Sunday, 10 July 2011

ആരാധനാലയത്തിലെ പോലിസ് ബാനർ...

ദി ഹിന്ദുവിൽ നിന്ന് കിട്ടിയ ചിത്രത്തിൽ കൂട്ടിചേർത്ത ആത്മഗതങ്ങൾ എന്റെ വക... ആത്മഗതങ്ങൾ ചിത്രം കണ്ടപ്പോൾ തോന്നിയ നേരമ്പോക്ക് മാത്രം...

ദി ഹിന്ദുവിന്റെ ചിത്രം ലിങ്കിൽ അമർത്തി കാണുക...

http://www.thehindu.com/news/national/article2210758.ece

അമ്പലത്തിൽ കയറണമെങ്ങിൽ അമ്പലത്തിലെ ഡ്രസ്സ് കോഡ് ധരിക്കണം... വിശ്വാസിയായിരിക്കണം... പാരമ്പര്യം / കീഴ്വഴക്കം അമ്പലക്കാർക്ക് അത് നിർബദ്ധമാണ്... അതുമാറ്റുവാനായി നമ്മുടെ വിശ്വാസി സമൂഹം വളർന്നിട്ടുമില്ല... അതാണ് യഥാർത്ഥപ്രശ്നം... നാളെ ദേവപ്രശ്നം വെച്ച് പണിക്കർ ചേട്ടൻ ചുരിദാർ ധരിച്ചും ഷർട്ട് ധരിച്ചും അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം എന്ന് പറയുന്നതുവരേയ്ക്കും നമ്മുക്ക് കാത്തിരിക്കേണ്ടി വന്നേയ്ക്കും...

എവിടെയൊക്കെ മഫ്തിയിൽ പോലിസുകാരെ നിയമിക്കുന്നു... ഇത്തരം ഡ്രസ്സ് കോഡുകളുടെ വേലിക്കെട്ടുകൾ തകരുന്ന കാലം വരേയ്ക്കും പോലിസിന്റെ ബാനർ അഴിച്ചുമാറ്റി മഫ്തിയിൽ പോലിസുകാരെ നിയമിക്കാനുള്ള ബുദ്ധിയെങ്ങിലും നമ്മുടെ ഏമാന്മാർക്ക് ഉദിക്കണെ... എന്തിനാണ് ബാനറും കെട്ടി പോലിസുകാരെ അപമാനിക്കുന്നത്...

ശബരിമലയിൽ പോലിസിന് സുരക്ഷാപണി ചെയ്യണമെങ്ങിൽ, വിശ്വാസിയായിരിക്കണം...  പക്ഷേ തന്ത്രിക്ക് വല്ല പണി അറിയുമോയെന്നോ വിശ്വാസമുണ്ടോയെന്നോ ചോദിക്കരുത്...  വിശ്വാസിയല്ലാത്തവർ സുരക്ഷാപണി ചെയ്താലും സുരക്ഷയുണ്ടാകില്ല, എന്നതാണോ ചിന്ത...  ഗുരുവായൂർ അമ്പലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് തൃശ്ശൂർ കളക്റ്റർ ഹിന്ദുവിശ്വാസിയായിരിക്കണമെന്നുവരെ ഒരു മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു... അത് പരാജയപ്പെട്ട ചരിത്രം... അത്രയും ആശ്വാസം...

മന്നം സന്നിധിയിൽ പോലിസുകാർ ഷൂ ഇട്ട് കയറിയപ്പോൾ എൻ.എസ്സ്.എസ്സിന്റെ വികാരം വ്രണപ്പെട്ടു... എന്തായിരുന്നു പുകില്... കരുണാകരനുമുണ്ടായിരുന്നു മന്നത്തിന്റെ വ്രണപ്പെട്ട വികാരം വീണ്ടെടുക്കാൻ... ഡൽഹിയിലേക്ക് നാടുകടത്തപ്പെട്ട കരുണാകരൻ പ്രജകളെ കാണുവാൻ നാട്ടിൽ വരുമ്പോഴെല്ലാം പാദരക്ഷയായിരുന്നു താരം... തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഇടതുപക്ഷം വ്രണപ്പെട്ട വോട്ടുകൾ തടുത്തുകൂട്ടുന്ന തിരക്കിലായിരുന്നു... പുരോഗമനം തട്ടത്ത് കയറ്റിവെച്ചു... അതിനൊക്കെ ശേഷമാണ്, എൻ.എസ്സ്.എസ്സ് സമദൂരം അളന്നു തുടങ്ങിയത്... ഇപ്പോൾ ശരിദൂരവും...

അമ്മയെ കാണുവാൻ പോയ ആന്റണിക്കിരിക്കാൻ ഒരു കസേരപോലുമുണ്ടായില്ല... വന്നതല്ലേ, ചമ്രംമടിഞ്ഞിരിന്നു... അമ്മയാണെങ്ങിൽ സിംഹാസനത്തിലും... ദൈവത്തിന്റെ മുൻപിൽ ആന്റണിയാര്... അതാണ് അമ്മയുടെ നീതി... അമ്മയെ കാണുവാൻ പോകാതെയിരിക്കാനുള്ള ബുദ്ധിയുണ്ടായിരുന്നുവെങ്ങിൽ എന്ന് ആശിച്ചിരുന്നു...

