Saturday, 14 January 2012

വി.എസും അത്താഴമുടക്കികളും...

വി.എസിനെതിരെയുള്ള ഭൂമിയിടപാടുമായി ബദ്ധപ്പെട്ട് നടക്കുന്ന കേസിൽ, ഒരു കുംഭകോണം അല്ലെങ്ങിൽ ബന്ധുവിന് വഴിവിട്ടസഹായം നൽകി തുടങ്ങിയതൊന്നും ആരോപിക്കാനുള്ളതോ ഗൂഢാലോചനയോ ഒന്നുംതന്നെ ഞാൻ കണ്ടില്ല... നിയമത്തിന്റെ നൂലാമാലയിൽ കിടന്ന് ഒരു മുൻസൈനീകന് ലഭിക്കേണ്ട ഭൂമി ഇനിയും വർഷങ്ങൾ നീണ്ടുപോകരുത്, അതിനാൽ മുഖ്യമന്ത്രിയെന്ന നിലയിൽ ഇടപ്പെട്ടു... ബന്ധുവായതിനാൽ വ്യക്തിപരമായി പലപ്പോഴും ഉയർത്തിപ്പിടുക്കുന്ന നിയമത്തിന്റെ നൂലാമാലകൾ ഉണ്ടാക്കേണ്ടയെന്നും കരുതികാണും... നിയമം കീറിമുറിച്ച് പ്രതിപക്ഷമാകാം പക്ഷേ നല്ല ഭരണാധികാരിയാവില്ലല്ലോ...

യു.ഡി.എഫ് ഭരിച്ചിറങ്ങുമ്പോൾ പിന്നാലെ വരുന്ന എൽ.ഡി.എഫ് സർക്കാർ ഇതുപോലെ കുറെ കേസുകൾ കുത്തിപ്പൊക്കാറുണ്ട്, ചിലത് ക്ലച്ച് പിടിക്കും, മറ്റുചിലത് ഒരു പുകമറ സൃഷ്ടിച്ചെടുക്കാൻ സാധിക്കും... ഇപ്പോൾ യു.ഡി.എഫും അതേ പാതയിൽ...

വി.എസ് ഒരു വിഗ്രഹമാണെന്ന് വിശ്വസിക്കുന്നവർക്ക് അങ്ങനെയാകാം, അങ്ങനെയല്ല രാഷ്ട്രീയത്തിൽ ഒരു പരിധിവരെ സംശുദ്ധി കാത്തുപരിപാലിച്ച ചുരുക്കം ചില രാഷ്ട്രീയക്കാരിൽ ഒരാളായി കണക്കാക്കണമെങ്ങിൽ, അച്യുതമേനോൻ, ആന്റണി, പി.കെ.വി എന്നിവരുടെ കൂടെ ഒരു കസേര കൊടുത്തിരുത്താം... പത്ത് വർഷത്തിനപ്പുറത്തും ഒരു വി.എസ് ഉണ്ടായിരുന്നു... വ്യക്തിവൈരാഗ്യത്തിൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലും വെട്ടിനിരത്തുന്നതിലും വി.എസ് പ്രത്യകശ്രദ്ധപുലർത്തിയിരുന്നു അതും മറക്കുന്നില്ല... മകൻ അരുണിന്റെ കാര്യത്തിൽ വി.എസ് വെറുമൊരു അച്ചനായോയെന്ന് സംശയിക്കുന്നു, അപ്പോഴും തെളിവുകൾ വരട്ടെ എന്നതാണ് ശരി...

...
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതാണ് നിയമവ്യവസ്ഥയിലെ ആപ്തവാക്യം... അതേ യുക്തി നമ്മുടെ അവകാശങ്ങൾ ദിനം‌പ്രതി ചവിട്ടിമെതിക്കുന്ന ഉദ്യോഗസ്ഥരും പരിപാലിക്കേണ്ടതല്ലേ... അങ്ങനെയൊന്നില്ലായെന്നതാണ്  സത്യം...

