Wednesday 17 December 2014

തീവ്രവാദത്തിന് ഒരു മുഖമേയുള്ളൂ...

 
1. മതവും രാഷ്ട്രീയവും വേർതിരിഞ്ഞ് ഒഴുകട്ടെ... സ്റ്റേറ്റ് മതത്തിനേയും രാഷ്ട്രീയത്തേയും കൈകാര്യം ചെയ്യട്ടെ... മതം സ്റ്റേറ്റിനെ കൈകാര്യം ചെയ്യാൻ ഇടവരരുത്... രാഷ്ട്രീയം ജനാധിപത്യപരമായി സ്റ്റേറ്റിന്റെ കൈയ്യാളുകളാകട്ടെ... മതവും രാഷ്ട്രീയവും എവിടെയൊക്കെ ഇടകലരുന്നുണ്ട്... അവിടെയൊക്കെ വർഗ്ഗീയതയും തീവ്രവാദവും കൂടെയുണ്ട്...

2. സ്വന്തം മതത്തെ ഹൈജാക്ക് ചെയ്യുന്നവരെ അതിനേക്കാൾ ശക്തിയിൽ തള്ളിപറയാൻ ആ മതത്തിലെ എല്ലാവർക്കും ബാധ്യതയുണ്ട്... അതിപ്പൊൾ എല്ലാ ദിവസം രാവിലെ വേണോ രാത്രി വേണോ എന്നൊക്കെ വിശ്വാസികൾക്ക് തീരുമാനിക്കാം... ഹൈജാക്ക് ചെയ്യുന്നവർക്ക് അങ്ങനെ പ്രത്യേകിച്ച് സമയമൊന്നുമില്ല... എന്ന് മറക്കരുത്...

3. തീവ്രവാദികൾ എപ്പോഴും തോക്ക് അന്യർക്ക് നേരെ തിരിച്ച് വെയ്ക്കില്ല... ബുദ്ധിയില്ലാത്തവരാണ്... ഒരിക്കൽ വളർന്നാൽ പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തും... അതിപ്പൊൾ നാട്ടിലെ സ്വന്തം വീട്ടിലെ കവലചട്ടമ്പിയായാലും... നാട്ടാരെ തല്ലുമ്പോൾ അതുകൊണ്ടാണ് ഇതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞ് ചട്ടമ്പിയെ സംരക്ഷിച്ചവരെ തന്നെ മറ്റൊരു നാൾ ചട്ടമ്പി എടുത്തിട്ട് പെരുമാറും...

4. തീവ്രവാദത്തിന് ഒരു മുഖമേയുള്ളൂ... ആ മുഖം മനുഷത്വരഹിതമാണ്... അതിനെ തള്ളിക്കളയുക... തീവ്രവാദത്തിന് അവർ പറയുന്ന ന്യയങ്ങൾ നിലനിൽപ്പിനായുള്ള ഉഡായിപ്പുകളാണ്... അവരുടെ ക്രൂരതയ്ക്ക് നമ്മളേയും ഉത്തരവാദികളാക്കുക... നമ്മളേയും ഒരു പരിചയാക്കി തീവ്രവാദം പടർത്തുക... വെട്ട് കൊള്ളുന്നത് പരിചകൾക്കാണല്ലോ...

5. അന്യന്റെ നാട്ടിൽ തീവ്രവാദം വളരുമ്പോൾ... അതിന്റെ ന്യായങ്ങൾ ചികയുന്ന സുഖമൊന്നുമുണ്ടാകില്ല സ്വന്തം പറമ്പിലേക്കെത്തുമ്പോൾ... അതുകൊണ്ട് തീവ്രവാദമായാലും ഫാസിസമായാലും മാവോയിസമായാലും അക്രമരാഷ്ട്രീയമായാലും... ഒരൊറ്റ തീരുമാനമെ നമുക്കുണ്ടാകാവു... അക്രമത്തെ, അത് ചെറുതായാലും വലുതായാലും അംഗീകരിക്കില്ല... വർഗീയത അത് ചെറുതായാലും വലുതായാലും അംഗീകരിക്കില്ല... ഫാസിസത്തെ മുളയിലെ നുള്ളുക...

താലിബാൻ മതഭ്രാന്തന്മാരുടെ കൈയ്യിലകപ്പെട്ട ആ കുട്ടികൾക്ക് അവരുടെ അദ്ധ്യാപകർക്കും ആദരാഞ്ജലികൾ... കൂടെ മലാലയൊക്കെ പാശ്ചാത്യരുടെ കൺകെട്ട് വിദ്യയാണെന്നൊക്കെ പുലമ്പിയിരുന്നവർക്കുള്ള മറുപടിയാണ് പാക് താലിബാൻ സ്കൂളിൽ നടത്തിയ നരനായാട്ട്... ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്ന് പാകിസ്ഥാനെ ലേബലടിക്കുമ്പോൾ പാകിസ്ഥാൻ കെറുവിച്ചിട്ട് കാര്യമില്ല... ഭീകരവാദത്തെ തുടച്ചുനീക്കുക... ലേബൽ താനെ പൊളിഞ്ഞോളും...

ലേബൽ... ഇപ്പോൾ താലിബാൻ നാളെ ആരുമാകാം...

Thursday 4 December 2014

ജാരസന്തതികൾ ഡൽഹി ഭരിക്കണോ...

നിരഞ്ജൻ ജ്യോതി രാജി വെയ്ക്കരുതെന്നാണ് എന്റെ അഭിപ്രായം... സംഘികളുടെ ഉള്ളിലിരുപ്പ് പുറത്തുവരേണ്ടത് ജനാധിപത്യ ഇന്ത്യയുടെ ആവശ്യമാണ്... അതുകൊണ്ട് തന്നെ ഈ വക വർഗ്ഗീയ കോമരങ്ങൾ വെള്ളി വെളിച്ചത്തിൽ തന്നെ നിൽക്കണം... അതുകൊണ്ട് തന്നെയാണ്... ചില സമയയത്ത് ചില സംഘികളുടെ വർഗ്ഗീയ വിഷത്തിന് മറുപടി നൽകി ഷെയർ ചെയ്യുന്നതും... അപ്പോൾ ചില സുഹൃത്തുക്കൾ ചോദിക്കും... കാക്കരയ്ക്ക് വേറെ പണിയില്ലേയെന്ന്... സംഘികൾ എന്താണെന്ന് നാലാളെയറിക്കുന്നതും എന്റെ പണിയാണല്ലോ...

കൃസ്ത്യാനികളും മുസ്ലീമുകളും ഇന്ത്യക്കാരല്ല... വരത്തരാണ്... ഇന്ത്യ ഹിന്ദുക്കളുടേതാണ്... മറ്റ് മത വിഭാഗക്കാർ ഹിന്ദു ദൈവങ്ങളേയും അവരുടെ വിശ്വാസത്തേയും അവരുടെ ആചാരങ്ങളേയും അംഗീകരിച്ച് രണ്ടാകിട പൗരന്മാരായി വേണമെങ്കിൽ ജീവിക്കുക എന്നത് സംഘികളുടെ അടിസ്ഥാനാശയമാണ്... ഓരോ വിധത്തിൽ ഓരോ സമയത്ത് ഓരോരുത്തർ പറഞ്ഞുകൊണ്ടിരിക്കും... അത്രതന്നെ... ഹിന്ദുത്വാശയം തലയ്ക്ക് പിടിച്ചവർ വെളിയിൽ പറയും... അല്ലാത്തവർ താത്വികമിറക്കി പറയും... അത്ര തന്നെ... അതിദേശീയതയിലൂന്നി വർഗ്ഗീയമായി പടച്ചിറക്കുന്ന ഹിന്ദുത്വം എതിർക്കപ്പെടുക തന്നെ ചെയ്യും... ഹിന്ദു വേറെ ഹിന്ദുത്വം വേറെ... രണ്ടും കൂട്ടികലർത്തി എനിക്ക് വിളമ്പി തരരുത്...
ഡൽഹി ഭരിക്കേണ്ടത് രാമന്റെ മക്കളാണോ ജാരസന്തതികളാണോ... കൃസ്ത്യാനികളും മുസ്ലീമുകളും രാമന്റെ മക്കളാണ് എന്നൊക്കെ പറഞ്ഞ് വിവാദമായി... അതുമായി ബദ്ധപ്പെട്ട് കുറച്ച് പോസ്റ്റുകൾ വന്നു... എത്ര പോസ്റ്റുകൾ സംഘികളിട്ടു... മോദിക്ക് മാത്രം പിന്തുണ നൽകുന്നവരും മൗനത്തിലാണ്... ചില മൗനങ്ങൾ പിന്തുണയാണ്...
കുറിപ്പ്... ജാരസന്തന്തികൾ... വിവാഹേതരബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികൾ... അതിലെന്താ പ്രശ്നം... അത് വേറെ വിഷയം... ജ്യോതി പറഞ്ഞത് അപകീർത്തികരമാണ്...
വാൽകക്ഷണം... ആർ.എസ്.എസ്.ന്റെ മാനവികതയുടേയും മതേതരത്വത്തിന്റെയും കസർത്തുകളൂടെ ലിങ്കുമായി വരുന്നവരുണ്ടെങ്കിൽ... ദയവായി... ബൈബിൾ ഒന്ന് വായിക്കണം... ഒരു വരി ഞാനെഴുതാം... രണ്ട് ഉടുപ്പുള്ളവർ ഒരു ഉടുപ്പ് ദാനം ചെയ്യണം... അതാണ് ഇപ്പോൾ നമ്മുടെ ചുറ്റുമുള്ള കൃസ്ത്യൻ സഭകളെന്ന് വിശ്വാസിച്ചിട്ട് ലിങ്കിടുക...

