Sunday, 29 September 2013

കേരളമോഡലിന്റെ നേർവകാശികൾ...

കേരളമോഡൽ വികസനത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും അവർ നിയന്ത്രിച്ച ഭരണസംവിധാനങ്ങൾക്കും അവരുടെ ശക്തമായ സ്വാധീനത്തിൽ കേരളീയ സമൂഹത്തിൽ സോഷ്യലിസ്റ്റ് ചിന്തകൾക്ക് കൂടുതൽ പ്രധാന്യം ലഭിച്ചതും നിഷേധിക്കാനാകാത്ത സത്യമാണ്... അതിനെ ചോദ്യം ചെയ്യുന്നില്ല... ചോദ്യം ചെയ്യാനുമാകില്ല... പക്ഷേ കേരള മോഡലിന്റെ നേർവകാശികൾ കമ്യൂണിസ്റ്റ്പ്രസ്ഥാനം മാത്രമാണെന്ന് കമ്യുണിസ്റ്റുകാരും സഹയാത്രികരും സ്ഥിരമായി എഴുതിവിടുകയും കമ്യൂണിസ്റ്റുകാരെ പോലെ അല്ലെങ്കിൽ അവർക്ക് മുൻപേ വഴിവെട്ടിയവരേയും വിത്തിറക്കിയവരേയും പൂർണ്ണമായും അവഗണിച്ച് അവകാശങ്ങളെല്ലാം ഒരൊറ്റ കൊടിയുടെ നിറത്തിൽ മൂടിവെയ്ക്കുന്നതുകൊണ്ട് കുറെ പേരെങ്കിലും തെറ്റിദ്ധരിക്കാറുണ്ട്... ങേ... ഇവർ മാത്രമാണോ, അവകാശികൾ... ഭൂപരിഷ്കരണവും തൊഴിലാളികളുടെ അവകാശസംരക്ഷണവും കീഴാളജനതയുടെ ചെറുത്തുനിൽപ്പും എന്നതിലൊക്കെ മറ്റ് രാഷ്ട്രീയപാർട്ടികളേക്കാൾ ബഹുദൂരം മുന്നിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ... അതുമാത്രമല്ലല്ലോ കേരളമോഡലിന്റെ മന്ത്രങ്ങൾ... 1970 കൾ മുതൽ കേരളമോഡൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി... 1956 മുതൽ 1970 കൾ വരെയുള്ള കാലയളവിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഭരിച്ച ചുരുങ്ങിയ കാലയളവിലോ പാർട്ടി സ്ഥാപിച്ചതു മുതലുള്ള പൊതുപ്രവരത്തനങ്ങളോ മാത്രമല്ല കേരളമോഡൽ പടുത്തുയർത്തിയതെന്നതാണ് പറയാനുള്ളത്...  

രാജ / ബ്രിട്ടീഷ്  ഭരണകാലം മുതൽ കേരളമോഡലിന്റെ വിത്ത് പാകിയിരുന്നുവെന്നതാണ് ചരിത്രം... അതിൽ കോൺഗ്രസ് മുതൽ മത-സാമുദായിക പ്രസ്ഥാനങ്ങൾ വരെ നിർലോഭം സംഭാവനകൾ നൽകിയിരുന്നു... അതെല്ലാം അവഗണിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന അനാദരവാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... കേരളമോഡൽ കമ്യൂണിസ്റ്റ് മാജിക്ക് മാത്രമായിരുന്നുവെങ്കിൽ, അതേ മാജിക്ക് എന്തുകൊണ്ട് ബംഗാളിലും ത്രിപുരയിലും നടപ്പിലായില്ല... എന്തുകൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ച താഴോട്ടായി... എന്നതിനൊക്കെ ഉത്തരമുണ്ടാകണമല്ലോ... കേരളമോഡലിന്റെ പിന്നിൽ കമ്യൂണിസ്റ്റുകൾ മാത്രമല്ലായെന്ന് പ്രായോഗികതലത്തിൽ തിരിച്ചറിയുന്നതുകൊണ്ടാണ് കമ്യൂണിസ്റ്റ് സർക്കാരുകൾക്ക് തുടർവിജയങ്ങൾ സമ്മാനിക്കാത്തതും...

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം തന്നെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പാർട്ടികളെ അപേക്ഷിച്ച് കൂടുതൽ സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുള്ളതാണ്... കോൺഗ്രസ്സിലെ സോഷ്യലിസം പോരായെന്ന് തോന്നിയ തീവ്രസോഷ്യലിസ്റ്റുകളാണല്ലോ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്  തറക്കലിട്ടത്... ഒരു സോഷ്യലിസ്റ്റ് / ക്ഷേമ കേരളം കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസ് സർക്കാരുകളും പുരോഗമനപരമായ നിലപാടുകളാണ് എടുത്തിരുന്നത്... കേരളത്തിലെ കൃസ്ത്യൻ മതസംഘടനകളുടെ ആരോഗ്യ-വിദ്യഭ്യാസ രംഗത്തെ സംഭാവനകൾ... എൻ.എസ്.എസിന്റെ സംഭാവനകൾ... അതിന് പിന്നാലെയുള്ള എസ്.എൻ.ഡി.പി യുടേയും എം.ഇ.എസിന്റേയും സംഭാവനകൾ... പ്രവാസം... അത് കൊളംബോ, മദ്രാസ്, ബോംബെ, അഹമദാബാദ് മുതൽ സിംഗപ്പൂരും യൂറോപ്പും അമേരിക്കയും ഗൾഫും... അതിൽ പ്രത്യേകം എടുത്ത് പറയേണ്ടത്, ഗൾഫ് പണവും സഹവാസവും... അതിൽ നിന്നുൾഭവിച്ച സാമ്പത്തിക-സാമൂഹിക-സാമ്പത്തിക-ആരോഗ്യപരമായ മുന്നേറ്റം, കേരളത്തെ മൊത്തമായി സഹായിച്ചുവെങ്ങിലും മുസ്ലീം സമൂഹത്തിന്റെ മുന്നേറ്റം ശ്രദ്ധാർഹമായിരുന്നു... മലയോരമേഖലയിലേക്കുള്ള കർഷകരുടെ കുടിയേറ്റം, പ്രത്യേകിച്ച് കൃസ്ത്യൻസമൂഹത്തിന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്... ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളും, തൊട്ടുപിന്നാലെ കമ്യുണിസ്റ്റ് നിലപാടുകളും ഈഴവ സമൂഹത്തെ പൊതുധാരയിലേക്കെത്തിക്കുന്നതിലും കേരളത്തിന്റെ വലിയൊരു ശതമാനം ജനത്തെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കി... ഭൂപരിഷ്കരണത്തിന്റെ പ്രധാനഗുണഭോക്താക്കൾ ഈഴവസമൂഹമായിരുന്നുവല്ലോ... അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ടി.കെ. മാധവനും തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കൾ ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വേരുറപ്പിക്കുന്നത് തന്നെ... കേരളത്തിന്റെ ഭൂപ്രകൃതിയും പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള കൂട്ടിചേരലുകളും കേരളമോഡലിന് സഹായകമായിരുന്നു...

