Sunday, 15 January 2012

മേരാ പിശാബ് ബറാബറേ...

പ്രവാസലോകമെന്നാൽ അറബിനാടാകുന്നതിന് മുൻപ് ചെമ്പൂരും വിക്രോളിയും ധാരാവിയും ഹാജിമസ്ഥാനും ദാവൂദും ചുവന്ന തെരുവും ബോളിവുഡ് രാജാക്കന്മാരും പവാറും താക്കറയും ഡബാവാലകളും എല്ലാം അടങ്ങിയ നമ്മുടെ സ്വന്തം മുംബൈയിൽ...

ജോലിക്കായി പുറത്തുപോകുമ്പോഴുണ്ടാകുന്ന ചിലവുകൾ ഒരു സ്റ്റേറ്റ്മെന്റായി ആഴ്ച്ചയിലൊരിക്കൽ ഒരു ഹിന്ദിക്കാരി മാഡത്തിന് സമർപ്പിച്ച് പൈസ വസൂലാക്കുകയാണ് കമ്പനിയിലെ നടപ്പുരീതി...  മുംബൈയിൽ വന്ന് ഹിന്ദി കുറേശ്ശേ പഠിച്ചുതുടങ്ങുകയായിരുന്നു... ഏട്ടിലെ പശു പുല്ല് തിന്നുകയില്ലായെന്നതുപോലെ ക്ലാസിൽ പഠിച്ച ഹെ, ഹൈ, ഹും കൊണ്ട് മുംബൈയിലെ കഞ്ഞി വേവില്ലായെന്ന് മനസ്സിലായ കാലഘട്ടം... 

ണിം ണിം... മാഡം ഫോണെടുത്തു...

മാഡം, മേരാ സ്റ്റേറ്റ്മെന്റ് മാനേജർ സൈൻ കിയേകാ?

തേരാ ഹിസാബ്, ബറാബർ നയി...

നയീ? മേരാ പിശാബ് ബറാബറേ...

തൂ ക്യാ ബോൽത്തേ...

മേ  ക്യാ ബോൽത്തേ! മേ ബോൽത്തേ, മേരാ പിശാബ് ബറാബറെ... മാഡം ഉദർ പിശാബ് കർക്കേ ദേക്കോ...

അരേ ബാപ്പ്‌രേ... തൂ ക്യാ ബോൽത്തേ, തൂ പാഹലേക്കാ...

മെ പാഹൽ നയി, മെ അഭീ ഭി പിശാബ് കർക്കേ ദേക്കാ... മേരാ പിശാബ് ബറാബറെ...

പാഹൽ... പിശാബ് നയി ഹിസാബ്, ഹിസാബ്... ടിം...

ഹിസാബിന്റെ അർത്ഥമൊക്കെ പഠിച്ചുവെച്ചിട്ടുണ്ടായിരുന്നുവെങ്ങിലും കള്ളക്കണക്ക് പിടിക്കപ്പെടുവോയെന്ന ഭയം ഉള്ളതുകൊണ്ടായിരുന്നു ഫോൺ ചെയ്തപ്പോൾ ഹിസാബ് പിശാബിലേക്ക് വഴുതിയത്...

പിറ്റെ ദിവസം കമ്പനിയിലെ എല്ലാവർക്കും ഒരൊറ്റ ഭാവം... ജയറാമിന്റെ ഭാവം... ഒരോറ്റ ചോദ്യം...

ആയിയേ ആയിയേ, ആപ്കാ പിശാബ് ബറാബറേക്യ...

സന്തോഷ് പണ്ഡിറ്റിന്റെ ചങ്കൂറ്റത്തോടെ, വിളറിയ ചിരിയുമായി അവരെയൊക്കെ നേരിട്ട്, നേരെ മാഡത്തിന്റെ കാബിനിലേക്ക് രക്ഷപ്പെട്ടു... മാഡം ഒന്നു ചിരിച്ചു, പിന്നെ കാര്യത്തിലേക്ക്...