വാർത്താലിങ്ക്...
http://www.reporterlive.com/2014/12/02/145243.html
"പടിഞ്ഞാറന്‍ ദില്ലിയില്‍ ബി ജെ പിയുടെ പ്രചാരണത്തിനിടെ കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി നടത്തിയ പ്രസംഗമാണ് വിവാദമായത്. ശ്യാംനഗറില്‍ തിങ്കളാഴ്ച നടന്ന പ്രചാരണയോഗത്തിലായിരുന്നു മന്ത്രി അസഭ്യ പ്രയോഗത്തിലൂടെ കത്തിക്കയറിയത്. രാമന്റെ പിന്‍ഗാമികളെയാണോ അവിഹിത സന്തതികളെയാണോ തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണെന്നായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം."

Saturday 1 November 2014

അസംഘടിതസമരങ്ങളും ജനാധിപത്യവും...

മണ്ണ് ഉഴുതുമറിച്ചവരാകില്ല വിതയ്ക്കുക, വിതച്ചവർക്ക് മുഴുവനും കൊയ്യാനും സാധിക്കില്ല... അവരാകണമെന്നില്ല പത്തായത്തിൽ സൂക്ഷിക്കുന്നത്... ചിലപ്പോൾ വേറെയാരെങ്കിലുമെടുത്ത് ഉണ്ണൂകയും ചെയ്യും... പക്ഷേ ഓരോ കാലത്തും അതിന്റേതായ വേലകൾ നടന്നുകൊണ്ടിരിക്കും... ഉണ്ണാനായി...

പറഞ്ഞുവന്നത്... പ്രതിഷേധങ്ങളെ / അല്ലെങ്കിൽ ഗുണം ആരെങ്കിലും അടിച്ചുമാറ്റുമെന്ന് കരുതി പ്രതിഷേധങ്ങളേ വേണ്ടായെന്ന് വെയ്ക്കാനാകില്ലല്ലോ... ഒറ്റയും തെറ്റയുമായി അസംഘടിതമായി നടക്കുന്ന പ്രതിഷേധങ്ങളും ജനാധിപത്യത്തിൽ മുതൽക്കൂട്ടാണ്... അതുകൊണ്ട് തന്നെ നിരന്തരമായ പ്രതിഷേധങ്ങൾ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നുവരേണ്ടതുണ്ട്... അതുകൊണ്ട് തന്നെ അണ്ണാഹസാരയുടെ സമരവും ഡൽഹിയിൽ സ്ത്രീ പീഡനത്തിനെതിരെ നടന്ന സമരവും ജനാധിപത്യത്തിന്റെ ശക്തിയാണ് വിളിച്ചറിയിച്ചത്... ഇപ്പോൾ  ഉമ്മ സമരവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണ്... ഉമ്മ വെയ്ക്കാനുള്ള അവകാശവും സദാചാരഗുണ്ടായിസവും ചോദ്യം ചെയ്യപ്പെടുന്ന ഒന്ന്... ജനത്തെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ ഉണ്ടാകുന്ന സമരങ്ങളുടെ രാഷ്ട്രീയമായ ഗുണഭോക്താവ് ഏതെങ്കിലും സംഘടനയാകുന്നതുകൊണ്ട്, ആ സമരം ഉപേക്ഷിക്കപ്പെടേണ്ടതാണെന്നോ അല്ലെങ്കിൽ അസംഘടിതമായ സമരങ്ങളൊക്കെ പിന്തിരിപ്പന്മാർ ഹൈജാക്ക് ചെയ്യുമെന്നോ ഭയപ്പെടേണ്ടതോയില്ല... ആ സമരങ്ങളേയും അവരേയും നമ്മുടെ കൂടെ കൂട്ടാനുള്ള, അല്ലെങ്കിൽ ആ സമരങ്ങൾ നമ്മുടേതാക്കുകയാണ് ശരി... അതിനുള്ള ത്രാണി ജനാധിപത്യ-മതേതര-പുരോഗമസംഘങ്ങൾക്കില്ലെങ്കിൽ, അതിന്റെ പഴി ജനാധിപത്യസമരങ്ങളുടെ തലയിടാതിരിക്കാനുള്ള ജനാധിപത്യബോധമെങ്കിലും നമുക്കുണ്ടാകണം...

ജനാധിപത്യപരമായ സമരങ്ങൾ, ഒരു പക്ഷേ അസംഘടിതമായാലും, ഉപരിവിപ്ലവമായലും  നടക്കേണ്ടതുണ്ട്... അതിനെ ജനാധിപത്യസംഘടനകൾ അവരുടെ രാഷ്ട്രീയപ്രവർത്തനമായി മാറ്റുവാൻ മുന്നിലിറങ്ങുകയാണ് വേണ്ടത്... അവിടെ വരട്ടുതത്വവും മറ്റും പറഞ്ഞ്, പുറം തിരിഞ്ഞ് നിന്നിട്ട് ആ സമരത്തിന്റെ ഗുണഭോക്താക്കളായി വരുന്നവരെ ചൂണ്ടി എല്ലാ അസംഘടിത സമരങ്ങളും ഇങ്ങനയേ കലാശിക്കുവെന്ന് കുശുമ്പ് പറഞ്ഞിരുന്നതുകൊണ്ട് ജനാധിപത്യത്തിന് ഒരു ഗുണവുമില്ല എന്നതാണ് സത്യം... ഡൽഹിയിലെ സമരങ്ങളുടെ ഗുണം ആപ്പിനും അത് അവസാനം സംഘപരിവാരിലും എത്തിചേർന്നുവെന്നതാണ് നമ്മുടെ മുന്നിലെ സത്യം... അതെ... അത് സംഘപരിവാരത്തിന്റെ കഴിവ്... നാട്ടിലെ പ്രശ്നങ്ങളിൽ പ്രതിഷേധിക്കുമ്പോൾ, തീർച്ചയായും അതിന്റെ വിപരീതഫലം അനുഭവിക്കുക ഭരണകക്ഷിയാകും... അതേസമയം രാഷ്ട്രീയമായ ഗുണം അനുഭവിക്കുക ആരാണെന്ന് സമരനാളിൽ ഉറപ്പിക്കാനാകില്ല... എന്നാലും സമരം നടക്കുന്നതാണ് ജനാധിപത്യം...

