Saturday, 1 November 2014

അസംഘടിതസമരങ്ങളും ജനാധിപത്യവും...

മണ്ണ് ഉഴുതുമറിച്ചവരാകില്ല വിതയ്ക്കുക, വിതച്ചവർക്ക് മുഴുവനും കൊയ്യാനും സാധിക്കില്ല... അവരാകണമെന്നില്ല പത്തായത്തിൽ സൂക്ഷിക്കുന്നത്... ചിലപ്പോൾ വേറെയാരെങ്കിലുമെടുത്ത് ഉണ്ണൂകയും ചെയ്യും... പക്ഷേ ഓരോ കാലത്തും അതിന്റേതായ വേലകൾ നടന്നുകൊണ്ടിരിക്കും... ഉണ്ണാനായി...

പറഞ്ഞുവന്നത്... പ്രതിഷേധങ്ങളെ / അല്ലെങ്കിൽ ഗുണം ആരെങ്കിലും അടിച്ചുമാറ്റുമെന്ന് കരുതി പ്രതിഷേധങ്ങളേ വേണ്ടായെന്ന് വെയ്ക്കാനാകില്ലല്ലോ... ഒറ്റയും തെറ്റയുമായി അസംഘടിതമായി നടക്കുന്ന പ്രതിഷേധങ്ങളും ജനാധിപത്യത്തിൽ മുതൽക്കൂട്ടാണ്... അതുകൊണ്ട് തന്നെ നിരന്തരമായ പ്രതിഷേധങ്ങൾ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്നുവരേണ്ടതുണ്ട്... അതുകൊണ്ട് തന്നെ അണ്ണാഹസാരയുടെ സമരവും ഡൽഹിയിൽ സ്ത്രീ പീഡനത്തിനെതിരെ നടന്ന സമരവും ജനാധിപത്യത്തിന്റെ ശക്തിയാണ് വിളിച്ചറിയിച്ചത്... ഇപ്പോൾ  ഉമ്മ സമരവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണ്... ഉമ്മ വെയ്ക്കാനുള്ള അവകാശവും സദാചാരഗുണ്ടായിസവും ചോദ്യം ചെയ്യപ്പെടുന്ന ഒന്ന്... ജനത്തെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ ഉണ്ടാകുന്ന സമരങ്ങളുടെ രാഷ്ട്രീയമായ ഗുണഭോക്താവ് ഏതെങ്കിലും സംഘടനയാകുന്നതുകൊണ്ട്, ആ സമരം ഉപേക്ഷിക്കപ്പെടേണ്ടതാണെന്നോ അല്ലെങ്കിൽ അസംഘടിതമായ സമരങ്ങളൊക്കെ പിന്തിരിപ്പന്മാർ ഹൈജാക്ക് ചെയ്യുമെന്നോ ഭയപ്പെടേണ്ടതോയില്ല... ആ സമരങ്ങളേയും അവരേയും നമ്മുടെ കൂടെ കൂട്ടാനുള്ള, അല്ലെങ്കിൽ ആ സമരങ്ങൾ നമ്മുടേതാക്കുകയാണ് ശരി... അതിനുള്ള ത്രാണി ജനാധിപത്യ-മതേതര-പുരോഗമസംഘങ്ങൾക്കില്ലെങ്കിൽ, അതിന്റെ പഴി ജനാധിപത്യസമരങ്ങളുടെ തലയിടാതിരിക്കാനുള്ള ജനാധിപത്യബോധമെങ്കിലും നമുക്കുണ്ടാകണം...

ജനാധിപത്യപരമായ സമരങ്ങൾ, ഒരു പക്ഷേ അസംഘടിതമായാലും, ഉപരിവിപ്ലവമായലും  നടക്കേണ്ടതുണ്ട്... അതിനെ ജനാധിപത്യസംഘടനകൾ അവരുടെ രാഷ്ട്രീയപ്രവർത്തനമായി മാറ്റുവാൻ മുന്നിലിറങ്ങുകയാണ് വേണ്ടത്... അവിടെ വരട്ടുതത്വവും മറ്റും പറഞ്ഞ്, പുറം തിരിഞ്ഞ് നിന്നിട്ട് ആ സമരത്തിന്റെ ഗുണഭോക്താക്കളായി വരുന്നവരെ ചൂണ്ടി എല്ലാ അസംഘടിത സമരങ്ങളും ഇങ്ങനയേ കലാശിക്കുവെന്ന് കുശുമ്പ് പറഞ്ഞിരുന്നതുകൊണ്ട് ജനാധിപത്യത്തിന് ഒരു ഗുണവുമില്ല എന്നതാണ് സത്യം... ഡൽഹിയിലെ സമരങ്ങളുടെ ഗുണം ആപ്പിനും അത് അവസാനം സംഘപരിവാരിലും എത്തിചേർന്നുവെന്നതാണ് നമ്മുടെ മുന്നിലെ സത്യം... അതെ... അത് സംഘപരിവാരത്തിന്റെ കഴിവ്... നാട്ടിലെ പ്രശ്നങ്ങളിൽ പ്രതിഷേധിക്കുമ്പോൾ, തീർച്ചയായും അതിന്റെ വിപരീതഫലം അനുഭവിക്കുക ഭരണകക്ഷിയാകും... അതേസമയം രാഷ്ട്രീയമായ ഗുണം അനുഭവിക്കുക ആരാണെന്ന് സമരനാളിൽ ഉറപ്പിക്കാനാകില്ല... എന്നാലും സമരം നടക്കുന്നതാണ് ജനാധിപത്യം...

