Monday 15 February 2010

സബ്സിഡി കേരള കർഷകരെ നക്കി കൊല്ലുന്നു!

.
ഒരു തരത്തിലുമുള്ള വിലക്കയറ്റവും ഭരണനേട്ടമായി കാണുവാൻ സാധിക്കാത്ത ഒരു പ്രത്യേക തരം മാനസികാവസ്ഥയിലാണ്‌ മലയാളി സമൂഹം. ഈ അവസ്ഥ സ്രിഷ്ടിച്ചതിന്‌ നമ്മുടെ മാദ്ധ്യമവും ഉദ്യോഗസ്ഥരും കൂടെ സത്യം തുറന്ന്‌ പറയാൻ ചങ്കൂട്ടം കാണിക്കാത്ത രാഷ്ട്രീയ നേതാക്കളും ഉത്തരവാദികളാണ്‌. വില കയറ്റത്തിന്റെ ഗുണത്തെ പറ്റി ചിന്തിക്കാൻ മലയാളിക്ക്‌ എവിടെ സമയം? നമ്മുടെ ബുദ്ധി ആരോക്കെയോ നിയന്ത്രിക്കുകയാണല്ലോ?

സ്വന്തം കൃഷി ഉൽപന്നത്തിന്‌ വിലകയറിയാൽ അത്‌ എങ്ങനെ ഇല്ലാതാക്കാം എന്ന്‌ മാത്രം ചിന്തിക്കുന്ന ബുദ്ധി രാക്ഷസന്മാരുടെ കേരളത്തിൽ എങ്ങനെ കർഷകർ നിലനിൽക്കും എന്ന്‌ ഒരു ബുദ്ധിജീവിയും സാഹിത്യകാരിയും പറഞ്ഞു തരുന്നില്ല. കർഷകർ “ചത്ത്‌” കഴിഞ്ഞാൽ മുതലകണ്ണീർ പൊഴിക്കുന്ന മാദ്ധ്യമ ചർച്ചക്കാരും മറുമരുന്നിന്‌ വേണ്ടി ഒരു നിമിക്ഷം പോലും നഷ്ടപ്പെടുത്തുന്നില്ല. പിന്നേയും പഴയ പല്ലവി തന്നെ പുതിയ തലമുറ കൃഷിയിൽ നിന്ന്‌ അകലുന്നു, ഉപഭോക്ത്രസംസ്ഥാനമായി.... ലാഭമില്ലാത്ത കൃഷിയിൽ ചുരുണ്ട് കൂടാൻ ഞാനും എന്റെ മക്കളെ അനുവദിക്കുകയില്ല. തെങ്ങ്‌ വേരോടെ പിഴുത്‌ കുന്നിടിക്കും നെൽപാടം മണ്ണിട്ട്‌ നികത്തും, വിളിച്ചോളു, ഭുമാഫിയ! പക്ഷെ അന്വേഷിക്കരുത്‌ എന്തുകൊണ്ട് കർഷകർ കൃഷി ഭുമി കയ്യൊഴിയുന്നു?

ഒരു പഴയ സംഭവ കഥയിലേക്ക്‌ പോകാം. ഒരിടതൊരിടത്ത്‌, കേരം തിങ്ങും നാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം തെങ്ങുകൃഷിയായിരുന്നു, തെങ്ങ്‌ ചതിക്കില്ല എന്നുമായിരുന്നു വിശ്വാസം. അങ്ങനെ ഒരിക്കൽ കടലമ്മ ചാകര കൊണ്ടുവരുന്നത്‌പോലെ തെങ്ങമ്മ ഒരു ചാകര കൊണ്ടുവന്ന്‌ കൊടുത്തു. കേരകർഷകർ നടു നിവർക്കും എന്ന്‌ മനസിലാക്കിയ അന്യദേശക്കാർ (സോപ്പ്‌ കമ്പനിക്കാർ) ഉടനെ രാജാവിന്റെ ചെവിയിൽ ഓതി, പാമോയിൽ ഇറക്കുമതി ചെയ്യുക, പൊതുവിതരണ കടകളിലൂടെ വിതരണം ചെയ്യുക. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം; സോപ്പുണ്ടാക്കാൻ വെളിച്ചെണ്ണ വിലക്കുറവിൽ കിട്ടും രാജാവിന്‌ കമ്മീഷനും കിട്ടും. അങ്ങനെ 1980 മുതൽ 1990 വരെ സ്വന്തം വെളിച്ചെണ്ണയുടെ വില കുറയ്‌ക്കാനായി സ്വന്തം നികുതി പണം ഉപയോഗിച്ച്‌ കേരള മോഡൽ സാമ്പത്തിക ശാസ്ത്രം...