വി.എസ്സിനെതിരെ ഉയർന്ന ഭൂമിയിടപാട് ചർച്ച ചെയ്യുമ്പോൾ സാമുഹ്യപ്രസ്ക്തമായ വിഷയമായി നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നമ്മുടെ അത്താഴം ഏതെങ്ങിലും നിയമത്തിന്റേയോ / ചട്ടങ്ങളുടേയോ / കീഴ്‌വഴക്കത്തിന്റേയോ നൂലാമാലയിൽപ്പെട്ട് മുടങ്ങിയാൽ, സത്യസന്ധനായ ഒരു വ്യക്തിക്ക് തന്റെ അവകാശം മറക്കുകയേ നിർവാഹമുള്ളൂ, അല്ലെങ്ങിൽ വളരെചിലവേറിയ കോടതിവരാന്തയിൽ ശിഷ്ടജീവിതം കഴിച്ചുകൂട്ടാം...

തീർച്ചയായും ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാം, സ്വാധീനം ഉപയോഗപ്പെടുത്താം, അങ്ങനെ നൂറുകൂട്ടം വഴികളുണ്ട്... പക്ഷേ നാം ഉന്നയിക്കുന്നത് നമ്മുടെ അവകാശമാണെന്നോ, അതിലെ നീതിയും യുക്തിയും ഒന്നും തന്നെ നമ്മളെ രക്ഷക്കെത്തില്ല... ഒറ്റപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടാകാം പക്ഷേ കൂടുതലും ഒരു ഗുണവും ചെയ്യാറില്ല... ആദർശശാലിയായ ഉദ്യോഗസ്ഥരായതുകൊണ്ട് കാര്യമില്ല, നീതിയുടെ പക്ഷത്ത് നിൽക്കാനുള്ള മനസ്സും ശക്തിയും വേണം...

ജനസമ്പർക്കപരിപാടിയുമായി മുഖ്യമന്ത്രി ഊരുചുറ്റുന്നു... നായന്നാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫോൺ വിളിയിലൂടെയായിരുന്നു പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്... ഇതിലെ ജനപ്രിയരാഷ്ട്രീയം മാറ്റിവെച്ചാൽ തന്നെ താഴെതട്ടിൽ ഉദ്യോഗസ്ഥർ ഒരു പ്രശ്നവും നീതിയും നിയമവും യുക്തിയും നോക്കി പരിഹരിക്കുന്നില്ല എന്നതല്ലേ വിളിച്ചുകൂവുന്നത്... നിയമത്തിന്റെ നൂലാമാല ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥർ നമ്മുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്നു എന്നതല്ലേ സത്യം... ഉദ്യോഗസ്ഥർ കാണിക്കുന്ന തെറ്റിന് ജനമല്ലേ പിഴയിടുന്നത്...

രണ്ട് ഉദാഹരണം...

നെല്പാടത്തിന് നടുവിൽ ഒരേക്കർ സ്ഥലം ഒരു പ്രവാസി വാങ്ങി, മണ്ണിട്ട് നികത്തുകയെന്നതായിരുന്നു ലക്ഷ്യം, അതിനാൽ തന്നെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൃഷിഭൂമിയെന്നതിന് പകരം ആധാരത്തിൽ "പറമ്പ്" എന്ന് രേഖപ്പെടുത്തി... സാമ്പത്തികമാന്ദ്യവും പുതിയ നിയമങ്ങളൂം കാരണം മണ്ണിട്ട് നികത്തലും ചുറ്റുമുള്ള ഭൂമിവാങ്ങലും വിചാരിച്ചപോലെ നടന്നില്ല...  ഭുമി മറിച്ചു വിൽക്കുന്നു... നെൽകൃഷി ചെയ്യാനുള്ള താല്പര്യവുമായി യഥാർത്ഥ കൃഷിക്കാരൻ ഭൂമി വാങ്ങുവാൻ മുന്നോട്ട് വരുന്നു... കരാർ  എഴുതി കുറെ പൈസകൊടുത്തു, തീറ് നടത്തുന്ന സമയമായപ്പോൾ പുതിയ പ്രശ്നം ഉടലെടുത്തു... ഭൂമി വാങ്ങുന്ന വ്യക്തിക്ക് വാങ്ങിയ ഭൂമിയിൽ നെൽകൃഷി ചെയ്യുകയെന്ന ഒരൊറ്റ ലക്ഷ്യമെയുള്ളൂ, അതിനാൽ തന്നെ വാങ്ങുന്ന ഭൂമി "പറമ്പ്" എന്ന ഗണത്തിൽ നിന്ന് മാറ്റി "കൃഷിഭൂമി"യെന്ന ഗണത്തിൽ ആധാരം നടത്തിതരണം... കാരണം കൃഷിഭൂമിയായാൽ മാത്രമെ നെൽകൃഷിക്കുള്ള സർക്കാർ സഹായം ലഭിക്കുകയുള്ളൂ... ആധാരനടത്തിപ്പിന്റെ നികുതിയും കുറയും...

