Tuesday 17 September 2013

ഓണം ഇനിയും മതേതരമാകണം...

ഓണത്തിന് ഹിന്ദു ഐതീഹ്യപ്രകാരം നിരവധി കഥകളുണ്ട്... അതുകൊണ്ട് തന്നെ അതെല്ലാവരും ആഘോഷിക്കണമെന്ന് നിർബദ്ധമില്ല... മറ്റൊരാളുടെ ആഘോഷമെന്ന് കരുതുന്നതും നിങ്ങളും ആഘോഷിക്കണമെന്ന് നിർബദ്ധിക്കാനാകില്ലല്ലോ... വിഷുവും വിളവെടുപ്പ് ഉൽസവമാണ്... പക്ഷേ കാലക്രമേണ ഹിന്ദു ഉൽസവമായി വേർതിരിക്കപ്പെട്ടതാകാം... മഹാനായ രാജാവിന്റെ തിരിച്ചുവരവ് വിഷുവിനുമില്ല... അതുകൊണ്ടാകാം, ഓണം ദേശീയോൽസവമാകുന്ന അതേ വികാരങ്ങൾ വിഷുവിനില്ല... അതുകൊണ്ട് തന്നെ ചെറുപ്പത്തിൽ വീട്ടിൽ ചോറ് പഞ്ചസാരയിട്ട് വറ്റിച്ച് വിഷുക്കട്ട എന്ന പലഹാരത്തിനപ്പുറം ഒരു ആഘോഷമായിരുന്നില്ല... ഇന്ന് അതുമില്ല...

എന്നെ സംബദ്ധിച്ച്, ഓണം എന്റേതാണ്... എനിക്ക് കൊയ്തുൽസവമാണ്... കേരളം ഭരിച്ചിരുന്ന നല്ലൊരു രാജാവിന്റെ ഓർമ്മയാണ്... അത്തരം ഓർമ്മകളിലേക്ക് കുറെ ഐതീഹങ്ങൾ വരുകയും അത് ഹിന്ദുമതമായി മാറുകയും ചെയ്തതിന് ഞാനെന്തിന് എന്റെ ആഘോഷത്തെ ബഹിഷ്കരിക്കണം... ഓണത്തെ തിരിച്ചുപിടിക്കുകയെന്നതാകട്ടെ നമ്മുടെ ലക്ഷ്യം... എന്റെ ഓണാഘോഷത്തിൽ, മതപരമായ ഒന്നും അവശേഷിക്കുന്നില്ല... മതേതരമായ സ്വത്വം നില‌നിർത്തിയും ഓണമാഘോഷിക്കാം... ചരിത്രം ചികഞ്ഞ്, അടിവേരിളക്കി തോണ്ടിയാൽ... എനിക്ക് സ്വന്തമായി വല്ലതും കാണുമോ... ഓരോ സംസ്കാരവും ഇടകലർന്നല്ലേ, ഞാനിന്നായത്... 

ചരിത്രപരമായി ഓണം ഹിന്ദുമതത്തിന്റെ ഭാഗം മാത്രാമായാലും, എനിക്ക് ഓണമാഘോഷിക്കാനുള്ള സാധ്യതകൾ ഓണാഘോഷത്തിൽ നിരവധിയാണ്... മതപരമായ ആചാരത്തിന്റെ പുറത്തുള്ള എല്ലാ ആഘോഷങ്ങളിലും ഞാൻ പങ്കെടുക്കാറുണ്ട്... അത് നമ്മുടെ സാമൂഹികമായ ബാധ്യതയാണ്... ഓണാഘോഷത്തിൽ പങ്കുചേരില്ലായെന്ന് പറയുന്നവരെങ്ങനെയാണ് നോമ്പുതുറയ്ക്ക് അമുസ്ലീമുകളെ ക്ഷണിക്കുക... അതുതന്നെ ക്രിസ്തുമസിനും... മതപരമായ വേലിക്കെട്ടുകൾക്കുള്ളിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്ന് പറയുന്ന മതമൗലീകവാദികളുടെ കോളാമ്പിയായി പുരോഗമനവാദികളും ദൈവ-മത വിശ്വാസികളും നിലപാടെടുക്കരുത്...