വളരെ കൊട്ടിഘോഷിച്ച കേരളത്തിന്റെ പൊതു വിതരണ സമ്പ്രദായംകൊണ്ട്‌ ആർക്കാണ്‌ നേട്ടം. ഒറ്റനോട്ടത്തിൽ കേരളീയന്‌ നേട്ടമുണ്ട്‌ എന്ന്‌ വിശ്വാസിക്കുമ്പോഴും അത്യന്തികമായി കേരളസമൂഹത്തിനുണ്ടാകുന്ന ആഘാതം നാം മനസിലാക്കുന്നുണ്ടോ എന്ന്‌ സംശയമാണ്‌. എന്തുകൊണ്ട് കേരള കർഷകർ എന്നൊരു വർഗ്ഗം ഇല്ലാതാവുന്നു. പൊതു വിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണം ആർക്കാണ്‌ കിട്ടുന്നത്‌ എന്ന്‌ ഒരിക്കലെങ്ങിലും നാം ചിന്തിച്ചിട്ടുണ്ടോ? കടലയ്‌ക്ക്‌ വില കൂടിയാൽ, പഞ്ചസാരയ്‌ക്ക് വില കൂടിയാൽ, വറ്റൽ മുളകിന്‌ വില കൂടിയാൽ, അങ്ങനെ എന്തിന്‌ വില കൂടിയാലും, കേരളക്കാരന്റെ നികുതി പണം ഉപയോഗിച്ച്‌ അന്യസംസ്ഥാന കർഷകരുടെ കൃഷി ഉൽപനങ്ങൾ കൂടിയ വിലക്ക്‌ വാങ്ങി കേരളത്തിൽ വിതരണം ചെയ്യുന്നു. ഡിമാന്റ് വർദ്ധിക്കുന്നു, സാധനങ്ങളുടെ വിലയും വർദ്ധിക്കുന്നു, കൂടുതൽ നികുതി പണം ഉപയോഗിച്ച്‌ കേരളം പിന്നേയും വാങ്ങുന്നു!

നമ്മുടെ പൊതുവിതരണ സമ്പ്രദായത്തിലൂടെ പഞ്ചസാര വിതരണം ചെയ്യുന്നു എന്നാൽ നമ്മുടെ സ്വന്തം മറയൂർ ശർക്കര കൃഷിക്കാർ നാമവശേഷമാകുന്നു. പഞ്ചസാരയ്‌ക്ക്‌ പകരം ശർക്കരയും പാലിൽ ചേർത്ത്‌ കുട്ടികൾക്ക്‌ കൊടുക്കാമല്ലോ? പഞ്ചസാരയ്‌ക്ക്‌ പകരം കൂടിയ വിലയ്‌ക്ക്‌ ശർക്കരയും പന കൽക്കണ്ടം (ഔഷദ ഗുണവുമുണ്ട്‌) കേരളത്തിലെ കർഷകരിൽ നിന്ന്‌ വാങ്ങി കേരളത്തിൽ വിതരണം ചെയ്യാമല്ലോ? പഞ്ചസാരയ്‌ക്ക് കൊടുക്കുന്ന കേരളത്തിന്റെ സബ്സിഡി വിഹിതം പിൻവലിച്ച്‌ തേയിലക്കും കാപ്പിക്കും കൊടുക്കണം. ന്യായവില കടകളിൽ കേന്ദ്ര വിഹിതം കൊണ്ട്‌ പഞ്ചസാരയുടെ വിലയും സംസ്ഥാന വിഹിതം കൊണ്ട്‌ തേയിലയുടേയും കാപ്പിയുടേയും വിലയും കുറയട്ടെ.

