Monday, 22 February 2010

ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും

നാല്‌ ബൾബ്‌ കത്തിക്കാനുള്ള വൈദ്യുതിക്ക്‌ വേണ്ടി “ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച്‌” ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം (80 അടി) അടിച്ച്‌മാറ്റാനുള്ള ബാലന്റെ ബാലത്തരങ്ങൾ, ഞങ്ങളുടെ കൺകണ്ട കേന്ദ്ര മന്ത്രി ജയറാം രമേഷ്‌ മടക്കതപാലിൽ മടക്കിയതിലുള്ള സന്തോഷം കാക്കരയും കുപ്പി പൊട്ടിച്ച്‌ ചാലക്കുടി പുഴയുടെ തീരത്തിരുന്ന്‌ ആഘോഷിച്ച വിവരം ഈ ബൂലോകരെ ഇതിനാൽ അറിയിക്കുന്നു. ഡം ഡം ഡം... നിങ്ങളില്ലാതെ എനിക്കെന്താഘോഷം!!!


ഉണ്ണി പിറന്നാലും വർഷം പിറന്നാലും കോരന്‌ കഞ്ഞിയും ചാലക്കുടിക്കാർക്ക്‌ കുപ്പിയും, അതാണ്‌ നാട്ടുപ്രമാണം. ഇച്ചിരി എനർജിയ്‌ക്ക്‌ വേണ്ടി ഇച്ചിരി വെള്ളം അടിച്ച്‌മാറ്റിയാൽ വരും തലമുറ ഇച്ചിരി വെള്ളം “മിക്സ്” ചെയ്യാൻ വെള്ളത്തിന്‌ എവിടെ പോകും. വെള്ളത്തിലെ എനർജി മാറ്റിയാൽ വെള്ളം തനി വെള്ളമാവില്ലെ? അത്‌ ആരെങ്ങിലും കുടിക്കുമൊ? വെള്ളം ഏത്?

ആതിരപ്പള്ളിയുടെ ഗർഭപാത്രം കീഴിമുറിച്ച്‌ അണക്കെട്ടിയാൽ, പിന്നെവിടെ ആതിരപ്പള്ളി വെള്ളച്ചാട്ടം? വരും തലമുറയ്‌ക്കായി ഒരു വെള്ളചാട്ടം പോലും മാറ്റിവെയ്‌ക്കാത്ത കഠിന ഹൃദയനായ ബാലാ ചെവിയിൽ നുള്ളിക്കൊ, നിന്നെ പിന്നെ കണ്ടോളാം!

ആദിവാസികളുടെ ക്ഷേമ മന്ത്രി, സാറിനെ മാത്രം വിശ്വസിച്ച്‌ കാട്ടുതേനും കാട്ടുപഴങ്ങളും തിന്ന്‌ കഴിയുന്ന “ലക്ഷക്കണക്കിന്‌” ആദിവാസികളെ കാട്ടിൽ നിന്നിറക്കി ചാലക്കുടി പട്ടണത്തിൽ ഒരു ഏക്കറൊ മറ്റൊ ഭൂമി നല്കി കുടിയിരുത്തിയാൽ പിന്നെ നാട്ടുവാസിയായ കാക്കരയും പട്ടണവാസികളായ ആദിവാസി സംരക്ഷകരും ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ? ഈ ആദിവാസികൾ കാട്ടിലെ “പുല്ലും” തിന്ന്‌ കാട്ടുവാസിയായി തന്നെ ജീവിച്ചാൽ മതി, ആദിവാസി ക്ഷേമനിധി, നാട്ടുവാസികളും സംരക്ഷകരും കയ്യിട്ട്‌വാരട്ടെ!

വയറ്റിപിഴപ്പിന്‌ നാട്‌ വിട്ട മലയാളിയുടെ ഗതിയെ പറ്റി ഒന്ന്‌ ആലോചിച്ച്‌ നോക്കു, താക്കറെയുടെ ആട്ടും അറബിയുടെ തുപ്പും, രണ്ടും സഹിക്കാം, അങ്ങനെ സഹിക്കാവുന്ന വല്ലതുമായിരിക്കുമോ നയാഗ്ര കാണുവാൻ പോകുന്ന വരും തലമുറയുടെ വായിൽ സാമ്രാജത്വഭീകരന്മാർ വയാഗ്ര കുത്തിക്കേറ്റിയാൽ. അതിനാൽ തന്നെ, ഈ തലമുറക്കൊ അടുത്ത തലമുറക്കൊ ഒരു യൂണിറ്റ് വൈദ്യുതി ഇല്ലെങ്ങിലും വേണ്ടില്ല, ആതിരപ്പള്ളി വെള്ളച്ചാട്ടവും ചാലക്കുടിപുഴയും അറബിക്കടലും വറ്റിക്കാതെ അതിന്റെ സ്വാഭാവിക ജീവൻ ബാക്കിവെയ്ക്കണം, അത്രയെങ്ങിലും...

