Wednesday, 21 April 2010

“ശല്ല്യക്കാരനായ” നവാബിനെ ഓർക്കുമ്പോൾ....

1950-ഇൽ പയന്നൂരിൽ കുഞ്ഞിരാമ പൊതുവാളിന്റെയും ഭാർഗവിയമ്മയുടെയും മകനായി ജനിച്ച ടി.എ രാജേന്ദ്രൻ, നവാബ്‌ ദിനപത്രത്തിലൂടെ മലയാളികളുടെ നവാബായി വളർന്നു. മറ്റു ചിലർക്ക്‌ ശല്ല്യക്കാരനും!

“അടിയന്തരാവസ്ഥ ഫെയിം” കരുണാകരനും ജയറാം പടിക്കലും ചേർന്ന്‌ നവാബിന്റെ പത്രപ്രവർത്തന ജീവിതം തകർത്തുകളഞ്ഞു. പത്രം ഇല്ലാതാക്കിയെങ്ങിലും നവാബിനെ ഇല്ലാതാക്കുവാൻ “ലീഡർ”ക്കായില്ല എന്ന്‌ മാത്രമല്ല, നവാബ് പൊതു താല്പര്യ ഹർജിയിലൂടെ കേരളത്തിൽ മുഴുവനായും പ്രത്യേകിച്ച്‌ കോടതി വരാന്തകളിലും സ്ഥിരം സഞ്ചാരിയായി നിറഞ്ഞു നിന്നു. പ്രായം തികയാത്ത മകളെ വിവാഹം ചെയ്ത്‌ കൊടുത്ത എം.പി. ഗംഗാധരന്റെ മന്ത്രി പണി പോയതും നവാബിന്റെ പൊതു താല്പര്യ ഹർജിയിലൂടെയാണ്‌, സ്ഥിരമായി കരുണാകരനെ തോണ്ടുകയും ചെയ്തിരുന്നു.

കാൻസർ നവാബിനെ കീഴടക്കുകയും 2003 ഒക്‌ടോബർ 10 ന്‌ നമ്മുടെ സ്വന്തം നവാബ്‌ ഒരു കൊച്ചു സ്വപ്നം മാത്രം ബാക്കിവെച്ചിട്ട്‌ യാത്ര പറഞ്ഞു, എന്നന്നേയ്‌ക്കുമായി.......  കൂടിയാൽ ഒരു വർഷത്തിനുള്ളിൽ സഫലിക്കരിക്കാമായിരുന്ന ഒരു സ്വപ്നം പൂർത്തികരിക്കുന്നതിന്‌ നാം 10 വർഷം എടുത്തു. ഇതാണ്‌ യഥാർത്ഥ കേരള മോഡൽ! ഇടതു വലതു സർക്കാരുകൾ മാറി മാറി ഭരിച്ചു, പക്ഷെ സ്വപ്നം സ്വപ്നമാത്രമായി അവശേഷിച്ചു. അവസാനം സ്വപ്നം നാളെ യാഥാർത്ഥ്യമാകുന്നു. ഏപ്രിൽ 21, 2010 രാവിലെ 11 മണിക്ക്‌ എറുണാകുളം ജനറൽ ആശുപത്രിയിൽ, ജസ്റ്റീസ്‌ വി.ആർ. കൃഷ്ണയ്യർ ഉൽഘാടനം ചെയ്യുന്നു, ചടങ്ങിൽ എറുണാകുളം ജില്ലാ കളക്ടർ അദ്ധ്യക്ഷത വഹിക്കും.

