Thursday 28 October 2010

കവി അയ്യപ്പനും കാക്കരയും...

കവി അയ്യപ്പന്റെ അവസാന വരികൾ...
...
“പല്ല്

അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി ”
...

കവി അയ്യപ്പനോടുള്ള എല്ലാവിധ ആദരവോടുകൂടി പറയട്ടെ... താങ്ങളുടെ ജീവിത ശൈലി മഹത്വവൽക്കരിക്കുന്നതിൽ... വിരുദ്ധ ധ്രുവത്തിലാണ്‌ കാക്കരയുടെ ഇരിപ്പിടം... ഇരിക്കാൻ കസേരയൊന്നുമില്ല... ഒരു കോണിൽ... പക്ഷെ സത്യസന്ധമായി എന്റെ മനസ്സിലുള്ളത്‌ എഴുതുകയാണെങ്ങിൽ, എന്തോ... ആ ജീവിത ശൈലിയെ വെള്ള പൂശി ചുമ്മാ “പുരോഗമനത്വം” വിളമ്പാൻ കാക്കരക്കാവില്ല... ഉപരിവിപ്ലവമെന്ന്‌ പരിഹസിച്ചോള്ളു... പക്ഷെ മനസ്സിൽ തോന്നിയ സത്യമല്ലെ എഴുതാവു... അയ്യപ്പനെ പോലെ...

തെരുവിന്റെ കവിയാണ്‌... തീയിൽ കുരുത്ത വാക്കുകളാണ്‌ കവിതയിലൂടെ പുറത്തു വന്നത്‌... തെരുവിൽ വളർന്നു... തെരുവിൽ മരിച്ചു... സാംസ്കാരിക നായകരുടെ വേഷഭുഷാദികളൊന്നുമില്ല... നാട്യമില്ല... ജാഡകൾ തൊട്ടു നോക്കിയിട്ടില്ല... നമ്മുക്കെല്ലാവർക്കും സ്വന്തം കവി... ഒരു അന്യത ആരും ദർശിച്ചില്ല... ആർക്കും ആരുമാകാൻ സാധ്യമല്ല... അയ്യപ്പന്‌ പകരം അയ്യപ്പൻ മാത്രം...

ജനിക്കുക, പഠിക്കുക, ജോലി സമ്പാദിക്കുക, കല്യാണം കഴിക്കുക, കുട്ടികൾ, മക്കൾക്കും പേരക്കുട്ടികൾക്കും വരെ സമ്പാദിക്കുക... കൊട്ടാരം പോലത്തെ വീടു പണിയുക... തുടങ്ങി നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്ന, അല്ലെങ്ങിൽ നമ്മളെ പോലെ... എല്ലാവരും ഒരേ വരയിൽ നടക്കണമെന്ന്‌ എനിക്ക്‌ വാശിയില്ല... വിശക്കുമ്പോൾ എന്റെ വീട്ടിൽ കയറി വരും... എന്റെ വീട്ടിൽ കയറി വന്ന്‌ കള്ളുകുടിക്കാൻ കാശ്‌ ചോദിക്കും... എന്നൊക്കെ കവയത്രി സുഗതകുമാരിയെ കൊണ്ട്‌ മാലോകരെ ഓർമപ്പെടുത്തരുത്‌... അത്ര മാത്രം...

പണിയെടുക്കുവാൻ കഴിവുള്ളവൻ ഭിക്ഷ യാചിച്ചാൽ... ആ ശൈലി മഹത്വവൽക്കരിക്കരുത്‌ എന്ന്‌ തന്നെ പറയണം... അന്ധനായ പാട്ടുകാരൻ തെരുവിൽ പാടി ഉപജീവനം നടത്തിയാൽ ആരും കുറ്റം പറയില്ല... മണി ഓട്ടൊറിക്ഷ ഓടിച്ചത്‌... അത്‌ മാന്യമായ തൊഴിലാണ്‌... ആ ശൈലിയെ മഹത്വവൽക്കരിക്കുക... മീൻ വിറ്റ്‌ ഉപജീവനം നടത്തിയ കവിതയേയും കവിയേയും മഹത്വവൽക്കരിക്കാം... ഇവിടെയൊന്നും അയ്യപ്പനെ താരതമ്യം ചെയ്യുവാൻ സാധിക്കില്ല... കാരണം... ഫ്രൂഫ് റീഡറായി ജനയുഗത്തിൽ സേവനം അനുഷ്ഠിച്ചിരുന്നു... ചെറുപ്പത്തിലെ കഠിന യാഥാർത്ഥ്യങ്ങൾക്ക്‌ ശേഷം... പിന്നെയാണ്‌ മാറി നടന്നത്‌... അതിനും കാരണങ്ങൾ കാണുമായിരിക്കും... നമ്മളെല്ലാം മനുഷ്യരാണല്ലോ...

