Saturday 6 November 2010

ഒബാമക്ക്‌ സ്വാഗതം... വരവിന്റെ ലക്ഷ്യം?

ബരാക്ക്‌ ഒബാമ വരുന്നു... ഇന്ത്യയിലേക്ക്‌... വരട്ടെ... ശീത യുദ്ധം അവസാനിച്ചതിന്‌ ശേഷം... ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളരുമ്പോൾ? അമേരിക്കൻ പ്രസിഡണ്ടുമാർ ഇന്ത്യയിലേക്ക്‌ വരുന്നത് വലിയ കാര്യമല്ലാതായി... ക്ലിന്റൻ... ബുഷ്‌... ഇപ്പോളിതാ ഒബാമയും... കാരണം വളരെ ലളിതം... അമേരിക്കക്ക്‌ ഇന്ത്യയെ വേണം, ഇന്ത്യക്ക്‌ അമേരിക്കയെ വേണം...

എവിടെയൊക്കെയാണ്‌ പരസ്‌പരം വേണ്ടലുകൾ... അങ്ങനെയൊന്ന്‌ നാം അറിയുന്നുണ്ടോ? കാര്യമായ ചർച്ചകൾ നടക്കുന്നുണ്ടോ? ജനപ്രതിനിധികൾക്ക്‌ വല്ലതും അറിയുമോ? ഒബാമ ഇന്ത്യയിൽ വരുമ്പോൾ എവിടെ താമസിക്കുന്നു... എവിടെ ഭക്ഷണം കഴിക്കുന്നു... കൂടെ ആരൊക്കെ വരുന്നു... ഇത്തരം കാര്യങ്ങൾ നമ്മുടെ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ മറന്നു പോകുന്ന ഒരു കാര്യം ഒപ്പിടുന്ന കരാറുകൾ ഏതൊക്കെ... ആ കരാറുകളുടെ ഗുണങ്ങൾ എന്തൊക്കെ... ഗുണഭോക്താക്കൾ ഇന്ത്യയോ അമേരിക്കയോ? ഇതൊന്നും ചർച്ച ചെയ്യാത്ത മാധ്യമങ്ങൾ മഞ്ഞപത്ര നിലവാരത്തിൽ കാര്യങ്ങളെ കാണുന്നു... പൂർണ്ണമായും മാധ്യമങ്ങൾ അവഗണിച്ചു എന്ന്‌ പറയുന്നില്ല പക്ഷെ പ്രാധാന്യമില്ല... എല്ലാം A.I.C.C യോഗം പോലെ...

പതിവുപോലെ ഇടതുപക്ഷ പാർട്ടികൾ പ്രതിക്ഷേധവുമായി മുന്നിലുണ്ട്‌... ഭീകര വിരുദ്ധ പോരാട്ടത്തിൽ അമേരിക്ക ഇന്ത്യയെ സഹായിക്കുന്നില്ല... ഭോപ്പാൽ ദുരന്തം പൊക്കിപ്പിടിക്കുന്നു... കമ്യുണിസ്റ്റുകാരുടെ പ്രശ്‌നം... ഭോപ്പാലല്ല... ഭീകരരുമല്ല... സാമ്രാജത്വമാണ്‌... അമേരിക്കയാണ്‌... കോക്കോകോളയാണ്‌... അണികൾക്ക്‌ ഒരു പണിയാണ്‌... പാർലമെന്റിലെ ഒബാമയുടെ പ്രസംഗം ബഹിഷ്കരിക്കാത്ത സി.പി.എം.ഇന്റെ നിലപാടിന്‌ കാക്കരയുടെ പിൻതുണ... ചൈനീസ്‌ അണ്ണന്മാർ വരുമ്പോഴും നമുക്ക്‌ പ്രതിക്ഷേധിക്കണം... നമ്മുടെ കാഷ്മീരും അരുണാചലും അവർ അടിച്ചുമാറ്റിയിരിക്കയല്ലെ... ചുമ്മാ തോണ്ടിയതാണ്‌... കാര്യമാക്കേണ്ട...

അമേരിക്കൻ ശ്വാനന്മാർക്ക്‌ പഞ്ചനക്ഷത്ര സൗകര്യം... പട്ടികൾക്ക്‌ എന്തുകൊടുക്കുന്നു എന്നതല്ല കാക്കരയുടെ പ്രശ്‌നം... ഒബാമാ വന്നാൽ നമുക്കെന്ത് കിട്ടും... അതിന്‌ പകരമായി നമുക്കെന്ത് നഷ്ടപ്പെടും... ഒന്ന്‌ പറയു?

മംഗളം നല്കുന്ന ചെറിയ വിവരം താഴെ... തലവാചകം ശ്രദ്ധിക്കണം... ഇന്ത്യ “ആഗ്രഹിക്കുന്നു” പക്ഷെ അമേരിക്കക്ക്‌ “വേണ്ടത്‌”

ഇന്ത്യ ആഗ്രഹിക്കുന്നത്‌

*ദക്ഷിണേഷ്യന്‍ മേഖലയിലും അതിനപ്പുറത്തേക്കും ഇന്ത്യയുടെ സൈനികവും സുരക്ഷാപരവുമായ താല്‍പര്യങ്ങള്‍ക്കു പിന്തുണ
*യു.എന്‍. രക്ഷാസമിതി സ്‌ഥിരാംഗത്വത്തിന്‌ നിരുപാധിക പിന്തുണ
*ഡി.ആര്‍.ഡി.ഒ, ഐ.എസ്‌.ആര്‍.ഒ. എന്നിവയെ സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെ കരിമ്പട്ടികയില്‍നിന്ന്‌ ഒഴിവാക്കുക
*വിവിധോപയോഗ സാങ്കേതികവിദ്യാ കൈമാറ്റം
*അഫ്‌ഗാന്‍ പുനര്‍നിര്‍മാണത്തിലും ഭാവി ഭരണത്തിലും പ്രാമുഖ്യം
*പ്രൊഫഷണലുകള്‍ക്ക്‌ അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരം
*ആഫ്രിക്കയിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനു യു.എസ്‌. സഹകരണം
*ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും യു.എസ്‌. വിപണിയില്‍ വിപുലമായ അവസരം

അമേരിക്കയ്‌ക്കു വേണ്ടത്‌

*വന്‍ശക്‌തിയാകാന്‍ കുതിക്കുന്ന ചൈനയെ തടഞ്ഞ്‌ ഏഷ്യയില്‍ സന്തുലനം സൃഷ്‌ടിക്കുന്ന ശക്‌തിയായി ഇന്ത്യ മാറുക
*അഫ്‌ഗാനിലെ സമാധാനത്തിനും സ്‌ഥിരതയ്‌ക്കും ഇന്ത്യന്‍ സഹകരണം
*ഇന്ത്യയുടെ സൈനിക നവീകരണത്തിലും പ്രതിരോധ വിപണിയിലും അമേരിക്കന്‍ കമ്പനികള്‍ക്കു പ്രാമുഖ്യം
*ഭീകരവിരുദ്ധ പോരാട്ടത്തിലെ സഹകരണം
*യു.എസ്‌. കമ്പനികള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകിട്ടുക
*ആഗോളതാപനം ചെറുക്കുന്ന സാങ്കേതികവിദ്യകള്‍ ഇന്ത്യക്കു വില്‍ക്കുക
*നൂതന സാങ്കേതികവിദ്യയ്‌ക്കു വിപണി
*സൈനികേതര ആണവമേഖലയില്‍ പിടിമുറുക്കുക
*അമേരിക്കയില്‍ തൊഴിലവസരം സൃഷ്‌ടിക്കുന്ന നടപടികള്‍ക്ക്‌ ആക്കംകൂട്ടുക

14 comments:

ഷൈജൻ കാക്കര said...

അമേരിക്കൻ ശ്വാനന്മാർക്ക്‌ പഞ്ചനക്ഷത്ര സൗകര്യം... പട്ടികൾക്ക്‌ എന്തുകൊടുക്കുന്നു എന്നതല്ല കാക്കരയുടെ പ്രശ്‌നം... ഒബാമാ വന്നാൽ നമുക്കെന്ത് കിട്ടും... അതിന്‌ പകരമായി നമുക്കെന്ത് നഷ്ടപ്പെടും... ഒന്ന്‌ പറയു?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്ത്യ “ആഗ്രഹിക്കുന്നു”
പക്ഷെ അമേരിക്കക്ക്‌ “വേണ്ടത്‌”


അവസാനം രണ്ടാമത്തെ കാര്യങ്ങൾ നടക്കും!

shaji.k said...

നമുക്ക് കാത്തിരിക്കാം,എന്താവും എന്നറിഞ്ഞുകൂടാ.

ജയിംസ് സണ്ണി പാറ്റൂർ said...

ഒരു രാഷ്ട്രത്തലവന്‍ വിനോദസഞ്ചാരി
യാകേണ്ടതുണ്ടോ ?

Anaswayanadan said...

കാത്തിരുന്നു കാണാം

ഷൈജൻ കാക്കര said...

ബിലാത്തിപട്ടണം... പക്ഷെ “എന്ത്‌ നടക്കും” എന്നതിന്റെ പുറകെ പോകാതെ നടന്നാലും നമ്മുടെ മാധ്യമങ്ങൾ ശ്വാനന്മാരുടെ പുറകെ പോയാൽ ഇന്ത്യ ആഗ്രഹിക്കുന്ന ഒരു കാര്യവും നടക്കില്ല...

ഷാജി... അനസ്സ്‌... ഞാനും കാത്തിരിക്കുന്നു...

ജെയിംസ്‌... രാഷ്ട്രതലവൻമാർ “ഗൗരവമേറിയ” കാര്യങ്ങൾ മാത്രമെ ചർച്ച ചെയ്യാവു എന്നൊന്നില്ല... അവരും വിനോദസഞ്ചാരിയാകട്ടെ... അതിനിടയിലും ഉത്തരവാദിത്വം മറക്കരുത്‌ അത്ര മാത്രം... വിനോദത്തിനിടയിലും കച്ചവടം നടക്കുന്നുണ്ട്...

---

ഗാമ കച്ചവടത്തിന്‌ വന്ന്‌ നമ്മളെ അടിമയാക്കി... അതുപോലെ ഒബാമയും വരുന്നു... ഇങ്ങനേയും ഭയം വിതറുന്നവർ ജന്മനാ അടിമകളാണ്‌...

ഷൈജൻ കാക്കര said...

ഒബാമ പാർലമെന്റിലെ പ്രസംഗം അവസാനിപ്പിച്ചത്‌ “ജെയ് ഹിന്ദ്” എന്ന്‌ പറഞ്ഞുകൊണ്ട്...

ഇതുപോലെയെങ്ങാനും നമ്മുടെ മൻമോഹൻ അമേരിക്കയിൽ ചെന്ന്‌ “ജെയ് അമേരിക്ക” എന്ന്‌ പറഞ്ഞു നോക്ക്‌... അപ്പോൾ അറിയാം... ഇവിടത്തെ കോലാഹലം...

ഐക്കരപ്പടിയന്‍ said...

എന്ത് നടന്നാലും അതൊന്നും സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നമായിരിക്കില്ല എന്ന് സമാധാനിക്കാം...പുതിയ ആണവ കരാറുകള്‍ കേള്‍ക്കുമ്പോള്‍ ഭോപ്പാല്‍ ദുരന്തം ഓര്‍ത്തു പോവുന്നു...സാരമില്ല, അയാള്‍ വന്നു എല്ലാം കണ്ടു (കൊണ്ടല്ല..) പോട്ടെ..പത്രങ്ങള്‍ ആഘോഷിക്കട്ടെ, നമുക്ക് ബ്ലോഗും എഴുതി രസിക്കാം...ആശംസകള്‍..!

TPShukooR said...

ഇതൊക്കെ തന്നെയാണോ കാക്കരെ അവരുടെ ഉദ്ദേശ്യം? ദ്വാരം വീണു മുങ്ങാന്‍ പോകുന്ന അവരുടെ കപ്പലിന്‍റെ ഒറ്റയടക്കാന്‍ ഒരു മെഴുകായി മാത്രമേ അവര്‍ ഇന്ത്യയെ കാണുന്നുള്ളൂ എന്നാണു എന്‍റെ അഭിപ്രായം

രമേശ്‌ അരൂര്‍ said...

അമേരിക്ക പണ്ടത്തെ അമേരിക്കയല്ല ..ഇന്ത്യ പണ്ടത്തെ ഇന്ത്യയും അല്ല ..കാത്തിരിക്കാതെ തല്ക്കാലം ഒരു രക്ഷയുമില്ല ..പല കാര്യങ്ങളിലും മുന്‍പ് ലോകരാജ്യങ്ങളുടെ പിന്‍ നിരയില്‍ നിന്നിരുന്ന ഇന്ത്യ ഇന്ന് അവഗണിക്കാന്‍ പറ്റാത്ത ശക്തി ആയതു ആരോപിക്കപ്പെടുന്നത് പോലെ നേതാക്കള്‍ നേരം പോക്കിന് ചര്‍ച്ച നടത്തിയത്
കൊണ്ട് മാത്രം അല്ലല്ലോ ..നടപടികള്‍ ഉണ്ടായി പല മേഖലകളിലും ..നയങ്ങള്‍ ,നിലപാടുകള്‍ ഉണ്ടായി ..അതൊന്നും നമ്മള്‍ അറിഞ്ഞില്ല ..അറിയുന്നില്ല ..അത്ര മാത്രം ..