മാനവസേവ പുരസ്കാരത്തിനോടൊപ്പം നവാബിന്‌ കിട്ടിയ രണ്ട് ലക്ഷം രൂപ അദ്ധേഹം തന്നെ ഒരു സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി നീക്കിവെയ്‌ക്കുകയായിരുന്നു. ഇതിനായി മാനവസേവാ സമിതി ഒരു ട്രസ്റ്റ്‌ രൂപികരിച്ച് 7.86 ലക്ഷം രൂപ സമാഹരിച്ച്‌ മുന്നോട്ട്‌പോയി. 21 ലക്ഷം രൂപ എം.പി ഫണ്ടിൽ നിന്ന്‌ സെബാസ്റ്റ്യൻ പോൾ നൽകുകയും റോട്ടറി ക്ലബ് (കൊച്ചി മിഡ് ടൗൺ) ഇന്റെ സഹായത്തോടെ നവാബിന്റെ സ്വപ്നം പൂർത്തികരിച്ചു. ഇതിൽ സഹകരിച്ച എല്ലാവർക്കും കാക്കരയുടെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. കൂടാതെ ഇതിന്റെ മുൻനിരയിൽ പ്രവർത്തിച്ച മാനവസേവ ട്രസ്റ്റ് ചെയർമാനും പത്രപ്രവർത്തകനുമായ കെ.എം.റോയിക്കും.

നവാബിന്റെ സ്വപ്നം ഉൽഘാടനം ചെയ്യുന്നതിന്‌ വി.ആർ. കൃഷ്ണയ്യർ എന്തുകൊണ്ടും അനുയോജ്യനാണ്‌ എന്നതും ഇത്തരുണത്തിൽ ചൂണ്ടികാണിക്കട്ടെ. 1980 ന്‌ മുൻപ്‌ പൊതുതാല്പര്യ ഹർജികൾ സമർപ്പിക്കുവാൻ സാധിക്കുമായിരുന്നില്ല. സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു കാര്യത്തിന്‌ വേണ്ടി കേസിനാസ്പദമായ സംഭവം നേരിട്ട്‌ ബാധിക്കാത്ത ഏതൊരു വ്യക്തിക്കും കോടതിയെ സമിപിക്കാവുന്ന പൊതുതാല്പര്യ ഹർജികൽ സമർപ്പിക്കാം എന്ന നിയമം നടപ്പിലായതിന്‌ ശേഷം അങ്ങനെയുള്ള ഒരു ഹർജി ആദ്യമായി സ്വ​‍ീകരിച്ചത്‌ ജുസ്റ്റീസുമാരായ വി. ആർ. കൃഷ്ണയ്യരും പി. എൻ. ഭഗവതിയും കൂടിയായിരുന്നു.

നീണ്ട 10 വർഷം എടുത്ത്‌ പൂർത്തികരിച്ച നവാബിന്റെ സ്വപ്നമെന്തായിരുന്നു?

ഒരു മോർച്ചറി! അതും സർക്കാർ ആശുപത്രിയിൽ! എറുണാകുളം ജനറൽ ആശുപത്രിയിൽ.  മരിച്ചുകഴിഞ്ഞവരുടെ ശരീരം ചീഞ്ഞളിയാതെ പോസ്റ്റ്മോർട്ടം നടത്തി വേണ്ടപ്പെട്ടവർക്ക്‌ ശരീരം നൽകുവാനുള്ള ഒരു സംവിധാനമെങ്ങിലും ഒരു സ്വപ്നമായി കൊണ്ടുനടന്ന നവാബ്‌ നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ നേതാക്കളെക്കാൾ എത്രയോ ഉയരെയാണ്‌.

ജനാധിപത്യവും നിയമവ്യവസ്ഥയും അനുവദിച്ചിരുന്ന വഴികളിലൂടെ നമുക്ക്‌ വേണ്ടി പട പൊരുതിയ നവാബിന്റെ സ്വപ്നം സാക്ഷൽകരിക്കുന്നതിന്‌ 10 വർഷമെടുത്തു. ഇ.എം.സിന്റെയോ രാജിവ് ഗാന്ധിയുടെയോ പേരിലുള്ള ഒരു പദ്ധതിയായിരുന്നുവെങ്ങിൽ എത്ര ഉദാരമായിരിക്കും സർക്കാരുകളുടെ ഫണ്ട് വകയിരുത്തൽ! സിംഹാസനങ്ങളിൽ കയറിയവർക്ക്‌ നവാബ്‌ ഒരു ശല്യക്കാരനായിരുന്നു, ഒരു ശല്ല്യക്കാരന്റെ സ്വപ്നമോ, ആര്‌ ഗൗനിക്കുന്നു...

