Saturday, 30 July 2011

ഊരുവിലക്കും ഇളനീരും...

ബസ്സിലെ ചർച്ചയുടെ ഒരു ശേഖരം മാത്രം...


https://plus.google.com/102470328790117053902/posts/LhS8VHzg6m8

ഹ ഹ... പാർട്ടിയിൽ നിന്ന്‌ പുറത്തായാൽ കണ്ടാൽ മിണ്ടുകയും ചെയ്യരുത്‌... അതാണ്‌ മാനവികത...

ഒരു പഴയ സഖാവിന്റെ വീട്ടിലെ ഊണ്‌ പോലും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഇടപ്പെട്ട് തീർപ്പ് കല്പ്പിക്കുന്ന പാർട്ടിയിലെ വ്യക്തി സ്വാതന്ത്ര്യം പൂത്തുലയട്ടെ...

ബർലിനുമായുള്ള വി.എസ്സിന്റെ വ്യക്തിബദ്ധങ്ങളെപോലും അറുത്തുമുറിച്ച്‌ വേർപ്പെടുത്തുന്നത്‌ ഒരു തരം ഊരുവിലക്കിന്റെ ഗുണം ചെയ്യും... പാർട്ടി വളരെ വലിയൊരു എസ്റ്റാബ്ലിഷ്മെന്റായതിനാൽ തന്നെ പാർട്ടിക്ക് പുറത്തായാൽ പാർട്ടി അംഗങ്ങളും നിങ്ങളുമായുള്ള വ്യക്തിബദ്ധങ്ങൾ വരെ മുറിക്കേണ്ടിവരും... അതിനാൽ കണ്ടും കേട്ടും നിന്നാൽ നിനക്കൊക്കെ നല്ലത്‌...

ഒരു സംശയം... വൃന്ദ കാരാട്ടും പ്രകാശ്‌ കാരാട്ടും പാർട്ടി പിരിഞ്ഞാൽ ഡൈവോർസ് ചെയ്യണമോ? ആവോ?

സോണിയാജിയുടെ ചിക്കൻ തിന്നാം... പക്ഷേ പാർട്ടിയിൽ നിന്ന്‌ പുറത്താക്കിയവരുടെ ചാവടിയന്തിരം പോലും തീറ്റിക്കില്ല... ഹല്ല പിന്നേ...


https://plus.google.com/102470328790117053902/posts/ajJ5L4VLJCU

 ഹ ഹ... ഇതൊക്കെയാണ് കമ്യൂണിസ്റ്റ് മഹാന്മാർ പറഞ്ഞുവെച്ചിട്ടുള്ളതെങ്ങിൽ... പിന്നെ പിണറായിയെ തെറിവിളിച്ചിട്ട് കാര്യമില്ല... തെളിച്ച വഴിയിലൂടെ പിണറായിയും തെളിക്കുന്നു...

Ex Communist is the worst communist - Lenin

ഒറ്റുകാരന്റെ പ്രതിഫലം മരണമാണ്(ചെയുടെ ഡയറിക്കുറിപ്പുകൾ)

 ...

വ്യക്തി സ്വാതന്ത്ര്യം സി.പി.എമ്മിൽ ഇല്ല... അതുതന്നെയാണ്‌ ഈ വാർത്തയും വെളിവാക്കിയത്...

വി.എസ്സിന്‌ ബെർലിനെ സന്ദർശിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞ് അവഗണിക്കേണ്ടതായിരുന്നു... അതിന്‌ പകരം ചൂരലിൽ കുട്ടികളേ നിയന്ത്രിക്കുന്നതാണ്‌ ശരിയെന്ന് തോന്നിയതാണ്‌ പാളിയത്... ഈ വിഷയത്തിൽ വി.എസ്സ് ഭംഗിയായി പണിതു...

ജാതിമത സംഘടനകളിൽ നിന്ന്‌ പുറത്താക്കപ്പെട്ടവർ നടത്തുന്ന സദ്യകളിൽ പങ്കെടുക്കരുത് എന്ന രീതിയിൽ ഊരുവിലക്ക് നടത്തുന്നപോലെയായി ഉച്ചഭക്ഷണവിപ്ലവം...


പാർട്ടി കുത്തിയ കുഴിയിൽ പാർട്ടി വീണുവെന്ന് പറയാനുള്ള ആർജ്ജവം പാർട്ടിയണികൾ കാണിച്ചിരുന്നുവെങ്ങിൽ...
 

Saturday, 23 July 2011

വില്ലൻ എന്റെ സമുദായത്തിൽ നിന്നോ...

കാർട്ടൂണുകളിൽ സിനിമകളിൽ നോവലിൽ അങ്ങനെയുള്ള മേഖലകളിലെല്ലാം വില്ലൻ കഥാപാത്രങ്ങൾ എന്റെ സമുദായക്കാരന് മാത്രം പതിച്ചു നൽകുന്നു എന്ന വിലാപം ഉടലെടുക്കുന്നത് സ്വന്തം മനസിലെ അടിമത്വം നിറഞ്ഞ സ്വത്വബോധത്തിൽ നിന്നാണ്... നമ്മുക്കെല്ലാവർക്കും ഒരു വിധത്തിൽ അല്ലെങ്ങിൽ മറ്റൊരു വിധത്തിൽ സ്വത്വബോധം ഉണ്ട്;  ഉണ്ടായിരിക്കണം പക്ഷേ അതിരുകടക്കുന്ന സ്വത്വബോധം പൊസസ്സീവനസിന്റെ പണി ചെയ്തു തരും... ഭാര്യ മറ്റൊരാളെ നോക്കിയാൽ പോലും പ്രശ്നം... പിന്നെ നാം തന്നെ ഭാര്യയെ എങ്ങനെയൊക്കെ സംശയിക്കാം എന്നതിൽ ഗവേഷണം നടത്തും...

