Thursday 24 January 2013

സോഷ്യൽ മീഡിയയിലെ തയ്യലുകാർ...


എനിക്ക് ഒരു പക്ഷമുണ്ട്... ഓരോ വിഷയത്തിലും ഓരോ പക്ഷമായിരിക്കുകയും ചെയ്യും... ആ പക്ഷം നീതിയുടേയും ന്യായത്തിന്റേയും പക്ഷമാണോ? അങ്ങനെയാകണമെന്നാഗ്രഹമുണ്ട്... പക്ഷേ പൂർണ്ണമായും സത്യസന്ധവും നീതിപൂർവമായ ഒരു പക്ഷം പിടിക്കാൻ സാധിക്കാറില്ല... എങ്കിലും ഏതെങ്ങിലുമൊരു കൂട്ടത്തോട് വിധേയത്വമോ അല്ലെങ്ങിൽ അനീതിയുടെ പക്ഷത്ത് നിൽക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്... എന്റെ പക്ഷം രൂപപ്പെടുന്നത് എന്റെ ചിന്തകളിൽ നിന്നാണ്, അതുകൊണ്ടുതന്നെ എന്റെ ചിന്തകളെ എന്റെ താല്പര്യം സ്വാധീനിക്കും... എന്റെ പക്ഷങ്ങൾക്ക് അതിന്റെ നിറവും കലരും... എന്റെ മുൻവിധികളും പക്ഷത്തെ നിർണ്ണയിക്കുന്നുണ്ടാകും... അതൊക്കെയാണ്  കാക്കരയുടെ ഛായ...  


ആശയവിനിമയം നടത്തുന്നത് വിവിധ ആശയങ്ങളോടാണ്... ആ ആശയങ്ങളൂടെ പുറകിൽ സ്ഥിരമായ ഒരു പേര് പോലും ഉണ്ടാകണമെന്നില്ല... സ്ഥിരമായ ഒരു പേരാണെങ്ങിൽ, ഒരു തുടർച്ച ലഭിക്കുമെന്ന ഗുണം മാത്രമേ കാണുന്നുള്ളൂ... ഒരു അനോണിയോടും പേര് വെളിപ്പെടുത്താൻ ആവശ്യപ്പെടേണ്ടതില്ല... അനോണിയായിരിക്കാനുള്ള എല്ലാവിധ അവകാശങ്ങളും  അയാൾക്കുണ്ടെന്ന് ഞാൻ കരുതുന്നു... ഒരു പേരിന് പിന്നിൽ ആരാണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടുപിടിച്ച് സോഷ്യൽ മീഡിയയിൽ ആശയസംവാദം നടത്താനാകില്ലല്ലോ... തനിക്ക് അനോണിയായി ഇരിക്കാനുള്ള അവകാശമുള്ളതുപോലെ മറ്റുള്ളവർക്കും അത്തരം അവകാശങ്ങളുണ്ടെന്ന് മനസിലാക്കുകയെങ്ങിലും ചെയ്യണം... എനിക്കിഷ്ടമുള്ളവർ അനോണിയായാലും കുഴപ്പമില്ല പക്ഷേ മറ്റുള്ളവർ അനോണിയാകുകയും ചെയ്യരുത്... ഓരോ ന്യായങ്ങൾ... 

മതത്തിന്റെ അസ്കിത കൂടുതലുള്ളവരുടെ ധാരണയിൽ, എല്ലാ മനുഷ്യരും തന്നെപോലെ ഏതെങ്ങിലും ഒരു മതത്തിന്റെ ലേബലുമായാണ് ജീവിക്കുന്നതെന്ന് കരുതുന്നതുപോലെയാണ് മലയാളിയുടെ കക്ഷിരാഷ്ട്രീയബോധത്തിൽ എല്ലാ മലയാളിയും ഏതെങ്ങിലും പാർട്ടിയുടെ ലേബലണിയണമെന്ന ദുഃശാഠ്യം...  ചിലയിടങ്ങളിൽ ഹൈസ്കൂളിലൊക്കെ പഠിക്കുന്ന കുട്ടിക്ക് ബോയ് ഫ്രണ്ട് / ഗേൾ ഫ്രണ്ട് ഉണ്ടായിരിക്കും... അല്ലെങ്ങിൽ ഉണ്ടായിരിക്കണം എന്ന് പറഞ്ഞത് പോലെയാണ് മലയാളിക്ക് രാഷ്ട്രീയപാർട്ടി... ഏതാടാ ജാതിയെന്ന് ചോദിക്കുന്നതുപോലെ ഏതാടാ പാർട്ടിയെന്ന് ചോദിക്കുന്നത്... മതസ്ഥാപനങ്ങൾ വ്യക്തികളെ മത നിയമങ്ങൾക്കൊണ്ട് വരിഞ്ഞു മുറുക്കിയിരിക്കുന്നതുപോലെയാണ് രാഷ്ട്രീയപ്രസ്ഥാനങ്ങൾ കേരളീയസമൂഹത്തെ അടക്കിവാഴുന്നത്... ആ കുഴലിലൂടെ നോക്കുകയെന്നതാണല്ലോ മലയാളിയുടെ മുഖമുദ്രയും...