സൈലന്റ് വാലിയെ രക്ഷിച്ച ഇന്ദിരാഗാന്ധിയോടാണ്‌ മലയാളനാട്ടിലെ അഭിനവ പ്രകൃതി സ്നേഹികൾ ജയറാം രമേഷിനെ ഉപമിക്കുന്നത്‌. വരും തലമുറയ്‌ക്ക്‌വേണ്ടി വെള്ളച്ചാട്ടത്തിന്റെയും പുഴയുടെയും രൗദ്രത നിലനിറുത്തണം എന്ന്‌ ആവശ്യപ്പെടുന്ന ചാലക്കുടി പുഴ സംരക്ഷണ സമിതിയോടും മറ്റു പ്രകൃതി സ്നേഹികളോടും എനിക്ക്‌ ഒന്നേ പറയാനുള്ളു, കഴിഞ്ഞ തലമുറ പുഴയെ “ചൂക്ഷണം” ചെയ്തത്‌കൊണ്ട്‌മാത്രമാണ്‌ ചാലക്കുടി പട്ടണവും കേരളവും കുറച്ചെങ്ങിലും തല ഉയർത്തി “കത്തി” നിൽക്കുന്നത്‌, അല്ലായിരുന്നുവെങ്ങിൽ പ്രതിഷേധിക്കാനുള്ള അറിവും ശക്തിയും നമുക്ക്‌ ലഭിക്കുമായിരിക്കില്ല.

ഇതിന്റെ കൂടെ കുറച്ച്‌ ഞഞ്ഞാപിഞ്ഞാ കണക്കുകളും കിടക്കട്ടെ.

കൂടുതൽ വൈദ്യുതി ഉപയോഗമുള്ള രാത്രികാലത്ത്‌ മാത്രമാണ്‌ വൈദ്യുതി ഉൽപാദനം നടക്കുന്നത്‌. വെള്ളച്ചാട്ടം തടസപ്പെടുന്ന രാത്രിസമയത്ത്‌ സഞ്ചാരികളുമില്ല! സഞ്ചാരികൾ വരുന്ന പകൽ സമയങ്ങളിൽ വെള്ളച്ചാട്ടം അതിന്റെ ഗതിയിൽ പതിക്കുകയും ചെയ്യും. 163 MW ചുമ്മാ ലഭിക്കുമോ?

run on the river project ആയതിനാൽ, സാധാരണയായി നിർമ്മിക്കുന്ന ഉയരം കൂടിയ അണകെട്ട്‌ ആവശ്യമില്ല. പരിസ്ഥിതി നാശനഷ്ടം തുലോം കുറവ്‌. ആതിരപ്പള്ളിയിൽ അണ കെട്ടി തടയുന്ന വെള്ളം ഈ അണക്കെട്ടിനു മുകളിൽ ഇപ്പോൾ നിലനിൽക്കുന്ന വൈദ്യുത പദ്ധതിയിൽ നിന്ന്‌ ഉപയോഗിച്ച്‌ തള്ളുന്ന വെള്ളംമാത്രമാണ്‌.


വാൽക്കക്ഷണം.

സാറിന്റെ ഗൂഢാലോചന ആരോപണം കേട്ടപ്പോൾ, ഒരു സംശയം ബാക്കിയായി. മറ്റു പദ്ധതികൾ തകർക്കുന്നതിന്റെ പിന്നിലും ഇതേ ഗൂഢാലോചന സംഘമുണ്ടോ? ഏയ്‌ ചുമ്മാ ചോദിച്ചതാ. നെടുമ്പാശ്ശേരി എയർപോർട്ട്‌ വന്നപ്പോഴും, എക്സ്പ്രസ്സ്‌ പദ്ധതി പ്ലാൻ ചെയ്‌തപ്പോഴും, കുറെ “ഗൂഢാലോചന” നമ്മൽ കണ്ടതാണ്‌. സഖാവ്‌ ശർമ്മയുടെ നെഞ്ചിലൂടെ വീമാനം കയറ്റാതെ തന്നെ ആകാശവണ്ടിയിറക്കാൻ നെടുമ്പാശ്ശേരിയിൽ സ്ഥലം കിട്ടി. കാലം മാറി, ശർമ്മ വീമാനത്താവള ഡയറക്ടർ ബോർഡിൽ അംഗവും. കാലം തെളിയിച്ച സത്യം!!!. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ, ഇന്നത്തെ പരിസ്ഥിതി മന്ത്രി ജയറാം രമേഷ്‌ നാളത്തെ വൈദ്യുതി മന്ത്രിയൊ മറ്റൊ ആയി ആതിരപ്പള്ളി പദ്ധതിക്ക്‌ തറക്കല്ല്‌ ഇടുവാൻ വരുമ്പോൾ സാറ്‌ “തറപണി” ചെയ്യരുത്‌!