ആപ്കാ പൈസ...

എണ്ണി നോക്കിയപ്പോൾ പത്ത് രൂപ കൂടുതൽ... ഇതെന്തുപറ്റിയെന്ന മുഖഭാവത്തോടെ മാഡത്തെ നോക്കിയപ്പോൾ...

തേരാ പിശാബ് ബറാബറെ...

മാഡത്തിന്റെ ആക്കിയ ഡയലോഗിന്, കാക്കരയുടെ ആത്മഗതം ഇങ്ങനെയായിരുന്നു... കണക്കിൽ  അവിടേയും ഇവിടേയും കൂട്ടിയെഴുതി, രൂപ 150 ആണ് ഈയാഴ്ച്ചയിൽ അടിച്ചുമാറ്റിയത്... കാക്കരയോട് കളിക്കല്ലെ തള്ളേ...
...
മുൻകൂർ ജാമ്യം... ഈ കഥ എന്റെ കണക്കിലെഴുതിയെന്ന് മാത്രം...
ഹിസാബ് = കണക്ക്
പിശാബ് = മൂത്രം

Saturday, 14 January 2012

വി.എസും അത്താഴമുടക്കികളും...

വി.എസിനെതിരെയുള്ള ഭൂമിയിടപാടുമായി ബദ്ധപ്പെട്ട് നടക്കുന്ന കേസിൽ, ഒരു കുംഭകോണം അല്ലെങ്ങിൽ ബന്ധുവിന് വഴിവിട്ടസഹായം നൽകി തുടങ്ങിയതൊന്നും ആരോപിക്കാനുള്ളതോ ഗൂഢാലോചനയോ ഒന്നുംതന്നെ ഞാൻ കണ്ടില്ല... നിയമത്തിന്റെ നൂലാമാലയിൽ കിടന്ന് ഒരു മുൻസൈനീകന് ലഭിക്കേണ്ട ഭൂമി ഇനിയും വർഷങ്ങൾ നീണ്ടുപോകരുത്, അതിനാൽ മുഖ്യമന്ത്രിയെന്ന നിലയിൽ ഇടപ്പെട്ടു... ബന്ധുവായതിനാൽ വ്യക്തിപരമായി പലപ്പോഴും ഉയർത്തിപ്പിടുക്കുന്ന നിയമത്തിന്റെ നൂലാമാലകൾ ഉണ്ടാക്കേണ്ടയെന്നും കരുതികാണും... നിയമം കീറിമുറിച്ച് പ്രതിപക്ഷമാകാം പക്ഷേ നല്ല ഭരണാധികാരിയാവില്ലല്ലോ...

യു.ഡി.എഫ് ഭരിച്ചിറങ്ങുമ്പോൾ പിന്നാലെ വരുന്ന എൽ.ഡി.എഫ് സർക്കാർ ഇതുപോലെ കുറെ കേസുകൾ കുത്തിപ്പൊക്കാറുണ്ട്, ചിലത് ക്ലച്ച് പിടിക്കും, മറ്റുചിലത് ഒരു പുകമറ സൃഷ്ടിച്ചെടുക്കാൻ സാധിക്കും... ഇപ്പോൾ യു.ഡി.എഫും അതേ പാതയിൽ...

വി.എസ് ഒരു വിഗ്രഹമാണെന്ന് വിശ്വസിക്കുന്നവർക്ക് അങ്ങനെയാകാം, അങ്ങനെയല്ല രാഷ്ട്രീയത്തിൽ ഒരു പരിധിവരെ സംശുദ്ധി കാത്തുപരിപാലിച്ച ചുരുക്കം ചില രാഷ്ട്രീയക്കാരിൽ ഒരാളായി കണക്കാക്കണമെങ്ങിൽ, അച്യുതമേനോൻ, ആന്റണി, പി.കെ.വി എന്നിവരുടെ കൂടെ ഒരു കസേര കൊടുത്തിരുത്താം... പത്ത് വർഷത്തിനപ്പുറത്തും ഒരു വി.എസ് ഉണ്ടായിരുന്നു... വ്യക്തിവൈരാഗ്യത്തിൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലും വെട്ടിനിരത്തുന്നതിലും വി.എസ് പ്രത്യകശ്രദ്ധപുലർത്തിയിരുന്നു അതും മറക്കുന്നില്ല... മകൻ അരുണിന്റെ കാര്യത്തിൽ വി.എസ് വെറുമൊരു അച്ചനായോയെന്ന് സംശയിക്കുന്നു, അപ്പോഴും തെളിവുകൾ വരട്ടെ എന്നതാണ് ശരി...