നവാബ് മൂലം എറുണാകുളം ജനറൽ ആശുപത്രിയിൽ ഒരേസമയം മൂന്ന്‌ ശവശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനും 20 ശവശരീരം സൂക്ഷിച്ചുവെയ്ക്കുവാനുമുള്ള സൗകര്യത്തോടെ ഒരു ആധുനിക മോർച്ചറി. നവാബിന്റെ സ്വപ്നം മാറ്റി നിറുത്തിയാൽ തന്നെ പ്രഥമ പരിഗണന നൽകി നടപ്പില്ലാക്കേണ്ട ആശുപത്രി വികസനം, പത്ത്‌ വർഷം കാലതാമസം! ഒരിക്കൽകൂടി പറയട്ടെ, ഇതാണ്‌ കേരള മോഡൽ വികസനം!

1980 കൾ മുതൽ പൊതുതാൽപര്യഹർജികളിലൂടെ നിരവധി പേർ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമാണിമാരെ പോസ്റ്റ്മോർട്ടം ചെയ്യുന്നു. അതെ, അത്‌ തന്നെയാണ്‌ നവാബ്‌ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള മോർച്ചറി നമുക്കായി തന്നിട്ട്‌ മൺമറഞ്ഞത്‌. നവാബ്‌ നിറുത്തിയിടത്തുനിന്ന്‌ നാം തുടങ്ങണം. നമുക്ക്‌ കൂട്ടിനായി 2005 ഇൽ നിലവിൽ വന്ന വിവരവകാശനിയമവുമുണ്ട്‌, നവാബിനില്ലാതിരുന്നത്‌....

വാൽകഷണം....

“ലീഡറുടെ” രാഷ്ട്രീയ ജീവിതത്തിന്‌ കരിനിഴൽ വീഴ്ത്താൻ നവാബിനായില്ല. മകനുള്ളപ്പോൾ കൊള്ളി വെയ്ക്കേണ്ടത്‌ മകനല്ലെ, അതെങ്ങനെ നവാബ് ചെയ്യും?

Thursday, 15 April 2010

ഇന്ത്യൻ ജനാധിപത്യവും കോൺഗ്രസ്സും....

ഹാവു സമാധാനമായി....
യാതൊരുവിധ പാർട്ടിപ്രവർത്തനവുമില്ലാതെ ബോൺസായി അവസ്ഥയിൽ എത്തിയ കോൺഗ്രസ്സിന്‌ പുതുജീവൻ നല്കികൊണ്ട്‌ ഗ്രൂപ്പ് പ്രവർത്തനം തുടങ്ങിയെന്നത്‌ തന്നെ ഒരു ശുഭസൂചകമായി തോന്നുന്നു. ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പും തൊട്ടു പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പും കണ്മുന്നിൽ വന്നെത്തിയിട്ടും, എവിടെ ഖദറുടുത്ത കോൺഗ്രസ്സുകാർ എന്ന ചോദ്യത്തിന്‌ അറുതിയായി... പാർട്ടി പ്രവർത്തനമെന്നാൽ ഗ്രൂപ്പ്‌ പ്രവർത്തനം, അത്ര തന്നെ.

ഇടതന്മാർ ഒരിക്കലും മുഖ്യമന്ത്രിയെ ചൂണ്ടി തിരഞ്ഞെടുപ്പിൽ മൽസരിക്കാറില്ല (മറിച്ചുള്ളത്‌ സിൻഡിക്കേറ്റും!) , പക്ഷെ വലതന്മാർ അങ്ങനെയല്ല... മുഖ്യമന്ത്രിയെ കണ്ടാലെ വോട്ട്‌ ചെയ്യു. ചെന്നിത്തലക്ക്‌ അത്‌ നന്നായി അറിയാം. കാര്യം പറഞ്ഞാൽ, ഏത്‌ രവിക്കും മനസിലാവും. രവി സമ്മതിച്ചു.... പഴയ ഗർജിക്കുന്ന സിംഹം മുഖ്യമന്ത്രിക്കുപ്പായത്തിലും. പണ്ട്‌ കരുണാകരന്റെ തോളിൽ കയറി ആന്റണിയെ മലർത്തിയടിച്ച പാരമ്പര്യവുമുണ്ട്‌.

