Thursday 25 November 2010

ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും

ണിം... ണിം... ണിം...

ഹല്ലോ...

ങാ...

ഇത്‌ കല്ലുമുക്കിലെ....

പറയു കാക്കരെ... ആളെ മനസ്സിലായി...

സാറെ... ഞാനിന്നലെ പറഞ്ഞ കാര്യം എന്തായി... കോണ്ട്രാക്‌റ്റർ വിളിച്ചിരുന്നു... ആൾക്ക്‌ താല്പര്യമുള്ള കേസ്സാ...

ഒന്നും ആയിട്ടില്ല... അവിടന്ന്‌ കുറെ പേരുകൾ വരുന്നുണ്ട്‌... നിലവിലെ അംഗം ഗീതയും സീറ്റ്‌ ചോദിച്ചിട്ടുണ്ട്... പിന്നെ അവിടത്തെ യൂണിറ്റ്‌ പ്രസിഡന്റിനും ഭൂരിഭാഗം ഭാരവാഹികൾക്കും താല്പര്യം ഗീതയോടാണ്‌... ചെറുപ്പം മുതലെ പാർട്ടിക്ക്‌ വേണ്ടി കൊടി പിടിച്ച്... അച്ചന്റെ കൂടെ...

പിന്നെ... കൊടിയല്ലെ പിടിച്ചുള്ളു... കോടിയൊന്നും പിരിച്ചില്ലല്ലോ... ഗീത ശരിയാവില്ല... സാറിനറിയാമല്ലോ ത്രിതലം വന്നതിൽപ്പിന്നെ ചുമ്മാ അംഗമായാലും കുറെയേറെ പണിയൊക്കെ ഒപ്പിക്കാം... തിന്നൂല്ല തീറ്റിക്കൂല എന്ന്‌ വെച്ചാൽ... കാണേണ്ടവരെ കണ്ട് ഒപ്പിച്ചെടുത്ത കല്ലുമുക്കിലെ റോഡ്‌ ടാറിട്ടപ്പോൾ... ടാർ പോരാ എന്നുംപറഞ്ഞ്‌ കൂറെയെണ്ണത്തിനെ കൊണ്ടുവന്ന്‌ കൊടി പിടിച്ചു... മീറ്റിങ്ങിലും കച്ചടയുണ്ടാക്കി... 100 വീപ്പ ടാറിറക്കിയിട്ടാണ്‌ പണ്ടാറടങ്ങിയത്‌...

ങും... അറിയാം... ബസ്‌സ്റ്റാന്റിലെ കടകളുടെ ലേലത്തിൽ എന്റെ പേര്‌ വലിച്ചിട്ടതും... ഞാനും മറന്നിട്ടില്ല...

അതാ... പറഞ്ഞത്‌ ഗീത നമുക്കൊരു തടസ്സമാണ്‌...

പകരം മേരിക്കുട്ടിയാണെങ്ങിൽ നമ്മുടെ കാര്യങ്ങൾ എളുപ്പമാണ്‌... അവൾക്ക്‌ മൂന്ന്‌ പെൺമക്കളാ.. എല്ലാം പഠിച്ചോണ്ടിരിക്കയാ... വീടുപണിയും നടന്നിട്ടില്ല... അഞ്ചുകൊല്ലം... അതിനപ്പുറത്തേക്ക്‌ നോക്കേണ്ട... കെട്ടിയവൻ... ഇപ്പോൾ ഷാപ്പിലാണ്‌... നമുക്കത്‌ ബാറിലാക്കാം...

അറിയാമെടാ... പക്ഷെ എങ്ങനെ സീറ്റ്‌ ശരിയാക്കിയെടുക്കും... ഇപ്രാവശ്യവും ഭൂരിപക്ഷം നമുക്ക് കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ട്... തരംഗമുണ്ട്‌... എന്നാലും ഒരു ഏഴാംകൂലിയെ നിറുത്തി... പണി പാളുമൊ?

സാറങ്ങനെ പേടിക്കാതെ... തിരഞ്ഞെടുപ്പിന്‌ കോണ്ട്രാക്റ്റർ കാശ്‌ വലിച്ചെറിയും... പിന്നെ തരംഗവും... സമുദായവും...

പക്ഷെ, ഇതെങ്ങനെ പാർട്ടിയിൽ അവതരിപ്പിക്കും... മറ്റെ ഗ്രൂപ്പുകാരൻ...

അടിത്തറ കാക്കരയുടെ പണിയല്ലെ.... നാളെ തന്നെ ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും വരും... ചുമ്മാതാണോ ഷർട്ടിൽ പേനയും കുത്തി...

“കല്ലുമുക്കിലും സീറ്റ്‌ തർക്കം...


നിലവിലെ അംഗം ഗീതക്ക്‌ രണ്ടാവട്ടം സീറ്റ് കൊടുക്കുന്നതിൽ പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും താല്പര്യമില്ല... പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കുടിവെള്ളപ്രശ്‌നവും യാത്രപ്രശ്‌നവും പലതവണ മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും... ഇതുവരെ ഒരു പരിഹാരമുണ്ടാക്കിയിട്ടില്ല എന്നത്‌ ജനങ്ങളിൽ പ്രതിക്ഷേധമുണ്ടാക്കിയിട്ടുണ്ട്... മാത്രവുമല്ല കല്ലുമുക്ക്‌ ബസ്‌ സ്റ്റാന്റിൽ പണിതിരിക്കുന്ന കടകളുടെ ലേലവുമായി ബദ്ധപ്പെട്ട് പറഞ്ഞു കേൾക്കുന്ന ക്രമക്കേടിൽ ഗീതയും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്...


പകരം സ്ഥാനാർത്ഥിയായി ചൂണ്ടിക്കാണിക്കുന്ന മേരിക്കുട്ടിയാണെങ്ങിൽ പ്രബല സമുദായത്തിലെ അംഗവും... പ്രദേശത്തെ മതസാമൂഹ്യസാംസ്കാരികരാഷ്ട്രീയ കാര്യങ്ങളിൽ നിറസാനിധ്യമായ... പള്ളിക്കും പ്രത്യേക താല്പര്യമുള്ള മേരിക്കുട്ടിക്ക്‌ നറുക്ക്‌ വീഴാനാണ്‌ സാധ്യത. ഇവിടെ കൃസ്ത്യൻ വോട്ടുകൾ നിർണ്ണായകവുമാണ്‌... സംസ്ഥാനതലത്തിലുണ്ടാക്കിയ ഗ്രൂപ്പ്‌ സമവാക്യവും മേരിക്കുട്ടിക്ക്‌ അനുകൂലവുമാണ്‌...“

ഓ ഓ... അതുമതി... അപ്പോൾ കാക്കരെ, ഉറപ്പിച്ചോ... മേരിക്കുട്ടി തന്നെ സ്ഥാനാർത്ഥി... പിന്നെ കോണ്ട്രാക്കറ്റരോട് ഒന്ന്‌ പറയണം... ബസ് സ്റ്റാന്റിലെ കടകളിൽ നിന്ന്‌ ഞാനും രണ്ടുമൂന്ന്‌ കട ഒപ്പിച്ചിട്ടുണ്ട്... ബിസിനസ്സ്‌ ഒന്നും തുടങ്ങാൻ പറ്റിയിട്ടില്ല... സാവധാനം മതി... പുതിയ സമിതി നിലവിൽ വന്നിട്ട്‌... പുതിയ കോണ്ട്രാക്റ്റ്‌ പണി കിട്ടുമ്പോൾ മതി...

അത്‌ പിന്നെ പ്രത്യേകം പറയണോ.... അതൊക്കെ ശരിയാക്കാം... അപ്പോ പറഞ്ഞപോലെ... പിന്നെ ഞാൻ മറ്റേ ഗ്രുപ്പുകാരനെ ഇന്ന്‌ തന്നെ കാണുന്നുണ്ട്... അവൻ നമ്മുടെ കോണ്ട്രാക്‌റ്റരുടെ ആളാണ്‌... അവനെകൊണ്ട് സാറിന്‌ പ്രശ്‌നമുണ്ടാകില്ല...

”മേരിക്കുട്ടി സിന്ദാബാദ്...
ധീരതയോടെ നയിച്ചോള്ളു
ലക്ഷം ലക്ഷം പിന്നാലെ...“

അതിലൊരു ലക്ഷം കാക്കരയ്ക്കും...

വാൽകക്ഷണം...

നീരയും ബർഖയും രാജയും കോർപ്പൊറേറ്റുകളും വാണരുള്ളുന്ന ഡൽഹിയുടെ വർത്തമാന ചരിത്രം ആരേയും നാണിപ്പിക്കും... ഈ കോക്കസ്സുകൾ വാർഡ്‌ തലത്തിൽ നിന്ന്‌ ആരംഭിക്കുന്നില്ലെ... ചുറ്റും ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയെ...

പാർട്ടി സ്ഥാനാർത്ഥികളെ അതാത്‌ യൂണിറ്റുകൾ യോഗം കൂടി തീരുമാനിക്കുക... അല്ലെങ്ങിൽ... കോർപ്പൊറേറ്റ്‌ സ്ഥാനാർത്ഥികൾക്ക്‌ ജെയ് വിളിച്ച്‌... നാട്‌ നന്നാവില്ലായെന്ന്‌ വിലപിച്ച്‌...

ജനാധിപത്യത്തിന്റെ വിജയത്തിന്‌ ഒറ്റമൂലിയില്ല... ഓരൊ കല്ലും ചെത്തിമിനുക്കി അടുക്കി വെയ്ക്കണം...

12 comments:

ഷൈജൻ കാക്കര said...

അടിത്തറ കാക്കരയുടെ പണിയല്ലെ.... നാളെ തന്നെ ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും വരും... ചുമ്മാതാണോ ഷർട്ടിൽ പേനയും കുത്തി...

നീരയും ബർഖയും രാജയും കോർപ്പൊറേറ്റുകളും വാണരുള്ളുന്ന ഡൽഹിയുടെ വർത്തമാന ചരിത്രം ആരേയും നാണിപ്പിക്കും... ഈ കോക്കസ്സുകൾ വാർഡ്‌ തലത്തിൽ നിന്ന്‌ ആരംഭിക്കുന്നില്ലെ... ചുറ്റും ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയെ...

shaji.k said...

കാക്കാരെ കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കല്ലേ :)

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോ..കാക്കരക്ക് അടിതൊരപ്പൻ പണിയും അറിയും അല്ലേ...!

faisu madeena said...

ചുമ്മാതാണോ ഷര്‍ട്ടില്‍ പേനയും .....

അനില്‍@ബ്ലോഗ് // anil said...

സത്യമാണ്.
വാര്‍ഡ് തലത്തിലേക്ക് അഴിമതി വികേന്ദ്രീകരിക്കപ്പെട്ടു എന്നു വേണമങ്കിലും പറയാം.

sm sadique said...

ഇതൊന്നും കാണാനും കേൾക്കാനും എന്നെ കൊണ്ടാവില്ല,
ഞാൻ ചെവിയും കണ്ണും പൊത്തുന്നു; എങ്കിലും എന്റെ നാക്ക് പിറുപിറുത്ത്കൊണ്ടെയിരിക്കുന്നു. കൈകൾ അലക്ഷ്യമായി മുഷ്ട്ടിചുരുട്ടി എറിഞ്ഞ്കളിക്കുന്നു….

SUJITH KAYYUR said...

Prathishedhavum kanneerum onnumillaatha shoonyathayude kaalathu ee vaakkukalkku prasakthiyund.

ഒഴാക്കന്‍. said...

ഹി ഹി

ഷൈജൻ കാക്കര said...

ഷാജി... കാര്യങ്ങളെ നിസാരവൽക്കരിച്ചതല്ല... ചുറ്റുവട്ടത്തെ കളികളെ ചൂണ്ടിയതാണ്‌...

ബിലാത്തി... അടിതൊരപ്പൻ... കിടിലൻ വാക്ക്‌... അതായിരുന്നു അടിത്തറയേക്കാൾ യോജിച്ചത്‌...

അനിൽ... വാർഡ്‌ തലത്തിലേക്ക്‌ അഴിമതി വികേന്ദ്രികരിക്കപ്പെട്ടു... എങ്ങനെ രാജമാരുണ്ടാകുന്നു... അത്‌ വാർഡിൽ തന്നെ തുടങ്ങുന്നു...

സാദിഖ്‌... നമ്മുടെ കയ്യെത്തും ദൂരത്താണെങ്ങിൽ മുഷ്ടി ചുരുട്ടി ഇടിക്കുകയും വേണം...

ഫൈസു... സുജിത്‌... ഒഴാക്കൻ.. നന്ദി...

Anonymous said...

അതെ ഒന്നുമല്ലാത്തവരെ എല്ലാമാക്കാനും എല്ലാമായവരെ ഒന്നുമാക്കാതിരിക്കാനും പോക്കറ്റിലെ ആ പേനയ്ക്കു കഴിയും. പക്ഷേ കൂടുതല്‍ കുറ്റം പേന എടുത്തവര്‍ക്കല്ല, എടുപ്പിച്ചവര്‍ക്കാണ്. ലോബീയിംഗിനു നിന്നു കൊടുക്കുന്ന നമ്മെ ഭരിക്കാന്‍ നമ്മള്‍ തെരഞ്ഞടുത്തു വിട്ടവര്‍.. അവര്‍ അഴിമതിക്കാരായതുകൊണ്ടാണല്ലോ നീര-ബര്‍ഖമാര്‍ ഇത്തരം ജോലി ചെയതത്.

Hashiq said...

"ജനാധിപത്യത്തിന്റെ വിജയത്തിന്‌ ഒറ്റമൂലിയില്ല... ഓരൊ കല്ലും ചെത്തിമിനുക്കി അടുക്കി വെയ്ക്കണം"..ചെത്തി മിനുക്കി അടുക്കി വെക്കുമ്പോള്‍ കല്ലുകള്‍ക്ക് കുഴപ്പമില്ല. പക്ഷെ 'അര്‍ബുദ വിത്തുകളുമായി ' നീരയും ബര്‍ഖയുമൊക്കെ ഇറങ്ങിതിരിക്കുന്നിടത്താണ് രോഗത്തിന്റെ ഒന്നാം ഘട്ടം. കുറെ നാള്‍ പൊരുതി നിൽക്കും. പതിയെ എത്ര നല്ല കല്ലിനെയും ജീര്‍ണിപ്പിക്കുന്ന അവസ്ഥയിലേക്ക് 'രോഗാണുക്കള്‍' പിടി മുറുക്കും............

ഷൈജൻ കാക്കര said...

ഇപ്പോൾ ട്രായിയും പറയാതെ പറയുന്നു, 65,834 കോടി രൂപയുടെ നഷ്ടം സംഭവിച്ചു...


Mangalam News

2ജി സ്‌പെക്‌ട്രം വില ആറു മടങ്ങ്‌ കൂട്ടണമെന്നു ട്രായി ശിപാര്‍ശ
ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം ഇടപാടില്‍ 1.76 ലക്ഷം കോടി നഷ്‌ടമുണ്ടായെന്ന വിവാദം കത്തിനില്‍ക്കെ, 2ജി സ്‌പെക്‌ട്രത്തിന്റെ അടിസ്‌ഥാന വില ആറു മടങ്ങ്‌ വര്‍ധിപ്പിക്കാന്‍ ടെലികോം നിയന്ത്രണ അഥോറിട്ടി (ട്രായി) ടെലികോം മന്ത്രാലയത്തോട്‌ നിര്‍ദേശിച്ചു.

6.2 മെഗാ ഹെര്‍ട്‌സിനു മുകളിലുള്ള സ്‌പെക്‌ട്രത്തിന്‌ ഇപ്പോഴുള്ള 1658 കോടി രൂപയില്‍ നിന്ന്‌ 10,972.45 കോടി രൂപയായി വര്‍ധിപ്പിക്കാനാണ്‌ ട്രായിയുടെ ശിപാര്‍ശ. ട്രായി നിര്‍ദേശം തത്വത്തില്‍ അംഗീകരിക്കുന്നുവെന്ന്‌ ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു.

ട്രായി ശിപാര്‍ശ അംഗീകരിച്ചാല്‍ രാജ്യത്തെ മൊബൈല്‍ ഉപയോക്‌താക്കളെ ഇതു ബാധിക്കും. സേവനദാതാക്കള്‍ക്ക്‌ വന്‍ ബാധ്യത വരുത്തുന്നതാണ്‌ നിര്‍ദേശം. സ്‌പെക്‌ട്രം വില കൂട്ടുമ്പോള്‍ ഫോണ്‍ കോളുകളുടെ നിരക്കും കൂടാനിടയാകും. കളിക്കിടെ ഗോള്‍ പോസ്‌റ്റ് മാറ്റുന്നതു പോലെയാണ്‌ ട്രായിയുടെ നിര്‍ദേശമെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ വ്യക്‌തമാക്കി. ശിപാര്‍ശ അംഗീകരിച്ചാല്‍ കേരളത്തിലടക്കം 3ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ നല്‍കിയതിനേക്കാള്‍ ഒന്നേകാല്‍ മടങ്ങ്‌ കൂടുതലായിരിക്കും 2ജി സ്‌പെക്‌ട്രത്തിനു നല്‍കേണ്ടി വരുന്ന വില.

ഇതിനു പുറമെ 6.2 മെഗാ ഹെര്‍ട്‌സിനു മുകളില്‍ അധികമായി ഉപയോഗിക്കുന്ന ഓരോ മെഗാ ഹെര്‍ട്‌സിനും 4571.81 കോടി രൂപ വീതം നല്‍കേണ്ടി വരും. തത്വത്തില്‍, വിവാദമായ 2008ലെ സ്‌പെക്‌ട്രം വില്‍പ്പനയിലൂടെ രാജ്യത്തിന്‌ 1.76 ലക്ഷം കോടി രൂപ നഷ്‌ടമുണ്ടായെന്ന സി.എ.ജി കണ്ടെത്തല്‍ ശരിവയ്‌ക്കുന്ന രീതിയിലാണ്‌ ട്രായി നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

ബി.എസ്‌.എന്‍.എല്‍, എം.ടി.എന്‍.എല്‍, വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ തുടങ്ങി 2008ല്‍ 2ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ ലഭിച്ച ഓപറേറ്റര്‍മാര്‍ക്കാണ്‌ പുതിയ നിര്‍ദേശം തിരിച്ചടിയാവുക. 13 ഓപ്പറേറ്റര്‍മാര്‍ക്കായി 51 സര്‍ക്കിളുകളിലാണ്‌ 2001ലെ നിരക്കില്‍ അന്നു സ്‌പെക്‌ട്രം അനുവദിച്ചിരുന്നത്‌. ഇതില്‍ ആറു ലൈസന്‍സുകള്‍ക്ക്‌ ഇന്ത്യ മുഴുവന്‍ സര്‍വീസ്‌ നടത്താന്‍ അനുമതി നല്‍കുന്നതായിരുന്നു. ട്രായി പുതുതായി നല്‍കിയ നിര്‍ദേശമനുസരിച്ച്‌ ഇവര്‍ക്ക്‌ സ്‌പെക്‌ട്രം നല്‍കുന്നതു വഴി 65,834.7 കോടി രൂപ സര്‍ക്കാരിനു ലഭിക്കും.