...
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതാണ് നിയമവ്യവസ്ഥയിലെ ആപ്തവാക്യം... അതേ യുക്തി നമ്മുടെ അവകാശങ്ങൾ ദിനം‌പ്രതി ചവിട്ടിമെതിക്കുന്ന ഉദ്യോഗസ്ഥരും പരിപാലിക്കേണ്ടതല്ലേ... അങ്ങനെയൊന്നില്ലായെന്നതാണ്  സത്യം...

വി.എസ്സിനെതിരെ ഉയർന്ന ഭൂമിയിടപാട് ചർച്ച ചെയ്യുമ്പോൾ സാമുഹ്യപ്രസ്ക്തമായ വിഷയമായി നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നമ്മുടെ അത്താഴം ഏതെങ്ങിലും നിയമത്തിന്റേയോ / ചട്ടങ്ങളുടേയോ / കീഴ്‌വഴക്കത്തിന്റേയോ നൂലാമാലയിൽപ്പെട്ട് മുടങ്ങിയാൽ, സത്യസന്ധനായ ഒരു വ്യക്തിക്ക് തന്റെ അവകാശം മറക്കുകയേ നിർവാഹമുള്ളൂ, അല്ലെങ്ങിൽ വളരെചിലവേറിയ കോടതിവരാന്തയിൽ ശിഷ്ടജീവിതം കഴിച്ചുകൂട്ടാം...

തീർച്ചയായും ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാം, സ്വാധീനം ഉപയോഗപ്പെടുത്താം, അങ്ങനെ നൂറുകൂട്ടം വഴികളുണ്ട്... പക്ഷേ നാം ഉന്നയിക്കുന്നത് നമ്മുടെ അവകാശമാണെന്നോ, അതിലെ നീതിയും യുക്തിയും ഒന്നും തന്നെ നമ്മളെ രക്ഷക്കെത്തില്ല... ഒറ്റപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടാകാം പക്ഷേ കൂടുതലും ഒരു ഗുണവും ചെയ്യാറില്ല... ആദർശശാലിയായ ഉദ്യോഗസ്ഥരായതുകൊണ്ട് കാര്യമില്ല, നീതിയുടെ പക്ഷത്ത് നിൽക്കാനുള്ള മനസ്സും ശക്തിയും വേണം...

ജനസമ്പർക്കപരിപാടിയുമായി മുഖ്യമന്ത്രി ഊരുചുറ്റുന്നു... നായന്നാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫോൺ വിളിയിലൂടെയായിരുന്നു പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്... ഇതിലെ ജനപ്രിയരാഷ്ട്രീയം മാറ്റിവെച്ചാൽ തന്നെ താഴെതട്ടിൽ ഉദ്യോഗസ്ഥർ ഒരു പ്രശ്നവും നീതിയും നിയമവും യുക്തിയും നോക്കി പരിഹരിക്കുന്നില്ല എന്നതല്ലേ വിളിച്ചുകൂവുന്നത്... നിയമത്തിന്റെ നൂലാമാല ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥർ നമ്മുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്നു എന്നതല്ലേ സത്യം... ഉദ്യോഗസ്ഥർ കാണിക്കുന്ന തെറ്റിന് ജനമല്ലേ പിഴയിടുന്നത്...