വിഷവിത്തിറക്കുന്നതിൽ വേറിട്ട വായന നടത്തുന്ന നിരൂപകരും വായനയേയില്ലാത്ത മൗലീകവാദികളും അവരുടേതായ സംഭാവനകൾ നൽകുന്നുണ്ട്... നിരൂപകർ വേറിട്ട വായനയൊക്കെ നടത്തി ഒരു കലയെ നിരുപിക്കുന്നത് ഒരു സംസ്കൃതിയുടെ ആവശ്യമാണ്... പക്ഷേ വേറിട്ട വായനയിലൂടെ വിഷവിത്തിറക്കുന്നതാവരുത് നിരൂപണം... പകരം കലയിലെ കളകളെ പിഴുതെടുക്കുകയായിരിക്കണം വേറിട്ട വായനയുടെ ലക്ഷ്യം...

നമ്മുടെ ഇഷ്ടക്കേടുകൾ ഒരു പക്ഷേ ഇഷ്ടത്തേക്കാൾ കൂടുതൽ തികട്ടിവരുന്നതുപോലെ സ്വന്തം സമുദായത്തിലെ നല്ല കഥാപാത്രങ്ങളെ വിസ്മരിച്ചുകൊണ്ട്  സ്വന്തം സമുദായത്തിലെ വില്ലൻ കഥാപാത്രങ്ങൾ മനസ്സിൽ സൂക്ഷിക്കുകയാണ്... നമ്മുടെ ആശയങ്ങളുമായി 90 ശതമാനം യോജിക്കുന്ന വ്യക്തിയാണെങ്ങിലും ആ വ്യക്തിയുമായി തെറ്റിപിരിഞ്ഞ 10 ശതമാനമായിരിക്കും ആ വ്യക്തിയെ വിലയിരുത്തുന്നതിൽ നമ്മെ കൂടുതലും സ്വാധീനിക്കുക... അതുതന്നെയല്ലേ വില്ലൻ കഥാപാത്രങ്ങളിലൂടെ അക്രമിക്കപ്പെടുന്നു എന്ന വാദം ഉയർത്തുന്നവർക്കും സംഭവിക്കുന്നതും...

നായക കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും തിരഞ്ഞെടുപ്പിന് വിധേയമാകുമ്പോൾ കഥാകാരൻ പൂർണ്ണമായും യാഥാർത്ഥ്യത്തിന്  നിരക്കാത്ത ഒരു കഥാപാത്രത്തെ തീർച്ചയായും തിരഞ്ഞെടുക്കുകയില്ല... പക്ഷേ അതുമാത്രമാണ് യാഥാർത്ഥ്യമെന്ന് കഥാപാത്രത്തിന്റെ സമുദായരൂപത്തിലൂടെ നാം ഗണിച്ചെടുക്കുന്നത് നമ്മുടെ മനസ്സിന്റെ അപനിർമിതിയാണ്... സായിപ്പ് ഇന്ത്യയെ ചേരിയിലൂടെ അപമാനിക്കുകയാണ് സ്ലം ഡോഗ് മില്ല്യണയറിലൂടെ എന്ന് അക്ഷേപിക്കുന്നവർ ഒന്ന് ആലോചിച്ചില്ല...  ഇതേ സിനിമയിലെ സീനുകൾ കേരളത്തിന്റെ പാശ്ചാത്തലത്തിൽപോലും പ്രസക്തമല്ല പിന്നെങ്ങിനെ അമേരിക്കൻ പാശ്ചാത്തലത്തിലോ പാരീസിന്റെ പാശ്ചാത്തലത്തിലോ നിർമ്മിക്കും...

മുംബൈയിൽ നിന്ന് കള്ളക്കടത്തുകാരെ ഇറക്കുമതി ചെയ്തിരുന്ന മലയാള സിനിമ ഇന്ന് ദുബായിലേക്ക് കണ്ണ് വെച്ചിരിക്കുന്നു... നമ്മുക്ക് ദുബായിയോട്  പ്രത്യേകിച്ച് വിരോധം ഒന്നുമുണ്ടായിട്ടല്ല മറിച്ച് അങ്ങനേയും ഒരു യാഥാർത്ഥ്യമുണ്ട്... അത് ജനത്തിന് മനസ്സിലാകും... അത്രതന്നെ...

എന്റെ സമുദായത്തെ അല്ലെങ്ങിൽ കൂട്ടത്തെ വില്ലനാക്കാനും അപകീർത്തുപ്പെടുത്താനുമായി മറുലോകം ഒത്തുചേർന്നിരിക്കുന്നുവെന്ന് ഒരു  കൂട്ടത്തെ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ച് വെറുപ്പിന്റെ കണങ്ങൾ വിതറുകയാണ്... മറ്റൊരാളുടെ കുറ്റം  നമ്മളുമായി പങ്കുവെയ്ക്കുന്നവർക്ക് നമ്മളോട് ഒരു പ്രത്യേകതാൽപര്യമുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നതുപോലെ ഇവരേയും നാം തെറ്റിദ്ധരിക്കുന്നു...

വാൽകഷ്ണം... ഞാൻ നിർമ്മിക്കുന്ന സിനിമയിൽ മൂന്ന് നായകനും മൂന്ന് വില്ലനും ഉണ്ടായിരിക്കും...

Thursday, 14 July 2011

ആധാറിനെതിരെ അണിനിരക്കുന്നവർക്കായി സമർപ്പിക്കുന്നു...

