Sunday, 29 September 2013

കേരളമോഡലിന്റെ നേർവകാശികൾ...

കേരളമോഡൽ വികസനത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും അവർ നിയന്ത്രിച്ച ഭരണസംവിധാനങ്ങൾക്കും അവരുടെ ശക്തമായ സ്വാധീനത്തിൽ കേരളീയ സമൂഹത്തിൽ സോഷ്യലിസ്റ്റ് ചിന്തകൾക്ക് കൂടുതൽ പ്രധാന്യം ലഭിച്ചതും നിഷേധിക്കാനാകാത്ത സത്യമാണ്... അതിനെ ചോദ്യം ചെയ്യുന്നില്ല... ചോദ്യം ചെയ്യാനുമാകില്ല... പക്ഷേ കേരള മോഡലിന്റെ നേർവകാശികൾ കമ്യൂണിസ്റ്റ്പ്രസ്ഥാനം മാത്രമാണെന്ന് കമ്യുണിസ്റ്റുകാരും സഹയാത്രികരും സ്ഥിരമായി എഴുതിവിടുകയും കമ്യൂണിസ്റ്റുകാരെ പോലെ അല്ലെങ്കിൽ അവർക്ക് മുൻപേ വഴിവെട്ടിയവരേയും വിത്തിറക്കിയവരേയും പൂർണ്ണമായും അവഗണിച്ച് അവകാശങ്ങളെല്ലാം ഒരൊറ്റ കൊടിയുടെ നിറത്തിൽ മൂടിവെയ്ക്കുന്നതുകൊണ്ട് കുറെ പേരെങ്കിലും തെറ്റിദ്ധരിക്കാറുണ്ട്... ങേ... ഇവർ മാത്രമാണോ, അവകാശികൾ... ഭൂപരിഷ്കരണവും തൊഴിലാളികളുടെ അവകാശസംരക്ഷണവും കീഴാളജനതയുടെ ചെറുത്തുനിൽപ്പും എന്നതിലൊക്കെ മറ്റ് രാഷ്ട്രീയപാർട്ടികളേക്കാൾ ബഹുദൂരം മുന്നിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ... അതുമാത്രമല്ലല്ലോ കേരളമോഡലിന്റെ മന്ത്രങ്ങൾ... 1970 കൾ മുതൽ കേരളമോഡൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി... 1956 മുതൽ 1970 കൾ വരെയുള്ള കാലയളവിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഭരിച്ച ചുരുങ്ങിയ കാലയളവിലോ പാർട്ടി സ്ഥാപിച്ചതു മുതലുള്ള പൊതുപ്രവരത്തനങ്ങളോ മാത്രമല്ല കേരളമോഡൽ പടുത്തുയർത്തിയതെന്നതാണ് പറയാനുള്ളത്...  

രാജ / ബ്രിട്ടീഷ്  ഭരണകാലം മുതൽ കേരളമോഡലിന്റെ വിത്ത് പാകിയിരുന്നുവെന്നതാണ് ചരിത്രം... അതിൽ കോൺഗ്രസ് മുതൽ മത-സാമുദായിക പ്രസ്ഥാനങ്ങൾ വരെ നിർലോഭം സംഭാവനകൾ നൽകിയിരുന്നു... അതെല്ലാം അവഗണിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന അനാദരവാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... കേരളമോഡൽ കമ്യൂണിസ്റ്റ് മാജിക്ക് മാത്രമായിരുന്നുവെങ്കിൽ, അതേ മാജിക്ക് എന്തുകൊണ്ട് ബംഗാളിലും ത്രിപുരയിലും നടപ്പിലായില്ല... എന്തുകൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ച താഴോട്ടായി... എന്നതിനൊക്കെ ഉത്തരമുണ്ടാകണമല്ലോ... കേരളമോഡലിന്റെ പിന്നിൽ കമ്യൂണിസ്റ്റുകൾ മാത്രമല്ലായെന്ന് പ്രായോഗികതലത്തിൽ തിരിച്ചറിയുന്നതുകൊണ്ടാണ് കമ്യൂണിസ്റ്റ് സർക്കാരുകൾക്ക് തുടർവിജയങ്ങൾ സമ്മാനിക്കാത്തതും...