രണ്ട് ഉദാഹരണം...

നെല്പാടത്തിന് നടുവിൽ ഒരേക്കർ സ്ഥലം ഒരു പ്രവാസി വാങ്ങി, മണ്ണിട്ട് നികത്തുകയെന്നതായിരുന്നു ലക്ഷ്യം, അതിനാൽ തന്നെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൃഷിഭൂമിയെന്നതിന് പകരം ആധാരത്തിൽ "പറമ്പ്" എന്ന് രേഖപ്പെടുത്തി... സാമ്പത്തികമാന്ദ്യവും പുതിയ നിയമങ്ങളൂം കാരണം മണ്ണിട്ട് നികത്തലും ചുറ്റുമുള്ള ഭൂമിവാങ്ങലും വിചാരിച്ചപോലെ നടന്നില്ല...  ഭുമി മറിച്ചു വിൽക്കുന്നു... നെൽകൃഷി ചെയ്യാനുള്ള താല്പര്യവുമായി യഥാർത്ഥ കൃഷിക്കാരൻ ഭൂമി വാങ്ങുവാൻ മുന്നോട്ട് വരുന്നു... കരാർ  എഴുതി കുറെ പൈസകൊടുത്തു, തീറ് നടത്തുന്ന സമയമായപ്പോൾ പുതിയ പ്രശ്നം ഉടലെടുത്തു... ഭൂമി വാങ്ങുന്ന വ്യക്തിക്ക് വാങ്ങിയ ഭൂമിയിൽ നെൽകൃഷി ചെയ്യുകയെന്ന ഒരൊറ്റ ലക്ഷ്യമെയുള്ളൂ, അതിനാൽ തന്നെ വാങ്ങുന്ന ഭൂമി "പറമ്പ്" എന്ന ഗണത്തിൽ നിന്ന് മാറ്റി "കൃഷിഭൂമി"യെന്ന ഗണത്തിൽ ആധാരം നടത്തിതരണം... കാരണം കൃഷിഭൂമിയായാൽ മാത്രമെ നെൽകൃഷിക്കുള്ള സർക്കാർ സഹായം ലഭിക്കുകയുള്ളൂ... ആധാരനടത്തിപ്പിന്റെ നികുതിയും കുറയും...

പൈസ കുറെ കൊടുത്തതുകൊണ്ടും പ്രവാസി സുഹൃത്തുകൂടി ആയതിനാൽ കൃഷിക്കാരൻ മുക്ത്യാർ ഉള്ള പിതാവിനേയുംകൂട്ടി നേരിട്ട് ഉദ്യോഗസ്ഥരെ കാണുന്നു... ഉടനെ ഉദ്യോഗസ്ഥൻ നിയമപ്രശ്നം എടുത്തിട്ടു... "പറമ്പ്" എന്ന് രേഖപ്പെടുത്തിയ ഭൂമി "പറമ്പ്" എന്ന് മാത്രമേ എഴുതിതരുകയുള്ളു... ഇനി എന്തെങ്ങിലും മാറ്റിയെഴുതണമെങ്ങിൽ ആ രേഖയുണ്ടാക്കി വാ, ഈ രേഖയുണ്ടാക്കി വാ... കൃഷിക്കാരൻ മൂന്നാല് മാസത്തോളം വില്ലേജാപ്പിസ്, റജിസ്റ്റ്റാപ്പീസ്, താലുക്കാപ്പിസ്, ജില്ലാപ്പീസ് കയറിയിറങ്ങി... എല്ലാവർക്കും വേണ്ടത്, ആ രേഖയും ഈ രേഖയുമാണ്... കൃഷിക്കാരന്റെ കയ്യിൽ കൈരേഖമാത്രമേയുള്ളൂ...