വ്യക്തികളുടെ സ്വകാര്യതയിലേക്ക് സ്റ്റേറ്റിന് ഒളിഞ്ഞുനോക്കാനായി സ്രിഷ്ടിക്കപ്പെടുന്ന ഒന്നായി യു.ഐ.ഡി യെ കാണുന്നവർ അതുമൂലം ഉളവാകുന്ന ഗുണഗണങ്ങളെ അവഗണിക്കുകയാണ്... ഇന്ത്യ മുഴുവനും സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനയിൽ തന്നെ ഉൾപ്പെടുത്തി നാം അനുഭവിക്കുമ്പോൾ, മാറിയ സാഹചര്യത്തിൽ ആരൊക്കെ എവിടെയൊക്കെ സഞ്ചരിക്കുന്നുവെന്നും എവിടെയൊക്കെ താമസിക്കുന്നുവെന്നും താൽക്കാലികമായി ഒരിടത്ത് താമസിക്കുമ്പോഴും ഇതിന് മുൻപ് എവിടെയാണ് താമസിച്ചിരുന്നത്, അവിടത്തെ ചരിത്രമെന്താണ്, അങ്ങനെ പലതും സ്റ്റേറ്റിന് അറിയേണ്ടതുണ്ട്... സുരക്ഷ ദൈവം കൊണ്ടുതരില്ല...

ഒരു മലയാളി മുംമ്പൈയിൽ ജോലി ചെയ്യുന്നതിനിടയിൽ  സംശയം തോന്നി പോലിസ് ചോദ്യം ചെയ്യുമ്പോൾ, ഇതാണെന്റെ ആധാർ കാർഡ്, ഒന്ന് തപ്പി നോക്കിയെന്നു പറഞ്ഞ് കാർഡ് എടുത്തുകൊടുക്കുമ്പോഴുണ്ടാകുന്ന ആത്മവിശ്വാസം ഒന്ന് അനുഭവിക്കുക... അതിന് പകരം, എന്നെ അറിയുന്ന ആരെങ്ങിലും വരുന്നത് വരെ, അല്ലെങ്ങിൽ പോലിസുകാരുടെ തലങ്ങൂം വിലങ്ങും ഉള്ള ചോദ്യങ്ങൾക്ക് ഒരു സംശയവും നൽകാതെ ഉത്തരം നൽകി മണിക്കൂറുകൾ പോലിസിന്റെ ദയാദാക്ഷണ്യത്തിന് കാത്ത് നിൽക്കുന്നതിലും ഭേദമല്ലേ ഒരു കാർഡ് കൊണ്ടു നടക്കുന്നത്...

മൂന്ന് വർഷം കൊണ്ട് എല്ലാ ഇന്ത്യക്കാർക്കും യു.ഐ.ഡി കാർഡ് കൊടുത്ത് തീർക്കുമെന്നാണ് സർക്കാർ പറയുന്നത്... അഭിനന്ദനങ്ങൾ... വളരെ കാര്യക്ഷമമായി ഇത് കൊടുത്ത് തീർത്ത്, ബാക്കിയുള്ള കുറെ കാർഡുകൾ ഇല്ലാതാക്കിയിരുന്നുവെങ്ങിൽ... യു.ഐ.ഡി വിതരണം ചെയ്യുമ്പോൾ, പാൻ കാർഡിന്റെ തന്നെ ആവശ്യമില്ലാതാകുമല്ലോ...  വോട്ടേർസ് കാർഡിന് മുടക്കുന്ന പണം ഖജനാവിൽ തന്നെ കിടക്കുമല്ലോ?

ഒരു കുട്ടി ജനിച്ചാൽ ആദ്യം തന്നെ ഈ കാർഡ് കൊടുക്കണം... വാക്സിനേഷൻ നൽകുമ്പോൽ മുതൽ ഈ കാർഡായിരിക്കണം അടിസ്ഥാന രേഖ... വിദ്യാലയത്തിൽ ചേരുമ്പോൾ, ഈ കാർഡ് വേണം... പാസ്പോർട്ടിൽ ഈ നമ്പർ രേഖപ്പെടുത്തണം... പാസ്പോർട്ട് പുതുക്കുമ്പോൾ പാസ്പോർട്ട് നമ്പർ മാറും പക്ഷേ യു.ഐ.ഡി നമ്പർ സ്ഥിരമായിരിക്കും... ഏത് രേഖയിലും യു.ഐ.ഡി നമ്പർ രേഖപ്പെടുത്തണം...

വിദ്യാലയത്തിൽ പോലിസിനെ കൊണ്ട് തലയെണ്ണിക്കണമെന്ന് കോടതിക്ക് ഉത്തരവിടേണ്ടിവന്നത്, കുട്ടികളെ പോലും വെച്ച് ആൾമാറാട്ടം നടത്തുന്നു എന്ന് അവസ്ഥയിലാണ്... ഒരേ ആളുടെ പേരുകൾ മറിച്ചും തിരിച്ചും എഴുതി സഹായങ്ങൾ എഴുതിയെടുക്കുന്ന ഉദ്യോഗസ്ഥരുടേയും നാലാകിട രാഷ്ട്രീയക്കാരുടേയും ഉറക്കം കെടും... ആൾമാറാട്ടം നടത്തി ഇന്ത്യയിലെവിടെ ജീവിച്ചാലും എളുപ്പം പിടിക്കപ്പെടും... ഒളിഞ്ഞുകയറി ഇന്ത്യയിൽ ജീവിച്ച് കുറെ കഴിയുമ്പോൾ റേഷൻ കാർഡ് മുതൽ പാസ്പോർട്ട് വരെ ഉണ്ടാക്കി ജീവിക്കുന്നവരും ഇനിയിപ്പോൾ ബുദ്ധിമുട്ടും...  

ഇതിനൊക്കെ പുറമെ, ആധാർ കാര്യക്ഷമമായി നടപ്പിലാക്കുകയാണെങ്ങിൽ, ഇന്ത്യയിൽ എത്ര ജനസംഖ്യയുണ്ടെന്നെങ്ങിലും നമുക്ക് കണക്കാക്കാം... ആറ്റിലെറിഞ്ഞാലും എണ്ണി കളയണമല്ലോ...

