Tuesday 23 March 2010

വിദേശസർവകലാശാലകളുടെ ക്യാമ്പസ്സുകൾ ഇന്ത്യയിൽ?


The Foreign Educational Institution (Regulation of Entry and Operation) Bill 2010 കേന്ദ്ര മന്ത്രിസഭ 15 മാർച്ച്‌ 2010 ഇൽ അംഗീകാരം നല്കി. ഈ ബില്ല്‌ ഉടനെതന്നെ പാർലമെന്റിൽ ചർച്ചയ്‌ക്ക്‌ വരുമെന്ന്‌ HRD മന്ത്രി കപിൽ സിബൽ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഈ നിയമം പാസാവുകയാണെങ്ങിൽ വിദേശ സർവകലാശാലകൾക്ക്‌ അവരുടെ ക്യാമ്പസ്സുകൾ ഇന്ത്യയിൽ നേരിട്ട്‌ തുടങ്ങുവാൻ സാധിക്കുകയും അതുമൂലം ഇന്ത്യയിലും ലോക നിലവാരത്തിലുള്ള വിദ്യഭ്യാസം ലഭിക്കുകയും ചെയ്യും.  നാല്‌ വർഷം മുൻപ്‌ തയ്യറാക്കിയ ബില്ല്‌ ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന്‌ അട്ടത്ത്‌ വച്ചിരിക്കുകയായിരുന്നുവല്ലോ. ഒന്നാം മൻമോഹൻ സിംഗ്‌ സർക്കാരിന്റെ ഒരു കസേരകാലിന്റെ അവകാശി ഇടതുപക്ഷമായിരുന്നുവല്ലൊ!!

ബില്ലിലെ ചില വ്യവസ്ഥകളിൽ മാത്രമെ മുഖ്യപ്രതിപക്ഷമായ ബി.ജെ.പി. യ്ക്ക്‌ എതിർപ്പുള്ളുവെന്നത്‌തന്നെ ബില്ല് പാസ്സായി നിയമമാകുമെന്ന്‌ നമ്മുക്ക്‌ പ്രതീക്ഷിക്കാനുള്ള വകയുണ്ട്‌. രാഷ്ട്രിയമാണ്‌ എന്തും സംഭവിക്കാം....

ബില്ലിലെ വ്യവസ്ഥ പ്രകാരം ദേശീയതലത്തിലുള്ള ഒരു ഏജൻസി അല്ലെങ്ങിൽ U.G.C ഇന്ത്യയിൽ ക്യാമ്പസ്സുകൾ തുടങ്ങുവാൻ ഉദ്ദേശിക്കുന്ന സർവകലാശാലകളുടെ നിലവാരവും യോഗ്യതയും പരിശോധിച്ച്‌ അംഗീകാരം നല്കുന്നതോടൊപ്പം തുടർപരിശോധനയും നടത്തുന്നതായിരിക്കും.

2000 മുതൽ വിദ്യഭ്യാസമേഘലയിൽ 100% വിദേശനിക്ഷേപം നടത്തുവാൻ അനുവാദമുണ്ടായിരുന്നുവെങ്ങിലും വിദേശസർവകലാശാലകളുടെ ക്യാമ്പസ്സുകൾ നേരിട്ട് തുടങ്ങുവാനും ഡിഗ്രികൾ നല്കുവാനും അനുമതിയുണ്ടായിരുന്നില്ല. ഈ തടസ്സമാണ്‌ പുതിയ ബില്ല്‌ മുഖാന്തിരം മാറ്റിമറിക്കുന്നത്‌.

ഇന്ത്യയിൽ നിലവിലുള്ള സംവരണനിയമം ഈ ക്യാമ്പസ്സുകൾക്ക്‌ ബാധകമായിരിക്കില്ല. അതിന്‌ പകരമായി affirmative programmes പിന്നോക്ക വിഭാഗങ്ങൾക്കായി ഉണ്ടായിരിക്കുമെന്ന്‌ മന്ത്രി അഭിപ്രായപ്പെടുന്നുണ്ടെങ്ങിലും അത്‌ എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്ന്‌ നാം കണ്ടറിയേണ്ടിയിരിക്കുന്നു.

