Sunday 18 May 2014

കോൺഗ്രസിന്റെ അണ്ടം കീറി...

സത്യത്തിൽ കോൺഗ്രസിന്റെ തോൽവിയെ എങ്ങനെയാണ് വിശേഷിപ്പിക്കുക... അത് കൃത്യമാകുന്ന വാക്ക് നിഘണ്ടുവിലുണ്ടോ... ദയനീയ പരാജയം / സമ്പൂർണ്ണ പരാജയം എന്നൊക്കെ പറഞ്ഞാൽ അതിന്റെ ഭീകരത കൃത്യമായി എത്തുന്നുണ്ടോ... ആ അറിയില്ല... അണ്ടം കീറി എന്ന് പറഞ്ഞുനോക്കട്ടെ... "കോൺഗ്രസിന്റെ അണ്ടം കീറി"...

കോൺഗ്രസിന്റെ അണ്ടം കീറിയതിൽ... നൂറായിരം കാരണങ്ങളുണ്ട്... തോന്നിയത് എഴുതിയേക്കാം... 

1... മോദി... ഭൂരിപക്ഷ വർഗ്ഗീയതയുടെ തേരിൽ കയറി വരുന്ന മോദിയും ബി.ജെ.പി.യും സംഘപരിവാറും വളരെ വിദഗ്ദമായി വർഷങ്ങളുടെ ശ്രമഫലമായി മോദിയെ വികസനനായകനാക്കി... മോദി വന്നാൽ ഗുജറാത്ത് മോഡൽ വികസനം ഇന്ത്യയിൽ സാധ്യമാകുമെന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ സാധിച്ചു... അതുകൊണ്ട് തന്നെ മോദിയുടെ ഐതിഹാസിക വിജയം കഴിഞ്ഞ കാലങ്ങളിൽ അദ്വാനി സൃഷ്ടിച്ച രാമക്ഷേത്രവോട്ട് പോലെ ഹിന്ദുത്വ വോട്ട് മാത്രമല്ല... മറിച്ച് ഹിന്ദുത്വ വോട്ടിന്റെ മുകളിൽ പണിത അതിദേശീയത... ഹിന്ദുത്വത്തേയും അതിദേശീയതയേയും പൊതിഞ്ഞ് അവതരിപ്പിച്ച ഗുജറാത്ത് മോഡൽ വികസനവും... ഇത് മൂന്നും ചേർന്ന് സൃഷ്ടിച്ച തരംഗം കോൺഗ്രസിന്റെ അണ്ടം കീറി...

2... ഒരു ദേശീയ നേതാവായി ജനലക്ഷങ്ങളെ ഇളക്കിമറിക്കാനൊന്നും സാധിക്കാത്ത, ഏതെങ്കിലും വിഷയത്തിൽ കൃത്യമായ നിലപാടുകൾ ജനവുമായി സംവദിക്കാത്ത, അഭിമുഖങ്ങളിൽ വിളറി വിയർത്ത, എന്നാൽ ഗാന്ധി കുടുംബത്തിന്റെ അനുഗ്രഹാശിസുകളോടെ പ്രധാനമന്ത്രി കുപ്പായം ധരിച്ചിറങ്ങിയ രാഹുൽ... മോദി എന്ന ഗോലിയാത്തിന്റെ മുൻപിൽ നിഷ്പ്രഭരായ കാഴ്‌ച... സഹായത്തിനായി കുറെ സ്തുതിപാഠകർ... സോണിയ-രാഹുൽ ഇമേജിന് മുകളിലായി ഒരു നേതാവിന്റേയും ശബ്ദം ഉണ്ടാകരുതെന്ന നിലപാടുകൾ കോൺഗ്രസിൽ നേതാക്കളേയില്ലായെന്ന അവസ്ഥ സംജാതമാക്കി... നേതാക്കളെ നിശ്ബദരാക്കുന്ന നയമായിരുന്നു... രാജിവിന്റെ കാലത്തും ഇന്ദിരയുടെ കാലത്തും അവർക്ക് താഴെയായിരിക്കും ശബ്ദങ്ങൾ... പക്ഷേ അവരുടെ ശബ്ദങ്ങൾ വളരെ ഉയർന്നതായിരുന്നു... അതുകൊണ്ട് തന്നെ മറ്റ് നേതാക്കൾക്കും ശബ്ദമുണ്ടാക്കാനുള്ള സ്ഥലം നിലവിലുണ്ടായിരുന്നു... സംസ്ഥാനനേതാക്കൾ ശക്തവുമായിരുന്നു... ഇപ്പോൾ സംസ്ഥാനത്തെ നേതാക്കളെ നിർവീര്യമാക്കുന്ന നടപടികളാണ് സോണിയ-രാഹുൽ ചെയ്തുകൊണ്ടിരുന്നത്... ഉമ്മൻ ചാണ്ടിയും ചെന്നിത്തലയേയും രാഹുലിന്റെ സമയത്തിനായി കാത്തിരിക്കുന്നു... കിട്ടിയ സ്ഥാനാർത്ഥി പട്ടികയുമായി വണ്ടി വിട് എന്ന് പറഞ്ഞ് ഇറക്കി വിടുമ്പോൾ അമ്മയുടെ തണലിൽ പാർട്ടിക്കകത്തെ തിണ്ണമിടുക്ക് കാണാം... പക്ഷേ ജനം പുല്ല് വിലയാണ് കൽപ്പിക്കുക... സോണിയ ഇരിക്കാൻ പറയുമ്പോൾ മുട്ടിലിഴയുന്ന കേന്ദ്ര-സംസ്ഥാന നേതൃത്വം... അല്ലെങ്കിൽ പുറത്തേക്കുള്ള വഴിയായിരിക്കും... എല്ലാം ഒത്തുവന്നപ്പോൾ... കോൺഗ്രസിന്റെ അണ്ടം കീറി...