1957 ലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന് മുൻപ് തന്നെ കേരളമോഡലിന്റെ നാമ്പുകൾ കേരളത്തിൽ കണ്ടുതുടങ്ങിയിരുന്നു... 1951 ലെ കണക്കുകൾ നോക്കാം... കുട്ടികളുടെ മരണനിരക്ക് ആയിരത്തിന് ഇന്ത്യയിൽ 140 ആയിരുന്നപ്പോൾ കേരളത്തിൽ 128 ആയിരുന്നു... 1951 ൽ ജീവിതദൈർഘ്യം ഇന്ത്യയിൽ 32.5 വയസായിരുന്നപ്പോൾ കേരളത്തിലത് 44 വയസായിരുന്നു... ആതുരലായങ്ങളും ആരോഗ്യസംരക്ഷണവും വിജയം കണ്ടുതുടങ്ങിയിരുന്നു... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ച നിരക്കുള്ള പ്രദേശം (ആയിരത്തിന് 44) എന്നതിൽ നിന്ന് 1991 ൽ ഏറ്റവും കുറവ് ജനസംഖ്യ വളർച്ചയുള്ള (ആയിരത്തിന്  18) സംസ്ഥാനമായി കേരളം മാറിയതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് മാത്രമായി എന്താണവകാശപ്പെടാനുള്ളത്... താഴെതട്ടിലുള്ള വികസനത്തെ തകിടം മറിക്കുന്ന പ്രധാനപ്പെട്ട ഒന്നിൽ ജനകീയമായി കേരളം മുന്നേറി... ദേശീയതലത്തിലുള്ള ജനസംഖ്യനിയന്ത്രണമൊക്കെ കേരളത്തിൽ വിജയപ്രഥമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ, വിദ്യഭ്യാസത്തിലുള്ള മുന്നേറ്റം, പ്രത്യേകിച്ച് സ്തീകളുടെ, പ്രഥാന ഘടകമാണ്... വിദ്യഭ്യാസ നിലവാരം നോക്കിയാൽ, കേരളത്തിലെ സ്ത്രീകളുടെ വളർച്ചയും അത് സമൂഹത്തെ എങ്ങനെ ഗുണപരമായി മാറ്റിയെന്നതും കാണാവുന്നതാണ്... 1951 ൽ ഇന്ത്യയിൽ പുരുഷന്മാരുടെ സാക്ഷരത നിരക്ക് 25 ശതമാനമായിരുന്നപ്പോൾ കേരളത്തിലത് 50 ശതമാനമായിരുന്നു... അതേ സമയത്ത് ഇന്ത്യയിലെ സ്ത്രീകളുടെ സാക്ഷരത നിരക്ക് വെറും 8 ശതമാനമായിരുന്നു... പക്ഷേ കേരളത്തിലത് നാല് മടങ്ങ് (32%) കൂടുതലായിരുന്നു... 1951 ൽ സ്തീ-പുരുഷനുപാതം ഇന്ത്യയിൽ ആയിരം പുരുഷന്മാർക്ക് 946 സ്ത്രീകളായിരുന്നു കേരളത്തിൽ ആയിരം പുരുഷന്മാർക്ക് 1028 സ്ത്രീകളൂണ്ടായിരുന്നു... പെൺകുട്ടികളാണെങ്കിൽ, ഭ്രൂണഹത്യ അല്ലെങ്കിൽ പെൺകുട്ടികൾക്ക് പോഷകാഹാരം നൽകാതിരിക്കുക, സംരക്ഷിക്കാതിരിക്കുക... അതിൽ നിന്നെല്ലാം കേരളം മുക്തമായിരുന്നു...

1970 കളുടെ അവസാനത്തിൽ തന്നെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തന്നെ എത്തിയിരുന്നു... അടിസ്ഥാന സൗകര്യങ്ങളും രണ്ട് കിലോമീറ്ററിനുള്ളിൽ എത്രശതമാനം ഗ്രാമങ്ങളിലുണ്ടെന്നതും ബ്രാക്കറ്റിൽ... റോഡുകൾ (98%) ബസ് സ്റ്റോപ്പ് (98%) തപാലാപ്പിസ് (100%), പ്രൈമറി സ്കൂൾ (100%) ന്യായ വില കടകൾ (99%) ചെറിയ ആതുരാലയങ്ങൾ (91%) ... അഞ്ച് കിലോമീറ്ററിനുള്ളിൽ, ഹൈസ്കൂൾ (97%) ആശുപത്രികൾ (78%) വളം കടകൾ (93%) വാണിജ്യ ബാങ്കുകളൂം സഹകരണബാങ്കുകളൂം (96%), മൃഗാശുപത്രികൾ (92%)... ഇതിലൊക്കെ കമ്യൂണിസ്റ്റ് സർക്കാരുകൾക്ക് മാത്രമായി അവകാശപ്പെടാനെന്താണുള്ളത്... കേരളത്തിലെ കർഷകരും തൊഴിലാളികളും സ്വന്തം തൊഴിലിൽ വിദഗ്ദരും കഠിനപ്രയത്നരുമായിരുന്നു... മുണ്ടുമുറുക്കിയുടുത്ത് എല്ലുമുറിയെ പണിയെടുത്തിരുന്നു... ഉന്തുകാലിൽ ചുരുങ്ങിരിക്കുന്ന സംസ്കാരമായിരുന്നില്ല കേരളത്തിലേത്... ഉത്തരേന്ത്യയിലെ കർഷകർക്ക് പ്രചോദനം ലഭിക്കുന്നതിനും ഇന്ത്യയിലെ ഭക്ഷ്യക്ഷാമത്തിനറുതി വരുത്തുന്നതിനും നെഹ്രുവിന്റെ കാലത്ത് നടപ്പിലാക്കിയ സൗജന്യ ഭൂമി വിതരണം മുതലാക്കി മലയാളികൾ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെത്തിയിരുന്നു... മലയാളി കർഷകരുടെ മാതൃക പിന്തുടരണമെന്ന് നെഹ്രു പറഞ്ഞത്, മലയാളികളൂടെ കൃഷി പെരുമയ്ക്കുദാഹരണമാണ്... 