പറഞ്ഞ്‌ വന്നത്‌ ഗ്രൂപ്പിസം.... യൂത്തിലൂടെ ഗ്രൂപ്പ്‌ വളർത്തി പാർട്ടിയെ മൊത്തത്തിൽ വളർത്തുകയാണ്‌ ഇവരുടെ ലക്ഷ്യം. ഇപ്പോഴത്തെ യൂത്തന്മാർ അവരുടെ ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പ്‌ യൂത്ത്‌ കോൺഗ്രസ്സിൽ കണ്ടിട്ടില്ല. അസൂയാലുക്കൽ പറയുന്നത്‌ 30 വർഷമായി സമവായവും നോമിനേഷനുമായി ജനാധിപത്യം കാത്തുസൂക്ഷിക്കുന്നു. ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോൾ തർക്കമുണ്ടെങ്ങിലല്ലെ വോട്ടിംഗിന്റെ ആവശ്യമുള്ളു. ഇതാണ്‌ ഒത്തൊരുമ്മ... ഒലക്കയില്ലെ ഒരുമ്മ. മൂന്ന്‌ പതിറ്റാണ്ടായി ഒരു തർക്കവും യൂത്തന്മാരിലില്ല. ഓരോ സ്ഥാനത്തിനും ഒരാൾ മാത്രം എഴുന്നേറ്റ്‌ നില്ക്കും എല്ലാവരും കസേരയുടെ കാലുകളൊടിച്ച്‌.... പാസ്സാക്കും. ഹല്ല പിന്നെ.... കേരളത്തിൽ ഒഴിവ്‌ വന്ന 3 രാജ്യസഭ സീറ്റിലേക്ക്‌ മൂന്ന്‌ പേർ മാത്രം പത്രിക നല്കി, വോട്ടിംഗില്ലാതെ അവരെ വിജയികളായി പ്രഖ്യാപിച്ചില്ലെ? അതു തന്നെ ഇത്‌....


തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുക... പിന്നാലെ സമവായം തിരഞ്ഞെടുപ്പ്‌ രീതിയായി തീർച്ചപ്പെടുത്തുക... സംശയം ആർക്കുമില്ല... യൂത്തന്മാർക്ക്‌ അർഹ്മായ സ്ഥാനം കിട്ടിയിലെങ്ങിൽ മൽസരിക്കും! അർഹമായ സ്ഥാനമെത്ര? അങ്ങനെയൊന്നുമില്ല... അല്ലെ? നല്ല വീര്യം. ചെറുപ്പക്കാർക്ക്‌ അല്പം ഉശീരും ചോരത്തിളപ്പുമൊക്കെയുണ്ടാകുമെന്ന്‌ ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു. അത്‌ ഇപ്പോൾ മാറി കിട്ടി. നല്ല പ്രായത്തിൽ ആന്റണി, സുധീരൻ, രവി തുടങ്ങിയ K.S.U പിള്ളേർ കേരളത്തിലും കോൺഗ്രസ്സിലും ചലനം സ്രിഷ്ടിച്ചിരുന്നു . ലിജുവും കുട്ടികളും എന്ത്‌ ചെയ്യുന്നു? കേരളീയ സമൂഹത്തെ ബാധിക്കുന്ന ഏതെങ്ങിലും ഒരു വിഷയത്തിൽ നിങ്ങളുടെ അഭിപ്രായമെന്താണ്‌. ഖദറുടുത്താൽ യൂത്തന്മാരാവില്ല. യോജിച്ചാലും ഇല്ലെങ്ങിലും ദിനം പ്രതി എസ്.എഫ്.ഐ / ഡി.വൈ.എഫ്.ഐ സഖാക്കളുടെ വാക്കുകൾ മലയാളികൾ ശ്രവിക്കുന്നു. നിങ്ങളെ വല്ലവരും ശ്രദ്ധിക്കുന്നുണ്ടോ?

