ഏകാധിപതി, അഴിമതിക്കാർ, ഒളി അജണ്ട" തുടങ്ങിയ ആരോപങ്ങൾ നടാത്തിയവരുടെയൊക്കെ മുഖത്തടിച്ചുകൊണ്ടാണ് ഇന്നലെ സി.പി.എമ്മിന്റേയും സി.പി.ഐയുടേയും ദേശീയനേതാക്കൾ
അണ്ണാ ഹസാരയുമായി വേദി പങ്കിട്ടത്, അതും ബി.ജെ.പി യുടെ കൂടെ...

Anonymous said...

ദശാബ്ദങ്ങളായി ഇന്ത്യിലെ രാഷ്ര്ടീയക്കാര്‍ കയ്യടക്കിവച്ച അധികാര സിംഹാസനങ്ങള്‍ ഉലയാന്‍ തുടങ്ങുന്നു.ജനാധിപത്യമെന്നപേരില്‍ ജനത്തിന്‍റെ മുതുകില്‍ കയറിക്കൂടിയ ഇന്ത്യന്‍ രാഷ്ട്രീയമെന്ന കടല്‍ക്കിഴവനെ അവര്‍ തിരിച്ചറിഞ്ഞുതുടങ്ങുന്നു.ദരിദ്ര ജനകോടികളുടെ നികുതിപ്പണം കട്ടുമുടിക്കുകയും അവരുടെ ധാന്യപ്പുരകളിലെ പെരുച്ചാഴികളെപ്പോലെ തന്നെ അവരുടെ അദ്ധ്വാന ഫലങ്ങള്‍ തങ്ങളുടെ അറകളിലേക്ക് കടത്തുകയും ചെയ്ത രാഷ്ട്രീയപ്പെരുച്ചാഴികളുടെ മടയില്‍ പുകയിടുന്ന കാലം വന്നിരിക്കുന്നു.ഇന്ത്യന്‍ രൂപയെ വളര്‍ത്തിവലുതാക്കി കാലണ വേശ്യയാക്കിയ മന്മോഹനും ചിദംബരവും അതിനു പിമ്പുപണിചെയ്ത ആന്‍റിയമ്മയും പൊതുജനത്തിന്‍റെ അടിവാങ്ങുന്ന കാലം അകലെയല്ല.