അങ്ങനെയിരിക്കെ ദൈവദൂതനെപോലെ ഒരു രാഷ്ട്രീയക്കാരൻ ഇടപെടുന്നു... അദ്ദേഹത്തിന്റെ ഉപദേശപ്രകാരം എം.എൽ.എ യുമായി ബദ്ധമുള്ള മറ്റൊരു നേതാവിലൂടെ എം.എൽ.എ യുടെ പി.എ യുമായി ബദ്ധപ്പെടുന്നു... അവരുടെ നിർദേശപ്രകാരം ഒരു ദിവസം എം.എൽ.എ യുമായി കൂടികാഴ്ച്ച തരപ്പെടുന്നു... കാര്യങ്ങൾ എല്ലാം കേട്ടു, പഴയ ആധാരത്തിന്റെ കോപ്പിയും ഇപ്പോൾ കയ്യിലുള്ള അധാരത്തിന്റെ കോപ്പിയും കാണിച്ച് കാര്യങ്ങൾ എം.എൽ.എ യെ ബോധ്യപ്പെടുത്തുന്നു... ഉടനെ പി.എ. കൊണ്ട് റജിസ്റ്റ്റാപ്പീസറെ ഫോൺ ചെയ്യുന്നു... എം.എൽ.എ സംസാരിക്കുന്നു... പതിവുപോലെ ആപ്പീസർ നിയമപ്രശ്നം എടുത്തിട്ടു... നമ്മുടെ പേനയുടെ അധികാരം ഉപയോഗിച്ച് ഒരു പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നതില്ലല്ലോ നമ്മുടെ ശ്രദ്ധ...

ഫോണിൽ എം.എൽ.എ ആപ്പീസറോട് പറഞ്ഞത്... വില്ലേജാപ്പീസർ നേരിട്ട് പോയി സ്ഥലം കണ്ടാൽ, ഇത് കൃഷിഭൂമിയാണോ പറമ്പാണോയെന്ന് മനസ്സിലാകും... കീഴാധാരം പരിശോധിച്ചാൽ താങ്ങൾക്കും മനസ്സിലാകും എന്ന് മുതലാണ് പറമ്പ് എന്ന് രേഖപ്പെടുത്തിയത്... പറമ്പ് എന്ന ഗണത്തിൽപ്പെട്ടത് കൃഷിഭൂമിയാക്കുന്നത് കൃഷിചെയ്യുകയെന്ന ഉദേശ്യത്താലായതിനാൽ അങ്ങനെ ചെയ്തുകൊടുക്കുന്നതിന് എന്താണ് തടസ്സം... യഥാർത്ഥത്തിൽ കൃഷിഭൂമിയായ ഒരു സ്ഥലം പറമ്പ് എന്ന ഗണത്തിൽപ്പെടുത്തി ആധാരം ചെയ്തുകൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ ഒരു പരാതി മുകളിലേക്ക് അയയ്ക്കുക... അവസാനം പറഞ്ഞ ഉപദേശമായിരിക്കും ആപ്പിസറെ "ഞാൻ ചെയ്തുകൊടുക്കാം എന്ന് പറയിപ്പിച്ചിട്ടുണ്ടാകുക"... രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പറമ്പ് കൃഷിഭൂമിയായി തീറാധാരം നടന്നു...

മറ്റൊരു കേസ്... ദേ കോടതിയിലൂടെ തീർപ്പാക്കുന്നു...

നീതി നഷ്ടപ്പെട്ട് കേസ്സുമായി മുന്നോട്ട് പോകേണ്ടി വന്ന പുന്നപ്രവയലാർ സമരസേനാനി... ഒരേ സമയം ജയിലിൽ കിടന്ന ഒരു വ്യക്തിക്ക് എല്ലാ പെൻഷനും ലഭിക്കുമ്പോൾ മറ്റൊരു വ്യക്തി കേസുമായി പോകേണ്ടിവരുന്നു...