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം തന്നെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പാർട്ടികളെ അപേക്ഷിച്ച് കൂടുതൽ സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുള്ളതാണ്... കോൺഗ്രസ്സിലെ സോഷ്യലിസം പോരായെന്ന് തോന്നിയ തീവ്രസോഷ്യലിസ്റ്റുകളാണല്ലോ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്  തറക്കലിട്ടത്... ഒരു സോഷ്യലിസ്റ്റ് / ക്ഷേമ കേരളം കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസ് സർക്കാരുകളും പുരോഗമനപരമായ നിലപാടുകളാണ് എടുത്തിരുന്നത്... കേരളത്തിലെ കൃസ്ത്യൻ മതസംഘടനകളുടെ ആരോഗ്യ-വിദ്യഭ്യാസ രംഗത്തെ സംഭാവനകൾ... എൻ.എസ്.എസിന്റെ സംഭാവനകൾ... അതിന് പിന്നാലെയുള്ള എസ്.എൻ.ഡി.പി യുടേയും എം.ഇ.എസിന്റേയും സംഭാവനകൾ... പ്രവാസം... അത് കൊളംബോ, മദ്രാസ്, ബോംബെ, അഹമദാബാദ് മുതൽ സിംഗപ്പൂരും യൂറോപ്പും അമേരിക്കയും ഗൾഫും... അതിൽ പ്രത്യേകം എടുത്ത് പറയേണ്ടത്, ഗൾഫ് പണവും സഹവാസവും... അതിൽ നിന്നുൾഭവിച്ച സാമ്പത്തിക-സാമൂഹിക-സാമ്പത്തിക-ആരോഗ്യപരമായ മുന്നേറ്റം, കേരളത്തെ മൊത്തമായി സഹായിച്ചുവെങ്ങിലും മുസ്ലീം സമൂഹത്തിന്റെ മുന്നേറ്റം ശ്രദ്ധാർഹമായിരുന്നു... മലയോരമേഖലയിലേക്കുള്ള കർഷകരുടെ കുടിയേറ്റം, പ്രത്യേകിച്ച് കൃസ്ത്യൻസമൂഹത്തിന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്... ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളും, തൊട്ടുപിന്നാലെ കമ്യുണിസ്റ്റ് നിലപാടുകളും ഈഴവ സമൂഹത്തെ പൊതുധാരയിലേക്കെത്തിക്കുന്നതിലും കേരളത്തിന്റെ വലിയൊരു ശതമാനം ജനത്തെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കി... ഭൂപരിഷ്കരണത്തിന്റെ പ്രധാനഗുണഭോക്താക്കൾ ഈഴവസമൂഹമായിരുന്നുവല്ലോ... അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ടി.കെ. മാധവനും തുടങ്ങിയ സാമൂഹികപരിഷ്കർത്താക്കൾ ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വേരുറപ്പിക്കുന്നത് തന്നെ... കേരളത്തിന്റെ ഭൂപ്രകൃതിയും പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള കൂട്ടിചേരലുകളും കേരളമോഡലിന് സഹായകമായിരുന്നു...

1957 ലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന് മുൻപ് തന്നെ കേരളമോഡലിന്റെ നാമ്പുകൾ കേരളത്തിൽ കണ്ടുതുടങ്ങിയിരുന്നു... 1951 ലെ കണക്കുകൾ നോക്കാം... കുട്ടികളുടെ മരണനിരക്ക് ആയിരത്തിന് ഇന്ത്യയിൽ 140 ആയിരുന്നപ്പോൾ കേരളത്തിൽ 128 ആയിരുന്നു... 1951 ൽ ജീവിതദൈർഘ്യം ഇന്ത്യയിൽ 32.5 വയസായിരുന്നപ്പോൾ കേരളത്തിലത് 44 വയസായിരുന്നു... ആതുരലായങ്ങളും ആരോഗ്യസംരക്ഷണവും വിജയം കണ്ടുതുടങ്ങിയിരുന്നു... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ച നിരക്കുള്ള പ്രദേശം (ആയിരത്തിന് 44) എന്നതിൽ നിന്ന് 1991 ൽ ഏറ്റവും കുറവ് ജനസംഖ്യ വളർച്ചയുള്ള (ആയിരത്തിന്  18) സംസ്ഥാനമായി കേരളം മാറിയതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് മാത്രമായി എന്താണവകാശപ്പെടാനുള്ളത്... താഴെതട്ടിലുള്ള വികസനത്തെ തകിടം മറിക്കുന്ന പ്രധാനപ്പെട്ട ഒന്നിൽ ജനകീയമായി കേരളം മുന്നേറി... ദേശീയതലത്തിലുള്ള ജനസംഖ്യനിയന്ത്രണമൊക്കെ കേരളത്തിൽ വിജയപ്രഥമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ, വിദ്യഭ്യാസത്തിലുള്ള മുന്നേറ്റം, പ്രത്യേകിച്ച് സ്തീകളുടെ, പ്രഥാന ഘടകമാണ്... വിദ്യഭ്യാസ നിലവാരം നോക്കിയാൽ, കേരളത്തിലെ സ്ത്രീകളുടെ വളർച്ചയും അത് സമൂഹത്തെ എങ്ങനെ ഗുണപരമായി മാറ്റിയെന്നതും കാണാവുന്നതാണ്... 1951 ൽ ഇന്ത്യയിൽ പുരുഷന്മാരുടെ സാക്ഷരത നിരക്ക് 25 ശതമാനമായിരുന്നപ്പോൾ കേരളത്തിലത് 50 ശതമാനമായിരുന്നു... അതേ സമയത്ത് ഇന്ത്യയിലെ സ്ത്രീകളുടെ സാക്ഷരത നിരക്ക് വെറും 8 ശതമാനമായിരുന്നു... പക്ഷേ കേരളത്തിലത് നാല് മടങ്ങ് (32%) കൂടുതലായിരുന്നു... 1951 ൽ സ്തീ-പുരുഷനുപാതം ഇന്ത്യയിൽ ആയിരം പുരുഷന്മാർക്ക് 946 സ്ത്രീകളായിരുന്നു കേരളത്തിൽ ആയിരം പുരുഷന്മാർക്ക് 1028 സ്ത്രീകളൂണ്ടായിരുന്നു... പെൺകുട്ടികളാണെങ്കിൽ, ഭ്രൂണഹത്യ അല്ലെങ്കിൽ പെൺകുട്ടികൾക്ക് പോഷകാഹാരം നൽകാതിരിക്കുക, സംരക്ഷിക്കാതിരിക്കുക... അതിൽ നിന്നെല്ലാം കേരളം മുക്തമായിരുന്നു...

1970 കളുടെ അവസാനത്തിൽ തന്നെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തന്നെ എത്തിയിരുന്നു... അടിസ്ഥാന സൗകര്യങ്ങളും രണ്ട് കിലോമീറ്ററിനുള്ളിൽ എത്രശതമാനം ഗ്രാമങ്ങളിലുണ്ടെന്നതും ബ്രാക്കറ്റിൽ... റോഡുകൾ (98%) ബസ് സ്റ്റോപ്പ് (98%) തപാലാപ്പിസ് (100%), പ്രൈമറി സ്കൂൾ (100%) ന്യായ വില കടകൾ (99%) ചെറിയ ആതുരാലയങ്ങൾ (91%) ... അഞ്ച് കിലോമീറ്ററിനുള്ളിൽ, ഹൈസ്കൂൾ (97%) ആശുപത്രികൾ (78%) വളം കടകൾ (93%) വാണിജ്യ ബാങ്കുകളൂം സഹകരണബാങ്കുകളൂം (96%), മൃഗാശുപത്രികൾ (92%)... ഇതിലൊക്കെ കമ്യൂണിസ്റ്റ് സർക്കാരുകൾക്ക് മാത്രമായി അവകാശപ്പെടാനെന്താണുള്ളത്... കേരളത്തിലെ കർഷകരും തൊഴിലാളികളും സ്വന്തം തൊഴിലിൽ വിദഗ്ദരും കഠിനപ്രയത്നരുമായിരുന്നു... മുണ്ടുമുറുക്കിയുടുത്ത് എല്ലുമുറിയെ പണിയെടുത്തിരുന്നു... ഉന്തുകാലിൽ ചുരുങ്ങിരിക്കുന്ന സംസ്കാരമായിരുന്നില്ല കേരളത്തിലേത്... ഉത്തരേന്ത്യയിലെ കർഷകർക്ക് പ്രചോദനം ലഭിക്കുന്നതിനും ഇന്ത്യയിലെ ഭക്ഷ്യക്ഷാമത്തിനറുതി വരുത്തുന്നതിനും നെഹ്രുവിന്റെ കാലത്ത് നടപ്പിലാക്കിയ സൗജന്യ ഭൂമി വിതരണം മുതലാക്കി മലയാളികൾ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെത്തിയിരുന്നു... മലയാളി കർഷകരുടെ മാതൃക പിന്തുടരണമെന്ന് നെഹ്രു പറഞ്ഞത്, മലയാളികളൂടെ കൃഷി പെരുമയ്ക്കുദാഹരണമാണ്... 