അയ്യപ്പൻ അങ്ങനെയായതിൽ അയ്യപ്പനെ കുറ്റപ്പെടുത്താതിരിക്കാം... സാഹചര്യങ്ങൾ മനുഷ്യന്റെ ജീവിതത്തെ മാറ്റി മറിക്കും... വലിയ സാഹിത്യകാരന്മാരായിരിക്കാം... മനോധൈര്യം ഉണ്ടായിരിക്കണമെന്നില്ല... പക്ഷെ നാം പിൻതുടരാൻ ആഗ്രഹിക്കാത്ത ഒരു ജീവിത ശൈലി എന്തിന്‌ മഹത്വവൽക്കരിക്കുന്നു... അത്‌ നാട്യമല്ലേ... ആ നാട്യം അയ്യപ്പനിഷ്ടമല്ല... അയ്യപ്പൻ തുറന്ന പുസ്തകമാണ്‌... അതിൽ ഭാവാഭിനയമില്ല... പച്ചയായ ജീവിതം മാത്രം... അയ്യപ്പന്റെ കവിതയെ ഇഷ്ടപ്പെടണമെങ്ങിൽ... ജീവിത ശൈലിയേയും ഇഷ്ടപ്പെടണമെന്നില്ല...

അയ്യപ്പേട്ടാ, അയ്യപ്പേട്ടന്റെ കവിതയും ജീവിത ശൈലിയും കാക്കരക്കിഷ്ടമാണ്‌... ഞാനും ഈ വഴിയെ വരുന്നു...

എടാ കാക്കരെ... എന്റെ കവിതയെ ഇഷ്ടപ്പെട്ടോള്ളു... പക്ഷെ എന്റെ ജീവിത ശൈലി, അത്‌ അയ്യപ്പന്‌ മാത്രം... ഇതിലെവിടെയാടാ മാതൃക...

Sunday 17 October 2010

ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസ്സറിനുള്ളത്‌ സീസ്സറിനും...

ദൈവം ആത്മീയതയുടെയും സീസ്സർ ഭൗതീകതയുടെയും പ്രതീകമാണ്‌... മറ്റൊരു തരത്തിൽ പറഞ്ഞാൽ മതത്തിന്റേയും സ്റ്റേറ്റിന്റേയും പ്രതീകങ്ങൾ.... 2000 വർഷം മുൻപുതന്നെ സമൂഹത്തിൽ മതത്തിന്റേയും സ്റ്റേറ്റിന്റെയും സ്ഥാനം വ്യക്‌തമായി യേശു നിർവചിച്ചിട്ടുണ്ട്‌... ദൈവത്തിനുള്ളത്‌ “മാത്രം” ദൈവത്തിന്‌! സ്റ്റേറ്റിനുള്ളത്‌ സ്റ്റേറ്റിന്‌! വ്യക്‌തമായ വേർതിരിവ്‌...

മെത്രാന്റെ രാഷ്ട്രീയസാമൂഹിക വീക്ഷണങ്ങൾ ഇടയലേഖനമെന്ന പേരിൽ ആരാധനയ്‌ക്കിടയിലൂടെ അടിച്ചേൽപ്പിക്കുന്നത്‌ നീതികരിക്കാവുന്നതല്ല... ആരാധനാലയം ആരാധിക്കുന്നവർക്കുള്ളതാണ്‌... ആരാധനയ്ക്ക് മാത്രം... അതുകൊണ്ടാണ്‌ ദേവാലയം എന്ന്‌ വിളിക്കുന്നത്‌... ദേവാലയത്തിൽ രാഷ്ട്രീയം വേണ്ട... രാഷ്ട്രീയം സീസ്സറിന്റേതാണ്‌...

ആരാധനസമയങ്ങളിൽ ഒരു മതവും യാതൊരുവിധ ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നില്ല... പുരോഹിതൻ ഏകാധിപതിയാണ്‌... കേൾവിക്കാർക്ക്‌ അഭിപ്രായസ്വാതന്ത്ര്യമില്ല... ഇത്തരം ഒരു അവസ്ഥയിൽ ജനാധിപത്യത്തെ കുറിച്ച്‌ എന്തിന്‌ ചർച്ച ചെയ്യണം... ആരാധനലായം ദൈവത്തിനുള്ളതാണ്‌... അവിടെ സീസ്സറിനെ പ്രതിഷ്ഠിക്കരുത്...

രാഷ്ട്രനിർമ്മാണത്തിൽ അവകാശമുള്ള ഓരോ പൗരനും, അത്‌ മെത്രാനൊ അല്ലെങ്ങിൽ വിശ്വാസികളുടെ കൂട്ടമൊ ഇറക്കുന്ന “രാഷ്ട്രീയ ഇടയലേഖനവും പ്രസ്താവനകളും” പള്ളികമ്മിറ്റികൾ വിളിച്ചുകൂട്ടി വൈദീകനൊ പള്ളികമ്മിറ്റി സെക്രട്ടറിയോ വായിക്കുന്നതിനെ കാക്കര എതിർക്കുകയും ചെയ്യില്ല... പാർട്ടി സർക്കുലറിലൂടെ പാർട്ടി നിലപാടുകൾ അറിയിക്കുന്നതിന്‌ തുല്യമാണ്‌... അത്‌ ജനാധിപത്യപരവുമാണ്‌...