Monday, 15 February 2010

സബ്സിഡി കേരള കർഷകരെ നക്കി കൊല്ലുന്നു!

.
ഒരു തരത്തിലുമുള്ള വിലക്കയറ്റവും ഭരണനേട്ടമായി കാണുവാൻ സാധിക്കാത്ത ഒരു പ്രത്യേക തരം മാനസികാവസ്ഥയിലാണ്‌ മലയാളി സമൂഹം. ഈ അവസ്ഥ സ്രിഷ്ടിച്ചതിന്‌ നമ്മുടെ മാദ്ധ്യമവും ഉദ്യോഗസ്ഥരും കൂടെ സത്യം തുറന്ന്‌ പറയാൻ ചങ്കൂട്ടം കാണിക്കാത്ത രാഷ്ട്രീയ നേതാക്കളും ഉത്തരവാദികളാണ്‌. വില കയറ്റത്തിന്റെ ഗുണത്തെ പറ്റി ചിന്തിക്കാൻ മലയാളിക്ക്‌ എവിടെ സമയം? നമ്മുടെ ബുദ്ധി ആരോക്കെയോ നിയന്ത്രിക്കുകയാണല്ലോ?

സ്വന്തം കൃഷി ഉൽപന്നത്തിന്‌ വിലകയറിയാൽ അത്‌ എങ്ങനെ ഇല്ലാതാക്കാം എന്ന്‌ മാത്രം ചിന്തിക്കുന്ന ബുദ്ധി രാക്ഷസന്മാരുടെ കേരളത്തിൽ എങ്ങനെ കർഷകർ നിലനിൽക്കും എന്ന്‌ ഒരു ബുദ്ധിജീവിയും സാഹിത്യകാരിയും പറഞ്ഞു തരുന്നില്ല. കർഷകർ “ചത്ത്‌” കഴിഞ്ഞാൽ മുതലകണ്ണീർ പൊഴിക്കുന്ന മാദ്ധ്യമ ചർച്ചക്കാരും മറുമരുന്നിന്‌ വേണ്ടി ഒരു നിമിക്ഷം പോലും നഷ്ടപ്പെടുത്തുന്നില്ല. പിന്നേയും പഴയ പല്ലവി തന്നെ പുതിയ തലമുറ കൃഷിയിൽ നിന്ന്‌ അകലുന്നു, ഉപഭോക്ത്രസംസ്ഥാനമായി.... ലാഭമില്ലാത്ത കൃഷിയിൽ ചുരുണ്ട് കൂടാൻ ഞാനും എന്റെ മക്കളെ അനുവദിക്കുകയില്ല. തെങ്ങ്‌ വേരോടെ പിഴുത്‌ കുന്നിടിക്കും നെൽപാടം മണ്ണിട്ട്‌ നികത്തും, വിളിച്ചോളു, ഭുമാഫിയ! പക്ഷെ അന്വേഷിക്കരുത്‌ എന്തുകൊണ്ട് കർഷകർ കൃഷി ഭുമി കയ്യൊഴിയുന്നു?

ഒരു പഴയ സംഭവ കഥയിലേക്ക്‌ പോകാം. ഒരിടതൊരിടത്ത്‌, കേരം തിങ്ങും നാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം തെങ്ങുകൃഷിയായിരുന്നു, തെങ്ങ്‌ ചതിക്കില്ല എന്നുമായിരുന്നു വിശ്വാസം. അങ്ങനെ ഒരിക്കൽ കടലമ്മ ചാകര കൊണ്ടുവരുന്നത്‌പോലെ തെങ്ങമ്മ ഒരു ചാകര കൊണ്ടുവന്ന്‌ കൊടുത്തു. കേരകർഷകർ നടു നിവർക്കും എന്ന്‌ മനസിലാക്കിയ അന്യദേശക്കാർ (സോപ്പ്‌ കമ്പനിക്കാർ) ഉടനെ രാജാവിന്റെ ചെവിയിൽ ഓതി, പാമോയിൽ ഇറക്കുമതി ചെയ്യുക, പൊതുവിതരണ കടകളിലൂടെ വിതരണം ചെയ്യുക. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം; സോപ്പുണ്ടാക്കാൻ വെളിച്ചെണ്ണ വിലക്കുറവിൽ കിട്ടും രാജാവിന്‌ കമ്മീഷനും കിട്ടും. അങ്ങനെ 1980 മുതൽ 1990 വരെ സ്വന്തം വെളിച്ചെണ്ണയുടെ വില കുറയ്‌ക്കാനായി സ്വന്തം നികുതി പണം ഉപയോഗിച്ച്‌ കേരള മോഡൽ സാമ്പത്തിക ശാസ്ത്രം...