വാൽകക്ഷണം... ബോംബ് പൊട്ടുമ്പോൾ മാത്രം സുരക്ഷയെപ്പറ്റി വാചാലരായാൽ പോരാ... സുരക്ഷയ്ക്കായി സർക്കാർ തയ്യാറാക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുകയും വേണം...

Wednesday, 13 July 2011

ആദിവാസികളെ നാട്ടുവാസിയാക്കുക...

ആതിരപ്പള്ളി പ്രൊജക്റ്റിനെപ്പറ്റിയുള്ള ചർച്ചയിൽ കടന്നുവന്ന ബ്ലോഗർ ഹരീഷ്-മഠിയന്റെ അഭിപ്രായമാണ്... ഹരീഷ് പ്രകടിപ്പിച്ച് അഭിപ്രായം പലപ്പോഴും പലരും പ്രകടിപ്പിക്കുന്നതും കേട്ടിട്ടുണ്ട്...

"കാടാര്‍ സമുദായം ആകെ 19 വീടുകള്‍ മാത്രമേ ഉള്ളൂ എന്നാരാണ് പറഞ്ഞത്? KSEB യുടെ കള്ളങ്ങളില്‍ ഒന്നാണ് അത്. ഡാം സൈറ്റിന് മുകളില്‍ 19 വീടുകളും, 400 മീറ്റര്‍ താഴെ 60 വീടുകളും ഉണ്ട്. ആകെ അഞ്ഞൂറോളം പേര്‍. കാടിനെ ആശ്രയിച്ചു ജീവിക്കുന്ന പ്രാകൃത ഗോത്ര വര്‍ഗ്ഗ്ഗമാണ് ഇവര്‍. ഇവരെപ്പോലെ ഭൂമിയില്‍ ആകെയുള്ളവര്‍ 1500 പേര്‍. ഇവരെ ഡാം ബാധിക്കില്ലെന്നാണോ? MOEF ന്റെ EIA മാര്ഗ്ഗനിര്‍ദ്ടെഷത്തില്‍ പറയുന്നത് ഡാം സൈറ്റിന് 7 കിലോമീറ്റര്‍ പരിധിയില്‍ ഇങ്ങനെയുള്ളവര്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തണം എന്നാണ്. അത് മനപൂര്‍വ്വം KSEB വിട്ടുകളഞ്ഞു.
അവര്‍ ഏതു ജോലി ചെയ്യണമെന്നു തീരുമാനിക്കേണ്ടത് അവരാണ് എന്ന നിലപാട്, എന്റേത് കള്ള ആദിവാസി പ്രേമമാണോ അല്ലയോ എന്ന് പറയേണ്ടത് അവരാണ്, പോതുസമൂഹമല്ല. അവര്‍ അങ്ങനെ ജീവിക്കുന്നത് തെറ്റാണെന്നും നമ്മളാണ് വികസിതരെന്നും പറയാന്‍ ഞാന്‍ ആളല്ല."

ഹരീഷിനെ പോലെ ചിന്തിക്കുന്നവർക്കായി...

നിങ്ങളുടെ ആദിവാസി പ്രേമം കപടമാണോ അല്ലെയോ എന്നൊന്നും നിർവചിക്കാൻ ഞാനും മുതിരുന്നില്ല... പക്ഷേ ഇങ്ങനെ സ്നേഹിക്കുന്നതുകൊണ്ട് ആദിവാസികൾക്ക് ഒരു ഗുണവും ഇല്ല... അവരുടെ വരും തലമുറയോട് കാണിക്കുന്ന കൊടും ക്രൂരതയുമാണ്...

ആദിവാസികൾ എന്നാൽ നമ്മളെപോലെ മനുഷ്യർ തന്നെയാണ്... കാടിനെ ആശ്രയിച്ച് കഴിയുന്ന  പ്രാകൃത ഗോത്ര വർഗ്ഗമാണ്, ലോകത്ത് തന്നെ ഇങ്ങനെ ജീവിക്കുന്നവർ 1500 പേരൊക്കെയുള്ളു എന്നൊക്കെ ഒരു ഗണത്തിൽപ്പെടുത്തി, *പ്രാകൃതവസ്ഥയിൽ* തന്നെ ജീവിക്കാൻ അനുവദിക്കാതെ ഹരീഷിനെപോലെയോ എന്നെപോലെയൊ അല്ലെങ്ങിൽ ഒന്നോ രണ്ടോ തലമുറ മുൻപ് കാടിറങ്ങിയ മറ്റു ആദിവാസികളുടെ പോലെയെങ്ങിലും ജീവിക്കാനുള്ള സാഹചര്യം സ്രിഷ്ടിച്ചുകൊടുക്കേണ്ടത് ഒരു സമൂഹത്തിന്റെ കടമയാണ്... അതിനായി അവരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി, നാട്ടിലെവിടെയെങ്ങിലും ഒരേക്കറോ രണ്ടേക്കറോ നൽകി പുരധിവസിപ്പിക്കണം... കൃഷി പണി മുതൽ എല്ലാം പരിശീലിപ്പിക്കണം... അടുത്ത തലമുറയെങ്ങിലും പറയും ഏതാണ് ശരിയെന്ന്... ഈ പറിച്ചുനടൽ അത്രയൊന്നും എളുപ്പമല്ല പക്ഷേ അതുമാത്രമാണ് പോംവഴി...

കാടിനെ ആശ്രയിച്ച് ജീവിക്കട്ടെ, പ്രാകൃതഗോത്രമാണ്... ലോകത്തിൽ തന്നെ 1500 പേരെയുള്ളു... എന്നൊക്കെ പറഞ്ഞ് വരും തലമുറകളേയും പ്രാകൃതരായി ജീവിക്കാൻ അനുവദിക്കുന്നത് കപട ആദിവാസി സ്നേഹമാണോയെന്ന് തിരിച്ചറിയാനുള്ള അറിവ് ആദിവാസികൾക്കില്ലല്ലോ... ഉണ്ടായിരുന്നുവെങ്ങിൽ...

