Monday, 26 July 2010

നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി...

കക്ഷിരാഷ്ട്രീയക്കാർ വരച്ചിരിക്കുന്ന ലക്ഷ്മണരേഖക്ക്‌ പുറത്തേക്ക്‌ സഞ്ചരിക്കുന്നവരെ അരാഷ്ട്രീയവാദികൾ എന്ന്‌ മുദ്രകുത്തി താറടിക്കാൻ ശ്രമിക്കുന്ന കാഴ്ച നാം നിരന്തരം കാണുന്നുണ്ട്... രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങൾ വസ്തുതപരമായും ജനാധിപത്യപരമായും നിയമപരമായും നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഉയർന്ന രാഷ്ട്രബോധമുള്ള പൗരന്മാരെ അരാഷ്ട്രീയക്കാർ എന്ന്‌ നാമകരണം ചെയ്യുന്നത്‌ വ്യക്‌തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ്‌...

ഇന്ത്യയിൽ പാർലമെന്റ് രീതിയിലുള്ള തിരഞ്ഞെടുപ്പാണ്‌ നടക്കുന്നത്‌; എങ്കിൽ പിന്നെ കോളേജിൽ പാർലമെന്റ് രീതിയിൽ തിരഞ്ഞെടുപ്പ്‌ നടത്തിയാൽ മതി എന്ന്‌ “പള്ളിലച്ചൻ” പറഞ്ഞാൽ, ഉടൻ വരുന്നു “രാഷ്ട്രിയവാദിക്കാർ”, എന്നാ പരിപാടിയാ ഇത്‌? ഇത്‌ കേരളമാണ്‌... പള്ളിലച്ചൻ പള്ളികാര്യം നോക്കിയാൽ മതി... അരാഷ്ട്രീയവാദം വെച്ചുപൊറുപ്പിക്കില്ല. രാഷ്ട്രീയം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയുന്ന കോളേജുകളിൽ മാത്രമാണ്‌ റാഗിംഗ്‌ നടക്കുന്നത്‌!. കോളേജുകളിലെ പുരോഹിതരുടെ പീഢണംപോലും കുട്ടിരാഷ്ട്രീയക്കാരാണ്‌ തടഞ്ഞുനിറുത്തുന്നത്‌. എസ്.എഫ്.ഐ. യുടേയും കെ.എസ്.യു വിന്റെയും കൊടികൾ പാറികളിക്കുന്നത്‌ കണ്ടിട്ടാണ്‌ കേരളത്തിലെ മാതാപിതാക്കൾ മനസമാധാനത്തോടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക്‌ പറഞ്ഞുവിടുന്നത്‌. ഇതൊന്നുമറിയാത്ത പള്ളിലച്ചന്മാർ ളോഹയിട്ട്‌ കുരിശ്ശും തൂക്കി രാഷ്ട്രീയം നിരോധിച്ചാൽ അവിടെ വർഗീയവാദികൾ തലപൊക്കും, സാമ്രാജത്വ ഭീകരന്മാർ കടന്നുകയറും, എന്തിന്‌ പാകിസ്താൻ തീവ്രവാദികൾ വരെ നുഴഞ്ഞുകയറും... ഇതൊക്കെ തടയുന്ന S.F.I-K.S.U സഖ്യം സിന്ദബാദ്‌...

വഴിനടക്കാരെ നടപാതയിലൂടെ നടക്കുവാൻ അനുവദിക്കാതെ ആ സ്ഥലം കയ്യേറി സമരവും പൊതുയോഗവും പാർട്ടിയോഗവും നടത്തുമ്പോൾ വഴിനടക്കുവാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെടുന്നതും അരാഷ്ട്രീയതയുടെ കടന്നുകയറ്റമായി “കക്ഷിരാഷ്ട്രീയക്കാർ” ചാപ്പക്കുത്തും... ദലിതർ വഴിനടക്കുവാൻ അനുവാദം തേടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു... കോടതി വിധിയെ മറികടക്കുവാൻ അപ്പീൽ നൽകണമെന്ന്‌ അഭിപ്രായപ്പെട്ടവരെ അരാഷ്ട്രീയക്കാരായി മുദ്രകുത്തുകയും “ശുംഭൻ” പ്രയോഗത്തിന്‌ മാന്യത കൽപ്പിക്കുകയും ചെയ്യുന്നു... ജനാധിപത്യവും നിയമവ്യവസ്ഥയും നിലനിൽക്കുമ്പോൾ സർക്കാരിന്‌ വികാരംകൊണ്ട് മാത്രം ഭരണയന്ത്രം തിരിക്കുവാൻ സാധിക്കുകയില്ലല്ലോ? സർക്കാർ നിയമവ്യവസ്ഥയെ പിൻതുടർന്നത്‌ മലയാളിയുടെ ഭാഗ്യം...