മതം, ജാതി, കക്ഷിരാഷ്ട്രീയം, വർണ്ണം, ലിംഗം... ഇതിന്റെയൊക്കെ വക്താവായല്ല ഞാൻ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്... എനിക്ക് തോന്നിയത് മാന്യമായി പറയാനുള്ള വേദി... മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള വേദി... എങ്കിലും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായി ആൾമാറാട്ടം നടത്തുന്ന ശൈലിയും സ്വീകരിച്ചിട്ടുമില്ല... പറയാനുള്ളത് സ്വന്തം ഐഡിയിൽ നിന്ന് പറയുക... അതിന് ലേബലൊന്നും ആവശ്യമില്ലായെന്ന് കരുതുന്നു...


നിങ്ങളുടെ ചിന്തയുടെയളവിന് നിങ്ങൾ തുന്നി തരുന്ന ഒരോ കുപ്പായത്തിലും കയറിയിരിക്കാൻ എനിക്കാവില്ലല്ലോ... കുപ്പായമിടാതെ നടന്ന് കുറച്ച് കാറ്റ് കൊണ്ട് നോക്കട്ടെ... ചിലപ്പോൾ നന്നായാലോ... ഒന്നുമില്ലെങ്ങിലും ജനാധിപത്യവിരുദ്ധമൊന്നുമല്ലല്ലോ... ഒരു കാര്യം പറയാതെ വയ്യ... സോഷ്യൽ മീഡിയയിലെ പ്രശസ്തതയ്യലുകാരൊക്കെ ഏതെങ്ങിലും പ്രത്യേക മതത്തിന്റേയോ, ജാതിയുടേയോ, പാർട്ടിയുടേയോ ശക്തരായ വക്താക്കളാണ്... അതിനപ്പുറത്ത് അതിരുകളില്ലായെന്ന് വിശ്വാസിക്കുന്നവർ...

രണ്ട് കുപ്പായമുള്ളവർ ഒരെണ്ണം കുപ്പായമില്ലാത്തവക്ക് കൊടുക്കുകയെന്ന് പറഞ്ഞ    സ്നാപകയോഹന്നാന്റെ ശിഷ്യരാണല്ലോ സോഷ്യൽ മീഡിയയിൽ മുഴുവനും... തയ്യലുകാരെ വിശ്വാസിക്ക്... കുപ്പായത്തിലൊന്നും വലിയ കാര്യമില്ല... അതൊക്കെ പറിച്ചെറിഞ്ഞ് സർവസ്വതന്ത്ര്യത്തോടെ ജീവിക്ക്... ചിലപ്പോൾ നിങ്ങളും നാടും നന്നായാലോ... നിങ്ങൾ  തൊഴിൽ ചെയ്യുന്നതുകൊണ്ട് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല... അസഹിഷ്ണതയോടുകൂടിയുള്ള പ്രതികരണമൊന്നും പ്രതിക്ഷിക്കേണ്ടതില്ല...

Wednesday 9 January 2013

വിരുന്നുകാരും വീട്ടുകാരുമെന്ന വർഗ്ഗീയകാർഡ്...

"വിരുന്നുകാര്‍ വീട്ടുകാരും വീട്ടുകാര്‍ വേലക്കാരുമാകുന്ന സ്ഥിതി മാറണം" - വെള്ളാപ്പള്ളി നടേശൻ http://www.mathrubhumi.com/story.php?id=330815

ഹിന്ദുത്വ അജണ്ടയുടെ കേരളത്തിലെ വക്താവാകുകയാണ് വെള്ളാപ്പള്ളി... ഏത് ശാഖയിലാണാവോ അഭ്യാസം പഠിച്ചതെന്നതിലെ തർക്കമുള്ളൂ... ഏത് ശാഖയിലാണെങ്ങിലും വർഗ്ഗീയവിഷ വിത്തുക്കൾ വാരി വിതറുന്ന അഭ്യാസമാണ് "വിരുന്നുകാരും വീട്ടുകാരും" എന്ന ഉപമയിലുള്ളതെന്നതിൽ തർക്കമില്ല...