മാറാട് കലാപസമയത്ത് തൽക്കാലത്തേക്ക് പൂട്ടിയിട്ട പള്ളിയിൽ തന്നെ കയറി പ്രാർത്ഥിച്ചില്ലെങ്ങിൽ അഹമദിന്റെ പ്രാർത്ഥന പടച്ചോൻ കേൾക്കില്ലല്ലോ... അവിടേയും മതത്തിന്റെ വികാരത്തിന് സ്ഥാനം നൽകുമ്പോൾ സുരക്ഷയുടെ കാര്യം തഥൈവ... ജനാധിപത്യനിയമങ്ങൾ കാറ്റിൽ പറത്തി...

പാണക്കാട് തങ്ങൾ കോട്ടയത്ത് വന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതാണ് മറ്റൊരു കൊടുങ്കാറ്റ്... മല എലിയെ കാണാൻ പോകുകയോ? ഛേ... ലജ്ജാവഹം... അതും തങ്ങൾ കുടുംബത്തിലെ ഇന്നത്തെ കാരണവർ... കുടുംബ വഴി നോക്കിനോക്കി പോയാൽ, അങ്ങ് അറബി നാട്ടിൽ വരെ ചെന്നെത്തും... അവസാനം എലി മലയെ ചെന്ന് കണ്ടിട്ടാണ് തീ കെടുത്തിയത്... പുകയടങ്ങിയിട്ടില്ല... അഞ്ചാമത്തെ മന്ത്രി സ്ഥാനമോ കാബിനറ്റ് പദവിയോ കിട്ടുന്നത് വരേയ്ക്കും പുകയും... അല്ലെങ്ങിൽ പുകയ്ക്കും...

പണ്ടൊക്കെ വിദ്യാലയങ്ങളിൽ നിന്നും പാർട്ടിയാപ്പിസ്സിൽ നിന്നുമൊക്കെ കല്ലേറുണ്ടായാൽ പോലിസ് വേലിക്കെട്ടിന് പുറത്ത് പരമാവധി മാറി നിൽക്കുകയൊ അല്ലെങ്ങിൽ തിരിച്ച് കല്ലെറിയുകയോ ചെയ്യുമായിരുന്നുള്ളു... വിദ്യാലയങ്ങൾക്ക്  / പാർട്ടിയാപ്പിസിനുമൊക്കെ ഒരു പ്രത്യേകതരം അദൃശ്പതയുണ്ടായിരുന്നു... ഇന്നതൊക്കെ മാറി... പോലിസിനെ കല്ലെറിഞ്ഞാൽ, വേലിക്കെട്ടിനകത്തും കയറിനിരങ്ങും... പള്ളിപ്പറമ്പിൽ അലമ്പുണ്ടാക്കിയാൽ, പട്ടക്കാരാണൊയെന്നൊന്നും നമ്മുടെ പോലിസ് നോക്കുകയില്ല... പണ്ട് വെള്ളിക്കുളങ്ങരയിൽ (ത്രിശ്ശൂർ) മൃതശരീരം അടക്കം ചെയ്യുന്നതുമായ ഉടലെടുത്ത തർക്കം അടിപിടിയിലും പള്ളിമേടയിൽ നിന്നുള്ള കല്ലെറിയലിലും എത്തി... പിന്നെ പോലീസ് ഒട്ടും അമാന്തിച്ചില്ല... ലാത്തിയടിയായിരുന്നു...  ശവമഞ്ചവും വഹിച്ച് പോലിസ് നേരെ കല്ലറയിലേക്ക്... അത്രയും പുരോഗമനം നാം നേടി...

 ജനാധിപത്യത്തിന്റെ ശ്രീകോവിലായി അറിയപ്പെടുന്ന നിയമസഭയും നിയമം കാത്തുസൂക്ഷിക്കേണ്ട കോടതികളും പ്രത്യേക സംരക്ഷണനിയമങ്ങൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്... അവരാണല്ലോ ഇന്നത്തെ വരേണ്യവർഗ്ഗം...

അതൊക്കെ പോട്ടെ... എന്റെ വീട്ടിൽ വല്ല കണക്കെടുപ്പിനും പോലിസിനേയും ജഡ്ജിയേയും സുപ്രീം കോടതി പറഞ്ഞുവിടുമ്പോൾ, തേച്ച് മിനുക്കിയ യൂണിഫോമിട്ട് വരാൻ പ്രത്യേകം കല്പനയിറക്കണം... എന്റെ വിശ്വാസം അതാണ്... വിശ്വാസം അതല്ലേ, എല്ലാം...

വാൽകക്ഷണം... ബാർബർ ഷോപ്പുകളും മറ്റും പാദരക്ഷകൾ കടയ്ക്ക് പുറത്ത് ഊരി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടുതുടങ്ങി...
Post a Comment