1951 ലെ അവസ്ഥയിൽ നിന്ന് ഇന്നത്തെ കേരളത്തിന്റെ മുഖഛായ സൃഷ്ടിക്കുന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയൊപ്പം തോളോടുതോളുരുമി കോൺഗ്രസും മറ്റ് മത-സാമുദായിക-പുരോഗമന സംഘടനകൾ വിയർപ്പൊഴുക്കിയിട്ടുണ്ട്... ദേശീയതലത്തിൽ തന്നെ നടപ്പിലാക്കിയ പദ്ധതികളുടെ കേരളത്തിലെ മെച്ചപ്പെട്ട പ്രകടനവും കേരളമോഡലിന്റെ തൂണുകളാണ്... രാഷ്ട്രീയ പരിഹാരത്തോടൊപ്പം സേവനപ്രവർത്തനങ്ങളും നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സംസ്ഥാനമാണ് കേരളം... ന്യായവിലഷോപ്പുകളിലൂടെയുള്ള ഭക്ഷ്യസഹായത്തിന് സമാന്തരമായി കാരുണ്യപ്രവർത്തകരുടെ സൗജന്യഭക്ഷ്യ-വസ്ത്ര-വീട് നിർമ്മാണം കേരളത്തിൽ വലിയ തോതിൽ നടന്നിരുന്നതും മറക്കാനാകില്ല... അനാഥശാലകൾ പോലെയുള്ള പ്രസ്ഥാനങ്ങൾ തെരുവിലെ കുട്ടികളുടെ എണ്ണവും പരിമിതപ്പെടുത്തിയിരുന്നു... ഏതൊരു സമൂഹത്തിന്റേയും വളർച്ച മുരടിപ്പിക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യുന്ന മതവൈരം കേരളത്തിൽ താരതമ്യേന കുറവായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്... 

കേരളമോഡലിന്റെ ആദ്യപടി നാം പൂർണ്ണമായല്ലെങ്കിൽക്കൂടി വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നുവെന്ന് അവകാശപ്പെടാം... അതിന്റെ തുടർച്ചയായിയുണ്ടാകേണ്ടിയിരുന്ന ഉന്നതവിദ്യഭ്യാസവും മാലിന്യം സംസ്കരണം മുതൽ അതിവേഗഗതാഗത സൗകര്യങ്ങൾ വരെ, തൊഴിൽ ലഭ്യത തുടങ്ങിയ പുതിയ മാനകങ്ങളിൽ നാം പുറകോട്ട് സഞ്ചരിക്കുകയോ, ലോകത്തിന്റെ വേഗതക്കൊത്ത് സഞ്ചരിക്കാതെ കേരളമോഡലിന്റെ തഴമ്പിൽ തടവി ഊറ്റം കൊള്ളുകയോ ചെയ്യുന്നുവെന്നത് നിരാശജനജനകമാണ്... ഒരു മോഡലും നിശ്ചലമാകരുത്... ഇന്നത്തെ സാഹചര്യത്തിനനുസരിച്ച് കേരളമോഡലും പുതുക്കിപണിയണം... നമുക്കാകും... നേർവകാശികൾ നമ്മളെല്ലാവരുമാണ്... പുതുക്കിപണിതുകൊണ്ടാകണം അവകാശങ്ങൾ ഊട്ടിയുറപ്പിക്കാൻ...

റഫറൻസ് :
https://sustainability.water.ca.gov/documents/18/3334113/Sustainability%2Bin%2BKerala,%2BIndia.pdf
https://en.wikipedia.org/wiki/Kerala_model

Tuesday, 17 September 2013

ഓണം ഇനിയും മതേതരമാകണം...

ഓണത്തിന് ഹിന്ദു ഐതീഹ്യപ്രകാരം നിരവധി കഥകളുണ്ട്... അതുകൊണ്ട് തന്നെ അതെല്ലാവരും ആഘോഷിക്കണമെന്ന് നിർബദ്ധമില്ല... മറ്റൊരാളുടെ ആഘോഷമെന്ന് കരുതുന്നതും നിങ്ങളും ആഘോഷിക്കണമെന്ന് നിർബദ്ധിക്കാനാകില്ലല്ലോ... വിഷുവും വിളവെടുപ്പ് ഉൽസവമാണ്... പക്ഷേ കാലക്രമേണ ഹിന്ദു ഉൽസവമായി വേർതിരിക്കപ്പെട്ടതാകാം... മഹാനായ രാജാവിന്റെ തിരിച്ചുവരവ് വിഷുവിനുമില്ല... അതുകൊണ്ടാകാം, ഓണം ദേശീയോൽസവമാകുന്ന അതേ വികാരങ്ങൾ വിഷുവിനില്ല... അതുകൊണ്ട് തന്നെ ചെറുപ്പത്തിൽ വീട്ടിൽ ചോറ് പഞ്ചസാരയിട്ട് വറ്റിച്ച് വിഷുക്കട്ട എന്ന പലഹാരത്തിനപ്പുറം ഒരു ആഘോഷമായിരുന്നില്ല... ഇന്ന് അതുമില്ല...

എന്നെ സംബദ്ധിച്ച്, ഓണം എന്റേതാണ്... എനിക്ക് കൊയ്തുൽസവമാണ്... കേരളം ഭരിച്ചിരുന്ന നല്ലൊരു രാജാവിന്റെ ഓർമ്മയാണ്... അത്തരം ഓർമ്മകളിലേക്ക് കുറെ ഐതീഹങ്ങൾ വരുകയും അത് ഹിന്ദുമതമായി മാറുകയും ചെയ്തതിന് ഞാനെന്തിന് എന്റെ ആഘോഷത്തെ ബഹിഷ്കരിക്കണം... ഓണത്തെ തിരിച്ചുപിടിക്കുകയെന്നതാകട്ടെ നമ്മുടെ ലക്ഷ്യം... എന്റെ ഓണാഘോഷത്തിൽ, മതപരമായ ഒന്നും അവശേഷിക്കുന്നില്ല... മതേതരമായ സ്വത്വം നില‌നിർത്തിയും ഓണമാഘോഷിക്കാം... ചരിത്രം ചികഞ്ഞ്, അടിവേരിളക്കി തോണ്ടിയാൽ... എനിക്ക് സ്വന്തമായി വല്ലതും കാണുമോ... ഓരോ സംസ്കാരവും ഇടകലർന്നല്ലേ, ഞാനിന്നായത്... 

ചരിത്രപരമായി ഓണം ഹിന്ദുമതത്തിന്റെ ഭാഗം മാത്രാമായാലും, എനിക്ക് ഓണമാഘോഷിക്കാനുള്ള സാധ്യതകൾ ഓണാഘോഷത്തിൽ നിരവധിയാണ്... മതപരമായ ആചാരത്തിന്റെ പുറത്തുള്ള എല്ലാ ആഘോഷങ്ങളിലും ഞാൻ പങ്കെടുക്കാറുണ്ട്... അത് നമ്മുടെ സാമൂഹികമായ ബാധ്യതയാണ്... ഓണാഘോഷത്തിൽ പങ്കുചേരില്ലായെന്ന് പറയുന്നവരെങ്ങനെയാണ് നോമ്പുതുറയ്ക്ക് അമുസ്ലീമുകളെ ക്ഷണിക്കുക... അതുതന്നെ ക്രിസ്തുമസിനും... മതപരമായ വേലിക്കെട്ടുകൾക്കുള്ളിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്ന് പറയുന്ന മതമൗലീകവാദികളുടെ കോളാമ്പിയായി പുരോഗമനവാദികളും ദൈവ-മത വിശ്വാസികളും നിലപാടെടുക്കരുത്...

അസലാമു അലൈക്കുമെന്ന് പറയാത്ത ആൾക്കാരുണ്ട്... ഭാഷയ്ക്ക് മതം നൽകിയവർ... അറബി ഭാഷപോലും മുസ്ലീമിന് പതിച്ചു നൽകി... അതുപോലെയുള്ളവരാണ്... ഓണാശംസ നൽകുമ്പോൾ... ഓണം ഹിന്ദുക്കളുടെതല്ലേയെന്ന് പറയുന്നത്... അറിവില്ലാ പൈതലുകൾ... അമ്പലത്തിൽ "ഹിന്ദുകലകൾ" (?) മാത്രമേ അവതരിപ്പിക്കാവുവെന്ന് ശഠിക്കുന്നതും തിരുവാതിരക്കളിക്ക് പാർവതിയുടെ കഥയും കൈകൊട്ടിക്കളിക്ക് ശിവന്റെ കഥയുമെന്ന ശാഠ്യമൊക്കെ അനർത്ഥകമാണ്... എല്ലാത്തിനും മതത്തിന്റെ ഛായ നൽകുന്ന പിന്തിരിപ്പൻ മനോഭാവം... അതുതന്നെയാണ് ഓണാഘോഷത്തിൽ ചില പ്രത്യേക കലകൾക്ക് മാത്രമെന്ന് കടുപിടുത്തം നടത്തുന്നവരുടെ മനസിലും...

ഇന്ന് കാണുന്ന തരത്തിൽ ഓണം ദേശീയോൽസവമാക്കിയതിൽ 1961 ൽ പട്ടം താണുപിള്ള സർക്കാരിന്റെ ഔദ്യോഗികപ്രഖ്യാപനം ഒരു പ്രധാന നാഴികകല്ലാണ്... അങ്ങനെ ഔദ്യോഗികമായി മതേതരമാക്കിയ ഓണത്തെ കേരളീയസമൂഹത്തിന്റെ ഒരു മതേതര ഉൽസവമായി നിലനിർത്താൻ സർക്കാരും സമൂഹവും പ്രയത്നിക്കേണ്ടതാണ്... ഔദ്യോഗികമായി നടത്തുന്ന ഓണപരിപാടികൾ അമ്പലുമായി ബന്ധപ്പെട്ട് നടത്തേണ്ടതില്ല... ഓണം തെരുവുകളിലായിരിക്കണം ആഘോഷിക്കേണ്ടത്... അമ്പലത്തിൽ ആഘോഷിക്കേണ്ടവർക്ക് അതാകാം... പക്ഷേ ഔദ്യോഗികത നൽകേണ്ടതില്ല... വിളവെടുപ്പും മാവേലിയും... അതായിരിക്കണം നമ്മുടെ ഓണം...

ഏതൊരു ആഘോഷവും, മതപരമായാലും അല്ലെങ്കിലും, സാമൂഹിക ജീവി എന്ന നിലയിൽ, അതിൽ പങ്കെടുക്കും... മതപരമായ വേലിക്കെട്ടുകൾക്കിടയിൽ ഞെരിഞ്ഞമരാനുള്ളതല്ല... എന്റെ ജീവിതം, എന്റെ മക്കളുടേതും... അതിനായി എന്നെക്കൊണ്ടാകുന്ന എല്ലാ സഹകരണവും എല്ലാ ആഘോഷങ്ങൾക്കും... അപ്പോൾ പറഞ്ഞ പോലെ... എല്ലാ ആഘോഷങ്ങളും ആഘോഷിക്കാനുള്ളതാണ്... അതാണെന്റെ മുദ്രാവാക്യം...

Saturday, 14 September 2013

ഓണം നമ്മുടെ സ്വന്തം ഓണം...

ഓണം കൊയ്തുൽസവമാണോ അതോ തേനും പാലും ഒഴുകിയിരുന്ന കേരളവും അത് ഭരിച്ചിരുന്ന മഹാബലി രാജാവും ഉണ്ടായിരുന്നോ... അദ്ദേഹത്തിന്റെ മരണത്തിന്റെ വാർഷികമാണോ ഓണം... അതോ ഹിന്ദു ഐതീഹ്യപ്രകാരം മഹാബലിയും വാമനനും തുടങ്ങി... ഓണം ഹിന്ദു ആഘോഷമാണോയെന്നൊന്നും തീർച്ചയില്ല... അല്ലെങ്കിലും ഓണത്തിനിടയ്ക്ക് എന്ത് പുട്ടുകച്ചവടം... ഓണം നമ്മുടെ ദേശീയോൽസവമാണ്... അതങ്ങട് ആഘോഷിക്ക... എല്ലാം കഥകളല്ലേ... നമുക്കിഷ്ടമുള്ള കഥകൾ സ്വീകരിക്കുക...

വള്ളി ടൗസറിട്ട് നടന്ന കാലം മുതൽ... അത്തം മുതൽ തിരുവോണം വരെ... എല്ലാദിവസവും വീട്ടിൽ പൂക്കളമിടുകയും തിരുവോണത്തിന്റെയന്ന് സാമ്പാറും പപ്പടവും കൂടെ ഉപ്പേരിയും (തോരൻ‌) കുത്തരിച്ചോറും ഇലയിൽ കഴിക്കുന്നതാണ് ഓർമ്മയിൽ... ഓണക്കോടിയും കൈനീട്ടവും ജീവിതത്തിന്റെ ഭാഗമേയായിരുന്നില്ല... ഉത്രാടപാച്ചിലിൽ കടം വാങ്ങിയ പണവുമായി ഓണമാഘോഷിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലും ഓണക്കോടിയൊക്കെ ആർഭാടമായിരുന്നിരിക്കണം... സുഹ്രുത്തുക്കൾക്കൊന്നും ഓണക്കോടിയൊന്നും കിട്ടിയ കഥയൊന്നും കേൾക്കാത്തതുകൊണ്ട് ഓണക്കോടിയൊന്നും എന്റെ മനസിനെ അലട്ടിയിരുന്നുമില്ല... ഓണനാളുകളിൽ സുഹൃത്തുക്കളുടെകൂടെ  സിനിമതീയറ്ററിലേക്ക് വരമ്പിലൂടെ വരിവരിയായി നടന്നുപോയി ബഞ്ചിലിരുന്ന് ഒരു സിനിമയും... മാറ്റിനി... അതൊക്കെയൊരു കാലം... ങാ... ഓണമൊക്കെ കഴിഞ്ഞു... ഇനി പുസ്തകമെടുത്ത് നാലക്ഷരം പഠിക്കടായെന്ന ഓർമ്മപ്പെടുത്തലോടെ ഓണത്തിന്റെ ശവമടക്കും കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നത്...

പള്ളികളും ഓണത്തേയും ഓണവുമായി ബന്ധപ്പെട്ട പൂക്കളങ്ങളേയും സ്വീകരിച്ചിരുന്നുവെന്നതും ഓണാഘോഷങ്ങൾ എന്റേയും ജീവിതത്തിന്റെ ഭാഗമാകുന്നതിൽ പ്രധാനഘടകമായിട്ടുണ്ട്... എല്ലാവർഷവും പള്ളിയിലെ ഏതെങ്കിലും സംഘടനകൾ നടത്തുന്ന പൂക്കളമൽസരങ്ങളും... തിരുവോണത്തിന്റെയന്ന് പള്ളിയിലിടുന്ന വലിയ പൂക്കളവും... കുർബാനമധ്യേ പുരോഹിതൻ വിശ്വാസികൾക്ക് നൽകുന്ന ഓണാശംസകളും ഓണം കേരളത്തിന്റെ ദേശീയോൽസവമാണെന്ന ധാരണ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്... അങ്ങനേയും ഓണം എന്റേതുമായി...

വിദ്യാലയങ്ങളിലേയും കോളേജുകളിലേയും പൂക്കളമൽസരവും ഓണത്തെ സ്വന്തം ഉൽസവമായി സ്വീകരിക്കാൻ സർവരേയും പ്രാപ്തരാക്കിയിട്ടുണ്ട്... അതിലൊക്കെ പങ്കെടുക്കുന്നത് എനിക്കും ഹരമായിരുന്നു... പ്രാദേശികമായി നടത്തുന്ന "അഖിലകേരളപൂക്കളമൽസരങ്ങളിൽ" എല്ലാവർഷവും ഒന്നിലധികം സ്ഥലങ്ങളിൽ ക്ലബിന്റെ പേരിൽ ഒരു ടീം പങ്കെടുക്കുന്നതും ഓണത്തെ സജീവമായി നില‌നിർത്തുന്ന പ്രധാനഘടമായിരുന്നു... ഓണദിവസം, തൊട്ടടുത്ത ഗ്രാമത്തിൽ, കൈകൊട്ടിക്കളി  (ഓണംകളി) മൽസരവും വടം വലി മൽസരവുമുണ്ടാകുമായിരുന്നു... ഓണസദ്യ കഴിഞ്ഞാൽ, അതായിരുന്നു ആ കാലങ്ങളിലെ ഓണവിരുന്ന്... ങും മസിലൊക്കെ പെരുപ്പിച്ച് കക്ഷത്ത് ഇഷ്ടിക വെച്ച് നടക്കുന്ന ജിമ്മൻ ചേട്ടന്മാരെ അസൂയയോടെ നോക്കി, നെടുവീർപ്പിടുന്നതും ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു...

പിന്നെ പ്രവാസമാണ്... ആദ്യകാലപ്രവാസത്തിനിടയിൽ, എന്ത് ഓണം എന്ത് സദ്യ... കുറെ കഴിഞ്ഞപ്പോൾ ഓണം തിരിച്ചുവന്നു... ഓണസദ്യയും... കുടുംബവും കുട്ടികളുമായപ്പോൾ തിരുവോണത്തിന്റെയന്ന് പൂക്കളവും... ഓണസദ്യകൾ ഒന്നിലധികം... ഓണവസ്ത്രമെന്ന പേരിൽ പട്ടുവസ്തങ്ങൾ... ഓണത്തിനുടുക്കാൻ എനിക്കൊരു മുണ്ടും... ഹോ... കസവ് മുണ്ടില്ലാതെയെന്ത് ഓണം...

പറഞ്ഞുവന്നത്... ഓണം എന്റേതാണ്... എന്റെ മനസിൽ മാവേലിയുണ്ട്... മാവേലി നാട് വാണിടും കാലം... ഇനിയും തിരിച്ചുവരും.... പ്രത്യാശയുടെ കിരണങ്ങളുമായി ഓണമെത്തുമ്പോൾ... ഞാനും ആഘോഷിക്കുന്നു ഓണം... നമ്മുടെ സ്വന്തം ഓണം...

ഉത്രാടപാച്ചിലും... മരണപാച്ചിലും...
http://georos.blogspot.com/2011/09/blog-post.html

ഓണവും സംസ്കാരവും...

http://georos.blogspot.com/2010/08/blog-post_05.html

Thursday, 12 September 2013

മറ്റേ കുറ്റിയിൽ കെട്ടിയോ...

നിങ്ങളുടെ അഭിപ്രായം എന്റെ അഭിപ്രായത്തോട് ചേർന്ന് പോകുന്നില്ലെങ്കിൽ, നിങ്ങളുടെ അഭിപ്രായത്തെ മറ്റേതെങ്കിലും കുറ്റിയിൽ കെട്ടുകയെന്നതാണ് ശീലം... അതിപ്പോൾ നിങ്ങളുടെ മതമാകാം, അല്ലെങ്കിൽ നിങ്ങൾ താമസിക്കുന്ന രാജ്യമാകാം... അതേസമയം... നിങ്ങളുടെ അഭിപ്രായം എന്റെ അഭിപ്രായത്തോട് ചേർന്ന് പോകുന്നതാണെങ്കിൽ, നിങ്ങളുടെ മതമോ നിങ്ങളുടെ രാജ്യമോ ഒന്നും എനിക്ക് പ്രശ്നവുമല്ല... എന്താല്ലെ...

മുസ്ലീമുകൾ ഇന്ത്യ-പാകിസ്ഥാൻ പ്രശ്നത്തിൽ അന്ധമായി ഇന്ത്യയെ പിന്തുണച്ചില്ലെങ്കിൽ, ഉടനെ കിട്ടും... നീയൊക്കെ മൂസ്ലീമല്ലേ... പാകിസ്ഥാന്റെ കൂടെ നിന്റെയൊക്കെ മനസ്... അതുകൊണ്ടാണ് ഇതുപോലെയുള്ള അഭിപ്രായങ്ങൾ വിളമ്പുന്നത്... ഇതുതന്നെയാണ് കൃസ്ത്യാനികളുടേയും കാര്യം... കൃസ്ത്യാനികളൂടെ അഭിപ്രായങ്ങൾക്ക് പാശ്ചാത്യവിധേയത്വം കാണാവുന്നതാണെന്ന മുൻവിധികൾ... അതുതന്നെ ഹിന്ദുക്കളുടെ അഭിപ്രായങ്ങളെ സംഘിയാക്കുന്നതും

കേരളത്തിലെ റോഡുകളെപ്പറ്റി ചർച്ച വരുമ്പോൾ, കേരളത്തിൽ താമസിക്കുന്നവർ, വലിയ റോഡുകളാണ് വികസനത്തിന് ആവശ്യമെന്ന് പറയുന്നത് സ്വാഭാവികവും... ഗൾഫ് പ്രവാസികൾ അത്തരം റോഡുകളിലൂടെയുള്ള വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നതെങ്കിൽ... മരുഭൂമിയിലൂടെയുള്ള റോഡൊക്കെ കണ്ടിട്ടാണ് ഉട്ട്യോപ്യൻ ആശയം പറയുന്നെതെന്ന ഒരു ധാരണ സൃഷ്ടിക്കാറുണ്ട്...

ഇതുതന്നെ... പാവങ്ങൾ പണക്കാരുമെന്ന വേർതിരിവിലുമുണ്ട്... സബ്‌സിഡിയുമായി ബദ്ധപ്പെട്ട ചർച്ചയാണെങ്കിൽ, ഏതുതരം സബ്‌സിഡിയേയും പിന്തുണച്ചില്ലെങ്കിൽ, നിങ്ങളൊക്കെ പണക്കാരായതുകൊണ്ടാണ് അങ്ങനെയൊരു നിലപാടെന്നും... നിങ്ങൾ പാവങ്ങളെക്കെതിരെയുമാണെന്നും മുൻവിധിയുമായാണ് ചർച്ച തുടങ്ങുന്നത്...

സാമ്പത്തിക-സാമൂഹിക കാര്യങ്ങളിൽ കമ്യൂണിസത്തിനൊത്ത് ചിന്തിക്കുന്ന വലിയൊരു ജനസമൂഹം കേരളത്തിലുണ്ട്... പ്രത്യേയശാസ്ത്രപരമായി കമ്യൂണിസത്തിന്റെ കുടകീഴിൽ അണി നിരക്കാത്ത, എന്നാൽ സോഷ്യലിസ്റ്റ് ചിന്തകളും ക്ഷേമരാഷ്ട്രസങ്കൽപ്പങ്ങളിലും വിശ്വാസിക്കുന്ന മറ്റൊരു കൂട്ടർ... മുതലാളിത്ത-വിപണി സിദ്ധാന്തങ്ങളിൽ അടിയുറച്ച് വിശ്വാസിക്കുകയും സാമ്പത്തിക-സാമൂഹിക വികസനത്തിന് സോഷ്യലിസ്റ്റ് കാഴ്‌ചപ്പാടുകൾ പിന്തിരിപ്പനാണെന്ന് കരുതുന്ന സമൂഹവും ചേർന്നതാണ് മലയാളികൾ... വിത്യസ്തരാജ്യങ്ങളിൽ ജോലി ചെയ്യുന്നതുകൊണ്ടല്ല... നമ്മുടെയൊക്കെ നിലപാടുകൾ വിത്യസ്തമായത്... നമ്മൾ ഓരോരുത്തരും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ, പൂർണ്ണമല്ല... അതുകൊണ്ട് തന്നെ എല്ലാവരും അതേ ആശയത്തെ പിന്തുണയ്ക്കുകയുമില്ലല്ലോ... സ്വന്തമായി ചിന്തിക്കുന്നവർ... എതിരഭിപ്രായങ്ങൾ ഉന്നയിക്കുക സ്വാഭാവികമാണ്... അമേരിക്കയിലായാലും കേരളത്തിലായാലും എതിരഭിപ്രായങ്ങളുണ്ട്... അമേരിക്കയിലിരുന്ന് അനുകൂല അഭിപ്രായം ഉന്നയിക്കുന്നതുപോലെ ഒന്നാണ് അമേരിക്കയിലിരുന്ന് എതിരഭിപ്രായം ഉന്നയിക്കുന്നതും... അങ്ങനെയല്ലേ...

വിത്യസ്ത ചിന്തകൾ മാറ്റുരയ്ക്കുന്ന വേദികളാണ് സംവാദത്തിന്റെ നിലയിലേക്ക് ഉയരുക.. ഏമാൻ പറയുന്നു ശിങ്കിടികൾ ഏറ്റുപാടുന്നു... അത്തരം ഉടമ അടിമ ബന്ധം... ഓൺലൈൻ ലോകത്ത് പ്രതീക്ഷിക്കുന്നതല്ലേ മഠയത്തരം... ഒന്ന് മാത്രമായിരിക്കണം ശരിയെന്ന് ശാഠ്യപിടിക്കുന്നത്, മറ്റ് ശരികളെ സ്വീകരിക്കാൻ നമ്മുടെ മനസ് പാകമാകാത്തതുകൊണ്ടാണ്... കുറെ ശരികളുണ്ട്... അതിലൂടെയൊക്കെ യാത്ര ചെയ്ത്... നമുക്ക് മുന്നോട്ട് പോകാം... അപ്പോൾ പറഞ്ഞതുപോലെ, മറ്റേ കുറ്റിയിൽ കെട്ടല്ലേ...

Wednesday, 11 September 2013

ബറാബാസിനെ വെറുതെ വിടുക, യേശുവിനെ ക്രൂശിക്കുക...

ബറാബാസിനെ വെറുതെ വിടുക...
യേശുവിനെ ക്രൂശിക്കുക...

2000 വർഷം മുൻപ് പറഞ്ഞ കഥയല്ല... ഇന്നും അങ്ങനെയാകണമെന്ന് നാം ശഠിക്കുന്നുണ്ടോയെന്ന സംശയമാണ്... വിധികൾ ജനക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്ക് നടുവിൽ പ്രഖ്യാപിക്കേണ്ടിവരുന്നത്, നമ്മുടെ നീതിന്യായവ്യവസ്ഥയുടേയും സമൂഹത്തിന്റേയും വളർച്ചയുടെ പരിമിതിയാണ് വെളിവാക്കുന്നത്... നീതിന്യായവ്യവസ്ഥയുടെ വളർച്ചയ്ക്ക്  ആക്രോശിക്കുന്ന സമൂഹം വിഘാതവുമാണ്...

റോമൻ ഭരണത്തിന്റെ കാലമൊക്കെ കഴിഞ്ഞു...  പോലിസ് അന്വേഷണം നടത്തി, കോടതി മുറികളിൽ തെളിവും ന്യായങ്ങളും നിരത്തി, വാദിക്കും പ്രതിക്കും സ്വന്തം ഭാഗം കോടതിക്ക് മുൻപിൽ അവതരിപ്പിക്കാൻ ആവശ്യത്തിലധികം സമയം നൽകിയാണ് നിയമവ്യവസ്ഥയിൽ ഒരു വിധി നടപ്പിലാക്കുന്നത്... എല്ലാ വിധികളിലും പൂർണ്ണമായും നീതി നടപ്പിലാക്കിയെന്ന് നമുക്ക് പറയാനാകില്ല... വികാരപരമായി ചിന്തിച്ചാൽ, ഒരിക്കലും നീതി കിട്ടിയെന്ന വിശ്വാസം നമുക്കുണ്ടാകില്ല... പ്രത്യേകിച്ച് വികാരത്തിന് മുൻതൂക്കം ലഭിക്കുന്ന കേസുകളിൽ... എന്നാലും... ജനക്കൂട്ടത്തിന്റെ ആക്രോശത്തിനനുസരിച്ച് ബറാബാസിനെ വെറുതെ വിടുകയും യേശുവിനെ ക്രൂശിക്കുകയും ചെയ്യുന്നയവസ്ഥ നിയമവ്യവസ്ഥയുടെ നില‌നിൽപ്പിന് അപകടകരമാണെന്ന സത്യം നാം തിരിച്ചറിയണം... കോടതികളെ സമ്മർദ്ധത്തിലാക്കുന്ന പ്രക്ഷോഭങ്ങളും നമ്മുടെ വികാരത്തെ ശമിപ്പിക്കാൻ തക്ക വിധത്തിലുള്ള വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്നതും നിരപരാധികളും ശിക്ഷിക്കപ്പെടാനെ ഉപകരിക്കൂ... തെരുവിൽ ശക്തി കാണിക്കുന്നതിനനുസരിച്ച് വിധികൾ പുറപ്പെടുന്ന ഒരു കാലത്തേക്ക് നമുക്ക് തിരിച്ചുപോകാനാകില്ലല്ലോ...

എനിക്ക് പൂർണ്ണമായ നീതി കിട്ടിയെന്നുള്ള എന്റെ വിശ്വാസത്തിനപ്പുറത്ത് കോടതി വിധികളെ സ്വീകരിക്കാൻ ഞാൻ എന്റെ മനസിനെ പ്രാപ്തരാക്കുന്നു... ഇരകൾ പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറയുന്ന ലാഘവത്തോടെ കേന്ദ്രമന്ത്രിമാർ മുതൽ അഭിപ്രായം പ്രകടിപ്പിക്കുന്നത് നീതികരിക്കാനാകില്ല... ഡൽഹിയിൽ ബസിൽ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ, പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കാൻ ഒരു വ്യക്തിയെന്ന നിലയിൽ നമുക്കെല്ലാവർക്കും അവകാശമുണ്ട്... അതേസമയം അധികാരത്തിലിരിക്കുന്ന വ്യക്തികൾ, കോടതികളെ സ്വാധീനിക്കാൻ സാധ്യതയുള്ള എങ്ങനെയാകണം വിധികളെന്ന് സൂചന നൽകുന്നതിനോട് യോജിക്കാനാകില്ല... 

നമ്മുടെ പ്രതിഷേധങ്ങളും നമ്മുടെ സമർദ്ധങ്ങളും സുതാര്യമായി വേഗത്തിലും നീതി നടപ്പിലാക്കുകയെന്ന ഉദ്ദേശ്യത്തിനപ്പുറത്തേക്ക് നീങ്ങരുതെന്ന ഒരു കാഴ്ചപ്പാടാണ്... സമയത്തിന്റെ കാര്യത്തിൽ ഡൽഹിയിലെ ബസിലെ കൂട്ടബലാസംഘത്തിനുശേഷമുള്ള കൊലപാതകത്തിൽ അന്വേഷണൗദ്യോഗസ്ഥരും കോടതിയും സുത്യർഹമായ രീതിയിലാണ് പ്രവർത്തിച്ചത്... അല്ലാതെ തെരുവിലെ ശബ്ദത്തിനനുസരിച്ച് കോടതികൾ പ്രവർത്തിക്കരുതല്ലോ...

ഡൽഹി ബലാൽസംഘം ചെയ്ത് കൊന്ന കേസിലായാലും ഇന്ത്യൻ ദേശീയതയെ അക്രമിക്കുന്ന കേസിലായാലും... വികാരത്തിനപ്പുറത്ത് നിയമത്തിന്റെ വിചാരമായിരിക്കണം ഒരു സമൂഹത്തെ നയിക്കേണ്ടത്... ഏതെങ്കിലും ഒരു വ്യക്തിയെ തൂക്കിലേറ്റിയാൽ, വികാരം ശമിപ്പിക്കാൻ സാധിക്കുമെങ്കിൽ, ഭരണകൂടം ഒരു നിരപരാധിയെ തൂക്കിലേറ്റാനും മടിക്കില്ലായെന്ന് നാം മനസിലാക്കണം... അങ്ങനെയല്ലേ യേശുവിന്റെ കുരിശിലേറ്റലിലൂടെ നടന്നതെന്ന് ബൈബിളും നമ്മെ ബോധവത്ക്കരിക്കുന്നത്... 

Wednesday, 4 September 2013

സ്ത്രീകൾക്ക് ലൈംഗീകത ഗോപ്യമോ...

ലൈംഗീക വിഷയങ്ങളിൽ സ്ത്രീ മുൻകൈ എടുക്കുകയോ അല്ലെങ്കിൽ ലൈംഗീകത ആവശ്യപ്പെടുകയോ ചെയ്താൽ മുൻപരിചയം ഉള്ളവളാണെന്നും പൊതുസമൂഹത്തിൽ ലൈംഗീകത സംസാരിക്കുക ചെയ്താൽ കഴപ്പ് മൂത്തവളാണെന്നും പുരുഷകേന്ദ്രികൃതസമൂഹം (പുരുഷനും സ്തീയും) മുദ്രകുത്തുമെന്നതും ഒരു പരിധി വരെ ശരിയാണ്... അതൊക്കെ അംഗീകരിക്കുമ്പോൾ തന്നെ ആശാരിക്ക് മാത്രമല്ല പ്രശ്നം, മരവും വളഞ്ഞതല്ലേയെന്ന് ചിന്തിക്കുന്നത് എം.സി.പി ചിന്തകൾ തികട്ടി വരുന്നതാണോ... ആയിരിക്കും... എന്നാലും പറയാനുള്ളത് പറഞ്ഞേക്കാം...

പുരുഷന്മാർ തമ്മിൽ ലൈംഗീകത സംസാരിക്കുന്നതുപോലെ സ്ത്രീകൾ തമ്മിൽ സംസാരിക്കുന്നില്ല... എന്തുകൊണ്ട് സ്ത്രീകൾ പരസ്പരം ലൈംഗീകത സംസാരിക്കുന്നില്ല (കുറവാണ്)? കൗമാരത്തിലും കൗമാരപ്രായം കഴിഞ്ഞവരുമായ സ്ത്രീകൾ ലൈംഗീകത, പ്രസവം തുടങ്ങിയ കാര്യങ്ങൾ പരസ്പരം സംസാരിക്കാനുള്ള വൈമുഖ്യം കാണിക്കുന്നു... മുതിർന്ന സ്തീ സുഹൃത്തുക്കളും മുതിർന്ന സ്ത്രീ ബന്ധുക്കളും പെൺകുട്ടികളെ ലൈംഗീകവിഷയങ്ങളുടെ ചർച്ച ഉയർന്ന് വന്നാൽ തന്നെ മാറ്റി നിർത്താറുണ്ടെന്ന് തോന്നുന്നു... മുതിർന്ന പുരുഷസുഹ്രുത്തുക്കളാണെങ്കിൽ, കേട്ട് പഠിച്ചോ എന്നും പറഞ്ഞ് ആൺകുട്ടികളേയും കൂടെ നിർത്താറുണ്ട്... 

സ്ത്രീകൾ ലൈംഗീകതയും അതുപോലെയുള്ള വിഷയങ്ങൾ പരസ്പരം സംസാരിക്കുന്നില്ല എന്നല്ല പറയുന്നത്... പുരുഷന്മാർ തമ്മിൽ സംസാരിക്കുന്നതുപോലെ സർവസാധാരണമായി സംസാരിക്കുന്നില്ലായെന്നാണെന്റെ നിരീക്ഷണം... വളരെയടുത്ത സുഹൃത്തുക്കളിൽ നിന്നുപോലും ആർത്തവസംബദ്ധമായ വിഷയങ്ങളും മറ്റും ഒളിച്ചുവെയ്ക്കുന്നത് കാണാം... വിവാഹമൊക്കെ കഴിഞ്ഞാലാണ് അതിൽ കുറച്ചെങ്കിലും മാറ്റം വരുകയെന്ന് തോന്നുന്നു...

ലൈംഗീകത ചീത്തയാണെന്നും ഗോപ്യമായി കരുതേണ്ടതാണെന്നും പുരുഷവർഗ്ഗത്തേക്കാൾ കൂടുതൽ ചിന്തിക്കുന്നത് സ്ത്രീവർഗ്ഗമാണ്... സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളേക്കാൾ പുരുഷന്മാർ സ്വയംഭോഗം ചെയ്യുന്നുണ്ട്... സുഹ്രുത്തുക്കളുമായി അത്തരം വിഷയങ്ങളും കൈമാറാറുണ്ട്... ഭാവനയിൽ നിന്നുവരെ പലതും പറഞ്ഞ്, ലൈംഗീകത പുരുഷൻ ആസ്വാദിക്കുന്നത് കാണാം... പക്ഷേ സ്ത്രീകൾക്ക് അതെല്ലാം നിഷിധമാണ്... പുരുഷസമൂഹം കെട്ടിയ വേലികൾക്കുള്ളിൽ ശക്തമായ മറ്റൊരു വേലി സ്ത്രീകൾ തന്നെ കെട്ടി ഉൾവലിയുകയാണ്... ലൈംഗീകതയുമായി ബന്ധപ്പെട്ട അറിവുകളിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നാണ് കേരളീയസാഹചര്യത്തിൽ എനിക്ക് തോന്നുന്നത്...

സ്ത്രീ-പുരുഷസംസാരങ്ങളിലും സ്തീ സുഹ്രുത്തിന്റെ ലൈംഗീകതയുമായി ബന്ധപ്പെട്ട വാക്കുകൾ പുരുഷസുഹ്രുത്ത് ലാഘവത്തോടെ സ്വീകരിക്കുമ്പോഴും പുരുഷസുഹ്രുത്തിന്റെ അതേ ഭാഷ സ്ത്രീ സുഹ്രുത്ത് പ്രകോപനമായി കാണുന്നില്ലേ... ആണിനോട് ലൈംഗീകതചുവയുള്ള വാക്കുകൾ ഉപയോഗിക്കാൻ സ്ത്രീക്കുള്ള സ്വാതന്ത്ര്യം പുരുഷന് സ്തീ നൽകിയിട്ടുണ്ടോ... ഓൺലൈൻ ഇടത്തിലും അതുതന്നയല്ലേ...

ഭ്രഷ്ട് കല്പിച്ചിട്ടുള്ള ഏതൊരു സംഗതിയും ലംഘിക്കുന്നതിനനുസരിച്ചേ മാറ്റപ്പെടുകയുള്ളൂ... ലൈംഗീകതയും അതുപോലെയാണ്... പങ്കാളിയോട് ലൈംഗീകത ആവശ്യപ്പെടുക... പൊതുവേദിയിൽ, ഓൺലൈനിലും ഓഫ്‌ലൈനിലും, ലൈംഗീകവിഷയങ്ങളിൽ അഭിപ്രായം പറയുക, ചുരുങ്ങിയ പക്ഷം ഓടിയൊളിക്കാതെ അവിടെ നിലയുറപ്പിക്കാനുള്ള ആർജ്ജവമെങ്കിലും സ്തീകളും കാണിക്കണം... പൊതുസമൂഹകാഴ്ച്പ്പാടുകൾ, നമുക്കായി ആരെങ്കിലും വന്ന് പൊളിച്ചെഴുതുമെന്ന് സ്വപ്നം കാണുന്നത് അവസാനിപ്പിക്കണം... എല്ലാത്തിനും പുരുഷകേന്ദ്രികൃതസമൂഹമെന്ന ഒരു പരിചയിലൊതുക്കുന്നത്, വിജയം അടിയറവെയ്ക്കുന്നതിന് തുല്യമാണ്... 

നിയമപരമായ മുന്നറിയിപ്പ്... എനിക്ക് സ്ത്രീ സമൂഹത്തെക്കുറിച്ചുള്ള അജ്ഞതാണെങ്കിൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്വം, സ്ത്രീ സമൂഹത്തിനാണ്... ഹേ... നിങ്ങളുടെ കാര്യം നിങ്ങൾ സമയാസമയം ഞങ്ങളെ പഠിപ്പിക്കണമായിരുന്നു... ഹല്ല പിന്നെ...

ലേബൽ... എം.സി.പി ചിന്തകൾ...