1951 ലെ അവസ്ഥയിൽ നിന്ന് ഇന്നത്തെ കേരളത്തിന്റെ മുഖഛായ സൃഷ്ടിക്കുന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയൊപ്പം തോളോടുതോളുരുമി കോൺഗ്രസും മറ്റ് മത-സാമുദായിക-പുരോഗമന സംഘടനകൾ വിയർപ്പൊഴുക്കിയിട്ടുണ്ട്... ദേശീയതലത്തിൽ തന്നെ നടപ്പിലാക്കിയ പദ്ധതികളുടെ കേരളത്തിലെ മെച്ചപ്പെട്ട പ്രകടനവും കേരളമോഡലിന്റെ തൂണുകളാണ്... രാഷ്ട്രീയ പരിഹാരത്തോടൊപ്പം സേവനപ്രവർത്തനങ്ങളും നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സംസ്ഥാനമാണ് കേരളം... ന്യായവിലഷോപ്പുകളിലൂടെയുള്ള ഭക്ഷ്യസഹായത്തിന് സമാന്തരമായി കാരുണ്യപ്രവർത്തകരുടെ സൗജന്യഭക്ഷ്യ-വസ്ത്ര-വീട് നിർമ്മാണം കേരളത്തിൽ വലിയ തോതിൽ നടന്നിരുന്നതും മറക്കാനാകില്ല... അനാഥശാലകൾ പോലെയുള്ള പ്രസ്ഥാനങ്ങൾ തെരുവിലെ കുട്ടികളുടെ എണ്ണവും പരിമിതപ്പെടുത്തിയിരുന്നു... ഏതൊരു സമൂഹത്തിന്റേയും വളർച്ച മുരടിപ്പിക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യുന്ന മതവൈരം കേരളത്തിൽ താരതമ്യേന കുറവായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്... 

കേരളമോഡലിന്റെ ആദ്യപടി നാം പൂർണ്ണമായല്ലെങ്കിൽക്കൂടി വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നുവെന്ന് അവകാശപ്പെടാം... അതിന്റെ തുടർച്ചയായിയുണ്ടാകേണ്ടിയിരുന്ന ഉന്നതവിദ്യഭ്യാസവും മാലിന്യം സംസ്കരണം മുതൽ അതിവേഗഗതാഗത സൗകര്യങ്ങൾ വരെ, തൊഴിൽ ലഭ്യത തുടങ്ങിയ പുതിയ മാനകങ്ങളിൽ നാം പുറകോട്ട് സഞ്ചരിക്കുകയോ, ലോകത്തിന്റെ വേഗതക്കൊത്ത് സഞ്ചരിക്കാതെ കേരളമോഡലിന്റെ തഴമ്പിൽ തടവി ഊറ്റം കൊള്ളുകയോ ചെയ്യുന്നുവെന്നത് നിരാശജനജനകമാണ്... ഒരു മോഡലും നിശ്ചലമാകരുത്... ഇന്നത്തെ സാഹചര്യത്തിനനുസരിച്ച് കേരളമോഡലും പുതുക്കിപണിയണം... നമുക്കാകും... നേർവകാശികൾ നമ്മളെല്ലാവരുമാണ്... പുതുക്കിപണിതുകൊണ്ടാകണം അവകാശങ്ങൾ ഊട്ടിയുറപ്പിക്കാൻ...

റഫറൻസ് :
https://sustainability.water.ca.gov/documents/18/3334113/Sustainability%2Bin%2BKerala,%2BIndia.pdf
https://en.wikipedia.org/wiki/Kerala_model

No comments: