Tuesday, 11 May 2010

വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും

നമ്മുടെ വികസനപദ്ധതികൾ പലതും തട്ടിവീഴുന്നത്‌ കുടിയൊഴുപ്പിക്കൽ എന്ന കഠിനമായ പ്രകൃയയിൽ തന്നെയാണ്‌. ഏതൊരു കുടിയൊഴുപ്പിക്കലും പാവങ്ങളുടെമേലുള്ള ഭരണഭീകരതയുടെ കുതിരകയറ്റത്തിലെ അവസാനിക്കു! അങ്ങനെയേ അവസാനിക്കാവു! അല്ലെങ്ങിൽ പിന്നെ പോലിസ്‌ എന്തിന്‌? അതിനിടയിൽ നൂറുക്കണക്കിന്‌ സ്വപ്‌നപദ്ധതികളും അഞ്ചു വർഷവും സ്വാഹ....

വികസനം വരണമെന്ന കാര്യത്തിൽ നാമെല്ലാവരും ഒരേ അഭിപ്രായക്കാരാണ്‌ പക്ഷെ...

ആരുടെ വികസനം?
വികസനം എങ്ങനെ?
പദ്ധതികൾ സുതാര്യമായാണോ അവതരിപ്പിക്കുന്നത്‌?
ഭുമാഫിയ ഇവിടെയും അവരുടെ തന്ത്രങ്ങൾ നെയ്തെടുക്കുന്നുണ്ടോ?
ഭരിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യമെന്താണ്‌?
വികസനത്തിന്റെ ദോഷങ്ങൾ നേരിട്ട്‌ അനുഭവിക്കുന്ന ജനങ്ങളെ ഭരണവർഗ്ഗം വിശ്വാസത്തിലെടുക്കുന്നുണ്ടോ?
ഇതിന്‌ മുൻപ്‌ സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങൾ ഇതിനകം ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ?
കുടിയൊഴുപ്പിക്കപ്പെട്ടവർക്ക്‌ അർഹമായ അവകാശങ്ങൾ ലഭിച്ചിട്ടുണ്ടോ?
പണക്കാരുടെ മേഖലയിൽ ഒരു കുടിയൊഴുപ്പിക്കൽ നടക്കുന്നുണ്ടോ? ഇല്ലെങ്ങിൽ എന്തുകൊണ്ട്?

ഇങ്ങനെ നൂറായിരം വിഷയങ്ങളിൽ നാം തർക്കിക്കുന്നു, കൂടുതലും പാർട്ടി തിരിഞ്ഞ്‌ ശണ്ഠകൂടുന്നു, പക്ഷെ ഫലം വല്ലതും?

തർക്കിക്കുന്നതിന്‌ മുൻപ്‌ നാം ആദ്യമെ മനസിലാക്കേണ്ട ഒരു കാര്യം, സാധാരണഗതിയിൽ നമ്മളിൽ ഒരാൾ പോലും ജനിച്ച്‌ കളിച്ച്‌ വളർന്ന മണ്ണ്‌ വിട്ട് മറ്റൊരു സ്ഥലത്തേക്ക്‌ കൂട്‌ മാറുന്നതിൽ താല്പര്യം കാണിക്കുന്നവരല്ല, പ്രത്യേകിച്ച്‌ താഴെക്കിടയിലും ഗ്രാമാന്തരിക്ഷത്തിലും താമസിച്ച്‌ വളർന്നുവന്നവർ. പറിച്ച്‌ നടൽ ഒരു തരം വേരോടെ പിഴുതെറിയലാണ്‌. ഇങ്ങനെ പിഴുതെറിയപ്പെടുന്ന പല കുടുംബങ്ങളും നിത്യ ദുരിതത്തിലേക്കാണ്‌ ചെന്ന്‌ വീഴുന്നത്‌. പലവിധ സാഹചര്യങ്ങൾ മൂലം നമ്മളിൽ പലരും താൽകാലികമായും സ്ഥിരമായും താമസസ്ഥലം മാറുന്നുണ്ടെങ്ങിലും കുടിയൊഴുപ്പിക്കൽ പോലുള്ള ഏതെങ്ങിലും നിർബദ്ധംമൂലം വീട്‌ മാറേണ്ടി വന്നാൽ നമ്മളിൽ എത്രപേർ സന്തോഷത്തോടെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും? സ്വന്തം മനസാക്ഷിയോട്‌ ചോദിക്കുക! കാക്കരയ്ക്കാവില്ല....

അതേസമയം സമൂഹത്തിന്റെ ആകമാനമുള്ള വികസനത്തിനുവേണ്ടി കുടിയൊഴുപ്പിക്കൽ അത്യാവശ്യമായി വരുന്ന സമയങ്ങളിൽ ജനങ്ങളെ കുടിയൊഴുപ്പിച്ചേ മതിയാവു എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു. പക്ഷെ അത്‌ എങ്ങനെ എന്നതാണ്‌ നാം ചിന്തിക്കേണ്ടത്‌ അല്ലാതെ എന്റെ പാർട്ടി എവിടെ നിൽക്കുന്നു എന്നതല്ല...