ഹിന്ദുത്വശക്തികൾ ഉത്തരേന്ത്യയിൽ വളരെ വിദഗ്‌ദമായി പ്രചരിപ്പിച്ച ഒരു ആശയമാണ് കേരളത്തിൽ വെള്ളാപ്പള്ളി കുത്തിയിറക്കുന്നത്... ഇന്ത്യ ഹിന്ദുക്കളുടേതും മുസ്ലീമുകളും കൃസ്ത്യാനികളും ഇന്ത്യയിൽ വരത്തരുമാണെന്നത്... കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മുസ്ലീമുകൾ സൗദിയിലോ പാകിസ്താനിലോ പോകട്ടെ... കൃസ്ത്യാനികൾ വത്തിക്കാനിലേക്കും... ഹിന്ദു-മുസ്ലീം പ്രശ്നങ്ങൾ ചർച്ചാവിഷയമാകുമ്പോൾ ഉത്തരേന്ത്യയിലെ സാധാരണക്കാരുടേതായി കേട്ടിട്ടുള്ളതാണ്... മുസ്ലീമുകൾക്ക് പാക്കിസ്ഥാൻ നൽകി... ഇന്ത്യയിലവർക്കവകാശമില്ല... കുടുംബത്തിൽ നിന്ന് സ്വത്തുവിഹിതം നൽകിയ കാരണവരുടെ  മനോഭാവം... പലരുടേയും അടിയുറച്ച വിശ്വാസമാണ്...

അതുപോലെ ഉത്തരേന്ത്യയിൽ അടിയുറച്ച മറ്റൊരു വർഗ്ഗീയവിഷമാണ്... ഹിന്ദുക്കൾ ഇന്ത്യക്കാരും മുസ്ലീമുകളും കൃസ്ത്യാനികളൂം വിദേശികളും... ഇന്ത്യ ഹിന്ദു മത വിശ്വാസികളുടെ മാത്രമാണെന്നും ഇവിടെയുള്ള കൃസ്ത്യാനികളും മുസ്ലീമുകളും വലിഞ്ഞുകയറി വന്നവരാണെന്നും കരുതുന്ന വെള്ളാപ്പള്ളിയും ഹിന്ദുത്വപാതയിലാണെന്ന് നിസംശയം പറയാവുന്നതാണ്...

വെള്ളാപ്പള്ളിക്ക് മനസിലാകുമോയെന്നറിയില്ല... എന്നാലും എഴുതാം... ഇന്ത്യയിലേക്ക് ഒരാളും വലിഞ്ഞുകയറി വന്നതല്ല... എല്ലാവരും ഇവിടെ ജനിച്ചുവളർന്നവരാണ്... അവരുടെ സന്തതിപരമ്പരകളാണ്... പിറന്ന മണ്ണിന്റെ മണമുള്ളവർ... ഇന്ത്യയോടും ഇന്ത്യക്കാരോടും കുറുള്ള ദേശസ്നേഹമുള്ള ഇന്ത്യക്കാർ... ഒറ്റവാക്കിൽ പറഞ്ഞാൽ ഹിന്ദുക്കളും മുസ്ലീമുകളും ക്രിസ്ത്യാനികളും ഇന്ത്യക്കാരാണ്... അവരെ വീട്ടുകാരും വിരുന്നുകാരുമാക്കുന്ന വർഗ്ഗീയകാർഡ് നാടിനാപത്താണ്...

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്ത് രൂപംകൊണ്ട മതപരമായ രണ്ട് ആശയങ്ങളെ / വിശ്വാസങ്ങളെ സ്വീകരിച്ച ഇന്ത്യക്കാരാണ് ഇവിടെയുള്ള കൃസ്ത്യാനികളും മുസ്ലീമുകളും... ഇന്ത്യയ്ക്ക് പുറത്ത് ആവിർഭവിച്ച കമ്യൂണിസമെന്ന പ്രത്യേയശാസ്ത്രമോ അല്ലെങ്ങിൽ വേറെ ഏതെങ്ങിലും ആശയങ്ങൾ ഇന്ത്യക്കാർ നെഞ്ചേറ്റുന്നതുപോലെയാണ് ഇന്ത്യയിലെ ഓരോ കൃസ്ത്യാനിയും ഓരോ മുസ്ലീമും അവരവരുടെ മതപരമായ വിശ്വാസങ്ങളിൽ ജീവിക്കുന്നത്...  