3... കഴിഞ്ഞ ഭരണം... അഴിമതി... സമ്പൂർണ്ണ പരാജയമായിരുന്നു... അതിൽ മസാല ചേർത്ത് റോബർട്ട് വധേരയുടെ ഭൂമിയിടപാടുകൾ... കോൺഗ്രസെന്നാൽ അഴിമതി എന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരുന്നു... നടത്തിയ അഴിമതി ഭരണത്തേയും നേതാക്കളേയും ബാധിക്കാതിരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ സർക്കാർ നടപ്പിലാക്കുന്ന നല്ല കാര്യങ്ങൾ പോലും ജനഹൃദയങ്ങളിൽ എത്തിയില്ല... കോൺഗ്രസിന്റെ അണ്ടം കീറി...

4... നയതീരുമാനങ്ങൾ... ഓരോ നയവും സാധാരണ ജനത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാതെയുള്ള തീരുമാനങ്ങൾ... പെട്രോൾ-ഡീസൽ-ഗ്യാസ് വില വർദ്ധനവ്... കോൺഗ്രസ് ഭരിക്കുന്നത് കോർപ്പോറേറ്റുകൾക്ക് വേണ്ടിയാണെന്ന നില വന്നു... പെട്രോൾ വില സുതാര്യമല്ലായെന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിന് ഒരു ശ്രമവും കോൺഗ്രസ് നടത്തിയില്ല...  കോൺഗ്രസിന്റെ അണ്ടം കീറി

5... ജനാധിപത്യത്തിലെ നേതാക്കൾ ജനങ്ങളുമായി സംവദിക്കേണ്ടതാണ്... അതിന് പ്രസംഗകലയൊന്നും വശത്താക്കണമെന്നൊന്നുമില്ല... പക്ഷേ ഈ വിഷയത്തിൽ മൻമോഹൻ സിംഗ് അമ്പേ പരാജയമായിരുന്നു... റിമോട്ട് കണ്ട്രോൾ ഭരണം എന്ന അപഖ്യാതി ഉണ്ടാക്കുന്നതിൽ സോണിയയും-മൻമോഹനും കോൺഗ്രസും ഉത്തരവാദികളാണ്... മൻമോഹൻ സിംഗിനേക്കാൾ വലിയ പ്രാധാന്യമാണ് സോണിയയ്ക്ക്... കോൺഗ്രസ് പ്രസിഡന്റ് എന്ന സ്ഥാനത്തിനപ്പുറത്ത് യു.പി.എ. അദ്ധ്യക്ഷ എന്ന സ്ഥാനം സോണിയ വഹിച്ചതും മൻമോഹൻ സിംഗിന്റേത് പാവ മന്ത്രിസഭയാണെന്ന ധാരണ പരക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്... പ്രധാനമന്ത്രിയേക്കാൾ വലിയ യു.പി.എ അദ്ധ്യക്ഷ... കോൺഗ്രസിന്റെ അണ്ടം കീറി...

6... തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയപ്പോൾ തന്നെ കേന്ദ്രമന്ത്രിമാരും കേന്ദ്രനേതാക്കളും... ഞങ്ങൾക്ക് മൽസരിക്കാനായി സീറ്റ് തരല്ലേയെന്ന് പറഞ്ഞാണ് പരാജയം പ്രഖ്യാപിച്ചത്... തിരഞ്ഞെടുപ്പിന്റെ മധ്യത്തിൽ കോൺഗ്രസ് ഭരണത്തിലെത്തുകയില്ലായെന്ന പ്രഖ്യാപനങ്ങളാണ് നേതാക്കൾ ജനത്തിന് നൽകിയത്... കോൺഗ്രസിന്റെ അണ്ടം കീറി...

7... ആധാർ നല്ലൊരു പദ്ധതിയായിരുന്നു... നടത്തിപ്പിലെ സമ്പൂർണ്ണ പരാജയം... നടപ്പിലാക്കാൻ നിയമപരമായ അടിസ്ഥാനവുമില്ല... കോടതിയും ചോദ്യം ചെയ്യുന്നു... മറ്റൊരു ഐ.ഡിയുമായി ആഭ്യന്തരമന്ത്രാലയം... സമ്പൂർണ്ണ പരാജയമായ ആധാർ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലേക്ക് ബദ്ധപ്പെടുത്തി... ജനവിരുദ്ധമായി... കോൺഗ്രസിനും കോർപ്പോറേറ്റുകൾക്കും കാശ് അടിച്ചുമാറ്റാനുള്ള ഒന്നായി ജനം കണ്ടു... കോൺഗ്രസിന്റെ അണ്ടം കീറി...

8... തിരഞ്ഞെടുപ്പിന്റെ മധ്യത്തിൽ സോണിയ-ഡൽഹി ഇമാമിനെ കണ്ട് മുസ്ലീം വോട്ട് പെട്ടിയിലാക്കാനും... മുസ്ലീം വോട്ട് ഭിന്നിക്കാതിരിക്കാനുമൊക്കെ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു... പക്ഷേ അപ്പൂറത്തെ പെട്ടിയിലാണെന്ന് മാത്രം... ഇതൊക്കെ കാണുന്ന ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ എല്ലാ വോട്ടും ഹിന്ദുത്വ പെട്ടിയിലിട്ടു... അല്ലെങ്കിലും ഭൂരിപക്ഷസമുദായമെന്ന തുറുപ്പ് ശീട്ടുമായി ബി.ജെ.പി. മുന്നേറുമ്പോൾ അതേ നാണയവുമായി നാടകം കളിച്ചാൽ വിജയിക്കുമെന്ന് കണക്കുകൂട്ടിയതും കോൺഗ്രസിന്റെ അണ്ടം കീറി...

9... തിരഞ്ഞെടുപ്പിൽ മൽസരിച്ചാലും ഇല്ലെങ്കിലും, മൽസരിച്ച് തോറ്റാലും അല്ലെങ്കിൽ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചാലും ഇല്ലെങ്കിലും കോൺഗ്രസിൽ അധികാരങ്ങൾ ലഭ്യമാകുന്ന അവസ്ഥ നേതാക്കൾക്ക് ജനങ്ങളുമായുള്ള ബദ്ധം ഇല്ലാതാക്കുന്നുണ്ട്... പ്രാദേശിക നേതാക്കളെ അവഗണിക്കുന്നതും പതിവാണ്... ജനകീയ നേതാക്കളില്ലാത്തത് കോൺഗ്രസിന്റെ അണ്ടം കീറി...

10... മൻമോഹൻ സിംഗിന്റെ ഗ്രാഫ് കുത്തനെയിടിയുന്ന കാലമായിരുന്നു കടന്നുപോയത്... ഒരു മുഖം മിനുക്കൽ നടത്താൻ പോലും കോൺഗ്രസ് തുനിഞ്ഞില്ല... 2012-ൽ ഒരു നേതൃമാറ്റം നടത്തി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കിൽ മോദി തരംഗത്തെ പിടിച്ചു നിർത്താൻ കോൺഗ്രസിനാകുമായിരുന്നു... അതെങ്ങനെ പ്രസിഡന്റാക്കി രാഹുലിന് മുൻപിലുള്ള ആ തടസ്സവും മാറ്റുകയാണല്ലോ ഓരോ തീരുമാനത്തിന്റേയും പിന്നിൽ... അവസാനം മോദി എല്ലാ തടസ്സവും മാറ്റി... കോൺഗ്രസിന്റെ അണ്ടം കീറി...