ടു.ജി. മുതൽ എത്രയെത്ര അഴിമതി ആരോപണങ്ങളാണ് കഴിഞ്ഞ യു,.പി.എ. സർക്കാർ നേരിട്ടത്, അന്നൊക്കെ ഇവിടെയുള്ള സംഘടിതശക്തികൾ എത്ര ശക്തമായാണ് പ്രതികരിച്ചത്... അതിന്റെയൊക്കെ ഗുണഫലമല്ലേ ഇന്നത്തെ മോദിയുടെ വിജയം... മൻമോഹൻ സിംഗിനേയും രാഹുലിനേയും കോൺഗ്രസ് നേതാക്കളേയും വിമർശിച്ച്, പരിഹസിച്ച് നാം എഴുതിയ ഓരോ വരിയുടേയും ഗുണഭോക്താക്കളായി വന്നത് മോദിയല്ലേ... എന്ന് കരുതി ജനാധിപത്യത്തിൽ അനിവാര്യമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉണ്ടാകേണ്ടതില്ല എന്ന് നമുക്ക് നിലപാട് എടുക്കാനാകുമോ...

ജനാധിപത്യസമരങ്ങളെല്ലാം തന്നെ കൃത്യമായ അജണ്ടയുടെ പുറകെയുണ്ടാകുന്നതല്ല... അതേ സമയം കൃത്യമായ അജണ്ടകളുമായി നടക്കുന്ന സമരങ്ങളേക്കാൾ ഒട്ടും പുറകിലല്ല ജനാധിപത്യപരമായി അജണ്ടകളില്ലാതെ ഒരു ആൾക്കൂട്ടം നടത്തുന്ന സമരവും... രണ്ടും ജനാധിപത്യത്തിൽ തുല്യ പങ്ക് വഹിക്കുന്നവയാണ്... സമരങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യവും മാർഗ്ഗവും ജനാധിപത്യപരമാണോയെന്ന് ചികയുകയെന്നതിൽ കവിഞ്ഞ്, സമരത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളാകാൻ സാധ്യതയുള്ളവരെ കണ്ട് പിൻമാറേണ്ടതില്ല... അതേ സമയം സംഘടിതമായി നില‌നിൽക്കുന്ന പ്രസ്ഥാനങ്ങൾ സമരത്തിന്റെ രാഷ്ട്രീയ ഗുണം അനുഭവിക്കുകയും ചെയ്യും... ആ ഗുണം അനുഭവിക്കാനുള്ള ശക്തിയെങ്കിലും നാം സ്നേഹിക്കുന്ന പ്രസ്ഥാനങ്ങൾക്കുണ്ടാകണം... അതിനായി പ്രവർത്തിക്കുക... ജനാധിപത്യസമരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും... അതാണ് ജനാധിപത്യത്തിന്റെ ചാലകശക്തി...

സമരങ്ങൾ നടത്തുന്നവർ ഏതൊക്കെ സമരങ്ങളിലാണ് പങ്കെടുക്കുന്നത്, സംഘടിതശക്തികളോടുള്ള അവരുടെ മനോഭാവമെന്ത്, അവർ ഫാസിസ്റ്റുകൾക്കെതിരെയുള്ള നേരിട്ടുള്ള പോരാട്ടത്തിൽ പങ്കെടുക്കാറുണ്ടോ, അവരുടെ ചിന്തകളിൽ ക്ലാസുണ്ടോ, അരാഷ്ട്രീയതയുണ്ടോ... സമരങ്ങളുടെ വിവിധ രൂപങ്ങളിൽ എല്ലാവർക്കും പങ്കെടുക്കാനാകുമോ, അതിന്റെ സ്വഭാവം ഇന്നുവരെ നിലനിന്നിരുന്ന സ്വഭാവങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നുവോ, സമരങ്ങൾക്ക് തുടർച്ചയുണ്ടോ അതോ താൽക്കാലികമാണോ എന്നതൊക്കെ നോക്കാനായി ജനാധിപത്യം ആരെയെങ്കിലും ഏല്പിപ്പിച്ചിട്ടില്ല എന്നതാണ് ശരി... ഓരോ കല്ലും പെറുക്കി ജനാധിപത്യവിരുദ്ധതക്കെതിരെ മതിൽ കെട്ടുകയാണ് ചെയ്യേണ്ടത്...അതിനുള്ള തുടർപ്രക്രിയ നടത്തുക... അതുകൊണ്ട് തന്നെ താൽക്കാലികസമരങ്ങളുടെ പ്രസക്തിയെ തള്ളിക്കളയേണ്ടതില്ല... ഒരു സമരവും അവസാനമല്ല, തുടക്കം മാത്രമാണ്... അത് തുടർന്നുകൊണ്ടിരിക്കുകയാണ്... ബാറ്റണുകൾ കൈമാറിയാണ് സമരങ്ങളും മുന്നേറുന്നത്...

വാൽകക്ഷണം... ദേ... ഞങ്ങളുടെ സമരം മാത്രം 916 സമരമെന്നത് ജനാധിപത്യവിരുദ്ധ ചിന്തയുടെ ഉല്പന്നമാണ്...

Sunday 18 May 2014

കോൺഗ്രസിന്റെ അണ്ടം കീറി...

സത്യത്തിൽ കോൺഗ്രസിന്റെ തോൽവിയെ എങ്ങനെയാണ് വിശേഷിപ്പിക്കുക... അത് കൃത്യമാകുന്ന വാക്ക് നിഘണ്ടുവിലുണ്ടോ... ദയനീയ പരാജയം / സമ്പൂർണ്ണ പരാജയം എന്നൊക്കെ പറഞ്ഞാൽ അതിന്റെ ഭീകരത കൃത്യമായി എത്തുന്നുണ്ടോ... ആ അറിയില്ല... അണ്ടം കീറി എന്ന് പറഞ്ഞുനോക്കട്ടെ... "കോൺഗ്രസിന്റെ അണ്ടം കീറി"...

കോൺഗ്രസിന്റെ അണ്ടം കീറിയതിൽ... നൂറായിരം കാരണങ്ങളുണ്ട്... തോന്നിയത് എഴുതിയേക്കാം... 

1... മോദി... ഭൂരിപക്ഷ വർഗ്ഗീയതയുടെ തേരിൽ കയറി വരുന്ന മോദിയും ബി.ജെ.പി.യും സംഘപരിവാറും വളരെ വിദഗ്ദമായി വർഷങ്ങളുടെ ശ്രമഫലമായി മോദിയെ വികസനനായകനാക്കി... മോദി വന്നാൽ ഗുജറാത്ത് മോഡൽ വികസനം ഇന്ത്യയിൽ സാധ്യമാകുമെന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ സാധിച്ചു... അതുകൊണ്ട് തന്നെ മോദിയുടെ ഐതിഹാസിക വിജയം കഴിഞ്ഞ കാലങ്ങളിൽ അദ്വാനി സൃഷ്ടിച്ച രാമക്ഷേത്രവോട്ട് പോലെ ഹിന്ദുത്വ വോട്ട് മാത്രമല്ല... മറിച്ച് ഹിന്ദുത്വ വോട്ടിന്റെ മുകളിൽ പണിത അതിദേശീയത... ഹിന്ദുത്വത്തേയും അതിദേശീയതയേയും പൊതിഞ്ഞ് അവതരിപ്പിച്ച ഗുജറാത്ത് മോഡൽ വികസനവും... ഇത് മൂന്നും ചേർന്ന് സൃഷ്ടിച്ച തരംഗം കോൺഗ്രസിന്റെ അണ്ടം കീറി...