വളരെ കൊട്ടിഘോഷിച്ച കേരളത്തിന്റെ പൊതു വിതരണ സമ്പ്രദായംകൊണ്ട്‌ ആർക്കാണ്‌ നേട്ടം. ഒറ്റനോട്ടത്തിൽ കേരളീയന്‌ നേട്ടമുണ്ട്‌ എന്ന്‌ വിശ്വാസിക്കുമ്പോഴും അത്യന്തികമായി കേരളസമൂഹത്തിനുണ്ടാകുന്ന ആഘാതം നാം മനസിലാക്കുന്നുണ്ടോ എന്ന്‌ സംശയമാണ്‌. എന്തുകൊണ്ട് കേരള കർഷകർ എന്നൊരു വർഗ്ഗം ഇല്ലാതാവുന്നു. പൊതു വിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണം ആർക്കാണ്‌ കിട്ടുന്നത്‌ എന്ന്‌ ഒരിക്കലെങ്ങിലും നാം ചിന്തിച്ചിട്ടുണ്ടോ? കടലയ്‌ക്ക്‌ വില കൂടിയാൽ, പഞ്ചസാരയ്‌ക്ക് വില കൂടിയാൽ, വറ്റൽ മുളകിന്‌ വില കൂടിയാൽ, അങ്ങനെ എന്തിന്‌ വില കൂടിയാലും, കേരളക്കാരന്റെ നികുതി പണം ഉപയോഗിച്ച്‌ അന്യസംസ്ഥാന കർഷകരുടെ കൃഷി ഉൽപനങ്ങൾ കൂടിയ വിലക്ക്‌ വാങ്ങി കേരളത്തിൽ വിതരണം ചെയ്യുന്നു. ഡിമാന്റ് വർദ്ധിക്കുന്നു, സാധനങ്ങളുടെ വിലയും വർദ്ധിക്കുന്നു, കൂടുതൽ നികുതി പണം ഉപയോഗിച്ച്‌ കേരളം പിന്നേയും വാങ്ങുന്നു!

നമ്മുടെ പൊതുവിതരണ സമ്പ്രദായത്തിലൂടെ പഞ്ചസാര വിതരണം ചെയ്യുന്നു എന്നാൽ നമ്മുടെ സ്വന്തം മറയൂർ ശർക്കര കൃഷിക്കാർ നാമവശേഷമാകുന്നു. പഞ്ചസാരയ്‌ക്ക്‌ പകരം ശർക്കരയും പാലിൽ ചേർത്ത്‌ കുട്ടികൾക്ക്‌ കൊടുക്കാമല്ലോ? പഞ്ചസാരയ്‌ക്ക്‌ പകരം കൂടിയ വിലയ്‌ക്ക്‌ ശർക്കരയും പന കൽക്കണ്ടം (ഔഷദ ഗുണവുമുണ്ട്‌) കേരളത്തിലെ കർഷകരിൽ നിന്ന്‌ വാങ്ങി കേരളത്തിൽ വിതരണം ചെയ്യാമല്ലോ? പഞ്ചസാരയ്‌ക്ക് കൊടുക്കുന്ന കേരളത്തിന്റെ സബ്സിഡി വിഹിതം പിൻവലിച്ച്‌ തേയിലക്കും കാപ്പിക്കും കൊടുക്കണം. ന്യായവില കടകളിൽ കേന്ദ്ര വിഹിതം കൊണ്ട്‌ പഞ്ചസാരയുടെ വിലയും സംസ്ഥാന വിഹിതം കൊണ്ട്‌ തേയിലയുടേയും കാപ്പിയുടേയും വിലയും കുറയട്ടെ.