മിൽമ മഹാരാഷ്ട്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പൊടിയായോ പാലായോ കൊണ്ടുവന്ന്‌ കേരളത്തിൽ പാൽ വിതരണം ചെയ്യും. നഷ്ടം ആര്‌ നികത്തും? നികുതി പണം തന്നെ! എന്നാലും കേരളത്തിലെ പാൽ വില വർദ്ധിപ്പിച്ച്‌ കേരളത്തിലെ ക്ഷീര കർഷകരെ സഹായിക്കില്ല. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പാലിന്‌ വില വർദ്ധിപ്പിക്കുന്നത്‌ ഒരു ഭരണനേട്ടമായി ഞാൻ വിശ്വസിക്കുന്നു. ചന്തയിൽ കിട്ടുന്ന എല്ലാ സാധനങ്ങൾക്കും വില കുറച്ച്‌ കൊടുക്കേണ്ട ബാധ്യത ഒരു സർക്കാരിനുമില്ല. ജനങ്ങളുടെ മൊത്തം “വാങ്ങൽ ബാധ്യതയെ” സഹായിക്കുക കൂടെ തനതു ഉൽപന്നങ്ങളെ സഹായിച്ച്‌ അവരുടെ വാങ്ങൽ ശക്തിയെ വർദ്ധിപ്പിക്കുക.

സപ്ളൈകൊയുടെ വിലനിലവാരം ശ്രദ്ധിക്കുക (07.12.2009) ലിങ്ക് താഴെ;

http://www.kerala.gov.in/government/CPICities.pdf

പുഴുക്കലരിയ്‌ക്കും പഞ്ചസാരയ്‌ക്കും 8/7 രൂപ കുറച്ച് കൊടുക്കുമ്പോൾ ചെറുപയർ 46 രൂപയും വറ്റൽമുളക്‌ 33 രൂപയും കുറച്ച്‌ കൊടുക്കുന്നു. ഈ സബ്സിഡിയുടെ ഗുണം ആർക്ക്‌? ചെറുപയറിനും വറ്റൽമുളകിനും പകരമായി ഉപയോഗിക്കാവുന്ന വള്ളിപയറും പച്ചമുളക്‌ / കുരുമുളക്‌ കൃഷി ചെയ്യുന്നവരെ സഹായിച്ചുകൂടെ?

ഇനിയെങ്ങിലും നമുക്ക്‌ ഒരു തീരുമാനം എടുത്ത്‌കൂടെ, കേരളത്തിന്റെ നികുതി പണംകൊണ്ട്‌ കേരളത്തിലെ ഉൽപന്നങ്ങൾ മാത്രമെ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുകയുള്ളു. കൂടിയ വിലയ്‌ക്ക്‌ കേരള ഉൽപനങ്ങൾ വാങ്ങിയാലും കേരളത്തിന്‌ നഷ്ടമൊന്നുമില്ലലോ, കാരണം പണം കേരളകർഷകന്‌ ലഭിക്കുന്നുണ്ടല്ലോ. കൂടുതൽ കൂടുതൽ കർഷകർ കൃഷിയിലേയ്‌ക്ക്‌ വന്നു കൊണ്ടിരിക്കുകയും ചെയ്യും. എല്ലാ ന്യായവില കടകളിലും കേരള ഉൽപന്നങ്ങൾ മാത്രമെ വിതരണം ചെയ്യാവു, കൃഷി ഉൽപനങ്ങൾ തൊട്ട്‌ കുടിൽ വ്യവസായ ഉൽപന്നങ്ങൾ വരെ. ആത്യന്തികമായി കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന്‌ സഹായിക്കുന്ന ഒരു സാമ്പത്തിക രീതി, അതിനെ മാത്രമെ എനിക്ക്‌ കേരള മോഡൽ വികസനം എന്ന്‌ വിളിക്കുവാൻ പറ്റുകയുള്ളു, അല്ലെങ്ങിൽ, നമ്മുടെ സാമ്പത്തിക മണ്ഡലം ഒരു സോപ്പ്‌ കുമിളപോലെ എപ്പോൾ വേണമെങ്ങിലും...

