Wednesday, 11 February 2015

കമ്യൂണിസവും മാർക്സിസവും അലമാരയിൽ ഇരിക്കട്ടെ...

പ്രിയപ്പെട്ട കാരാട്ട് സഖാവെ...

ഡൽഹിയിൽ തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞപ്പോൾ... സി.പി.എം.-സി.പി.ഐ തുടങ്ങിയ വിപ്ലവ പാർട്ടികളുടെ വോട്ട് നില പരിശോധിച്ചു... നമ്മുടെ നില അത്ര മോശമല്ല... ചില മണ്ഡലങ്ങൾ ആയിരത്തിലധികം വോട്ടുകൾ പിടിച്ചിട്ടുണ്ട്... മറ്റ് ചിലയിടത്ത് 500 വോട്ടും... നമുക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ, നമ്മുടെ വോട്ട് ആപ്പിന് നൽകിയതുകൊണ്ട് ഒരു വോട്ട് കിട്ടി രണ്ട് വോട്ട് കിട്ടി എന്ന കണക്കൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസ്താവിക്കേണ്ടി വന്നില്ല... മാത്രമല്ല... അങ്ങനെ വല്ലതും സംഭവിച്ചിരുന്നുവെങ്കിൽ, ഓണലൈൻ ലോകത്ത് ഞങ്ങൾക്ക് താത്വികങ്ങളുമായി ജീവിക്കാനുമാകുമായിരുന്നില്ല... മാർക്സ് ദൈവം ഞങ്ങളെ കാത്തു...

കമ്യൂണിസവും മാർക്സിസവും ഇന്ത്യയിൽ വേര് പിടിക്കുന്നില്ല... പിന്നെ എവിടെയാണ് വേര് പിടിക്കുന്നതെന്ന് എന്നോട് ചോദിക്കണ്ട... ഗൂഗിളിൽ തിരഞ്ഞാൽ മതി... ഇല്ലെങ്കിൽ ഇല്ല... അത്രതന്നെ... ത്രിപുരയിലും ബംഗാളിലും കേരളത്തിലുമാണ് നമ്മുടെ ആശയങ്ങൾക്ക് അല്പമെങ്കിലും സ്വാധീനമുള്ളത്... അതുപോലും പ്രത്യേയശാസ്ത്ര താത്വികങ്ങൾ കണ്ട് പഠിച്ച് ഈ പാർട്ടിയിൽ നില നിൽക്കുന്നവരുമല്ല... പാവങ്ങൾക്കായുള്ള ഒരു പാർട്ടി... തൊഴിലാളികൾക്കായുള്ള ഒരു പാർട്ടി... ഒരു ഇടതുപക്ഷ പാർട്ടി... ജനങ്ങളിലിറങ്ങിയുള്ള രാഷ്ട്രീയപ്രവർത്തനം ഇതൊക്കെയായിരുന്നു സ്വധീനഘടകങ്ങൾ...

ലോകരാജ്യങ്ങളിൽ നിന്ന് കമ്യൂണിസം പാടെ തൂത്തെറിയപ്പെട്ടിട്ടുണ്ട്... ചൈനയിലൊക്കെ മുതലാളിത്തമാണ്... ഏയ്... അങ്ങനെയല്ല അവിടെ കമ്യൂണിസം ഉണ്ടെന്ന് കേരളത്തിലെ പാർട്ടിയിൽ നിന്ന് ചൈനയിൽ പോയി വരുന്നവർ പറയുന്നുണ്ട്... അതിന്റെ തെളിവായി ചുവന്ന കൊടിയുടെ പടവുമൊക്കെ ഞാനും കണ്ടിട്ടുണ്ട്...

