Monday 6 February 2012

അന്ത്യത്താഴവും ഭീതിയും...

അന്ത്യത്താഴത്തിന്റെ രൂപത്തിൽ അല്ലെങ്ങിൽ അതേ ആശയത്തിൽ ഒരു പടമിട്ടാൽ എവിടെ മതവികാരം വ്രണപ്പെടും... കെ.സി.വൈ.എം കേസിന് പോകുമത്രെ... ജാഥകൾ നടക്കുന്നു... എല്ലാവരും പ്രതിക്ഷേധിക്കുന്നു... പിണറായി പറയുന്നു, പാർട്ടിക്കാരല്ല, ഞങ്ങളറിഞ്ഞപ്പോൾ ബോർഡ് ഉടനെ മാറ്റി... വ്രണപ്പെടലിൽ ആർക്കും ഒരു സംശയവും ഇല്ലായെന്ന് ചുരുക്കം...

ബോർഡ് ഉയർത്തിയ സി.ഐ.റ്റി.യു ഒരു വിധത്തിലും യേശുവിനെ അപമാനിച്ചിട്ടില്ല... ഒബാമക്ക് പകരം യേശുവായിരുന്നു ചിത്രത്തിലെങ്ങിൽ വ്രണപ്പെട്ടു എന്ന് പറയുന്നതിൽ അല്പമെങ്ങിലും യുക്തിയുണ്ടാകുമായിരുന്നു... മത ചിഹ്നങ്ങളെടുത്ത് ആശയപ്രചാരണത്തിന് നാം ഇതിന് മുൻപും ഉപയോഗിച്ചിട്ടുണ്ട്... അന്ത്യത്താഴം മാത്രമല്ല ഇങ്ങനെ നാം ഉപയോഗിച്ചിട്ടുള്ളത്... ഒരുപക്ഷേ കൃസ്ത്യാനികളുടെ ഏറ്റവും വലിയ മതചിഹ്നമാണ് കുരിശ്... ആ കുരിശിനെ ഉപയോഗിച്ച് നാം എത്ര കാർട്ടൂണുകൾ കാണുന്നു, ചിത്രങ്ങൾ കാണുന്നു, എത്ര നിത്യജീവിതത്തിൽ എത്ര വാചകങ്ങൾ ഉണ്ടാക്കുന്നു... ബുഷിന്റെ കുരിശുയുദ്ധം... അതും കുരിശായി...

മറ്റൊന്ന് നാം കാണേണ്ടത്, ഈ ബോർഡ് സ്ഥാപിച്ചവരുടെ ലക്ഷ്യമാണ്... ഈ ലക്ഷ്യം ഒരു വിധത്തിലും യേശുവിരുദ്ധമായിരുന്നില്ല... സഭാവിരുദ്ധമായിരുന്നില്ല... കൃസ്ത്യൻ വിരുദ്ധമായിരുന്നില്ല... അതിനാൽ തന്നെ ഒരു വികാരവും വ്രണപ്പെടേണ്ടതില്ല... പിന്നെ നടക്കുന്നത് കണക്കുതീർക്കലുകളാണ്... താല്പര്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്... സി.പി.എം ലാഭത്തിനായി കരുക്കൾ നീക്കുമ്പോൾ സഭക്ക് കിട്ടിയ വടി സഭ ഉപയോഗിക്കുന്നു... കിട്ടുന്ന ലാഭം കോൺഗ്രസ്സും എടുക്കുന്നു... അത് രാഷ്ട്രീയം...

സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചിത്രപ്രദർശനത്തിൽ യേശുവിന്റെ പടം വെക്കുന്നത് യേശുവിനൊരു അംഗീകാരമാണ്... യേശുവിനെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന എല്ലാവർക്കും സന്തോഷിക്കാം... അവിടെ ഒരു വികാരവും വ്രണപ്പെടുന്നില്ല... പക്ഷേ സി.പി.എം. ഇന്നുവരെ ഉയർത്തിയിരുന്ന ആശയങ്ങളിൽ നിന്ന് വ്യക്തമായതും പക്ഷേ താൽക്കാലികവുമായ വ്യതിചലനമാണ്... അതിനാൽ തന്നെ വിമർശനവും പരിഹാസവും ഉയരുക സ്വാഭാവികമാണ്...

മതവികാരം വ്രണപ്പെട്ടു, യേശുവിനെ അപമാനിച്ചു എന്നൊക്കെ വികാരം കൊള്ളുന്നവരും പ്രതിക്ഷേധിക്കുന്നവരും പറയാതെ ഉയർത്തുന്ന ഒരു ഭീതിയുണ്ട്... ദൈവത്തേയോ മതത്തേയോ മതചിഹ്നങ്ങളേയോ ഞങ്ങളുടെ താല്പര്യത്തേയോ തൊടുന്നത് വളരെ സൂക്ഷിച്ച് വേണം... അക്കളി ഇക്കളി തീക്കളിയാണ്... ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഉത്തരവാദിത്വപ്പെട്ടവർ അറിഞ്ഞപ്പോൾ തന്നെ ബോർഡ് എടുത്ത് മാറ്റിയത്... പെരുമ്പാവൂരിലെ പശുവിവാദം കെട്ടടങ്ങിയതുപോലെ അന്ത്യത്താഴ വിവാദവും പ്രദർശനവിവാദവും താനെ കെട്ടടങ്ങും പക്ഷേ ഉയരുന്ന ഭീതികൾ, അത് നിലനിൽക്കും... അടുത്ത തീപ്പൊരിക്കായി...

വാൽകഷ്ണം... ഇ.എം.എസ് ഉണ്ടായിരുന്നുവെങ്ങിൽ, ബോർഡ് എടുത്ത് മാറ്റിയവനെ ചീത്തവിളിച്ച്, ആവീഷ്ക്കാര സ്വാതന്ത്ര്യത്തിലൂന്നി ഒരു സംവാദമാക്കി മാറ്റുമായിരുന്നില്ലേ?