Thursday, 25 November 2010

ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും

ണിം... ണിം... ണിം...

ഹല്ലോ...

ങാ...

ഇത്‌ കല്ലുമുക്കിലെ....

പറയു കാക്കരെ... ആളെ മനസ്സിലായി...

സാറെ... ഞാനിന്നലെ പറഞ്ഞ കാര്യം എന്തായി... കോണ്ട്രാക്‌റ്റർ വിളിച്ചിരുന്നു... ആൾക്ക്‌ താല്പര്യമുള്ള കേസ്സാ...

ഒന്നും ആയിട്ടില്ല... അവിടന്ന്‌ കുറെ പേരുകൾ വരുന്നുണ്ട്‌... നിലവിലെ അംഗം ഗീതയും സീറ്റ്‌ ചോദിച്ചിട്ടുണ്ട്... പിന്നെ അവിടത്തെ യൂണിറ്റ്‌ പ്രസിഡന്റിനും ഭൂരിഭാഗം ഭാരവാഹികൾക്കും താല്പര്യം ഗീതയോടാണ്‌... ചെറുപ്പം മുതലെ പാർട്ടിക്ക്‌ വേണ്ടി കൊടി പിടിച്ച്... അച്ചന്റെ കൂടെ...

പിന്നെ... കൊടിയല്ലെ പിടിച്ചുള്ളു... കോടിയൊന്നും പിരിച്ചില്ലല്ലോ... ഗീത ശരിയാവില്ല... സാറിനറിയാമല്ലോ ത്രിതലം വന്നതിൽപ്പിന്നെ ചുമ്മാ അംഗമായാലും കുറെയേറെ പണിയൊക്കെ ഒപ്പിക്കാം... തിന്നൂല്ല തീറ്റിക്കൂല എന്ന്‌ വെച്ചാൽ... കാണേണ്ടവരെ കണ്ട് ഒപ്പിച്ചെടുത്ത കല്ലുമുക്കിലെ റോഡ്‌ ടാറിട്ടപ്പോൾ... ടാർ പോരാ എന്നുംപറഞ്ഞ്‌ കൂറെയെണ്ണത്തിനെ കൊണ്ടുവന്ന്‌ കൊടി പിടിച്ചു... മീറ്റിങ്ങിലും കച്ചടയുണ്ടാക്കി... 100 വീപ്പ ടാറിറക്കിയിട്ടാണ്‌ പണ്ടാറടങ്ങിയത്‌...

ങും... അറിയാം... ബസ്‌സ്റ്റാന്റിലെ കടകളുടെ ലേലത്തിൽ എന്റെ പേര്‌ വലിച്ചിട്ടതും... ഞാനും മറന്നിട്ടില്ല...

അതാ... പറഞ്ഞത്‌ ഗീത നമുക്കൊരു തടസ്സമാണ്‌...

പകരം മേരിക്കുട്ടിയാണെങ്ങിൽ നമ്മുടെ കാര്യങ്ങൾ എളുപ്പമാണ്‌... അവൾക്ക്‌ മൂന്ന്‌ പെൺമക്കളാ.. എല്ലാം പഠിച്ചോണ്ടിരിക്കയാ... വീടുപണിയും നടന്നിട്ടില്ല... അഞ്ചുകൊല്ലം... അതിനപ്പുറത്തേക്ക്‌ നോക്കേണ്ട... കെട്ടിയവൻ... ഇപ്പോൾ ഷാപ്പിലാണ്‌... നമുക്കത്‌ ബാറിലാക്കാം...

അറിയാമെടാ... പക്ഷെ എങ്ങനെ സീറ്റ്‌ ശരിയാക്കിയെടുക്കും... ഇപ്രാവശ്യവും ഭൂരിപക്ഷം നമുക്ക് കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ട്... തരംഗമുണ്ട്‌... എന്നാലും ഒരു ഏഴാംകൂലിയെ നിറുത്തി... പണി പാളുമൊ?

സാറങ്ങനെ പേടിക്കാതെ... തിരഞ്ഞെടുപ്പിന്‌ കോണ്ട്രാക്റ്റർ കാശ്‌ വലിച്ചെറിയും... പിന്നെ തരംഗവും... സമുദായവും...

പക്ഷെ, ഇതെങ്ങനെ പാർട്ടിയിൽ അവതരിപ്പിക്കും... മറ്റെ ഗ്രൂപ്പുകാരൻ...

അടിത്തറ കാക്കരയുടെ പണിയല്ലെ.... നാളെ തന്നെ ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും വരും... ചുമ്മാതാണോ ഷർട്ടിൽ പേനയും കുത്തി...

“കല്ലുമുക്കിലും സീറ്റ്‌ തർക്കം...


