Wednesday 29 January 2020

ദൈവീകതയല്ല പകരം ചവിട്ടി താഴ്ത്തലാണ്...


തന്നെ തല്ലിയവന്റെ കാല് കഴുകി കുറെ വിശ്വാസികൾക്ക് "യേശു കൃസ്തുവായ ഒരു വൈദീകന്റെ വാർത്തയ്ക്ക് എന്റെ മറുകുറി...

വൈദീകന്റെ പ്രവർത്തിയിൽ ദൈവീകതയല്ല പകരം തനിക്ക് കിട്ടിയ ഇരയുടെ മുകളിൽ ചവിട്ട് നിന്ന് പാതാളത്തിലേക്ക് താഴ്ത്തിയ ഒരാളെയാണ് ഞാൻ കാണുന്നത്...

ഒരു അദ്ധ്യാപകനെ തല്ലി...ഹെഡ്‌മാഷിന്റെ മുന്നിൽ കൊണ്ടുപോയി, നാലഞ്ച് അദ്ധ്യാപകർ നോക്കി നിൽക്കെ, തല്ല് കൊണ്ട് അദ്ധ്യാപകനോട് മാപ്പ് പറയുന്നതിനേക്കാൾ എത്ര വലിയ അപമാനമായിരിക്കും അസംബ്ലിക്ക് വിളിച്ചുകൊണ്ടുപോയി, ഒരു കുട്ടിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുക എന്നത്... ഹെഡ്‌മാഷിന്റെ മുന്നിൽ വെച്ച് കുട്ടി മാപ്പ് പറഞ്ഞുവെന്നത്, കുട്ടികളും അറിയും പക്ഷെ അസംബ്ലിയിൽ വെച്ച് ഏൽക്കുന്ന ആഘാതം ഒന്നും ഹെഡ്‌മാഷിന്റെ മുറിയിൽ വെച്ച് ഏൽക്കില്ല... അച്ചന്റെ ഓഫിസിൽ വെച്ച് മാപ്പ് പറയിപ്പിച്ച് വിടുന്നതായിരുന്നു വേണ്ടിയിരുന്നത്... "അയാള് അച്ചനോട് മാപ്പ് പറഞ്ഞടെ" എന്ന് പറഞ്ഞ് ഒരു ചെറിയ ചിരി, ഈ പള്ളി കാര്യങ്ങളൊക്കെ ചർച്ച ചെയ്യുന്ന കുറച്ച് പേരിലുണ്ടാകും...


അച്ചന്റെ ഓഫിസിൽ വെച്ച്, പള്ളി പ്രതിനിധികളുടെ, കൈക്കാരന്മാരുടെ മുന്നിൽ വെച്ച് പറയുന്ന മാപ്പിനേക്കാൾ വലിയ ഇമ്പാക്റ്റ് ഉണ്ടാകണം എന്ന് അച്ചനും നാട്ടുകാർക്കും നിർബദ്ധമുണ്ടെങ്കിൽ, കുർബ്ബാന കഴിയുമ്പോൾ പള്ളിയോഗം വിളിച്ച്, അവിടെ മാപ്പ് പറയിപ്പിക്കാം... പള്ളിയിലെ സ്ഥിരം കുറ്റികളും വിഷയം വിവാദമായതുകൊണ്ട് അന്ന് മാത്രം യോഗത്തിന് വരുന്നവരും ഉണ്ടാകും... പള്ളിയോഗം എന്നത് മറ്റേതൊരു സംഘടന യോഗം പോലെയാണ്... തർക്കവും ഒച്ചയും ഖേദപ്രകടനവും മാപ്പ് പറച്ചിലും ഒക്കെ ആ നിലയിൽ ഉണ്ടാകുന്നതാണ്... അല്പം കൂടി സീരിയസായി... ആൾക്കാർ വിലയിരുത്തും... എടാ, അയാളെകൊണ്ട് യോഗത്തിൽ വെച്ച് മാപ്പ് പറയിപ്പിച്ചു... നാട് മുഴുവനും അറിയും... പക്ഷെ കുറച്ച് കഴിയുമ്പോൾ, ജനമൊക്കെ മറക്കും...