നമ്മുടെയൊക്കെ ഒരു തലമുറ മുൻപ് ചെയ്തിരുന്ന പണി വല്ലതുമാണോ നാമ്മിന്ന് ചെയ്യുന്നത്? നമ്മുടെയൊക്കെ ഒരു തലമുറ മുൻപ് ജീവിച്ചിരുന്ന ചുറ്റുപാടിൽ തന്നെയാണോ നാമ്മിന്ന് ജീവിക്കുന്നത്? പക്ഷേ ആദിവാസികൾക്ക് ഒരു മാറ്റവും വരാൻ സമ്മതിക്കില്ല... ഏത്?

Sunday, 10 July 2011

ആരാധനാലയത്തിലെ പോലിസ് ബാനർ...

ദി ഹിന്ദുവിൽ നിന്ന് കിട്ടിയ ചിത്രത്തിൽ കൂട്ടിചേർത്ത ആത്മഗതങ്ങൾ എന്റെ വക... ആത്മഗതങ്ങൾ ചിത്രം കണ്ടപ്പോൾ തോന്നിയ നേരമ്പോക്ക് മാത്രം...

ദി ഹിന്ദുവിന്റെ ചിത്രം ലിങ്കിൽ അമർത്തി കാണുക...

http://www.thehindu.com/news/national/article2210758.ece

അമ്പലത്തിൽ കയറണമെങ്ങിൽ അമ്പലത്തിലെ ഡ്രസ്സ് കോഡ് ധരിക്കണം... വിശ്വാസിയായിരിക്കണം... പാരമ്പര്യം / കീഴ്വഴക്കം അമ്പലക്കാർക്ക് അത് നിർബദ്ധമാണ്... അതുമാറ്റുവാനായി നമ്മുടെ വിശ്വാസി സമൂഹം വളർന്നിട്ടുമില്ല... അതാണ് യഥാർത്ഥപ്രശ്നം... നാളെ ദേവപ്രശ്നം വെച്ച് പണിക്കർ ചേട്ടൻ ചുരിദാർ ധരിച്ചും ഷർട്ട് ധരിച്ചും അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം എന്ന് പറയുന്നതുവരേയ്ക്കും നമ്മുക്ക് കാത്തിരിക്കേണ്ടി വന്നേയ്ക്കും...

എവിടെയൊക്കെ മഫ്തിയിൽ പോലിസുകാരെ നിയമിക്കുന്നു... ഇത്തരം ഡ്രസ്സ് കോഡുകളുടെ വേലിക്കെട്ടുകൾ തകരുന്ന കാലം വരേയ്ക്കും പോലിസിന്റെ ബാനർ അഴിച്ചുമാറ്റി മഫ്തിയിൽ പോലിസുകാരെ നിയമിക്കാനുള്ള ബുദ്ധിയെങ്ങിലും നമ്മുടെ ഏമാന്മാർക്ക് ഉദിക്കണെ... എന്തിനാണ് ബാനറും കെട്ടി പോലിസുകാരെ അപമാനിക്കുന്നത്...

ശബരിമലയിൽ പോലിസിന് സുരക്ഷാപണി ചെയ്യണമെങ്ങിൽ, വിശ്വാസിയായിരിക്കണം...  പക്ഷേ തന്ത്രിക്ക് വല്ല പണി അറിയുമോയെന്നോ വിശ്വാസമുണ്ടോയെന്നോ ചോദിക്കരുത്...  വിശ്വാസിയല്ലാത്തവർ സുരക്ഷാപണി ചെയ്താലും സുരക്ഷയുണ്ടാകില്ല, എന്നതാണോ ചിന്ത...  ഗുരുവായൂർ അമ്പലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് തൃശ്ശൂർ കളക്റ്റർ ഹിന്ദുവിശ്വാസിയായിരിക്കണമെന്നുവരെ ഒരു മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു... അത് പരാജയപ്പെട്ട ചരിത്രം... അത്രയും ആശ്വാസം...

മന്നം സന്നിധിയിൽ പോലിസുകാർ ഷൂ ഇട്ട് കയറിയപ്പോൾ എൻ.എസ്സ്.എസ്സിന്റെ വികാരം വ്രണപ്പെട്ടു... എന്തായിരുന്നു പുകില്... കരുണാകരനുമുണ്ടായിരുന്നു മന്നത്തിന്റെ വ്രണപ്പെട്ട വികാരം വീണ്ടെടുക്കാൻ... ഡൽഹിയിലേക്ക് നാടുകടത്തപ്പെട്ട കരുണാകരൻ പ്രജകളെ കാണുവാൻ നാട്ടിൽ വരുമ്പോഴെല്ലാം പാദരക്ഷയായിരുന്നു താരം... തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഇടതുപക്ഷം വ്രണപ്പെട്ട വോട്ടുകൾ തടുത്തുകൂട്ടുന്ന തിരക്കിലായിരുന്നു... പുരോഗമനം തട്ടത്ത് കയറ്റിവെച്ചു... അതിനൊക്കെ ശേഷമാണ്, എൻ.എസ്സ്.എസ്സ് സമദൂരം അളന്നു തുടങ്ങിയത്... ഇപ്പോൾ ശരിദൂരവും...

അമ്മയെ കാണുവാൻ പോയ ആന്റണിക്കിരിക്കാൻ ഒരു കസേരപോലുമുണ്ടായില്ല... വന്നതല്ലേ, ചമ്രംമടിഞ്ഞിരിന്നു... അമ്മയാണെങ്ങിൽ സിംഹാസനത്തിലും... ദൈവത്തിന്റെ മുൻപിൽ ആന്റണിയാര്... അതാണ് അമ്മയുടെ നീതി... അമ്മയെ കാണുവാൻ പോകാതെയിരിക്കാനുള്ള ബുദ്ധിയുണ്ടായിരുന്നുവെങ്ങിൽ എന്ന് ആശിച്ചിരുന്നു...

മാറാട് കലാപസമയത്ത് തൽക്കാലത്തേക്ക് പൂട്ടിയിട്ട പള്ളിയിൽ തന്നെ കയറി പ്രാർത്ഥിച്ചില്ലെങ്ങിൽ അഹമദിന്റെ പ്രാർത്ഥന പടച്ചോൻ കേൾക്കില്ലല്ലോ... അവിടേയും മതത്തിന്റെ വികാരത്തിന് സ്ഥാനം നൽകുമ്പോൾ സുരക്ഷയുടെ കാര്യം തഥൈവ... ജനാധിപത്യനിയമങ്ങൾ കാറ്റിൽ പറത്തി...

പാണക്കാട് തങ്ങൾ കോട്ടയത്ത് വന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതാണ് മറ്റൊരു കൊടുങ്കാറ്റ്... മല എലിയെ കാണാൻ പോകുകയോ? ഛേ... ലജ്ജാവഹം... അതും തങ്ങൾ കുടുംബത്തിലെ ഇന്നത്തെ കാരണവർ... കുടുംബ വഴി നോക്കിനോക്കി പോയാൽ, അങ്ങ് അറബി നാട്ടിൽ വരെ ചെന്നെത്തും... അവസാനം എലി മലയെ ചെന്ന് കണ്ടിട്ടാണ് തീ കെടുത്തിയത്... പുകയടങ്ങിയിട്ടില്ല... അഞ്ചാമത്തെ മന്ത്രി സ്ഥാനമോ കാബിനറ്റ് പദവിയോ കിട്ടുന്നത് വരേയ്ക്കും പുകയും... അല്ലെങ്ങിൽ പുകയ്ക്കും...

പണ്ടൊക്കെ വിദ്യാലയങ്ങളിൽ നിന്നും പാർട്ടിയാപ്പിസ്സിൽ നിന്നുമൊക്കെ കല്ലേറുണ്ടായാൽ പോലിസ് വേലിക്കെട്ടിന് പുറത്ത് പരമാവധി മാറി നിൽക്കുകയൊ അല്ലെങ്ങിൽ തിരിച്ച് കല്ലെറിയുകയോ ചെയ്യുമായിരുന്നുള്ളു... വിദ്യാലയങ്ങൾക്ക്  / പാർട്ടിയാപ്പിസിനുമൊക്കെ ഒരു പ്രത്യേകതരം അദൃശ്പതയുണ്ടായിരുന്നു... ഇന്നതൊക്കെ മാറി... പോലിസിനെ കല്ലെറിഞ്ഞാൽ, വേലിക്കെട്ടിനകത്തും കയറിനിരങ്ങും... പള്ളിപ്പറമ്പിൽ അലമ്പുണ്ടാക്കിയാൽ, പട്ടക്കാരാണൊയെന്നൊന്നും നമ്മുടെ പോലിസ് നോക്കുകയില്ല... പണ്ട് വെള്ളിക്കുളങ്ങരയിൽ (ത്രിശ്ശൂർ) മൃതശരീരം അടക്കം ചെയ്യുന്നതുമായ ഉടലെടുത്ത തർക്കം അടിപിടിയിലും പള്ളിമേടയിൽ നിന്നുള്ള കല്ലെറിയലിലും എത്തി... പിന്നെ പോലീസ് ഒട്ടും അമാന്തിച്ചില്ല... ലാത്തിയടിയായിരുന്നു...  ശവമഞ്ചവും വഹിച്ച് പോലിസ് നേരെ കല്ലറയിലേക്ക്... അത്രയും പുരോഗമനം നാം നേടി...

 ജനാധിപത്യത്തിന്റെ ശ്രീകോവിലായി അറിയപ്പെടുന്ന നിയമസഭയും നിയമം കാത്തുസൂക്ഷിക്കേണ്ട കോടതികളും പ്രത്യേക സംരക്ഷണനിയമങ്ങൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്... അവരാണല്ലോ ഇന്നത്തെ വരേണ്യവർഗ്ഗം...

അതൊക്കെ പോട്ടെ... എന്റെ വീട്ടിൽ വല്ല കണക്കെടുപ്പിനും പോലിസിനേയും ജഡ്ജിയേയും സുപ്രീം കോടതി പറഞ്ഞുവിടുമ്പോൾ, തേച്ച് മിനുക്കിയ യൂണിഫോമിട്ട് വരാൻ പ്രത്യേകം കല്പനയിറക്കണം... എന്റെ വിശ്വാസം അതാണ്... വിശ്വാസം അതല്ലേ, എല്ലാം...

വാൽകക്ഷണം... ബാർബർ ഷോപ്പുകളും മറ്റും പാദരക്ഷകൾ കടയ്ക്ക് പുറത്ത് ഊരി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുതുടങ്ങി...

Sunday, 3 July 2011

ജാതിയാണ് താരം...

ഒരു പക്ഷേ മുപ്പത്തിമുക്കോടി ദൈവങ്ങളേക്കാൾ കൂടുതൽ ജാതികൾ ഹിന്ദു മതത്തിലുണ്ടോയെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് ജാതിപേരുകൾ... ഓരോ പ്രദേശത്തും ഓരോ പേരുകൾ... കുറെ പേരുകൾ ഇവിടേയും കിടക്കട്ടെ... നായർ, നമ്പൂതിരി, ഈഴവ, പുലയൻ, പണ്ടാരൻ, വേളാൻ(കുശവൻ), വണ്ണാൻ, വിളക്കിത്തല നായർ, പട്ടർ, പിള്ള, മാരാർ... 

ആർക്ക് വേണമെങ്ങിലും ഹിന്ദുവാകാം പക്ഷേ ജാതിയൊന്നും പതിച്ചു കിട്ടുകയില്ല... കാരണം ജാതിവ്യവസ്ഥ എങ്ങനെ കിട്ടി എന്നതിനേക്കാൾ  ശുദ്ധരക്തം എന്ന ചിന്തയിലാണല്ലോ നിലനിൽക്കുന്നത്... ഈ ചിന്തയ്ക്ക് സവർണ്ണ-അവർണ്ണ വിത്യാസം ഒന്നും ഇല്ലതാനും... സവർണ്ണർള്ളതുകൊണ്ടാണ് അവർണ്ണർ നിലനിൽക്കുന്നത് എന്ന വാദഗതിയും തള്ളികളയുന്നു... എല്ലാ ജാതിക്കാരും തങ്ങളാലാവും വിധം രക്തശുദ്ധി പരിപാലിക്കുന്നുണ്ട്... ഈ ജാതിവ്യവസ്ഥയിൽ താൻ താഴെയാണോ എന്നത് മാത്രമേ നമ്മളെ വ്യാകുലനാക്കുന്നുള്ളു... ജാതിവിരുദ്ധ ചിന്തയുടെ പരിച തന്നേക്കാൾ ഉയർന്ന ജാതിക്കെതിരേയും സ്വന്തം ജാതിചിന്തയുടെ കുന്തമുന താഴ്ന്ന ജാതിക്കെതിരെയും സൗകര്യപൂർവം ഉപയോഗിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് നാം കാണുന്നത്...

ജാതീയത ഹിന്ദുമതത്തിൽ മാത്രമാണ് എന്നും കരുതണ്ട... ക്രിസ്തുമതത്തിലെ ക്നാനായ സമൂഹവും ശുദ്ധരക്ത ചിന്തയിൽ നിർമ്മിതമാണ്... ശുദ്ധരക്തം പരിപാലിക്കുന്നതിനായി ഈ സമുദായത്തിലെ വിവാഹം സ്വന്തം സമുദായത്തിൽ നിന്ന് തന്നെ പരിമിതപ്പെടുത്തിയിരിക്കുന്നു...  ആണായാലും പെണ്ണായാലും സ്വന്തം സമുദായത്തിൽ നിന്നല്ലാതെ  വേറെ ആരെയെങ്ങിലും വിവാഹം നടത്തിയാൽ ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കി "സ്ത്രി-പുരുഷസമത്വം" നടപ്പിലാക്കുന്നു...

മറ്റു ക്രിസ്ത്യൻ സമുദായങ്ങൾ ശുദ്ധരക്ത ചിന്തയിൽ നിർമ്മിതമല്ലെങ്ങിൽക്കൂടി സവർണ്ണ-അവർണ്ണ വിത്യാസം പല ചേരുവയിലും അളവിലും കാണാവുന്നതാണ്... എന്നാലും ഹിന്ദുമതത്തിൽ നിലനിൽക്കുന്ന രീതിയിലുള്ള ജാതീയതയില്ലാതാനും... സമുദായപേര് വാലായി ഉപയോഗിക്കുകയും ചെയ്യുന്നില്ല... മതപ്രചരണം അടിസ്ഥാനധർമ്മമായി കണക്കാക്കുന്ന കൃസ്ത്യൻ മതങ്ങൾക്ക് രക്തശുദ്ധിയും പറഞ്ഞിരിക്കാൻ സാധ്യമല്ലല്ലോ... പക്ഷേ  ഒന്നോ രണ്ടോ തലമുറയിലെങ്ങിലും പഴയ ജാതിയുടെ ഇല്ലാകറകൾ വിവാഹം പോലെയുള്ള കാര്യങ്ങളിൽ ഉയർന്നുവരുകയും ചെയ്യും... അതിന്റെ കൂടെ കുടുംബമഹിമയിൽ വിശ്വാസം ഉള്ളതുകൊണ്ട് കുടുംബപേരിനോട് ഒരു പഥ്യവുമുണ്ട്...  മുസ്ലീം സമുദായത്തിലാണെങ്ങിൽ ഗോത്രശുദ്ധിയാണ് താരം... എങ്ങിലും മുസ്ലീം എന്ന സ്വത്വബോധം മറ്റേതൊരു സ്വത്വബോധത്തേക്കാളും വളരെ ഉയർന്ന നിലയിലായതിനാൽ ഒരു പരിധിവരെ മുസ്ലീം സമുദായത്തിലെ ജാതീയത ഒരു വിഷയമായി ഭവിക്കുന്നില്ല...