ഇത്തരം ക്യാമ്പസ്സുകൾക്കായി ഡൽഹി, ഹൈദ്രാബാദ്‌, ചെന്നൈ, ചാണ്ഡിഗഢ്‌, പൂന, മുംബൈ പോലെയുള്ള സിറ്റികളിൽ ഇപ്പോൾതന്നെ Ivy League, Yale and Boston സർവകലാശാലകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. നമ്മുടെയൊക്കെ ഭാഗ്യം. കേരളത്തിലേക്ക്‌ ആരും വരുന്നില്ല!

60,000 US$ ചിലവുള്ള വിദേശവിദ്യഭ്യാസം അതെ നിലവാരത്തിൽ ഇന്ത്യൻ ക്യാമ്പസ്സിലൂടെ 10,000 US$ മുതൽ 20,000 US$ ചിലവിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക്‌ ലഭിക്കുമെന്നത്‌ തടയേണ്ട കാര്യമുണ്ടോയെന്ന്‌ ചിന്തിക്കേണ്ടതല്ലെ?

ASSOCHAM പ്രസിഡണ്ട്‌ സ്വാതി പിറമലിന്റെ കണക്ക്‌ പ്രകാരം ഓരൊവർഷം 10 billion US$ വിദേശപഠനത്തിനായി ചിലവാക്കുന്നതിൽ 7.5 billion US$ നമുക്ക്‌ ലാഭിക്കാം. ചുമ്മാ 34,500 കോടി രൂപ! ക്യാമ്പസ്സുകൾ ഇന്ത്യയിൽ തുടങ്ങുമ്പോളുണ്ടാകുന്ന മറ്റു വരുമാനങ്ങൾ ഇതിൽ കണക്കാക്കിയിട്ടില്ല. തീർച്ചയായും ലാഭത്തിൽ ഒരു വിഹിതം പുറത്തേയ്‌ക്ക്‌ ഒഴുകും.

ഇന്ത്യൻ സർവകലാശാലകൾ വിദേശസർവകലാശാലകളുമായി കൂട്ടുസംരംഭ ആലോചനകൾ നടക്കുന്നു. നമ്മുടെ സർവകലാശാലകൾ ഇതൊക്കെ അറിഞ്ഞിട്ടുണ്ടോ, ആവോ?

വിദേശരാജ്യങ്ങളിലേക്ക്‌ ജോലിയ്‌ക്ക്‌ വണ്ടി കയറുന്ന പല ഉദ്യോഗാർത്ഥികളും അവിടെ ചെന്നതിന്‌ ശേഷം അവിടത്തെ നിലവാരത്തിന്‌ തതുല്യമായ പഠനം നടത്തിയതിന്‌ ശേഷം മാത്രമാണ്‌ ജോലിക്ക്‌ കയറുന്നത്. ക്യാമ്പസ്സുകൾ ഇവിടെ തുടങ്ങുമ്പോൾ തതുല്യ പഠനം ഇവിടെ തന്നെ ലഭിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാമല്ലോ.

ഇടതുപക്ഷത്തിന്റെ എതിർപ്പിനെതുടർന്ന്‌ നാല്‌ വർഷം മാറ്റിവെച്ച ബില്ല് വലിയ മാറ്റമില്ലാതെ പാർലമെന്റിൽ വരുമ്പോൽ ഇടതുപക്ഷം എതിർക്കുവാൻ എല്ലാവിധ സാധ്യതയും കാണുന്നു. എതിർക്കുന്നതിന്‌ മുൻപായി ഈ നേതാക്കൾ ഒരു കാര്യം അണികളെ ബോധ്യപ്പെടുത്തുക....

എന്തിന്‌ ജ്യോതിബാസും ബുദ്ധദേവും കേംബ്രിഡ്ജ്‌ സർവകലാശാലയിൽ ഉപരിപഠനം നടത്തി?

എന്തിന്‌ കാരാട്ട്‌ എഡിൻബറൊ സർവകലാശാലയിൽ ഉപരിപഠനം നടത്തി?

എന്തിന്‌ പിണറായി വിജയന്റെ മകൻ വിവേക്‌ കിരൺ ബർമിംഹാം സർവകലാശാലയിൽ ഉപരിപഠനം നടത്തി?

അവിടെയൊന്നും പോയി ഉപരിപഠനം നടത്താൻ കാക്കരക്കോ അല്ലെങ്ങിൽ അങ്ങനെയുള്ള നൂറുകണക്കിന്‌ കാക്കരമാർക്കൊ സാധിക്കില്ല എന്നതിനാൽ തന്നെ ലോകനിലവാരത്തിലുള്ള ഒരു ഡിഗ്രി സ്വന്തമാക്കാൻ അനുവദിക്കണമെന്ന്‌ മാത്രമെ ഇപ്പോൾ പറയുന്നുള്ളു. ആസ്ത്രേലിയയിലും മറ്റും പോയി തല്ലു കൊള്ളുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഓർത്തെങ്ങിലും ഇടതുപക്ഷം ഈ ബില്ലിനെ അനുകൂലിക്കണം. ട്രാക്ടറിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്ത്‌തിന്റെ “പാപം” ഇങ്ങനെയെങ്ങിലും കഴുകികളയുക.

ഇത്‌ കാലത്തിന്റെ ആവശ്യമാണ്‌ അല്ലെങ്ങിൽ വരും തലമുറ മാപ്പ്‌ തരില്ല....

14 comments:

ഷൈജൻ കാക്കര said...

The Foreign Educational Institution (Regulation of Entry and Operation) Bill 2010 കേന്ദ്ര മന്ത്രിസഭ 15 മാർച്ച്‌ 2010 ഇൽ അംഗീകാരം നല്കി. ഈ ബില്ല്‌ ഉടനെതന്നെ പാർലമെന്റിൽ ചർച്ചയ്‌ക്ക്‌ വരുമെന്ന്‌ HRD മന്ത്രി കപിൽ സിബൽ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഈ നിയമം പാസാവുകയാണെങ്ങിൽ വിദേശ സർവകലാശാലകൾക്ക്‌ അവരുടെ കാമ്പസ്സ്‌ ഇന്ത്യയിൽ നേരിട്ട്‌ തുടങ്ങുവാൻ സാധിക്കുകയും അതുമൂലം ഇന്ത്യയിലും ലോക നിലവാരത്തിലുള്ള വിദ്യഭ്യാസം ലഭിക്കുകയും ചെയ്യും. നാല്‌ വർഷം മുൻപ്‌ തയ്യറാക്കിയ ബില്ല്‌ ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന്‌ അട്ടത്ത്‌ വച്ചിരിക്കുകയായിരുന്നുവല്ലോ. ഒന്നാം മൻമോഹൻ സിംഗ്‌ സർക്കാരിന്റെ ഒരു കസേരകാലിന്റെ അവകാശി ഇടതുപക്ഷമായിരുന്നുവല്ലൊ!!

Anil cheleri kumaran said...

സന്തോഷമായി.. കൂറെ ബന്തിന് ചാന്‍സായല്ലോ.

Manoj മനോജ് said...

“അതുമൂലം ഇന്ത്യയിലും ലോക നിലവാരത്തിലുള്ള വിദ്യഭ്യാസം ലഭിക്കുകയും ചെയ്യും.”

ഇത്തരം ചിന്തകളെ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

ഐ.ഐ.ടി.യില്‍ നിന്നും ഐ.ഐ.എസ്സ്.സി.യില്‍ നിന്നും ചെല്ലുന്നവര്‍ക്ക് യു.എസ്സ്.ല്‍ പ്രത്യേക പരിഗണന ലഭിക്കുന്നത് എന്ത് കൊണ്ടാണ്. വിദേശ സര്‍വ്വകലാശാലകളും ഇന്ത്യന്‍ സര്‍വ്വകലാശാലകളും എന്ത് കൊണ്ട് വ്യത്യാസപ്പെടുന്നു.

വിദേശ പഠനം കഴിഞ്ഞ നേതാക്കള്‍ ഭരിക്കുന്ന ഇന്ത്യയില്‍ എന്ത് കൊണ്ട് അവര്‍ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധിക്കുന്നില്ല. വിദേശ സര്‍വ്വകലാശാല വന്ന് അവര്‍ പഠിപ്പിക്കുന്നത് പഠിച്ചാലേ ഇന്ത്യക്കാര്‍ ഇനി നന്നാകൂ എന്ന് ചിന്തിക്കുന്നത് എന്ത് കൊണ്ടാണ്?