ജനാധ്യപത്യമല്ലേ... എത്ര അണ്ടം കീറലുകൾ കണ്ടിരിക്കുന്നു... ജനാധിപത്യ-മതേതര-സോഷ്യലിസ്റ്റ് വോട്ടുകൾ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നടത്തേണ്ടിയിരിക്കുന്നു... കോൺഗ്രസിനെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കേണ്ടിയിരുന്നു... നേതൃത്വം ചോദ്യം ചെയ്യപ്പെടണം... സംഘടനാതലത്തിൽ മാത്രമല്ല... നയങ്ങളിൽ പോലും മാറ്റങ്ങൾ ഉണ്ടാകണം... മോദി-വർഗ്ഗീയത-ഫാസിസം-അതിദേശീയത-ഫോട്ടോഷോപ്പ് പിന്നെ ഗാന്ധി എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നാൽ... പണ്ട് ഇന്ത്യയിൽ കോൺഗ്രസ് എന്ന പ്രസ്ഥാനമുണ്ടായിരുന്നുവെന്ന് ചരിത്രതാളുകളിൽ വായിക്കേണ്ടിവരും...

Wednesday 7 May 2014

അച്ചടക്കമെന്ന കൊടുവാൾ...

കിടന്നിട്ട് ഉറക്കം വരുന്നില്ല... ഇന്ന് ഞായറാഴ്ച്ചയാണല്ലോ... കുർബ്ബാനയ്ക്ക് പോകണം... അത് കഴിഞ്ഞ് പള്ളിയോഗമുണ്ട്... അവിടെ പോയി അച്ചനോടും നാട്ടുകാരോടും നാല് വാക്ക് പറഞ്ഞില്ലെങ്കിൽ ശരിയാകില്ല... അത്രയും വലിയ അക്രമമല്ലേ ആ വികാരിയച്ചൻ കുർബ്ബാന സ്വീകരണം പഠിക്കാൻ പോയ പെൺകൊച്ചിനോട് ചെയ്തത്... പ്രതികരിക്കേണ്ടത് ഒരു വിശ്വാസി എന്ന നിലയിൽ എന്റെ കർത്തവ്യവുമാണ്... അതും ആ പ്രായത്തിലുള്ള രണ്ട് പെൺകുട്ടികളുടെ അപ്പനെന്ന ആശങ്കയുമായി... എങ്ങനേയോ നേരം വെളുത്തു... അതിപ്പോൾ ഞാൻ ഉറങ്ങിയാലും ഇല്ലെങ്കിലും നേരം വെളുത്തല്ലേ പറ്റൂ... വീട്ടുകാരൊക്കെ പള്ളിയിലേക്ക് വെച്ച് പിടിച്ചു... ഞാൻ പല്ല് തേച്ച് ഒരു കാക്കക്കുളിയൊക്കെ നടത്തി ജട്ടിയിടുന്ന സമയത്ത് തന്നെ അവസാനത്തെ പള്ളി മണിയും കൊട്ടി... കണ്ടോ സത്യം തന്നെ... പള്ളി മണി കൊട്ടുന്ന സമയത്ത് പറയുന്നതും ചെയ്യുന്നതും സത്യമായിരിക്കും... സംശയിക്കേണ്ട...

അച്ചന്റെ പ്രസംഗം കഴിയുമ്പോഴെയ്ക്കും പള്ളിയിലെത്തുകയെന്ന ലക്ഷ്യത്തോടെ പതുക്കെ നടന്ന് സുഹ്രുത്തിന്റെ വീട്ടിൽ കയറി... കൂടെ അവനും പള്ളിയിലേക്ക്... അങ്ങനെ ഞങ്ങളുടെ ചർച്ച പെൺകുട്ടിയെ പീഡിപ്പിച്ച അച്ചനിലേക്കായി... അവനും വികാരം അണപൊട്ടി... പൊട്ടാനുള്ളതൊക്കെ പൊട്ടിതന്നെ തീരണം... യോഗത്തിൽ പ്രശ്നം അവതരിപ്പിച്ച് അച്ചനെതിരെ സഭയെകൊണ്ട് നടപടി എടുപ്പിക്കണമെന്ന കാര്യത്തിൽ അവനും ഉറച്ചു... അവനൊരു ശങ്ക... ഞാനും കൂടി... വഴിയരികിൽ കണ്ട മരത്തിന് അല്പം വളത്തിന്റെ കുറവ് കണ്ടതുകൊണ്ട്... അവിടെ തന്നെ "പെടുത്തു"... പിന്നെ വേഗം പള്ളിയിലെത്തി... പ്രസംഗം തീരുമ്പോൾ പള്ളിയിലേക്ക് ഇടിച്ചുകയറുന്ന ഭക്തരോടൊപ്പം ഞങ്ങളും ചേർന്നു... അങ്ങനെ പ്രസംഗം തുടങ്ങിയപ്പോൾ മുതൽ പള്ളിക്ക് വെളിയിൽ കാത്ത് നിൽക്കുന്നവരും ഞങ്ങളും ഒരേ പന്തിയിൽ... അതും ഒരു യോഗം...

