Thursday, 11 November 2010

എൻഡൊസൾഫാൻ ജീവൻ രക്ഷാമരുന്നൊന്നും അല്ലല്ലോ...

ജനങ്ങളുടെയിടയിൽ ഭീതിയും കൂറെ പഠനങ്ങൾ അപകടകാരിയുമാണെന്ന്‌ കണ്ടെത്തുകയും ചില രാജ്യങ്ങൾ നിരോധിക്കുകയും ചെയ്ത ഒരു കീടനാശിനി... അതാണ്‌ എൻഡൊസൾഫാൻ.... എന്നാൽ പിന്നെ അതങ്ങ്‌ നിരോധിക്കുക... അതിന്‌ ശേഷവും പഠനങ്ങൾ നടത്താമല്ലോ... പഠനം അവസാനിപ്പിക്കേണ്ട... പഠനം പഠനത്തിന്റെ വഴിക്ക്‌ പോകട്ടെ... നിയമം നിയമത്തിന്റെ വഴിയെന്നാണല്ലോ... ഇനിയിപ്പോൾ എൻഡൊസൾഫാൻ പുണ്യാഹമാണെന്നൊ അന്നാവെള്ളമാണെന്നോ സംസം വെള്ളമാണെന്നൊ ശാസ്ത്രീയമായി തെളിയിക്കുകയാണെങ്ങിൽ നമ്മുക്ക്‌ പിന്നേയും തളിക്കാമല്ലോ... കശുമാവും ജനവും ബാക്കിയാവണമല്ലോ... അതുവരെ കേന്ദ്രസർക്കാരും കമ്പനിയും കുമ്പളങ്ങി മാഷും ക്ഷമി...

ഇനിയിപ്പോൾ എൻഡൊസൾഫാനല്ല മാറാരോഗങ്ങളുടെ വില്ലൻ എന്ന്‌ തെളിവുകൾ “ഉണ്ടാക്കിയെടുത്താലും” തളിക്കാൻ വരട്ടെ... ഈ രോഗങ്ങളുടെ കാരണക്കാരനെ കണ്ടെത്തുക... എന്നാൽ മാത്രമെ ജനങ്ങളുടെ മനസ്സിലുള്ള ഭീതിയകലുകയുള്ളു... അതുവരേയും എൻഡൊസൾഫാൻ മൂർദാബാദ്... തോമസ് മാഷ്‌ വായടയ്‌ക്കുക...

എ.കെ.ജി സെന്ററിലിരുന്നുണ്ടാക്കിയ വിവാദമല്ല ഇപ്പോഴത്തെ എൻഡൊസൾഫാൻ... അത്‌ അന്തരാഷ്ട്രതലത്തിൽ ഇന്ത്യയുടെ നിലപാടും (ഭരിക്കുന്നത്‌ കോൺഗ്രസ്സ്‌) അതിന്റെ കൂടെ തോമസ് മാഷ്‌ കേരളത്തിലെ കോൺഗ്രസ്സിന്റെ തലയിൽ അടിച്ച്‌ കേറ്റിയ ആണിയും... ഈ ആണി ഊരിപോകാതിരിക്കാൻ കോൺഗ്രസ്സ് വിരോധികൾ ശ്രമിക്കുമെന്ന്‌ തോമസ് മാഷിനും അറിയാം... അതിനാൽ തന്നെ എൻഡൊസൾഫാനിലെ രാഷ്ട്രീയം കോൺഗ്രസ്സിന്റെ തലയിൽ തന്നെയിരിക്കട്ടെ...

ഹെലിക്കോപ്റ്ററിലൂടെ തളിച്ചതും അധിക ഉപയോഗവും ഓരൊ കാരണങ്ങളായിരിക്കാം... ഒരു പക്ഷെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്‌ ജനവാസ കേന്ദ്രമായതുമാകം ദുരന്തം വർദ്ധിപ്പിച്ചത്‌... ഇതൊക്കെ നിയന്ത്രിക്കേണ്ട കേരളസർക്കാരുകളാണ്‌ ഒന്നാം പ്രതി... അവിടേയും തർക്കമില്ല... പക്ഷെ കാസർഗോഡ് ഒരു ദുരന്തമുണ്ട്‌... അതിന്‌ പരിഹാരമെന്ത്‌... അതിന്‌ എല്ലാവിധ മാർഗങ്ങളും സ്വീകരിക്കണം... എല്ലാവിധ പഠനങ്ങളും നടത്തിയതിന്‌ ശേഷം “മറ്റു മരുന്നുകളേക്കാൾ അപകടം പിടിച്ചതാണ്‌” എന്ന്‌ മനസ്സിലാക്കിയതിന്‌ ശേഷം നിരോധിക്കാം എന്നതല്ല ന്യായം... വലിയ ഒരു ജന വിഭാഗം ഭയപ്പാടോടെ കാണുന്ന എൻഡൊസൾഫാൻ തൽക്കാലം നിരോധിക്കുന്നു... അതല്ലെ ജനാധിപത്യ മര്യാദ...

കേന്ദ്ര സർക്കാർ എൻഡോസൾഫാനെ നിരോധിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക്‌ നൽകട്ടെ...

ഒരു മരുന്ന്‌ വാങ്ങിയാൽ അതിന്റെകൂടെ ഭൂത കണ്ണാടി വെച്ചാൽ പോലും വായിക്കാൻ പറ്റാത്ത വലിപ്പത്തിൽ പലതും എഴുതി വെയ്‌ക്കാറുണ്ട്‌... ഹെലിക്കോപ്റ്റരിലുടെ അടിച്ചാൽ മനുഷ്യരിൽ പ്രശ്നമാകുമെന്ന്‌ വല്ല കുറിപ്പും ഈ എൻഡ്സൾഫാൻ പാക്കറ്റിലുണ്ടോ? ലോകം മുഴുവനും എൻഡൊസൾഫാനെ പറ്റി ചർച്ച ചെയ്യുന്നു... എങ്ങിൽ എന്താണ്‌ പ്രശ്നമെന്ന്‌ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം എൻഡൊസൾഫാൻ കമ്പനിക്കില്ലേ...

ഓഫ്...

എന്റെ കൊച്ചിന്‌ മുട്ട അലർജിയാണെന്ന്‌ സംശയം തോന്നിയാൽ... ആദ്യം അതങ്ങ്‌ നിർത്തും പിന്നേയെ പഠനം നടത്തു... ഹല്ല പിന്നെ...
Post a Comment