Wednesday, 27 January 2010

ഹിന്ദി രാഷ്ട്രഭാഷയോ ഔദ്യോഗിക ഭാഷയോ?

.
ഞാൻ അഞ്ചാംതരത്തിൽ പഠിക്കുന്ന കാലം മുതൽ കാണാപാഠം പഠിക്കുകയും പലപ്പോഴായി സാധാരണക്കാർ മുതൽ എല്ലാവരും ഉരുവിട്ട്‌ അടിയുറച്ച ഒന്നാണ്‌;

ഹമാരാ രാഷ്ട്രഭാഷ ഹിന്ദി ഹെ (ഹും, ഹൊ, ഹി, ഹ ...).

നമ്മളുടെ ദേശീയഭാഷ ഹിന്ദി ആകുന്നു.

അവർ നാഷണൽ ലാഗ്വേജ്‌ ഈസ്‌ ഹിന്ദി.

(ത്രിഭാഷ പദ്ധതിയായില്ലേ?)

ഭരണഘടനയിലെ ആർട്ടിക്കിൾ 343 പ്രകാരം ഹിന്ദിയെ ഇന്ത്യൻ യുണിയന്റെ "ഔദോഗിക ഭാഷയായി" വ്യക്തമായി നിർവചിച്ചിട്ടുണ്ട്‌. കൂടെ ഇംഗ്ലീഷിനെ നിലനിർത്തുകയും ചെയ്തു. പാർലമന്റിലെ ബിസിനസ്സ്‌ ഭാഷ ഹിന്ദിയും ഇംഗ്ലിഷുമാണ്‌. അതിനാൽ തന്നെ രാഷ്ട്രഭാഷയായി ഹിന്ദിയെ പരിഗണിക്കുന്നതും കുട്ടികളെ പുസ്തകങ്ങളിൽ എഴുതി ചേർത്ത്‌ പഠിപ്പിക്കുന്നതും ഭരണഘടന ലംഘനമല്ലേ? ഔദോഗിക ഭാഷ എന്നാൽ ഭരണഭാഷ എന്ന്‌ മാത്രമാണ്‌ വിവക്ഷ. ഭരണഘടനയുടെ ഹിന്ദി പരിഭാഷയൊന്ന്‌ വായിക്കുക. അവിടെ ഹിന്ദിയെ രാജഭാഷ എന്ന്‌ മാത്രമെ പറയുന്നുള്ളു, മലയാളത്തിൽ പറഞ്ഞാൽ ഭരണഭാഷ. കേന്ദ്ര സർക്കാരിന്റെ ഭരണഭാഷ ഹിന്ദി, അതിൽ കൂടുതൽ ഒന്നുമില്ല, കൂടെ ഇംഗ്ലീഷുമുണ്ട്‌. ആരാണ്‌ രാജഭാഷയെ രാഷ്ട്രഭാഷയാക്കി തർജ്ജമ നടത്തിയത്‌? ഒരു ലിബർഹാൻ കമ്മീഷനോ (ബാബറി മസ്ജിദ്‌) സി.ബി.ഐ.യോ (സിസ്റ്റർ അഭയ) കണ്ടെത്തട്ടെ?

അപ്പോൾ ഹിന്ദി രാഷ്ട്രഭാഷയല്ല അല്ലേ? പിന്നെ ആര്‌ പറഞ്ഞു ഹിന്ദി രാഷ്ട്രഭാഷയാണെന്ന്? ചുമ്മാ കൊടുക്കാൻ ഇതെന്താ സിനിമ അവാർഡോ?

അതെസമയം ആർട്ടിക്കിൾ 348 പ്രകാരം സുപ്രിംകോടതി, ഹൈക്കോടതി സംസ്ഥാന നിയമസഭകൾ, ഇവിടെയെല്ലാം നിയമങ്ങൾ ഇംഗ്ലീഷിൽ തന്നെ തയ്യാറാക്കണം. ഗവർണ്ണർ രാഷ്ട്രപതിയുടെ അനുമതി നേടിയാൽ ഹിന്ദിയോ മറ്റു ഭരണഭാഷയോ ഉപയോഗിക്കാം, പക്ഷെ നിർബന്തമായും ഇംഗ്ലീഷ്‌ പരിഭാഷ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തണം. ഇംഗ്ലീഷിലെ വാചകങ്ങളായിരിക്കും കൂടുതൽ പരഗണിക്കുകയും ചെയ്യുക! അപ്പോൽ ഇംഗ്ലീഷും ഒട്ടും മോശമല്ല അല്ലേ?. ഹിന്ദിയോടൊപ്പം തന്നെ ഇന്ത്യൻ യുണിയനിലും മലയാളത്തോടൊപ്പം തന്നെ കേരളത്തിലും ഇംഗ്ലിഷിന്‌ സ്ഥാനമുണ്ട്‌.