2... ഒരു ദേശീയ നേതാവായി ജനലക്ഷങ്ങളെ ഇളക്കിമറിക്കാനൊന്നും സാധിക്കാത്ത, ഏതെങ്കിലും വിഷയത്തിൽ കൃത്യമായ നിലപാടുകൾ ജനവുമായി സംവദിക്കാത്ത, അഭിമുഖങ്ങളിൽ വിളറി വിയർത്ത, എന്നാൽ ഗാന്ധി കുടുംബത്തിന്റെ അനുഗ്രഹാശിസുകളോടെ പ്രധാനമന്ത്രി കുപ്പായം ധരിച്ചിറങ്ങിയ രാഹുൽ... മോദി എന്ന ഗോലിയാത്തിന്റെ മുൻപിൽ നിഷ്പ്രഭരായ കാഴ്‌ച... സഹായത്തിനായി കുറെ സ്തുതിപാഠകർ... സോണിയ-രാഹുൽ ഇമേജിന് മുകളിലായി ഒരു നേതാവിന്റേയും ശബ്ദം ഉണ്ടാകരുതെന്ന നിലപാടുകൾ കോൺഗ്രസിൽ നേതാക്കളേയില്ലായെന്ന അവസ്ഥ സംജാതമാക്കി... നേതാക്കളെ നിശ്ബദരാക്കുന്ന നയമായിരുന്നു... രാജിവിന്റെ കാലത്തും ഇന്ദിരയുടെ കാലത്തും അവർക്ക് താഴെയായിരിക്കും ശബ്ദങ്ങൾ... പക്ഷേ അവരുടെ ശബ്ദങ്ങൾ വളരെ ഉയർന്നതായിരുന്നു... അതുകൊണ്ട് തന്നെ മറ്റ് നേതാക്കൾക്കും ശബ്ദമുണ്ടാക്കാനുള്ള സ്ഥലം നിലവിലുണ്ടായിരുന്നു... സംസ്ഥാനനേതാക്കൾ ശക്തവുമായിരുന്നു... ഇപ്പോൾ സംസ്ഥാനത്തെ നേതാക്കളെ നിർവീര്യമാക്കുന്ന നടപടികളാണ് സോണിയ-രാഹുൽ ചെയ്തുകൊണ്ടിരുന്നത്... ഉമ്മൻ ചാണ്ടിയും ചെന്നിത്തലയേയും രാഹുലിന്റെ സമയത്തിനായി കാത്തിരിക്കുന്നു... കിട്ടിയ സ്ഥാനാർത്ഥി പട്ടികയുമായി വണ്ടി വിട് എന്ന് പറഞ്ഞ് ഇറക്കി വിടുമ്പോൾ അമ്മയുടെ തണലിൽ പാർട്ടിക്കകത്തെ തിണ്ണമിടുക്ക് കാണാം... പക്ഷേ ജനം പുല്ല് വിലയാണ് കൽപ്പിക്കുക... സോണിയ ഇരിക്കാൻ പറയുമ്പോൾ മുട്ടിലിഴയുന്ന കേന്ദ്ര-സംസ്ഥാന നേതൃത്വം... അല്ലെങ്കിൽ പുറത്തേക്കുള്ള വഴിയായിരിക്കും... എല്ലാം ഒത്തുവന്നപ്പോൾ... കോൺഗ്രസിന്റെ അണ്ടം കീറി...

3... കഴിഞ്ഞ ഭരണം... അഴിമതി... സമ്പൂർണ്ണ പരാജയമായിരുന്നു... അതിൽ മസാല ചേർത്ത് റോബർട്ട് വധേരയുടെ ഭൂമിയിടപാടുകൾ... കോൺഗ്രസെന്നാൽ അഴിമതി എന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരുന്നു... നടത്തിയ അഴിമതി ഭരണത്തേയും നേതാക്കളേയും ബാധിക്കാതിരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ സർക്കാർ നടപ്പിലാക്കുന്ന നല്ല കാര്യങ്ങൾ പോലും ജനഹൃദയങ്ങളിൽ എത്തിയില്ല... കോൺഗ്രസിന്റെ അണ്ടം കീറി...

4... നയതീരുമാനങ്ങൾ... ഓരോ നയവും സാധാരണ ജനത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാതെയുള്ള തീരുമാനങ്ങൾ... പെട്രോൾ-ഡീസൽ-ഗ്യാസ് വില വർദ്ധനവ്... കോൺഗ്രസ് ഭരിക്കുന്നത് കോർപ്പോറേറ്റുകൾക്ക് വേണ്ടിയാണെന്ന നില വന്നു... പെട്രോൾ വില സുതാര്യമല്ലായെന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിന് ഒരു ശ്രമവും കോൺഗ്രസ് നടത്തിയില്ല...  കോൺഗ്രസിന്റെ അണ്ടം കീറി

5... ജനാധിപത്യത്തിലെ നേതാക്കൾ ജനങ്ങളുമായി സംവദിക്കേണ്ടതാണ്... അതിന് പ്രസംഗകലയൊന്നും വശത്താക്കണമെന്നൊന്നുമില്ല... പക്ഷേ ഈ വിഷയത്തിൽ മൻമോഹൻ സിംഗ് അമ്പേ പരാജയമായിരുന്നു... റിമോട്ട് കണ്ട്രോൾ ഭരണം എന്ന അപഖ്യാതി ഉണ്ടാക്കുന്നതിൽ സോണിയയും-മൻമോഹനും കോൺഗ്രസും ഉത്തരവാദികളാണ്... മൻമോഹൻ സിംഗിനേക്കാൾ വലിയ പ്രാധാന്യമാണ് സോണിയയ്ക്ക്... കോൺഗ്രസ് പ്രസിഡന്റ് എന്ന സ്ഥാനത്തിനപ്പുറത്ത് യു.പി.എ. അദ്ധ്യക്ഷ എന്ന സ്ഥാനം സോണിയ വഹിച്ചതും മൻമോഹൻ സിംഗിന്റേത് പാവ മന്ത്രിസഭയാണെന്ന ധാരണ പരക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്... പ്രധാനമന്ത്രിയേക്കാൾ വലിയ യു.പി.എ അദ്ധ്യക്ഷ... കോൺഗ്രസിന്റെ അണ്ടം കീറി...

6... തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയപ്പോൾ തന്നെ കേന്ദ്രമന്ത്രിമാരും കേന്ദ്രനേതാക്കളും... ഞങ്ങൾക്ക് മൽസരിക്കാനായി സീറ്റ് തരല്ലേയെന്ന് പറഞ്ഞാണ് പരാജയം പ്രഖ്യാപിച്ചത്... തിരഞ്ഞെടുപ്പിന്റെ മധ്യത്തിൽ കോൺഗ്രസ് ഭരണത്തിലെത്തുകയില്ലായെന്ന പ്രഖ്യാപനങ്ങളാണ് നേതാക്കൾ ജനത്തിന് നൽകിയത്... കോൺഗ്രസിന്റെ അണ്ടം കീറി...

7... ആധാർ നല്ലൊരു പദ്ധതിയായിരുന്നു... നടത്തിപ്പിലെ സമ്പൂർണ്ണ പരാജയം... നടപ്പിലാക്കാൻ നിയമപരമായ അടിസ്ഥാനവുമില്ല... കോടതിയും ചോദ്യം ചെയ്യുന്നു... മറ്റൊരു ഐ.ഡിയുമായി ആഭ്യന്തരമന്ത്രാലയം... സമ്പൂർണ്ണ പരാജയമായ ആധാർ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലേക്ക് ബദ്ധപ്പെടുത്തി... ജനവിരുദ്ധമായി... കോൺഗ്രസിനും കോർപ്പോറേറ്റുകൾക്കും കാശ് അടിച്ചുമാറ്റാനുള്ള ഒന്നായി ജനം കണ്ടു... കോൺഗ്രസിന്റെ അണ്ടം കീറി...

8... തിരഞ്ഞെടുപ്പിന്റെ മധ്യത്തിൽ സോണിയ-ഡൽഹി ഇമാമിനെ കണ്ട് മുസ്ലീം വോട്ട് പെട്ടിയിലാക്കാനും... മുസ്ലീം വോട്ട് ഭിന്നിക്കാതിരിക്കാനുമൊക്കെ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു... പക്ഷേ അപ്പൂറത്തെ പെട്ടിയിലാണെന്ന് മാത്രം... ഇതൊക്കെ കാണുന്ന ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ എല്ലാ വോട്ടും ഹിന്ദുത്വ പെട്ടിയിലിട്ടു... അല്ലെങ്കിലും ഭൂരിപക്ഷസമുദായമെന്ന തുറുപ്പ് ശീട്ടുമായി ബി.ജെ.പി. മുന്നേറുമ്പോൾ അതേ നാണയവുമായി നാടകം കളിച്ചാൽ വിജയിക്കുമെന്ന് കണക്കുകൂട്ടിയതും കോൺഗ്രസിന്റെ അണ്ടം കീറി...