ഇന്ത്യയിൽ രൂപംകൊണ്ട  രാഷ്ട്രീയപാർട്ടികളായ കോൺഗ്രസിനേയും ബി.ജെ.പിയേയും പിന്തുണയ്ക്കുന്നവർ വീട്ടുകാരും ഇന്ത്യയ്ക്ക് വെളിയിൽ രുപം കൊണ്ട കമ്യൂണിസ്റ്റാശയത്തെ പിന്തുണയ്ക്കുന്നവർ വിരുന്നുകാരുമെന്ന് പറയുന്നതുപോലെയുള്ള മഹാവിഡ്ഡിത്തമാണ് വെള്ളാപ്പള്ളിയും ഹിന്ദുത്വജണ്ടക്കാരും എഴുന്നള്ളിക്കുന്നത്... പക്ഷേ വർഗ്ഗീയത ജനമനസുകളിൽ ആഴ്ന്നിറങ്ങിയതുകൊണ്ട് വീട്ടുകാരും വിരുന്നുകാരുമെന്ന ഉപമയും മൗനമെന്ന പിന്തുണയോടെ സ്വീകരിക്കുകയാണ്...

ഇല്ല... എന്റെ പ്രതിക്ഷേധം ഇവിടെ രേഖപ്പെടുത്തുന്നു... വർഗ്ഗീയത വലിച്ചെറിഞ്ഞ് ഇന്ത്യക്കാരനാകാനുള്ള അവസരം വെള്ളാപ്പള്ളിക്ക് നൽകുന്നു... അല്ലെങ്ങിൽ, വർഗ്ഗീയത വളർത്തുന്നവരെ പിടിച്ച് നിയമപരമായി ശിക്ഷിക്കാനുള്ള ശക്തി ഇന്ത്യൻ നീതിന്യായവ്യവസ്ഥയ്ക്ക് ലഭിക്കുവാനായി എന്റെ പിന്തുണയും... ഉവൈസിയുടെ കൂടെ ഒരു അറയിൽ തന്നെ കിടക്കാനുള്ള പായ നൽകണം...

വാൽകക്ഷണം... ഇന്ത്യയിലില്ലാതിരുന്ന സ്കോച്ചും ബ്രാണ്ടിയും ഇന്ത്യയിൽ നിർമ്മിച്ചിട്ടും നമുക്ക് വിദേശമദ്യമാണല്ലോ... അതേ ലേബലിംഗാണ്  വെള്ളാപ്പള്ളിക്കിവിടെ... ശീലിച്ചതേ പാടൂ... ല്ലേ...

Tuesday 1 January 2013

സ്ത്രീയുടെ മനുഷ്യവകാശങ്ങളും കുടുംബവും...

ഡൽഹിയിലെ പീഡനത്തിന്റെ പാശ്ചാത്തലത്തിൽ ഡൽഹി നിവാസികൾ പുതുവൽസരാഘോഷം ഇല്ലാതെയാണ് 2013 നെ വരവേറ്റത്... ഇന്ത്യൻ പട്ടാളവും പുതുവൽസരാഘോഷങ്ങളില്ലാതെ സ്ത്രീ സംരക്ഷണത്തിന്റെ വാക്താക്കളായി... കാശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബലാൽസംഘം ഒരു ആയുധമായി ഇന്ത്യൻ പട്ടാളം ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണിത് എന്നത് പട്ടാളത്തിന്റെ നിലപാട് കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാക്കുന്നു... 

സ്ത്രീയുടെ മേലുള്ള കടന്നുകയറ്റം നടക്കുന്ന പാശ്ചാത്തലത്തിൽ സ്ത്രീയെ നാം എങ്ങനെ നോക്കികാണുന്നുവെന്നത് ഒരു ചിന്താവിഷയമായി തോന്നുന്നു... ഈ സമൂഹത്തിലും അതിന്റെ ഭാഗമായ എന്റെ കുടുംബത്തിലും സ്ത്രി എന്താണ്... അവളുടെ അവകാശങ്ങൾ എന്തൊക്കെയാണ്... ഭാര്യ ഭർത്താവിന്റെ സ്വകാര്യസ്വത്താണോ... അതോ അവളുടെ കാര്യങ്ങൾ ഭർത്താവ് എന്ന നിലയിൽ എനിക്ക് എന്തെങ്ങിലും സ്വാതന്ത്ര്യമുണ്ടോ? അഭിപ്രായം പറയാനുള്ളവകാശമുണ്ടോ? ഒരു പുനർചിന്ത...