പട്ടിക 8-ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏത്‌ ഭാഷയും ഓരോ സംസ്ഥാനങ്ങൾക്കും ഔദോഗിക ഭാഷയായി ഉപയോഗിക്കാവുന്നതാണ്‌. അങ്ങനെയാണ്‌ കേന്ദ്ര സർക്കാർ ഹിന്ദിയും ഇംഗ്ലീഷും ഔദോഗിക ഭാഷയായും (ആർട്ടിക്കിൽ 343) കേരളം ഭരണഭാഷയായി മലയാളവും തിരഞ്ഞെടുത്തത്‌ (ആർട്ടിക്കിൾ 345).

ഏതൊരു നിയമത്തിന്റെയും ഇംഗ്ലീഷ്‌ പരിഭാഷ ആർട്ടിക്കിൾ 348 പ്രകാരം നിർബന്തവുമാണ്‌, അതിനാൽ തന്നെ ഏതൊരു സ്റ്റേറ്റും പാസാക്കുന്ന നിയമം ഗസറ്റ്‌ വഴി ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നത്‌.

ഭരണഘടനയുടെ ആർട്ടിക്കിൾ 346 പ്രകാരം രണ്ടോ അതിലതികമോ സ്റ്റേറ്റുകൾ തമ്മിലുള്ള കമ്മ്യുണിക്കേഷൻ ഹിന്ദിയിലാകണമെങ്ങിൽ, ആ രണ്ടു സ്റ്റേറ്റുകൾ തമ്മിൽ മുൻകൂർ ധാരണയിൽ എത്തിയിരിക്കണം. ഓർമ്മയില്ലേ? നമ്മുടെ മുൻ മുഖ്യമന്ത്രി ശ്രി നായനാർ, മുൻ യു.പി. മുഖ്യമന്ത്രി മുലായമിന്റെ ഹിന്ദി കത്തിന്‌ മലയാളത്തിൽ മറുപടി എഴുതി "ഹിന്ദി അധിനിവേശത്തെ" തടഞ്ഞത്‌ (സത്യത്തിൽ അങ്ങനെ ചെയ്യാൻ നായനാർക്കെ കഴിയു. കൂർമ്മ ബുദ്ധി തമാശക്കാർക്ക്‌ ഇത്തിരി കൂടുതലാണോ?).

ഭരണഘടനയിലോ ഏതെങ്ങിലും ഒരു കോടതിയോ രാഷ്ട്രഭാഷയായി പ്രഖ്യാപിക്കാത്ത ഹിന്ദിയെ, രാഷ്ട്രഭാഷയായി പുസ്തകങ്ങളിലും മറ്റും എഴുതിപിടിപ്പിചത്‌ ഒരു അധിനിവേശമായി മാത്രമെ എനിക്ക്‌ കാണുവാൻ പറ്റുകയുള്ളു. അതും ഹിന്ദി പുസ്തകങ്ങളിലാണ്‌ "ഹമാര രാഷ്ട്രഭാഷ ഹിന്ദി ഹെ" എന്ന്‌ പഠിപ്പിച്ച്‌ തുടങ്ങിയത്‌, അതും ഒരു ഗൂഢാലോചനയായിരുന്നുവൊ എന്നും ഞാനിപ്പോൽ സംശയിക്കുനു, വെറുതെ ഒരു സംശയം! നമുക്ക്‌ ആരേയും സംശയിക്കമല്ലോ?

---
ഗുജറാത്ത്‌ ഹൈക്കോടതിയുടെ നിരീക്ഷണം കാണുക

"The Gujarat High Court has observed that there is nothing on record to suggest that any provision has been made or order issued declaring Hindi a national language of India."
---

ഭരണഘടനയും ഭേദഗതികളും ഇംഗ്ലിഷിൽ എഴുതി പാസ്സാക്കി അതിന്റെ തർജ്ജമയാണ്‌ ഹിന്ദിയിൽ കിട്ടുക. അതും ഭരണഘടന പ്രകാരം തന്നെയാണ്‌. ഭരണഘടനയിൽ ദേശീയ പതാകയെന്നും ദേശീയ ഗാനമെന്നു പറയുമ്പോൾ, ഭാഷയെ ദേശീയ ഭാഷയെന്ന്‌ പറയാതെ ഭരണഭാഷയെന്ന്‌ വ്യക്തമായി പറഞ്ഞത്‌, അംബേദ്കറും മറ്റു ഭരണഘടന ശില്‌പികളും ഭാരതത്തിലെ ഭാഷാവൈവിധ്യം കാണുകയും ഹിന്ദി അടിച്ചേൽപ്പിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളും മുൻകൂട്ടി കണ്ടതിനാലല്ലേ. അവർ തന്നെ അവകാശമെങ്ങിലും നാം സംരക്ഷിക്കണ്ടെ?
.
Post a Comment