ഇതൊക്കെ നിങ്ങളുടെ കാര്യം. പട്ടിക്ക്‌ മീശ മുളച്ചാൽ ബാർബർക്കെന്ത്!

ജനാധിപത്യം സംരക്ഷിക്കാൻ കോടികൾ മുടക്കുന്ന നമുക്ക്‌ പാർട്ടികളിൽ ജനാധിപത്യം സംരക്ഷിക്കാൻ ബാധ്യതയില്ലേ? സത്യത്തിൽ, ജാനാധിപത്യബോധമില്ലാത്ത രാഷ്ട്രീയപാർട്ടികൾ നമ്മളെ ഭരിക്കുമ്പോൾ ഇന്ത്യയിൽ ജനാധിപത്യമുണ്ടെന്ന്‌ നമ്മളെങ്ങനെ അവകാശപ്പെടും? പാർട്ടികളുടെ ശിഥിലികരണം മുതൽ ഉന്നതങ്ങളിലെ ഉപജാപങ്ങൾ വരെ ഇന്ത്യൻ ജനാധിപത്യത്തെ ദുഷിപ്പിക്കുന്നുണ്ടെങ്ങിൽ, അതിന്റെ മൂലകാരണം രാഷ്ട്രീയ പാർട്ടികളിൽ ജനാധിപത്യമില്ല എന്നത് തന്നെ. ജനാധിപത്യം കാത്ത്‌ സൂക്ഷിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ അംഗികാരം റദ്ദ്‌ ചെയാനുള്ള അധികാരം ജനാധിപത്യത്തിൽ നിർവചിക്കണമോ?

Saturday, 10 April 2010

ചരിത്രത്തിലേക്ക്‌ കുതിച്ചുയർന്ന ദന്തേവാഡ

26/08 ന്‌ ശേഷം ഇന്ത്യൻ ദേശീയത സടകുടഞ്ഞെഴുന്നേറ്റു. പരസ്പരം വിഴുപ്പലക്കുകളുണ്ടായെങ്ങിലും ഭീകരവാദത്തെ, അതിർത്തിക്കപ്പുറത്തുനിന്നായാലും ഇപ്പുറത്തുനിന്നായാലും, നമ്മുടെ മണ്ണിൽ നിന്ന്‌ തുടച്ച്‌ നീക്കണമെന്ന കാര്യത്തിൽ നാമെല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുന്നു. സ്വബോധമുള്ള ഒരാൾക്കും ഈ ഭീകരവാദത്തെ ഒരു വിധത്തിലും ന്യായികരിക്കാൻ പറ്റുന്നില്ല. കാരണം വളരെ ലളിതം, സ്വബോധമുള്ള ആരേയും പറഞ്ഞു മനസ്സിലാക്കാനുള്ള ഒരു കാരണവും മുംബൈ ഭീകരർക്കില്ല എന്നത്‌ തന്നെ.


ദന്തേവാഡയിലേക്ക്‌ വരു....