http://www.mathrubhumi.com/online/malayalam/news/story/1391402/2012-01-14/kerala

വാർത്തയിൽ നിന്ന്... "കൃഷ്ണനോടൊപ്പം തടവില്‍ കിടന്ന കെ. രാമന്‍കുട്ടിക്ക് കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാമന്‍കുട്ടി 9573-ാം നമ്പര്‍ തടവുകാരനായിരുന്നെങ്കില്‍ കൃഷ്ണന്‍ 9572-ാം നമ്പര്‍ തടവുകാരനായിരുന്നുവെന്നും കോടതി ഓര്‍മിപ്പിച്ചു. രാമന്‍കുട്ടിക്ക് പെന്‍ഷന്‍ നല്‍കാനായി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്ത സംസ്ഥാന സര്‍ക്കാര്‍ കൃഷ്ണന്റെ കാര്യത്തില്‍ അനുകൂല ശുപാര്‍ശ ചെയ്യാതെ പുറം തിരിഞ്ഞു നിന്നതിന് ന്യായീകരണമില്ല എന്ന് ഉത്തരവില്‍ പറയുന്നു. രാമന്‍കുട്ടിക്ക് തെറ്റായി നല്‍കിയതാണെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സത്യവാങ്മൂലത്തില്‍ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച അനുകൂല ശുപാര്‍ശയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ 2009 മെയ് 15-ന് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടും 2010 ജനവരി 4-ന് കേന്ദ്ര സര്‍ക്കാര്‍ കൃഷ്ണന്റെ അപേക്ഷ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടും കോടതി റദ്ദാക്കിയിട്ടുണ്ട്."

Sunday, 8 January 2012

അടിയന്തിരാവസ്ഥയിലെ കൂട്ടുപ്രതികൾ...

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 352 പ്രകാരം മൂന്ന് അടിയന്തിരാവസ്ഥകൾ പ്രഖ്യാപിച്ചിട്ടുണ്ട്... ഇന്ത്യ-ചൈന യുദ്ധസമയത്തും ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്തും... പിന്നെ 1975 ൽ ആഭ്യന്തരപ്രശ്നങ്ങളുടെ പേരിൽ ഇന്ദിരാഗാന്ധി മന്ത്രിസഭയുടെ ശുപാർശയിൽ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ 1977 വരെ നീണ്ടു നിന്നിരുന്നു... ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത കാലഘട്ടമെന്ന് തന്നെ നമ്മുക്ക് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു ഇത്... ഇന്ത്യൻ പൗരന്മാരുടെ മൗലീകാവകാശങ്ങൾ എല്ലാം തന്നെ നിഷേധിക്കുന്നതായിരുന്നു അടിയന്തിരാവസ്ഥ...  അഭിപ്രായസ്വാതന്ത്ര്യം, യാത്രാസ്വാതന്ത്ര്യം, സംഘം ചേരാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനപരമായി നമുക്ക് ലഭിച്ചിരുന്ന ആറ് സ്വാത്രന്ത്രാവകാശങ്ങളും മരവിപ്പിച്ചിരുന്നു... ചായക്കട ചർച്ചകൾ പോലും നിഷേധിക്കപ്പെട്ടിരുന്നു... ഇന്നായിരുന്നുവെങ്ങിൽ ഓൺലൈൻ സംവാദവും...

ദേശീയതലത്തിൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥയുടെ പഴി തീർച്ചയായും ഇന്ദിരാഗാന്ധി, കോൺഗ്രസ്സ്, ഇന്ത്യൻ പ്രസിഡന്റ്, അടുക്കളമന്ത്രിസഭാംഗങ്ങൾ, സഞ്ജയ്ഗാന്ധി തുടങ്ങി ആരോക്കെ പരസ്യമായും രഹസ്യമായും പിന്തുണ നൽകിയോ, അവരിൽ നിക്ഷിപ്തമാണ്... അടിയന്തിരാവസ്ഥ നടപ്പിലാക്കിയവരും അതിന്റെ ഗുണം ലഭിച്ചവരുമാണല്ലോ ഉത്തരവാദിത്വവും പേറേണ്ടത്...