ബി.ജെ.പി. എന്ത് കൊണ്ടാണ് എതിര്‍ക്കാത്തത് എന്ന് മനസ്സിലാകണമെങ്കില്‍ അവര്‍ ഭരിച്ച സമയത്തെ കാര്യങ്ങള്‍ നോക്കണം. 2000ത്തില്‍ ബി.ജെ.പി. ഗവണ്മെന്റ് എല്ലാ മേഖലയും സ്വകാര്യവല്‍ക്കരിക്കണമെന്ന് അവര്‍ നിയമിച്ച ടാറ്റമാരും ബിര്‍ളമാരും അടങ്ങിയ സമതികളെ കൊണ്ട് പറയിപ്പിച്ചത് ഇന്നും പ്രൈം മിനിസ്റ്റേഴ്സ് വെബ് സൈറ്റില്‍ ലഭ്യമാണ്. അവസരം കിട്ടിയാല്‍ അവ വായിക്കുക. വിദ്യാഭ്യാസഥ്റ്റെ പറ്റി അതില്‍ പറഞ്ഞിരിക്കുന്ന പലതും എങ്ങിനെ ഒരു സാധാരണ വിദ്യാര്‍ത്ഥിയെ ബാധിക്കുമെന്ന്.

യു.എസ്സ്.ലും മറ്റും പഠിക്കുന്നവരില്‍ പലരും സ്കോളര്‍ഷിപ്പ് ഓടെയാണ് വരുന്നത്. കൂടാതെ ടീച്ചിങ് അസിസ്റ്റന്റ് ആയും ജോലി നോക്കുവാന്‍ അവസരം ലഭിക്കും. എന്നെ പോലെയുള്ളവര്‍ക്ക് വിദേശത്ത് പോകുവാന്‍ കഴിയില്ല എന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല. അന്വേഷിക്കണം. അവസരങ്ങള്‍ ധാരാളമുണ്ട്. കാരണം ട്യൂറിസം പോലെ തന്നെ കാശ് വാരാവുന്ന ബിസിനസ്സ് ആണ് വിദ്യാഭ്യാസം.

പക്ഷേ നാം ചിന്തിക്കേണ്ടത് എന്ത് കൊണ്ട് ഇന്ത്യന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡിഗ്രിയെടുത്ത ഒരാള്‍ക്ക് വിദേശങ്ങളില്‍ അംഗീകാരം ലഭിക്കുന്നില്ല എന്നതാണ്. അതിന് ഇന്ത്യയിലെ സര്‍വ്വകലാശാലകളില്‍ എന്ത് മാറ്റം വരുത്തണമെന്നാണ്. നമ്മുടെ പഴഞ്ചന്‍ കരിക്കുലത്തിലും സിലബസിലും എങ്ങിനെയെല്ലാം മാറ്റങ്ങള്‍ വരുത്താം എന്നാണ് ചിന്തിക്കേണ്ടത്. അദ്ധ്യാപന രീതിയിലും മാറ്റങ്ങള്‍ വരുത്തേണ്ടതില്ലേ?

പണമുള്ളവന് പഠിക്കുവാന്‍ കൂടുതല്‍ സൌകര്യമൊരുക്കുകയല്ല വേണ്ടത്. മറിച്ച് എല്ലാ ഇന്ത്യക്കാരനും റീസെന്റ് ക്നോളേജ് കിട്ടി ഡിഗ്രിയെടുക്കുവാനുള്ള അവസരമാണ് ഉണ്ടാക്കേണ്ടത്. അതിനുള്ള നട്ടെല്ല് ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ തെളിയിക്കണം.

ഷൈജൻ കാക്കര said...

കുമാരൻ... ബന്ദില്ലാതെയെന്ത്‌ വികസനം! അഭിപ്രായത്തിന്‌ നന്ദി.

മനോജ്‌...പ്രായോഗികതലത്തിൽ എന്താണ്‌ സംഭവിക്കുന്നത്‌? ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കാനായി വിദേശങ്ങളിൽ പോകുന്നു. പല വിദേശ സർവകലാശാലകൾക്കും ഇന്ത്യൻ സർവകലാശാലകളേക്കാൾ നിലവാരം കൂടുതലുണ്ട്‌. എങ്ങിൽ പിന്നെ സർക്കാരിന്‌ ഒരു ചിലവുമില്ലാതെ അതിന്റെ ക്യാമ്പസ്സ്‌ ഇന്ത്യയിൽ അനുവദിച്ചുകൂടെ?