അസലാമു അലൈക്കുമെന്ന് പറയാത്ത ആൾക്കാരുണ്ട്... ഭാഷയ്ക്ക് മതം നൽകിയവർ... അറബി ഭാഷപോലും മുസ്ലീമിന് പതിച്ചു നൽകി... അതുപോലെയുള്ളവരാണ്... ഓണാശംസ നൽകുമ്പോൾ... ഓണം ഹിന്ദുക്കളുടെതല്ലേയെന്ന് പറയുന്നത്... അറിവില്ലാ പൈതലുകൾ... അമ്പലത്തിൽ "ഹിന്ദുകലകൾ" (?) മാത്രമേ അവതരിപ്പിക്കാവുവെന്ന് ശഠിക്കുന്നതും തിരുവാതിരക്കളിക്ക് പാർവതിയുടെ കഥയും കൈകൊട്ടിക്കളിക്ക് ശിവന്റെ കഥയുമെന്ന ശാഠ്യമൊക്കെ അനർത്ഥകമാണ്... എല്ലാത്തിനും മതത്തിന്റെ ഛായ നൽകുന്ന പിന്തിരിപ്പൻ മനോഭാവം... അതുതന്നെയാണ് ഓണാഘോഷത്തിൽ ചില പ്രത്യേക കലകൾക്ക് മാത്രമെന്ന് കടുപിടുത്തം നടത്തുന്നവരുടെ മനസിലും...

ഇന്ന് കാണുന്ന തരത്തിൽ ഓണം ദേശീയോൽസവമാക്കിയതിൽ 1961 ൽ പട്ടം താണുപിള്ള സർക്കാരിന്റെ ഔദ്യോഗികപ്രഖ്യാപനം ഒരു പ്രധാന നാഴികകല്ലാണ്... അങ്ങനെ ഔദ്യോഗികമായി മതേതരമാക്കിയ ഓണത്തെ കേരളീയസമൂഹത്തിന്റെ ഒരു മതേതര ഉൽസവമായി നിലനിർത്താൻ സർക്കാരും സമൂഹവും പ്രയത്നിക്കേണ്ടതാണ്... ഔദ്യോഗികമായി നടത്തുന്ന ഓണപരിപാടികൾ അമ്പലുമായി ബന്ധപ്പെട്ട് നടത്തേണ്ടതില്ല... ഓണം തെരുവുകളിലായിരിക്കണം ആഘോഷിക്കേണ്ടത്... അമ്പലത്തിൽ ആഘോഷിക്കേണ്ടവർക്ക് അതാകാം... പക്ഷേ ഔദ്യോഗികത നൽകേണ്ടതില്ല... വിളവെടുപ്പും മാവേലിയും... അതായിരിക്കണം നമ്മുടെ ഓണം...

ഏതൊരു ആഘോഷവും, മതപരമായാലും അല്ലെങ്കിലും, സാമൂഹിക ജീവി എന്ന നിലയിൽ, അതിൽ പങ്കെടുക്കും... മതപരമായ വേലിക്കെട്ടുകൾക്കിടയിൽ ഞെരിഞ്ഞമരാനുള്ളതല്ല... എന്റെ ജീവിതം, എന്റെ മക്കളുടേതും... അതിനായി എന്നെക്കൊണ്ടാകുന്ന എല്ലാ സഹകരണവും എല്ലാ ആഘോഷങ്ങൾക്കും... അപ്പോൾ പറഞ്ഞ പോലെ... എല്ലാ ആഘോഷങ്ങളും ആഘോഷിക്കാനുള്ളതാണ്... അതാണെന്റെ മുദ്രാവാക്യം...

No comments: