Monday, 29 March 2010

മോഡിയുമായി വേദി പങ്കിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റിസ്സ്!

സുപ്രിംകോടതി ചീഫ്‌ജസ്റ്റീസ്‌ കെ.ജി. ബാലകൃഷ്ണൻ മോഡിയുമായി വേദി പങ്കിട്ടതാണല്ലൊ പുതിയ വിവാദം. ബച്ചനെതിരെ യുദ്ധം പ്രഖ്യപിച്ചത്‌പോലെ കെ.ജി ബാലകൃഷ്ണനെതിരെയും യുദ്ധം തുടങ്ങാം!!! തോൽക്കുമെന്നുറപ്പുള്ള യുദ്ധം, സത്യസദ്ധതയില്ലാത്ത യുദ്ധം....

ഗുജരാത്ത്‌ കലാപത്തിൽ കുറ്റം ആരോപിക്കപ്പെട്ട ഗുജറാത്ത്‌ മുഖ്യമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റീസും വേദി പങ്കിട്ടതിലെവിടെയെങ്ങിലും നിയമപ്രശ്നമുണ്ടോ? ധാർമികമായി ശരികേടുണ്ടോ? ചീഫ് ജസ്റ്റീസ്സ്‌ മോഡിയുമായി രഹസ്യ സംഭാഷണം വല്ലതും നടത്തിയോ? മോഡിക്കെതിരെ അന്വേഷണം നടക്കുന്നതിനാൽ മുഖ്യമന്ത്രികസേരയിൽ നിന്ന്‌ മാറ്റി നിറുത്തുവാൻ ഇന്ത്യൻ ഭരണഘടനയിൽ വല്ല വകുപ്പും എഴുതി ചേർത്തിട്ടുണ്ടൊ? ചീഫ് ജസ്റ്റീസിന്റെ അധികാരപരിധിയിൽ നിന്നുകോണ്ട്‌ മോഡിയെ മുഖ്യമന്ത്രികസേരയിൽ നിന്ന്‌ വലിച്ചിഴയ്‌ക്കുവൻ സാധിക്കുമോ? ഒന്നുമില്ല എന്നതല്ലെ സത്യം?

മോഡിക്കെതിരെ പ്രത്യേക അന്വേഷണത്തിന്‌ ഉത്തരവിട്ട ചിഫ് ജസ്റ്റിസ്സ്‌ തന്നെ മോഡിയുമായി വേദി പങ്കിട്ടുവെന്നൊക്കെ എഴുതിയാൽ, വായിക്കുന്നവർക്ക്‌ അതിലെന്തൊ പന്തികേടുള്ളതായി തോന്നുമല്ലൊ? ചീഫ് ജസ്റ്റീസ്സ്‌ പങ്കിട്ട വേദി മോഡിയുടെ പാർട്ടി പരിപാടിയോ R.S.S പരിപാടിയൊ ഒന്നുമല്ലല്ലൊ... ഗുജറാത്ത്‌ നിയമ സർവകലാശാലയുടെ ആദ്യ നിയമബിരുദദാന ചടങ്ങായിരുന്നുവല്ലോ, അതും ഗുജറാത്ത്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ്‌ എസ്.ജൊ മുഖ്യൊപാദ്ധോയും പങ്കെടുത്ത തീർത്തും ഔദ്യോഗികമായ ഒരു ചടങ്ങ്‌. അതിനാൽ തന്നെ കെ.ജി. ബാലകൃഷ്ണൻ പരമോന്നത നീതിപീഠത്തിലും മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായിരിക്കുന്നിടത്തോളം കാലം ഇതുപോലെയുള്ള വേദികൾ ഇനിയും പങ്കിടും, പങ്കിട്ടെ മതിയാകു, അതാണ്‌ ജനാധിപത്യം. വികാരം വിവേകത്തിന്‌ വഴി മാറി കൊടുക്കണം.


ഗുജറാത്ത്‌ കലാപത്തിൽ ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ട ആയിരക്കണക്കിന്‌ ജനങ്ങളുടെ വേദനയിൽ പങ്കുചേർന്നുകൊണ്ടുതന്നെ പറയട്ടെ ചീഫ് ജസ്റ്റിസ്സ്‌ ആയ കെ.ജി ബാലകൃഷ്ണന്റെ മുൻപിൽ മറ്റൊരു വഴിയില്ല! അല്ലെങ്ങിൽ ഒന്ന്‌ ആലോചിച്ചുനോക്കു എത്ര പരിതാപകരമായിരിക്കും നിങ്ങളുടെ അപേക്ഷ പരിഗണിച്ച്‌, ചീഫ് ജസ്റ്റീസ്സ്‌ അവസാന നിമിക്ഷം ബിരുദദാനചടങ്ങിൽ നിന്ന്‌ വിട്ടു നിന്നിരുന്നുവെങ്ങിൽ.... അന്വേഷണകാലയളവിൽ ആരേയും കുറ്റവാളിയായി ചിത്രികരിക്കരുത്‌ എന്ന്‌തന്നെയല്ലെ നമ്മുടെ നിതിന്യായവ്യവസ്ഥ ആവശ്യപ്പെടുന്നത്‌..... അവിടെ കെ.ജി ബാലകൃഷ്ണൻ എന്നതിനേക്കാൾ ന്യായാധിപനാകുന്നതല്ലെ നീതി... വ്യക്തി ചിന്തകൾക്ക്‌ പ്രസക്തിയെവിടെ?

രാഷ്ട്രീയക്കാരനായ ടൂറിസം മന്ത്രി ബാലകൃഷണന്‌ തല താഴ്ത്തുകയോ ഉയർത്തുകയൊ ചെയ്യാം, അങ്ങനെയാണോ ചിഫ്ജസ്റ്റീസ്‌ ബാലകൃഷ്ണൻ? ഒരു പേരിലെന്തിരിക്കുന്നു? രണ്ടും ബാലകൃഷ്ണൻ!!!

വാൽകഷ്ണം....

കോടതി ശിക്ഷിച്ചില്ല, അല്ലെങ്ങിൽ തെളിവില്ല... അങ്ങനെ നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട്‌ ഒരു പക്ഷെ നരേന്ദ്രമോഡി കുറ്റവിമുക്തനായി വന്നാലും നമ്മുടെയൊക്കെ മനസാക്ഷികോടതിയിൽ ഇതിനകം വിധി പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു... കാക്കരയുടെ മനസാക്ഷി ഗുജറാത്തിലെ നിരപരാധികളുടെ കൂടെയാണ്‌, നിങ്ങളുടേതും...

Tuesday, 23 March 2010

വിദേശസർവകലാശാലകളുടെ ക്യാമ്പസ്സുകൾ ഇന്ത്യയിൽ?


The Foreign Educational Institution (Regulation of Entry and Operation) Bill 2010 കേന്ദ്ര മന്ത്രിസഭ 15 മാർച്ച്‌ 2010 ഇൽ അംഗീകാരം നല്കി. ഈ ബില്ല്‌ ഉടനെതന്നെ പാർലമെന്റിൽ ചർച്ചയ്‌ക്ക്‌ വരുമെന്ന്‌ HRD മന്ത്രി കപിൽ സിബൽ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഈ നിയമം പാസാവുകയാണെങ്ങിൽ വിദേശ സർവകലാശാലകൾക്ക്‌ അവരുടെ ക്യാമ്പസ്സുകൾ ഇന്ത്യയിൽ നേരിട്ട്‌ തുടങ്ങുവാൻ സാധിക്കുകയും അതുമൂലം ഇന്ത്യയിലും ലോക നിലവാരത്തിലുള്ള വിദ്യഭ്യാസം ലഭിക്കുകയും ചെയ്യും.  നാല്‌ വർഷം മുൻപ്‌ തയ്യറാക്കിയ ബില്ല്‌ ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന്‌ അട്ടത്ത്‌ വച്ചിരിക്കുകയായിരുന്നുവല്ലോ. ഒന്നാം മൻമോഹൻ സിംഗ്‌ സർക്കാരിന്റെ ഒരു കസേരകാലിന്റെ അവകാശി ഇടതുപക്ഷമായിരുന്നുവല്ലൊ!!

ബില്ലിലെ ചില വ്യവസ്ഥകളിൽ മാത്രമെ മുഖ്യപ്രതിപക്ഷമായ ബി.ജെ.പി. യ്ക്ക്‌ എതിർപ്പുള്ളുവെന്നത്‌തന്നെ ബില്ല് പാസ്സായി നിയമമാകുമെന്ന്‌ നമ്മുക്ക്‌ പ്രതീക്ഷിക്കാനുള്ള വകയുണ്ട്‌. രാഷ്ട്രിയമാണ്‌ എന്തും സംഭവിക്കാം....

ബില്ലിലെ വ്യവസ്ഥ പ്രകാരം ദേശീയതലത്തിലുള്ള ഒരു ഏജൻസി അല്ലെങ്ങിൽ U.G.C ഇന്ത്യയിൽ ക്യാമ്പസ്സുകൾ തുടങ്ങുവാൻ ഉദ്ദേശിക്കുന്ന സർവകലാശാലകളുടെ നിലവാരവും യോഗ്യതയും പരിശോധിച്ച്‌ അംഗീകാരം നല്കുന്നതോടൊപ്പം തുടർപരിശോധനയും നടത്തുന്നതായിരിക്കും.

2000 മുതൽ വിദ്യഭ്യാസമേഘലയിൽ 100% വിദേശനിക്ഷേപം നടത്തുവാൻ അനുവാദമുണ്ടായിരുന്നുവെങ്ങിലും വിദേശസർവകലാശാലകളുടെ ക്യാമ്പസ്സുകൾ നേരിട്ട് തുടങ്ങുവാനും ഡിഗ്രികൾ നല്കുവാനും അനുമതിയുണ്ടായിരുന്നില്ല. ഈ തടസ്സമാണ്‌ പുതിയ ബില്ല്‌ മുഖാന്തിരം മാറ്റിമറിക്കുന്നത്‌.

ഇന്ത്യയിൽ നിലവിലുള്ള സംവരണനിയമം ഈ ക്യാമ്പസ്സുകൾക്ക്‌ ബാധകമായിരിക്കില്ല. അതിന്‌ പകരമായി affirmative programmes പിന്നോക്ക വിഭാഗങ്ങൾക്കായി ഉണ്ടായിരിക്കുമെന്ന്‌ മന്ത്രി അഭിപ്രായപ്പെടുന്നുണ്ടെങ്ങിലും അത്‌ എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്ന്‌ നാം കണ്ടറിയേണ്ടിയിരിക്കുന്നു.

ഇത്തരം ക്യാമ്പസ്സുകൾക്കായി ഡൽഹി, ഹൈദ്രാബാദ്‌, ചെന്നൈ, ചാണ്ഡിഗഢ്‌, പൂന, മുംബൈ പോലെയുള്ള സിറ്റികളിൽ ഇപ്പോൾതന്നെ Ivy League, Yale and Boston സർവകലാശാലകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. നമ്മുടെയൊക്കെ ഭാഗ്യം. കേരളത്തിലേക്ക്‌ ആരും വരുന്നില്ല!

60,000 US$ ചിലവുള്ള വിദേശവിദ്യഭ്യാസം അതെ നിലവാരത്തിൽ ഇന്ത്യൻ ക്യാമ്പസ്സിലൂടെ 10,000 US$ മുതൽ 20,000 US$ ചിലവിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക്‌ ലഭിക്കുമെന്നത്‌ തടയേണ്ട കാര്യമുണ്ടോയെന്ന്‌ ചിന്തിക്കേണ്ടതല്ലെ?

ASSOCHAM പ്രസിഡണ്ട്‌ സ്വാതി പിറമലിന്റെ കണക്ക്‌ പ്രകാരം ഓരൊവർഷം 10 billion US$ വിദേശപഠനത്തിനായി ചിലവാക്കുന്നതിൽ 7.5 billion US$ നമുക്ക്‌ ലാഭിക്കാം. ചുമ്മാ 34,500 കോടി രൂപ! ക്യാമ്പസ്സുകൾ ഇന്ത്യയിൽ തുടങ്ങുമ്പോളുണ്ടാകുന്ന മറ്റു വരുമാനങ്ങൾ ഇതിൽ കണക്കാക്കിയിട്ടില്ല. തീർച്ചയായും ലാഭത്തിൽ ഒരു വിഹിതം പുറത്തേയ്‌ക്ക്‌ ഒഴുകും.

ഇന്ത്യൻ സർവകലാശാലകൾ വിദേശസർവകലാശാലകളുമായി കൂട്ടുസംരംഭ ആലോചനകൾ നടക്കുന്നു. നമ്മുടെ സർവകലാശാലകൾ ഇതൊക്കെ അറിഞ്ഞിട്ടുണ്ടോ, ആവോ?

വിദേശരാജ്യങ്ങളിലേക്ക്‌ ജോലിയ്‌ക്ക്‌ വണ്ടി കയറുന്ന പല ഉദ്യോഗാർത്ഥികളും അവിടെ ചെന്നതിന്‌ ശേഷം അവിടത്തെ നിലവാരത്തിന്‌ തതുല്യമായ പഠനം നടത്തിയതിന്‌ ശേഷം മാത്രമാണ്‌ ജോലിക്ക്‌ കയറുന്നത്. ക്യാമ്പസ്സുകൾ ഇവിടെ തുടങ്ങുമ്പോൾ തതുല്യ പഠനം ഇവിടെ തന്നെ ലഭിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാമല്ലോ.

ഇടതുപക്ഷത്തിന്റെ എതിർപ്പിനെതുടർന്ന്‌ നാല്‌ വർഷം മാറ്റിവെച്ച ബില്ല് വലിയ മാറ്റമില്ലാതെ പാർലമെന്റിൽ വരുമ്പോൽ ഇടതുപക്ഷം എതിർക്കുവാൻ എല്ലാവിധ സാധ്യതയും കാണുന്നു. എതിർക്കുന്നതിന്‌ മുൻപായി ഈ നേതാക്കൾ ഒരു കാര്യം അണികളെ ബോധ്യപ്പെടുത്തുക....

എന്തിന്‌ ജ്യോതിബാസും ബുദ്ധദേവും കേംബ്രിഡ്ജ്‌ സർവകലാശാലയിൽ ഉപരിപഠനം നടത്തി?

എന്തിന്‌ കാരാട്ട്‌ എഡിൻബറൊ സർവകലാശാലയിൽ ഉപരിപഠനം നടത്തി?

എന്തിന്‌ പിണറായി വിജയന്റെ മകൻ വിവേക്‌ കിരൺ ബർമിംഹാം സർവകലാശാലയിൽ ഉപരിപഠനം നടത്തി?

അവിടെയൊന്നും പോയി ഉപരിപഠനം നടത്താൻ കാക്കരക്കോ അല്ലെങ്ങിൽ അങ്ങനെയുള്ള നൂറുകണക്കിന്‌ കാക്കരമാർക്കൊ സാധിക്കില്ല എന്നതിനാൽ തന്നെ ലോകനിലവാരത്തിലുള്ള ഒരു ഡിഗ്രി സ്വന്തമാക്കാൻ അനുവദിക്കണമെന്ന്‌ മാത്രമെ ഇപ്പോൾ പറയുന്നുള്ളു. ആസ്ത്രേലിയയിലും മറ്റും പോയി തല്ലു കൊള്ളുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഓർത്തെങ്ങിലും ഇടതുപക്ഷം ഈ ബില്ലിനെ അനുകൂലിക്കണം. ട്രാക്ടറിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്ത്‌തിന്റെ “പാപം” ഇങ്ങനെയെങ്ങിലും കഴുകികളയുക.

ഇത്‌ കാലത്തിന്റെ ആവശ്യമാണ്‌ അല്ലെങ്ങിൽ വരും തലമുറ മാപ്പ്‌ തരില്ല....

Wednesday, 17 March 2010

സാഗറിലെ ബിരിയാണിയും “വല്ല ഭായി” പട്ടേലും...

ആൾക്കൂട്ടമനശാസ്ത്രം ശാസ്ത്രീയമായി അപഗ്രഥിക്കാനൊന്നും കാക്കര സമയം ചിലവഴിക്കുന്നില്ല, അതൊക്കെ തലയ്‌ക്കകത്ത്‌ കറന്റുള്ളവർ ചെയ്യട്ടെ, പക്ഷെ നമ്മുടെ നാട്ടിലെ ആൾക്കൂട്ട പ്രതിഷേധം കാണുമ്പോൽ, ഈ ആൾക്കൂട്ടമൊക്കെ ആരൊക്കെയോ കീ കൊടുത്ത്‌ ആടിപ്പിക്കുന്ന കളിപാവകളല്ലെ എന്നൊരു സംശയം, അല്ലെങ്ങിൽ അതൊക്കെ ചുമ്മാ ഒരു ഷോ....


മലയാളികളെ ഞെട്ടിച്ച മൊബൈൽ ഷൂട്ടിങ്ങ് ലൊക്കേഷൻ സാഗറിനെതിരെയുണ്ടായ ജനരോക്ഷം യൂത്തന്മാരും മോർച്ചക്കാരും ഏറ്റെടുത്തപ്പോൾ ഡിഫിക്കാരെ... പൊടിപോലുമില്ല കണ്ടുപിടിക്കാൻ. അല്ലെങ്ങിലും ഒരു ഞരമ്പ്‌രോഗി ജോലിക്കാരൻ മൊബൈലിൽ “അത്തളപിത്തള” കളിച്ചാൽ ബിരിയാണികടയുടെ ചില്ല്‌ കല്ലെറിഞ്ഞ് പൊട്ടിച്ചാൽ വല്ല ഗുണവുമുണ്ടോ? ഹോട്ടൽ പൂട്ടിയിട്ടാൽ എത്ര തൊഴിലാളികൾ പട്ടിണിയിലാകും, എത്ര ഫ്രീ ബിരിയാണികൾ... ഈവക പ്രത്യേയശാസ്ത്രചിന്തകൾ വല്ലതും യൂത്തന്മാർക്കുണ്ടോ? ഒരു കയ്യിൽ ബയോഡാറ്റയും മറ്റൊരു കയ്യിൽ എണ്ണയുമായി നേതാക്കളുടെ അടുക്കളയിൽ പ്രത്യക്ഷപ്പെടുന്ന യൂത്തന്മാർക്ക്‌ ഫ്രീയായി ബിരിയാണി കിട്ടാത്തതിന്റെ കലിപ്പാ, കല്ലെറിഞ്ഞ്‌ തീർക്കട്ടെ...

ചുമ്മാ ഒന്ന്‌ ആലോചിച്ച് നോക്കു... ഈ ഫോട്ടോ പിടിത്തം ഏതെങ്ങിലുമൊരു തലതെറിച്ച പയ്യൻ പുഷ്പഗിരി കോളേജിലെ മൂത്രപുരയിൽ....
.....

സംവാദം പുകയുമ്പോൾ “വല്ല ഭായി” കളേ അലുമിനിയം പട്ടേൽ എന്നും തത്വമസികളെ “അയാൾ” എന്നും അഭിസംബോദന ചെയ്യുന്നത്‌ മലയാള നാട്ടിലെ കീഴ്വഴക്കം. സംവാദം കത്തിക്കരിയുമ്പോൾ കരിക്കട്ടകൾ വിജയശ്രീലാളിതനായി സിംഹാസനത്തിൽ ഉപവിഷ്ഠനായിരിക്കുന്നവരോട്‌ മാപ്പിരക്കുന്നത്‌ കാവ്യനീതി.

കാര്യം കാണാൻ പട്ടേലിന്റെ കാലും പിടിക്കുമെന്ന്‌ മലയാള മൊഴി....

സർദാർ വല്ലഭായി പട്ടേൽ നേരത്തെ സ്ഥലം കാലിയാക്കിയത്‌ എന്തായാലും നന്നായി, അല്ലെങ്ങിൽ ഈ കാക്കരയും ഒരു കുന്ദംകുളം മാപ്പുമായി ഇന്ത്യയുടെ സ്വന്തം ഉരുക്കുമനുഷ്യന്റെ മുൻപിൽ....

എത്ര പ്രാവശ്യം ഉരുവിട്ട്‌ പഠിച്ചിട്ടുണ്ട്‌....

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ....
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ....

ഇന്ത്യയുടെ അലുമിനിയം മനുഷ്യൻ “വല്ല ഭായി” പട്ടേൽ....

എന്റെ പിഴ, എന്റെ പിഴ, മുരളിയുടെ വലിയ പിഴ!!!

Wednesday, 10 March 2010

33.3% കൂടിയാൽ സംവരണം 49 ശതമാനം?

പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയപാർട്ടികളും സ്ത്രീസംവരണവിഷയത്തിൽ ഒറ്റകെട്ടാണ്‌. ഇത്രയും ഒത്തൊരുമ്മ മറ്റൊരു വിഷയത്തിലും (ശമ്പള വർദ്ധനവിന്‌ ഒഴിച്ച്‌) കാണാറില്ല എന്നതുകൊണ്ട്‌തന്നെ ഇന്നല്ലെങ്ങിൽ നാളെ ഇത്‌ നിയമാവുകയും എല്ലാ നിയമനിർമാണസഭകളിലും (രാജ്യസഭ ഒഴിച്ച്‌) സ്ത്രീ പ്രാതിനിധ്യം 33.3 ശതമാനമെങ്ങിലുമുണ്ടാകുമെന്ന്‌ നമുക്കാശ്വസിക്കാം. മുൻസീറ്റ്‌ / പിൻസീറ്റ്‌ എന്തായാലും വേണ്ടില്ല, വണ്ടി ഓടിയാൽ മതി.

സൂഷ്മസ്വരാജും വ്രിന്ദകാരാട്ടും ആനിരാജയും സോണിയമാഡത്തിന്റെ “വനിതാദിന സമ്മാനത്തിന്‌” വേണ്ടി പടപൊരുതുമ്പോൾ യാദവകുല സിംഹങ്ങൽ (പൂട കൊഴിഞ്ഞു!!!) മുലായംസിംഗ്‌ യാദവ്‌, ലാലു പ്രസാദ് യാദവ്, ശരത് യാദവ് കൂടെ പ്രതിമ ലേഡി മായാവതി, മറാത്ത സിംഹം താക്കറെ (പല്ലും കൊഴിഞ്ഞു!!!) ഇവരുടെ അല്ലറ ചില്ലറ എതിർപ്പുകളും മമതയില്ലാത്ത മമതയും (മമതയുടെ എതിർപ്പ്‌ എന്തായെന്ന്‌ മാത്രം ചോദിക്കരുത്‌!), ഇതൊക്കെ മാർഷൽമാരെ വിളിച്ച്‌ ഇല്ലാതാക്കാം, പക്ഷെ അവർ പറയുന്നതിൽ വല്ല കാര്യമുണ്ടോ? ആർക്കറിയാം.

ദളിതർക്കും പിന്നോക്കകാർക്കും സംവരണം എന്ന്‌ കേട്ടാൽ കലി തുള്ളുന്ന സവർണ്ണ തമ്പുരാക്കൻമാരും തൂപ്പുജോലിക്ക്‌പോലും 916 പരിശുദ്ധിയുള്ള ജോലിക്കാരെ നിയമിക്കണം എന്ന്‌ വായിട്ടടിക്കുന്ന എലൈറ്റ്‌ ക്ലാസ്സും സ്ത്രീ സംവരണവിഷയത്തിൽ ഒന്നിക്കുന്നത്‌ കാണുമ്പോൾ, ഈ സ്ത്രീ സംവരണത്തിന്റെ ഘടന അവരെ സഹായിക്കും എന്നുള്ള തിരിച്ചറിവല്ലെ എന്ന്‌ കാക്കര ചുമ്മാ സംശയിക്കുന്നു.