76 C.R.P.F ജവാന്മാരെ കൂട്ടക്കൊല ചെയ്ത ദന്തേവാഡ നമ്മുടെ കൺമുന്നിലുണ്ടായിട്ടും മാവോവാദികളെ ഉന്മൂലനം ചെയ്യണം അല്ലെങ്ങിൽ അവർക്ക്‌ വെള്ളവും വളവും നല്കുന്ന ആദിവാസികളെയും അതിദരിദ്രരേയും ഒരു പാഠം പഠിപ്പിക്കണമെന്ന ഒരു ചിന്തധാര ഇന്ത്യൻ പൊതു സമൂഹത്തിന്റെ മുന്നിലേക്ക്‌ വരുന്നില്ല. ജവാന്മാരെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റുകളുടെ നടപടി ക്രൂരമാണെന്ന്‌ പറയുന്ന അതേ ശ്വാസത്തിൽതന്നെ നമുക്ക്‌ പറയേണ്ടി വരുന്നില്ലേ ഈ മേഖലയിൽ മവോയിസ്റ്റുകൾ സമാന്തരഭരണം നടത്തുന്നുണ്ടെങ്ങിൽ അല്ലെങ്ങിൽ മാവോയിസ്റ്റുകൾക്ക്‌ സ്വാധീനം വർദ്ധിക്കുന്നുണ്ടെങ്ങിൽ അതിന്റെ മുഖ്യകാരണം അവിടത്തെ പിന്നോക്കാവസ്ഥയാണ്‌, ചൂക്ഷണമാണ്‌, അങ്ങനെ എന്തെല്ലാം കാരണങ്ങൾ... അത്‌ തന്നെയല്ലെ നമ്മുടെ കുറ്റസമ്മതം... മവോയിസ്റ്റുകൾക്കെതിരെയുള്ള നമ്മുടെ നീക്കമല്ല പിഴച്ചത്‌, ദരിദ്രവിഭാഗങ്ങളെ മവോയിസ്റ്റുകളുടെ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞ 62 വർഷങ്ങളാണ്‌ പിഴച്ചത്‌. ചിദംബരത്തിനല്ല പിഴച്ചത്‌, അതിനാൽ തന്നെ ചിദംബരം രാജി വെയ്‌ക്കേണ്ടതില്ല. ചിദംബരം രാജിവെച്ചാൽ മറ്റൊരു ചിദംബരം!

ഒരു വീരപ്പനെ കൊന്ന്‌ സത്യമംഗലം കാടുകളിൽ അധികാരം വീണ്ടെടുക്കുവാൻ അനേകം മനുഷ്യ ജീവനുകൾ നാം ബലി കൊടുത്തു. കോടികണക്കിന്‌ രൂപ കാട്ടിലെറിഞ്ഞു, എത്ര വർഷങ്ങൾ. അവസാനം നാം വിജയിച്ചു. അതെ നാം ശക്തർ തന്നെ നമ്മുടെ ശക്തിയിൽ നമുക്ക്‌ അഭിമാനിക്കാം പക്ഷെ ഇവിടെ ആർക്കെതിരെ? വീരപ്പന്റെ ലക്ഷ്യമല്ല മാവോയിസ്റ്റുകളുടെ. സത്യമംഗലം കാടുകളല്ല ചുവന്ന ഇടനാഴി, ഏകദേശം 40% ഇന്ത്യൻ പ്രദേശം. പല ജില്ലകളിലും ശക്തർ...

ബംഗാളിലെ മാവോയിസ്റ്റ് പ്രതിക്ഷേധത്തിനും അക്രമങ്ങൾക്കും മമതയെ പ്രതി സ്ഥാനത്ത്‌ നിറുത്താം പക്ഷെ ബംഗാളിന്‌ പുറത്തെ മാവോയിസ്റ്റുകളെ ഏത്‌ ഗണത്തിൽപ്പെടുത്തും? ലിങ്കുകൾ നേപ്പാളിലേക്കും ചൈനയിലേക്ക്‌ വരെ വലിച്ച്‌ നീട്ടാം? പക്ഷെ സത്യമെന്താണ്‌? ജനാധിപത്യത്തിലും മുഖ്യധാര ഇടതുപക്ഷപാർട്ടികളിലും വിശ്വാസം നഷ്ടപ്പെട്ട അതിതീവ്ര ഇടതുപക്ഷമല്ലെ മാവോയിസ്റ്റുകൾ?. മുഖ്യധാര ഇടതുപക്ഷത്തേക്കാൾ “ഇടതായ” ഇടതുപക്ഷം. വലതു പക്ഷത്തേക്ക്‌ കൂടുതൽ ചരിഞ്ഞിരിക്കുന്നതുകൊണ്ടാണോയെന്നറിയില്ല S.R.P യ്ക്ക്‌ മാവോയിസ്റ്റുകൾ ഇടതുപക്ഷമല്ലാതായത്‌! അതുകൊണ്ട്‌ തന്നെയാണ്‌ ആദിവാസികൾക്കും മാവോയിസ്റ്റുകൾക്കും കമ്യുണിസ്റ്റ്പാർട്ടികൾ വലതുപക്ഷമായത്‌.