9... തിരഞ്ഞെടുപ്പിൽ മൽസരിച്ചാലും ഇല്ലെങ്കിലും, മൽസരിച്ച് തോറ്റാലും അല്ലെങ്കിൽ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചാലും ഇല്ലെങ്കിലും കോൺഗ്രസിൽ അധികാരങ്ങൾ ലഭ്യമാകുന്ന അവസ്ഥ നേതാക്കൾക്ക് ജനങ്ങളുമായുള്ള ബദ്ധം ഇല്ലാതാക്കുന്നുണ്ട്... പ്രാദേശിക നേതാക്കളെ അവഗണിക്കുന്നതും പതിവാണ്... ജനകീയ നേതാക്കളില്ലാത്തത് കോൺഗ്രസിന്റെ അണ്ടം കീറി...

10... മൻമോഹൻ സിംഗിന്റെ ഗ്രാഫ് കുത്തനെയിടിയുന്ന കാലമായിരുന്നു കടന്നുപോയത്... ഒരു മുഖം മിനുക്കൽ നടത്താൻ പോലും കോൺഗ്രസ് തുനിഞ്ഞില്ല... 2012-ൽ ഒരു നേതൃമാറ്റം നടത്തി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കിൽ മോദി തരംഗത്തെ പിടിച്ചു നിർത്താൻ കോൺഗ്രസിനാകുമായിരുന്നു... അതെങ്ങനെ പ്രസിഡന്റാക്കി രാഹുലിന് മുൻപിലുള്ള ആ തടസ്സവും മാറ്റുകയാണല്ലോ ഓരോ തീരുമാനത്തിന്റേയും പിന്നിൽ... അവസാനം മോദി എല്ലാ തടസ്സവും മാറ്റി... കോൺഗ്രസിന്റെ അണ്ടം കീറി...

ജനാധ്യപത്യമല്ലേ... എത്ര അണ്ടം കീറലുകൾ കണ്ടിരിക്കുന്നു... ജനാധിപത്യ-മതേതര-സോഷ്യലിസ്റ്റ് വോട്ടുകൾ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നടത്തേണ്ടിയിരിക്കുന്നു... കോൺഗ്രസിനെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കേണ്ടിയിരുന്നു... നേതൃത്വം ചോദ്യം ചെയ്യപ്പെടണം... സംഘടനാതലത്തിൽ മാത്രമല്ല... നയങ്ങളിൽ പോലും മാറ്റങ്ങൾ ഉണ്ടാകണം... മോദി-വർഗ്ഗീയത-ഫാസിസം-അതിദേശീയത-ഫോട്ടോഷോപ്പ് പിന്നെ ഗാന്ധി എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നാൽ... പണ്ട് ഇന്ത്യയിൽ കോൺഗ്രസ് എന്ന പ്രസ്ഥാനമുണ്ടായിരുന്നുവെന്ന് ചരിത്രതാളുകളിൽ വായിക്കേണ്ടിവരും...

Wednesday 7 May 2014

അച്ചടക്കമെന്ന കൊടുവാൾ...

കിടന്നിട്ട് ഉറക്കം വരുന്നില്ല... ഇന്ന് ഞായറാഴ്ച്ചയാണല്ലോ... കുർബ്ബാനയ്ക്ക് പോകണം... അത് കഴിഞ്ഞ് പള്ളിയോഗമുണ്ട്... അവിടെ പോയി അച്ചനോടും നാട്ടുകാരോടും നാല് വാക്ക് പറഞ്ഞില്ലെങ്കിൽ ശരിയാകില്ല... അത്രയും വലിയ അക്രമമല്ലേ ആ വികാരിയച്ചൻ കുർബ്ബാന സ്വീകരണം പഠിക്കാൻ പോയ പെൺകൊച്ചിനോട് ചെയ്തത്... പ്രതികരിക്കേണ്ടത് ഒരു വിശ്വാസി എന്ന നിലയിൽ എന്റെ കർത്തവ്യവുമാണ്... അതും ആ പ്രായത്തിലുള്ള രണ്ട് പെൺകുട്ടികളുടെ അപ്പനെന്ന ആശങ്കയുമായി... എങ്ങനേയോ നേരം വെളുത്തു... അതിപ്പോൾ ഞാൻ ഉറങ്ങിയാലും ഇല്ലെങ്കിലും നേരം വെളുത്തല്ലേ പറ്റൂ... വീട്ടുകാരൊക്കെ പള്ളിയിലേക്ക് വെച്ച് പിടിച്ചു... ഞാൻ പല്ല് തേച്ച് ഒരു കാക്കക്കുളിയൊക്കെ നടത്തി ജട്ടിയിടുന്ന സമയത്ത് തന്നെ അവസാനത്തെ പള്ളി മണിയും കൊട്ടി... കണ്ടോ സത്യം തന്നെ... പള്ളി മണി കൊട്ടുന്ന സമയത്ത് പറയുന്നതും ചെയ്യുന്നതും സത്യമായിരിക്കും... സംശയിക്കേണ്ട...

അച്ചന്റെ പ്രസംഗം കഴിയുമ്പോഴെയ്ക്കും പള്ളിയിലെത്തുകയെന്ന ലക്ഷ്യത്തോടെ പതുക്കെ നടന്ന് സുഹ്രുത്തിന്റെ വീട്ടിൽ കയറി... കൂടെ അവനും പള്ളിയിലേക്ക്... അങ്ങനെ ഞങ്ങളുടെ ചർച്ച പെൺകുട്ടിയെ പീഡിപ്പിച്ച അച്ചനിലേക്കായി... അവനും വികാരം അണപൊട്ടി... പൊട്ടാനുള്ളതൊക്കെ പൊട്ടിതന്നെ തീരണം... യോഗത്തിൽ പ്രശ്നം അവതരിപ്പിച്ച് അച്ചനെതിരെ സഭയെകൊണ്ട് നടപടി എടുപ്പിക്കണമെന്ന കാര്യത്തിൽ അവനും ഉറച്ചു... അവനൊരു ശങ്ക... ഞാനും കൂടി... വഴിയരികിൽ കണ്ട മരത്തിന് അല്പം വളത്തിന്റെ കുറവ് കണ്ടതുകൊണ്ട്... അവിടെ തന്നെ "പെടുത്തു"... പിന്നെ വേഗം പള്ളിയിലെത്തി... പ്രസംഗം തീരുമ്പോൾ പള്ളിയിലേക്ക് ഇടിച്ചുകയറുന്ന ഭക്തരോടൊപ്പം ഞങ്ങളും ചേർന്നു... അങ്ങനെ പ്രസംഗം തുടങ്ങിയപ്പോൾ മുതൽ പള്ളിക്ക് വെളിയിൽ കാത്ത് നിൽക്കുന്നവരും ഞങ്ങളും ഒരേ പന്തിയിൽ... അതും ഒരു യോഗം...

അങ്ങനെ കാത്തിരുന്ന പള്ളിയോഗം സമാഗതമായി... മുൻ‌ ബെഞ്ചിൽ തന്നെ സ്ഥാനമുറപ്പിച്ചു... ഉശീരൻ പ്രകടനം കാഴ്ചവെയ്ക്കണമല്ലോ... കണക്ക് വായനയും മറ്റ് കാര്യപരിപാടികളും പതിവുപോലെ നടന്നു... ആരെങ്കിലും ശ്രദ്ധിച്ചോ... ആ... എല്ലാം കഴിഞ്ഞുവെന്ന് തോന്നിച്ച സമയത്ത്... ഞാൻ എഴുന്നേറ്റു... യോഗത്തിൽ വരാത്തവരും വന്നുതുടങ്ങിയോയെന്ന ചോദ്യം സ്ഥിരം കുറ്റികളുടെ വളഞ്ഞ പുരികത്തിനിടയിലൂടെ ഞാൻ വായിച്ചെടുത്തു...   ബാലപീഡകനച്ചന്റെ ലീലാവിലാസം പറഞ്ഞുതുടങ്ങി... സഭ ശക്തമായ നടപടിയെടുക്കണമെന്നും... മറ്റും... വികാരിയച്ചൻ വല്ലതും പറയുന്നതിന് മുൻപ് സുഹൃത്തിന്റെ വക നടപടിയും പ്രഖ്യാപിച്ചു... ഉടനെ ളോഹ ഊരിക്കണം... പോക്രിത്തരമല്ലേ അച്ചൻ കാണിച്ചത്... വികാരിയച്ചന്റെ മുഖം കറുത്തിരുണ്ടു... പണ്ടേ അങ്ങനെയാ... എല്ലാം പറഞ്ഞല്ലേ ശീലം; കേട്ട് ശീലമില്ലല്ലോ...