രാജ്യസഭയിൽ സംവരണമുണ്ടാകുമൊ? ഏയ്‌ സ്ത്രീകൾക്കുണ്ടാവില്ല. എന്തേയെന്ന്‌ മാത്രം ചോദിക്കരുത്‌. അത്‌ മുഴുവനായും സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്‌കൊണ്ട്‌തന്നെ! ഇപ്പോൾ തന്നെ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ലോകസഭ തിരഞ്ഞെടുപ്പിൽ തോറ്റവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുണ്ടല്ലോ? പിന്നെ കുറച്ച്‌ പേയ്മെന്റ് സീറ്റുകളും, അതിൽ കള്ള്‌ കച്ചവടക്കാർ, ഗൾഫ് ബിസിനസ്സുകാർ എന്നിവരും! ഇനി സ്ത്രീ സംവരണം കൂടി വരുമ്പോൾ സീറ്റ് നഷ്ടപ്പെടുന്ന പുരുഷകേസരികൾക്കും വേണ്ടേ ഇരിക്കാൻ ഒരു കസേര. ഇതിനിടയിൽ എവിടെ സ്ത്രീക്ക്‌ സംവരണം?


33.3% ശതമാനം നിയമസഭ ലോകസഭ അംഗങ്ങളുണ്ടാകുമ്പോൾ, ഇത്രയും വനിതകൾക്ക്‌ രാഷ്ട്രീയ അവബോധമുണ്ടാകണമല്ലോ, അതിന്റെ ആദ്യപടിയായി എല്ലാ രാഷ്റ്റ്രീയ പാർട്ടികളിലും 33.3% സ്ഥാനമാനങ്ങൾ സ്ത്രീകൾക്കായി നിക്കിവെയ്‌ക്കുമല്ലൊ, അതോ തിരഞ്ഞെടുപ്പിന്റെ സമയത്ത്‌ മാത്രം മതിയോ സ്ത്രീ ശാക്തികരണം.

50 വർഷമായി 22.5% ശതമാനം SC & ST സംവരണമുണ്ടായിട്ടും ഏതൊക്കെ പാർട്ടിയിലാണ്‌ ഈ ജന വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കൽക്ക്‌ അർഹമായ പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ ഇവരുടെ ഗതിയെന്താണ്‌?


ദലിത് ജനറൽ : 15% + ദലിത് വനിത : 7.5%
വനിത ജനറൽ : 25.8% (33.3-7.5)
2 സീറ്റ് ആഗ്ലൊ ഇന്ത്യൻ (വനിത സംവരണം ബാധകം)

ആകെ - 49%!!  ബലേ ഭേഷ്‌...

ഇനിയും സംവരണ വിഭാഗമുണ്ടെങ്ങിൽ അതു കൂടി ചേർത്ത്‌ 100%ത്തിന്റെ മറ്റൊരു ബില്ല് അവതരിപ്പിക്കണം.

ഈ ബില്ലിന്റെ ചുവടുപിടിച്ച്‌ സ്ത്രീക്ക്‌ വിദ്യഭ്യാസത്തിലും ജോലിയിലും എന്ന്‌ വേണ്ട ജീവിതത്തിന്റെ നാനാതുറയിലും സംവരണം ഏർപ്പെടുത്തണം. രാഷ്ട്രപതി മുതൽ ആരംഭിച്ച്‌.....

ഒരു സംവരണരാജ്യം നമുക്ക്‌ സ്വപ്‌നം കാണാം....

ഇനി ചുമ്മാ ഒരു കാര്യംകൂടി, സ്ത്രീയും പുരുഷനും തുല്യമായ സ്ഥിതിക്ക്‌ നമ്മുടെ കല്യാണപ്രായംകൂടി ഏകികരിക്കേണ്ടേ - ആണിനും പെണ്ണിനും 18 വയസ്സ്‌, അതല്ലെ തുല്യത?