നിലവിലെ അംഗം ഗീതക്ക്‌ രണ്ടാവട്ടം സീറ്റ് കൊടുക്കുന്നതിൽ പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും താല്പര്യമില്ല... പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കുടിവെള്ളപ്രശ്‌നവും യാത്രപ്രശ്‌നവും പലതവണ മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും... ഇതുവരെ ഒരു പരിഹാരമുണ്ടാക്കിയിട്ടില്ല എന്നത്‌ ജനങ്ങളിൽ പ്രതിക്ഷേധമുണ്ടാക്കിയിട്ടുണ്ട്... മാത്രവുമല്ല കല്ലുമുക്ക്‌ ബസ്‌ സ്റ്റാന്റിൽ പണിതിരിക്കുന്ന കടകളുടെ ലേലവുമായി ബദ്ധപ്പെട്ട് പറഞ്ഞു കേൾക്കുന്ന ക്രമക്കേടിൽ ഗീതയും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്...


പകരം സ്ഥാനാർത്ഥിയായി ചൂണ്ടിക്കാണിക്കുന്ന മേരിക്കുട്ടിയാണെങ്ങിൽ പ്രബല സമുദായത്തിലെ അംഗവും... പ്രദേശത്തെ മതസാമൂഹ്യസാംസ്കാരികരാഷ്ട്രീയ കാര്യങ്ങളിൽ നിറസാനിധ്യമായ... പള്ളിക്കും പ്രത്യേക താല്പര്യമുള്ള മേരിക്കുട്ടിക്ക്‌ നറുക്ക്‌ വീഴാനാണ്‌ സാധ്യത. ഇവിടെ കൃസ്ത്യൻ വോട്ടുകൾ നിർണ്ണായകവുമാണ്‌... സംസ്ഥാനതലത്തിലുണ്ടാക്കിയ ഗ്രൂപ്പ്‌ സമവാക്യവും മേരിക്കുട്ടിക്ക്‌ അനുകൂലവുമാണ്‌...“

ഓ ഓ... അതുമതി... അപ്പോൾ കാക്കരെ, ഉറപ്പിച്ചോ... മേരിക്കുട്ടി തന്നെ സ്ഥാനാർത്ഥി... പിന്നെ കോണ്ട്രാക്കറ്റരോട് ഒന്ന്‌ പറയണം... ബസ് സ്റ്റാന്റിലെ കടകളിൽ നിന്ന്‌ ഞാനും രണ്ടുമൂന്ന്‌ കട ഒപ്പിച്ചിട്ടുണ്ട്... ബിസിനസ്സ്‌ ഒന്നും തുടങ്ങാൻ പറ്റിയിട്ടില്ല... സാവധാനം മതി... പുതിയ സമിതി നിലവിൽ വന്നിട്ട്‌... പുതിയ കോണ്ട്രാക്റ്റ്‌ പണി കിട്ടുമ്പോൾ മതി...

അത്‌ പിന്നെ പ്രത്യേകം പറയണോ.... അതൊക്കെ ശരിയാക്കാം... അപ്പോ പറഞ്ഞപോലെ... പിന്നെ ഞാൻ മറ്റേ ഗ്രുപ്പുകാരനെ ഇന്ന്‌ തന്നെ കാണുന്നുണ്ട്... അവൻ നമ്മുടെ കോണ്ട്രാക്‌റ്റരുടെ ആളാണ്‌... അവനെകൊണ്ട് സാറിന്‌ പ്രശ്‌നമുണ്ടാകില്ല...

”മേരിക്കുട്ടി സിന്ദാബാദ്...
ധീരതയോടെ നയിച്ചോള്ളു
ലക്ഷം ലക്ഷം പിന്നാലെ...“

അതിലൊരു ലക്ഷം കാക്കരയ്ക്കും...

വാൽകക്ഷണം...

നീരയും ബർഖയും രാജയും കോർപ്പൊറേറ്റുകളും വാണരുള്ളുന്ന ഡൽഹിയുടെ വർത്തമാന ചരിത്രം ആരേയും നാണിപ്പിക്കും... ഈ കോക്കസ്സുകൾ വാർഡ്‌ തലത്തിൽ നിന്ന്‌ ആരംഭിക്കുന്നില്ലെ... ചുറ്റും ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയെ...

പാർട്ടി സ്ഥാനാർത്ഥികളെ അതാത്‌ യൂണിറ്റുകൾ യോഗം കൂടി തീരുമാനിക്കുക... അല്ലെങ്ങിൽ... കോർപ്പൊറേറ്റ്‌ സ്ഥാനാർത്ഥികൾക്ക്‌ ജെയ് വിളിച്ച്‌... നാട്‌ നന്നാവില്ലായെന്ന്‌ വിലപിച്ച്‌...

ജനാധിപത്യത്തിന്റെ വിജയത്തിന്‌ ഒറ്റമൂലിയില്ല... ഓരൊ കല്ലും ചെത്തിമിനുക്കി അടുക്കി വെയ്ക്കണം...
Post a Comment