Thursday, 28 October 2010

കവി അയ്യപ്പനും കാക്കരയും...

കവി അയ്യപ്പന്റെ അവസാന വരികൾ...
...
“പല്ല്

അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി ”
...

കവി അയ്യപ്പനോടുള്ള എല്ലാവിധ ആദരവോടുകൂടി പറയട്ടെ... താങ്ങളുടെ ജീവിത ശൈലി മഹത്വവൽക്കരിക്കുന്നതിൽ... വിരുദ്ധ ധ്രുവത്തിലാണ്‌ കാക്കരയുടെ ഇരിപ്പിടം... ഇരിക്കാൻ കസേരയൊന്നുമില്ല... ഒരു കോണിൽ... പക്ഷെ സത്യസന്ധമായി എന്റെ മനസ്സിലുള്ളത്‌ എഴുതുകയാണെങ്ങിൽ, എന്തോ... ആ ജീവിത ശൈലിയെ വെള്ള പൂശി ചുമ്മാ “പുരോഗമനത്വം” വിളമ്പാൻ കാക്കരക്കാവില്ല... ഉപരിവിപ്ലവമെന്ന്‌ പരിഹസിച്ചോള്ളു... പക്ഷെ മനസ്സിൽ തോന്നിയ സത്യമല്ലെ എഴുതാവു... അയ്യപ്പനെ പോലെ...

തെരുവിന്റെ കവിയാണ്‌... തീയിൽ കുരുത്ത വാക്കുകളാണ്‌ കവിതയിലൂടെ പുറത്തു വന്നത്‌... തെരുവിൽ വളർന്നു... തെരുവിൽ മരിച്ചു... സാംസ്കാരിക നായകരുടെ വേഷഭുഷാദികളൊന്നുമില്ല... നാട്യമില്ല... ജാഡകൾ തൊട്ടു നോക്കിയിട്ടില്ല... നമ്മുക്കെല്ലാവർക്കും സ്വന്തം കവി... ഒരു അന്യത ആരും ദർശിച്ചില്ല... ആർക്കും ആരുമാകാൻ സാധ്യമല്ല... അയ്യപ്പന്‌ പകരം അയ്യപ്പൻ മാത്രം...

ജനിക്കുക, പഠിക്കുക, ജോലി സമ്പാദിക്കുക, കല്യാണം കഴിക്കുക, കുട്ടികൾ, മക്കൾക്കും പേരക്കുട്ടികൾക്കും വരെ സമ്പാദിക്കുക... കൊട്ടാരം പോലത്തെ വീടു പണിയുക... തുടങ്ങി നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്ന, അല്ലെങ്ങിൽ നമ്മളെ പോലെ... എല്ലാവരും ഒരേ വരയിൽ നടക്കണമെന്ന്‌ എനിക്ക്‌ വാശിയില്ല... വിശക്കുമ്പോൾ എന്റെ വീട്ടിൽ കയറി വരും... എന്റെ വീട്ടിൽ കയറി വന്ന്‌ കള്ളുകുടിക്കാൻ കാശ്‌ ചോദിക്കും... എന്നൊക്കെ കവയത്രി സുഗതകുമാരിയെ കൊണ്ട്‌ മാലോകരെ ഓർമപ്പെടുത്തരുത്‌... അത്ര മാത്രം...

പണിയെടുക്കുവാൻ കഴിവുള്ളവൻ ഭിക്ഷ യാചിച്ചാൽ... ആ ശൈലി മഹത്വവൽക്കരിക്കരുത്‌ എന്ന്‌ തന്നെ പറയണം... അന്ധനായ പാട്ടുകാരൻ തെരുവിൽ പാടി ഉപജീവനം നടത്തിയാൽ ആരും കുറ്റം പറയില്ല... മണി ഓട്ടൊറിക്ഷ ഓടിച്ചത്‌... അത്‌ മാന്യമായ തൊഴിലാണ്‌... ആ ശൈലിയെ മഹത്വവൽക്കരിക്കുക... മീൻ വിറ്റ്‌ ഉപജീവനം നടത്തിയ കവിതയേയും കവിയേയും മഹത്വവൽക്കരിക്കാം... ഇവിടെയൊന്നും അയ്യപ്പനെ താരതമ്യം ചെയ്യുവാൻ സാധിക്കില്ല... കാരണം... ഫ്രൂഫ് റീഡറായി ജനയുഗത്തിൽ സേവനം അനുഷ്ഠിച്ചിരുന്നു... ചെറുപ്പത്തിലെ കഠിന യാഥാർത്ഥ്യങ്ങൾക്ക്‌ ശേഷം... പിന്നെയാണ്‌ മാറി നടന്നത്‌... അതിനും കാരണങ്ങൾ കാണുമായിരിക്കും... നമ്മളെല്ലാം മനുഷ്യരാണല്ലോ...

അയ്യപ്പൻ അങ്ങനെയായതിൽ അയ്യപ്പനെ കുറ്റപ്പെടുത്താതിരിക്കാം... സാഹചര്യങ്ങൾ മനുഷ്യന്റെ ജീവിതത്തെ മാറ്റി മറിക്കും... വലിയ സാഹിത്യകാരന്മാരായിരിക്കാം... മനോധൈര്യം ഉണ്ടായിരിക്കണമെന്നില്ല... പക്ഷെ നാം പിൻതുടരാൻ ആഗ്രഹിക്കാത്ത ഒരു ജീവിത ശൈലി എന്തിന്‌ മഹത്വവൽക്കരിക്കുന്നു... അത്‌ നാട്യമല്ലേ... ആ നാട്യം അയ്യപ്പനിഷ്ടമല്ല... അയ്യപ്പൻ തുറന്ന പുസ്തകമാണ്‌... അതിൽ ഭാവാഭിനയമില്ല... പച്ചയായ ജീവിതം മാത്രം... അയ്യപ്പന്റെ കവിതയെ ഇഷ്ടപ്പെടണമെങ്ങിൽ... ജീവിത ശൈലിയേയും ഇഷ്ടപ്പെടണമെന്നില്ല...

അയ്യപ്പേട്ടാ, അയ്യപ്പേട്ടന്റെ കവിതയും ജീവിത ശൈലിയും കാക്കരക്കിഷ്ടമാണ്‌... ഞാനും ഈ വഴിയെ വരുന്നു...

എടാ കാക്കരെ... എന്റെ കവിതയെ ഇഷ്ടപ്പെട്ടോള്ളു... പക്ഷെ എന്റെ ജീവിത ശൈലി, അത്‌ അയ്യപ്പന്‌ മാത്രം... ഇതിലെവിടെയാടാ മാതൃക...
Post a Comment