ഇത്തിരി പഴയ ചിന്ത, 1987...

ഇംഗ്ളീഷ് മീഡിയത്തിനെതിരെ സമരം ചെയ്യുന്ന കാലം. അമ്മഭാഷയെ ചവിറ്റുകൊട്ടയിൽ തള്ളുന്നതിനെതിരെ എസ്.എഫ്.ഐ യുടെ പഠിപ്പുമുടക്ക്‌ സമരം. അതിസമ്പന്നരുടെ മക്കൾ സായിപ്പിന്റെ ഭാഷ പഠിക്കുന്നതിനെതിരെ പാവങ്ങളുടെ മക്കൽ പഠിക്കുന്ന മലയാളമീഡിയം വിദ്യാലയങ്ങളിൽ മാത്രം സമരം... ഇംഗ്ലീഷ്‌ മീഡിയമാണ്‌ പ്രശ്നമെങ്ങിൽ, അത്തരം “അപരിഷ്കൃതഭാഷയിൽ” പഠിപ്പിക്കുന്ന വിദ്യാലയങ്ങളല്ലെ സമരം ചെയ്ത് അടപ്പിക്കേണ്ടത്. മലയാളം മാധ്യമത്തിൽ ശരിയായ വിദ്യഭ്യാസം നടക്കുന്ന വിദ്യാലയങ്ങളിൽ സമരം കൊണ്ടാടുന്നതിലെ സാംഗത്യം ചോദ്യം ചെയ്താൽ... പിന്നേയും വന്നു അരാഷ്ട്രീയവാദം.

സത്യൻ അന്തിക്കാട്‌ (നല്ല കള്ള്‌ കിട്ടുന്ന സ്ഥലമാണ്‌) “സ്വത്വകക്ഷിരാഷ്ട്രീയം” അക്ഷേപഹാസ്യത്തിലൂടെ കൈകാര്യം ചെയ്ത ഒരു സിനിമയാണ്‌ സന്ദേശം... പതിട്ടാണ്ടുകൾ പിന്നിട്ടിട്ടും അതിലെ “സന്ദേശം” രാഷ്ട്രീയതയാണോ, അരാഷ്ട്രീയതയാണോ സ്വത്വകക്ഷിരാഷ്ട്രിയമാണോ എന്ന്‌ ചർച്ചചെയ്യപ്പെടുന്നുണ്ടെങ്ങിൽ ആ സിനിമ സാമ്പത്തികമായി മാത്രമല്ല സന്ദേശപരമായും മലയാളമനസ്സുകളിൽ ഇടം നേടിയെന്നതിന്‌ തർക്കമില്ല... ഒരു രാഷ്ട്രീയ സിനിമയെ അരാഷ്ട്രീയമായി മുദ്രകുത്തുന്നതിനോട്‌ ഒരിക്കലും യോജിക്കാൻ കഴിയുകയുമില്ല. കേരളത്തിൽ നിലനിൽക്കുന്ന സ്വത്വകക്ഷിരാഷ്ട്രീയത്തെ തൊലിയുരിച്ച്കാണിക്കുന്നു എന്ന കാരണത്താൽ ആ സിനിമ അരാഷ്ട്രീയമാണ്‌ എന്ന്‌ പറയുന്നതിൽ എന്ത്‌ കഴമ്പുണ്ട്... പക്ഷെ സത്യസന്ധമായി ജോലി ചെയ്യുന്ന കൃഷി ആപ്പിസ്സറെ വരച്ചു കാണിച്ചതും സ്ത്രി തന്നെ ധനമായി സ്ത്രീധനമില്ലാതെ വിഹാഹം കഴിച്ചതും ശിഷ്ടകാലം നാട്ടിൽ കൃഷി ചെയ്ത്‌ ജീവിക്കാമെന്ന്‌ ചിന്തിക്കുന്ന തിലകനും നല്ല ചിന്തയാണ്‌ നല്കുന്നത്‌... നല്ല വിദ്യഭ്യാസം നേടിയ ജയറാമും ശ്രീനിവാസനും “ഒരു തൊഴിലും ചെയ്യാതെ” ഏറ്റവും താഴെ തട്ടിൽ കക്ഷിരാഷ്ട്രീയം കളിച്ചവർ സിനിമാന്ത്യത്തിൽ തൊഴിൽ ചെയ്യുവാൻ തീരുമാനിക്കുന്നു... തൊഴിൽ ചെയ്യുന്നതും അരാഷ്ട്രീയമാണോ? അതിനിടയിൽ കുട്ടിരാഷ്ട്രീയക്കാരനായി വളരുന്ന അനിയന്റെ കയ്യിൽ നിന്ന്‌ കൊടിയും വാങ്ങി വലിച്ചെറിയുന്നു... ആ കൊടിയുടെ ലക്ഷ്യവും രാഷ്ട്രബോധമായിരുന്നില്ല. ഇത്‌ തന്നെയല്ലേ രാഷ്ട്രീയം, ശരിയായ രാഷ്ട്രബോധം... ഈ സിനിമയിൽ ചർച്ച ചെയ്യുന്ന ഓരോ ഭാഗവും കേരളസമൂഹത്തിന്റെ പരിച്ചേദം തന്നെയാണ്‌... സിനിമ കാണുമ്പോൾ ഈ കഥാപാത്രാം ഞാൻ തന്നെയല്ലേ, വീടിനടുത്തുള്ള കുമാരനല്ലേ അല്ലെങ്ങിൽ എന്റെ പാർട്ടിയെ ശരിക്കും കുടഞ്ഞല്ലോ എന്നൊക്കെ തോന്നിയാൽ... അത്‌ തന്നെയാണ്‌ സിനിമയുടെ ലക്ഷ്യവും... കല സമൂഹത്തിനുവേണ്ടി...

രാഷ്ട്രീയമെന്നാൽ രാഷ്ട്രബോധമാണ്‌ രാഷ്ട്രനിർമ്മാണമാണ്‌ സമൂഹപുനരുദ്ധാരണമാണ്‌, വ്യക്തിസംസ്കരണമാണ്‌, അതിന്‌ വേണ്ടി ഒരു ഇഷ്ടിക എടുത്തുവെച്ചാൽ കാക്കരയും നിങ്ങളും രാഷ്ട്രീയക്കാരാണ്‌... ജനാധിപത്യവ്യവസ്ഥയിൽ കക്ഷിരാഷ്ട്രിയമുണ്ടാകും, ഉണ്ടാകണം. പക്ഷെ സ്വത്വകക്ഷിരാഷ്ട്രീയം അതിരു വിടരുത്‌... രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ തന്റേതായ സംഭാവനകൾ നൽകുന്നവരെ വിശാലമായ അർത്തത്തിൽ രാഷ്ട്രബോധമുള്ളവർ എന്ന്‌ തന്നെ വിശേഷിക്കാം... അവരും രാഷ്ട്രീയക്കാരാണ്‌ പക്ഷെ അവർ നമ്മളിൽ പലരേയുംപോലെ “പക്കാ രാഷ്ട്രീയക്കാരല്ല”...

രാഷ്ട്രത്തിന്‌വേണ്ടി ഒരു ഇഷ്ടികപോലും മുതൽകൂട്ടാത്ത എന്നാൽ പാർട്ടി മാത്രമാണ്‌ രാഷ്ട്രീയം എന്ന്‌ മാത്രം ചിന്തിക്കുന്ന സ്വത്വകക്ഷിരാഷ്ട്രിയക്കാരെ നിങ്ങളാണ്‌ അരാഷ്ട്രീയക്കാരെ നിർമ്മിക്കുന്നതിന്റെ മുഖ്യശില്പി... മലയാളി സമൂഹം നിങ്ങളെ ചൂണ്ടി വിളിച്ചു പറയുന്നു “നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി”...

ഓഫ്...

കക്ഷിരാഷ്ട്രീയം പടർന്ന്‌ പന്തലിച്ച കണ്ണൂരിൽ കല്യാണറാഗിഗ്, ബലേ ഭേഷ്‌...

Sunday, 18 July 2010

മാതൃഭാഷയും ഇംഗ്ലീഷ്‌മീഡിയവും...

മാതൃഭാഷയിൽ സയൻസ്സും കണക്കും കൂടെ മാതൃഭാഷയും ലോകഭാഷയും ഭരണഭാഷയും ചേരുപടി ചേർത്ത്‌ നല്ല പഠന നിലവാരത്തിലും ഭൗതീകസൗകര്യത്തോടുകൂടിയ ഒരു വിദ്യാലയത്തിൽ ഹിന്ദുവും മുസ്ലീമും കൃസ്താനിയും നിരീശ്വരവാദിയും പാവപ്പെട്ടവനും പണക്കാരനും ആൺകുട്ടിയും പെൺകുട്ടിയും സമാധാനത്തോടെ ജീവിച്ചുപഠിക്കുവാനുള്ള അവസരം... അതാണ്‌ നമ്മുടെ കുട്ടികൾക്ക്‌ നൽകേണ്ടത്‌... പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും സുഗമമായി കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന മാതൃഭാഷയിലാണ്‌ നമ്മുടെ വിദ്യഭ്യാസരീതിയെങ്ങിൽ, അഭിരുചി വികസനത്തിനും ആഴത്തിലുള്ള പഠനത്തിനും സഹായിക്കും... കുട്ടികളേയുംകൊണ്ട് ശാസ്ത്രവിഷയങ്ങളിലൂടെ ഊളിയിട്ട്‌ യാത്രചെയ്യുവാൻ പ്രാവീണ്യമുള്ള ഒരു അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ ഭാഷയിൽ പ്രാവിണ്യമില്ലെങ്ങിൽ തഥൈവ! വിദ്യാർത്ഥികൾക്ക്‌ ഭാഷയിൽ പ്രാവീണ്യമില്ലെങ്ങിൽ വിഷയം ഗ്രഹിക്കുന്നതിന്‌ അത്‌ ഒരു പരിമിതിയാവില്ലേ? അതിനാൽ തന്നെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന്‌ തന്നെയാണ്‌ കാക്കരയുടെ മുൻഗണന...

ഇങ്ങനെയൊക്കെയാണെങ്ങിലും മലയാളമീഡിയത്തെ മൊഴിചൊല്ലി ഇംഗ്ലീഷ് മീഡിയത്തെ വേൾക്കുന്നവരെ കാക്കര നിരുൽസാഹപ്പെടുത്തുകയില്ല... കാരണം അനുഭവത്തിൽ നിന്ന്‌ പാഠം പഠിച്ചവരുടെ വാക്കുകൾക്ക്‌ വില കൽപ്പിക്കണമല്ലോ? കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം ഇംഗ്ലീഷ്മീഡിയത്തിന്‌ കരുത്തു നൽകുന്നു... പ്രസംഗത്തിലും എഴുത്തിലും മലയാളം വേണം പക്ഷെ കാര്യത്തോട്‌ അടുക്കുമ്പോൾ ഇംഗ്ലീഷ് വേണം... അതാണ്‌ കേരളം....

കുട്ടികൾ ജീവിച്ചുപഠിക്കുവാൻ ഏറ്റവും നല്ല വിദ്യാലയം സർക്കാർ വിദ്യലയങ്ങൾ തന്നെ (ഇന്നത്തെ?)... പക്ഷെ അവിടെ പഠിപ്പിക്കുന്നവർപോലും സ്വന്തം കുട്ടികളെ അവിടെ പഠിപ്പിക്കുന്നില്ല... സ്വന്തം മക്കൾ അങ്ങനെ ജീവിച്ച് പഠിക്കണ്ട! ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിട്ട്‌ ജീവിച്ചാൽ മതി... മൂന്ന്‌ നേരത്തെ അന്നത്തിന്‌ ബുദ്ധിമുട്ടുള്ളവർ സർക്കാർ വിദ്യാലയത്തിൽ ചേർന്ന്‌ ജീവിച്ച്‌ പഠിക്കട്ടെ... അദ്ധ്യാപകർക്ക്‌ മുടക്കമില്ലാതെ ശബളവും കിട്ടട്ടെ...

അടുത്ത കഥ ആരംഭിക്കുന്നത്‌ മലയാള മീഡിയമാണോ ഇംഗ്ലീഷ് മീഡിയമാണോ നല്ലത്‌? അങ്ങനെയൊരു സംശയത്തിന്റെ ആവശ്യം തന്നെയില്ല... മലയാളം മീഡിയം തന്നെ (ഇന്നത്തെ രീതി?)... പക്ഷെ കൂണ്‌ പോലെ ഇംഗ്ലീഷ് മീഡിയം തഴച്ചു വളരുന്നു മലയാള നാട്ടിൽ... മലയാളമാധ്യമ വിദ്യാലയത്തിൽ ഒരു ഡിവിഷൻ സായിപ്പിന്റെ ഭാഷയിൽ വിദ്യ പകർന്നുനൽകുന്നു... മലയാളമാധ്യമത്തിൽ പഠിപ്പിക്കുന്നവരിൽ കൂടുതലും അവരുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നു...

എന്തുകൊണ്ട്‌ മലയാളികൾ ഇംഗ്ലീഷ് മീഡിയം തിരഞ്ഞെടുക്കുന്നു... എല്ലാത്തിനും ഒറ്റ ഉത്തരം - പൊങ്കച്ചം!!! ഇനിയും കാരണം വേണോ? എങ്ങിൽ സായിപ്പിനോടുള്ള അടിമത്വം... മണ്ണാങ്കട്ട... ജയറാം രമേഷിന്റെ “ഔദാര്യത്താൽ” ചാലക്കുടി പുഴ പിന്നേയും ഒഴുകി... മലയാളമീഡിയത്തിൽ പഠിച്ചവർ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരോട് ഇംഗ്ലീഷിൽ മൽസരിക്കുമ്പോൾ പിന്തള്ളപ്പെടുന്നത്‌ കാണുന്നില്ലേ? L.K.G മുതൽ ഇംഗ്ലീഷ് പഠിക്കണമെന്നോന്നും ഒരു നിർബദ്ധവുമില്ല പക്ഷെ മലയാളമീഡിയത്തിൽ പഠിക്കുന്നവർ പിന്തള്ളപ്പെടുന്ന എല്ലാ സാഹചര്യങ്ങളും കേരളത്തിൽ മാറ്റിമറിക്കണം... സാധിക്കുമോ? ഇല്ലെങ്ങിൽ ഇംഗ്ലീഷ്‌ മീഡിയത്തിൽ പോകുന്നവരെ പരിഹസിക്കരുത്...

കഴിഞ്ഞയാഴ്ച്ചയിൽ ഒരു പഞ്ചായത്ത്‌ അധീനതയിലുള്ള വിദ്യാലയത്തിൽ രണ്ട് ക്ലാസുകളിലെ പഠനം നിറുത്തിവെച്ച്‌ ഗ്രാമസഭ കൂടി!!! ഇവിടെ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾ പഠിച്ചിട്ടെന്ത് കാര്യം!!! 1987 -ൽ ഇംഗ്ലീഷ് മീഡിയത്തിനെതിരെയുള്ള സമരം നടന്ന കാലം ഓർമ്മയുണ്ടല്ലോ? പണക്കാർ പഠിച്ചിരുന്ന ഇംഗ്ലീഷ്മീഡിയം സുഗമമായി നടന്നപ്പോൾ “ഒരു തെറ്റും” ചെയ്യാത്ത പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന മലയാളമീഡിയം വിദ്യാലയങ്ങളിൽ സമരാഭാസം... ഇതിന്റെ പിന്നാലെ 10 ദിവസം നീളുന്ന അദ്ധ്യാപക സമരവും... ഇതും ഇംഗ്ലീഷ് മീഡിയത്തെ ബാധിച്ചില്ല... ഇതിന്‌ പുറമെ അദ്ധ്യാപകർക്ക്‌ നൽകുന്ന വിദ്യഭ്യാസേതര ജോലികൾ... ഇംഗ്ലീഷ് മീഡിയത്തിൽ ഈവക പൊല്ലാപ്പുകളൊന്നുമില്ല!

ഇംഗ്ലീഷ്മീഡിയത്തിൽ പഠിച്ചവർ പത്താംക്ലാസ് കഴിഞ്ഞാലും ഇംഗ്ലീഷ്‌ സംസാരിക്കുന്നില്ല എന്ന ആരോപണം ഒരു പരിധി വരെ ശരി തന്നെയാണ്‌... അവരും സിലബസ്സിൽ നിന്നുകൊണ്ടാണ്‌ കുട്ടികളെ പരിശീലിപ്പിക്കുന്നത്‌... അതേ കുട്ടികൾക്ക്‌ ഇംഗ്ലീഷിൽ വായിച്ച് കാര്യം ഗ്രഹിച്ച്‌ ഉത്തരം എഴുതുവാൻ സാധിക്കുന്നു! മറിച്ച് മലയാള മീഡിയത്തിൽ പഠിക്കുന്ന കുട്ടികളോ? നമ്മുടെ ഏത്‌ സിലബസ്സാണ്‌ സംസാരം ഒരു പരീക്ഷയുടെ ഭാഗമായി കണക്കാക്കുന്നത്‌? ഭാഷാപഠനം എന്നാൽ വായനയും എഴുതും സംസാരവും പഠിക്കലാണ്‌, അതുപോലും മനസ്സിലാകാതെ ഏതെങ്ങിലും ഒരു വിഖ്യാത എഴുത്തുകാരന്റെ ലേഖനമൊ അല്ലെങ്ങിൽ ഒരു മഹത്‌ വ്യക്തിയുടെ ജീവചരിത്രത്തിൽ നിന്ന്‌ ഒരു ഭാഗം അടർത്തിയെടുത്തോ പഠിപ്പിക്കുന്നു... ഫലമോ കുട്ടികൾ എഴുത്തുകാരനെ പറ്റി പഠിക്കുകയും ഭാഷ പഠിക്കാതെയിരിക്കുകയും ചെയ്യുന്നു... വ്യാകരണം പഠിച്ചിട്ട്‌ വാചകങ്ങളിൽ എഴുതുവാൻ ശീലിച്ചില്ലെങ്ങിൽ അതും വിസ്മൃതിയിൽ...