വയനാടൻ കുന്നുകളിലെ വെടിയൊച്ചകൾ നിലച്ചു, ഗർജ്ജിച്ചവർ പ്രായത്തിന്റെ പക്വതയിലോ നിലനില്പ്പിന്റെ പ്രായോഗികതയിലോ കളം മാറി ചവിട്ടിയിരിക്കുന്നു. പുതിയ രക്ഷകർ ഉദയം ചെയ്തിരിക്കുന്നു. വയനാടൻ കുന്നുകളിലെ കണ്ണീരിന്റെ ഉപ്പുരസവും തളരാത്ത ആത്മവീര്യവും ബാക്കിയുള്ള പുതിയ പോരാളികൾ പുതിയ സംരക്ഷകരുടെ കീഴിൽ അവകാശപ്രഖ്യാപനം നടത്തുന്നു. ആദിവാസിമേഖലകളും മറ്റ്‌ പിന്നോക്കപ്രദേശങ്ങളും നിലനില്പ്പിന്റെ മറ്റൊരു യുദ്ധത്തിനായി കാതോർക്കുന്നു. ദന്തേവാഡയിൽ നിന്ന്‌ പാഠമുൾക്കൊണ്ട് ആദിവാസികൾക്ക്‌ നഷ്ടപ്പെട്ട ഭുമി ജൂലൈ 31 ന്‌ മുൻപ്‌ തിരിച്ച് നൽകാനുള്ള സുപ്രിംകോടതിയുടെ വിധിയെ സമീപിച്ചാൽ കേരളമോഡൽ പരിഹാരം ചിദംബരം കണ്ടുപഠിക്കും.

നമുക്ക്‌വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാർക്ക്‌ മുൻപിൽ കാക്കരയും തലകുനിക്കുന്നു...

വാൽ കഷണം...

വയനാടൻ കാടുകളിൽ കേട്ട നക്സൽ ഗാഥകളും പോലിസിന്റെ വേട്ടകളും കേരളം ഓർക്കാൻ ഇഷ്ടപ്പെടാത്ത കാലത്തിന്റെ ഏടുകൾ... കാലത്തിന്റെ നിശ്ച്ചയംപോലെ ദന്തേവാഡയിലെ ദുരന്തം മാധ്യമങ്ങളിൽ നിറയുന്ന സമയത്ത്‌ തന്നെ നക്സൽ വർഗീസിന്റെ മരണം ഏറ്റുമുട്ടലിലാണൊ അതോ രാമചന്ദ്രൻ നായർ പറയുന്നതുപോലെ ലക്ഷ്മണയുടെ ഭീക്ഷണിക്ക്‌ വഴങ്ങി നിറയൊഴിച്ചതാണോ? നമുക്ക്‌ അല്പം കാത്തിരിക്കം, സത്യം പുറത്ത്‌ വരട്ടെ. കേരളം കണ്ട “ഏറ്റവും നല്ല മുഖ്യമന്ത്രിയായി” അച്യുതമേനോൻ വിലസുമ്പോൽ അദ്ധേഹത്തിന്റെ കീഴിൽ എങ്ങനെ കരുണാകരൻ “ഭീകരനായ ആഭ്യന്തമന്ത്രിയായി”? ചരിത്രം ഒരിക്കലും പൂർണസത്യമല്ലായെന്ന്‌ ഒരിക്കൽകൂടി തെളിയിക്കുന്നു!