പക്ഷെ അതല്ല പരിശുദ്ധ കുർബ്ബാന നടക്കുന്ന സമയത്ത്, മാപ്പ് പറയിപ്പിക്കുക എന്നത്... ഏതെങ്കിലും ഒരു പള്ളിയിൽ എപ്പോഴോ സംഭവിച്ചിട്ടുണ്ടാകും എന്നതല്ലാതെ, മിക്കവാറും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറില്ല... ഇന്ത്യയിൽ തൂക്കിലേറ്റുന്ന പോലെ വളരെ കുറവ്... ഞാൻ കേട്ടിട്ടേയുള്ളൂ... കണ്ടിട്ടില്ല... എന്ന് വെച്ചാൽ കുർബ്ബാനയ്ക്കിടയിൽ മാപ്പ് പറയുക എന്നത്, എത്രമാത്രം അസാധാരണ നടപടിയാണെന്നത് ഓർക്കണം...


കുർബ്ബാനയ്ക്കിടയിൽ മാപ്പ് പറയുക എന്നത് തന്നെ വലിയ ആഘാതമാണ്... കുർബ്ബാനയ്ക്കിടയിൽ പരസ്യമായി മാപ്പ് പറയാൻ ഒരാൾ വേദിയിലേക്ക് വരുക എന്നത് തന്നെ മാപ്പ് പറഞ്ഞതിന് തുല്ല്യമാണെന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ... അയാൾ ചെയ്തതിനുള്ള ശിക്ഷ കിട്ടിക്കഴിഞ്ഞു... ഇനി മാപ്പൊന്നും പറയേണ്ട എന്ന് പറഞ്ഞാൽ പോലും ആ സമൂഹത്തിന്റെ മുൻപിൽ അയാൾക്ക് ശിക്ഷ കിട്ടി കഴിഞ്ഞു... പക്ഷെ ഇവിടെ ശിക്ഷ നീളുകയാണ്...


ഞാൻ യേശുവിനെ പോലെ ക്ഷമാശീലനാണ്... യേശു ശിഷ്യരുടെ കാല് കഴുകിയതുപോലെ ഞാൻ ഇതാ നിങ്ങളുടെ കാല് കഴുകാൻ പോകുന്നു... പ്രത്യേകം ശ്രദ്ധിക്കണം... പള്ളി യോഗത്തിൽ, വികാരിയും നാട്ടുകാരുമാണ്... അച്ചന് മേൽക്കൈ ഒക്കെയുണ്ടെങ്കിലും, നാട്ടുകാർക്ക് അത്യാവശ്യം ശബ്ദം ഒക്കെ ഉയർത്താവുന്ന ഒന്ന്... പക്ഷെ കുർബ്ബാന സമയത്ത് അങ്ങനെയൊന്നില്ല... പുരോഹിതന്റെ ഏകാധിപത്യമാണ്... കാല് കഴുകുന്നുവെന്ന് പറയുമ്പോൾ ഓടിപോകാൻ, ഒരു പക്ഷെ കാല് അനങ്ങുക പോലുമില്ല...


യേശു പെസഹയിൽ 12 ശിഷ്യരുടെ കാല് കഴുകി മുത്തിയതിന്റെ ഓർമ്മയ്ക്ക്, വൈദീകൻ 12 പേരുടെ കാല് കഴുകി മുത്തിയതിനപ്പുറത്ത്, ഇന്ന് വരേയ്ക്കും അത്തരം സംഭവങ്ങൾ ഒരു വിശ്വാസിയും കണ്ടിട്ടില്ല... അങ്ങനെയുള്ള ഒരു സമൂഹത്തിന്റെ മുൻപിൽ ഒരു "കുറ്റവാളിയുടെ" കാല് അച്ചൻ കഴുകുന്നു എന്ന് വരുമ്പോൾ, അയാൾ പരിഹാസ്യനാകുകയാണ്... മരവിച്ച മനസുമായി അവിടെയങ്ങനെ ഇരുന്നിട്ടുണ്ടാകും... "കുറ്റവാളിയുടെ" കാല് കഴുകിയ അച്ചൻ, വിശ്വാസികളുടെ ഇടയിൽ എത്ര മാത്രം ഉയരത്തിലേക്ക് എത്തിയിട്ടുണ്ടോ... അതിന്റെ നൂറ് ഇരട്ടി ആഴത്തിലേക്കാണ് ഈ വിശ്വാസി ചവിട്ടി താഴ്ത്തപ്പെട്ടിട്ടുള്ളത്... അയാളേയും കുടുംബത്തേയും ഒരു പരിഹാസ്യ കഥാപാത്രമാക്കിയിട്ടുണ്ടെന്നാണ് എന്റെ ഉത്ക്കണ്ഠ... 