പന്തികേട് തോന്നിയ വികാരിയച്ചൻ ചാടിയെഴുന്നേറ്റു... ഇരിക്കാനായി ആംഗ്യം കാണിച്ചു... ദൈവത്തിൽ സ്നേഹമുള്ള ഇടവകക്കാരെ പ്രിയപ്പെട്ട സഹോദരി-സഹോദരന്മാരെ... പറയപ്പെടുന്ന വിഷയം സഭ പഠിച്ചുകൊണ്ടിരിക്കയാണ്... സഭ യുക്തമായ നടപടിയെടുക്കുമെന്ന് വിശ്വാസമുണ്ട്... (ഒരു കള്ളന് മറ്റൊരു കള്ളൻ കൂട്ടെന്ന സുവിശേഷവചനം പൂർത്തിയായി...) അച്ചൻ തുടർന്നു... ഈ വിഷയം ഇവിടെ ചർച്ച ചെയ്യാൻ നമ്മുടെ സഭാനിയമം അനുവദിക്കുന്നില്ല... നമ്മുടെ പള്ളിയതിർത്തിയിൽ നടന്ന സംഭവമായിരുന്നുവെങ്കിൽ നമുക്കത് ഇവിടെ ചർച്ച ചെയ്ത് രൂപതയെയറിയിക്കാമായിരുന്നു... ഇതിപ്പോൾ വേറെ ഏതോ പള്ളിയിൽ... അതുകൊണ്ട് ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു... എന്റെ പ്രതിഷേധം തുടർന്നു... ഒരു വിശ്വാസി എന്ന നിലയിൽ നമ്മുടെ വികാരം എവിടെ പ്രകടിപ്പിക്കും... പള്ളിയോഗത്തിന് പുറത്ത്, പ്ലസിലോ ഫേസ് ബുക്കിലോ തെരുവിലോ പറയാൻ പാടില്ല... അപ്പോഴും അച്ചൻ പറയും സഭാനിയമം അനുവദിക്കുന്നില്ല... അച്ചടക്കമുള്ള വിശ്വാസിയാണ് സഭയുടെ കരുത്തെന്ന്... അച്ചടക്കമില്ലാതെ ഒരു സഭയ്ക്കും വളരാനാകില്ല... എന്നൊക്കെ... ഇത് ഒരു സാമൂഹിക പ്രശ്നമാണ്... ഒരു കുട്ടിയെ പീഡിപ്പിച്ച വിഷയം... ഞാൻ പ്രതികരിക്കും...

അച്ചൻ നയം വ്യക്തമാക്കി... സഭയോ സഭയിലെ പുരോഹിതരോ അല്ലെങ്കിൽ മറ്റ് വിശ്വാസികളോ ഉൾപ്പെടുന്ന ഏത് വിഷയവും സഭാനിയമം അനുസരിച്ചേ ചർച്ച ചെയ്യാനാകൂ... സഭയ്ക്ക് പ്രതികൂലമാകുന്ന ഒരു വിഷയവും പരസ്യ ചർച്ചയ്ക്ക് ഒരു വിശ്വാസിയും ഒരുമ്പെടരുത്. അതേ സമയം സഭാതാല്പര്യം ഇല്ലാത്ത ഏതൊരു വിഷയത്തിലും നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം ഏതൊരു വേദിയിലും ഉന്നയിക്കാം... ബാല പീഡനം തടയുകയെന്ന സഭയുടെ കർക്കശ്ശമായ നിലപാടിനോട് ചേർന്ന് നിന്ന് ഏതോ ശാന്തി ഏതോ ഒരു കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കാമല്ലോ... അച്ചടക്കമെന്ന സഭാനിയമം സഭാതാല്പര്യമുള്ള വിഷയത്തിൽ മാത്രമാണ് ബാധകം... മനസിലായില്ലേ... അതിൽ ഭീക്ഷണിയുടെ സ്വരമുണ്ടായിരുന്നു... അങ്ങനെ വിശ്വാസികൾക്ക് പറയാനുള്ളത് പറയാനുള്ള യോഗം തീർന്നതായി മനസിലായി... അച്ചൻ എന്തോ പിറുപിറുത്ത് പ്രാർത്ഥന നടത്തി... വിശ്വാസികളെല്ലാവരും ആമേൻ...

അച്ചടക്കം പാലിക്കാത്തവർക്ക് സഭയിൽ സ്ഥാനമില്ല എന്നതും സത്യമായതുകൊണ്ട് ഹാളിൽ നിന്നിറങ്ങി നേരെ പോത്തിറച്ചി വാങ്ങനായി കവലയിലേക്ക്... അന്നുച്ചയ്ക്ക് പോത്തിറച്ചി കൂട്ടി കുറച്ചധികം ചോറുണ്ടു... വിരല് നക്കിയപ്പോഴും പേരറിയാത്ത ആ കുട്ടിയുടെ മുഖവും പേരും എനിക്ക് നല്ല തിട്ടമുണ്ട്...

അധികാരം പിടിച്ചടക്കിയവരുടെ കയ്യിലുള്ള കൊടുവാളാണ്... അച്ചടക്കം... അതേ നാവടപ്പിക്കാനുള്ളത്... ആരും ചോദ്യം ചെയ്യരുത്... അകത്തുയരുന്ന ചോദ്യങ്ങൾ ഓരോന്നായി വെട്ടി വീഴ്ത്താൻ സൗകര്യവും... എങ്ങനെ വേണമെങ്കിലും വളയ്ക്കാം... മാത്രമല്ല... ന്യുനപക്ഷത്തിന്റെ ശബ്ദം വെളിയിലും വരില്ല... സുഖം സുഖപ്രഥം...

വാൽകക്ഷണം... പാർട്ടികൾ പൊക്കികൊണ്ടു നടക്കുന്ന "അച്ചടക്കം" സഭയിലും നടപാക്കിയാൽ... ഇങ്ങനെയല്ലേ ഒല്ലൂര് നടന്ന ബാലപീഡനം ഒതുക്കുക...

Monday 28 April 2014

കേരളരാഷ്ട്രീയത്തിലെ ബന്ധു മാഹാത്മ്യം...

ഇന്ത്യൻ രാഷ്ട്രിയത്തിലെ ബന്ധു മാഹാത്മ്യം പറഞ്ഞാൽ തീരില്ല... നെഹ്രു-ഗാന്ധി കുടുംബം പോലെ ആഴമേറിയതും പരന്നു കിടക്കന്നതുമാണത്... എങ്കിൽ പിന്നെ ഇത്തിരി പോന്ന കേരളരാഷ്ട്രീയത്തിലെ ബന്ധു മാഹാത്മ്യം പറഞ്ഞുകൊണ്ടങ്ങ് പോകാം...

കോൺഗ്രസ്
1.  കെ. കരുണാകരന്റെ മകൻ കെ. മുരളീധരൻ മന്ത്രിയായി...
2.  കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമാണ് പത്മജ വേണുഗോപാൽ... മുകുന്ദപുരത്ത് തോറ്റു...
3. വയലാർ രവിയുടെ ഭാര്യ മേഴ്സി രവി... കോട്ടയം എം.എൽ.എ.യായി...
4. ആര്യാടൻ മുഹമദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത്... നിലമ്പൂർ നഗരസഭ അദ്ധ്യക്ഷനായി...
5. മുൻ എം.എൽ.എ ജോർജ് ഈഡന്റെ മകൻ ഹൈബി ഈഡൻ... എം.എൽ.എ.യായി...
6. ടി.എച്ച് മുസ്തഫയുടെ മകൻ സക്കീർ ഹുസൈൻ...
7. ബാബു ചാഴിക്കാടന്റെ സഹോദരൻ തോമസ് ചാഴിക്കാടൻ... എം.എൽ.എ.യായി...
 എം.എൽ.എ.യായി.
8. കെ.പി.സി.സി. പ്രസിഡന്റും വ്യവസായ മന്ത്രിയുമായിരുന്ന കെ.എ. ദാമോദര മേനോന്റെ ഭാര്യയാണ് ലീല ദാമോദര മേനോൻ എം.എൽ.എ...
9. മുൻമന്ത്രി കെ.എൻ. വേലായുധന്റെ മകളുടെ ഭർത്താവാണ് ഇപ്പോഴത്തെ എക്സൈസ് മന്ത്രി കെ. ബാബു...
10. മാമ്മൻ മത്തായി മരണപ്പെട്ടതിനുശേഷം നടന്ന തിരുവല്ല നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് എലിസബത്ത് മാമ്മൻ മത്തായി എം.എൽ.എ.യായി...