കേരളത്തിൽ നടപ്പിലാക്കിയ അടിയന്തിരാവസ്ഥയുടെ പഴിയും പങ്കും ഉത്തരവാദിത്വവും കരുണാകരനിലും കോൺഗ്രസ്സിലും മാത്രമായി അടിച്ചേല്പിച്ചു... ശക്തനായ കരുണാകരനായിരുന്നു ആഭ്യന്തരം ഭരിച്ചിരുന്നത്, പോലിസിന്റെമേൽ നേരിട്ട് നിയന്ത്രണമുണ്ടായിരുന്നതും കരുണാകരന്... അതിനാൽ തന്നെ അടിയന്തിരാവസ്ഥയുടെ എല്ലാംവിധ ജനാധിപത്യ-മനുഷ്യവകാശ ധ്വംസനങ്ങളിലും കരുണാകരൻ ഉത്തരം പറഞ്ഞേ മതിയാകു... ഒന്നാം പ്രതിയായി നമ്മുടെ മുന്നിൽ കരുണാകരൻ ഉണ്ട്... അതിൽ ആർക്കും തർക്കമുണ്ടാകാനും തരമില്ല... പക്ഷേ തർക്കം ഉടലെടുക്കുന്നത്, ആരൊക്കെയായിരുന്നു കൂട്ടുപ്രതികൾ എന്ന തലത്തിലാണ്...

ദേശീയതലത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിപ്പെട്ട സമയത്ത് കേരളം ഭരിച്ചിരുന്നത് സി.പി.ഐ യുടെ പ്രതിനിധി സി. അച്യുതമേനോൻ ആയിരുന്നു... 1970 ൽ നിലവിൽവന്ന അച്യുതമേനോൻ മന്ത്രിസഭ അടിയന്തിരാവസ്ഥയുടെ  സഹായത്താൽ വീണ്ടും രണ്ടുവർഷം കൂടി ഭരണത്തിലിരുന്നു... കോൺഗ്രസ്സിലെ കെ. കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി... പോലിസ് രാജ് തന്നെയായിരുന്നു കേരളത്തിലും... അടിയന്തിരാവസ്ഥയുടെ ഒരു ഘട്ടത്തിലും സി.പി.ഐ അടിയന്തിരാവസ്ഥയെ തള്ളിപറഞ്ഞിരുന്നില്ല... സി. അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി... മുഖ്യമന്ത്രി പദത്തിൽ നിന്നൊഴിയാൻ പാർട്ടിയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നതും മറക്കുന്നില്ല... അടിയന്തിരാവസ്ഥയുടെ പേർ കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിവരുന്ന അടിയന്തിരാവസ്ഥയിലെ രക്തസാക്ഷി രാജനെ കാണാതായിട്ട് പിതാവ് ഈച്ചരവാര്യർ, സുഹൃത്തും മുഖ്യമന്ത്രിയുമായ അച്യുതമേനോനെ സമീപിക്കുന്നുണ്ട്... അച്യുതമേനോന്റെ മറുപടി " “ഞാനിനി ഒരു തോര്‍ത്തും തോളത്തിട്ട് തന്റെ മകനെ തപ്പി നാടായ പോലിസ് സ്റ്റേഷനൊക്കെ കയറിയിറങ്ങണമെന്നാണോ?”  എന്ത് തന്നെയായാലും അച്യുതമേനോൻ അധികാരരാഷ്ടീയം ഉപേക്ഷിച്ചു...

പിന്നെ തിരഞ്ഞെടുപ്പ് വരുന്നത് 1977 ൽ അപ്പോഴും സി.പി.ഐ കോൺഗ്രസ്സിന്റെ കൂടെയാണ്... ഇന്ത്യ മുഴുവനും കോൺഗ്രസ്സിനെതിരെ ഇന്ദിരാഗാന്ധിക്കെതിരെ വികാരം അലയടിച്ചു, കോൺഗ്രസ്സ് പരാജയപ്പെട്ടു പക്ഷേ കേരളത്തിൽ ഐക്യമുന്നണി 111 സീറ്റുമായി ഭരണത്തിലെത്തി... 16 സീറ്റുണ്ടായിരുന്ന സി.പി.ഐ 23 സീറ്റിലെത്തി... ഉത്തരേന്ത്യയിലുണ്ടായ രീതിയിലുള്ള കൊടുംക്രൂരതകൾ കേരളത്തിലുണ്ടായിരുന്നില്ല... പോലിസ് നടപടികൾക്കപ്പുറത്ത് അടിയന്തിരാവസ്ഥയുടെ ഗുണഗണമായി നക്സലേറ്റുകളെ അടിച്ചമർത്തിയതും തീവണ്ടികളും സർക്കാർ ജോലിക്കാരും കൃത്യസമയത്ത് എത്തിയതും വോട്ടായി മാറി... കേരള കോൺഗ്രസ്സ് കോൺഗ്രസ്സിന്റെ കൂടെ കൂടിയതും മറ്റൊരു വിജയഘടകമായി...

അങ്ങനെ 38 സീറ്റുള്ള കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കരുണാകരൻ മുഖ്യമന്ത്രിയായി... രാജൻ കേസിൽ കരുണാകരന് രാജി വെയ്ക്കേണ്ടിവന്നു... എ.കെ ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു...  അപ്പോഴും സി.പി.ഐ ഭരണത്തിലായിരുന്നു... അടിയന്തിരാവസ്ഥയുടെ ക്രൂരതകൾ അലട്ടിയിരുന്നില്ല... ചിക്മംഗ്ലൂരിലെ ഇന്ദിരാഗാന്ധിയുടെ മൽസരത്തിൽ പ്രതിക്ഷേധിച്ച് ആന്റണി രാജിവെച്ചപ്പോൾ പകരം സി.പി.ഐ യിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു...

കാലം മാറികൊണ്ടിരുന്നു... ദേശീയതലത്തിൽ ഇടതുപക്ഷഐക്യം രൂപപ്പെടണം എന്ന രീതിയിലേക്ക് ഇന്ത്യയിലെ രാഷ്ട്രീയകാലാവസ്ഥയും മാറിയിരുന്നു... ഇടതുപക്ഷഐക്യം നടപ്പിലാക്കുന്നതിനായി 1979 ൽ സി.പി.ഐ ഭരണത്തിൽ നിന്ന് പിന്മാറുന്നു... 1980 ഓടെ സി.പി.ഐ അടിയന്തിരാവസ്ഥയെ തള്ളിപ്പറഞ്ഞു...

ധാർമികതയുടെ പുറത്ത് അച്യുതമേനോൻ അധികാരരാഷ്ട്രീയം ഉപേക്ഷിച്ചതും സംഖ്യം വിട്ടതിനുശേഷമാണെങ്ങിൽ കൂടി സി.പി.ഐ അടിയന്തിരാവസ്ഥയെ തള്ളിപ്പറഞ്ഞതും മുഖവിലയ്ക്കെടുക്കുമ്പോൾ തന്നെ കരുണാകരനും കോൺഗ്രസ്സും കേരളത്തിലെ അടിയന്തിരാവസ്ഥയിലെ ഒന്നാം പ്രതിയായി നമ്മുടെ മുന്നിലുണ്ടാകുമ്പോൾ, അടിയന്തിരാവസ്ഥയ്ക്ക് ചൂട്ടുപിടിച്ചുകൊണ്ട് സി.പി.ഐ യും അച്യുതമേനോനും ഉണ്ടായിരുന്നുവെന്ന് നാലാൾ അറിയുന്നത് ചരിത്രത്തോട് കാണിക്കുന്ന നീതിയാണ്... ഇന്നത്തെ രാഷ്ട്രീയ സഖ്യത്തിനനുസരിച്ച് ചരിത്രം മാറ്റിയെഴുതേണ്ടതില്ലല്ലോ അല്ലേ?