സഭയുടെ കീഴിലുള്ള ജനവിഭാഗങ്ങൾ വട്ടംകൂടിയിരുന്ന്‌ ചർച്ച ചെയ്യുന്നതിനെ കാക്കര എങ്ങനെ എതിർക്കും... പക്ഷെ അത്തരം ചർച്ചകൾ പള്ളിയങ്കണത്തിൽ നടത്തിയാൽ അത്‌ മതത്തിന്റെ പേരിലുള്ള വർഗ്ഗീയതയായി മാത്രമെ കാണേണ്ടതുള്ളു... കുർബാനസമയത്തും ജുമനമസ്കാരസമയത്തും ഭൗതികത മാറ്റിനിറുത്തി, വിശ്വാസികൾക്ക്‌ ആത്മീയതയും ധാർമികതയും പകർന്നുനൽകുക... നാട്‌ ആര്‌ ഭരിക്കണമെന്ന്‌ ആരാധനാലയത്തിന്‌ പുറത്തിരുന്ന്‌ ചർച്ച ചെയ്യുക... സീസ്സറിന്റെ കാര്യം സീസ്സർ തീരുമാനിക്കട്ടെ...

മെത്രാൻ രാഷ്ട്രീയത്തിറങ്ങുമ്പോൾ, ളോഹയിട്ടുകൊണ്ട് തന്നെ രാഷ്ട്രീയത്തിലിടപ്പെടാം... പക്ഷെ കൃസ്ത്യൻ രാഷ്ട്രീയം വേണ്ട, മുസ്ലീം രാഷ്ട്രീയം വേണ്ട, ഹിന്ദു രാഷ്ട്രീയവും പടിക്ക്‌ പുറത്ത്‌... നമുക്ക്‌ വേണ്ടത്‌ ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര രാഷ്ട്രീയം... അത്‌ മാത്രമെ നമ്മെ രക്ഷിക്കുകയുള്ളു...

Saturday 16 October 2010

A.I.C.C വെബ്സൈറ്റ്‌ വിശേഷങ്ങൾ...

രാജിവ് ഗാന്ധി... രാഹുൽ ഗാന്ധി... സോണിയ ഗാന്ധി... “ഡ്യൂപ്ലിക്കേറ്റ്‌” ഗാന്ധിമാർ എല്ലാവരും വെബ്സൈറ്റിൽ കളം നിറഞ്ഞു കളിക്കുന്നു... ഫിറോസ് ഗന്ധിയുടെ "ഗന്ധി" അടിച്ചെടുത്ത്‌ "ഗാന്ധിയായും" കമ്യുണിസ്റ്റ്കാരുടെ ഭാരതയക്ഷിയായും, ഇന്ത്യൻ പ്രധാനമന്ത്രിയായും എന്തിന്‌ “കോൺഗ്രസ്സ് ഐ” നെ മുലയൂട്ടി വളർത്തിയ ഇന്ദിരഗാന്ധി മാത്രം വെബ്സൈറ്റിലില്ല...

http://www.aicc.org.in/new

എന്നാലും ഒരു അമ്മായിയമ്മയെ ഇത്രമാത്രം അവഗണിക്കാമോ? പാവം ഇന്ദിരഗാന്ധി... ഒരു ഫോട്ടോ പോലും ഇല്ല... മരുമകൾ അടിച്ചിറക്കി ചാണകം തളിച്ചു??? ഒരു ഫോട്ടൊ കാണണമെങ്ങിൽ, കോൺഗ്രസ്സിന്റെ മീഡിയ സൈറ്റിൽ ഒരു സ്റ്റാമ്പ് സൈസ്‌ ഫോട്ടൊയിട്ടിട്ടുണ്ട്... അവിടെ പോയി കാണുക...

http://congressmedia.net/articles/ourleaders/indiragandhi

കുറ്റം പറയരുതല്ലൊ... ഗാന്ധിജിയേയും നെഹ്രുവിനെയും കൂടെ കൂട്ടിയിട്ടുണ്ട്...

സ്വന്തം പാർട്ടിയുടെ പ്രധാനമന്ത്രിയുടെ വിവരങ്ങൾ... അതുമില്ല്ല... official website ലിങ്കിയിട്ടുണ്ട്... ഒരു ഔദാര്യം...

http://pmindia.nic.in/

റാവു മുതൽ ശാസ്ത്രി വരെ... അംബേദ്കർ മുതൽ കാക്കര വരെ... ആർക്കും ഒരു പരിഗണനയുമില്ല.... എല്ലാം സോണിയയുടെ അടുക്കളക്കാര്യം.... ആകെയുള്ള ഒരു കുറവ്‌... പ്രിയങ്ക ഗാന്ധിയുടെ മാത്രം.

എഴുതിവെച്ചിരിക്കുന്നതൊ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപാർട്ടി... തന്നെ തന്നെ...