Sunday, 3 July 2011

ജാതിയാണ് താരം...

ഒരു പക്ഷേ മുപ്പത്തിമുക്കോടി ദൈവങ്ങളേക്കാൾ കൂടുതൽ ജാതികൾ ഹിന്ദു മതത്തിലുണ്ടോയെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് ജാതിപേരുകൾ... ഓരോ പ്രദേശത്തും ഓരോ പേരുകൾ... കുറെ പേരുകൾ ഇവിടേയും കിടക്കട്ടെ... നായർ, നമ്പൂതിരി, ഈഴവ, പുലയൻ, പണ്ടാരൻ, വേളാൻ(കുശവൻ), വണ്ണാൻ, വിളക്കിത്തല നായർ, പട്ടർ, പിള്ള, മാരാർ... 

ആർക്ക് വേണമെങ്ങിലും ഹിന്ദുവാകാം പക്ഷേ ജാതിയൊന്നും പതിച്ചു കിട്ടുകയില്ല... കാരണം ജാതിവ്യവസ്ഥ എങ്ങനെ കിട്ടി എന്നതിനേക്കാൾ  ശുദ്ധരക്തം എന്ന ചിന്തയിലാണല്ലോ നിലനിൽക്കുന്നത്... ഈ ചിന്തയ്ക്ക് സവർണ്ണ-അവർണ്ണ വിത്യാസം ഒന്നും ഇല്ലതാനും... സവർണ്ണർള്ളതുകൊണ്ടാണ് അവർണ്ണർ നിലനിൽക്കുന്നത് എന്ന വാദഗതിയും തള്ളികളയുന്നു... എല്ലാ ജാതിക്കാരും തങ്ങളാലാവും വിധം രക്തശുദ്ധി പരിപാലിക്കുന്നുണ്ട്... ഈ ജാതിവ്യവസ്ഥയിൽ താൻ താഴെയാണോ എന്നത് മാത്രമേ നമ്മളെ വ്യാകുലനാക്കുന്നുള്ളു... ജാതിവിരുദ്ധ ചിന്തയുടെ പരിച തന്നേക്കാൾ ഉയർന്ന ജാതിക്കെതിരേയും സ്വന്തം ജാതിചിന്തയുടെ കുന്തമുന താഴ്ന്ന ജാതിക്കെതിരെയും സൗകര്യപൂർവം ഉപയോഗിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് നാം കാണുന്നത്...

ജാതീയത ഹിന്ദുമതത്തിൽ മാത്രമാണ് എന്നും കരുതണ്ട... ക്രിസ്തുമതത്തിലെ ക്നാനായ സമൂഹവും ശുദ്ധരക്ത ചിന്തയിൽ നിർമ്മിതമാണ്... ശുദ്ധരക്തം പരിപാലിക്കുന്നതിനായി ഈ സമുദായത്തിലെ വിവാഹം സ്വന്തം സമുദായത്തിൽ നിന്ന് തന്നെ പരിമിതപ്പെടുത്തിയിരിക്കുന്നു...  ആണായാലും പെണ്ണായാലും സ്വന്തം സമുദായത്തിൽ നിന്നല്ലാതെ  വേറെ ആരെയെങ്ങിലും വിവാഹം നടത്തിയാൽ ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കി "സ്ത്രി-പുരുഷസമത്വം" നടപ്പിലാക്കുന്നു...

മറ്റു ക്രിസ്ത്യൻ സമുദായങ്ങൾ ശുദ്ധരക്ത ചിന്തയിൽ നിർമ്മിതമല്ലെങ്ങിൽക്കൂടി സവർണ്ണ-അവർണ്ണ വിത്യാസം പല ചേരുവയിലും അളവിലും കാണാവുന്നതാണ്... എന്നാലും ഹിന്ദുമതത്തിൽ നിലനിൽക്കുന്ന രീതിയിലുള്ള ജാതീയതയില്ലാതാനും... സമുദായപേര് വാലായി ഉപയോഗിക്കുകയും ചെയ്യുന്നില്ല... മതപ്രചരണം അടിസ്ഥാനധർമ്മമായി കണക്കാക്കുന്ന കൃസ്ത്യൻ മതങ്ങൾക്ക് രക്തശുദ്ധിയും പറഞ്ഞിരിക്കാൻ സാധ്യമല്ലല്ലോ... പക്ഷേ  ഒന്നോ രണ്ടോ തലമുറയിലെങ്ങിലും പഴയ ജാതിയുടെ ഇല്ലാകറകൾ വിവാഹം പോലെയുള്ള കാര്യങ്ങളിൽ ഉയർന്നുവരുകയും ചെയ്യും... അതിന്റെ കൂടെ കുടുംബമഹിമയിൽ വിശ്വാസം ഉള്ളതുകൊണ്ട് കുടുംബപേരിനോട് ഒരു പഥ്യവുമുണ്ട്...  മുസ്ലീം സമുദായത്തിലാണെങ്ങിൽ ഗോത്രശുദ്ധിയാണ് താരം... എങ്ങിലും മുസ്ലീം എന്ന സ്വത്വബോധം മറ്റേതൊരു സ്വത്വബോധത്തേക്കാളും വളരെ ഉയർന്ന നിലയിലായതിനാൽ ഒരു പരിധിവരെ മുസ്ലീം സമുദായത്തിലെ ജാതീയത ഒരു വിഷയമായി ഭവിക്കുന്നില്ല...

ജന്മനാ കിട്ടുന്ന ഒരു കൂട്ടമായി ജാതിയെ കണക്കാക്കാം എന്നതിൽ കവിഞ്ഞ് ജാതിക്ക് ഒരു  പ്രാധാന്യവും ഇല്ല... നൽകേണ്ടതുമില്ല... പക്ഷേ ജാതിയിൽ ഉടലെടുക്കുന്ന സ്വത്വബോധം ജാതീയതയായി വളരുന്നതാണ് കുറ്റകൃത്യം... ജാതീയത മേൽക്കോയ്മയുടെ വാളായി സമൂഹത്തിൽ അഴിഞ്ഞാടുന്നത് ഒരു ജനാധിപത്യസമൂഹത്തിന് നോക്കി നിൽക്കുവാനും സാധ്യമല്ല... പക്ഷേ വാല് മുറിച്ച് പരിഹാരം നിശ്ചയിക്കുന്നത് മഠയത്തരമാണെന്ന് ഇ.എം.എസ്സും മന്നവും നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു... മാത്രവുമല്ല, സ്വത്വബോധത്തിൽ നിലനിൽക്കുന്ന ജാതിവാല് മുറിക്കുന്നത് പുരോഗമനത്തിന്റെ അടയാളമായി കാണുന്ന കെ.ഇ.എന്നിനും സ്വന്തം പേരിലെ കുഞ്ഞഹമദ് നൽകുന്ന സന്ദേശം ഒഴുവാക്കുവാനും സാധിക്കുന്നില്ല... ഒരാളെ തിരിച്ചറിയാൻ ഒരു പേർ മതി എന്ന് ന്യായം കണ്ടെത്തുന്നവർക്ക് വിജയനേയും ജയരാജനേയും ബാലകൃഷ്ണനേയും ജോയിയേയും ലളിതയേയും തിരിച്ചറിയണമല്ലോ... അവരൊക്കെ കൂടുതൽ തിരിച്ചറിയപ്പെടാനായി മറ്റു ചില വാലുകൾ കൊണ്ടുനടക്കുകയും ചെയ്യുന്നു...എന്നാൽ പിന്നെ ജന്മന കിട്ടിയ വാല് തിരിച്ചറിയാനുള്ള ഒരു ഉപാധിയായി തീരുകയും ചെയ്യുന്നു...

ജന്മനാ കിട്ടിയ ജാതി വാലിൽ അഭിമാനം കൂറുന്നത് പിന്തിരപ്പനാകുമ്പോൾ എന്റെ രാജ്യം, എന്റെ പ്രദേശം, എന്റെ കുടുംബപേര്, എന്റെ മതം, എന്റെ ഗോത്രം, എന്റെ മക്കൾ, ഞാൻ പഠിച്ച വിദ്യാലയം, ഞാൻ അഭിനയിച്ച നാടക / മിമിക്രി കമ്പനി അങ്ങനെ എന്തെല്ലാം കിടക്കുന്നു പിന്തിരിപ്പൻ അഭിമാനങ്ങൾ...