മിൽമ മഹാരാഷ്ട്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പൊടിയായോ പാലായോ കൊണ്ടുവന്ന്‌ കേരളത്തിൽ പാൽ വിതരണം ചെയ്യും. നഷ്ടം ആര്‌ നികത്തും? നികുതി പണം തന്നെ! എന്നാലും കേരളത്തിലെ പാൽ വില വർദ്ധിപ്പിച്ച്‌ കേരളത്തിലെ ക്ഷീര കർഷകരെ സഹായിക്കില്ല. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പാലിന്‌ വില വർദ്ധിപ്പിക്കുന്നത്‌ ഒരു ഭരണനേട്ടമായി ഞാൻ വിശ്വസിക്കുന്നു. ചന്തയിൽ കിട്ടുന്ന എല്ലാ സാധനങ്ങൾക്കും വില കുറച്ച്‌ കൊടുക്കേണ്ട ബാധ്യത ഒരു സർക്കാരിനുമില്ല. ജനങ്ങളുടെ മൊത്തം “വാങ്ങൽ ബാധ്യതയെ” സഹായിക്കുക കൂടെ തനതു ഉൽപന്നങ്ങളെ സഹായിച്ച്‌ അവരുടെ വാങ്ങൽ ശക്തിയെ വർദ്ധിപ്പിക്കുക.

സപ്ളൈകൊയുടെ വിലനിലവാരം ശ്രദ്ധിക്കുക (07.12.2009) ലിങ്ക് താഴെ;

http://www.kerala.gov.in/government/CPICities.pdf

പുഴുക്കലരിയ്‌ക്കും പഞ്ചസാരയ്‌ക്കും 8/7 രൂപ കുറച്ച് കൊടുക്കുമ്പോൾ ചെറുപയർ 46 രൂപയും വറ്റൽമുളക്‌ 33 രൂപയും കുറച്ച്‌ കൊടുക്കുന്നു. ഈ സബ്സിഡിയുടെ ഗുണം ആർക്ക്‌? ചെറുപയറിനും വറ്റൽമുളകിനും പകരമായി ഉപയോഗിക്കാവുന്ന വള്ളിപയറും പച്ചമുളക്‌ / കുരുമുളക്‌ കൃഷി ചെയ്യുന്നവരെ സഹായിച്ചുകൂടെ?

ഇനിയെങ്ങിലും നമുക്ക്‌ ഒരു തീരുമാനം എടുത്ത്‌കൂടെ, കേരളത്തിന്റെ നികുതി പണംകൊണ്ട്‌ കേരളത്തിലെ ഉൽപന്നങ്ങൾ മാത്രമെ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുകയുള്ളു. കൂടിയ വിലയ്‌ക്ക്‌ കേരള ഉൽപനങ്ങൾ വാങ്ങിയാലും കേരളത്തിന്‌ നഷ്ടമൊന്നുമില്ലലോ, കാരണം പണം കേരളകർഷകന്‌ ലഭിക്കുന്നുണ്ടല്ലോ. കൂടുതൽ കൂടുതൽ കർഷകർ കൃഷിയിലേയ്‌ക്ക്‌ വന്നു കൊണ്ടിരിക്കുകയും ചെയ്യും. എല്ലാ ന്യായവില കടകളിലും കേരള ഉൽപന്നങ്ങൾ മാത്രമെ വിതരണം ചെയ്യാവു, കൃഷി ഉൽപനങ്ങൾ തൊട്ട്‌ കുടിൽ വ്യവസായ ഉൽപന്നങ്ങൾ വരെ. ആത്യന്തികമായി കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന്‌ സഹായിക്കുന്ന ഒരു സാമ്പത്തിക രീതി, അതിനെ മാത്രമെ എനിക്ക്‌ കേരള മോഡൽ വികസനം എന്ന്‌ വിളിക്കുവാൻ പറ്റുകയുള്ളു, അല്ലെങ്ങിൽ, നമ്മുടെ സാമ്പത്തിക മണ്ഡലം ഒരു സോപ്പ്‌ കുമിളപോലെ എപ്പോൾ വേണമെങ്ങിലും...

പൊതുവിതരണ വ്യവസ്ഥയുടെ നല്ല വശങ്ങളെ കാണാതെ, ദൂഷ്യവശങ്ങളെ പെരുപ്പിച്ച്‌ കാണിച്ചു എന്ന്‌ മാത്രം പറയരുത്‌, കേരള കർഷകർ നാമവശേഷമാകുന്നതിലുള്ള വേദനയായി മാത്രം കണ്ടാൽ മതി.

നാടൻ മലയാളിയ്‌ക്ക്‌ കർഷകൻ പട്ടിണി കിടന്നാലും വേണ്ടില്ല, വിലകുറയണം,

മറുനാടൻ മലയാളിയ്‌ക്ക്‌ ഇന്ത്യ തുലഞ്ഞാലും വേണ്ടില്ല, രൂപയുടെ മൂല്യം ഇടിയണം!

---
കാക്കര