അങ്ങനെ കാത്തിരുന്ന പള്ളിയോഗം സമാഗതമായി... മുൻ‌ ബെഞ്ചിൽ തന്നെ സ്ഥാനമുറപ്പിച്ചു... ഉശീരൻ പ്രകടനം കാഴ്ചവെയ്ക്കണമല്ലോ... കണക്ക് വായനയും മറ്റ് കാര്യപരിപാടികളും പതിവുപോലെ നടന്നു... ആരെങ്കിലും ശ്രദ്ധിച്ചോ... ആ... എല്ലാം കഴിഞ്ഞുവെന്ന് തോന്നിച്ച സമയത്ത്... ഞാൻ എഴുന്നേറ്റു... യോഗത്തിൽ വരാത്തവരും വന്നുതുടങ്ങിയോയെന്ന ചോദ്യം സ്ഥിരം കുറ്റികളുടെ വളഞ്ഞ പുരികത്തിനിടയിലൂടെ ഞാൻ വായിച്ചെടുത്തു...   ബാലപീഡകനച്ചന്റെ ലീലാവിലാസം പറഞ്ഞുതുടങ്ങി... സഭ ശക്തമായ നടപടിയെടുക്കണമെന്നും... മറ്റും... വികാരിയച്ചൻ വല്ലതും പറയുന്നതിന് മുൻപ് സുഹൃത്തിന്റെ വക നടപടിയും പ്രഖ്യാപിച്ചു... ഉടനെ ളോഹ ഊരിക്കണം... പോക്രിത്തരമല്ലേ അച്ചൻ കാണിച്ചത്... വികാരിയച്ചന്റെ മുഖം കറുത്തിരുണ്ടു... പണ്ടേ അങ്ങനെയാ... എല്ലാം പറഞ്ഞല്ലേ ശീലം; കേട്ട് ശീലമില്ലല്ലോ...

പന്തികേട് തോന്നിയ വികാരിയച്ചൻ ചാടിയെഴുന്നേറ്റു... ഇരിക്കാനായി ആംഗ്യം കാണിച്ചു... ദൈവത്തിൽ സ്നേഹമുള്ള ഇടവകക്കാരെ പ്രിയപ്പെട്ട സഹോദരി-സഹോദരന്മാരെ... പറയപ്പെടുന്ന വിഷയം സഭ പഠിച്ചുകൊണ്ടിരിക്കയാണ്... സഭ യുക്തമായ നടപടിയെടുക്കുമെന്ന് വിശ്വാസമുണ്ട്... (ഒരു കള്ളന് മറ്റൊരു കള്ളൻ കൂട്ടെന്ന സുവിശേഷവചനം പൂർത്തിയായി...) അച്ചൻ തുടർന്നു... ഈ വിഷയം ഇവിടെ ചർച്ച ചെയ്യാൻ നമ്മുടെ സഭാനിയമം അനുവദിക്കുന്നില്ല... നമ്മുടെ പള്ളിയതിർത്തിയിൽ നടന്ന സംഭവമായിരുന്നുവെങ്കിൽ നമുക്കത് ഇവിടെ ചർച്ച ചെയ്ത് രൂപതയെയറിയിക്കാമായിരുന്നു... ഇതിപ്പോൾ വേറെ ഏതോ പള്ളിയിൽ... അതുകൊണ്ട് ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു... എന്റെ പ്രതിഷേധം തുടർന്നു... ഒരു വിശ്വാസി എന്ന നിലയിൽ നമ്മുടെ വികാരം എവിടെ പ്രകടിപ്പിക്കും... പള്ളിയോഗത്തിന് പുറത്ത്, പ്ലസിലോ ഫേസ് ബുക്കിലോ തെരുവിലോ പറയാൻ പാടില്ല... അപ്പോഴും അച്ചൻ പറയും സഭാനിയമം അനുവദിക്കുന്നില്ല... അച്ചടക്കമുള്ള വിശ്വാസിയാണ് സഭയുടെ കരുത്തെന്ന്... അച്ചടക്കമില്ലാതെ ഒരു സഭയ്ക്കും വളരാനാകില്ല... എന്നൊക്കെ... ഇത് ഒരു സാമൂഹിക പ്രശ്നമാണ്... ഒരു കുട്ടിയെ പീഡിപ്പിച്ച വിഷയം... ഞാൻ പ്രതികരിക്കും...