സ്ത്രി മകളും ഭാര്യയും സഹോദരിയും അമ്മയും ആകുന്നതിന് മുൻപ് അല്ലെങ്ങിൽ അതൊക്കെയായാലും ഇല്ലെങ്ങിലും ഒരു മനുഷ്യനാണ്... ഈ സമൂഹത്തിൽ പുരുഷനെപോലെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുള്ള ഒരു  മനുഷ്യസ്ത്രി... അതിനാൽ തന്നെ പുരുഷനവകാശപ്പെട്ട എല്ലാ മനുഷ്യവകാശങ്ങളും സ്ത്രീക്കുമുണ്ട്... പുരുഷൻ ഒന്നും കല്പിച്ചനൽകേണ്ടതില്ല... മത ഗ്രന്ഥങ്ങളോ പുരാണങ്ങളോയല്ല സ്ത്രീയുടെ അവകാശം നിർണ്ണയിക്കുന്നത്... മൗലീകമായ മനുഷ്യവകാശമാണ്... സഹസ്രാബ്ദങ്ങൾ സ്ത്രീകളെ പുരുഷനുതുല്യം പരിഗണിച്ചിരുന്നില്ല... ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്ങിലും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലും മനുഷ്യവകാശത്തിലും 20 ആം നൂറ്റാണ്ട് ഒരു കുതിച്ചുകയറ്റം തന്നെ നടത്തിയിട്ടുണ്ട്... ഇപ്പോഴും അനേകായിരം മൈലുകൾ പിന്നിലാണ്....

ഒരു സ്ത്രീയുടെ മനുഷ്യവകാശങ്ങളെ ലംഘിക്കാനോ അല്ലെങ്ങിൽ, എന്റെ കാമത്തിനായോ അധികാരസ്ഥാപനത്തിനായോ ഞാൻ മുതിരുന്നില്ല... എനിക്കുള്ള എല്ലാ അധികാരങ്ങളും സ്ത്രീക്കുമുണ്ടെന്ന് കരുതുന്നു... അതിനായി പോരാടുന്നു... ശൈശവത്തിൽ പിതാവിന്റേയും യവ്വൗനത്തിൽ ഭർത്താവിന്റേയും വാർദ്ധക്യത്തിൽ മകന്റേയും സംരക്ഷണത്തിന്റെ നിർബ്ബദ്ധമോ അല്ലെങ്ങിൽ സ്ത്രി അവരുടെ സ്വകാര്യ സ്വത്തോയാകുന്നില്ല... അതെസമയം... സ്ത്രീയായലും പുരുഷനായാലും കുടുംബവ്യവസ്ഥയിൽ അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പരസ്പരം ബന്ധിതമാണുതാനും... സ്റ്റേറ്റിന്റെയും സമൂഹത്തിന്റേയും മുന്നിൽ പൂർണ്ണമായും രണ്ട് വ്യക്തിത്വങ്ങളാകുയും കുടുംബം എന്ന ചട്ടകൂടിനുള്ളിൽ സ്ത്രീയും പുരുഷനും രണ്ട് വ്യക്തിത്വങ്ങളായി നിലനിൽക്കുമ്പോഴും പരസ്പരം ബാധ്യതകൾ നിറവേറ്റേണ്ടിവരുകയും ചെയ്യും...

പിതാവിനും മാതാവിനും മകന്റെ മുകളിലുള്ള എല്ലാ അവകാശങ്ങളും മകളുടെ മുകളിലുമുണ്ട്... ഭർത്താവിന് ഭാര്യയുടെ മുകളിലുള്ള എല്ലാവകാശങ്ങളും ഭാര്യയ്ക്ക് ഭർത്താവിന്റെ മുകളിലുണ്ട്... ഭാര്യയായിരിക്കുന്ന കാലത്തോളം ഭാര്യയുടെ ലൈംഗീകസ്വാതന്ത്ര്യം ഭർത്താവിൽ തീരുന്നു... അതുതന്നെയായിരിക്കും ഭർത്താവിനും... വാർദ്ധക്യത്തിൽ സംരക്ഷണം മകനോ മകളോ എന്നൊരു വേർതിരിവില്ല... കുടുംബസ്വത്തിലും മകൾക്ക് മകനുള്ള എല്ലാവകാശങ്ങളുമുണ്ട്... ശക്തരായ വനിതകൾ സ്വത്തിലവകാശം വാങ്ങണം... അശക്തരായ വനിതകൾക്കുള്ള ചൂണ്ടുപലകയാണ്... 