പൊതുവിതരണ വ്യവസ്ഥയുടെ നല്ല വശങ്ങളെ കാണാതെ, ദൂഷ്യവശങ്ങളെ പെരുപ്പിച്ച്‌ കാണിച്ചു എന്ന്‌ മാത്രം പറയരുത്‌, കേരള കർഷകർ നാമവശേഷമാകുന്നതിലുള്ള വേദനയായി മാത്രം കണ്ടാൽ മതി.

നാടൻ മലയാളിയ്‌ക്ക്‌ കർഷകൻ പട്ടിണി കിടന്നാലും വേണ്ടില്ല, വിലകുറയണം,

മറുനാടൻ മലയാളിയ്‌ക്ക്‌ ഇന്ത്യ തുലഞ്ഞാലും വേണ്ടില്ല, രൂപയുടെ മൂല്യം ഇടിയണം!

---
കാക്കര

20 comments:

ഷൈജൻ കാക്കര said...

സ്വന്തം ക്രിഷി ഉൽപ്പന്നത്തിന്‌ വിലകയറിയാൽ അത്‌ എങ്ങനെ ഇല്ലാതാക്കാം എന്ന്‌ മാത്രം ചിന്തിക്കുന്ന ബുദ്ധി രാക്ഷസന്മാരുടെ കേരളത്തിൽ എങ്ങനെ കർഷകർ നിലനില്ക്കും എന്ന്‌ ഒരു ബുദ്ധിജീവിയും ഒരു സാഹിത്യകാരിയും പറഞ്ഞു തരുന്നില്ല. കർഷകർ “ചത്ത്‌” കഴിഞ്ഞാൽ മുതലകണ്ണീർ പൊഴിക്കുന്ന മാദ്ധ്യമ ചർച്ചക്കാരും മറുമരുന്നിന്‌ വേണ്ടി ഒരു നിമിക്ഷം പോലും നഷ്ടപ്പെടുത്തുന്നില്ല. പിന്നേയും പഴയ പല്ലവി തന്നെ പുതിയ തലമുറ ക്രിഷിയിൽ നിന്ന്‌ അകലുന്നു, ഉപഭോക്തസംസ്ഥാനമായി.... ലാഭമില്ലാത്ത ക്രിഷിയിൽ ചുരുണ്ട് കൂടാൻ ഞാനും എന്റെ മക്കളെ അനുവദിക്കുകയില്ല. തെങ്ങ്‌ വേരോടെ പിഴുത്‌ കുന്നിടിക്കും നെൽപാടം മണ്ണിട്ട്‌ നികത്തും, വിളിച്ചോളു, ഭുമാഫിയ! പക്ഷെ അന്വേഷിക്കരുത്‌ എന്തുകൊണ്ട് കർഷകർ ക്രിഷി ഭുമി കയ്യൊഴിയുന്നു?

Jijo said...

പാലിന്‌ വില കൂടിയാല്‍ ഇവിടെ തീര്‍ച്ചയായും പാലുല്‍പാദനം കൂടും. തേങ്ങയ്ക്ക് വില കൂടിയാല്‍ തെങ്ങുകളും കൂടും. അരിയ്ക്ക് വില കൂടിയപ്പോള്‍ വയസ്സായ എന്റെ അപ്പന്‍ പോലും പാടത്ത് കൃഷി ചെയ്തു. നമ്മുടെ ഉല്‍പന്നങ്ങള്‍ക്ക് വില കൂടട്ടെ. കര്‍ഷകനും ജീവിയ്ക്കേണ്ടേ?

പൊതു വിപണിയില്‍ ലിറ്ററിന്‌ ഇരുപത് രൂപയ്ക്ക് മേല്‍ വിലയുള്ളപ്പോള്‍ മില്‍മ കര്‍ഷകര്‍ക്ക് നല്‍കുന്നത് പതിനഞ്ച് രൂപാ. ഒരു ലിറ്റര്‍ പാലിന്റെ ഉല്‍പാദന ചിലവ് ഏതാണ്ട് അത്രയും വരും. കാലിതീറ്റ്യ്ക്കിപ്പോള്‍ എന്താ വില? എന്നിട്ട് കര്‍ഷകര്‍ പൊതു വിപണിയില്‍ വില്‍ക്കുന്നത് നിയമം മൂലം നിരോധിക്കാന്‍ ശുപാര്‍ശയും. നഗരത്തിലുള്ളവര്‍ക്ക് പാല്‍ വില കുറച്ച് കിട്ടാന്‍ ഗ്രാമങ്ങളിലെ കര്‍ഷകരെ പിഴിയണോ?

കോടിക്കണക്കിന്‌ രൂപയ്ക്ക് ഒരു ദിവസം കുടിയ്ക്കുന്ന മലയാളികള്‍ക്ക് എന്തിനാ സബ്സിഡി?

ശ്രദ്ധേയന്‍ | shradheyan said...

"മറുനാടൻ മലയാളിയ്‌ക്ക്‌ ഇന്ത്യ തുലഞ്ഞാലും വേണ്ടില്ല, രൂപയുടെ മൂല്യം ഇടിയണം!"
ഇത് ഞങ്ങളുടെ നേരെയാണല്ലോ? :)

വളരെ പ്രസക്തമായ കാഴ്ചപ്പാടുള്ള ലേഖനം. മുതലക്കണ്ണീരുകള്‍ക്കപ്പുറം പ്രായോഗിക നിര്‍ദ്ദേശങ്ങളാണിനി ആവശ്യം. അഭിനന്ദനങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാനടക്കമുള്ള പൊങ്ങച്ചക്കാരനായ മലയാളി ,തമിഴരെപ്പോലെയും മറ്റും സ്വന്തം ഉൽ‌പ്പന്നങ്ങൾ,ഉണ്ടാക്കാനും,ഉപയോഗിക്കാനും അടിയുറച്ചുശീലിക്കണം.

ഷൈജൻ കാക്കര said...

ജിജൊ,

ഗ്രാമീണ കർഷകരെ നഗരവാസികൾക്ക്‌ വേണ്ടി ബലികൊടുക്കുന്നു!

ഈ സബ്സീഡി (അരിയെ മാറ്റി നിർത്തുക) കിട്ടുന്നത്‌ ആർക്കാണ്‌ എന്നുകൂടി നാം മനസില്ലാക്കണം. വാങ്ങൽ ശേഷിയുള്ള മധ്യ-ഉപരി വർഗ്ഗത്തിന്‌ മാത്രം.

ശ്രദ്ധേയൻ

പ്രായോഗിക രീതികൾ അറിയാത്തത്‌ കൊണ്ടല്ല ഭരണ കർത്താക്കൾ ഇങ്ങനെ ചെയ്യുന്നത്‌. കേരളതിൽ ഏറ്റവും അസംഘടിത വർഗ്ഗമാണ്‌ കർഷകർ. സബ്സീഡിയുടെ ഗുണഭോക്താക്കളോ സംഘടിതരും.

ബിലാത്തിപട്ടണം.

പൊങ്കച്ചത്തിന്റെ മാത്രം പ്രശ്നമല്ല. നമ്മുടെ പൊതു നയത്തിന്റെ പ്രശ്നമാണ്‌. ക്രിഷി ചെയ്താലും ലാഭം കിട്ടുന്നില്ല. അതിന്റെ ഒരു കാരണമാണ്‌ ഞാനി പോസ്റ്റിൽ ചൂണ്ടികാണിച്ച സബ്സീഡി എന്ന വില്ലൻ.

അനില്‍@ബ്ലോഗ് // anil said...

കാക്കരെ,
പറഞ്ഞതില്‍ ചില വസ്തുതകള്‍ ഇല്ലെന്ന് പറയുന്നില്ല.ചെറുപയറിനും മറ്റും ഇത്ര അധികം സബ്സിഡി കൊടുക്കുന്നതെന്തിനെന്ന് ഞാനും ചോദിച്ചിട്ടുണ്ട്.
വിവിധ ഭക്ഷ്യ വസ്തുക്കളുടെ ഉപഭോഗം സര്‍ക്കാരല്ലല്ലോ തീരുമാനിക്കുന്നത്. ഇവിടുത്തെ സാധാരണക്കാരന്‍ തന്നെയാണ്.കേരളത്തില്‍ തന്നെയുള്ള ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതി എന്ന് നമുക്ക് തീരുമാനിക്കാനാവുമോ? ഇനി വറ്റല്‍ മുളക് ഉപയോഗിക്കില്ല, പകരം കാന്താരീം കുരുമുളകും മാത്രമേ ഉപയോഗിക്കൂ എന്ന് തീരുമാനിക്കാനുള്ള ആര്‍ജ്ജവം മലയാളിക്കുണ്ടായിരുന്നെങ്കില്‍ കേരളം എന്നേ രക്ഷപ്പെട്ടേനെ.

സബ്സിഡി കൊടുത്ത് വില കുറച്ച് വില്‍ക്കുന്നത് ആ ഉത്പന്നം ആളുകള്‍ വാങ്ങിത്തിന്ന്‍ വയര്‍ നിറക്കട്ടെ എന്ന് കരുതി മാത്രമല്ല, പൊതു വിപണിയിലെ വില ഒരു പരിധിക്കപ്പുറം പോകാതെ പിടിച്ചു നിര്‍ത്തുവാന്‍ കൂടിയാണ്. അതുകൂടി ഇല്ലായിരുന്നെങ്കില്‍ ഈ നാട്ടിലെ തുച്ഛവരുമാനക്കാരന്റെ കാര്യം അധോഗതി ആയേനെ.

ഓഫ്ഫ്:

kr^shi= കൃഷി

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

പ്രസക്തമായ ലേഖനം.

പണത്തിനു പിറകെ ഓടാനും പണിയെടുക്കാതെ ജീവിക്കുന്നതിനും കുതിക്കുന്ന മനുഷ്യന്‍റെ മാറിയ മുഖം കൂടി ഇതോടെ കൂട്ടിച്ചേര്‍ക്കണം.

Unknown said...

ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് വിലകയറ്റം.കൃഷി അധിഷ്ടിതമായ ജീവിതരീതിയിലേക്ക് നമ്മള്‍ തിരിച്ചു വരേണ്ടിവരും എന്നാണ് ഈ വിലകയറ്റം സൂചിപ്പിക്കുന്നത്.ചുരുങ്ങിയ പക്ഷം അടുക്കള തോട്ടം ഉണ്ടാക്കകിയെന്കിലും ഒരു കുടുംബത്തിനു പച്ചകറി യിലെന്കിലും സ്വയം പര്യാപ്തതയില്‍ എത്താന്‍ കഴിയും. കാക്കര പറഞ്ഞത് ശരിയാണ് കേരള ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാരുകള്‍ പ്രാധാന്യം കൊടുക്കണം അപ്പോള്‍ കര്‍ഷകര്‍ കൃഷിയിലേക്ക് തിരിച്ചുവരും.പൊതു വിതരണ സമ്പ്രദായം കൊണ്ട് മലയാളികള്‍ സുഖലോലുപന്‍മാരയിട്ടുണ്ടോ പൊതു വിപണിയില്‍ വില പിടിച്ചു നിര്‍ത്താന്‍ സഹായിചിട്ടുണ്ടോ എന്നൊക്കെ വിശദമായി ചര്ച്ചചെയേണ്ട വിഷയമാണ്.വികലമായ വികസന കാഴച്ചപാടുകള്‍ ആണ് നമ്മള്‍ വച്ചുപുലര്‍ത്തുന്നത്,പ്രത്യുല്പാദനപരമായ ഒരു വികസനവും വരുന്നില്ല.ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മനുഷ്യാധ്വാനം പോലും റോഡു വൃത്തിയാക്കലില്‍ ഒതുങ്ങുന്നു.

സബ്സീഡി കൊടുത്തു ഇനിയും മലയാളിയെ തീടിപോറ്റാന്‍ സര്‍ക്കാരിനും കഴിയും എന്ന് തോന്നുന്നില്ല.ജിജോ പറഞ്ഞ പോലെ കുടിക്കാന്‍ വേണ്ടി ഇത്രയും ചിലവാക്കുന്ന മലയാളി അതര്‍ഹിക്കുന്നുണ്ടോ എന്നുള്ളത് ലളിതമായി ചോദികേണ്ട ചോദ്യമല്ല.

നല്ല പോസ്റ്റ്‌ ,അഭിനന്ദനങ്ങള്‍.

ഷാജി ഖത്തര്‍.

രഘുനാഥന്‍ said...

വസ്തുതാപരമായ ഒരു ലേഖനം തന്നെ...അക്ഷര പിശകുകള്‍ ശ്രദ്ധിക്കുമല്ലോ..

ആശംസകള്‍

ഷൈജൻ കാക്കര said...

അനിൽ,

നാം എന്ത്‌ വാങ്ങണം എന്ന്‌ സർക്കാർ നിയമം മൂലം നിർബദ്ധിക്കുന്നില്ല, പക്ഷെ സബ്സിഡിയുടെ രൂപത്തിൽ നിർബദ്ധിക്കുന്നുണ്ട്താനും.. സബ്സിഡിയില്ലാത്തതിനാൽ കേരള ഉൽപന്നം വിലകൂടുതലും സബിസിഡിയുള്ള ചെറുപയറിന്‌ വിലക്കുറവും!

സബിസിഡി കൊടുത്ത്‌ പൊതുവിതരണം ശക്തമാക്കിയാൽ പൊതുമാർക്കറ്റിൽ വിലകുറയും എന്നുള്ളത്‌ ഒരു മിഥ്യധാരണയാണ്‌. അത്‌ ശരിയായിരുന്നുവെങ്ങിൽ പൊതുവിതരണം ഏറ്റവും ശക്തമായ കേരളത്തിലെങ്ങിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ വലിയ ഒരു വില വിത്യാസം അനുഭവപെടണമായിരുന്നുവല്ലൊ, അങ്ങനെയൊന്നില്ലതാനും.

കൃഷി എന്ന്‌ എഴുതാനുള്ള "^" ചൂണ്ടികാണിച്ചതിന്‌ നന്ദി. പോസ്റ്റ്‌ തിരുത്തിയിട്ടുണ്ട്‌.

പട്ടേപാടം റാംജി,

മുഖം മാറിയവർക്ക്‌ സബ്സിഡി ഗുണം ചെയ്യുന്നു, മുഖം മാറാത്ത മണ്ണിൽ പണിയെടുക്കുന്ന കർഷകരെ സബ്സിഡി കൊല്ലാകൊല ചെയ്യുന്നു.

ഷാജി,

പൊതുവിപണിയിലെ വില പിടിച്ച്‌ നിറുത്തുവാൻ സാധിച്ചിട്ടില്ല! ഞാൻ പോസ്റ്റിൽ നൽകിയ ലിങ്കിൽ പല സിറ്റിയിലെ വില കാണിച്ചിട്ടുണ്ട്‌. നോക്കാവുന്നതാണ്‌.

പ്രതുല്പാദനമേഖലയിൽ പണം മുടക്കാൻ നമ്മുടെ കയ്യിൽ പണമില്ല, എല്ലാം ക്ഷേമപദ്ധതിയിൽ തുലയ്‌ക്കുന്നു.

രഘുനാഥൻ

അക്ഷരപിശക്‌ കുറച്ചൊക്കെ മാറ്റിയിട്ടുണ്ട്‌. നന്ദി.

Sabu Kottotty said...

കാലം കഴിയുന്തോറും വിലയിലും മാറ്റം വരും അത് അനിവാര്യമാണ്. ആമാറ്റത്തിനൊപ്പിച്ചു വരുമാനം നേടാന്‍ മനുഷ്യന്‍ പ്രാപ്തനാവണം. അല്ലാതെ വിലക്കയറ്റത്തിനെതിരേ ഒച്ചപ്പാടുണ്ടാക്കുന്നവര്‍ പൊട്ടന്മാരാണ്. അല്ല എന്നു വാദിയ്ക്കുന്നവര്‍ ഏതുവിധേനയും സാധനങ്ങള്‍ വിലകുറച്ചു കാണിയ്ക്കട്ടെ. അതുപക്ഷേ ഒരിയ്ക്കലും സാധിയ്ക്കാന്‍ പോകുന്നില്ല, മാത്രമല്ല ഇനിയും വില കൂടിക്കൊണ്ടേയിരിയ്ക്കും...