ഇന്ത്യയിലെ നിലവാരം ഉയർത്തട്ടെ, പണമില്ലാത്തവന്‌ പഠിക്കാൻ സർക്കാർ സഹായം നല്കട്ടെ. അതിന്‌ നമ്മുടെ നികുതി പണം ഉപയോഗിക്കട്ടെ. പക്ഷെ പണമുള്ളവർക്ക്‌ പഠിക്കാൻ കൂടുതൽ അവസരം ഒരുക്കികൊടുത്താൽ എന്താണ്‌ പ്രശ്‌നം? നമ്മുടെ നികുതി പണം ഉപയോഗിക്കാതിരുന്നാൽ മതിയല്ലോ? അങ്ങനെയുള്ള ഒരു അവസ്ഥയെ എന്തിന്‌ എതിർക്കണം അതും വിദേശത്ത്‌ പോയി പഠിച്ചവർ!!!

വിദേശസർവകലാശാല വന്ന്‌ പഠിപ്പിച്ചാലെ ഇന്ത്യ നന്നാവുകയുള്ളുവെന്നും അവർക്ക്‌ മാത്രമെ ലോക നിലവാരത്തിലുള്ള വിദ്യഭ്യാസം നല്കുവാൻ പറ്റുകയുള്ളുവെന്നും ഞാൻ കരുതുന്നില്ല. ഇതൊക്കെ നമുക്കും ഇവിടെ ഉണ്ടാക്കിയെടുക്കാവുന്നതാണ്‌. പക്ഷെ അങ്ങനെ ഒരു കാലം വരുന്നതുവരേയ്ക്കും അല്ലെങ്ങിൽ നേതാക്കൾക്ക്‌ നട്ടെല്ല്‌ ഉണ്ടാകുന്നതുവരേയ്‌ക്കും ഇന്ത്യൻ വിദ്യർത്ഥികൾ കാത്ത് നില്ക്കട്ടെയെന്ന്‌ ചിന്തിക്കുന്നതല്ല ശരിയ്‌ക്കും കഷ്ടം.

വിദേശ സർവകാലാശാലകളുടെ ക്യാമ്പസ്സുകൾ ഇന്ത്യയിൽ വരുന്നതിനെ എന്തിന്‌ എതിർക്കുന്നു? ദോഷങ്ങൾ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവക്ക് തീർച്ചയായും അനുമതി നൽകേണ്ടതു തന്നെയാണ്.ഇതുമൂലം ഇന്ത്യയിലും ലോക നിലവാരത്തിലുള്ള വിദ്യഭ്യാസം ലഭിക്കുകയും ചെയ്യുകയും ഒപ്പം ചിലവുകുറഞ്ഞാൽ ഇരട്ടിപേർക്ക് വിലയുള്ള ഡിഗ്രികൾ സമ്പാധിക്കാനും കഴിയും..

നല്ലൊരു പോസ്റ്റ് കേട്ടൊ കാക്കരേ..

Anonymous said...

Agrees with u kakkara. But at the same time, as Manoj rightly said the Govts state as well as central have to take initiatives to improve our educational stds such that it's at par with those of foreign universities.

Manoj മനോജ് said...

കാക്കര,
ഒളിഞ്ഞ് കിടക്കുന്ന പലതും നാം അറിയുന്നില്ല. നികുതി പണം കൊണ്ട് അവര്‍ക്ക് നാം അവര്‍ പറയുന്ന “ഇന്‍ഫ്രാസ്ട്രക്റ്ററുകള്‍” ഒരുക്കും. ഇന്നത്തെ സര്‍വ്വകലാശാലകള്‍ക്ക് ലഭിക്കാത്തതും ഇത് തന്നെയാണ്.

2000ത്തില്‍ ബിര്‍ള‍-അംബാനി റിപ്പോര്‍ട്ടില്‍ എന്ത് പറഞ്ഞ് വെച്ചുവോ അവയൊക്കെ തന്നെ നടപ്പിലാക്കി കൊണ്ടിരിക്കുന്നു എന്ന് കാണാം.

റിപ്പോര്‍ട്ട് നെറ്റില്‍ കിട്ടും. എങ്കിലും ഓര്‍മ്മയിലുള്ള ചിലത് എഴുതുന്നു.

സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പിന്മാറി അവ പൂര്‍ണ്ണമായി പ്രൈവറ്റിനെ ഏല്‍പ്പിക്കുക.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഫീസ് ഏര്‍പ്പെടുത്തുക. അമേരിക്കയിലും മറ്റും കാണുന്നത് പോലെ വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ എടുത്ത് പഠിക്കുവാനുള്ള മാര്‍ഗ്ഗം സര്‍ക്കാര്‍ ഒരുക്കുക.

നിലവിലുള്ള സര്‍വകലാശാലകള്‍ക്ക് ഫണ്ടിങ് കൊടുക്കുന്നത് കുറച്ച് കൊണ്ട് വരിക. അവര്‍ ഫണ്ട് കണ്ടെത്തണം. ഉദാ: വ്യവസായമേഖലയുമായി സര്‍വ്വകലാശാലകള്‍ സ്പോണ്‍സര്‍ഷിപ്പ് ബന്ധങ്ങള്‍ സ്ഥാപിക്കണം.

സ്വകാര്യമേഖലയ്ക്ക് സര്‍വ്വകലാശാല തുടങ്ങുവാന്‍ സൌകര്യം കൊടുക്കുക. അതിനായി സ്വകാര്യ സര്‍വ്വകലാശാല ബില്ല് പാസ്സാക്കണം.

വിദേശനിക്ഷേപം നേരിട്ട് അനുവദിക്കുക.

വിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കുക (അദ്ധ്യാപകര്‍ക്കും ബാധകം).

ചുരുക്കി പറഞ്ഞാല്‍ വിദ്യാഭ്യാസ മേഖല വ്യവസായ ഭീമരായ തങ്ങളെ പോലെയുള്ളവര്‍ക്ക് തോന്നിയ പോലെ നടത്തുവാന്‍ ഗവണ്മെന്റ് അനുവദിക്കുക എന്ന് അവര്‍ തന്നെ റിപ്പോര്‍ട്ട് എഴുതി വെച്ചു. അതിനെ എതിര്‍ക്കുവാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടനകളെ കലാലയങ്ങളില്‍ നിന്നും തുരത്തുകയും വേണം.

അമേരിക്കയില്‍ പഠനത്തിനായി കടം എടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ജീവിതകാലം മുഴുവന്‍ കടക്കാരായി കഴിയുന്നത് എങ്ങിനെ അവസാനിപ്പിക്കാമെന്നാണ് ഇപ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ആലോചിക്കുന്നത്. അപ്പോഴാണ് നമ്മുടെ സര്‍ക്കാര്‍ വരും തലമുറകളെ കൊലയ്ക്ക് കൊടുക്കുവാന്‍ ഒരുമ്പെട്ട് ഇറങ്ങുന്നത്!!

Manoj മനോജ് said...

ഒന്ന് വിട്ട് പോയി

വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ വേണ്ട നടപടിയും സര്‍ക്കാര്‍ ചെയ്യണമെന്ന് ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. :)

വിദേശ സര്‍വ്വകലാശാലകള്‍ വരുന്നതിനും മുന്‍പ് നിലവാരം തകര്‍ന്ന് കൊണ്ടിരിക്കുന്ന ഐ.ഐ.ടി.കളും ഐ.ഐ.എസ്സ്.സി.കളും എങ്കിലും സര്‍ക്കാര്‍ നന്നാക്കുവാന്‍ വേണ്ട നടപടികള്‍ എടുക്കുക. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തി മറ്റ് സര്‍വ്വകലാശാലകളുടെയും നിലവാരം ഉയര്‍ത്തുക.

ഈ ബില്ല് പാസ്സായാലും വിദേശ സര്‍വ്വകലാശാ‍ലകള്‍ക്ക് പെട്ടെന്ന് ഇന്ത്യയില്‍ നിക്ഷേപം നടത്തുവാന്‍ കഴിയില്ല. അവര്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍ ആദ്യം നാം നടത്തി കൊടുക്കണ്ടേ!

ഷൈജൻ കാക്കര said...

ബിലാത്തിപട്ടണം... നന്ദി.

മൈത്രേയി... ഇന്ത്യൻ സർവകാലശാലകളുടെ നിലവാരം ഉയർത്തുക. ഞാനും യോജിക്കുന്നു.

മനോജ്‌... നികുതി പണംകൊണ്ട്‌ ഇന്ത്യൻ സർവകലാശാലകൾക്ക്‌ കൊടുക്കാത്ത infrastructure വിദേശസർവകലാശാലകൾക്ക്‌ കൊടുത്താൽ അതിനെയാണ്‌ നാം എതിർക്കേണ്ടത്‌ അല്ലാതെ വിദേശ ക്യാമ്പസ്സുകളെയല്ല.

വിദേശവിദ്യാർത്ഥികളെ ഇന്ത്യയിലേക്ക്‌ ആകർഷിക്കാൻ വേണ്ട നടപടി സർക്കാർ ചെയ്യണമെന്ന്‌ പറയുന്നത്‌ താങ്ങളുടെ ആദ്യ കമന്റിലെ ടൂറിസവുമായി ചേർന്ന്‌പോകില്ലെ? മെഡിക്കൽ ടൂറിസം പോലെ, വിദ്യഭ്യാസടൂറിസത്തിലെ ശരികേട്‌ എന്താണ്‌?

plus 2 വരെ വിദ്യഭ്യാസം പൂർണ്ണമായും സൗജന്യമായിരിക്കണം. ഉന്നതവിദ്യഭ്യാസം പൂർണ്ണമായും ഫീസ്‌ അടിസ്ഥാനത്തിൽ നടത്തുന്നതാണ്‌ നീതിയെന്നും ഞാൻ കരുതുന്നു. ഉന്നത വിദ്യഭ്യാസത്തിന്റെ ചിലവുകൾ എല്ലാംതന്നെ വിദ്യാർത്ഥികളിൽ നിന്ന്‌ പൂർണ്ണമായി ഈടാക്കണമെന്ന്‌ ഇതിനർത്ഥമില്ല, പക്ഷെ ഇന്ത്യയിൽ സൗജന്യമായി പഠിച്ച്‌ പിറ്റെ ദിവസംമുതൽ അമേരിക്കയിൽ ജോലി ചെയ്ത്‌ പൗരത്വം നേടുന്നവരുണ്ടാക്കുന്ന നഷ്ടത്തെ പറ്റിയും ചിന്തിക്കേണ്ടതല്ലെ?

Manoj മനോജ് said...

“നികുതി പണംകൊണ്ട്‌ ഇന്ത്യൻ സർവകലാശാലകൾക്ക്‌ കൊടുക്കാത്ത infrastructure വിദേശസർവകലാശാലകൾക്ക്‌ കൊടുത്താൽ അതിനെയാണ്‌ നാം എതിർക്കേണ്ടത്‌ അല്ലാതെ വിദേശ ക്യാമ്പസ്സുകളെയല്ല.”

വിദേശ ക്യാമ്പസുകള്‍ക്കുള്ള ഇന്‍ഫ്രാസ്ട്രക്റ്റര്‍ അവര്‍ സ്വന്തം കാശ് മുടക്കി ഇന്ത്യയില്‍ നടത്തുമെന്നാണോ!

"പക്ഷെ ഇന്ത്യയിൽ സൗജന്യമായി പഠിച്ച്‌ പിറ്റെ ദിവസംമുതൽ അമേരിക്കയിൽ ജോലി ചെയ്ത്‌ പൗരത്വം നേടുന്നവരുണ്ടാക്കുന്ന നഷ്ടത്തെ പറ്റിയും ചിന്തിക്കേണ്ടതല്ലെ?"

ഇവര്‍ എന്ത് കൊണ്ട് ഇന്ത്യ വിട്ട് പോകുന്നു എന്ന് ചിന്തിക്കേണ്ടത് ആരാണ്? ചൈനയില്‍ നിന്നും ഇത് പോലെ ആളുകള്‍ വിദേശങ്ങളിലേയ്ക്ക് ഒഴുകിയിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്തായി അവര്‍ തിരിച്ച് നാട്ടിലേയ്ക്ക് പോകുവാന്‍ തുടങ്ങിയിരിക്കുന്നു. എന്ത് കൊണ്ട് നമ്മുടെ സര്‍ക്കാര്‍ ഇത് പോലെയുള്ള ഒരു സാഹചര്യം ഒരുക്കുന്നില്ല? കൊണ്ടു വരുമെന്ന് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചത് വായിച്ചിരുന്നു. പിന്നെ സാമ്പത്തികമായി ഇന്ത്യയ്ക്ക് ലാഭം ഇവര്‍ ഇങ്ങനെ പുറത്ത് പോകുന്നതാണ്. ഒന്നുമില്ലേല്‍ പണം മാസാമാസം ഇന്ത്യയിലേയ്ക്ക് കയറ്റി അഴയ്ക്കപ്പെടുന്നുണ്ടല്ലോ...