പൈസ കുറെ കൊടുത്തതുകൊണ്ടും പ്രവാസി സുഹൃത്തുകൂടി ആയതിനാൽ കൃഷിക്കാരൻ മുക്ത്യാർ ഉള്ള പിതാവിനേയുംകൂട്ടി നേരിട്ട് ഉദ്യോഗസ്ഥരെ കാണുന്നു... ഉടനെ ഉദ്യോഗസ്ഥൻ നിയമപ്രശ്നം എടുത്തിട്ടു... "പറമ്പ്" എന്ന് രേഖപ്പെടുത്തിയ ഭൂമി "പറമ്പ്" എന്ന് മാത്രമേ എഴുതിതരുകയുള്ളു... ഇനി എന്തെങ്ങിലും മാറ്റിയെഴുതണമെങ്ങിൽ ആ രേഖയുണ്ടാക്കി വാ, ഈ രേഖയുണ്ടാക്കി വാ... കൃഷിക്കാരൻ മൂന്നാല് മാസത്തോളം വില്ലേജാപ്പിസ്, റജിസ്റ്റ്റാപ്പീസ്, താലുക്കാപ്പിസ്, ജില്ലാപ്പീസ് കയറിയിറങ്ങി... എല്ലാവർക്കും വേണ്ടത്, ആ രേഖയും ഈ രേഖയുമാണ്... കൃഷിക്കാരന്റെ കയ്യിൽ കൈരേഖമാത്രമേയുള്ളൂ...

അങ്ങനെയിരിക്കെ ദൈവദൂതനെപോലെ ഒരു രാഷ്ട്രീയക്കാരൻ ഇടപെടുന്നു... അദ്ദേഹത്തിന്റെ ഉപദേശപ്രകാരം എം.എൽ.എ യുമായി ബദ്ധമുള്ള മറ്റൊരു നേതാവിലൂടെ എം.എൽ.എ യുടെ പി.എ യുമായി ബദ്ധപ്പെടുന്നു... അവരുടെ നിർദേശപ്രകാരം ഒരു ദിവസം എം.എൽ.എ യുമായി കൂടികാഴ്ച്ച തരപ്പെടുന്നു... കാര്യങ്ങൾ എല്ലാം കേട്ടു, പഴയ ആധാരത്തിന്റെ കോപ്പിയും ഇപ്പോൾ കയ്യിലുള്ള അധാരത്തിന്റെ കോപ്പിയും കാണിച്ച് കാര്യങ്ങൾ എം.എൽ.എ യെ ബോധ്യപ്പെടുത്തുന്നു... ഉടനെ പി.എ. കൊണ്ട് റജിസ്റ്റ്റാപ്പീസറെ ഫോൺ ചെയ്യുന്നു... എം.എൽ.എ സംസാരിക്കുന്നു... പതിവുപോലെ ആപ്പീസർ നിയമപ്രശ്നം എടുത്തിട്ടു... നമ്മുടെ പേനയുടെ അധികാരം ഉപയോഗിച്ച് ഒരു പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നതില്ലല്ലോ നമ്മുടെ ശ്രദ്ധ...

ഫോണിൽ എം.എൽ.എ ആപ്പീസറോട് പറഞ്ഞത്... വില്ലേജാപ്പീസർ നേരിട്ട് പോയി സ്ഥലം കണ്ടാൽ, ഇത് കൃഷിഭൂമിയാണോ പറമ്പാണോയെന്ന് മനസ്സിലാകും... കീഴാധാരം പരിശോധിച്ചാൽ താങ്ങൾക്കും മനസ്സിലാകും എന്ന് മുതലാണ് പറമ്പ് എന്ന് രേഖപ്പെടുത്തിയത്... പറമ്പ് എന്ന ഗണത്തിൽപ്പെട്ടത് കൃഷിഭൂമിയാക്കുന്നത് കൃഷിചെയ്യുകയെന്ന ഉദേശ്യത്താലായതിനാൽ അങ്ങനെ ചെയ്തുകൊടുക്കുന്നതിന് എന്താണ് തടസ്സം... യഥാർത്ഥത്തിൽ കൃഷിഭൂമിയായ ഒരു സ്ഥലം പറമ്പ് എന്ന ഗണത്തിൽപ്പെടുത്തി ആധാരം ചെയ്തുകൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ ഒരു പരാതി മുകളിലേക്ക് അയയ്ക്കുക... അവസാനം പറഞ്ഞ ഉപദേശമായിരിക്കും ആപ്പിസറെ "ഞാൻ ചെയ്തുകൊടുക്കാം എന്ന് പറയിപ്പിച്ചിട്ടുണ്ടാകുക"... രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പറമ്പ് കൃഷിഭൂമിയായി തീറാധാരം നടന്നു...

മറ്റൊരു കേസ്... ദേ കോടതിയിലൂടെ തീർപ്പാക്കുന്നു...

നീതി നഷ്ടപ്പെട്ട് കേസ്സുമായി മുന്നോട്ട് പോകേണ്ടി വന്ന പുന്നപ്രവയലാർ സമരസേനാനി... ഒരേ സമയം ജയിലിൽ കിടന്ന ഒരു വ്യക്തിക്ക് എല്ലാ പെൻഷനും ലഭിക്കുമ്പോൾ മറ്റൊരു വ്യക്തി കേസുമായി പോകേണ്ടിവരുന്നു...

http://www.mathrubhumi.com/online/malayalam/news/story/1391402/2012-01-14/kerala

വാർത്തയിൽ നിന്ന്... "കൃഷ്ണനോടൊപ്പം തടവില്‍ കിടന്ന കെ. രാമന്‍കുട്ടിക്ക് കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാമന്‍കുട്ടി 9573-ാം നമ്പര്‍ തടവുകാരനായിരുന്നെങ്കില്‍ കൃഷ്ണന്‍ 9572-ാം നമ്പര്‍ തടവുകാരനായിരുന്നുവെന്നും കോടതി ഓര്‍മിപ്പിച്ചു. രാമന്‍കുട്ടിക്ക് പെന്‍ഷന്‍ നല്‍കാനായി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്ത സംസ്ഥാന സര്‍ക്കാര്‍ കൃഷ്ണന്റെ കാര്യത്തില്‍ അനുകൂല ശുപാര്‍ശ ചെയ്യാതെ പുറം തിരിഞ്ഞു നിന്നതിന് ന്യായീകരണമില്ല എന്ന് ഉത്തരവില്‍ പറയുന്നു. രാമന്‍കുട്ടിക്ക് തെറ്റായി നല്‍കിയതാണെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സത്യവാങ്മൂലത്തില്‍ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച അനുകൂല ശുപാര്‍ശയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ 2009 മെയ് 15-ന് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടും 2010 ജനവരി 4-ന് കേന്ദ്ര സര്‍ക്കാര്‍ കൃഷ്ണന്റെ അപേക്ഷ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടും കോടതി റദ്ദാക്കിയിട്ടുണ്ട്."
Post a Comment