Monday, 26 July 2010

നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി...

കക്ഷിരാഷ്ട്രീയക്കാർ വരച്ചിരിക്കുന്ന ലക്ഷ്മണരേഖക്ക്‌ പുറത്തേക്ക്‌ സഞ്ചരിക്കുന്നവരെ അരാഷ്ട്രീയവാദികൾ എന്ന്‌ മുദ്രകുത്തി താറടിക്കാൻ ശ്രമിക്കുന്ന കാഴ്ച നാം നിരന്തരം കാണുന്നുണ്ട്... രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങൾ വസ്തുതപരമായും ജനാധിപത്യപരമായും നിയമപരമായും നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഉയർന്ന രാഷ്ട്രബോധമുള്ള പൗരന്മാരെ അരാഷ്ട്രീയക്കാർ എന്ന്‌ നാമകരണം ചെയ്യുന്നത്‌ വ്യക്‌തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ്‌...

ഇന്ത്യയിൽ പാർലമെന്റ് രീതിയിലുള്ള തിരഞ്ഞെടുപ്പാണ്‌ നടക്കുന്നത്‌; എങ്കിൽ പിന്നെ കോളേജിൽ പാർലമെന്റ് രീതിയിൽ തിരഞ്ഞെടുപ്പ്‌ നടത്തിയാൽ മതി എന്ന്‌ “പള്ളിലച്ചൻ” പറഞ്ഞാൽ, ഉടൻ വരുന്നു “രാഷ്ട്രിയവാദിക്കാർ”, എന്നാ പരിപാടിയാ ഇത്‌? ഇത്‌ കേരളമാണ്‌... പള്ളിലച്ചൻ പള്ളികാര്യം നോക്കിയാൽ മതി... അരാഷ്ട്രീയവാദം വെച്ചുപൊറുപ്പിക്കില്ല. രാഷ്ട്രീയം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയുന്ന കോളേജുകളിൽ മാത്രമാണ്‌ റാഗിംഗ്‌ നടക്കുന്നത്‌!. കോളേജുകളിലെ പുരോഹിതരുടെ പീഢണംപോലും കുട്ടിരാഷ്ട്രീയക്കാരാണ്‌ തടഞ്ഞുനിറുത്തുന്നത്‌. എസ്.എഫ്.ഐ. യുടേയും കെ.എസ്.യു വിന്റെയും കൊടികൾ പാറികളിക്കുന്നത്‌ കണ്ടിട്ടാണ്‌ കേരളത്തിലെ മാതാപിതാക്കൾ മനസമാധാനത്തോടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക്‌ പറഞ്ഞുവിടുന്നത്‌. ഇതൊന്നുമറിയാത്ത പള്ളിലച്ചന്മാർ ളോഹയിട്ട്‌ കുരിശ്ശും തൂക്കി രാഷ്ട്രീയം നിരോധിച്ചാൽ അവിടെ വർഗീയവാദികൾ തലപൊക്കും, സാമ്രാജത്വ ഭീകരന്മാർ കടന്നുകയറും, എന്തിന്‌ പാകിസ്താൻ തീവ്രവാദികൾ വരെ നുഴഞ്ഞുകയറും... ഇതൊക്കെ തടയുന്ന S.F.I-K.S.U സഖ്യം സിന്ദബാദ്‌...

വഴിനടക്കാരെ നടപാതയിലൂടെ നടക്കുവാൻ അനുവദിക്കാതെ ആ സ്ഥലം കയ്യേറി സമരവും പൊതുയോഗവും പാർട്ടിയോഗവും നടത്തുമ്പോൾ വഴിനടക്കുവാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെടുന്നതും അരാഷ്ട്രീയതയുടെ കടന്നുകയറ്റമായി “കക്ഷിരാഷ്ട്രീയക്കാർ” ചാപ്പക്കുത്തും... ദലിതർ വഴിനടക്കുവാൻ അനുവാദം തേടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു... കോടതി വിധിയെ മറികടക്കുവാൻ അപ്പീൽ നൽകണമെന്ന്‌ അഭിപ്രായപ്പെട്ടവരെ അരാഷ്ട്രീയക്കാരായി മുദ്രകുത്തുകയും “ശുംഭൻ” പ്രയോഗത്തിന്‌ മാന്യത കൽപ്പിക്കുകയും ചെയ്യുന്നു... ജനാധിപത്യവും നിയമവ്യവസ്ഥയും നിലനിൽക്കുമ്പോൾ സർക്കാരിന്‌ വികാരംകൊണ്ട് മാത്രം ഭരണയന്ത്രം തിരിക്കുവാൻ സാധിക്കുകയില്ലല്ലോ? സർക്കാർ നിയമവ്യവസ്ഥയെ പിൻതുടർന്നത്‌ മലയാളിയുടെ ഭാഗ്യം...