വിദേശത്ത് നിന്ന് കൂടുതല്‍ പരിചയവുമായി തിരിച്ച് വരുവാന്‍ തയ്യാറുള്ളവരാണ് ഭൂരിപക്ഷവും. പഠിപ്പിക്കുവാനും, ഗവേഷണത്തിനും, ജോലി ചെയ്യുവാനും വേണ്ട നല്ല ഒരന്തരീക്ഷമാണ് ആദ്യം സര്‍ക്കാര്‍ ഒരുക്കേണ്ടത്. ഇന്ത്യന്‍ സര്‍ക്കാര്‍ അത് ചെയ്താല്‍ ചൈനയില്‍ ഇന്ന് സംഭവിക്കുന്നത് പോലെ ഇന്ത്യക്കാരും വിദേശികളും ഇന്ത്യയില്‍ പറന്നെത്തും. ബ്യൂറോക്രാറ്റുകളുടെ പുറകേ നടന്ന് സമയം കളയാമെന്നല്ലാതെ ഇന്ന് ഇന്ത്യയില്‍ ഒരാള്‍ക്ക് എന്ത് ചെയ്യുവാന്‍ കഴിയും? പണ്ട് ഇന്ത്യക്കാരെ വിശ്വാസമില്ലാതിരുന്ന ബ്രിട്ടീഷുകാര്‍ ചെയ്ത് വെച്ച സിസ്റ്റം നാം ഇന്നും പിന്തുടരുന്നു...

Umesh Pilicode said...

:-)

( O M R ) said...

നമുക്കുനാമേ പണിവതു നാകം നരകവുമത് പോലെ...

http://oyemmar.blogspot.com

ഷൈജൻ കാക്കര said...

മനോജ്‌ ... ക്യാമ്പസ്സിനുള്ള direct infrasturcture വിദേശ സർവകലാശാലകളും indirect infrastructure സർക്കാരും, അങ്ങനെയല്ലെ? അല്ലെങ്ങിൽ വിശദമാക്കു.


ഇന്ത്യയിൽ സൗജന്യമായി പഠിച്ച്‌ ഇന്ത്യവിട്ട്‌പോകുന്നത്‌ എന്തിന്റെ പേരിലായാലും, നികുതി പണത്തിൽ നിന്ന്‌ മുടക്കിയ തുക അവരിൽ നിന്ന്‌ ഘട്ടം ഘട്ടമായി തിരിച്ച്‌പിടിക്കണമെന്ന്‌ തന്നെയാണ്‌ ഞാൻ ആവശ്യപ്പെടുന്നത്‌. ഇപ്പോൾ സംഭവിക്കുന്നത്‌ മൂന്നാംലോകരാജ്യങ്ങൾ വിദ്യഭ്യാസത്തിന്‌ പൈസ മുടക്കുക വികസിത രാജ്യങ്ങൾ വലയും പിടിച്ചിരിക്കുക. മസ്തിഷ്കചോർച്ചയെന്ന്‌ ഓമനപേരും!

ഇന്ത്യയിലെ എല്ലാ പ്രശ്നവും തീർത്തിട്ടെ വിദേശ ക്യമ്പസ്സും ഇവിടെ തുടങ്ങാവു എന്നൊന്നും ചിന്തിക്കല്ലെ. വിദേശവിദ്യഭ്യാസത്തിലൂടെ നഷ്ടപെടുന്ന കോടികൾ ക്യാമ്പസിലൂടെ ഒരു പരിധി വരെ തടയാൻ ശ്രമിക്കുമ്പോൾ, അതിനും അനുകൂലമായി ചിന്തിക്കുന്നില്ലല്ലൊ!

ഉമേഷ്‌... O M R... അഭിപ്രായത്തിന്‌ നന്ദി.

ഷൈജൻ കാക്കര said...

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.

പുതിയ പോസ്റ്റിലേക്ക്‌ സ്വാഗതം.

http://georos.blogspot.com/2010/03/blog-post_29.html

മോഡിയുമായി വേദി പങ്കിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റിസ്സ്!