ജാതിയും ജാതിയതയും വേർതിരിച്ചറിയണം... ജാതീയത ഒരു കുറ്റമാകുമ്പോൾ ജാതി സ്വത്വബോധത്തിന്റെ ബഹിർസ്പുരണമായി മാത്രം കാണുക... മത്തായിയെന്ന പേര് നൽകുന്ന സന്ദേശം കൃസ്ത്യാനിയെന്നാണെങ്ങിൽ നായർ വാല് നൽകുന്ന സന്ദേശം നായരാണ്, ഇതില്പരം കൂടുതൽ ഒന്നുമില്ല...

ബ്രാഹ്മിൻസ് ഭക്ഷണശാലയെന്ന് പേരിടുന്നത് അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റെ പ്രത്യേകത ആ പേരിനാൽ തന്നെ നാലാളെ അറിയിക്കുക എന്ന ലക്ഷ്യമാണല്ലോ... ബ്രാഹ്മണർ പൂർണ്ണ സസ്യഹാരിയാണ്, അതിനാൽ തന്നെ ഇവിടെ ലഭിക്കുന്ന ഭക്ഷണം പൂർണ്ണമായും ബ്രാഹ്മണർ പുലർത്തുന്ന ജീവിതരീതിയിൽ തന്നെയായിരിക്കും തയ്യാറാക്കുന്ന എന്ന വിശ്വാസത്തെ ചൂക്ഷണം ചെയ്യുക എന്ന വിപണിലക്ഷ്യവുണ്ട്... ഈ വിശ്വാസം മാറുമ്പോൾ ആ പേരിലെ ആകർഷണവും മാറും... ഇൻഫോസിസ് / ഇൻഫൊറ്റെക് എന്നൊക്കെ കേട്ടാൽ അവിടത്തെ പ്രോഡക്റ്റ് എന്തായിരിക്കുമെന്ന് നാം ഊഹിക്കുന്നതുപോലെ തന്നെയല്ലേ ബ്രാഹ്മിൺസ് എന്ന പേരിലും...

ജാതീയതക്കെതിരെ യുദ്ധം ചെയ്യേണ്ടത് സർവർണ്ണരുടെ വാലിൽ തൂങ്ങിയല്ല, പകരം അവർണ്ണരെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക-വിദ്യഭ്യാസ-പൗരോഹിത്യ കാര്യങ്ങളിൽ ഉന്നതിയിലേക്ക് നയിച്ചുകൊണ്ടായിരിക്കണം... സ്വയം പര്യാപ്തത നേടികൊണ്ടായിരിക്കണം... അങ്ങനെ പുരോഗമിച്ച ഒരു സമൂഹത്തിൽ പിള്ളയെന്ന് കേട്ടാൽ കാക്കര എന്ന് കേൾക്കുന്ന പോലെ ഒരു പേരിനപ്പുറത്ത് ഒന്നുമുണ്ടായിരിക്കില്ല... അതായിരിക്കണം നമ്മുടെ ലക്ഷ്യവും...

കേരളം ഒരു ഭ്രാന്താലയം എന്നതിൽ നിന്ന്  നാം വളർന്ന് ഇന്ന് കാണുന്ന കേരളത്തിലേക്ക് എത്തിയത് ജാതിവാല് പരിച്ഛേദന വിപ്ലവത്തിലൂടെയല്ല മറിച്ച് അവർണ്ണരുടെ അവകാശസമരങ്ങളിലൂടെയാണ്... അവർണ്ണരുടെ സ്വയം പര്യാപ്തയിലൂടെയാണ്... നാം ഇനിയും വളരുമ്പോൾ വാലുകൾ താനെ മുറിഞ്ഞുകൊള്ളും...

ഇതാണ് ജനാധിപത്യം ഇതു മാത്രമാണ് ജനാധിപത്യം...
Post a Comment