ഷൈജൻ കാക്കര said...

സലീം... ഒബാമ വരുന്നതും “കണ്ടുപോകുന്നതും” ആഘോഷിക്കേണ്ടതില്ല... പക്ഷെ വല്ലതും “കൊണ്ടുപോകുന്നുണ്ടെങ്ങിൽ” അത്‌ നമ്മളെ അറിയിക്കേണ്ട ബാദ്യത മാധ്യമങ്ങൾക്കില്ലേ... ആ മാധ്യമധർമം മറന്നുകൊണ്ട് ശ്വാനന്മാരുടെയും മറ്റും പിന്നാലേ പോയാൽ...

ശുക്കൂർ... അമേരിക്ക ഒരു കപ്പലും ഇന്ത്യയൊരു മെഴുകുതിരിയുമായി കാണരുത്... നാമും നമ്മുടെ ഭരണാധികാരികളും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം... ഒബാമ എങ്ങനെ അമേരിക്കയെ പ്രതിനിധികരിക്കുന്നു അങ്ങനെ ഇന്ത്യയെ പ്രതിനിധികരിക്കാൻ മൻമോഹന്‌ ആർജ്ജവമുണ്ടാകണം... അതിനുള്ള ശക്തി ഇന്ത്യക്കാർ നൽകണം... 47 ലേയോ 91 ലേയോ ഇന്ത്യയല്ല 2010 ൽ... ഇനിയും ഉയരും അതിനിടയിൽ ഇന്ത്യ അമേരിക്കയുമായും ഇസ്രായേലുമായും ബ്രിട്ടണുമായും റഷ്യയുമായും സൗദിയുമായും ചൈനയുമായും ബ്രസീലുമായും എന്തിന്‌ “ശത്രുരാജ്യം” എന്ന ലേബലുള്ള പാകിസ്ഥാനുമായും വ്യാപാര നയതന്ത്ര ഉടമ്പടികൾ ഉണ്ടാക്കും... ഇതൊക്കെ വളർച്ചയുടെ ഓരൊ ഘട്ടങ്ങൾ...

രമേശ്‌ അരൂർ... എങ്ങനെ അറിയും... അറിയിക്കേണ്ട മാധ്യമങ്ങൾ... മിഷേലിന്റെ ഡാൻസിന്റേയും വസ്ത്രത്തിന്റേയും പിന്നാലെയല്ലേ?

ഷൈജൻ കാക്കര said...

കാരാട്ടിന്‌ ചൈനയുടെ പാര....

ഒബാമയുടെ സന്ദർശനം പരാജയം... കാരാട്ട്‌...

സുരക്ഷ സമിതിയിലേക്ക്‌ ഇന്ത്യക്ക്‌ ചൈനയുടെ പിന്തുണ... ഇന്നലെ വരെ പിൻറ്റുണ പ്രഖ്യാപിക്കാത്ത ചൈനയാണ്‌ അമേരിക്കയുടെ പ്രഖ്യാപനത്തിന്‌ തൊട്ടുപിന്നാലെ ഒരു ചർച്ചയും കൂടാതെ പിൻതുണ അറിയിച്ചത്‌... അതാണ്‌ അമേരിക്കയെന്ന ലോകപോലിസിന്റെ സ്വാധീനം... അപ്പോൾ ഒബാമയുടെ സന്ദർശനം കുറച്ചൊക്കെ വിജയമായിരുന്നുവല്ലേ?

വർഗ്ഗബോധമില്ലാത്ത ചൈന...

http://mangalam.com/index.php?page=detail&nid=360539&lang=malayalam

Anonymous said...

arms and ammunitions agreement?

ഷൈജൻ കാക്കര said...

മൈത്രേയി... ആയുധങ്ങൾ മാത്രമല്ലല്ലോ നാം വാങ്ങുന്നത്‌... ഇനി ആയുധങ്ങൾ വാങ്ങുവാൻ ഇന്ത്യ തീരുമാനിക്കുകയാണെങ്ങിൽ അത്‌ അമേരിക്കയിൽ നിന്ന്‌ വാങ്ങരുത്‌ എന്നില്ലല്ലോ...