ഒരു ഭാര്യയ്ക്കും ഭർത്താവിൽ നിന്ന് ഒളിച്ചുവെയ്ക്കാനായി അവളുടെ ആരോഗ്യപ്രശ്നങ്ങളോ സാമ്പത്തികകാര്യങ്ങളോ സുഹ്രുത്ത് ബന്ധങ്ങളോയില്ല... ഭാര്യയുടെ ശമ്പളം ഭർത്താവിന്റേതുമാണ്... ഭർത്താവിന്റെ ശമ്പളം ഭാര്യയുടേതുമാണ്... സമ്പാദ്യം ആരുടേതാണെന്ന ചോദ്യമില്ല, നിക്ഷേപം സാധ്യമാകുന്ന വിധത്തിൽ തുല്യമാകുകയെന്നതാണ് ശരി... ഭർത്താവിലുള്ള വിശ്വാസം ഒരു ഘടകമേയാകുന്നില്ല... മറിച്ച് സാമ്പത്തികസ്വാതന്ത്രിന്റെ ഭാഗമായി സ്ത്രീയുടെ പേരിലും നിക്ഷേപം നടത്തുവാൻ സമരം വീടിനകത്തും തുടങ്ങാം... ജോലി ചെയ്യാത്ത സ്ത്രീയായാലും സ്വന്തം പേരിൽ നിക്ഷേപം നടത്തുന്നതിന് തുല്യവകാശമാണ്... ജോലി ചെയ്യുന്ന സ്ത്രീകൾ വരെ സ്വന്തം പേരിൽ നിക്ഷേപം നടത്തുന്നതവകാശമായി കാണുന്നില്ലായെന്നതാണ് രസകരം...

ഭാര്യയുടെ ശമ്പളം എത്രയാണെന്നും അതുമായി ബദ്ധപ്പെട്ട എല്ലാ വിവരങ്ങളും ഭർത്താവ് അറിഞ്ഞിരിക്കുകയെന്നത് അവരുടെ ബന്ധം ഊഷ്മളമാകുന്നെവെന്നതിന്റെ തെളിവാണ്... ശീലമായാലും ദുശീലമായാലും പരസ്പരം അഭിപ്രായങ്ങളുണ്ടാകും... ഇഷ്ടം ഇഷ്ടക്കേടുമുണ്ടാകും... അതിലൊക്കെ പുരുഷൻ അഭിപ്രായം പറയുന്നതും നിയന്ത്രിക്കുന്നതും സ്ത്രീയുടെ മുകളിലുള്ള കടന്നുകയറ്റമായി കാണുന്നതിനോട് യോജിക്കുന്നില്ല... പുരുഷന്റെ കാര്യത്തിലും സ്ത്രീക്കും അഭിപ്രായങ്ങളൂണ്ടാകും... സ്ത്രീയുടെ മനുഷ്യവകാശങ്ങൾ നിലനിർത്തികൊണ്ടുതന്നെ ഭാര്യയിൽ ഭർത്താവിനുള്ളവകാശങ്ങൾ കല്പിച്ചുനൽകാൻ സ്ത്രീയ്ക്കും ബാധ്യതയുണ്ട്... അതേയവകാശങ്ങൾ സ്ത്രീക്കുമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

ബലാൽസംഘത്തിന് അധികാരം സ്ഥാപിക്കലുമായി വളരെയടുത്ത ബദ്ധമാണ്... അതിനാൽ തന്നെ അധികാരം തുല്യമാകുകയെന്നതാണ് ബലാൽസംഘത്തിനെതിരെയുള്ളൊരു യുദ്ധമുറ... അധികാരം വെള്ളിതളികയിൽ ലഭിക്കുമെന്ന മോഹം വലിച്ചെറിയുക... തെരുവിലെ പ്രതിക്ഷേധം നടക്കുന്ന വേളയിൽ കുടുംബത്തിലും യുദ്ധം ചെയ്യണം... ശക്തരായ വനിതകൾ യുദ്ധം ചെയ്ത് കാണിക്കണം... അതിൽ പ്രചോദനമുൾക്കൊള്ളൂന്ന ഇരകൾ ശക്തിയാർജ്ജിക്കും... 

2013 ലെ പുതുവൽസരസന്ദേശമാകട്ടെ...