Monday 27 January 2020

കണകുണ പ്രമാണം...

70 ലക്ഷം മലയാളികൾ ശൃംഖലയിൽ പങ്കെടുത്തു എന്ന് പറയുന്നതിൽ വസ്തുതാപരമായ തെറ്റുണ്ട്... 50 ലക്ഷം മലയാളികൾ മാത്രമെ ശൃംഖലയിൽ ഉണ്ടായുള്ളൂ... കൃത്യമായ കണക്ക് ശാഖയിലുണ്ട്... ആർക്കും പരിശോധിക്കാം... വ്യാജമായ ഒരു അവകാശവാദവും വ്യാജനിർമിതികളും ശാഖയിൽ വെച്ച് പൊറുപ്പിക്കില്ല...
500 രൂപ കൂലിയും ബിരിയാണിയും കൊടുത്താൽ 50 ലക്ഷം സഖാക്കൾ ജോലിക്ക് വരും... അതറിയാത്തവരല്ല ഞങ്ങൾ സംഘികൾ... അവര് വന്നുകാണും...
പിന്നെ എങ്ങനെയാണടാ, 70 ലക്ഷമെന്ന് സഖാക്കൾ തള്ളൂന്നത്... ബാക്കി 20 ലക്ഷം എങ്ങനെ ഒപ്പിച്ചു... അതോ അവര് ചുമ്മാ തള്ളിയതോ...
തള്ളിയതൊന്നുമല്ല... നിനക്കറിയോ... 10 ലക്ഷം ബംഗ്ലാദേശി തീവ്രവാദികൾ പെരുമ്പാവൂർ തന്നെയുണ്ട്... ബാക്കി 10 ലക്ഷം ബംഗ്ലാദേശികൾ മലപ്പുറത്തും മറ്റുമായി താമസിക്കുന്നുണ്ട്... അവരെയൊക്കെ പുറത്താക്കാനാണല്ലോ മോദിയണ്ണൻ ഈ നിയമം തന്നെ കൊണ്ടുവന്നത്... അപ്പോൾ പിന്നെ അവരും ചങ്ങലയിൽ കൂടി... അല്ലാതെ 70 ലക്ഷം മലയാളികളൊന്നും ശൃംഖലയിലുണ്ടായിട്ടില്ല... മലയാളികൾ വെറും 50 ലക്ഷം മാത്രം... ശാഖയിൽ ഇന്നലെ കേശവൻ ജി കൃത്യമായ കണക്കോടെ പറഞ്ഞത് ഞാൻ കേട്ടതാണ്... ജി പറഞ്ഞ കണക്ക് ഇന്നുവരെ തെറ്റിയിട്ടില്ല... നോട്ട് നിരോധിച്ചപ്പോൾ കേശവൻ ജി പറഞ്ഞതാണ് 50% നോട്ട് പോലും തിരിച്ച് വരില്ലായെന്ന്... എല്ലാം ചാക്കിൽ കെട്ടി കത്തിക്കേണ്ടിവരുമെന്ന്... പറഞ്ഞത് സത്യമായില്ലേ... ആർ.ബി.ഐ. യുടെ കണക്കിൽ പോലും വന്നത് 51 ഓ 52 ഓ ശതമാനമാണ്... കിറുകൃത്യമാണ് ജിയുടെ കണക്കുകൾ...
കണകുണ പ്രമാണം...