ഒരു കേസ്‌ സ്റ്റഡി എന്ന നിലയിൽ നമുക്ക്‌ കിനാലുരിലേക്ക്‌ യാത്ര ചെയ്യാം....

308 ഏക്കറിൽ വ്യാപിച്ച്‌ കിടക്കുന്ന കിനാലുർ എസ്റ്റേറ്റിനോടും (KSIDC) അതിനോട്‌ ചേർന്ന്‌ കിടക്കുന്ന രണ്ടായിരത്തലധികം ഏക്കറുകൾ ആരേയും ഒഴിപ്പിക്കാതേയും ഏറ്റെടുക്കാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. (ഈ ഭുമിയിലാണോ എല്ലാ താല്പര്യവും കിടക്കുന്നത്‌?) ഈ വ്യവസായ പാർക്കിലേക്ക്‌ വരുമെന്ന്‌ പറഞ്ഞ്‌ കേട്ടിരുന്ന മലേഷ്യൻ കമ്പനി വരുമോ? സ്മാർട്ട്‌സിറ്റിയില്ല പിന്നെയാണോ സാറ്റ്ലൈറ്റ്‌ സിറ്റി? 500 കോടി മുതൽ മുടക്കിയുള്ള അടിസ്ഥാന വികസനത്തിലൂടെ 2,500 കോടിയുടെ വ്യവസായിക നിക്ഷേപവും 25,000 പേർക്ക്‌ തൊഴിലും. ഇതിന്റെ ഗതിയെന്താണ്‌? ഈ പാർക്കിലേക്കുള്ള 26 km നീളമുള്ള നാല്‌ വരി പാതയാണ്‌ ഇപ്പോഴത്തെ വിഷയം. കുടിയൊഴുപ്പിക്കലല്ല കുടിയൊഴുപ്പിക്കുന്നതിന്‌ മുൻപുള്ള സർവെ മാത്രം. എല്ലം തീരുമാനിച്ചപോലെ! സർവെ നടന്നാൽ പിന്നെയുള്ള പ്രതിക്ഷേധത്തിന്റെ ശക്തി കുറയും എന്ന തിരിച്ചറിവിലാണോ നാട്ടുകാർ ഒരു മുഴം മുന്നെ ചാണകം തളിച്ച്‌ ശുദ്ധമാകിയത്‌?

പതിവ്‌ പോലെ റോഡ്‌ വികസനത്തിൽ കിടപാടം നഷ്ടപ്പെടുന്നവരും സ്ഥലം പൂർണ്ണമായും നഷ്ടപ്പെടുന്നവരും തീർച്ചയായും ഈ നാലുവരി പാതയെ എതിർക്കും. കാരണം വളരെ വ്യക്തമാണ്‌, കിനാലുരിൽ വ്യവസായം വന്നാൽ കിടപാടം നഷ്ടപ്പെടുന്നവർക്ക്‌ എന്ത് ലാഭം? സ്വന്തം സ്ഥലം നഷ്ടപെട്ടിട്ട്‌ വേറെ എവിടെയെങ്ങിലും ചുരുണ്ടുകൂടുമ്പോൾ പഴയ വീടിന്റെ മുന്നിലൂടെ നാല്‌ വരി റോഡ്‌ വന്നുവല്ലോ എന്ന്‌ നമുക്കാർക്കെങ്ങിലും ആശ്വസിക്കാൻ പറ്റുമൊ? എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന്‌ വേണ്ടി പാവങ്ങളായ നാട്ടുകാർ റോഡിനരികിൽ രണ്ട് സെന്റിലും അഞ്ച്‌ സെന്റിലും വീട്‌ വെച്ച്‌ താമസിക്കുന്നവർ ത്യാഗം ചെയ്യണമെന്ന്‌ പറയുന്നവർ ഏത്‌ മൂഢസ്വർഗ്ഗത്തിലാണ്‌ ജീവിക്കുന്നത്‌? ഇപ്പോൾ വികസനമെന്ന്‌ കേട്ടാൽ ജനം വിരണ്ടുപോകുന്ന അവസ്ഥയിലേക്ക്‌ നമ്മുടെ നേതാക്കൾ നമ്മളെ എത്തിച്ചുവോയെന്ന്‌ സംശയമുണ്ട്‌.

എല്ലായിപ്പോഴും പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്‌ മുതൽ ഒരു തരം ഒളിച്ച്‌ കളി നാം നടത്തുന്നുണ്ട്‌. ഇന്നത്തെ രീതിയിലുള്ള പൊന്നും വിലയ്ക്ക്‌ ഭൂമിയെടുത്ത്‌ കുടിയൊഴുപ്പിക്കുന്ന രീതി നാം മാറ്റിയെഴുതിയാൽ തന്നെ ഒരു പരിധി വരെ ഇതേ ജനങ്ങൾ മനസില്ലാമനസ്സോടെയാണെങ്ങിലും സ്വന്തം സ്ഥലവും കിടപ്പാടവും ഏത്‌ വികസനത്തിനും തീരെഴുതി തരും. പക്ഷെ പദ്ധതികൾക്ക്‌ സത്യസന്ധതയും സുതാര്യതയും വേണം. കാലാകാലങ്ങളായി ഒരു പ്രദേശത്ത്‌ ജീവിക്കുന്നതുമൂലം ആർജിക്കുന്ന അനുകൂല സാഹചര്യങ്ങളും ജീവിതോപാധികളും ഒരൊറ്റ ദിവസംകൊണ്ട്‌ ചിലർക്ക്‌ നഷ്ടപ്പെടുകയും ഒരു നഷ്ടവും സഹിക്കാതെ മറ്റു ചിലർ ഗുണഫലം അനുഭവിക്കുകയും ചെയ്യുന്നു. ഇത്‌ നീതിയാണോ?

