Thursday, 12 September 2013

മറ്റേ കുറ്റിയിൽ കെട്ടിയോ...

നിങ്ങളുടെ അഭിപ്രായം എന്റെ അഭിപ്രായത്തോട് ചേർന്ന് പോകുന്നില്ലെങ്കിൽ, നിങ്ങളുടെ അഭിപ്രായത്തെ മറ്റേതെങ്കിലും കുറ്റിയിൽ കെട്ടുകയെന്നതാണ് ശീലം... അതിപ്പോൾ നിങ്ങളുടെ മതമാകാം, അല്ലെങ്കിൽ നിങ്ങൾ താമസിക്കുന്ന രാജ്യമാകാം... അതേസമയം... നിങ്ങളുടെ അഭിപ്രായം എന്റെ അഭിപ്രായത്തോട് ചേർന്ന് പോകുന്നതാണെങ്കിൽ, നിങ്ങളുടെ മതമോ നിങ്ങളുടെ രാജ്യമോ ഒന്നും എനിക്ക് പ്രശ്നവുമല്ല... എന്താല്ലെ...

മുസ്ലീമുകൾ ഇന്ത്യ-പാകിസ്ഥാൻ പ്രശ്നത്തിൽ അന്ധമായി ഇന്ത്യയെ പിന്തുണച്ചില്ലെങ്കിൽ, ഉടനെ കിട്ടും... നീയൊക്കെ മൂസ്ലീമല്ലേ... പാകിസ്ഥാന്റെ കൂടെ നിന്റെയൊക്കെ മനസ്... അതുകൊണ്ടാണ് ഇതുപോലെയുള്ള അഭിപ്രായങ്ങൾ വിളമ്പുന്നത്... ഇതുതന്നെയാണ് കൃസ്ത്യാനികളുടേയും കാര്യം... കൃസ്ത്യാനികളൂടെ അഭിപ്രായങ്ങൾക്ക് പാശ്ചാത്യവിധേയത്വം കാണാവുന്നതാണെന്ന മുൻവിധികൾ... അതുതന്നെ ഹിന്ദുക്കളുടെ അഭിപ്രായങ്ങളെ സംഘിയാക്കുന്നതും

കേരളത്തിലെ റോഡുകളെപ്പറ്റി ചർച്ച വരുമ്പോൾ, കേരളത്തിൽ താമസിക്കുന്നവർ, വലിയ റോഡുകളാണ് വികസനത്തിന് ആവശ്യമെന്ന് പറയുന്നത് സ്വാഭാവികവും... ഗൾഫ് പ്രവാസികൾ അത്തരം റോഡുകളിലൂടെയുള്ള വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നതെങ്കിൽ... മരുഭൂമിയിലൂടെയുള്ള റോഡൊക്കെ കണ്ടിട്ടാണ് ഉട്ട്യോപ്യൻ ആശയം പറയുന്നെതെന്ന ഒരു ധാരണ സൃഷ്ടിക്കാറുണ്ട്...

ഇതുതന്നെ... പാവങ്ങൾ പണക്കാരുമെന്ന വേർതിരിവിലുമുണ്ട്... സബ്‌സിഡിയുമായി ബദ്ധപ്പെട്ട ചർച്ചയാണെങ്കിൽ, ഏതുതരം സബ്‌സിഡിയേയും പിന്തുണച്ചില്ലെങ്കിൽ, നിങ്ങളൊക്കെ പണക്കാരായതുകൊണ്ടാണ് അങ്ങനെയൊരു നിലപാടെന്നും... നിങ്ങൾ പാവങ്ങളെക്കെതിരെയുമാണെന്നും മുൻവിധിയുമായാണ് ചർച്ച തുടങ്ങുന്നത്...

സാമ്പത്തിക-സാമൂഹിക കാര്യങ്ങളിൽ കമ്യൂണിസത്തിനൊത്ത് ചിന്തിക്കുന്ന വലിയൊരു ജനസമൂഹം കേരളത്തിലുണ്ട്... പ്രത്യേയശാസ്ത്രപരമായി കമ്യൂണിസത്തിന്റെ കുടകീഴിൽ അണി നിരക്കാത്ത, എന്നാൽ സോഷ്യലിസ്റ്റ് ചിന്തകളും ക്ഷേമരാഷ്ട്രസങ്കൽപ്പങ്ങളിലും വിശ്വാസിക്കുന്ന മറ്റൊരു കൂട്ടർ... മുതലാളിത്ത-വിപണി സിദ്ധാന്തങ്ങളിൽ അടിയുറച്ച് വിശ്വാസിക്കുകയും സാമ്പത്തിക-സാമൂഹിക വികസനത്തിന് സോഷ്യലിസ്റ്റ് കാഴ്‌ചപ്പാടുകൾ പിന്തിരിപ്പനാണെന്ന് കരുതുന്ന സമൂഹവും ചേർന്നതാണ് മലയാളികൾ... വിത്യസ്തരാജ്യങ്ങളിൽ ജോലി ചെയ്യുന്നതുകൊണ്ടല്ല... നമ്മുടെയൊക്കെ നിലപാടുകൾ വിത്യസ്തമായത്... നമ്മൾ ഓരോരുത്തരും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ, പൂർണ്ണമല്ല... അതുകൊണ്ട് തന്നെ എല്ലാവരും അതേ ആശയത്തെ പിന്തുണയ്ക്കുകയുമില്ലല്ലോ... സ്വന്തമായി ചിന്തിക്കുന്നവർ... എതിരഭിപ്രായങ്ങൾ ഉന്നയിക്കുക സ്വാഭാവികമാണ്... അമേരിക്കയിലായാലും കേരളത്തിലായാലും എതിരഭിപ്രായങ്ങളുണ്ട്... അമേരിക്കയിലിരുന്ന് അനുകൂല അഭിപ്രായം ഉന്നയിക്കുന്നതുപോലെ ഒന്നാണ് അമേരിക്കയിലിരുന്ന് എതിരഭിപ്രായം ഉന്നയിക്കുന്നതും... അങ്ങനെയല്ലേ...

വിത്യസ്ത ചിന്തകൾ മാറ്റുരയ്ക്കുന്ന വേദികളാണ് സംവാദത്തിന്റെ നിലയിലേക്ക് ഉയരുക.. ഏമാൻ പറയുന്നു ശിങ്കിടികൾ ഏറ്റുപാടുന്നു... അത്തരം ഉടമ അടിമ ബന്ധം... ഓൺലൈൻ ലോകത്ത് പ്രതീക്ഷിക്കുന്നതല്ലേ മഠയത്തരം... ഒന്ന് മാത്രമായിരിക്കണം ശരിയെന്ന് ശാഠ്യപിടിക്കുന്നത്, മറ്റ് ശരികളെ സ്വീകരിക്കാൻ നമ്മുടെ മനസ് പാകമാകാത്തതുകൊണ്ടാണ്... കുറെ ശരികളുണ്ട്... അതിലൂടെയൊക്കെ യാത്ര ചെയ്ത്... നമുക്ക് മുന്നോട്ട് പോകാം... അപ്പോൾ പറഞ്ഞതുപോലെ, മറ്റേ കുറ്റിയിൽ കെട്ടല്ലേ...
Post a Comment