ഇത്തിരി പഴയ ചിന്ത, 1987...

ഇംഗ്ളീഷ് മീഡിയത്തിനെതിരെ സമരം ചെയ്യുന്ന കാലം. അമ്മഭാഷയെ ചവിറ്റുകൊട്ടയിൽ തള്ളുന്നതിനെതിരെ എസ്.എഫ്.ഐ യുടെ പഠിപ്പുമുടക്ക്‌ സമരം. അതിസമ്പന്നരുടെ മക്കൾ സായിപ്പിന്റെ ഭാഷ പഠിക്കുന്നതിനെതിരെ പാവങ്ങളുടെ മക്കൽ പഠിക്കുന്ന മലയാളമീഡിയം വിദ്യാലയങ്ങളിൽ മാത്രം സമരം... ഇംഗ്ലീഷ്‌ മീഡിയമാണ്‌ പ്രശ്നമെങ്ങിൽ, അത്തരം “അപരിഷ്കൃതഭാഷയിൽ” പഠിപ്പിക്കുന്ന വിദ്യാലയങ്ങളല്ലെ സമരം ചെയ്ത് അടപ്പിക്കേണ്ടത്. മലയാളം മാധ്യമത്തിൽ ശരിയായ വിദ്യഭ്യാസം നടക്കുന്ന വിദ്യാലയങ്ങളിൽ സമരം കൊണ്ടാടുന്നതിലെ സാംഗത്യം ചോദ്യം ചെയ്താൽ... പിന്നേയും വന്നു അരാഷ്ട്രീയവാദം.

സത്യൻ അന്തിക്കാട്‌ (നല്ല കള്ള്‌ കിട്ടുന്ന സ്ഥലമാണ്‌) “സ്വത്വകക്ഷിരാഷ്ട്രീയം” അക്ഷേപഹാസ്യത്തിലൂടെ കൈകാര്യം ചെയ്ത ഒരു സിനിമയാണ്‌ സന്ദേശം... പതിട്ടാണ്ടുകൾ പിന്നിട്ടിട്ടും അതിലെ “സന്ദേശം” രാഷ്ട്രീയതയാണോ, അരാഷ്ട്രീയതയാണോ സ്വത്വകക്ഷിരാഷ്ട്രിയമാണോ എന്ന്‌ ചർച്ചചെയ്യപ്പെടുന്നുണ്ടെങ്ങിൽ ആ സിനിമ സാമ്പത്തികമായി മാത്രമല്ല സന്ദേശപരമായും മലയാളമനസ്സുകളിൽ ഇടം നേടിയെന്നതിന്‌ തർക്കമില്ല... ഒരു രാഷ്ട്രീയ സിനിമയെ അരാഷ്ട്രീയമായി മുദ്രകുത്തുന്നതിനോട്‌ ഒരിക്കലും യോജിക്കാൻ കഴിയുകയുമില്ല. കേരളത്തിൽ നിലനിൽക്കുന്ന സ്വത്വകക്ഷിരാഷ്ട്രീയത്തെ തൊലിയുരിച്ച്കാണിക്കുന്നു എന്ന കാരണത്താൽ ആ സിനിമ അരാഷ്ട്രീയമാണ്‌ എന്ന്‌ പറയുന്നതിൽ എന്ത്‌ കഴമ്പുണ്ട്... പക്ഷെ സത്യസന്ധമായി ജോലി ചെയ്യുന്ന കൃഷി ആപ്പിസ്സറെ വരച്ചു കാണിച്ചതും സ്ത്രി തന്നെ ധനമായി സ്ത്രീധനമില്ലാതെ വിഹാഹം കഴിച്ചതും ശിഷ്ടകാലം നാട്ടിൽ കൃഷി ചെയ്ത്‌ ജീവിക്കാമെന്ന്‌ ചിന്തിക്കുന്ന തിലകനും നല്ല ചിന്തയാണ്‌ നല്കുന്നത്‌... നല്ല വിദ്യഭ്യാസം നേടിയ ജയറാമും ശ്രീനിവാസനും “ഒരു തൊഴിലും ചെയ്യാതെ” ഏറ്റവും താഴെ തട്ടിൽ കക്ഷിരാഷ്ട്രീയം കളിച്ചവർ സിനിമാന്ത്യത്തിൽ തൊഴിൽ ചെയ്യുവാൻ തീരുമാനിക്കുന്നു... തൊഴിൽ ചെയ്യുന്നതും അരാഷ്ട്രീയമാണോ? അതിനിടയിൽ കുട്ടിരാഷ്ട്രീയക്കാരനായി വളരുന്ന അനിയന്റെ കയ്യിൽ നിന്ന്‌ കൊടിയും വാങ്ങി വലിച്ചെറിയുന്നു... ആ കൊടിയുടെ ലക്ഷ്യവും രാഷ്ട്രബോധമായിരുന്നില്ല. ഇത്‌ തന്നെയല്ലേ രാഷ്ട്രീയം, ശരിയായ രാഷ്ട്രബോധം... ഈ സിനിമയിൽ ചർച്ച ചെയ്യുന്ന ഓരോ ഭാഗവും കേരളസമൂഹത്തിന്റെ പരിച്ചേദം തന്നെയാണ്‌... സിനിമ കാണുമ്പോൾ ഈ കഥാപാത്രാം ഞാൻ തന്നെയല്ലേ, വീടിനടുത്തുള്ള കുമാരനല്ലേ അല്ലെങ്ങിൽ എന്റെ പാർട്ടിയെ ശരിക്കും കുടഞ്ഞല്ലോ എന്നൊക്കെ തോന്നിയാൽ... അത്‌ തന്നെയാണ്‌ സിനിമയുടെ ലക്ഷ്യവും... കല സമൂഹത്തിനുവേണ്ടി...

രാഷ്ട്രീയമെന്നാൽ രാഷ്ട്രബോധമാണ്‌ രാഷ്ട്രനിർമ്മാണമാണ്‌ സമൂഹപുനരുദ്ധാരണമാണ്‌, വ്യക്തിസംസ്കരണമാണ്‌, അതിന്‌ വേണ്ടി ഒരു ഇഷ്ടിക എടുത്തുവെച്ചാൽ കാക്കരയും നിങ്ങളും രാഷ്ട്രീയക്കാരാണ്‌... ജനാധിപത്യവ്യവസ്ഥയിൽ കക്ഷിരാഷ്ട്രിയമുണ്ടാകും, ഉണ്ടാകണം. പക്ഷെ സ്വത്വകക്ഷിരാഷ്ട്രീയം അതിരു വിടരുത്‌... രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ തന്റേതായ സംഭാവനകൾ നൽകുന്നവരെ വിശാലമായ അർത്തത്തിൽ രാഷ്ട്രബോധമുള്ളവർ എന്ന്‌ തന്നെ വിശേഷിക്കാം... അവരും രാഷ്ട്രീയക്കാരാണ്‌ പക്ഷെ അവർ നമ്മളിൽ പലരേയുംപോലെ “പക്കാ രാഷ്ട്രീയക്കാരല്ല”...

രാഷ്ട്രത്തിന്‌വേണ്ടി ഒരു ഇഷ്ടികപോലും മുതൽകൂട്ടാത്ത എന്നാൽ പാർട്ടി മാത്രമാണ്‌ രാഷ്ട്രീയം എന്ന്‌ മാത്രം ചിന്തിക്കുന്ന സ്വത്വകക്ഷിരാഷ്ട്രിയക്കാരെ നിങ്ങളാണ്‌ അരാഷ്ട്രീയക്കാരെ നിർമ്മിക്കുന്നതിന്റെ മുഖ്യശില്പി... മലയാളി സമൂഹം നിങ്ങളെ ചൂണ്ടി വിളിച്ചു പറയുന്നു “നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി”...

ഓഫ്...

കക്ഷിരാഷ്ട്രീയം പടർന്ന്‌ പന്തലിച്ച കണ്ണൂരിൽ കല്യാണറാഗിഗ്, ബലേ ഭേഷ്‌...
Post a Comment