കൂലിച്ചലവിന്റെ വര്‍ദ്ധനവുകാരണം കൃഷി നഷ്ടത്തിലേയ്ക്കു വഴിമാറുമ്പോള്‍ വിലകൂട്ടി ഉല്‍പ്പന്നം വില്‍ക്കേണ്ടത് കര്‍ഷകന്റെ ആവശ്യമാണ്.

ഷൈജൻ കാക്കര said...

കൊട്ടോട്ടിക്കാരൻ

നന്ദി.

കർഷകനെ സഹായിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനവും കേരളത്തിൽ ഇല്ല. അതുകൊണ്ട് തന്നെ കർഷകന്റെ ശബ്‌ദം ഉയരുന്നുമില്ല!

ആറ്‌ മാസം ശക്തമായി മഴ ലഭിക്കുന്ന നമുക്ക്‌ വേനൽക്കാലങ്ങളിൽ കർഷകന്‌ വെള്ളം നല്കുവാൻ സാധിക്കുന്നില്ല. കഴിഞ്ഞ മുപ്പത്‌ വർഷത്തിനിടയിൽ കൃഷി വികസനത്തിനായി എത്ര ജലസേചന പദ്ധതി നാം നടപ്പിലാക്കി. സ്വാതന്ത്രത്തിന്‌ മുൻപുണ്ടായിരുന്ന കനാലുകൾ പോലും ഇന്നില്ലാതായി.

Akbar said...

കാക്കര
കര്‍ഷകനെ സഹായിക്കുന്നില്ലെന്നു ആര് പറഞ്ഞു. മൂന്നാറില്‍ ഏക്കര്‍ കണക്കിന് ഭൂമി റ്റാറ്റ പോലുള്ള കര്‍ഷകര്‍ക്ക് കയ്യേറാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒത്താശ ചെയ്തു കൊടുക്കുന്നില്ലേ.

ഷൈജൻ കാക്കര said...

അക്ബർ

നന്ദി

റ്റാറ്റ കർഷകനേയും ആന്ദ്ര കർഷകനേയും സഹായിക്കുന്നുണ്ട്‌, പക്ഷെ മലയാളി കർഷകൻ അനാഥൻ!

ജയരാജ്‌മുരുക്കുംപുഴ said...

hai kakkara, ingane kaalika prashakthiyulla postukal iniyum pratheekshikkunnu. aashamsakal.....

ഷൈജൻ കാക്കര said...

ജയരാജ്‌,

അഭിപ്രായത്തിന്‌ നന്ദി.

ഷൈജൻ കാക്കര said...

അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി

“33.3% കൂടിയാൽ സംവരണം 56 ശതമാനം?” എന്ന എന്റെ പുതിയ പോസ്റ്റിലേക്ക് സ്വാഗതം

http://georos.blogspot.com/2010/03/333-56.html

Unknown said...

പോസ്റ്റ് നന്നായിരുന്നു ....

Sudeesh Rajashekharan said...

namaskaram, Aaadyamayanu oru comment post cheyyunnathu. kuravukal kshamikkumallo!!!

1) malayali kudikkunna vila koodiyathengine? deerkhadrishti illatha charaya nirodhanam alle athinte yadhartha kaaranam?
2) nithyopayoga sadhanangalkku vilakoodiyaaal, jeevithachilavu koodiyaal athanusarichulla varumaana illenkil jeevikkan pattilla, appol thozhilali kooli koottum. ennnu paranjaal ithoru 'never ending loop' aanu. Athu kondu thanne, ari muthal ulla avasya saadhanagalude vila kurackathe jeevichu pokan pattilla.

Sudhi.