അച്ചൻ നയം വ്യക്തമാക്കി... സഭയോ സഭയിലെ പുരോഹിതരോ അല്ലെങ്കിൽ മറ്റ് വിശ്വാസികളോ ഉൾപ്പെടുന്ന ഏത് വിഷയവും സഭാനിയമം അനുസരിച്ചേ ചർച്ച ചെയ്യാനാകൂ... സഭയ്ക്ക് പ്രതികൂലമാകുന്ന ഒരു വിഷയവും പരസ്യ ചർച്ചയ്ക്ക് ഒരു വിശ്വാസിയും ഒരുമ്പെടരുത്. അതേ സമയം സഭാതാല്പര്യം ഇല്ലാത്ത ഏതൊരു വിഷയത്തിലും നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം ഏതൊരു വേദിയിലും ഉന്നയിക്കാം... ബാല പീഡനം തടയുകയെന്ന സഭയുടെ കർക്കശ്ശമായ നിലപാടിനോട് ചേർന്ന് നിന്ന് ഏതോ ശാന്തി ഏതോ ഒരു കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കാമല്ലോ... അച്ചടക്കമെന്ന സഭാനിയമം സഭാതാല്പര്യമുള്ള വിഷയത്തിൽ മാത്രമാണ് ബാധകം... മനസിലായില്ലേ... അതിൽ ഭീക്ഷണിയുടെ സ്വരമുണ്ടായിരുന്നു... അങ്ങനെ വിശ്വാസികൾക്ക് പറയാനുള്ളത് പറയാനുള്ള യോഗം തീർന്നതായി മനസിലായി... അച്ചൻ എന്തോ പിറുപിറുത്ത് പ്രാർത്ഥന നടത്തി... വിശ്വാസികളെല്ലാവരും ആമേൻ...

അച്ചടക്കം പാലിക്കാത്തവർക്ക് സഭയിൽ സ്ഥാനമില്ല എന്നതും സത്യമായതുകൊണ്ട് ഹാളിൽ നിന്നിറങ്ങി നേരെ പോത്തിറച്ചി വാങ്ങനായി കവലയിലേക്ക്... അന്നുച്ചയ്ക്ക് പോത്തിറച്ചി കൂട്ടി കുറച്ചധികം ചോറുണ്ടു... വിരല് നക്കിയപ്പോഴും പേരറിയാത്ത ആ കുട്ടിയുടെ മുഖവും പേരും എനിക്ക് നല്ല തിട്ടമുണ്ട്...

അധികാരം പിടിച്ചടക്കിയവരുടെ കയ്യിലുള്ള കൊടുവാളാണ്... അച്ചടക്കം... അതേ നാവടപ്പിക്കാനുള്ളത്... ആരും ചോദ്യം ചെയ്യരുത്... അകത്തുയരുന്ന ചോദ്യങ്ങൾ ഓരോന്നായി വെട്ടി വീഴ്ത്താൻ സൗകര്യവും... എങ്ങനെ വേണമെങ്കിലും വളയ്ക്കാം... മാത്രമല്ല... ന്യുനപക്ഷത്തിന്റെ ശബ്ദം വെളിയിലും വരില്ല... സുഖം സുഖപ്രഥം...

വാൽകക്ഷണം... പാർട്ടികൾ പൊക്കികൊണ്ടു നടക്കുന്ന "അച്ചടക്കം" സഭയിലും നടപാക്കിയാൽ... ഇങ്ങനെയല്ലേ ഒല്ലൂര് നടന്ന ബാലപീഡനം ഒതുക്കുക...