ടു.ജി. മുതൽ എത്രയെത്ര അഴിമതി ആരോപണങ്ങളാണ് കഴിഞ്ഞ യു,.പി.എ. സർക്കാർ നേരിട്ടത്, അന്നൊക്കെ ഇവിടെയുള്ള സംഘടിതശക്തികൾ എത്ര ശക്തമായാണ് പ്രതികരിച്ചത്... അതിന്റെയൊക്കെ ഗുണഫലമല്ലേ ഇന്നത്തെ മോദിയുടെ വിജയം... മൻമോഹൻ സിംഗിനേയും രാഹുലിനേയും കോൺഗ്രസ് നേതാക്കളേയും വിമർശിച്ച്, പരിഹസിച്ച് നാം എഴുതിയ ഓരോ വരിയുടേയും ഗുണഭോക്താക്കളായി വന്നത് മോദിയല്ലേ... എന്ന് കരുതി ജനാധിപത്യത്തിൽ അനിവാര്യമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉണ്ടാകേണ്ടതില്ല എന്ന് നമുക്ക് നിലപാട് എടുക്കാനാകുമോ...

ജനാധിപത്യസമരങ്ങളെല്ലാം തന്നെ കൃത്യമായ അജണ്ടയുടെ പുറകെയുണ്ടാകുന്നതല്ല... അതേ സമയം കൃത്യമായ അജണ്ടകളുമായി നടക്കുന്ന സമരങ്ങളേക്കാൾ ഒട്ടും പുറകിലല്ല ജനാധിപത്യപരമായി അജണ്ടകളില്ലാതെ ഒരു ആൾക്കൂട്ടം നടത്തുന്ന സമരവും... രണ്ടും ജനാധിപത്യത്തിൽ തുല്യ പങ്ക് വഹിക്കുന്നവയാണ്... സമരങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യവും മാർഗ്ഗവും ജനാധിപത്യപരമാണോയെന്ന് ചികയുകയെന്നതിൽ കവിഞ്ഞ്, സമരത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളാകാൻ സാധ്യതയുള്ളവരെ കണ്ട് പിൻമാറേണ്ടതില്ല... അതേ സമയം സംഘടിതമായി നില‌നിൽക്കുന്ന പ്രസ്ഥാനങ്ങൾ സമരത്തിന്റെ രാഷ്ട്രീയ ഗുണം അനുഭവിക്കുകയും ചെയ്യും... ആ ഗുണം അനുഭവിക്കാനുള്ള ശക്തിയെങ്കിലും നാം സ്നേഹിക്കുന്ന പ്രസ്ഥാനങ്ങൾക്കുണ്ടാകണം... അതിനായി പ്രവർത്തിക്കുക... ജനാധിപത്യസമരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും... അതാണ് ജനാധിപത്യത്തിന്റെ ചാലകശക്തി...

സമരങ്ങൾ നടത്തുന്നവർ ഏതൊക്കെ സമരങ്ങളിലാണ് പങ്കെടുക്കുന്നത്, സംഘടിതശക്തികളോടുള്ള അവരുടെ മനോഭാവമെന്ത്, അവർ ഫാസിസ്റ്റുകൾക്കെതിരെയുള്ള നേരിട്ടുള്ള പോരാട്ടത്തിൽ പങ്കെടുക്കാറുണ്ടോ, അവരുടെ ചിന്തകളിൽ ക്ലാസുണ്ടോ, അരാഷ്ട്രീയതയുണ്ടോ... സമരങ്ങളുടെ വിവിധ രൂപങ്ങളിൽ എല്ലാവർക്കും പങ്കെടുക്കാനാകുമോ, അതിന്റെ സ്വഭാവം ഇന്നുവരെ നിലനിന്നിരുന്ന സ്വഭാവങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നുവോ, സമരങ്ങൾക്ക് തുടർച്ചയുണ്ടോ അതോ താൽക്കാലികമാണോ എന്നതൊക്കെ നോക്കാനായി ജനാധിപത്യം ആരെയെങ്കിലും ഏല്പിപ്പിച്ചിട്ടില്ല എന്നതാണ് ശരി... ഓരോ കല്ലും പെറുക്കി ജനാധിപത്യവിരുദ്ധതക്കെതിരെ മതിൽ കെട്ടുകയാണ് ചെയ്യേണ്ടത്...അതിനുള്ള തുടർപ്രക്രിയ നടത്തുക... അതുകൊണ്ട് തന്നെ താൽക്കാലികസമരങ്ങളുടെ പ്രസക്തിയെ തള്ളിക്കളയേണ്ടതില്ല... ഒരു സമരവും അവസാനമല്ല, തുടക്കം മാത്രമാണ്... അത് തുടർന്നുകൊണ്ടിരിക്കുകയാണ്... ബാറ്റണുകൾ കൈമാറിയാണ് സമരങ്ങളും മുന്നേറുന്നത്...

വാൽകക്ഷണം... ദേ... ഞങ്ങളുടെ സമരം മാത്രം 916 സമരമെന്നത് ജനാധിപത്യവിരുദ്ധ ചിന്തയുടെ ഉല്പന്നമാണ്...
Post a Comment