പരിഹാരമായി കാക്കരയ്‌ക്ക്‌ നിർദേശിക്കാനുള്ളത്‌...

1. വളരെ അത്യാവശ്യമുണ്ടെങ്ങിൽ മാത്രം കുടിയൊഴുപ്പിക്കൽ നടപ്പിലാക്കുക.

2. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം വീട്‌ നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നൽകികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോട്ടിൽ സ്ഥലം നല്കി പുതിയ വീടിനുള്ള പൈസയും സമയവും നല്കുക.

3. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം പൂർണ്ണമായി സ്ഥലം നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നല്കികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോറ്റിൽ സ്ഥലം നല്കുക.

4. ഏറ്റെടുക്കുന്ന ഭുമിക്ക്‌ മാന്യമായ വില നല്കുക.

5. ഈ പദ്ധതികൾ വഴി ലഭ്യമാകുന്ന ജോലിയുടെ 10% ശതമാനം ജോലികൾ ഇങ്ങനെ കുടിയൊഴുപ്പിക്കുന്നവർക്കും സ്ഥലം നഷ്ടപ്പെടുന്നവർക്കുമായി 10 വർഷത്തേക്ക്‌ സംവരണം ചെയ്യുക.

6. പുനരധിവാസം നടത്തിയതിന്‌ ശേഷം മാത്രം നിലവിലുള്ള വീടുകളിൽ നിന്ന്‌ കുടിയൊഴിപ്പിക്കുക.

7. സുതാര്യവും വ്യക്തവുമായ പദ്ധതി രേഖയുമായി ജങ്ങളെ സമിപ്പിക്കുക.

8. പുതിയ പദ്ധതികൾക്കായി സർവേയും കുടിയൊഴുപ്പിക്കലുമായി വരുന്നതിന്‌ മുൻപ്‌ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന 308 ഏക്കറിൽ എന്തൊക്കെ വ്യവസായങ്ങൾ വന്നു, ഇനി ഏതൊക്കെ പദ്ധതികളാണ്‌ വരാൻ പോകുന്നത്‌, ഇതൊക്കെ ജനങ്ങൾക്കായി തുറന്നുവെയ്ക്കുക.

9. കേരളത്തിലെ മറ്റ്‌ സ്ഥലങ്ങളിൽ കുടിയൊഴുപ്പിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ പാവങ്ങൾക്ക്‌ വീടും മാന്യമായ നഷ്ടപരിഹാരവും നല്കി ഒരു മാതൃക കാണിക്കുക.

10. ഭരണകർത്താക്കൾ രഹസ്യ അജണ്ടയില്ലാതെ സംയമനത്തോടെ ഇടപെടുക. രഹസ്യ അജണ്ട ഇല്ലായെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.

കിനാലുർ പ്രൊജെക്റ്റിന്റെ ലിങ്കുകൾ താഴെ?

http://www.ksidc.org/kozhikod.php

http://www.skyscrapercity.com/showthread.php?t=719984

http://news.webindia123.com/news/Articles/India/20100506/1499689.html

http://www.thehindu.com/2009/12/06/stories/2009120653220300.htm


പാഠം ഒന്ന്‌
തെങ്ങിന്റെ മണ്ടയിൽ വികസനം വരില്ല....

പാഠം രണ്ട്‌
തെങ്ങിന്റെ മണ്ടയിൽ കിടന്നാൽ ഉറക്കവും വരില്ല...

ഒരു കാര്യത്തിൽ നമുക്കാശ്വാസിക്കം. കിനാലുർ തകർത്തതുകൊണ്ടൊന്നും പദ്ധതികൾ തകർക്കുന്നതിൽ കരീമിന്റെ പാർട്ടിക്കുള്ള സർവകാലറിക്കാർഡ്‌ തകർന്നിട്ടില്ല!!!

വാൽകക്ഷണം...
സ്ത്രീകളും കുട്ടികളും അടി ചോദിച്ച്‌ വാങ്ങിയതാണ്‌ - ജസ്റ്റീസ് ശ്രിദേവി

സ്ത്രീകളും കുട്ടികളും അടി ചോദിച്ച്‌ വാങ്ങുവാൻ വല്ല കാരണമുണ്ടോയെന്ന്‌ അന്വേഷിക്കുവാൻ എ.കെ.ജി സെന്ററിൽ നിന്ന്‌ വല്ല തിട്ടുരവും വേണ്ടിവരുമോ? അല്ലാ ചുമ്മാ ചോദിച്ചതാ...
Post a Comment