Thursday 4 February 2016

ഈ അരുംകൊലകൾ അവസാനിച്ചേ തീരു...

രാഷ്ട്രീയ പ്രബുദ്ധകേരളമെന്ന് വിളിക്കപ്പെടാൻ നമുക്കെന്തർഹത... ജനാധിപത്യ മൂല്യങ്ങളിൽ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ രാഷ്ട്രീയപാർട്ടികളും അവരുടെ അണികളും പ്രവർത്തിക്കുന്നതെങ്കിൽ, എങ്ങനെയാണ് രാഷ്ട്രീയ കൊലകൾ തുടർച്ചയായി ഉണ്ടാകുന്നത്... കക്ഷിരാഷ്ട്രീയ അന്ധതയിൽ, എതിരാളികളെ കൊലക്കത്തിക്കിരയാക്കുന്ന ഗുണ്ടാസംഘങ്ങളായി നമ്മുടെ രാഷ്ട്രീയപാർട്ടികളിലെ ഒരു കൂട്ടം എത്തി ചേർന്നിരിക്കുന്നുവെന്നല്ലേ കേരളത്തിന്റെ ആഭ്യന്തര മന്ത്രി തന്നെ "ഈ അരുംകൊലകൾ അവസാനിച്ചേ തീരു" എന്ന തലക്കെട്ടിൽ ലേഖനം എഴുതിയതിൽ നിന്ന് മനസിലാക്കേണ്ടത്... 2005 മുതൽ 2015 ആഗസ്റ്റ് വരെയുള്ള കണക്കുകളാണ് ആഭ്യന്തര മന്ത്രി, അദ്ദേഹത്തിന്റെ പോസ്റ്റിൽ നൽകിയിട്ടുള്ളത്... ഇവിടെ പോയാൽ, നേരിട്ട് കണ്ട് ബോധ്യപ്പെടാം... ലിങ്ക് താഴെ...

http://rameshchennithala.org/wordpress/?p=36

കഴിഞ്ഞ പത്ത് വർഷം എട്ട് മാസത്തെ കൊലപാതകങ്ങളുടേയും അത് ഏതൊക്കെ പാർട്ടിയിലെ അംഗങ്ങളാണെന്നും അവരെ കൊന്നുവെന്ന ആരോപണം നേരിടുന്നത് ഏതൊക്കെ പാർട്ടിക്കാരാണെന്നുമുള്ള പട്ടികയാണ്... വർഷം തിരിച്ചുള്ള കണക്കുകളുമുണ്ട്... അതിൽ നിന്നുള്ള ചെറിയ വിവരങ്ങളാണ് ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്... ആ വിവരങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ സി.പി.എം അതിന്റെ പോഷക സംഘടനകളും ബി.ജെ.പി. / ആർ.എസ്.എസ് അതിന്റെ പോഷകസംഘടനകളുമാണ്, കേരളത്തിലെ ഗുണ്ടാരാഷ്ട്രീയത്തിന്റെ മുൻനിരയിൽ നിൽക്കുന്നവരെന്ന് മനസിക്കാൻ റോക്കറ്റ് സയൻസൊന്നും പഠിക്കേണ്ട... പ്രത്യേകം ശ്രദ്ധിക്കുക... എല്ലാ കൊലപാതകങ്ങളും ആരോപിക്കപ്പെടുന്നവരാകണമെന്നില്ല... കോടതിയിലെത്തി കുറ്റം തെളിയിക്കപ്പെടണം... എന്നാലും... ഗുണ്ടാരാഷ്ട്രീയത്തിന്റെ ഒരു ഏകദേശചിത്രം മനസിലാക്കുന്നതിന് ഈ കണക്കുകൾ ഉപകരിക്കപ്പെടും... കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കുന്ന ഗുഢാലോചന നടത്തുന്ന നേതാക്കന്മാരേയും ശീക്ഷിക്കാനുള്ള പ്രാപ്തിയും നമ്മുടെ പോലിസ്-നിയമവ്യവസ്ഥയ്ക്കുണ്ടാകേണ്ടിയിരിക്കുന്നു... അതല്ലെങ്കിൽ കൊലപാതകരാഷ്ട്രീയം അനന്തമായി തുടരുകയും... അതിൽ നിന്നും പുതിയ നിര നേതൃത്വം ഉയർന്ന് വരുകയും ചെയ്യും... 

കഴിഞ്ഞ പത്തര വർഷത്തെ കണക്കുണ്ട്... 2005 മുതൽ 2015 ആഗസ്റ്റ് വരെ...
രാഷ്ട്രീയപാർട്ടി/കൊല്ലപ്പെട്ടത്/കുറ്റം ആരോപിക്കപ്പെട്ടത്
സി.പി.എം-50/45
ബി.ജെ.പി.-34/38
എൻ.ഡി.എഫ്.-2/6
കോൺഗ്രസ്-4/6
മുസ്ലീം ലീഗ്-3/2
സുന്നി (ഇ.കെ) - 0/2
സുന്നി(എ.പി) - 2/0
ശിവസേന - 1/0
സി.പി.ഐ-1/0
ആർ.എം.പി.-1/0
ജെ.ഡി.യു-1/0
മൊത്തം കൊല്ലപ്പെട്ടത് - 99 - ഒരു വർഷം ഏകദേശം 9 പേര് രാഷ്ട്രീയക്രമത്തിൽ കൊല്ലപ്പെടുന്നു... 
ഓരോ വർഷയും കൊല്ലപ്പെട്ട എണ്ണവും...
2005-10
2006-11
2007-11
2008-20
2009-9
2010-7
2011-4
2012-6
2013-8
2014-4
2015-9 (ആഗസ്റ്റ് വരെ)

2005 മുതൽ 2008 വരെ കൊലപാതകരാഷ്ട്രീയം കൂടുതലുണ്ടായിരുന്നുവെങ്കിലും 2009 മുതൽ കുറഞ്ഞ് വന്നിരുന്നു... പക്ഷേ 2015-ൽ എട്ട് മാസം കൊണ്ട് തന്നെ 9 പേർ കൊല്ലപ്പെട്ടിരിക്കുന്നു...ആ 9 പേരിൽ 6 പേരെ കൊന്നത് സംഘപരിവാർ സംഘടനകളാണ്... കേന്ദ്രത്തിലെ ഭരണമാറ്റമാണോ ഈ മാറ്റത്തിന് കാരണം... 2006 മുതൽ 2010 വരെയുള്ള അഞ്ച് വർഷം (ഭൂരിഭാഗവും ഇടതുപക്ഷമാണ് ഭരിച്ചത്) 58 കൊലപാതകങ്ങൾ നടന്നപ്പോൾ 2011 മുതൽ 2015 വരെയുള്ള കാലയളവിൽ 41 കൊലപാതകങ്ങളാണ് നടന്നത്... ഭരണമാറ്റങ്ങൾക്കനുസരിച്ച് അക്രമരാഷ്ട്രീയവും മാറി മറിയുന്നുണ്ടോ...

കണക്കുകളാണ് സംസാരിക്കുന്നത്... ബാക്കിയെല്ലാം നിങ്ങൾക്ക് തീരുമാനിക്കാം...