സി.പി.എം.
1. മുൻ എം.എൽ.എ. പി.ഐ. പൗലോസിന്റെ മകനാണ് സാജു പോൾ എം.എൽ.എ...
2. കെ. അനിരുദ്ധന്റെ (ആറ്റിങ്ങൽ എം.പി.യായിരുന്നു) മകൻ എ. സമ്പത്തും ആറ്റിങ്ങലിൽ എം.പി.യായി...
3. ഇ.എം.എസിന്റെ മകൻ ഇ.എം. ശ്രീധരൻ...
4. പി. ജയരാജന്റെ സഹോദരി പി. സതീദേവി വടകര എം.പി.യായിരുന്നു...
5. ഇ.പി. ജയരാജന്റെ ഭാര്യ സഹോദരിയാണ് മുൻമന്ത്രിയായ പി.കെ. ശ്രീമതി...
6. പി. കുഞ്ഞന്റെ (ചേലക്കര എം.എൽ.എ. ആയിരുന്നു) മകൻ എസ്. അജയ് കുമാർ (ഒറ്റപ്പാലം എം.പി ആയിരുന്നു)...
7. എ.കെ.ജി.യുടെ ഭാര്യ സുശീല ഗോപാലൻ... മന്ത്രിയായി...
8. എ.കെ.ജി.യുടേയും സുശീല ഗോപാലന്റേയും മകളുടെ ഭർത്താവാണ് പി.കരുണാകരൻ എം.പി...
9. പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന എം.എൻ. ഗോവിന്ദൻ നായരുടെ അനന്തരവളായ എം.ജെ. രാജമ്മയാണ് പി. ഗോവിന്ദ പിള്ളയുടെ ഭാര്യ...
10. പി. ഗോവിന്ദപിള്ളയുടെ മകളുടെ ഭർത്താവാണ് വി. ശിവൻകുട്ടി എം.എൽ.എ...

സി.പി.ഐ.
1. സി.കെ. വിശ്വനാഥന്റെ (വൈക്കം എം.എൽ.എ.) മകൻ ബിനോയ് വിശ്വം... മന്ത്രിയായി...
2. വി.കെ. രാജന്റെ സഹോദരൻ വി.കെ. ഗോപി കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ...
3. കെ.ആർ. ഗൗരിയമ്മയും ടി.വി തോമസും ഭാര്യ-ഭർത്താക്കന്മാരായിരുന്നു... പാർട്ടി പിളർന്നപ്പോൾ കെ.ആർ. ഗൗരിയമ്മ സി.പി.എമ്മിലും ടി.വി. തോമസ് സി.പി.ഐ.യിലുമായി തുടർന്നു... ദാമ്പത്യവും പിളർന്നു...
4.ആരോഗ്യമന്ത്രിയായിരുന്ന കെ.പി. പ്രഭാകരന്റെ മകനാണ് കെ.പി. രാജേന്ദ്രൻ... അദ്ദേഹവും മന്ത്രിയായി...
5. തെങ്ങമം ബാലകൃഷ്ണന്റെ മകൻ സോണി ബി. തെങ്ങമം...
6. പി.കെ. ശ്രീനിവാസന്റെ മകൻ പി.എസ്. സുപാൽ എം.എൽ.എ.യായിട്ടുണ്ട്...
7. സി. അച്യുതമേനോന്റെ സഹോദരി ഭർത്താവാണ് വി.വി. രാഘവൻ...

കേരളകോൺഗ്രസ് (എല്ലാം)
1. കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണി... എം.പി.യായി... കേരള കോൺഗ്രസ് (എം.)...
2. കെ.എം. ജോർജിന്റെ മകൻ ഫ്രാസീസ് ജോർജ്... എം.പി.യായി... കേരള കോൺഗ്രസ് (എം.)...
3. ബാലകൃഷ്ണ പിള്ളയുടെ മകൻ കെ.ബി. ഗണേശ് കുമാർ... മന്ത്രിയായി... കേരള കോൺഗ്രസ് (ബി.)
4. കേരള കോൺഗ്രസ് നേതാവും എം.എൽ.എ.യുമായിരുന്ന പെണ്ണമ്മ ജേക്കബിന്റെ മകളുടെ ഭർത്താവാണ് ടി.എം. ജേക്കബ്.
5. മുൻമന്ത്രി ടി.എം. ജേക്കബിന്റെ മകൻ അനൂപ് ജേക്കബ് മന്ത്രിയായി... കേരള കോൺഗ്രസ് (ബി.)...
6. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ കെ. നാരായണക്കുറുപ്പിന്റെ മകനാണ് കാഞ്ഞിരപ്പള്ളി എം.എൽ.എ.യായിരുന്നു എൻ. ജയരാജ്...

മുസ്ലീം ലീഗ്
1. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂത്ത മകൻ മുഹമ്മദലി ശിഹാബ് തങ്ങൾ... പാർട്ടി ഭരണം...
2.  പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മകൻ ഹൈദരലി ശിഹാബ് തങ്ങൾ... മുഹമ്മദലി ശിഹാബ് തങ്ങളിന്റെ സഹോദരനാണ്... പാർട്ടി ഭരണം...
3. മുൻമുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ മകൻ എം.കെ. മുനീർ മന്ത്രിയായി...
4. സീതിഹാജിയുടെ മകൻ പി.കെ. ബഷീർ എം.എൽ.എ.യാണ്...
5. മുൻ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹയുടെ മകൻ പി.കെ. അബ്ദുറബ് മന്ത്രിയായി.

ജനതാ ദൾ (എല്ലാം)
1. മുൻ എം.എൽ.എ ആയിരുന്ന ആർ. പ്രകാശത്തിന്റെ മകൾ ജമീല പ്രകാശം... എം.എൽ.എ.യായി... ജെ.ഡി.എസ്...
2. എം.പി. വിരേന്ദ്രകുമാറിന്റെ മകൻ എം.വി. ശ്രേയംസ് കുമാർ... എം.എൽ.എ.യായി... എസ്.ജെ.ഡി...
3. മുൻമന്ത്രി പി.ആർ. കുറുപ്പിന്റെ മകൻ കെ.പി. മോഹനനും മന്ത്രിയായി... എസ്.ജെ.ഡി...

ആർ.എസ്.പി.
1. ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോൺ... മന്ത്രിയായി... ആർ.എസ്.പി. (ബി.)...
2. ആർ.എസ്.പി. യുടെ പ്രമുഖ നേതാവും മുൻമന്ത്രിയുമായ ടി.കെ. ദിവാകരന്റെ മകൻ ബാബു ദിവാകരനും ആർ.എസ്.പി പ്രതിനിധിയായി മന്ത്രിയായി. ഇപ്പോൾ കോൺഗ്രസിൽ ചേർന്നു...

പലവക
1. കോൺഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയുടെ മകനാണ് പി.സി. തോമസ്... കേന്ദ്രമന്ത്രിയായി... കേരള കോൺഗ്രസ് ലയന വിരുദ്ധ ഗ്രൂപ്പ്...
2. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ രാഷ്ട്രീയത്തിലേക്കിറങ്ങിയിരിക്കുന്നു...
3. സ്വതന്ത്ര സമര സേനാനി അക്കാമ്മ ചെറിയാന്റെ സഹോദരിയാണ് റോസമ്മ പുന്നൂസ്, സി.പി.ഐ...
4. സ്വതന്ത്ര സമര സേനാനി അക്കാമ്മ ചെറിയാന്റെ ഭർത്താവാണ് വി.വി. വർക്കി, എം.എൽ.എ...
5. കോൺഗ്രസ് (എസ്.) നേതാവ് സണ്ണി പനവേലിയുടെ ഭാര്യ റേച്ചൽ സണ്ണി പനവേലി എം.എൽ.എ.യായി

വാൽകക്ഷണം... ബന്ധുമാഹാത്മ്യത്തിന്റെ പുറത്താണ് ഇവരെല്ലാവരും അധികാര കസേരയിലെത്തപ്പെട്ടതെന്ന് ആരും വായിച്ചേക്കല്ലേ... പക്ഷേ ബഹുഭൂരിപക്ഷം പേരും ബന്ധുബലത്തിലാണ് അധികാരകസേരകൾ ചവിട്ടിക്കയറിയത്... ചിലർക്ക് ഒരു കൈതാങ്ങ് മാത്രം മറ്റ് ചിലർക്ക് അധികാരം താലത്തിൽ വെച്ച് നീട്ടിക്കിട്ടിയതാണ്...