ജന്മനാ കിട്ടുന്ന ഒരു കൂട്ടമായി ജാതിയെ കണക്കാക്കാം എന്നതിൽ കവിഞ്ഞ് ജാതിക്ക് ഒരു  പ്രാധാന്യവും ഇല്ല... നൽകേണ്ടതുമില്ല... പക്ഷേ ജാതിയിൽ ഉടലെടുക്കുന്ന സ്വത്വബോധം ജാതീയതയായി വളരുന്നതാണ് കുറ്റകൃത്യം... ജാതീയത മേൽക്കോയ്മയുടെ വാളായി സമൂഹത്തിൽ അഴിഞ്ഞാടുന്നത് ഒരു ജനാധിപത്യസമൂഹത്തിന് നോക്കി നിൽക്കുവാനും സാധ്യമല്ല... പക്ഷേ വാല് മുറിച്ച് പരിഹാരം നിശ്ചയിക്കുന്നത് മഠയത്തരമാണെന്ന് ഇ.എം.എസ്സും മന്നവും നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു... മാത്രവുമല്ല, സ്വത്വബോധത്തിൽ നിലനിൽക്കുന്ന ജാതിവാല് മുറിക്കുന്നത് പുരോഗമനത്തിന്റെ അടയാളമായി കാണുന്ന കെ.ഇ.എന്നിനും സ്വന്തം പേരിലെ കുഞ്ഞഹമദ് നൽകുന്ന സന്ദേശം ഒഴുവാക്കുവാനും സാധിക്കുന്നില്ല... ഒരാളെ തിരിച്ചറിയാൻ ഒരു പേർ മതി എന്ന് ന്യായം കണ്ടെത്തുന്നവർക്ക് വിജയനേയും ജയരാജനേയും ബാലകൃഷ്ണനേയും ജോയിയേയും ലളിതയേയും തിരിച്ചറിയണമല്ലോ... അവരൊക്കെ കൂടുതൽ തിരിച്ചറിയപ്പെടാനായി മറ്റു ചില വാലുകൾ കൊണ്ടുനടക്കുകയും ചെയ്യുന്നു...എന്നാൽ പിന്നെ ജന്മന കിട്ടിയ വാല് തിരിച്ചറിയാനുള്ള ഒരു ഉപാധിയായി തീരുകയും ചെയ്യുന്നു...

ജന്മനാ കിട്ടിയ ജാതി വാലിൽ അഭിമാനം കൂറുന്നത് പിന്തിരപ്പനാകുമ്പോൾ എന്റെ രാജ്യം, എന്റെ പ്രദേശം, എന്റെ കുടുംബപേര്, എന്റെ മതം, എന്റെ ഗോത്രം, എന്റെ മക്കൾ, ഞാൻ പഠിച്ച വിദ്യാലയം, ഞാൻ അഭിനയിച്ച നാടക / മിമിക്രി കമ്പനി അങ്ങനെ എന്തെല്ലാം കിടക്കുന്നു പിന്തിരിപ്പൻ അഭിമാനങ്ങൾ...

ജാതിയും ജാതിയതയും വേർതിരിച്ചറിയണം... ജാതീയത ഒരു കുറ്റമാകുമ്പോൾ ജാതി സ്വത്വബോധത്തിന്റെ ബഹിർസ്പുരണമായി മാത്രം കാണുക... മത്തായിയെന്ന പേര് നൽകുന്ന സന്ദേശം കൃസ്ത്യാനിയെന്നാണെങ്ങിൽ നായർ വാല് നൽകുന്ന സന്ദേശം നായരാണ്, ഇതില്പരം കൂടുതൽ ഒന്നുമില്ല...

ബ്രാഹ്മിൻസ് ഭക്ഷണശാലയെന്ന് പേരിടുന്നത് അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റെ പ്രത്യേകത ആ പേരിനാൽ തന്നെ നാലാളെ അറിയിക്കുക എന്ന ലക്ഷ്യമാണല്ലോ... ബ്രാഹ്മണർ പൂർണ്ണ സസ്യഹാരിയാണ്, അതിനാൽ തന്നെ ഇവിടെ ലഭിക്കുന്ന ഭക്ഷണം പൂർണ്ണമായും ബ്രാഹ്മണർ പുലർത്തുന്ന ജീവിതരീതിയിൽ തന്നെയായിരിക്കും തയ്യാറാക്കുന്ന എന്ന വിശ്വാസത്തെ ചൂക്ഷണം ചെയ്യുക എന്ന വിപണിലക്ഷ്യവുണ്ട്... ഈ വിശ്വാസം മാറുമ്പോൾ ആ പേരിലെ ആകർഷണവും മാറും... ഇൻഫോസിസ് / ഇൻഫൊറ്റെക് എന്നൊക്കെ കേട്ടാൽ അവിടത്തെ പ്രോഡക്റ്റ് എന്തായിരിക്കുമെന്ന് നാം ഊഹിക്കുന്നതുപോലെ തന്നെയല്ലേ ബ്രാഹ്മിൺസ് എന്ന പേരിലും...

ജാതീയതക്കെതിരെ യുദ്ധം ചെയ്യേണ്ടത് സർവർണ്ണരുടെ വാലിൽ തൂങ്ങിയല്ല, പകരം അവർണ്ണരെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക-വിദ്യഭ്യാസ-പൗരോഹിത്യ കാര്യങ്ങളിൽ ഉന്നതിയിലേക്ക് നയിച്ചുകൊണ്ടായിരിക്കണം... സ്വയം പര്യാപ്തത നേടികൊണ്ടായിരിക്കണം... അങ്ങനെ പുരോഗമിച്ച ഒരു സമൂഹത്തിൽ പിള്ളയെന്ന് കേട്ടാൽ കാക്കര എന്ന് കേൾക്കുന്ന പോലെ ഒരു പേരിനപ്പുറത്ത് ഒന്നുമുണ്ടായിരിക്കില്ല... അതായിരിക്കണം നമ്മുടെ ലക്ഷ്യവും...

കേരളം ഒരു ഭ്രാന്താലയം എന്നതിൽ നിന്ന്  നാം വളർന്ന് ഇന്ന് കാണുന്ന കേരളത്തിലേക്ക് എത്തിയത് ജാതിവാല് പരിച്ഛേദന വിപ്ലവത്തിലൂടെയല്ല മറിച്ച് അവർണ്ണരുടെ അവകാശസമരങ്ങളിലൂടെയാണ്... അവർണ്ണരുടെ സ്വയം പര്യാപ്തയിലൂടെയാണ്... നാം ഇനിയും വളരുമ്പോൾ വാലുകൾ താനെ മുറിഞ്ഞുകൊള്ളും...

ഇതാണ് ജനാധിപത്യം ഇതു മാത്രമാണ് ജനാധിപത്യം...