മലയാളികൾ അടിമത്വംകൊണ്ടല്ല ഇംഗ്ലീഷ് പഠിക്കുന്നത്‌ എന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്നു... തിരിച്ചറിവ്‌ കൊണ്ടാണ്‌, കൂട്ടത്തിൽ കുറച്ച്‌ ഗതികേടും... വിദേശത്തെ സമ്പൽസമൃതിയിലേക്കാണല്ലോ നമ്മുടെ വിദ്യഭ്യാസം... ജപ്പാനിലെ കുഞ്ഞുങ്ങൾ ജപ്പാൻ ഭാഷയിൽ പ്രാഥമിക വിദ്യഭ്യാസം നടത്തി ജപ്പാൻ ഭാഷയിൽ തന്നെ ഉപരി പഠനം നടത്തി ജപ്പാൻ ഭാഷയിൽ ജോലി ചെയ്ത് ജപ്പാനിൽ മരിക്കുന്നു... എല്ലാ മൽസരവും ഒരേ പ്രതലത്തിൽ... കേരളത്തിലോ? മലയാളത്തിൽ പഠിച്ചവർ ഇംഗ്ലീഷിൽ പഠിച്ചവരോട്‌ ഇംഗ്ലീഷിൽ മൽസരിക്കണം... രണ്ട് പ്രതലം... ഈ മൽസരത്തിൽ വിഷയത്തിൽ പ്രാവീണ്യം കുറഞ്ഞാലും ഭാഷയിൽ നേടിയ പ്രാവീണ്യം മുതലാക്കി സായിപ്പിന്റെ കുട്ടികൾ അവസരങ്ങൾ വെട്ടിപ്പിടിക്കുന്നു...

വീണ്ടും ഇംഗ്ലീഷ്‌ മീഡിയത്തിലേക്ക്‌... വെറും പൊങ്കച്ചത്തിന്‌ വേണ്ടി “മാത്രമല്ല” മാതാപിതാക്കൾ ഇംഗ്ലീഷ്മീഡിയം തേടിപോകുന്നത്‌... സ്വന്തം അനുഭവത്തിൽ നിന്ന്‌ പാഠം പഠിച്ചിട്ട്‌ തന്നെയാണ്‌... “നല്ല രീതിയിൽ” ഇംഗ്ളീഷ് ഒരു ഭാഷയായി മലയാളമീഡിയത്തിൽ പഠിപ്പിച്ചിരുന്നുവെങ്ങിൽ കൂണ്‌ മുളച്ചുവരുന്നപോലെ ഇംഗ്ല്ലിഷ്മീഡിയം വരുമായിരുന്നില്ല... സയൻസിലും മറ്റും ബിരുദം നേടിയവരായിരുന്നു ഇംഗ്ളീഷ്‌ ഭാഷ “കാണാപാഠം” കുട്ടികളെ പഠിപ്പിച്ചിരുന്നത്‌... അതും മറക്കേണ്ട... ബാക്കിയെല്ലാ വിഷയും പഠിപ്പിക്കണമെങ്ങിൽ അതാത് വിഷയങ്ങളിൽ പ്രാവീണ്യം വേണമായിരുന്നു, പക്ഷെ ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കണമെങ്ങിൽ അതിൽ ഒരു ചുക്കും ചുണ്ണാമ്പും അറിയേണ്ടതില്ല... 7 വർഷം ഇംഗ്ലീഷ്‌ പഠിച്ചിട്ട്‌ 10 വാചകം simple sentence ൽ എഴുതുവാൻ പറ്റുന്നില്ലെങ്ങിൽ ആ പഠനത്തിന്‌ എന്തോ തകരാറില്ലേ? ആ തകരാർ തീർക്കുവാൻ ബാധ്യതയുള്ള 140 M.L.A മാരുണ്ട്, അതിൽ എത്രപേരുടെ കുട്ടികളും പേരക്കുട്ടികളൂം മലയാളമീഡിയത്തിൽ പഠിക്കുന്നുണ്ട്? സർക്കാർ അല്ലെങ്ങിൽ സർക്കാർ സഹായ മലയാളമീഡിയം വിദ്യാലയത്തിൽ പഠിപ്പിക്കുന്ന ആധ്യപകരുടെ മക്കളും പേരക്കുട്ടികളും എവിടെയാണ്‌ പഠിക്കുന്നത്‌? പൊതുജനം “ബഹുമാനത്തോടെ” സാർ എന്ന്‌ വിളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ പഠിക്കുന്നത്‌ കൂടുതലും അടിമത്ത ഭാഷയിൽ തന്നെ, ഇതൊക്കെ കാണുന്ന കോരനും ചക്കിയും പട്ടിണി കിടന്നിട്ടായാലും സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട്‌ പഠിപ്പിച്ചാൽ പൊങ്കച്ചമെന്ന്‌ പറഞ്ഞ് പുച്ഛിക്കല്ലേ?