പ്രത്യേകയറിപ്പ്... ഈ പോസ്റ്റ് തിരുത്തുകൊണ്ടേയിരിക്കും... നിങ്ങൾക്കറിയുന്ന ബന്ധുമാഹാത്മ്യം കമന്റുകളായി നൽകുക... വലിയൊരു ശേഖരമായി ചർച്ചകൾക്ക് ഹരം പകരാൻ എടുത്തുപയോഗിക്കാം... എനിക്കും നിങ്ങൾക്കും...

Tuesday 11 March 2014

ജനപ്രതിനിധി ജനങ്ങളിൽ നിന്നാകണം...

മണ്ഡലങ്ങൾ / വാർഡുകൾ തിരിച്ച് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് ഓരോ മണ്ഡലത്തിന്റേയും പ്രതിനിധികൾ വരുകയെന്ന ലക്ഷ്യത്തോടെയാണ്... നിയമ നിർമാണമായാലും വികസന പ്രവർത്തനമായാലും വിവിധ പ്രദേശത്തുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന വിശാലമായ ജനാധിപത്യലക്ഷ്യമാണുള്ളത്... 

"ജനങ്ങളിൽ നിന്ന്" ജനപ്രതിനിധികൾ എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശില... ഒരു കൂട്ടത്തെ പ്രതിനിധാനം ചെയ്യാൻ ആ കൂട്ടത്തിൽ നിന്ന് ഒരാൾ... നിങ്ങളുടെ കൂട്ടത്തിൽ കഴിവുള്ളവരില്ല... നിങ്ങളുടെ കൂട്ടത്തിൽ നിന്ന് വരുന്നവരേക്കാൾ മിടുക്കുണ്ട്... അതുകൊണ്ട് അപ്പുറത്തെ കൂട്ടത്തിൽ നിന്ന് വരുന്നവരെ തിരഞ്ഞെടുക്കുന്നല്ല ജനാധിപത്യം... 

നമുക്കിഷ്ടമുള്ള മണ്ഡലത്തിലൊന്നും സൗകര്യം പോലെ പോയി വോട്ട് ചെയ്യാനാകില്ല... നിങ്ങളുടെ മണ്ഡലത്തിൽ നിന്ന് നിങ്ങളുടെ പ്രതിനിധിയെ അയയ്ക്കുക... എന്നതാണ് ജനാധിപത്യം... അതേ സമയം രാഷ്ട്രീയക്കാർ സൗകര്യം പോലെ സൗകര്യമുള്ള മണ്ഡലത്തെ പ്രതിനിധികരിക്കുന്നു... ഏതെങ്കിലും പ്രത്യേക വ്യക്തി മികച്ച പാർലമെന്റേറിയനാണ്... ആ വ്യക്തി മൽസരിക്കുന്ന മണ്ഡലത്തിൽ ജയിക്കാൻ സാധ്യതയില്ല... അതുകൊണ്ട് എന്റെ വോട്ട് ആ മണ്ഡലത്തിൽ പോയി ചെയ്യാനൊന്നും നമ്മുടെ ജനാധിപത്യം അനുവദിക്കുന്നില്ല... പിന്നെ എന്തിനാണ് "മികച്ച പാർലമെന്റേറിയനെ" മറ്റൊരു മണ്ഡലത്തിൽ നിർത്തി ജയിപ്പിക്കണമെന്ന് പറയുന്നത്...

ജനനമല്ല എന്റെ വാദത്തിന്റെ അടിസ്ഥാനം... വോട്ട്... വോട്ടുള്ള മണ്ഡലത്തിലെ വോട്ട് ചെയ്യാവൂ... വോട്ടുള്ള മണ്ഡലത്തിനെ പ്രതിനിധികരിക്കാവൂ... ഇതെങ്ങനെ മണ്ണിന്റെ മക്കൾ വാദമാകും... മണ്ണിന്റെ മക്കൽ വാദത്തിന് ഉദാഹരണം തരാം... മറാട്ടികൾ മാത്രം മഹാരാഷ്ട്രയിൽ മതി... അവിടെ സ്ഥിരതാമസമാക്കിയ മലയാളികൾക്കെതിരെയുള്ള നീക്കങ്ങൾ... എവിടെ ജനിച്ച വ്യക്തിയാണെങ്കിലും മറ്റൊരു മണ്ഡലത്തിൽ മൽസരിക്കണമെങ്കിൽ, നിങ്ങളുടെ വോട്ട് അവിടെയുണ്ടാകണം... എന്നാലെ നിങ്ങൾ ആ കൂട്ടത്തിലാകുകയുള്ളൂ... അപ്പോൾ നിങ്ങൾക്ക് അവരെ പ്രതിനിധാനം ചെയ്യാനുള്ള അവകാശം സിദ്ധിക്കുന്നു... അത്തരം അവകാശങ്ങൾ ജന്മനാ ലഭിക്കുന്നതല്ല... രാജ്യസഭയിലേക്ക് മൽസരിക്കുന്നവർ ഏത് സംസ്ഥാനത്ത് നിന്ന് മൽസരിക്കുന്നോ ആ സംസ്ഥാനത്തെ വോട്ടറായിരിക്കണം... അത് മണ്ണിന്റെ മക്കൾ വാദമായി നിങ്ങൾ ഉയർത്തുന്നുണ്ടോ... രാജ്യസഭയിൽ നിലവിലുള്ള നിയമം ലോകസഭയിലേക്കും നിയമസഭയിലേക്കും പറയുമ്പോൾ അത് മണ്ണിന്റെ മക്കൾ വാദമായി... രാജ്യസഭയിലേക്ക് ഏത് സംസ്ഥാനത്ത് നിന്ന് വരുന്നുവോ ആ സംസ്ഥാനത്തിന്റെ വോട്ടറാകാമെങ്കിൽ എന്തുകൊണ്ട് ലോകസഭയിലെ മണ്ഡലത്തിലേക്ക് ആയിക്കൂടാ...  

വോട്ടുള്ള മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകാൻ സാധ്യമാകൂ എന്ന് വന്നാൽ, തിരഞ്ഞെടുപ്പ് കാലത്ത് ഒരു കൂട് വിട്ട് മറ്റൊരു കൂട് തേടുന്ന പണി ഇല്ലാതാകും... നേതാക്കൾ സുരക്ഷിത മണ്ഡലം നോക്കി ചുളുവിൽ ജനപ്രതിനിധിയാകുന്ന സാധ്യതയും ഇല്ലാതാകും... രണ്ട് മണ്ഡലത്തിൽ മൽസരിക്കുന്ന പണിയും നടക്കില്ല... മത-സാമുദായിക-കോർപ്പോറേറ്റ് ടീമുകൾക്ക്... സ്വന്തം ശിങ്കിടികളെ എവിടെയെങ്കിലും നിർത്തി ജയിപ്പിക്കാനുള്ള സാധ്യതയും ഇല്ലാതാകും... 

ഒരു മണ്ഡലത്തെ പ്രതിനിധികരിക്കാൻ ആ മണ്ഡലത്തിലെ ആളാകണം... അല്ലാതെ ഞങ്ങളെ പ്രതിനിധികരിക്കാൻ എവിടന്നോ ഒരാൾ വരുന്നതല്ല ജനാധിപത്യമെന്ന് ഞാൻ കരുതുന്നു... ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക... അതാണ് അടിസ്ഥാന ചിന്ത...