പറഞ്ഞുവന്നത്, മുതലാളിത്തവും ജനാധിപത്യവും നിലനിൽക്കുന്ന കാലത്തോളം ഇടതുപക്ഷ ആശയങ്ങൾക്ക് എന്നും പ്രസക്തിയുണ്ട്... ചില രാജ്യങ്ങളിൽ അത്തരം പാർട്ടികൾ വിജയിക്കുമ്പോൾ, ദേ... ഇടതുപക്ഷം തിരിച്ച് വരുന്നുവെന്ന് പറഞ്ഞ് ഓണലൈൻ പി.ബി.ക്കാർ ആശ്വാസം കണ്ടെത്തും... അങ്ങനെ എന്തുകൊണ്ട് ഇന്ത്യയിലായിക്കൂട... ഇന്ത്യയിൽ അതിന് പ്രസക്തി വർദ്ധിക്കുന്ന കാലമാണ് കടന്നുപോകുന്നത്... പട്ടിണി-പാവങ്ങളും മധ്യവർഗ്ഗം (രണ്ടായി തിരിച്ചാൽ, അതിലെ താഴെയുള്ള വർഗ്ഗം) അവരെയൊക്കെ അവരുടെ അടിസ്ഥാന പ്രശ്നമായ അഴിമതി-ഭക്ഷണം-വസ്ത്രം-പാർപ്പിടം-കക്കൂസ്-വെള്ളം-വെളിച്ചംഎന്നതിലൂടെ ഇടതുപക്ഷാശയത്തിന് സ്വാധിനിക്കാനാകും... അതായിരുന്നു ആപ്പിന്റെ തുറുപ്പ് ചീട്ട്... പക്ഷേ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സാധിക്കുന്നില്ലല്ലോ... നമ്മളും പാവങ്ങൾക്കായി വായിട്ടലയ്ക്കുന്നില്ലേ... അതുപറഞ്ഞ് ഒരു ഭാരത ഹർത്താൽ തന്നെ നടത്തിയേക്കാം... കലികാലം തന്നെ...

ഒരു ഡെമോക്രാറ്റിക്-സോഷ്യലിസ്റ്റ്-സെക്യുലർ പാർട്ടിക്ക് ഇന്ത്യയിൽ വളരെയധികം സ്പേസുണ്ട്... അതായിരിക്കണം ഇടതുപാർട്ടികൾ ലക്ഷ്യം വെയ്ക്കേണ്ടത്... ആദ്യം ചെയ്യേണ്ടത്, ഇന്ത്യൻ ഡെമോക്രാറ്റിക്- സോഷ്യലിസ്റ്റ്-സെക്യുലർ പാർട്ടിക്ക് രൂപം നൽകുകയാണ്... കമ്യൂണിസവും മാർക്സിസവും അലമാരയിൽ ഒരു റഫറൻസായി ഇരിക്കട്ടെ... പുതിയകാലത്ത് പുതിയ തന്ത്രങ്ങൾ... ലെനിനിസവും സ്റ്റാലിനിസവും സാധാരണ ജനത്തിന് മനസിലാകാത്ത പ്രത്യേയ‌ശാസ്ത്ര അധരവ്യായാമവും വഴി ജനാധിപത്യ ഇന്ത്യയിൽ വിപ്ലവം ഒന്നും കൊണ്ടുവരാനാകില്ലല്ലോ... വിപ്ലവം നമ്മളും മാറ്റി വെച്ചതല്ലേ... എന്നാൽ പിന്നെ അതിന്റെ കൂടെ പഴകി തേഞ്ഞ് മൂർച്ച പോയ ആ പേരുകൾ നമുക്കെന്തിനാണ്... ആത്യന്തികമായി നമുക്ക് പാവങ്ങളെ രക്ഷിച്ചാൽ പോരെ... അപ്പോൾ പിന്നെ അവരുടെ ഭാഷയിൽ നമുക്ക് സംസാരിക്കാം... പ്രത്യേയശാസ്ത്രത്തിന്റെ മുകളിൽ ഊർജ്ജം ചിലവാക്കേണ്ടതില്ലല്ലോ... ആയിരം വോട്ട് മാത്രം കിട്ടിയതുകൊണ്ട് നമുക്ക് അഹങ്കാരമൊന്നുമുണ്ടാകില്ല... എന്നാലും ഒരാഗ്രഹം... പതിനായിരമൊക്കെ...

എന്ന് 
ഡെമോക്രാറ്റിക്- സോഷ്യലിസ്റ്റ്-സെക്യുലർ വിശ്വാസികൾക്കു വേണ്ടി.
കാക്കര

വാൽകക്ഷണം... ഈ കത്ത് കിട്ടുമ്പോൾ... ആരടാ കാക്കര എന്ന് കാരാട്ട് സഖാവിന് സംശയമുണ്ടാകും... ബ്ലോഗിലോ-പ്ലസിലോ ഉള്ള പി.ബി. അംഗങ്ങളോട് ചോദിച്ചാൽ മതി... അവർ പറഞ്ഞുതരും... ഏയ് കാര്യമാക്കൊന്നും വേണ്ട... നമ്മളെ പോലെ വല്യേക്കാട്ടെ രാഷ്ട്രീയബോധമൊന്നുമില്ല... ദിനം പ്രതി കുറെ മണ്ടത്തരങ്ങൾ പോസ്റ്റുന്ന അരാഷ്ട്രീയനാണ്... വിട്ടേക്ക്...