വാൽകക്ഷണം... സൗജന്യയാത്ര, ഉച്ചഭക്ഷണം, പാല്‌... ഇതിലും വലിയ കോർപ്പൊറേറ്റ്‌ പരസ്യം എവിടെ കിട്ടും പക്ഷെ കുട്ടികളെ മാത്രം കിട്ടുന്നില്ല! പണ്ടത്തെപോലെ പട്ടിണിയില്ല... അല്ലേ?

ഓഫ്... പല പോസ്റ്റുകളിൽ നടന്ന ചർച്ചകളിൽ ഇട്ട കമന്റുകളുടെ ആകതുക ഒരു പോസ്റ്റായി ഇവിടേയും...

Saturday, 17 July 2010

കര്‍ണാടകയില്‍ ഗോമാംസം നിരോധിച്ചു

Mangalam News:

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഗോമാംസം നിരോധിച്ചുകൊണ്ടുള്ള ബില്ല്‌ നിയമനിര്‍മാണ കൗണ്‍സില്‍ പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ കൊടുങ്കാറ്റിനിടെയാണ്‌ ബില്ല്‌ പാസാക്കിയത്‌. ബില്ലില്‍ ഒപ്പുവയ്‌ക്കുന്നതോടെ ഇരുസഭകളും അംഗീകരിച്ച ഗോവധ നിരോധന ബില്‍ നിയമമാകും. ഇതോടെ കര്‍ണാടകയില്‍ ഗോമാംസം ഉപയോഗിക്കുന്നത്‌ ക്രിമിനല്‍ കുറ്റമാകും. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ്‌ ബില്‍ പാസാക്കിയത്‌. കൗണ്‍സിലില്‍ ശക്‌തമായ പ്രതിഷേധമുന്നയിച്ച പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു.

നിലവില്‍ വരുന്നതോടെ പശു, കാള, പോത്ത്‌, എരുമ എന്നിവയെ അറക്കുന്നതും അവയുടെ മാംസം ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതും നിയമവിരുദ്ധമാകും. നിയമം ലംഘിക്കുന്നതു ജാമ്യം ലഭിക്കാത്ത കുറ്റമാണ്‌. ഏഴു വര്‍ഷം വരെ തടവും കാല്‍ ലക്ഷം മുതല്‍ ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാം. ബില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചു തുടങ്ങിയതു മുതല്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷവും ന്യൂനപക്ഷവിഭാഗങ്ങളും രംഗത്തുണ്ട്‌.

http://mangalam.com/index.php?page=detail&nid=321856&lang=malayalam

Thursday, 8 July 2010

മലയാളിയും “സ്വത്വകക്ഷിരാഷ്ട്രീയവും”

മലയാളിയും “സ്വത്വകക്ഷിരാഷ്ട്രീയവും” എന്ന എന്റെ പുതിയ ലേഖനം “നമ്മുടെ ബൂലോകത്തിൽ” പ്രസിദ്ധികരിച്ചിരിക്കുന്നു... നന്ദി...


എല്ലാവർക്കും സ്വാഗതം... ലിങ്ക് താഴെ...

http://www.nammudeboolokam.com/2010/07/blog-post_07.html

Sunday, 4 July 2010

ഇന്ദിരഭവനും എ.കെ.ജി സെന്ററും പിക്കറ്റ്‌ ചെയ്യുക...

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം. രാഷ്ട്രീയ പാർട്ടികളുടെ വിളംബരജാഥ കടന്നുപോകുവാൻ മണിക്കൂറുകളോളം ബസ്സുകൾ തടഞ്ഞിടുന്നവർ മനസ്സിലാക്കുന്നുണ്ടോ ദീർഘയാത്ര കഴിഞ്ഞുവരുന്ന ക്ഷീണിതരായ കൊച്ചുകുഞ്ഞുങ്ങളും ഈ ബസ്സിൽ യാത്ര ചെയ്യുന്നുണ്ട്... വരി വരിയായി നടന്ന്‌ നമ്മുടെ ജാഥയുടെ ശക്തി തെളിയിക്കം. എണ്ണാമെങ്ങിൽ എണ്ണിക്കോ ലക്ഷം ലക്ഷം പിന്നാലെ... ഈ ജാഥയിൽ പങ്കെടുക്കുന്നവരിൽ, കള്ളുകുടിച്ച്‌ ആഘോഷിക്കുന്നവർ അല്ലെങ്ങിൽ ആൾകൂട്ടത്തിന്റെ ശക്തിയിൽ ഭ്രമിച്ചവർ അതിലൂടെ കടന്ന്‌ പോകുന്ന വാഹനങ്ങളിൽ വളരെ ശക്തിയിൽ അടിക്കുമ്പോൾ അതിലിരിക്കുന്നവരുടെ മനോനിലയെ പറ്റി ഒരിക്കലെങ്ങിലും ചിന്തിച്ചിട്ടുണ്ടോ? അത് കണ്ട് വളരുന്നവർ അരാഷ്ട്രീയവാദികളായാൽ!


റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌. റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു. കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിൽ ക്രിക്കറ്റ്‌ കളിക്കും. ഇതേ കുട്ടികൾക്ക്‌ N.H 47 ഇൽ ക്രിക്കറ്റ്‌ കളിക്കണമെന്ന്‌ തോന്നുന്നില്ല, ആ വിവേകം പോലും കുട്ടിരാഷ്ട്രീയകാർക്ക്‌ ഇല്ല... റോഡുകൾ എന്റെ ജന്മവകാശം... സുരക്ഷിത മേഖലയായി കണക്കാക്കുന്ന എയർപോർട്ടുകളിൽ പോലും സ്വീകരണചടങ്ങുകൾ നടത്തി പാർട്ടികൊടികൾ കെട്ടിയ പാരമ്പര്യമാണ്‌ നമ്മുടേത്...


കോടതി വിധി സ്വാഗതാർഹമല്ല അല്ലെങ്ങിൽ വ്യക്തത കുറവുണ്ടെങ്ങിൽ പ്രതികരിക്കാം വിമർശിക്കാം, ഉയർന്ന കോടതികളിൽ അപ്പീൽ നൽകാം... ജനാധിപത്യ രീതികൾ പരീക്ഷിക്കണം... നിയമസഭയിൽ നിയമനിർമാണം നടത്താം... കവലകളോട്‌ ചേർന്ന്‌ പൊതുയോഗം നടത്താൻ പ്രത്യേക സ്ഥലം ഏർപ്പെടുത്താം, ആഡിറ്റേറിയവും ഉപയോഗിക്കണം... ടി.വി. ചർച്ചകളിൽ നിലപാടുകൾ വ്യക്തമാക്കാം... ബ്ലോഗിലും ബസ്സിലും സഞ്ചരിക്കാം...


റോഡരുകിൽ നടപാത കയ്യേറി പൊതുയോഗം നടത്തുമ്പോൽ അതിലൂടെ നടന്നുപോകേണ്ടി വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം ഇവർ ഗൗനിക്കാറില്ല. ടാർമാർക്കിന്റെ ഉള്ളിലൂടെ തന്നെ ഇവർ നടക്കേണ്ടിവരുന്നു... ആരോട്‌ പരാതി പറയാൻ... റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. അച്ചടക്കത്തോടെ യോഗം നടത്തിയാലും കേൾക്കേണ്ടവർ കേൾക്കും പക്ഷെ നിങ്ങൾക്ക്‌ പറയാൻ വല്ലതും വേണം, സത്യസന്ധതതയും വേണം... അല്ലെങ്ങിൽ വി.എസ്സിന്റെ നാക്കു പിഴയിൽ ചവിട്ടി ഉമ്മൻചാണ്ടിയെപോലെ നിയമസഭ വിട്ടിറങ്ങി നാടകം കളിക്കാം...


പൊതുജനത്തിനില്ലാത്ത ഒരു അധികാരവും ജനാധിപത്യവ്യവസ്ഥയിൽ രാഷ്ട്രീയപാർട്ടികൾക്കില്ല... ഇപ്പോൾ കൂടുതലായി അനുഭവിക്കുന്നതെല്ലാം കവർന്നെടുത്തതാണ്‌...


ഓഫ്... കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട്‌ ഇന്ദിരഭവൻ പിക്കറ്റ്‌ ചെയ്യുക, പ്രസിഡണ്ടിനെ ഘൊരാവോ ചെയ്യുക. സംസ്ഥാനസർക്കാരിന്റെ പിൻതിരിപ്പൻ നയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട് എ.കെ.ജി സെന്റർ പിക്കറ്റ്‌ ചെയ്യുക, സെക്രട്ടറിയെ ഘൊരാവോ ചെയ്യുക... ഇങ്ങനെ പുതിയ സമരപാതകളുണ്ടാക്കി അതിന്‌ ഇരുവശത്തും പൊതുയോഗം സംഘടപ്പിക്കുക, കാക്കരയും പങ്കെടുക്കാം...